Wednesday, 24 July 2013

കവിതാ വ്യാഖ്യാനം


വ്യാഖ്യാനം പലതാണ്.
അര്‍ത്ഥങ്ങളൊരുപാടാണ്,
വെറുതെ കൊടുക്കുന്നൊരു 
ഇളം പുഞ്ചിരിക്ക് പോലും.
പലതാണ് വ്യാഖ്യാനം.
ഒന്നും രണ്ടുമല്ല,
ഒരുപാടര്‍ത്ഥങ്ങളാണ്
നമ്മളെന്ന നീണ്ട കഥകള്‍ക്ക്.
ഒരുപാട് വശങ്ങളാണ്
നമ്മുടെ ജീവിതങ്ങള്‍ക്കും.
ഒരുപാടുരുക്കിയൊഴിച്ച്
അച്ചില്‍ മെനഞ്ഞെടുക്കുന്ന
കവിതകളെപ്പിന്നെ, പലതായി 
വ്യാഖ്യാനിക്കാതിരിപ്പതെങ്ങനെ,
പലതരം കണ്ണുകളുള്ള
മനുഷ്യര്‍....?

കവിത

കവിത വിരിയുന്ന വള്ളിയെ
അരിഞ്ഞിടാന്‍ വെമ്പുന്ന
ചിലരുണ്ട് , ചിലരുടെയുള്ളില്‍.

ദയ

കനമുള്ള കൈകള്‍ കൊണ്ടെന്നെ
ഞെരുക്കായ്ക ലോകമേ,
ഹൃദയം നുറുങ്ങുന്ന വേദനയെ
ചെറുതായെങ്കിലും മറികടക്കാന്‍
ഞാനെടുത്തണിയുന്ന പുറം ചട്ടയെ
സ്വാര്‍ത്ഥതയെന്നു വിളിക്കായ്ക.
താളം തെറ്റാതിരിക്കാന്‍ 
ഞാനായി കൂട്ടിച്ചേര്‍ക്കുന്ന താളത്തെ
അപസ്വരമെന്നു വിശേഷിപ്പിക്കായ്ക.
ഞെരുക്കി ഞെരുക്കിയെന്നെ 
ഇല്ലാതാക്കുവാനാണെങ്കില്‍
ഇഞ്ചിഞ്ചായി ചെയ്യാതിരിക്കുക.

തിരശീല.


കാഴ്ചക്കാരാണ് നമ്മള്‍,
താഴാത്ത തിരശീലക്കു കീഴെ
ഇത് വരെ കാണാത്ത, കേള്‍ക്കാത്ത
പുതുമയുള്ള രംഗങ്ങള്‍,
വിധി നമുക്കായ് സംവിധാനിക്കും.
കണ്ടും കേട്ടും,കരഞ്ഞും ചിരിച്ചും
കയ്യടിച്ചും നാമിരിക്കും.
കണ്ടിരിക്കാനെ നമുക്ക് കഴിയൂ,
കാരണം,തിരശ്ശീല വീഴും വരെ 
വെറും കാണികള്‍ നമ്മള്‍....!! ....!

വസന്തം


എത്ര ശ്രമിച്ചിട്ടും എത്ര പറഞ്ഞിട്ടും 
പൂക്കാന്‍ വിസമ്മതിക്കുന്ന 
ചെറു പൂമരത്തോട് 
വസന്തം വെറുപ്പോടെ
യാത്ര പറഞ്ഞു പോകും
നിശബ്ദയായ് നില്‍ക്കുന്ന പൂമരം 
ഉള്ളില്‍ പറയുന്നതിങ്ങനെയാകും,
ഒരിക്കല്‍ മാത്രം പൂക്കുന്ന മരത്തോട്
വസന്തത്തിന്റെ വര്‍ണ്ണങ്ങളെപ്പറ്റി,
വരാനിരിക്കുന്ന തേന്‍ കുരുവികളെപ്പറ്റി,
വിരിയാനിരിക്കുന്ന ഇതളുകളെപറ്റി,
കഥകള്‍ പറയുന്നുവോ?
ഒരിക്കല്‍ മാത്രം പൂത്തുലഞ്ഞവളോട്
ഇനിയും പൂക്കാന്‍ പറയുന്നോ.
കഷ്ടം. വസന്തത്തിനു കണ്ണില്ല.
വസന്തത്തിനു കണ്ണില്‍ ചോരയുമില്ല

അമിത വണ്ണം.


ഉദയ-സായാഹ്നങ്ങളില്‍
നടക്കാനിറങ്ങുന്ന
അമിത വണ്ണക്കാരെപ്പോലെയാണ്
മനുഷ്യ ബന്ധങ്ങള്‍...... .,
പ്രതീക്ഷയോടെ തുടങ്ങും
മടിച്ചു മടിച്ചാണേലും.
കുറച്ചങ്ങോട്ട് നടക്കും,
പിന്നെ തളര്‍ന്നു കുത്തിയിരിക്കും.
വീണ്ടും നടക്കുവാനായ് 
മോഹമുണ്ടെങ്കിലും
ക്ഷീണം ഭയന്ന് ശ്രമമുപേക്ഷിക്കും.
നല്ല നടത്തങ്ങളുടെ ഒടുവില്‍
നല്ലതുണ്ടാകുമെന്നു 
അറിയാഞ്ഞിട്ടല്ല.
വിയര്‍പ്പൊഴുക്കാന്‍ വയ്യാര്‍ക്കും,
കഷ്ടപ്പെടുവാനും.
ഒടുവില്‍ ഊഷ്മളത 
പോയിക്കഴിയുമ്പോള്‍
വിഷണ്ണരായിരിക്കും ഒറ്റക്ക്!

Thursday, 11 July 2013

കനല്‍


ഇനിയുമണയാത്ത കനലുകള്‍
ഹൃദയത്തില്‍ കൂട്ടി വച്ച് 
ഉറങ്ങാന്‍ കിടക്കരുതൊരിക്കലും.
വിളിച്ചാലും വരില്ല പിന്നെയുറക്കം.
പാതിയുറക്കമായ് വന്നേക്കാം,
പക്ഷെ,ഉണര്ച്ചയോ ഉറക്കമോ 
എന്നറിയാത്ത വേളയിലാണ്
പുകഞ്ഞു പുകഞ്ഞു ഒടുവില്‍
കനലുകള്‍ ആളിക്കത്തുന്നത്....!!

വാനമ്പാടി


വേദനകളുടെ മേലെ തേന്‍ പുരട്ടാന്‍ 
പാടാനണയുന്ന വാനമ്പാടിയോട്
കടുപ്പിച്ചൊന്നും പറഞ്ഞേക്കരുത്.
ഇടയിലപസ്വരമൊന്നുമുണ്ടാക്കരുത്.
തറപ്പിച്ചൊന്നു നോക്കുകയുമരുത്
പാടിത്തുടങ്ങിയ പാട്ടിനെ 
മുഴുമിപ്പിക്കാതെ പറന്നു കളയും 
ഗാനം കൊണ്ട് മുറിവുണക്കാനെത്തിയ
സ്നേഹത്തിന്റെ വാനമ്പാടി.....

Tuesday, 9 July 2013

പെയ്ത്ത്


മഴ നോക്കിയിരിക്കാറുണ്ടോ നീ,
മാനത്തു നിന്നും ഇറ്റി വീഴുന്ന 
വജ്രത്തുള്ളികളെ കാണാറുണ്ടോ?
ആ തുള്ളിക്കുള്ളിലെവിടെയോ 
നീ എന്നെ തേടാറില്ലേ?
ഞാന്‍ പറയാന്‍ ബാക്കി വച്ച 
പ്രണയത്തിന്റെ ഭാഷ്യങ്ങളൊക്കെ
പരതി നോക്കാറില്ലേ കണ്ണുകള്‍.
ചെവിയോര്‍ക്കാറില്ലേ പലപ്പോഴും,
എന്റെ അശ്രു കണമെന്ന് കരുതി നീ
കൈ നീട്ടി തടുക്കാറില്ലേ തുള്ളികളെ?,
നിനക്ക് തടുക്കാനാവില്ല ,
ഒരു തുള്ളിയല്ല, ഒരു കോടി തുള്ളികള്‍
വെള്ളത്തുള്ളികള്‍, അതാണ്‌ മഴപ്പെയ്ത്ത്.
ഞാനും നോക്കിയിരിക്കാറുണ്ട് മഴയെ
ഞാനും നിന്നെ കാണാറുണ്ട് തുള്ളികളില്‍.
ഓരോന്നായി പെയ്യുന്ന ചാറ്റല്‍ മഴയിലും
തുള്ളി വേര്‍തിരിച്ചറിയാനാവാത്ത
പേമാരിയുടെ പെയ്യലിലും
ഞാന്‍ നിന്നെ കാണാറുണ്ട് സത്യം,
കാരണം, ഞാനിവിടെയും
നീ അവിടെയുമെങ്കിലും
നമ്മളൊരുമിച്ചാണ്,മഴയെ നനയുന്നത്....

കവിത


പറയാനാകാത്തതും
പറയാതെ കഴിയാത്തതും
മനസ്സില്‍ വന്നു 
തിങ്ങി നിറയുമ്പോള്‍
ആശ്വാസമാകുന്നൊരു 
കവിഞ്ഞൊഴുകലാണ്
ഹൃദയമുള്ളവരുടെ കവിത.

കാപട്യം...


എല്ലാവര്‍ക്കും എന്നെ
വല്ലാണ്ടങ്ങ്‌ ഇഷ്ടപ്പെടാന്‍
എന്താണൊരു മാര്‍ഗ്ഗം?
കഷണങ്ങളായ് മുറിച്ചിട്ട്‌,
എന്റെ ഓരോ കഷ്ണവും 
ഓരോരുത്തരുടെ ആശക്കൊത്തു
മാറ്റിയെടുക്കലാണോ?
അതല്ലെങ്കില്‍,
മുഖത്തു കാപട്യത്തിന്റെ
ചായം വാരി പൂശലാണോ?
ഇല്ലാത്ത ചിരിയെ
വരുത്തിയെടുക്കലോ?
നന്മയുണ്ടെന്നറിയിക്കാന്‍
വെണ്മ കാട്ടി നടക്കലോ?
ഇതൊക്കെയും ചെയ്തിട്ട്,
എന്നെ ഞാനല്ലാതാക്കി
മാറ്റലോ?

മൂടല്‍ മഞ്ഞ്


മൂടല്‍മഞ്ഞു കണ്ടിട്ടില്ലേ,
കനത്തു നില്‍ക്കും.
കാഴ്ച്ചയെ മൂടി,
വഴി കാണിക്കാന്‍
വിസമ്മതിച്ച് കൊണ്ട്.
എങ്ങോട്ട് പോകണമെന്ന്
ശങ്കിച്ച് നില്‍ക്കും നാം.
എവിടേക്ക് തിരിയണമെന്ന്
പരിഭ്രമിക്കും.
അനങ്ങാതെ നില്‍ക്കാനേ
കഴിയൂ, തീര്‍ച്ച!
സൂര്യനുദിക്കും വരെ
അനങ്ങാതെ.
മനസ്സുകളിലും ചിന്തകളിലും
പുകമഞ്ഞു പൊതിയുമിടക്ക്.
വൈകിയാണെങ്കിലും
സൂര്യനുദിച്ചോളും.
വഴി തെളിക്കാന്‍ രശ്മികള്‍
മഞ്ഞിനെ തുളച്ചിറങ്ങി വരും
കരുത്തോടെ ചുവടുകള്‍
മുന്‍പോട്ടു വക്കാമപ്പോള്‍..!
 

Wednesday, 3 July 2013

പ്രണയത്തിന്റെ കറ


ഒടുവിലൊരു കടങ്കഥയാക്കി
മാറ്റുവാനായിരുന്നെങ്കില്‍,
സ്നേഹത്തിന്റെ കറ കൊണ്ട്
എഴുതേണ്ടായിരുന്നു
എന്റെ ഹൃദയ ഭിത്തിയില്‍
നിന്റെയാ പേര്.
ഇതിപ്പോള്‍,
എത്ര തുടച്ചിട്ടും തൂത്തിട്ടും
മായാതെ നില്‍പുണ്ടവിടെ.
വെള്ള പൂശുമ്പോഴോ,
കണ്ണീര്‍ നനവാല്‍ ,
തെളിഞ്ഞും വരും പുറത്തേക്ക്.
ചതിയാണ്, സ്നേഹക്കറയാല്‍
എഴുതി വക്കെണ്ടായിരുന്നു
നമ്മുടെ പ്രണയം....!!!