Saturday, 31 July 2010

കണ്ണുനീര്‍


അവന്റെയൂള്ളില്‍ തിളക്കുന്ന രക്തമായിരുന്നു. അതായിരുന്നു അവളുടെ ഏറ്റവും വലിയ ഭയം. ലോകത്തിനു മുഴുവനായുമാണ് തന്റെ ഹൃദയം തുടിക്കുന്നതെന്നവന്‍ പറഞ്ഞുകൊണ്ടിരുന്നു. ആ തുടിപ്പ്‌ പക്ഷേ ശത്രുക്കളെഏറെ സമ്പാദിച്ചു കൊടുത്തു അവന്. അതുകൊണ്ടാണ് പെട്ടെന്നാ ഹൃദയത്തിന്റെ തുടിപ്പവസാനിച്ചപ്പോള്‍ പലരുടെയും ഉള്ളു തെളിഞ്ഞത്. കൊടിഎതെന്ന് പുറത്ത് തര്‍ക്കം നടന്നുകൊണ്ടിരുന്നു. പക്ഷേ, അകതളത്തിലെ കണ്ണുനീര്‍ ആരും കാണാതെ പോയി......

ഭാവി


ആശുപത്രി വരാന്തയിലൂടെ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അകത്ത് ഭാര്യ വേദന കൊണ്ട്‌ പുളയ്‌യുകയാണ്‌. ഏതൊരു ഭര്‍ത്താവിനേയുമെന്നപോലെത്തന്നെ പരിഭ്രമത്ിലായിരുന്നു അയാളും. ഒടുക്കം ലേബര്‍റൂമിന്റെ വാതില്‍ തുറന്നു നഴ്സ് പുറത്ത് വന്നു. കയ്യിലൊരു വെള്ളതുണിക്കെട്ടുമായി. അവര്‍ പറഞ്ഞു: "പെണ്‍കുട്ടിയാണ്". കുഞ്ഞിനെ കയ്യിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ രാവിലെ പത്രത്തില്‍ വായിച്ച സ്വര്‍ണവിലയോര്‍ത്ത് അയാളുടെ കൈകള്‍ വിറകൊണ്ടു......












കേട്ട്‌പഴകിയ കഥാതന്തുവാണെന്നറിയാം.......ആവര്‍ത്തന വിരസതയെറുമെന്നും ... എങ്കിലും വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ചിന്തിക്കുവാന്‍ തോന്നിയാലോ?????!!!!.

അറിയാതെ പോയത്‌..



തന്റെ ഓമനക്കിളിക്കുഞ്ഞിനെ അയാളെപ്പോഴും കയ്യില്‍ കൊണ്ട്‌ നടന്നു.കയ്യിലിരുന്നാലവള്‍ക്ക്‌ പരിക്ക്പറ്റിയാലോ എന്നോര്‍ത്താണയാള്‍ തന്റെ ഓമനയെ മൃദുവായൊരു പട്ടുതുണിയില്‍ പൊതിഞ്ഞത്... പക്ഷേ, ....അതിനകത്ത്‌ കടിയനുറുമ്പുകളുണ്ടോ എന്നു നോക്കാന്‍ അയാള്‍ മറന്നു പോയി. പാവം കിളിക്കുഞ്ഞ്‌.ആരോടും ഒന്നും പറയാനാകാതെ അവള്‍ വേദന കടിച്ചമര്‍ത്തി....

Wednesday, 28 July 2010

നിസ്സഹായത











നിനക്ക്‌ ചിരിക്കാനറിയില്ലെന്ന്
അവനെന്നോടെപ്പോഴും പറയും
ചിരിക്കുവാനറിയാഞ്ഞിട്ടാല്ലാ പ്രിയനെ,
ചിരിക്കുവാന്‍ വയ്യാഞ്ഞിട്ടാണ്
ചുറ്റും നോക്കിയാലെന്റെ
ഹൃത്തില്‍ വേദന നിറയുന്നു
പൂക്കളേക്കാണാന്‍ കൊതിച്ചു ഞാന്‍
നോക്കുമ്പോളൊക്കെയും
കത്തിക്കരിഞ്ഞ ഉടലുകള്‍ മാത്രം കാണുന്നു
പുഴകാണാന്‍ കൊതിക്കുമ്പോള്‍ ചോര-
ച്ചാലുകള്‍ കന്ടെന്നില്‍ നടുക്കമുണരൂന്നു
കിളികളെക്കാത്ത്‌ ഞാന്‍ നോക്കുമ്പോളൊക്കെയും
യുദ്ധവിമാനങ്ങള്‍ മാത്രമിരമ്പി
നാളെ പുലരിയുന്ടാകുമെന്നു ഞാനാശിച്ച്‌നില്‍ക്കിലും,
വൃഥാ,നീ ചിന്തിക്കുന്നുവെന്ന് രാവെന്നോട്‌ പറയുന്നു
എങ്ങനെ ഞാന്‍ ചിരിക്കും പ്രിയനെ,
ഞാന്‍ ലോകത്തിന്റെത്‌കൂടിയാകവേ?

Tuesday, 27 July 2010

സ്ത്രൈണം











എന്റെ സ്ത്രൈണത,
പരിഭ്രമമായിരുന്നു തുടക്കം
ലജ്ജക്കതു വഴിമാറി
നിഷ്കളങ്കമായിരുന്നു പലപ്പോള്‍,
പുഞ്ചിരിഎപ്പോഴും
കൂടെയുണ്ടായിരുന്നു
വ്യസനം ഇടക്കൊക്കെ അതിഥിയായി
ഭയം അറിയാതെ കൂടെക്കൂടി
ഇപ്പോഴെനിക്കത് പ്രേരണയായി
മുന്നോട്ടുള്ള പ്രയാണത്തില്‍
എന്റെ സ്ത്രൈണത, എനിക്ക്‌ സഖിയായി

മായാത്ത പുഞ്ചിരി









മുഖത്ത്‌ പാല്‍പുഞ്ചിരിയുമായൊരു
പിഞ്ച്‌കുഞ്ഞിനെ ഞാനിന്നലെ സ്വപ്നം കണ്ടു
ഉറക്കില്‍ മാലാഖമാരെ കണ്ടെന്നവണ്ണം
അവന്‍ മന്ദഹാസിക്കുന്നുണ്ടായിരുന്നു
കുഞ്ഞരിപ്പല്ലുകളുടെ വെണ്മ
പാതി തുറന്ന കണ്ണുകളിലും ഞാന്‍ കണ്ടു
കവിളിന്റെ തുടുപ്പാണോ,
കൊതിപ്പിക്കുന്ന പുഞ്ചിരിയാണോ,അറിയില്ല
എന്നിലെ വാല്‍സല്യത്തെ ഉണര്‍ത്തി
കൊച്ചുകവിളിലുമ്മ കൊടുക്കാനാഞ്ഞപ്പോള്‍
കുഞ്ഞുമാറിലോര് കുഞ്ഞുപൊട്ട്,
ആഴത്തിലൊരു ചോരച്ച ദ്വാരം
ഹാ കഷ്ടം!അവന്റെ കുഞ്ഞുഹൃദയത്തിലേക്കല്ലോ
ഹൃദയമില്ലാത്തവര്‍ ഉണ്ട പായിച്ചത്‌!
ഞെട്ടിയുണര്‍ന്നു ഞാന്‍ നോക്കുമ്പോള്‍ പത്രത്തില്‍
ലോകത്തിന്റെയൊരു കുഞ്ഞു ശത്രു ഉറക്കത്തില്‍ മന്ദഹസിക്കുന്നു!
നാളെയൊരുമിച്ചു കൂട്ടപ്പെടുമ്പോളാ പുഞ്ചിരി
പിശാചിനെ ഭയപ്പെടുത്തും, തീര്‍ച്ച

ഉത്തരം











ഹൃദയങ്ങളിഴചേരുമ്പോളാണ്
പ്രണയമുണ്ടാകുന്നതെന്നാരോ പറഞ്ഞു
ചോദ്യങ്ങളേറെയുണ്ടെനീക്ക്
ഉത്തരം നല്‍കുവാനാകുമോ?
ഞരമ്പുകള്‍ കൂട്ടിപ്പിണയുമോ?
കോശങ്ങള്‍ പരസ്പരമൊട്ടുമോ?
നെഞ്ചിന്‍കൂട് രണ്ടും താങ്ങുമോ?
അതെയെന്നുത്തരം നല്‍കുമെങ്കില്‍
ചോദ്യമൊന്നുകൂടെ ബാക്കിയെന്നില്‍
പിരിയുമ്പോള്‍ രക്തം വാര്‍ന്നൊഴുകുമോ?

Thursday, 22 July 2010

മസ്തിഷ്കം









ദിവ്യമാമനുഗ്രഹം നല്‍കിയീശന്‍,
അറിയുവാനേറെ അറിയിക്കുവാന്‍
മാസ്മരികമാം ലോകത്തെയറിയാന്‍
വിസ്മയമാം ജീവിതമറിയാന്‍
അല്‍ഭുതമാം സ്വത്വത്തെയറിയാന്‍
അറിവിനെയറിയിച്ചു നല്‍കീ മനുജന്നു
വിസ്മരിച്ചുപോയ് ഒന്നിനെയറിയാന്‍
അറിവേറെതന്നുള്ള അറിവിന്‍ സ്രോതസ്സീനെ,
അറിയാതെ പോയവന്‍, വെറും വിഡ്ഡീ മനുഷ്യന്‍!!!

സമയം










തെളിഞ്ഞും കരിഞ്ഞും
ദിനരാത്രങ്ങളേറെ കടന്നുപോയ്
ആലസ്യമേറിക്കിടന്നൂ മെത്തയില്‍
സുഖദമാം നിദ്രതന്‍ രാവുകള്‍ കൊഴിഞ്ഞു പോയ്
സ്വപ്നങ്ങളാടിക്കളിച്ചേറെ കണ്‍കളില്‍
ഹൃത്തടം ഭോഗതൃഷ്ണക്കടിപ്പെട്ടുപോയ്
സമയമതൊച്ചെന്ന് കരുതിയോരെല്ലാം
നേരത്തെ കൊല്ലാന്‍ മിഥ്യയെപ്രണയിച്ചു
ചീറ്റയെപോലോടും നേരത്തെ തളച്ചവര്‍
നന്മയുടെ കൂറ്റന്‍മാകളിക പടുത്തു
തിരിച്ചറിവ് കുന്തമുനയാകുമ്പോഴേക്കും
കൊലക്കയറാശ്ലേശം കഴിയും,സ്മരിക്കുക!!!!

മടുപ്പ്









കോറിയീടാനാവാത്ത മരവിപ്പാണകത്ത്‌
എങ്കിലും നിസ്സഹായ ഞാന്‍
മടുക്കുമ്പോളുപേക്ഷിക്കാന്‍,
പറ്റാത്ത , പാടില്ലാത്തതല്ലോ
കൈപിടിയിലെ ജീവന്‍
വഴിവിളക്കുകള്‍ ഓരോന്നായണയുമ്പോള്‍
ഏകാന്തപഥികയായി ഞാന്‍ ബാക്കി,
ഞാന്‍ മാത്രം

Tuesday, 20 July 2010

നഷ്ടബോധം










പുലരിയുടെ കിരണങ്ങള്‍ നിന്റെ പുഞ്ചിരിയായിരുന്നു
ഉറക്കില്‍ നിന്നുണരാന്‍ മടിയായെനിക്ക്
മഴയില്‍ നിന്റെ സ്നേഹമുണ്ടായിരുന്നു
കുടചൂടി ഞാനതിനെയറിയാതെ പോയ്
പുഴതതന്നോഴുക്കില്‍ നിന്‍ പ്രണയമായിരുന്നു
പാലം കടന്നു ഞാന്‍ കരയണഞ്ഞു
കാറ്റില്‍ നിന്‍ സ്പര്‍ശമുണ്ടായിരുന്നു
കിളിവാതിലടച്ച്‌ ഞാന്‍ സാക്ഷയിട്ടു
ഒടുവില്‍ ഞാനറിയുന്നു കൈവിട്ട നീ,
അതു ഞാന്‍ തന്നെയായിരുന്നു

Sunday, 4 July 2010

ചോദ്യം








നിറമില്ലാത്ത പൂക്കളാണു പ്രണയതതിനെന്ന്
നീയെന്നെ പഠിപ്പിച്ചു
ബാല്യത്തില്‍ ഞാന്‍ പഠിച്ചതിനെ തിരുത്ിയതെന്തിനു?
എന്റെ ഹൃദയ വിശുദ്ധിക്ക്‌ നീ വില നല്‍കാത്തത്‌
പ്രണയ പാരമ്യമെന്ന് ഞാന്‍ കരുതി
എന്നിലെ എന്നെ മുറിച്ചു കളഞ്ഞതെന്തിനു?
ഹൃദയമേനിക്ക്‌ തന്നത്‌കൊണ്ടാണോ
നീ ഹൃദയ ശൂന്യനായി മാറിയത്‌??

Saturday, 3 July 2010

തോല്‍വി










ചുറ്റും നിന്റെ ശബ്ദമായിരുന്നു
ഞാന്‍ ചെവികള്‍ കൊട്ടിയടച്ചു
കണ്ണില്‍ നിന്റെ രൂപമായിരുന്നു
മൂടിക്കേടാന്‍ ഞാനേറെ പരിശ്രമിച്ചു
നിന്റെ നിശ്വാസം ഞാന്‍ അറിഞ്ഞില്ലെന്ന് നടിച്ചു
ഒടുവില്‍,
നീയെന്നെ പുണര്‍ന്നപ്പോള്‍ ഞാനറിഞ്ഞു
തടുക്കാന്‍ ഞാനശക്തയെന്ന്,
കീഴടക്കാന്‍ മരണത്തിനു കഴിവേറെയെന്ന്!!

സ്വപ്നം









അല്‍ഭുതം!
സഞ്ചരിക്കുന്ന സ്വപ്‌നങ്ങളായിരുന്നു
പന്ടെനീക്ക്...

കരയുന്ന സ്വപ്നങ്ങളാണ് ഇന്നെനിക്ക്‌ സ്വന്തം

മരിച്ച സ്വപ്നങ്ങള്‍ മാത്രമായിരിക്കും
നാളെയെനിക്ക്‌ കൂട്ട്‌
സ്വപ്നങ്ങള്‍ എന്നുമെനിക്ക് അല്‍ഭുതതമാണ്‌!!!!

എന്റെ പ്രണയം








പകലിനെക്കുറിച്ചു ചിന്തിക്കാന്‍
എനിക്കിഷ്ടമല്ല
രാത്രിയില്‍ എനിക്കത്
വേദനകള്‍ നല്‍കുന്നു
എങ്കിലും,
ഞാന്‍സൂര്യനെ സ്നേഹിക്കുന്നു
കാരണം,
മഴയേ നേരായി പെയ്യിക്കാന്‍
സൂര്യന്‍ വേണം
മഴയുമായി ഞാന്‍ പ്രണയത്തിലാണ്..

Thursday, 1 July 2010

കാത്തിരിക്കൂ.....എന്തെങ്കിലും ഈ കൊച്ച് തലയില്‍ നിന്ന് വരാതിരിക്കില്ല....