കുഞ്ഞുങ്ങളുടെ ചിരി , അവരുടെ സംസാരം, കളികള്‍, കുസൃതികള്‍ ഒക്കെ എത്ര സുന്ദരമാണ്. മക്കളുടെ കുസൃതിയെപ്പറ്റി പരാതി പറയുമ്പോളും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് പലപ്പോഴും മാതാപിതാക്കള്‍ അത് വര്‍ണ്ണിക്കുക. അത്രയ്ക്ക് ഇഷ്ടമാണ് നമുക്ക് നമ്മുടെ കുട്ടികളെ. എന്നാല്‍ വളരെ സന്തോഷമായി കഴിഞ്ഞിരുന്ന മക്കള്‍ പെട്ടെന്നൊരു ദിവസം അങ്ങേയറ്റം ഖിന്നരായിഇരിക്കുന്നത് കണ്ടാല്‍ എന്തുപറ്റി എന്ന് ചോദിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയാറുണ്ടോ? അല്ലെങ്കില്‍ അവരില്‍ ഉണ്ടാകുന്ന ഏതെങ്കിലും നെഗറ്റീവ് മാറ്റങ്ങളെ ശിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരാറുണ്ടോ? തങ്ങളുടെ മക്കളെ തങ്ങള്‍ക്കു നന്നായറിയാം എന്നും അവരില്‍ ഉള്ള ചെറിയ മാറ്റങ്ങള്‍ പോലും തങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയും എന്ന് മേനി നടിക്കുന്നവരാകും മിക്കവാറും മാതാപിതാക്കളും.സത്യത്തില്‍ അങ്ങനെയാണോ?വളരെ ചുറുചുറുക്കോടെ പാറി നടക്കുന്ന വര്‍ണ്ണശലഭങ്ങള്‍ നിനച്ചിരിക്കാതെ ചിറകറ്റു വീഴുന്നത് പോലെ, കുഞ്ഞുങ്ങളിലെ കളി ചിരികള്‍ പൊഴിഞ്ഞു വീണു അവര്‍ വെറും മിണ്ടാപ്പൂച്ചകളായി മാറുന്നത് മുതിര്‍ന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല, എന്നതാണ് സത്യം.
വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍, മറ്റെവിടെയെങ്കിലും വിരുന്നിനു പോകുമ്പോള്‍, കുടുംബക്കാരും സുഹൃത്തുക്കള്‍ ഒത്തു ചേരുന്നിടത്ത് ചെല്ലുമ്പോള്‍, കുശലം ചോദിക്കുമ്പോള്‍ മറുപടി ഒന്നും പറയാതെ മിണ്ടാതെ നില്‍ക്കുന്ന കുട്ടികള്‍ എല്ലാവരും ‘വലിയ നാണക്കാര്‍’ എന്ന ലേബലില്‍ നാം പെടുത്തും. സ്വഭാവത്തില്‍ വളരെ അധികം ദ്വേഷവും ഗുരുതരമായ അക്രമവാസനയുമായി നടക്കുന്ന കുട്ടികളെ, മുതിര്‍ന്നവര്‍ അതി രൂക്ഷമായി കൈകാര്യം ചെയ്യും.തങ്ങളില്‍ നിന്ന് ദൂരേക്ക് ഹോസ്റ്റലില്‍ പറഞ്ഞു വിടും. പഠനത്തില്‍ പിറകോട്ടായി വരുന്ന മക്കളെ അടിച്ചും ശകാരിച്ചും നിര്‍ബന്ധിച്ചു ട്യൂഷന് വിട്ടും പഠനത്തില്‍ മുന്‍പന്തിയിലാക്കാന്‍ കിണഞ്ഞു ശ്രമിക്കും.
എപ്പോഴെങ്കിലും ഈ മാറ്റങ്ങള്‍ക്കു പിന്നിലുള്ള കാരണങ്ങള്‍ ആരെങ്കിലും അന്വേഷിക്കാറുണ്ടോ? മക്കളെ സ്നേഹത്തില്‍ അടുത്തു വിളിച്ചിരുത്തി എന്താണ് അവരില്‍ പുകഞ്ഞു നീറുന്ന പ്രശ്നമെന്ന് ചോദിക്കാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയാറില്ല. അല്ലെങ്കില്‍ അങ്ങനെയൊരു കാര്യത്തെപ്പറ്റി അവര്‍ ചിന്തിക്കാറു പോലുമില്ല. ഒരു സൈക്കോളജി വിദഗ്ദന്റെ സഹായം ആവശ്യമായി വരുന്ന പല സന്ദര്‍ഭങ്ങളും കുഞ്ഞു മക്കളുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും സ്വന്തം പിന്തുണ പോലും നല്‍കാതെ പലരും മക്കളെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുക.
കുട്ടികള്‍ക്കെന്തു മാനസിക പിരിമുറുക്കം എന്നായിരിക്കും പലരും ചിന്തിക്കുക. നിങ്ങളുടെ കണ്‍വെട്ടത്തു വച്ചും അല്ലാതെയും നമ്മുടെ കുട്ടികളില്‍ ചിലരെങ്കിലും പല തരം പീഡനങ്ങള്‍ക്ക് വിധേയരാകാറുണ്ട് എന്ന യാഥാര്‍ത്യത്തെ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഉണ്ടാവില്ല. ബാലപീഡനങ്ങള്‍ എപ്പോഴും നിങ്ങള്‍ക്ക് പത്രങ്ങളിലോ മാഗസിനുകളിലോ വരുന്ന വാര്‍ത്തകളും സംഭവങ്ങളും മാത്രമാണ്. സ്വന്തം ചുറ്റുപാടുകളില്‍ അങ്ങനെ ഒന്ന് സംഭവിക്കുമെന്ന് കരുതാന്‍ പോലും ആരും തയ്യാറല്ല.
*****************************************************************
‘10 വയസ്സായിരുന്നു അവള്‍ക്ക്, അമ്മായിയുടെ വീട്ടില്‍ വിരുന്നിനു പോയതാണ് അവള്‍. അമ്മായിയുടെ ഭര്‍ത്താവിന്റെ ബാപ്പ ഒരുപാട് വിശേഷങ്ങള്‍ ചോദിച്ചു. തമാശകള്‍ പറഞ്ഞു. അന്ന് അവള്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ ആരോ ശരീരത്തില്‍ അമര്‍ത്തുന്നത് പോലെ തോന്നിയപ്പോള്‍ അവള്‍ കണ്ണ് തുറന്നു. ഉടുപ്പിനുള്ളിലൂടെ കുഞ്ഞു ശരീരത്തിലൂടെ കയ്യോടിക്കുകയായിരുന്നു അയാള്‍. പേടിച്ചു വിറച്ചു കണ്ണടച്ചു കിടക്കുമ്പോള്‍ അയാള്‍ കട്ടിലില്‍ അടുത്തു വന്നിരുന്നു. അവളുടെ ചുണ്ടില്‍ അമര്‍ത്തി ഉമ്മ വക്കാന്‍ ശ്രമിച്ചു. ആ കുഞ്ഞു ഹൃദയം ഭയം കൊണ്ട് തളര്‍ന്നു. അവള്‍ ഒച്ച വെക്കുമെന്ന് തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റു. ആരോടും പറയരുതെന്ന് പറഞ്ഞിട്ട് എഴുന്നേറ്റു പോയി. അന്നത്തെ പേടിയില്‍ അവള്‍ക്കു പനി പിടിച്ചു. പക്ഷെ ആരോടും പറയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. എല്ലാവരെയും പേടി, വെറുപ്പ്, അവള്‍ക്കൊപ്പം ആ വെറുപ്പും ഭയവും വളര്‍ന്നു..’
‘വികൃതി കാരണം ദര്‍സില്‍ കൊണ്ട് ചെന്നാക്കിയതാണ് ഉപ്പ അവനെ. വേണ്ടാ എന്ന് ഒരുപാട് കരഞ്ഞു പറഞ്ഞു നോക്കി, ഉപ്പ കേട്ടില്ല. ഓത്തും പഠിത്തവും ഹോസ്റ്റല്‍ ജീവിതവും. അവനു ഇഷ്ടമേ ആയിരുന്നില്ല, വീട് വിട്ടു നില്‍ക്കാന്‍. അങ്ങനെയിരിക്കെ ഒരു ദിവസം ഉറങ്ങാതെ കിടക്കുന്ന രാത്രിയില്‍ മുതിര്‍ന്ന ഒരു ഇക്ക അവന്റെ അടുത്തു വന്നു. അവനെ വിളിച്ചുകൊണ്ട് മറ്റൊരു മുറിയില്‍ അവിടെ ചെന്നപ്പോള്‍ പറയാന്‍ അറക്കുന്ന പലതും ഇക്ക അവനെക്കൊണ്ട് ചെയ്യിപ്പിച്ചു. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന ഭീഷണിയും. പിന്നെ അതൊരു പതിവായി. അവന്റെ ജീവിതം തകര്‍ന്നു തുടങ്ങി... ആരും കേള്‍ക്കാനില്ലാതെ, ആരും ആശ്വസിപ്പിക്കാന്‍ ഇല്ലാതെ...’
‘അവന്റെ അമ്മാവന് അവനെ ഭയങ്കര ഇഷ്ടമാണ്. എപ്പോളും വരുമ്പോള്‍ മിട്ടായി കൊണ്ട് വരും, കെട്ടിപ്പിടിക്കും ഉമ്മ വെക്കും. അവനും അയാളെ ഭയങ്കര ഇഷ്ടം. പക്ഷെ ആരും ഇല്ലാത്ത സമയങ്ങളില്‍ അയാള്‍ അവനു ഇഷ്ടമല്ലാത്ത എന്തൊക്കെയോ ചെയ്യാന്‍ തുടങ്ങി. ചില സമയത്ത് ഓര്‍ക്കുമ്പോള്‍ അവനു ഓക്കാനം വന്നു. ആ എട്ടു വയസ്സില്‍ അവനു എന്ത് മനസ്സിലാവാന്‍. ആരോടും പറയാന്‍ വയ്യാതെ പേടിച്ചു അവന്‍ ജീവിച്ചു. അയാളെ കാണുമ്പോള്‍ മാറി നടക്കാന്‍ അവന്‍ ശ്രമിക്കുന്നത് വരെ അയാളുടെ വൃത്തികേടുകള്‍ അവന്‍ സഹിച്ചു.’
‘അനാഥയായിരുന്നു അവള്‍. 2 കൊല്ലമായി ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോള്‍ ഏഴാം ക്ലാസിലാണ് അവള്‍.അമ്മായിയുടെ വീട്ടില്‍. അവള്‍ക്ക് ദുരിതം ഒന്നുമില്ല. അമ്മായി സ്നേഹം ഉള്ള സ്ത്രീയാണ്. അമ്മായിയുടെ മകന് അതിനേക്കാള്‍ സ്നേഹമാണ്. ആദ്യമൊന്നും അവളെ തീരെ ഇഷ്ടമില്ലായിരുന്നു അവന്. അവള്‍ക്കപ്പോള്‍ വല്യ സങ്കടവും ആയിരുന്നു. ആങ്ങള ഇല്ലാത്ത അവള്‍ക്ക് ഇപ്പൊ സന്തോഷമായി. അവന്‍ എന്നും അവള്‍ക്ക് മിട്ടായി കൊടുക്കും. അവന്റെ പഴയ കളിപ്പാട്ടങ്ങള്‍ തപ്പിയെടുത്ത് അവള്‍ക്ക് കൊടുത്തപ്പോള്‍ അവള്‍ എന്ത് മാത്രം സന്തോഷിച്ചെന്നോ. പിന്നെ ഒരു ദിവസം അവന്‍ അവളെ മുറിയില്‍ വിളിച്ചു കൊണ്ട് പോയി. പ്ലസ് 2 കഴിഞ്ഞ അവനു സമ്മാനമായി കംപ്യൂട്ടര്‍ ആണ് കിട്ടിയത്. സിനിമ കാണാം എന്ന് അവന്‍ പറഞ്ഞു. സിനിമയില്‍ കണ്ടതൊന്നും അവള്‍ക്ക് ഇഷ്ടമായില്ല. എന്തൊക്കെയോ വൃത്തികേടുകള്‍. പക്ഷെ അവനവളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നതില്‍ അതി വിദഗ്ദമായി വിജയിച്ചു. പേടിച്ചും വീര്‍പ്പു മുട്ടിയും ആരും ഒന്ന്‍ മനസ്സു പങ്കു വെക്കാനില്ലാതെ അവള്‍ ആ വീട്ടില്‍ ജീവിച്ചു എല്ലാം സഹിച്ച്...’
******************************************************************
ഇതൊക്കെ ഭാവനയില്‍ വിരിയുന്ന കഥകള്‍ മാത്രം ആണെന്ന് കരുതിയെങ്കില്‍ വായനക്കാരന് തെറ്റി. ഇത്തരം വിഷയങ്ങള്‍ വായിക്കുമ്പോള്‍ പോലും ലൈംഗീക ചിന്തകള്‍ ഉടലെടുക്കുന്നവര്‍ ഒരുപക്ഷെ ഉണ്ടാകും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇതൊക്കെ ഇവിടെ രേഖപ്പെടുത്തുന്നത്. എങ്കിലും മറിച്ച് ചിന്തിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കിലോ. ഒരു പക്ഷേ വായിക്കുന്നവരില്‍ ഇത്തരം ഇര/പീഡക മാനസിക അവസ്ഥകളിലൂടെ കടന്നു പോയവര്‍ ഉണ്ടാകും. ഇത്തരം അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രയാസങ്ങളും ഒരിക്കലും ഉപദ്രവിക്കുന്നവര്‍ കരുതുന്നത്ര ചെറുതല്ല. ഇങ്ങനെയുള്ള പീഡനങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ മരണം വരെയും അതില്‍ പശ്ചാത്താപം ഉള്ളവര്‍ ആയിരിക്കില്ല എന്നാണു വിഷയത്തില്‍ ഗവേഷണം നടത്തുന്ന പലരും പറയുന്നത്. എങ്കിലും ഈ കുറിപ്പ് ആരുടെയെങ്കിലും മനസ്സ് മാറാനോ, ആര്‍ക്കെങ്കിലും ശബ്ദം ഉയര്‍ത്തി നീതി തേടാനോ പ്രചോദനം ആകുമെന്ന പ്രതീക്ഷയില്‍ എഴുതുന്നു.
വീടിനു പുറത്തുള്ള ലോകത്താണ് ഇത്തരം ദുരന്തങ്ങള്‍ നടക്കുന്നതെന്നും അപരിചിതരോട് സംസാരിക്കരുതെന്നും കുട്ടികളെ പറഞ്ഞു പഠിപ്പിക്കുകയും കൂട്ടിലടച്ച പോലെ അവരെ വളര്‍ത്തുകയും ചെയ്യുമ്പോള്‍ കുടുംബത്തിനകത്തും കരുതലോടെ ജീവിക്കണം എന്ന് മക്കളെ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. മാതാപിതാക്കളുടെ കൈകളില്‍ പോലും കുട്ടികള്‍ സുരക്ഷിതര്‍ അല്ലാത്ത ഈ കാലത്ത് പലതരം ദുരന്തങ്ങളെ നേരിടാന്‍ , തടുക്കാന്‍ പ്രാപ്തരാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും എരിവും പുളിയും ചേര്‍ത്ത് ചര്‍ച്ച ചെയ്യുന്നവരാണ് മലയാളികള്‍. അപ്പോളും കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി പരസ്പരം സംസാരിക്കാന്‍ , അതെപ്പറ്റി കുട്ടികളോട് സംസാരിക്കാന്‍ ഒരു തരം വിമുഖതയാണ് ആളുകള്‍ക്ക്. എന്നാല്‍ ഈ പിന്‍വലിയല്‍ ഒരുപക്ഷെ ഈ കുരുന്നുകളുടെ ഭാവിയെത്തന്നെ ബാധിക്കുന്ന പ്രശ്നം ആയി മാറിയേക്കാം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.ഇത്തരം സംഭവങ്ങള്‍ വെറും കെട്ടുകഥകള്‍ അല്ലെന്നത് ഞെട്ടിക്കുന്ന യാതാര്‍ത്ഥ്യം തന്നെയാണ്.ഇവിടെ ഏറ്റവും വേദനാജനകമായ കാര്യം, പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ലൈംഗീകപീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്നതാണ്.2007-ല്‍ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ (Ministry of Women and Child Development) കീഴില്‍ പ്രമുഖ NGO ആയ PRAYAS നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയ കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങളെപ്പറ്റിയുള്ള സര്‍വെയില്‍ പങ്കെടുത്തതില്‍ 53.22% പേരും ഒന്നിലധികം തരം ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടായിരുന്നു. ഇവരില്‍ 52.94% ആണ്‍കുട്ടികളും 47.06% പെണ്‍കുട്ടികളും ആയിരുന്നു. പെണ്‍കുട്ടികളേക്കാള്‍ അധികമാണ് ഇത്തരത്തില്‍ ഉപദ്രവിക്കപ്പെടുന്ന ആണ്‍കുട്ടികളുടെ കണക്ക് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ അത് ആണ്‍കുട്ടികള്‍ 55.04% , പെണ്‍കുട്ടികള്‍ 44.96% എന്ന നിരക്കിലാണ്.കുട്ടികളില്‍ 80% പേരും ഇത് പുറത്തു പറയാറില്ല എന്നും സര്‍വേയില്‍ വ്യക്തമാണ്. കുട്ടികളില്‍ മിക്കവാറും പേര്‍ ഇതിനു ഇരയാകുന്നത് 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ പ്രായത്തിലാണ്. ഇവരില്‍ സമൂഹത്തിലെ വിവിധ ക്ലാസുകളില്‍ ഉള്ള കുട്ടികള്‍ ഉണ്ട്. പഠിക്കാന്‍ പോകുന്ന, നല്ല ജീവിത ചുറ്റുപാടുകള്‍ ഉള്ള കുട്ടികളും , ദാരിദ്രം അനുഭവിക്കുന്ന തെരുവോര ബാല്യങ്ങളും ബാല വേലക്ക് നിര്‍ബന്ധിതരാകുന്ന കുട്ടികളും മാനസിക ശാരീരിക പീഡനങ്ങള്‍ക്കും പുറമേ ചെറുതും വലുതുമായ ലൈംഗീക പീഡനങ്ങള്‍ക്ക് വിധേയരാകുന്നു.മേല്പറഞ്ഞ സര്‍വേ പ്രകാരം കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നവരില്‍ 50% പേരും കുട്ടിയുടെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അയല്‍ക്കാരോ ആണ്.WHO കണക്കുകള്‍ അനുസരിച്ച് 18 വയസ്സില്‍ താഴെ ഉള്ള 150 ദശലക്ഷം പെണ്‍കുട്ടികളും 73 ദശലക്ഷം ആണ്‍കുട്ടികളും നിര്‍ബന്ധിത ലൈംഗീക വേഴ്ചക്കോ, ലൈംഗീക അതിക്രമങ്ങള്‍ക്കോ ഇരകളായവരാണ്. ഇവരില്‍ ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവരില്‍ അധിക പേരും കുട്ടിയുടെ സംരക്ഷകര്‍ തന്നെയാണെന്നും പഠനങ്ങള്‍ പറയുന്നു.
ഇതൊരു അതിഗുരുതര പ്രശ്നമായി ഉയര്‍ന്നു വന്നിട്ടും കുട്ടികളിലും മാതാപിതാക്കളിലും ശരിയായ അവബോധം ഉണ്ടാക്കുന്ന തലത്തിലേക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അധികമാരും മുതിരുന്നില്ല. ലജ്ജയോ വിഷയത്തിന്റെ സ്വഭാവമോ കാരണമാകാം കുട്ടികള്‍ക്ക് ഇതേപ്പറ്റി പറഞ്ഞു കൊടുക്കാന്‍ പോലും മുതിര്‍ന്നവര്‍ മുന്നോട്ടു വരുന്നില്ല.പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ പീഡിപ്പിക്കപ്പെടുന്നു എങ്കിലും ഇതിന്റെ പരിണിതഫലങ്ങള്‍ പലപ്പോഴും ഇരു കൂട്ടരിലും വ്യത്യസ്തമായിരിക്കും. പെണ്‍കുട്ടികള്‍ വളരുന്തോറും ഭയം കൂടുകയും ഈ ഓര്‍മ്മകള്‍ അവരെ വിഷാദ രോഗി ആക്കുകയോ പുരുഷന്മാരോട് മുഴുവന്‍ വെറുപ്പ് ഉണ്ടാക്കുന്ന തരത്തില്‍ അവരുടെ മാനസിക അവസ്ഥയെ ആക്കിതീര്‍ക്കുകയും ചെയ്യുന്നു . കൂടുതല്‍ പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ ശബ്ദിക്കാന്‍ കഴിയാത്ത വിധം തളര്‍ന്നു പോകുകയും ചെയ്തേക്കാം. ആണ്‍കുട്ടികളിലും ഇത് വിഷാദ രോഗത്തിനു കാരണമാകാം. എന്നാല്‍ വളര്‍ന്നു വരുന്ന ആണ്‍കുട്ടികളില്‍ അവര്‍ക്ക് മുന്‍പുണ്ടായ അനുഭവങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള കാരണമാകാനും സാധ്യത ഉണ്ട്. തനിക്ക് മേല്‍ സംഭവിച്ചത് ഒരു തെറ്റല്ല , അതൊരു സാധാരണ സംഭവം മാത്രമാണ് എന്ന് ചിന്തിക്കുകയും അതെ പോലെ ലൈംഗീകതിക്രമങ്ങള്‍ക്ക് മറ്റുള്ളവരെ വിധേയരാക്കുകയും ചെയ്യുന്ന മനോഭാവം ഉണ്ടായേക്കാം. ജീവിതത്തില്‍ പ്രതിസന്ധീ ഘട്ടങ്ങളെ നേരിടാന്‍ കഴിയാതെ തളര്‍ന്നു പോകാനും ചെറിയ പ്രായത്തിലെ ഉണ്ടാകുന്ന ശാരീരികവും മാനസികവും ലൈംഗീകാവുമായ പീഡനാനുഭവങ്ങള്‍ കാരണമായെന്ന് വരാം.
ഏതൊക്കെ തരത്തിലാണ് കുട്ടികള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്നത് എന്നതു പീഡകരുടെ ഉള്ളിലെ ക്രൂരത അനുസരിച്ചിരിക്കും. എങ്കിലും പ്രധാനമായും സംഭവിക്കുന്ന ചിലത് എഴുതുന്നു. കുട്ടികള്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ പറഞ്ഞു കൊടുക്കുകയും അവര്‍ക്ക് ശരിയായ അവബോധം നല്‍കുകയും കുട്ടികള്‍ക്ക് ചുറ്റുമുള്ളവരെപ്പറ്റി ജാഗ്രത പുലര്‍ത്തുകയും ചെയ്യുക.രഹസ്യഭാഗങ്ങളില്‍ തൊടാന്‍ ശ്രമിക്കുക. കുട്ടിയെ അമിതമായി ലാളിക്കുകയും അതെ സമയം ആരുമറിയാതെ കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ബലമായി തൊടാന്‍ ശ്രമിക്കുകയും ചെയ്യുക.
വിവസ്ത്രരാകാന്‍ പറയല്‍, വിവസ്ത്രരാക്കാന്‍ ശ്രമിക്കല്‍: കുട്ടിയെ ഒറ്റക്ക് കിട്ടുന്ന അവസരങ്ങളില്‍ വസ്ത്രമൂരാന്‍ ആവശ്യപ്പെടുകയും അവരുടെ രഹസ്യ ഭാഗങ്ങളില്‍ തൊടാന്‍ ശ്രമിക്കുകയും ചെയ്യല്‍.
സ്വയം വിവസ്ത്രരായി പ്രദര്‍ശിപ്പിക്കല്‍: മറ്റാരുമില്ലാത്ത അവസരങ്ങളില്‍ സ്വന്തം വസ്ത്രം ഊരി കുട്ടിയുടെ മുന്‍പില്‍ സ്വന്തം ലൈംഗീകാവയവം പ്രദര്‍ശിപ്പിക്കല്‍.
ബലം പ്രയോഗിച്ചു ചുംബിക്കല്‍: കുട്ടികളോടുള്ള വാത്സല്യം പ്രകടിപ്പിക്കുക അവരുടെ കവിളുകളില്‍ ചുംബിച്ചുകൊണ്ടാണ്. എന്നാല്‍ ബലപ്രയോഗത്താല്‍ ചുണ്ടില്‍ കുഞ്ഞിനെ ഉമ്മ വെക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരക്കാരെയും സൂക്ഷിക്കുക.
അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍ബന്ധിച്ചു കാണിക്കല്‍: പലതരം porn വീഡിയോകളും ചിത്രങ്ങളും കുട്ടിയെ കാണിക്കല്‍.
ലൈംഗീക വേഴ്ച: ഏറ്റവും ക്രൂരമായ പീഡനവും ഇത് തന്നെയാണ്. മുതിര്‍ന്ന സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ മാത്രം നടക്കേണ്ട ലൈംഗീക വേഴ്ചക്ക് കുട്ടികളെ ഉപയോഗിക്കല്‍.
ഇവ കൂടാതെ മറ്റനവധി മാര്‍ഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങള്‍ പീടിപ്പിക്കപ്പെടാം. യാത്രാ വേളകളിലും ആഘോഷ വേളകളിലും വിവാഹമോ മറ്റേതെങ്കിലും ചടങ്ങുകളിലോ വച്ചും നിങ്ങളുടെ മക്കള്‍ ഇത്തരം പീഡനങ്ങള്‍ക്ക് വിധേയരായെന്നു വരാം. കുട്ടികളെ ബലം പ്രയോഗിച്ചു മടിയില്‍ അമര്‍ത്തി ഇരുത്താന്‍ ശ്രമിക്കുന്നതും , അനാവശ്യമായി കുട്ടിയുടെ ശരീരത്തില്‍ തൊട്ടു തലോടുകയും ചെയ്യുന്നതും കുട്ടിയില്‍ അസ്വസ്ഥത പരത്തുന്നതും പീഡനം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ചെറുതും വലുതുമായ സാഹചര്യങ്ങളെപ്പറ്റി കുട്ടിക്ക് പറഞ്ഞു കൊടുക്കുക.മാതാവിന് മാത്രമല്ല പിതാവിനും ഇത്തരം വിഷയങ്ങളില്‍ കുട്ടികളെ കരുതേണ്ട ചുമതല ഉണ്ട്. അമ്മ മാത്രമാണ് ഇതുപോലുള്ള വിഷയങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യേണ്ടത് എന്ന് നിങ്ങള്‍ കരുതുന്നു എങ്കില്‍ തെറ്റി. പിതാവിന്റെ സ്നേഹവും കരുതലും കുട്ടികളില്‍ ഉണ്ടാക്കുന ആത്മ വിശ്വാസം ചെറുതൊന്നുമല്ല. മറിച്ച് കുട്ടി മാനസികമായി ഇതോ ഇതുപോലുള്ള മറ്റെന്തെങ്കിലും വിഷയം കാരണം വിശാദാവസ്ഥയില്‍ ഇരിക്കെ അവരെ കൂടുതല്‍ പ്രയാസപ്പെടുത്തുന്ന തരത്തില്‍ അവരോടു ദേഷ്യപ്പെടാനും ഒച്ച വെക്കാനും ഒരിക്കലും നിങ്ങള്‍ ശ്രമിക്കരുത്. അത് കുട്ടിയുടെ മനസിനെ അതി ഗുരുതരമായി ബാധിച്ചെന്നു വരും. മുതിര്‍ന്ന സഹോദരന്മാരും സഹോദരിമാരും തങ്ങളുടെ കുഞ്ഞു അനുജനും അനുജത്തിക്കും ഇതൊക്കെ സംയമനത്തില്‍ പറഞ്ഞു കൊടുക്കാന്‍ സാധിക്കണം. അവരുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ സ്നേഹപൂര്‍വ്വം ചോദിച്ചു മനസ്സിലാക്കാന്‍ അമ്മയും അച്ഛനും ജ്യേഷ്ഠ സഹോദരങ്ങളും മറ്റു മുതിര്‍ന്ന ബന്ധുക്കളും മാത്രമല്ല അവര്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകരും സന്നദ്ധരാകണം. ശരിയായ അവബോധം നല്‍കുകയും വേണം.
ഇനിയെങ്കിലും നമുക്ക് ശബ്ദിക്കാം. ഒരു കുഞ്ഞും മുറിവേല്‍പിക്കപ്പെടാത്ത ഒരു കാലം വരുമെന്ന് ഉറപ്പിക്കാന്‍ കഴിയുകയില്ലെങ്കിലും നമ്മളാല്‍ കഴിയുന്ന രീതിയില്‍ നാം പ്രവൃത്തിക്കുക. പീഡകര്‍ നിയമത്തിന്റെ കയ്യില്‍ നിന്നും ഇത് വിധേന രക്ഷപ്പെട്ടാലും വിധിയുടെ കൈകളാല്‍ അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. മരണത്തിനു മുന്‍പേ..