നാടിന്റെ മണം.അയാളത് മണം കുളിര്‍ക്കെ ആസ്വദിച്ചു.തിരിച്ചു വരണമെന്ന് കരുതിയതല്ല.എന്നിട്ടും.... ജന്മ നാടിന്റെ വിളി.പൈതൃകങ്ങളുടെ വിളി.അത് കേള്‍ക്കാതിരിക്കാനായില്ല. ബസ്സിറങ്ങി അയാള്‍ ചുറ്റും നോക്കി.നേരം നട്ടുച്ച.തീ പോലെയുള്ള വെയില്.
'ഒരു ഓട്ടോ കിട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ?' അയാള്‍ കണ്ണുകള്‍ കൊണ്ട് പരതി. 'ഇല്ല',നിരത്തുകളെല്ലാം വിജനമാണ്.ഒരു നെടുവീര്‍പ്പോടെ അയാള്‍ നടന്നു തുടങ്ങി.എല്ലാം പഴയ പോലെത്തന്നെ.കടകളെല്ലാം അടഞ്ഞു കിടക്കുന്നു.ഒന്നുരണ്ടു പുത്തന്‍ കടകള്‍ കൂടി വന്നു ചേര്‍ന്നിട്ടുണ്ട്.ലൈബ്രറിയോട് ചേര്‍ന്ന് ഒരു പുതിയ കെട്ടിടം.കംപ്യുട്ടര്‍ സെന്ററാണ്.ഇവയോക്കെയോഴിച്ച്ചാല് വലിയ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല.
അല്പം മാറി ഒരു ചെറിയ പെട്ടിക്കട തുറന്നു കിടക്കുന്നു.അയാള്‍ അങ്ങോട്ട് നടന്നു.ഉള്ളിളിരിക്കുന്നയാള് വൃദ്ധനാണ്.ആള് പാതി മയക്കത്തിലാണെന്ന് കണ്ടാലറിയാം.
അയാള്‍ വിളിച്ചു.''ഹലോ, ചേട്ടാ..''
അയാള്‍ ഞെട്ടിയേണീറ്റു ,പരിഭ്രമത്തോടെ മുന്നില്‍ നില്ക്കുന്ന അപരിചിതനെ നോക്കി. .
''എന്താ വേണ്ടത്?.''
അയാള്‍ ചോദിച്ചു..
"ഒരു ഗ്ലാസ് വെള്ളം കിട്ടുമോ?"
"ഓ.തരാം.."
അയാള്‍ താഴെയിരുന്ന ബക്കറ്റില്‍ നിന്നും വൃത്തിയില്ലാത്ത ഒരു കുപ്പിഗ്ലാസ്സില്‍ വെള്ളം മുക്കിയെടുത്തു.മുന്നിലിരുന്ന നാരങ്ങകളില്‍ നിന്നും ഒരെണ്ണമെടുത്ത് മുറിച്ചു. അതുപിഴിഞ്ഞു ഗ്ലാസിലെക്കൊഴിച്ചു. വശത്തെ ഒരു തട്ടിലിരുന്ന ഭരണിയില്‍ പഞ്ചസാരയെടുത്തു വെള്ളത്തില്‍ ചേര്‍ത്തിളക്കി. ഗ്ലാസ്സില്‍ കറുത്ത നിറത്തില്‍ എന്തൊക്കെയോ കിടക്കുന്നത് അയാള്‍ കണ്ടു.
'വേണ്ടെന്നു പറഞ്ഞാലോ?'
പെട്ടെന്ന് ഉള്ളിലിരുന്നാരോ പരിഹസിക്കും പോലെ..
'എവിടന്നാണ് ഹേ ഈ ശുചിത്വ ബോധമൊക്കെയുണ്ടായത്?'.
ഉണ്ണാതെ കുളിക്കാതെ മുഷിഞ്ഞു കീറിയ വസ്ത്രങ്ങളിട്ടു കടത്തിണ്ണയിലുറങ്ങിയ ഒരു പതിനാറു വയസുകാരന്റെ ചിത്രം അയാളുടെ മനസ്സിലേക്കോടിയെത്തി.
''ഇതാ വെള്ളം''
കടക്കാരന് അയാളുടെ നേരെ ഗ്ലാസ് നീട്ടി. ദാഹം വല്ലാതെ തളര്‍ത്തിയിരുന്നു. അയാള്‍ ഗ്ലാസ് വാങ്ങി ഒറ്റയടിക്ക് അത് കാലിയാക്കി. വൃദ്ധന് അപരിചിതനെ സസൂക്ഷ്മം നിരീക്ഷിച്ചു.
"ആരാ ? ഇവിടെ നേരത്തെ കണ്ടിട്ടില്ലല്ലോ?''.
"ഹാ ഒരാളെ കാണാന്‍ വന്നതാ.."
അയാള്‍ മറുപടി പറഞ്ഞു. പൈസ കൊടുത്തയാള്‍ തിരിഞ്ഞു നടന്നു. വഴികളൊന്നും ഓര്‍മയില്ല. എങ്കിലും നടന്നു.. കടകള്‍ പിന്നിട്ടു അയാളൊരു ചെമ്മണ് പാതയിലേക്ക് കടന്നു. അതേ വഴി..ഓര്‍മ്മകള്‍ക്കിപ്പോള്‍ പൊടിമണ്ണിന്റെ ഗന്ധം. കൂട്ടുകാരോടൊന്നിച്ചു ഈ പൊടി മണ്ണ് പറപ്പിച്ചു കൊണ്ട് താന്‍ ഒരുപാട് ഓടിയിട്ടുണ്ട്.
ഈ വഴിയിലെവിടെയോ ആണ് വേലായുധന് സാറിനെ കുഴി കുഴിച്ചു വീഴ്ത്തിയത്. അന്ന് അദ്ദേഹം വീണപ്പോള്‍ കയ്യില്‍ വേദനയായി വീണ പാടുകള്‍ക്ക് മേല്‍ കുളിര് മഴ പെയ്യുകയായിരുന്നു.
അന്ന് അതോര്‍ത്തു കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ഒരുപാട് ചിരിച്ചു. ഇന്നാ ചിരി ഉള്ളിലെവിടെയോ ഒരു വേദന പടര്‍ത്തുന്നു. നടന്നു നടന്നയാള്‍ വേലായുധന് മാഷിന്റെ വീടിനു മുന്നിലെത്തി. കുട്ടികള്‍ മുന്‍വശത്തിരുന്ന് കളിക്കുന്നു. ഒരു നിമിഷം അയാള്‍ ചിന്തിച്ചു. അകത്തേക്ക് കയറിയാലോ? വേണ്ട. ശേഷിപ്പുകളൊന്നും ഒരു പക്ഷെ ബാക്കിയുണ്ടാവുകയില്ല. വീടിനു മുന്പില് നിന്നിരുന്ന തേന്മാവു കാണുന്നില്ല.
അയാള്‍ വീണ്ടും നടപ്പ് തുടര്‍ന്നു. നടത്തത്തിനിടയില്‍ വീടുകളില്‍ പലതും അയാളോട് പരിചയം പുതുക്കിക്കൊണ്ടിരുന്നു.ഇടക്കിടക്ക് വലിയ മാളികകളും അയാള്‍ കണ്ടു.
20 വര്‍ഷങ്ങള്‍.... 20 വര്‍ഷങ്ങള്‍ തന്റെ നാടിനു അധികം മാറ്റങ്ങളൊന്നും കൊണ്ട് വന്നില്ലെന്നതോര്ത്തു അയാള്‍ അത്ഭുതം കൂറി.പച്ച വിരിച്ച പാടങ്ങള്‍ പലതും കപ്പയും മരച്ചീനിയും കൊണ്ട് നിറഞ്ഞിരുന്നു. ഒന്നില്‍ ക്രിക്കറ്റ് ഗ്രൌണ്ട് രൂപപ്പെട്ടിട്ടുണ്ട്. എങ്കിലും ആ കാറ്റിനിപ്പോളും പഴയ മണം.
നടന്നു നടന്നയാള്‍ ഇടുങ്ങിയ ഒരു വഴിയിലേക്ക് കടന്നു. ഇത് തന്റെ വീട്ടിലേക്കുള്ള വഴിയാണ്. താന്‍ ഓടിക്കളിച്ച വഴി. ഗോട്ടി കളിച്ചും ആര്‍പ്പു വിളിച്ചും മാവിന് കല്ലെറിഞ്ഞും ആസ്വദിച്ച കുട്ടിക്കാലം. ആസ്വദിച്ചിരുന്നോ? അറിയില്ല.
വികൃതിയിലൂടെ പലതിനോടും പകരം വീട്ടുകയായിരുന്നു.
അച്ഛന് ... ക്രൂരതയുടെ പര്യായമായിരുന്നു. ദേഹത്തിപ്പോളും അച്ഛന്റെ ശിക്ഷകളുടെ പാടുകളുണ്ട്.. വെറുപ്പോടെ താന്‍ ദിവസവും നോക്കിക്കാണുന്ന പൊള്ളലുകള്‍.
ഏക മകന് . എന്നിട്ടും അച്ഛന്റെ കണ്ണിലെ കരടായിരുന്നു താന്‍ . പുസ്തകതാളുകള്‍ക്കിടയില്‍ കുറിച്ചിട്ട കവിതകള്‍ കണ്ടു പലപ്പോഴും അച്ഛന് ചൂരല്‍ വീശിയിരുന്നു. വരച്ച ചിത്രങ്ങളും എഴുതിയ കവിതകളും വലിച്ചു കീറുന്നതായിരുന്നു കയ്യിലും ദേഹത്തുമായി കിട്ടിയിരുന്ന ചൂരല്ക്കശായങ്ങളെക്കാള് വേദനിപ്പിചിരുന്നത്..
അമ്മയായിരുന്നു ആശ്വാസം. മരുഭൂവിലെ തണുത്ത മഴ. അമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങുമ്പോള്‍ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര് മഞ്ഞുകണങ്ങളായി മാറിയിരുന്നു. ആ മടിയിലെ ചൂടും വാത്സല്യവും ഉള്ളില്‍ തികട്ടി വരുന്ന വേദനയായി എന്നും കൂടെയുണ്ടായിരുന്നു. രണ്ടു ദശാബ്ദങ്ങളായി മനസ്സിനെ അലട്ടിയിരുന്ന ഒരേയൊരു വിഷമം.അമ്മയായിരുന്നു.
പണ്ടേ പഠിക്കാന്‍ മടിയനായിരുന്നു. എങ്കിലും ക്ലാസിലെ ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു താന്‍ . അത് പോരായിരുന്നു അച്ഛന്റെ പട്ടാളചിട്ടക്ക്. പഠനത്തില്‍ കവിഞ്ഞതൊന്നും അച്ഛനു ഇഷ്ടവുമായിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സര്‍ഗ വാസനകളെ കണ്ടുകൂടായിരുന്നു. സ്കൂളിലൊരിക്കല് നടന്ന ചിത്ര രചനയില്‍ ഒന്നാം സ്ഥാനം കിട്ടിയപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് വീടിലെത്തിയത്. സമ്മാനമായി കിട്ടിയത് ഒരു കളര്‍ ബോക്സായിരുന്നു. കണ്ടമാത്രയില്‍ വലിച്ചെറിഞ്ഞു കളഞ്ഞു അച്ഛന് . ഒപ്പമോരാജ്ഞയും
'തൊട്ടു പോകരുത്'.
വെറുത്തു പോയി.ലോകത്തില്‍ വച്ച് കണ്ടത്തില്‍ വച്ചേറ്റവും ഭീകരനാണ് അച്ഛനെന്നു തോന്നിപ്പോയി. ഇടക്കെപ്പോഴോ അച്ഛനു ഹിറ്റ്ലറുടെ മുഖച്ഛായ വന്നു പെട്ടത് യാദൃശ്ചികമായിരുന്നില്ല.
വീടിനോടടുക്കുന്തോറും അയാളുടെ നെഞ്ചിടിപ്പ് കൂടി വന്നു. അയാളൊരു നിമിഷം വരിക്കപ്ലാവിന്റെ ചുവട്ടില്‍ നിന്നു. ഇവിടെ വച്ചാണ് അവസാനമായി അച്ഛന് തള്ളിയത്. തലങ്ങും വിലങ്ങും .. ചോരയോഴുകും വരെ.
അന്ന്..... ഒരു പരീക്ഷ തലേന്നായിരുന്നു. സാമൂഹ്യ പാഠം വായിച്ചു കൊണ്ടിരുന്നപ്പോഴാണ്. ഹിരോഷിമയിലെ കനത്ത പുകയിലൂടെ വെന്തുരുകിയ ശവങ്ങള്‍ക്കിടയിലൂടെ വേദനയോടെ നടന്നപ്പോഴാണ് ഒരു കവിതയെഴുതനമെന്നു തോന്നിയത്. ഹൃദയം വിങ്ങിപ്പൊട്ടുകയായിരുന്നു. മനസില്‍ തോന്നിയതെല്ലാം എഴുതി. വടിവൊത്ത അക്ഷരങ്ങളായി ഉള്ളു പുറത്തു വന്നു. കണ്ണ് നീരിനു വാക്കുകളുടെ രൂപമുണ്ടായി.
പിറകില്‍ ആള്പെരുമാറ്റം കണ്ടു തിരിഞ്ഞു നോക്കിയപ്പോഴേക്കും അച്ഛന് കവിതയെഴുതിയ കടലാസ് കയ്യിലെടുത്തിരുന്നു. ആ മുഖം ചുവന്നു പുകയുന്നത് ഭയത്തോടെയാണ് കണ്ടത്. പൊട്ടിത്തെറിക്കാന്‍ പോകുന്ന അഗ്നി പര്‍വ്വതം കണക്കെ നില്‍ക്കുകയായിരുന്നു അച്ഛന് .
ഇറങ്ങിയോടി. പിറകെ അച്ഛനും.
ഓട്ടത്തിനിടക്ക് വീണുപോയി. ഇവിടെ.. ഈ വരിക്കപ്ലാവിന്റെ ചുവട്ടില്‍. കയ്യിലിരുന്ന ചൂരല്‍ കൊണ്ട് തലങ്ങും വിലങ്ങും പൊതിരെ തല്ലി. വേദന കൊണ്ട് നീറി. പിറകെ ഓടി വന്ന അമ്മ തടഞ്ഞു നോക്കി. ആ ദേഹത്തിലും കൊണ്ടു ഒരുപാട്. സ്വബോധം നഷ്ടപ്പെട്ടിരുന്നു. അച്ഛന്റെ അലര്‍ച്ച അപ്പോഴും കാതില്‍ മുഴങ്ങി. വിയര്തോഴുകിയ ശരീരത്തില്‍ മണ്ണ് പുരണ്ടു. എവിടെ നിന്നോ ഒരൂര്‍ജ്ജം ലഭിക്കുകയായിരുന്നു. അടിച്ചടിച്ച് തളര്‍ന്നിരിക്കുന്ന അച്ഛനെയും അരികത്തു വീണു കരയുന്ന അമ്മയെയും ഒന്ന് കൂടി നോക്കി ...
പിന്നെയോരോട്ടമായിരുന്നു. തിരിഞ്ഞു നോക്കാതെ ഓടി. തളര്‍ന്നു വീഴുമെന്നു തോന്നിയിട്ടും ഓടി.....
ഒരുപാട് കറങ്ങിത്തിരിഞ്ഞു. പലയിടത്തും ജോലി ചെയ്തു. കേരളത്തിലും പുറത്തും. ഭാഷകളോട് എന്നും പ്രണയമായിരുന്നു. ഒരുപാട് ഭാഷകള്‍ കൈമുതലായി കിട്ടി. വഴി വക്കുകളിലിരുന്നു വരക്കാന്‍ തുടങ്ങി. പലര്‍ക്കും വരച്ചു കൊടുത്തു. ആ വരകള്‍ കണ്ടു കൊണ്ടാണ് പത്രങ്ങളിലെക്ക് ക്ഷണം ലഭിച്ചത്. അങ്ങനെ കാര്‍ട്ടൂണിസ്റ്റായി . അതും ഉത്തരേന്ത്യയിലെ പല പ്രമുഖ പത്രങ്ങളിലും. ഒപ്പം എഴുതുവാനും തുടങ്ങി. ഹിന്ദിയില്‍, ഇംഗ്ലീഷില്‍, അറിയപ്പെടാന്‍ തുടങ്ങിയിരുന്നു. പലരും വേരുകള്‍ അന്ന്വേഷിച്ചിരുന്നു. എല്ലാവരും നിരാശരായാണ് മടങ്ങിയത്. താന്‍ പോലും ഓര്‍ക്കാന്‍ മടിക്കുന്ന വേരുകള്‍.
എങ്കിലും ഉള്ളിലിരുന്നാരോ മന്ത്രിച്ചു.'മടങ്ങിപ്പോകണം'. നാടൊന്നു കണ്ടു അതിനോട് പരിചയം പുതുക്കാന്‍ .അമ്മയെ ഒന്ന് കാണാന്‍ . അച്ഛനെ കാണാതിരിക്കണം. ആ വെറുക്കപ്പെട്ട രൂപമൊന്നുകൊണ്ട് മാത്രമാണ് മടക്കം താമസിക്കുന്നത്. എങ്കിലും പോകണം.
ഓര്‍മ്മകള്‍ അയാളെ ഒരുപാട് ക്ഷീണിപ്പിച്ചു. ഉള്ളില്‍ പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി അയാള്‍ നടന്നു. അകലെ നിന്ന് കൊണ്ട് തന്നെ അയാള്‍ കണ്ടു. പഴകി നിറം മങ്ങി നില്ക്കുന്ന വീട്. ചുറ്റും സാമാന്യം കാട് പിടിച്ചിട്ടുണ്ട്. അധികം മാറ്റങ്ങളൊന്നും പ്രത്യക്ഷത്തിലില്ലെങ്കിലും പഴയ പ്രതാപമെല്ലാം തകര്‍ന്നു വീണത് പോലെ അയാള്‍ക്ക് തോന്നി. ഉള്ളില്‍ ചെറുതായുയര്ന്ന അഹങ്കാരം. താന്‍ എല്ലാം നേടിയിരിക്കുന്നു.
അയാള്‍ ഉമ്മറത്തേക്ക് ചെന്ന്. ആളനക്കമില്ല.
"ഇവിടെ ആരുമില്ലേ?"
അയാള്‍ ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ല. അയാള്‍ കാല്ലിംഗ് ബെല്ലിലമര്‍ത്തി. ശബ്ദമൊന്നും കേട്ടില്ല. ഒരു പക്ഷേ കറന്റ് ഉണ്ടാവുകയില്ല. അയാള്‍ ചിന്തിച്ചു.
വീണ്ടും അയാള്‍ ഉച്ചത്തില്‍ വിളിച്ചു.
"അമ്മേ"!!
ഒരല്പ സമയത്തിന് ശേഷം മുന്‍വശത്തെ വാതിലൊന്നനങ്ങി . അത് തുറക്കപ്പെട്ടു. അമ്മ! അയാള്‍ക്ക് വിശ്വസിക്കാനായില്ല. താന്‍ ഉപേക്ഷിച്ചു പോയ അമ്മ ഐശ്വര്യത്തിന്റെ നിറകുടമായിരുന്നു. ഇത് തന്റെ അമ്മ തന്നെയോ.?
അയാള്‍ നിറകണ്ണുകളോടെ നോക്കി. ക്ഷീണിച്ചു എല്ലും തോലുമായിരിക്കുന്നു അമ്മ... മുഷിഞ്ഞു നിറം മങ്ങിയൊരു സാരിയാനുടുത്തിരിക്കുന്നത്. അവര്‍ ചോദിച്ചു.
"ആരാ?"
അതും ചോദിച്ചു കൊണ്ടവര്‍ അയാളുടെ അടുത്തേക്ക് വന്നു. ഒരു നിമിഷം അവര്‍ ആ മുഖത്തേക്ക് നോക്കി നിന്നു. കണ്ണുകള്‍ അറിയാതെ നനയുന്നു. അയാളത് കണ്ടു. അവര്‍ വിളിച്ചു.
"എന്റെ മോനെ"
അവരയാളെ ആശ്ലേഷിച്ചു. പഴയ കാച്ച്യെണ്ണയുടെ മണമിപ്പോളില്ല . എങ്കിലും വാത്സല്യത്തിന്റെ പാല്‍മണം അയാള്‍ അനുഭവിച്ചറിഞ്ഞു. അവര്‍ പിടി വിട്ടു. മകനെ മതി വരുവോളം നോക്കിക്കണ്ടു.
"എവിടെയായിരുന്നു നീ?"
അവര്‍ ചോദിച്ചു.
അയാള്‍ തലതാഴ്ത്തിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അയാള്‍ അകത്തെ ഇരുട്ടിലേക്ക് നോക്കി. എന്നിട്ട് സംശയ രൂപേണ അമ്മയുടെ മുഖത്തേക്ക് നോക്കി.
അവര്‍ പൊട്ടിക്കരഞ്ഞു.
"പോയി മോനെ, അദ്ദേഹം.... നീ പോയതിനു ശേഷം ആകെ തളര്‍ന്നു പോയി അച്ഛന് . ഒരുപാടന്ന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. പിന്നെ വല്ലാത്തൊരു മിണ്ടാട്ടമായിരുന്നു. ആരോടും മിണ്ടാതെ കൊച്ചു കുട്ട്യോളെപ്പോലെ ഇടക്കിരുന്നു കരയുമായിരുന്നു. നീ പോയി ഒരു മാസം തികയുന്നതിനു മുന്‍പേ....."
അയാള്‍ പകച്ചു പോയി. 20 വര്‍ഷം..... തന്റെ അമ്മ വിധവയായിക്കഴിയുന്നു....... വെറുപ്പിന്റെ ആള്‍രൂപമായി മാറിയ അച്ഛന് .... തന്റെ വിരഹം താങ്ങാന്‍ വയ്യാതെ..... ഈശ്വരാ...
ആരാണുത്തരവാദി? അയാള്‍ സ്വന്തം ഉള്ളില്‍ തന്നെ ചികഞ്ഞു നോക്കി.... ആരാണ് അച്ഛനെ കൊന്നത്? ആരാണ് അമ്മയെ വിധവയാക്കിയത്? ഉത്തരം താനാവരുതെ എന്ന പ്രാര്‍ഥനയോടെ മുഖം പൊത്തിക്കൊണ്ടയാള്‍ അമ്മയുടെ കാല്ച്ചുവട്ടില് വീണു........


