Wednesday, 30 October 2013

മൌനത്തിന്റെ നിറം


നമുക്കിടയില്‍ ഒഴുകിപ്പരക്കുന്ന മൌനം
വളര്‍ന്നൊരു പുഴയായി,
കടലായി, വന്‍സാഗരമായി മാറും മുന്‍പേ
തുടച്ചെടുത്തേക്കാമിപ്പോള്‍ തന്നെ.
മൌനത്തിന് പ്രണയ വര്‍ണ്ണമാണോ
അതോ, വെറുപ്പിന്റെ കറുപ്പ് നിറമോ?
ചിന്തിക്കാനൊന്നും നേരമില്ല.
നമുക്കിടയില്‍ ഒഴുകിപ്പരക്കുന്ന മൌനം,
തുടച്ചെടുക്കാം ഇപ്പോള്‍ തന്നെ.....

ആത്മാഹുതി.

ഭയന്നു ചുവന്ന്‍ കറുത്തു തുടങ്ങിയ സന്ധ്യയില്‍ ,
വിട്ടു വീഴ്ചകളാല്‍ തീര്‍ത്ത കുരുതിക്കളത്തില്‍ ,
പണ്ടേ ഉള്ളിലൂട്ടിയുറപ്പിച്ച പലതിനെയും,
കഴുത്തറുത്ത് ആര്‍ക്കോ വേണ്ടി ബലി നല്‍കി,
അറ്റമില്ലാത്ത, അനന്തമായ തമസ്സിലേക്ക്
'നാളെ'യുണ്ടെന്നും പരക്കെ വെളുക്കുമെന്നും
ആരോ പറഞ്ഞതിനെ അന്ധമായി വിശ്വസിച്ച്,
നടക്കാനൊരുങ്ങുമ്പോള്‍,
ബലിയെന്നും, ത്യാഗമെന്നും
സ്വയമാശ്വസിപ്പിക്കാന്‍ ശ്രമിക്കുമെങ്കിലും
ഉള്ളിയുള്ളില്‍ നിന്നും മനസ്സാക്ഷി മാത്രം,
ആരും കേള്‍ക്കാതെ പറയുന്നുണ്ടാകും,
‘ആത്മാഹുതിയാണിത്, സ്വയം ഹത്യ!’

പുതപ്പ്

അപമാനത്തിന്‍റെ നൂലില്‍ 
അപവാദത്തിന്റെ നിറത്തില്‍
നോവിപ്പിക്കുന്നത്ര കനത്തില്‍ 
പുതപ്പു തുന്നുന്ന ജീവിതത്തെക്കാള്‍
എന്ത് മാത്രം ദയാ നിധിയാണ്‌ ,
ഞെരുക്കി വേദനിപ്പിക്കാനാണെങ്കിലും
മണ്ണിന്റെ പുതപ്പൊരുക്കുന്ന മരണം.

Thursday, 10 October 2013

നൂല്.


ഒരു വിളിയാളമകലെയെങ്കിലും 
എത്ര കൈ നീട്ടിയിട്ടും 
തൊടാന്‍ കഴിയാത്തത്ര 
അകന്നു പോയിരിക്കുന്നു ,
നമ്മളിരുവരും.
നമുക്കിടയിലെ അദൃശ്യനൂലിനെ
അറുത്തു കളയാന്‍ 
വെമ്പിയത് കാലമാണോ,
അതോ മടുപ്പിന്റെ
പുളിച്ചു തികട്ടലില്‍
നിന്നില്‍ നിന്ന് വന്നു പോയ
കൈയ്യബദ്ധമോ?!

അനുവാദം


ആത്മ വിശ്വാസം

തൂലികക്കുള്ളിലെ 
ധൈര്യമെന്ന മഷി മുഴുവനും 
ചോര്‍ന്നു പോകാന്‍ 
തുടങ്ങിയിരിക്കുന്നു.
തുള വീഴ്ത്തി മഷി ചോര്‍ത്തുന്നത്
മതത്തിന്‍റെ മേലങ്കി പുതച്ച
ഭയത്തിന്റെ രൂപങ്ങളാണെന്ന്‍
ഞാന്‍ തിരിച്ചറിയുന്നു.
അളന്നു മുറിച്ചു 
പോസ്റ്റ്‌മാര്‍ട്ടം ചെയ്ത്
അഴുക്കു പുരണ്ടതെന്നും
അവിഹിതമെന്നുമൊക്കെ
ആര്‍ത്തു വിളിച്ചവര്‍ കല്ലെറിയും.

ആക്ടിവിസ്റ്റ്


മുഖ പുസ്തകത്തില്‍ ഇഴഞ്ഞു നടക്കുന്ന 
വാലന്‍മൂട്ടകളെപ്പോലെയാണ് നാം,
ആവാസ വ്യവസ്ഥയില്‍ നിന്ന് വേരറ്റാല്‍,
അസ്ഥിത്വമില്ലാതായ് പോകുന്നവര്‍ ! 

സദാചാര വിരുദ്ധം.

കൈപിടിയിലിരിക്കുന്ന പ്രണയം,
വഴുതിപ്പോകുമെന്നു തോന്നിയപ്പോഴാണ്
അവരതിനെ ജനനേന്ദ്രിയത്തിന് 
കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചത്.

തിരിച്ചറിവ്

മനസ്സിന്‍റെ വിശുദ്ധിയുടെ പാരമ്യത്തിലാണ്
കവിത ഉറവ പൊട്ടിയൊഴുകുന്നത്...
ഹൃദയം നൈര്‍മ്മല്ല്യത്തിന്റെ ഔന്നത്യത്തിലെത്തുമ്പോഴാണ്,
തൂലികത്തുമ്പില്‍ നിന്നും വരികള്‍ ഇറ്റി വീഴുന്നത്....
അതുകൊണ്ടാണ് ഞാനൊരു മുഴുവന്‍ സമയ കവിയല്ലാത്തതും....

ബോധോദയം

പ്രകാശ ഗോപുരം 
പിറകില്‍ ഉപേക്ഷിച്ചു,
പ്രിയപ്പെട്ട പലതും
കണ്ടില്ലെന്നു നടിച്ച്,
നടന്നകലുമ്പോള്‍, 
ആരെയാണ് വഞ്ചിച്ചതെന്ന്
എത്ര ആലോചിച്ചാലും 
നമുക്ക് പിടികിട്ടില്ല.
ഒടുവില്‍, വഴിയറ്റത്തു
പാപ ബോധത്തിന്റെ
തീക്കനലുകള്‍ പേറി
പുകഞ്ഞു തുടങ്ങിയ 
കരിഹൃദയവുമായി
തളര്‍ന്നിരിക്കുമ്പോഴാണ്‌
നമ്മില്‍ ആ തിരിച്ചറിവ്
വന്നണയുക,
ഇത് വരെ നാം വഞ്ചിച്ചത് 
നമ്മെതന്നെയാണെന്ന്
മനസ്സിലാക്കുക.
ആത്മവഞ്ചനയുടെ നോവില്‍
നീറി നീറിക്കഴിയുമ്പോള്‍
തിരിച്ചു പോകാന്‍ കഴിയാത്ത വിധം
വാതില്‍ കൊട്ടിയടച്ചിട്ടുണ്ടാകും
വിധി, അല്പം പോലും 
അനുകമ്പയില്ലാതെ....