Friday, 28 November 2014

തിരുത്തപ്പെടാത്തവ



എന്റെ സ്നേഹത്താല്‍ ശ്വാസം മുട്ടുന്നെന്നു
നീ പറഞ്ഞ നിമിഷം മുതല്‍ക്കേ,
മൌനത്തെ ആഭരണമാക്കിയതാണ്.
ദൂരേക്ക് നീയെന്നെ തള്ളി നീക്കുമ്പോഴും
ഒരു ചുടുകടല്‍ ഉള്ളില്‍ തിളച്ചു മറിഞ്ഞിട്ടും
അടക്കിപ്പിടിക്കാന്‍ പഠിച്ചു ഞാന്‍.
പറഞ്ഞതൊക്കെയും കെട്ടുകഥകളെന്നു
സ്വയം പഠിപ്പിക്കാന്‍ ശ്രമിച്ചു.
എന്റെ ചുറ്റും നീ പരന്നു നിന്നിട്ടും
വേലി കെട്ടി .എന്നെ മാത്രം അകറ്റിയിട്ടും
സഹിക്കാന്‍ തന്നെ ഞാന്‍ ഉറച്ചു.
നിന്നെ തേടി വരാതിരിക്കാനും.
ഇടക്കൊക്കെ എന്റെയോര്‍മ്മകള്‍
നിന്നെ തേടി വരാറുണ്ടെന്നും
കണ്ണും കാതുംനീ അടച്ചു വക്കാറുണ്ടെന്നും
നന്നായി തന്നെ അറിയാമെനിക്ക്.
ഭീരുവായിക്കൊള്ളുക, ഒളിച്ചോടുക
കഴിയുന്നത്ര ദൂരേക്ക്,
എന്റെ നിഴലും , ഓര്‍മ്മകളും
തേടി വരാത്തത്ര അകലേക്ക്.
പിന്നീടൊരു തിരിഞ്ഞു നോട്ടം
അരുതെന്നു മാത്രം, അത്ര മാത്രം!
ഞാന്‍ വരച്ചു വളര്‍ത്തിയ
സ്നേഹവരകളെ മുഴുവന്‍ മായ്ച്ചിട്ട്
ഇനിയിതിലെവിടെ കലയെന്നു ചോദിച്ച്,
പരിഹസിക്കാതിരിക്കുക,കാലമേ!

Tuesday, 25 November 2014

കവിതകള്‍

ധൈര്യം
-----------------

കനവുകള്‍ കണ്ണില്‍ നിറച്ച്
താരകളെ നോക്കിയല്ലാ,
എന്റെ ഇമകളില്‍ നോക്കി
നിന്റെ പ്രണയം പറയുക.
എന്റെ ഹൃദയത്തില്‍ നിന്നും
മിടിച്ചുയരുന്ന നേരറിയുക.
*********************************

വെളിച്ചം
---------------
നിന്നെക്കുറിച്ച് ചെറിയൊരു ചിന്ത
പതുക്കെയൊന്നു തിളങ്ങിയാല്‍ മതി,
അതിന്റെ ചുറ്റും
ഓര്‍മ്മകള്‍ ഈയല് പോലെ
ചുറ്റിപ്പറക്കാന്‍.
*********************************

സ്വാതന്ത്ര്യം
--------------------

നാമിനി അന്യോന്യം ആരുമല്ല
പ്രണയത്തിന്റെ ആകാശം നിനക്കും
ഭൂമിയിതാ എനിക്കുമെന്നു
നാം പങ്കു വെച്ച് കഴിഞ്ഞുവല്ലോ!
ഇനിയുമെന്തിനു മടിക്കണം
ചിറകു വീശി ഉയരാന്‍,
സ്വതന്ത്രമായി പറക്കാന്‍?
***********************************

മുറിവ്
------------------
നീ ഞെരുക്കിപ്പൊട്ടിച്ച
കുപ്പിവളപ്പൊട്ടിനാല്‍
മുറിഞ്ഞതാണെന്റെ കൈത്തണ്ട.
ഉണങ്ങാത്ത ആ മുറിപ്പാടിനെ
വിധി സമ്മാനം തരുന്ന
ഒരുപാട് വളകള്‍ കൊണ്ട്
മറച്ച്പിടിച്ചോളാം ഞാന്‍.

Monday, 24 November 2014

മലമുകളില്‍ നിന്നാരോ തള്ളിവിട്ട
ഉരുളന്‍ കല്ല്‌ പോലെ ജീവിതം.
എവിടെ നില്‍ക്കുമെന്നറിയാതെ
പതിയെ, പിന്നെ വേഗത്തില്‍
ഉയര്‍ച്ച താഴ്ചകളില്‍ പോലും
തങ്ങി നില്‍ക്കാനാവാതെ
ഉരുണ്ടും പാഞ്ഞും യാത്ര.
ഒടുവിലാരും കരുതാത്തിടത്ത്
നിശ്ചലമാകാന്‍ മാത്രം
മനസ്സില്ലാ മനസ്സോടെ ജീവിതം.

Sunday, 23 November 2014

ശ്വാസം



കനത്തില്‍ കാലടി വച്ചു നീ നടന്നകലവേ
മണ്ണ് തെറിച്ചെന്റെ കണ്ണുകളില്‍ വീണു,
കണ്ണ് കലങ്ങുന്നതു വരെ ഞാന്‍ പിറകെ വന്നു.
അത്രമേല്‍ നിന്റെ പാദങ്ങള്‍ക്കരികില്‍
മുഖം ചേര്‍ത്തു കണ്ണീരാലവ നനച്ചു.
മുഖമുയര്‍ത്തി ചേര്‍ത്തു നിര്‍ത്തി,
എന്റെ കവിളിണയില്‍ നീ പഴയപോലെ,
ആശ്വാസങ്ങള്‍ തരുമെന്ന് കരുതി.
ഇനിയൊരിക്കലും വരില്ലെന്ന് ചൊല്ലി
തിരിഞ്ഞു നോക്കാതെ നീ പോകുമ്പോള്‍,
എന്നെക്കണ്ട് നീയെഴുതിയ വരികളും
നിനക്ക് ഞാനെഴുതിയ സത്യങ്ങളും മാത്രം,
എന്റെ ശ്വാസോച്ഛ്വാസങ്ങളില്‍
ഞാന്‍ മാത്രം കേള്‍ക്കെ നിറയുന്നു.

Saturday, 22 November 2014

പാത




ചരല്‍കല്ലുകള്‍ പോലെ
കാല്‍വെള്ളയില്‍ അമര്‍ന്ന്,
ഒട്ടിപ്പിടിച്ച് , പാടുകള്‍ വീഴ്ത്തി,
അടര്‍ന്നു വീണ്, വീണ്ടുമമര്‍ന്ന്‍,
ഓരോ ചുവടുവയ്പ്പിലുമുണ്ട്,
നിന്നോടുള്ള പ്രണയാനുഭൂതി

Friday, 21 November 2014

കാത്തിരിപ്പ്




ഈ രാത്രി കൊഴിയും,
പകലോന്‍ ഉദിച്ചുയരും.
ഞാനിവിടെ നിന്നെയും കാത്ത്
ഉറങ്ങാതെയിരിക്കും.
ക്ഷീണിതയായൊടുവില്‍
ഉറക്കിലേക്ക് വഴുതും വരെ!

Thursday, 20 November 2014

ഓര്‍മ്മ



കുറച്ചു നേരത്തേക്ക് മാത്രം
പൂത്തുലഞ്ഞ പൂവുകള്‍,
തുടുത്ത ഇതളുകള്‍,
സൌരഭ്യമായി വന്ന,
അദൃശ്യ ചുംബനങ്ങള്‍.
പിന്നെ കരിഞ്ഞ്,
ഉണങ്ങിപ്പൊടിഞ്ഞ്,
എല്ലാം വളരെപ്പെട്ടെന്ന്‍.
വസന്തത്തിന്റെ
മുള്ളോര്‍മ്മകള്‍ മാത്രം,
കുത്തി നോവിക്കാന്‍ ബാക്കി

രോഗം



എന്റെ ജീവനില്‍ നിന്നും
ഞാന്‍ നിന്നെ പറിച്ചു മാറ്റി.
വളര്‍ന്നു പടര്‍ന്ന്‍,
ഒടുവില്‍ വേദനയായി
എന്നെ മുഴുവനായും
തിന്നു തീര്‍ക്കും മുന്‍പേ.

വേരുകള്‍ ഒരുപാടു
ആഴ്ന്നിറങ്ങിയതിനാലാവാം
രക്തമിങ്ങനെ അളവില്ലാതെ
പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നത്.

പക്ഷെ ഒരു രഹസ്യം നിന്നോട്
പറയാനുണ്ട് കേട്ടോ.

നമ്മുടെ പ്രണയവേരിന്റെ
അവശേഷിപ്പുകള്‍ ഇവിടെ,
എന്റെ ഹൃദയത്തിന്റെ
മൃദുഭിത്തികളില്‍ ഇപ്പോഴുമുണ്ട്.

മരവിച്ച്, വളര്‍ച്ച നിന്ന്.
പ്രതീക്ഷയുടെ നനവിനാല്‍
ഞാനതിനെ തീരെയും
ഉണര്‍ത്തുന്നില്ലെന്നു മാത്രം...

Wednesday, 19 November 2014

എഴുത്ത്




മനസ്സിലെ തൂലിക
പരിഭ്രാന്തമായി
ചലിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്‌.
ഉച്ചത്തില്‍ ഉയരുന്ന
അതിന്റെ നിലവിളി
നീ കേള്‍ക്കാതിരിക്കനാണ്
ഞാന്‍ മൂടി വക്കുന്നത്.
ഹൃദയത്തില്‍ വരഞ്ഞു വരഞ്ഞു
മുറിവ് നീറിത്തുടങ്ങി.
ചോര പൊടിഞ്ഞു തുടങ്ങി.
ഹൃദയ വാതില്‍ ഞാനിതാ
കൊട്ടിയടക്കുന്നു.
ഇനി നീ ഒന്നും കേള്‍ക്കില്ല,
എന്റെ നോവിന്റെ വരികള്‍
തേടി വരികയുമില്ല.
നീ ചുരുട്ടിക്കൂട്ടിയ
കടലാസ് നിവര്‍ത്തി,
അതില്‍ തന്നെ എഴുതാം.
എഴുതിക്കൊണ്ടേ ഇരിക്കാം.
മടങ്ങി നീയെത്തും വരെ.
അല്ലെങ്കില്‍,
മറവിയില്‍ നീ എന്നെ
തളക്കും വരെ.

Sunday, 16 November 2014

കൊളുത്ത്



അകന്നു പോകണമെന്നു നീ പറയുമ്പോഴും
അകറ്റി നിര്‍ത്താന്‍ ഞാനെത്ര ശ്രമിച്ചിട്ടും
ഏതു കൊളുത്തു കൊണ്ടാണ് നീ
എന്റെ ഹൃദയത്തെ പിടിച്ചു നിര്‍ത്തുന്നത്,
ഏതു നേട്ടം തേടിയാണ് ഞാന്‍
നിന്നിലേക്ക്‌ തന്നെയണയുന്നത്?

Saturday, 15 November 2014

വിളക്ക്



കെടാവിളക്കായ് നിന്നെ
നാട്ടിയതായിരുന്നു മനസ്സില്‍.
എണ്ണ വറ്റി, തിരിയൊന്ന് താഴ്ന്ന്
ശ്രദ്ധയൊന്നു മാറിയപ്പോഴേക്കും
ഇരുട്ടിത്തിരി പരന്നു പോയി.

പകുതിയടഞ്ഞ കണ്ണുകള്‍
മുഴുവനായ് തുറക്കാന്‍ ശ്രമിച്ചിട്ടും,
ഇരുണ്ട കാഴ്ച മാത്രം കണ്ണില്‍.
കണ്ണീര്‍ കനത്തു വരുന്നതും
കാഴ്ച മങ്ങുന്നതും ഞാനറിയുന്നു.

കരി പറ്റിയത് വിളക്കിനല്ല,
കണ്ണിനു തന്നെയായിരുന്നു.
ഈ ചുടുതുള്ളികള്‍ക്കൊപ്പം
ഒഴുകിപ്പോട്ടെ കരിയും.

കാഴ്ച തെളിയുമ്പോള്‍
തേടിപ്പിടിക്കും വിളക്കെ ഞാന്‍.
ഹൃദയത്തില്‍ ആട്ടിയെടുത്ത
നല്ല എണ്ണ തന്നെയൊഴിക്കും ,
തിരി ഉയര്‍ന്നു കത്തും.
ഇനിയൊരിക്കലും കെടാതെ നോക്കും.

ഒരിക്കല്‍ കൂടെ
ഈ അന്ധകാരത്തെ
പൊറുത്തു തരിക,വിളക്കെ..!

സ്നേഹം




ആരോരുമറിയാതെ ഉച്ച സൂര്യന്‍
മണല്‍ത്തരികളിലൊന്നിനെ
ഗാഡമായ്ത്തന്നെ സ്നേഹിച്ചു.
ദൂരമിത്ര ഏറെയെങ്കിലും
മണല്‍ത്തരി, ആ സ്നേഹച്ചൂടില്‍
ചുട്ടു പഴുത്ത കനല്‍ത്തരിയായി മാറി.
ചുവന്ന സുഖ സന്ധ്യയില്‍
പുറപ്പെടാനൊരുങ്ങിയ സൂര്യന്‍,
യാത്ര ചൊല്ലീ മണല്‍ത്തരിയോട്.
സൂര്യന്‍റെ ചൂടൊക്കെ ആറിയിട്ടും
മണല്‍ത്തരി മാത്രം തണുത്തില്ല തീരെ.
വിടയോതി താഴ്ന്ന് തുടങ്ങിയ,
സ്നേഹസൂര്യന്റെ ഓര്‍മ്മകളെ
മനസ്സിനുള്ളില്‍ പൊതിഞ്ഞു വച്ച്
പൊള്ളി കിടന്നു മണല്‍ത്തരി!

Thursday, 13 November 2014

പ്രണയ കവിത



കവിത പോലെ
മനോഹരമായിരുന്നു
ഈ ലോകമെങ്കില്‍,
ചാര നിറമാര്‍ന്ന കണ്ണുകള്‍
എനിക്ക് പിന്നില്‍
സഞ്ചരിക്കുന്നില്ലായിരുന്നെങ്കില്‍,
കണ്ണുകളടച്ച്, മനസ്സ് തുറന്നു
എന്നേ വിളിച്ചു പറഞ്ഞേനെ
ഈ ലോകം മുഴുവന്‍ കേള്‍ക്കെ
നിന്നോടുള്ള സ്നേഹം.

Tuesday, 11 November 2014

ചുവപ്പ്




വിട പറഞ്ഞു പോകാം നിനക്ക്,
നിന്റെ ഉള്ളിലെ ഹൃദയത്തില്‍
ഒരു ഇരുള്‍ മൂലയില്‍ പോലും ,
എനിക്കായുള്ളതു പരതിയെടുക്കാന്‍
നിനക്ക് കഴിയുന്നേ ഇല്ലെങ്കില്‍.
എന്റെ മാനസ മരുഭൂവില്‍
നീ നട്ടു നനച്ചു വളര്‍ത്തിയ
ചുവന്ന പുഷ്പവും വേണമെങ്കില്‍
ഇറുത്തെടുത്ത് കൊണ്ട് പോകാം.
കാഴ്ചയില്‍ നിന്ന് മറഞ്ഞുകഴിഞ്ഞാല്‍
ഞാന്‍ കാണാത്തിടത്തു വച്ചു
നിനക്കതിനെ ചവിട്ടി ഞെരിക്കാം.
ഇറുന്നു പോയിടത്ത് നിന്നും
ചോരയിറ്റിച്ചു കൊണ്ട്
നീ പോയ വഴിയെ നോക്കി,
പുഞ്ചിരിച്ചു ഞാനും നില്‍ക്കാം.

Tuesday, 4 November 2014

ഭാഗ്യ പരീക്ഷണം



നേര്‍ത്ത പാലത്തിലൂടെ
മറുപുറം എത്താമെന്ന്
നാം വ്യാമോഹിക്കുന്നു.
പ്രണയത്തിന്റെ കരുത്ത്
നാമിരുവരുടെയുള്ളിലും
നിറഞ്ഞ് നില്‍ക്കുന്നെന്ന്
ധരിച്ചു വച്ചിരിക്കുന്നു.
അതല്ലാ സത്യം.
തളര്‍ന്നു തുടങ്ങിയവരാണ്,
തോല്‍വികളാല്‍ നാം
സ്വയമറിഞ്ഞു കഴിഞ്ഞതുമാണ്.
എന്നിട്ടുമിതാ നമ്മള്‍
വീണ്ടും നടന്നു തുടങ്ങുന്നു.
ഒരുമിച്ച്,
ഒന്നുമറിയാത്തവരെപ്പോലെ!

Monday, 3 November 2014

രാത്രി

രാത്രിയാകാശത്തിനു
നിറമെത്ര ഇരുണ്ടിട്ടാണെങ്കിലും
വെളുത്തു പ്രകാശിക്കുന്ന
അമ്പിളിക്കും താരകള്‍ക്കും
എന്തൊരിഷടമാണല്ലേ,
അതുകൊണ്ടല്ലേ ,തുന്നി വച്ച പോലെ
ആകാശക്കറുപ്പിനോട്
അവയൊക്കെ ചേര്‍ന്ന് നില്‍ക്കുന്നതും
സന്തോഷത്താല്‍ തിളങ്ങുന്നതും??

Sunday, 2 November 2014

കൂടെയോടുന്ന ഓര്‍മ്മകളെ വെട്ടിച്ചു
വേഗത്തില്‍ ഓടാന്‍ ശ്രമിക്കരുത് .
തട്ടി വീണേക്കാം, തളര്‍ന്നു പോയേക്കാം.
എതിരെ വരുന്ന കൊടുങ്കാറ്റിനെയും
വകവെക്കാതെ നടക്കണം.
കൂടെക്കൂടിയ നോവോര്‍മ്മകളും
പിടിച്ചു നില്‍ക്കാനാകാതെ
കൊടുങ്കാറ്റിനൊപ്പം പോകും,
നാം അതിജീവിക്കും.........
സ്വയം നോവിക്കാതെ നടക്കും.......

അനിയത്തി.




തണുത്തിട്ട് വയ്യെന്ന് പറഞ്ഞു
ചുരുണ്ടുകൂടുന്ന നേരത്ത്,
കട്ടി കുറഞ്ഞ
എന്റെ പുതപ്പിന് മുകളില്‍
സ്വന്തം പുതപ്പും കൂടെ
ചേര്‍ത്തെന്നെ പുതപ്പിക്കുന്നത്,
തണുപ്പിനോടുള്ള
നിന്റെയിഷ്ടക്കൂടുതല്‍ മാത്രമല്ലെന്ന്
നന്നായറിയാം എനിക്ക്.
അതുകൊണ്ട് തന്നെയാണ്,
നിന്റെയാ സ്നേഹച്ചൂടില്‍
സുഖമായി ഞാനുറങ്ങുന്നതും.