Wednesday, 29 October 2014

മാറ്റം



മറ്റേതോ മുറ്റത്തേക്ക്
പറിച്ചു നടപ്പെടാനുള്ള
തൈച്ചെടിക്ക്
ഇപ്പോളുള്ള മണ്ണിനോട്
പ്രണയം തോന്നിയിട്ട്
എന്ത് കാര്യം, അല്ലെ?

Monday, 27 October 2014

കര,കുളം....

കര,കുളം,കര കുളം,
ചാടിക്കളിച്ച നമ്മുടെ കുട്ടിക്കാലം,
ഓര്‍മ്മയില്ലേ നിനക്കത്?

കരയിലും കുളത്തിലും തന്നെ,
ഇന്നും നമ്മള്‍ ,അല്ലെ?

നീ കരയില്‍ , നനയാന്‍ വയ്യാതെ,,
ഞാനീ വെള്ളത്തില്‍
ഒന്നനങ്ങാനാവാതെ....
--------------------------------------------
നിനക്കും വെള്ളം അലര്‍ജീം എനിക്ക് വെള്ളത്തീന്നു കേറാന്‍ മടീം.. ;) :p

രാക്കിനാവ്



ഉള്ളില്‍ ഊറിക്കിടന്ന
പ്രണയത്തിന്റെ നനവില്‍
നിന്നെയലിയിക്കാന്‍
അറിയാതെ കൊതിച്ചു പോയ്‌.
കിനാവുകള്‍ താരകളായ് തുന്നിയ
പ്രണയത്തിന്റെ ആകാശം
നിനക്കായ് ഞാന്‍ വരച്ചു തുടങ്ങി.
നിന്നെയോര്‍ത്ത് മാത്രം
തിളങ്ങുന്ന താരകള്‍,
നിനക്കായ് ഒരുക്കപ്പെട്ട
സ്വര്‍ണ്ണ കിനാക്കള്‍.
നിന്നെ പുതപ്പിക്കാനായുള്ള
സ്നേഹവിഹായസ്സ്.
ഒരുപാട് കാത്തിരുന്നു നോക്കി,
പ്രഭാതമാണ്‌ വന്നത്, നീയല്ല.
നക്ഷത്രക്കിനാക്കളെ
വെയില്‍ കൊണ്ട് മൂടിക്കളഞ്ഞ
യാഥാർത്ഥ്യങ്ങളുടെ പകല്‍!

Tuesday, 21 October 2014

താല്‍ക്കാലികം



രണ്ടു ദിശകളിലേക്കായ്
ഒഴുകാനുള്ളവരാണ് നാമെങ്കിലും
ഒരുമിച്ചുള്ള ഈ നിമിഷങ്ങള്‍ക്ക്
എന്തൊരു തെളിമയാണല്ലേ?

Monday, 20 October 2014

പക്ഷി




ദുഖങ്ങള്‍ ചുറ്റും തീര്‍ത്ത
ഇരുമ്പഴിക്കൂട്ടില്‍ നിന്നും
എവിടന്നോ നീന്ടെത്തിയ
കനിവിന്റെ കൈകള്‍
മോചിപ്പിച്ചെടുത്ത പോലെ,
രക്ഷപ്പെട്ടത് പോലെ.

ഇരുണ്ട ലോകത്ത് നിന്നും
നിറങ്ങളുടെ ആകാശത്തേക്ക്
പറന്നു പറന്നുയരാനായ്
ഉള്ളിലിരുന്നാരോ പറയുന്ന പോലെ,
അദൃശ്യമായാരോ കൂടെ
പറക്കാനൊരുങ്ങുന്ന പോലെ.

മഴക്കാറിലിരുളും,പേമാരി പെയ്യും.
വേടന്‍ വരും, അമ്പെയ്യും.
കൂടെ കിളികളൊന്നും
കൂട്ടിയില്ലെന്നും വരും.
എങ്കിലും പറക്കണം, തളരാതെ.
സുവര്‍ണ്ണ പ്രകാശത്തിലെത്തും വരെ.

Saturday, 18 October 2014

ആശംസ.




വഴി മാറി വന്ന കാറ്റ്
മരത്തണലിലിത്തിരി നേരം,
വിശ്രമിക്കാനായ് തങ്ങി,
പിന്നെ,ചുറ്റും വലം വെച്ച്
കഥകള്‍ പറഞ്ഞു തുടങ്ങി.

വന്ന വഴികളില്‍
കാറ്റ് കണ്ട വിശേഷങ്ങള്‍
മര്‍മ്മര ഭാഷയില്‍
മരം കേട്ടിരുന്നു.

അങ്ങകലെയൊരു
സുന്ദര ബിന്ദുവിലേക്ക്
യാത്രയിലാണെന്നും
ചെറു നാണത്തില്‍
കാറ്റ് പറഞ്ഞു നിര്‍ത്തി.

മരമത് കേട്ട് ,ഇലകളനക്കി
ചെറുതായൊന്നു ചിരിച്ചു,
പോകാനൊരുങ്ങുന്ന
കാറ്റിന്റെ ചെവിയില്‍
നേര്‍ത്ത ശബ്ദത്തില്‍
ആശംസകളറിയിച്ചു.

നന്ദി പറഞ്ഞു
കാറ്റ് പാറിയകന്ന
അദൃശ്യ വഴിയിലേക്ക് നോക്കി
മരം മന്ദഹസിച്ച് നിന്നു.

താഴെ ആഴത്തില്‍ താഴ്ന്ന്
ഉറഞ്ഞു പോയ വേരുകളെ
ഓര്‍മ്മയില്‍ വന്ന നേരം
പതിയെ ഉലഞ്ഞാ മരം
കിളികളെ കാത്തു നിന്നു.

Friday, 17 October 2014

ഓര്‍മ്മ



അവളുടെ
മൌനത്തില്‍ മുങ്ങി മരിച്ച,
എത്ര സ്വപനങ്ങളുണ്ടാവാം,
സത്യ പ്രണയം സമര്‍പ്പിച്ച്
കാത്തു നിന്നവന്.
മൌനം വളര്‍ത്താന്‍
എത്ര കോട്ടകള്‍
പടുത്തുയര്‍ത്തിക്കാണും
അവള്‍ക്കു ചുറ്റും,
വികൃത നിയമങ്ങള്‍.
കാത്തിരിപ്പിനൊടുവില്‍
അവന്‍ ബാക്കി വെക്കുന്ന
ശാപച്ചുവയുള്ള വാക്കുകളാവാം
നീണ്ടു നീണ്ടങ്ങിനെ
പിറകെ ചെല്ലുന്നതും,
തരം കിട്ടുമ്പോഴൊക്കെയും
വരിഞ്ഞു മുറുക്കി
കണ്ണീരണിയിക്കുന്നതും.....

Wednesday, 15 October 2014

ആവര്‍ത്തനം.


എരിഞ്ഞു ജ്വലിക്കുന്ന
ഒരു നെയ്ത്തിരിയാവാം
ഓരോ ദിനവും.
പ്രഭ പകലിനു നല്‍കി
നീറിക്കത്തുന്ന തിരി.

എണ്ണ വറ്റി തുടങ്ങി
കെട്ടടങ്ങും മുന്‍പേ
മനോഹരമായ് തിരിയൊന്ന്
ചിരിച്ചു നോക്കിയതാവാം
സന്ധ്യയിലെ ചുവപ്പ്.

വേദനയൊളിപ്പിച്ച്
വിടര്‍ന്നൊരു
മൂവന്തിപ്പുഞ്ചിരി.

അണഞ്ഞിരുണ്ടിട്ടും
ഇനിയുമെരിയാനുന്ടെന്ന
ഓര്‍മ്മപ്പെടുത്തലില്‍
വീണ്ടുമത് സ്വയം
ഊര്‍ജ്ജമണിയുന്നുണ്ടാകാം.

ഓരോ തവണയും
പകല്‍ത്തിരി തെളിയുന്നത്
അതേ ഊര്‍ജ്ജവും
ഉള്ളിലേന്തിയാണ്.

ഒടുക്കത്തില്‍ കാത്തിരിക്കുന്ന
അവസാനത്തെ
ഇരുട്ടിനും മുന്‍പേ
ഒരുപാട് വട്ടം
തെളിഞ്ഞു കത്താന്‍....

കൊഴിയുന്നവ



കൊഴിഞ്ഞു വീണു തറയിലൂടൊഴുകി
ഓവിലേക്ക് വഴുതുന്നതിനും മുന്പ്,
ഒരുപാട് നീളന്‍ മുടികളില്‍
ഒരാള്‍ മാത്രം എവിടെയോ
ചുറ്റിപ്പിണഞ്ഞു നിന്ന്‍,
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

വീണു പോകുന്ന ഞങ്ങളെയോര്‍ത്ത്
നിനക്ക് ദുഖമില്ലായിരിക്കാം.
ഉള്ളില്‍ വ്യര്‍ത്ഥസ്വപ്‌നങ്ങള്‍
മാത്രം ബാക്കിയിരിപ്പുള്ള
നിന്റെ തലയോട്ടിയില്‍ നിന്നും
അകാലത്തില്‍ ഒഴിയേണ്ടി വന്നതില്‍
ഞങ്ങള്‍ക്കുമില്ല ദുഃഖം.

പക്ഷേ, പെണ്ണേ,
ആഞ്ഞു കൂട്ടിയിട്ടും കുറച്ചിട്ടും
തികയാത്ത സ്വര്‍ണ്ണത്തെപ്പറ്റിയും
മണ്ണും കുടിലും പണയം വെച്ചിട്ടും
ഒത്തു കിട്ടാത്ത പണത്തെപ്പറ്റിയും
വേവലാതിപ്പെട്ടിരിക്കുന്നവരുണ്ട്.

മങ്ങിത്തുടങ്ങിയ നിന്റെ
മെയ്യഴകിനും മിഴിയഴകിനുമൊപ്പം
ഇനിയവര്‍ എണ്ണാന്‍ പോകുന്നത്,
കൊഴിഞ്ഞു തുടങ്ങിയ
നിന്റെ മുടിയളവിനെപ്പറ്റിയാവും.

ഉള്ളതൊക്കെ എണ്ണി വാങ്ങി
ഏറ്റെടുക്കാന്‍ വരുന്നോനും
കൂട്ടിനു വരുന്ന പെണ്‍ ശിങ്കിടികള്‍
കുറിച്ചെടുക്കുന്ന ഓരോ കുറ്റവും,
നിറക്കുറവും നീളക്കുറവും
ഒഴിയാനുള്ള കാരണങ്ങളാവെ,
പെണ്ണെ, നിനക്കെങ്ങനെയാണ്
അശ്രദ്ധയാവാന്‍ കഴിയുക?

പ്രലോഭനം




നിന്നോടിത്ര മേല്‍ അടുക്കാന്‍
ഓരോ നിമിഷത്തിലും
ശ്രമിക്കുന്നതിനാലാണോ,
കൊതിപ്പിക്കുന്നവ പലതും
കയ്യില്‍ പിടിച്ചുകൊണ്ട്,
വെളുക്കെ ചിരിക്കുന്നാ
രൂപമില്ലാത്ത രൂപം
എനിക്ക് ചുറ്റുമിങ്ങനെ
പറന്നു നടക്കുന്നതും,
തരം കിട്ടുന്ന വേളകളിലെല്ലാം
അതി വിദഗ്ദമായെന്റെ,
ചിന്താ സിരകളിലൂടെയൂളിയിട്ട്,
അവിടങ്ങളിലെങ്ങോ
അള്ളിപ്പിടിക്കാന്‍
തുനിഞ്ഞു പരിശ്രമിക്കുന്നതും?
നിന്നോടടുക്കാന്‍ ,
അടുത്തുകൊണ്ടേയിരിക്കാന്‍
അറിഞ്ഞു തേടുന്നതിനാലാകാം,
ഒരു ഞെട്ടല്‍ കൊണ്ട് മാത്രം
ആ രൂപമില്ലാത്ത ചിന്തകളെ
ആട്ടിപ്പായിക്കാന്‍ കഴിയുന്നതും.

പിണക്കം.



തമ്മിലിനി കാണില്ലെന്ന്
പിണങ്ങിച്ചൊല്ലി
യാത്ര പറഞ്ഞാലും,
തിരിച്ചുവരാനല്ലാതെ
തിരമാലക്കെങ്ങോട്ടാണ്
പോകാന്‍ കഴിയുക?

പാറ

.

എത്രയെത്ര തിരമാലകളാണ്
എന്റെയടുത്തെത്തി
തല തല്ലിക്കരയുന്നതെന്നോ.

'കണ്ണീരുപ്പ് കലര്‍ന്നിട്ടും
കടല്‍ രസം മാത്രമെന്നു കരുതി
ഒന്നാശ്വസിപ്പിക്കാതെ
എഴുതിത്തള്ലുകയാണ്
ഞങ്ങളുടെ വേദനകളെ നീ'
എന്നു തിരകളുടെ വക
ആരോപണവുമുണ്ട്.

വെറും പാറക്കല്ലിനോടാണ്
സങ്കടങ്ങളൊക്കെപ്പറഞ്ഞു
നേരം കളയുന്നതെന്നും
പരസ്പരമവര്‍ പറയും.

ഒരുപാട് ഭാരങ്ങളെ
മനസ്സിലൊതുക്കി,
അവയങ്ങനെ ഉറഞ്ഞുകൂടി
കനത്തു വന്നാണ്
ഞാനൊരു പാറയായി,
പാറക്കല്ലായിപ്പോയതെന്ന്‍
ഉച്ചത്തില്‍ അവര്‍ കേള്‍ക്കെ
അലറിക്കരഞ്ഞ്
പറയണമെന്നുണ്ടായിരുന്നു.

പക്ഷെ, കല്ലല്ലേ
വെറും കല്ല്‌ മാത്രമല്ലേ ഞാന്‍.
ആഞ്ഞടിച്ചു കരയുന്ന
തിരകളെ കേള്‍ക്കാന്‍ മാത്രം
വിധിക്കപ്പെട്ടൊരു കല്ല്‌!