Wednesday, 31 December 2014

മടി

വരച്ചു തുടങ്ങിയിട്ടും
എന്തെ പൂര്‍ത്തിയാക്കാത്തത്?
മടുപ്പോ? മടിയോ?
ചിത്രം മോശമായെങ്കിലോ
എന്ന പേടിയോ?
വരക്കാന്‍ കഴിയുന്നില്ലെന്ന്
മാത്രം പറയരുത്.
കഴിയാത്തതെങ്കില്‍
തുടങ്ങരുതായിരുന്നു.
ഈ ലോകവും
അതിന്റെ വര്‍ണ്ണങ്ങളും
പ്രകൃതിയും ജീവനും
ഒക്കെയും കൂടെ നിന്നിട്ടും
വരക്കാന്‍ കഴിയുന്നില്ലെന്ന്,
അങ്ങിനെ മാത്രം പറയരുത്.

Saturday, 27 December 2014

കവിതകള്‍

വെളിപ്പെടുത്തല്‍

കണ്ണാരം പൊത്തിക്കളിയില്‍
കപ്പു മോഹിച്ച കുട്ടിയെപ്പോലെ,
ഒളിച്ചിരിക്കുകയല്ല ഞാന്‍,
തേടി അലഞ്ഞു തളരുമ്പോള്‍
കളി മടുത്തവരെപ്പോലെ
എന്നെ മറന്നു പോകുകയുമില്ല നീ.
-------------------------------------------

മുറിയാത്ത ബന്ധം

നിനക്ക് കാണാന്‍ ,
നിനക്ക് മാത്രം കേള്‍ക്കാന്‍
ചുറ്റും ഞാന്‍ നിറഞ്ഞു നിന്നിട്ടും,
പറഞ്ഞയക്കാന്‍ വെമ്പിയത്
നീ തന്നെ ആയിരുന്നുവല്ലോ.
ഇപ്പോളും ഞാനുണ്ട്,
നിന്നെ വലയം ചെയ്ത്,
നിന്നെക്കണ്ട്, നിന്റെ മിടിപ്പറിഞ്ഞ്.
നീയെന്നെ കാണുന്നില്ലെന്ന് മാത്രം!
------------------------------------------

കരുതല്‍

ജയിക്കാന്‍ വേണ്ടി
പറന്നകന്നിട്ടില്ല ഞാന്‍,
നാം തോല്‍ക്കാതിരിക്കാന്‍
മാറി നിന്നതാണ്.
പ്രണയത്തിന്റെ മധുരമിങ്ങനെ
സിരകളിലൊരു തരം
ലഹരിയായ് പടര്‍ന്ന്‍,
പ്രണയമിറങ്ങിപ്പോകുമ്പോള്‍,
തളര്‍ന്നു വീഴാതിരിക്കാന്‍
കരുതി ചുവടു വച്ചതാണ്,
പരിണയം കാത്തിരിക്കുകയാണ്.

Wednesday, 24 December 2014

പ്രതിഷേധം



സമ്മതമല്ലത്രേ ഈ ലോകത്തിന്,
നാമിങ്ങനെ കൈ കോര്‍ത്ത്
സ്നേഹത്തിന്റെ വഴിയില്‍
ഒരുമിച്ചു നടക്കുന്നത് കാണാന്‍.
മനസ്സുകള്‍ കൊണ്ട് പുണര്‍ന്നവര്‍ നാം,
ശരീരം കൊണ്ടെത്ര അകന്നാലും
പ്രണയത്തിന്റെ ഭാഷയാലെഴുതിയ
വരികളിലൂടെ ഒരുമിച്ചൊഴുകും,
കവിതയുടെ ഉറവ് വറ്റും വരെ..

Sunday, 21 December 2014

ഇത്തിരി നേരം

വന്ന്‍, ഒരിത്തിരി നേരം നിന്ന്‍,
പിന്നെയകന്നു പോകുന്ന
മേഘക്കൂട്ടത്തെപ്പോലെ
പോകാനോരുങ്ങുകയാണോ,
കവിതേ, നീയും?

Thursday, 18 December 2014

യാഥാര്‍ത്ഥ്യം



നിന്റെ അസാന്നിദ്ധ്യത്തിന്റെ
നിമിഷങ്ങളിലാണ് ഞാന്‍,
സ്വപ്ന വാനത്തില്‍ നിന്നും
ഭൂമിയിലേക്ക് വീണു പോകുന്നത്,
വെയിലിന്റെ ചൂടറിയുന്നത്,
തണുപ്പേറ്റു വിറക്കുന്നത്,
മഴയുടെ കടുപ്പമറിയുന്നത്,
പഴയ മുറിവുകളില്‍
പതിയെ നീറ്റലറിയുന്നത്,
ആള്‍ക്കൂട്ടത്തില്‍ പോലും
വിജനതയുടെ ഇരുട്ടില്‍ പെടുന്നത്.
നിന്റെ അസാന്നിധ്യത്തിലാണ്
നിന്റെ പ്രണയമെനിക്കെത്ര
വിലപിടിച്ചതെന്നു ഞാനറിയുന്നതും.

Wednesday, 17 December 2014

നീ മാത്രം



ചിന്തകളുടെ നനഞ്ഞ മണ്ണില്‍
നീ പ്രണയത്തിന്റെ
വിത്തെറിഞ്ഞതുമുതല്‍
എന്നിലെ വെള്ളവും വളവും
ഊറ്റിയെടുത്തത് വളരുകയാണ്.
വള്ളിപോലെ വളഞ്ഞു പിരിഞ്ഞും
പൂക്കള്‍ വിടര്‍ത്തിയുമടര്‍ത്തിയും
കനവുകളുടെ വെയില്‍ കൊണ്ട്
മുകളിലേക്ക് വിളിച്ചുയര്‍ത്തിയും
നീയെന്നില്‍ നിറയുമ്പോള്‍
ഞാനിതാ മുഴുവനായും
നീയെന്ന പൂക്കാലത്തിലേക്ക്
അലിഞ്ഞില്ലാതാകുന്നു,
ഞാനില്ലാതാകുന്നു,നമ്മളൊന്നാകുന്നു.
പൂത്തുലഞ്ഞുകൊണ്ടേയിരിക്കുന്നു

Tuesday, 16 December 2014

പരമാനന്ദം



നിനക്ക് മാത്രമായെഴുതപ്പെട്ട
കവിതയാകുന്നതിലുണ്ട്,
ഒരുപാട് കവിതകള്‍
തിരഞ്ഞാലും കിട്ടാത്ത നിര്‍വൃതി.
ഒരായിരം വരികളെഴുതിയാലും
തീര്‍ന്നു പോകാത്ത പ്രണയം.

Sunday, 14 December 2014

സഹയാത്രികര്‍



യാത്ര ചെയ്തു തളര്‍ന്നിട്ടും
യാത്ര തുടങ്ങിയതിന്റെ പേരില്‍
പരസ്പരം പഴിച്ചിട്ടും,
ഒറ്റക്കാക്കി നടന്നിട്ടും ,
നാമിപ്പോഴും ഒരേ വഴിയില്‍
ഒരുമിച്ചു യാത്ര ചെയ്യുന്നു.
കൈകള്‍ കോര്‍ത്ത് പിടിച്ച്
ഒരു ലക്ഷ്യത്തിലേക്ക് തന്നെ...

Monday, 8 December 2014

ഒറ്റ



എന്നെ ഒറ്റക്കാക്കാന്‍
നിനക്ക് കഴിഞ്ഞെന്നിരിക്കും,
നിന്റെയോര്‍മ്മകള്‍ക്കതിനാവില്ല,
അവയെന്നെ ചുറ്റിപ്പറ്റി തന്നെയുണ്ട്‌,
തീരെയും എന്നെ പിരിയാതെ.

Tuesday, 2 December 2014

നിശ്ചലം


ചാര നിറം
മൌനസ്വരം,
വരണ്ട ഗന്ധം,
മരിച്ച ചിന്ത
മരവിച്ച ജീവിതം.

Friday, 28 November 2014

തിരുത്തപ്പെടാത്തവ



എന്റെ സ്നേഹത്താല്‍ ശ്വാസം മുട്ടുന്നെന്നു
നീ പറഞ്ഞ നിമിഷം മുതല്‍ക്കേ,
മൌനത്തെ ആഭരണമാക്കിയതാണ്.
ദൂരേക്ക് നീയെന്നെ തള്ളി നീക്കുമ്പോഴും
ഒരു ചുടുകടല്‍ ഉള്ളില്‍ തിളച്ചു മറിഞ്ഞിട്ടും
അടക്കിപ്പിടിക്കാന്‍ പഠിച്ചു ഞാന്‍.
പറഞ്ഞതൊക്കെയും കെട്ടുകഥകളെന്നു
സ്വയം പഠിപ്പിക്കാന്‍ ശ്രമിച്ചു.
എന്റെ ചുറ്റും നീ പരന്നു നിന്നിട്ടും
വേലി കെട്ടി .എന്നെ മാത്രം അകറ്റിയിട്ടും
സഹിക്കാന്‍ തന്നെ ഞാന്‍ ഉറച്ചു.
നിന്നെ തേടി വരാതിരിക്കാനും.
ഇടക്കൊക്കെ എന്റെയോര്‍മ്മകള്‍
നിന്നെ തേടി വരാറുണ്ടെന്നും
കണ്ണും കാതുംനീ അടച്ചു വക്കാറുണ്ടെന്നും
നന്നായി തന്നെ അറിയാമെനിക്ക്.
ഭീരുവായിക്കൊള്ളുക, ഒളിച്ചോടുക
കഴിയുന്നത്ര ദൂരേക്ക്,
എന്റെ നിഴലും , ഓര്‍മ്മകളും
തേടി വരാത്തത്ര അകലേക്ക്.
പിന്നീടൊരു തിരിഞ്ഞു നോട്ടം
അരുതെന്നു മാത്രം, അത്ര മാത്രം!
ഞാന്‍ വരച്ചു വളര്‍ത്തിയ
സ്നേഹവരകളെ മുഴുവന്‍ മായ്ച്ചിട്ട്
ഇനിയിതിലെവിടെ കലയെന്നു ചോദിച്ച്,
പരിഹസിക്കാതിരിക്കുക,കാലമേ!

Tuesday, 25 November 2014

കവിതകള്‍

ധൈര്യം
-----------------

കനവുകള്‍ കണ്ണില്‍ നിറച്ച്
താരകളെ നോക്കിയല്ലാ,
എന്റെ ഇമകളില്‍ നോക്കി
നിന്റെ പ്രണയം പറയുക.
എന്റെ ഹൃദയത്തില്‍ നിന്നും
മിടിച്ചുയരുന്ന നേരറിയുക.
*********************************

വെളിച്ചം
---------------
നിന്നെക്കുറിച്ച് ചെറിയൊരു ചിന്ത
പതുക്കെയൊന്നു തിളങ്ങിയാല്‍ മതി,
അതിന്റെ ചുറ്റും
ഓര്‍മ്മകള്‍ ഈയല് പോലെ
ചുറ്റിപ്പറക്കാന്‍.
*********************************

സ്വാതന്ത്ര്യം
--------------------

നാമിനി അന്യോന്യം ആരുമല്ല
പ്രണയത്തിന്റെ ആകാശം നിനക്കും
ഭൂമിയിതാ എനിക്കുമെന്നു
നാം പങ്കു വെച്ച് കഴിഞ്ഞുവല്ലോ!
ഇനിയുമെന്തിനു മടിക്കണം
ചിറകു വീശി ഉയരാന്‍,
സ്വതന്ത്രമായി പറക്കാന്‍?
***********************************

മുറിവ്
------------------
നീ ഞെരുക്കിപ്പൊട്ടിച്ച
കുപ്പിവളപ്പൊട്ടിനാല്‍
മുറിഞ്ഞതാണെന്റെ കൈത്തണ്ട.
ഉണങ്ങാത്ത ആ മുറിപ്പാടിനെ
വിധി സമ്മാനം തരുന്ന
ഒരുപാട് വളകള്‍ കൊണ്ട്
മറച്ച്പിടിച്ചോളാം ഞാന്‍.

Monday, 24 November 2014

മലമുകളില്‍ നിന്നാരോ തള്ളിവിട്ട
ഉരുളന്‍ കല്ല്‌ പോലെ ജീവിതം.
എവിടെ നില്‍ക്കുമെന്നറിയാതെ
പതിയെ, പിന്നെ വേഗത്തില്‍
ഉയര്‍ച്ച താഴ്ചകളില്‍ പോലും
തങ്ങി നില്‍ക്കാനാവാതെ
ഉരുണ്ടും പാഞ്ഞും യാത്ര.
ഒടുവിലാരും കരുതാത്തിടത്ത്
നിശ്ചലമാകാന്‍ മാത്രം
മനസ്സില്ലാ മനസ്സോടെ ജീവിതം.

Sunday, 23 November 2014

ശ്വാസം



കനത്തില്‍ കാലടി വച്ചു നീ നടന്നകലവേ
മണ്ണ് തെറിച്ചെന്റെ കണ്ണുകളില്‍ വീണു,
കണ്ണ് കലങ്ങുന്നതു വരെ ഞാന്‍ പിറകെ വന്നു.
അത്രമേല്‍ നിന്റെ പാദങ്ങള്‍ക്കരികില്‍
മുഖം ചേര്‍ത്തു കണ്ണീരാലവ നനച്ചു.
മുഖമുയര്‍ത്തി ചേര്‍ത്തു നിര്‍ത്തി,
എന്റെ കവിളിണയില്‍ നീ പഴയപോലെ,
ആശ്വാസങ്ങള്‍ തരുമെന്ന് കരുതി.
ഇനിയൊരിക്കലും വരില്ലെന്ന് ചൊല്ലി
തിരിഞ്ഞു നോക്കാതെ നീ പോകുമ്പോള്‍,
എന്നെക്കണ്ട് നീയെഴുതിയ വരികളും
നിനക്ക് ഞാനെഴുതിയ സത്യങ്ങളും മാത്രം,
എന്റെ ശ്വാസോച്ഛ്വാസങ്ങളില്‍
ഞാന്‍ മാത്രം കേള്‍ക്കെ നിറയുന്നു.

Saturday, 22 November 2014

പാത




ചരല്‍കല്ലുകള്‍ പോലെ
കാല്‍വെള്ളയില്‍ അമര്‍ന്ന്,
ഒട്ടിപ്പിടിച്ച് , പാടുകള്‍ വീഴ്ത്തി,
അടര്‍ന്നു വീണ്, വീണ്ടുമമര്‍ന്ന്‍,
ഓരോ ചുവടുവയ്പ്പിലുമുണ്ട്,
നിന്നോടുള്ള പ്രണയാനുഭൂതി

Friday, 21 November 2014

കാത്തിരിപ്പ്




ഈ രാത്രി കൊഴിയും,
പകലോന്‍ ഉദിച്ചുയരും.
ഞാനിവിടെ നിന്നെയും കാത്ത്
ഉറങ്ങാതെയിരിക്കും.
ക്ഷീണിതയായൊടുവില്‍
ഉറക്കിലേക്ക് വഴുതും വരെ!

Thursday, 20 November 2014

ഓര്‍മ്മ



കുറച്ചു നേരത്തേക്ക് മാത്രം
പൂത്തുലഞ്ഞ പൂവുകള്‍,
തുടുത്ത ഇതളുകള്‍,
സൌരഭ്യമായി വന്ന,
അദൃശ്യ ചുംബനങ്ങള്‍.
പിന്നെ കരിഞ്ഞ്,
ഉണങ്ങിപ്പൊടിഞ്ഞ്,
എല്ലാം വളരെപ്പെട്ടെന്ന്‍.
വസന്തത്തിന്റെ
മുള്ളോര്‍മ്മകള്‍ മാത്രം,
കുത്തി നോവിക്കാന്‍ ബാക്കി

രോഗം



എന്റെ ജീവനില്‍ നിന്നും
ഞാന്‍ നിന്നെ പറിച്ചു മാറ്റി.
വളര്‍ന്നു പടര്‍ന്ന്‍,
ഒടുവില്‍ വേദനയായി
എന്നെ മുഴുവനായും
തിന്നു തീര്‍ക്കും മുന്‍പേ.

വേരുകള്‍ ഒരുപാടു
ആഴ്ന്നിറങ്ങിയതിനാലാവാം
രക്തമിങ്ങനെ അളവില്ലാതെ
പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നത്.

പക്ഷെ ഒരു രഹസ്യം നിന്നോട്
പറയാനുണ്ട് കേട്ടോ.

നമ്മുടെ പ്രണയവേരിന്റെ
അവശേഷിപ്പുകള്‍ ഇവിടെ,
എന്റെ ഹൃദയത്തിന്റെ
മൃദുഭിത്തികളില്‍ ഇപ്പോഴുമുണ്ട്.

മരവിച്ച്, വളര്‍ച്ച നിന്ന്.
പ്രതീക്ഷയുടെ നനവിനാല്‍
ഞാനതിനെ തീരെയും
ഉണര്‍ത്തുന്നില്ലെന്നു മാത്രം...

Wednesday, 19 November 2014

എഴുത്ത്




മനസ്സിലെ തൂലിക
പരിഭ്രാന്തമായി
ചലിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്‌.
ഉച്ചത്തില്‍ ഉയരുന്ന
അതിന്റെ നിലവിളി
നീ കേള്‍ക്കാതിരിക്കനാണ്
ഞാന്‍ മൂടി വക്കുന്നത്.
ഹൃദയത്തില്‍ വരഞ്ഞു വരഞ്ഞു
മുറിവ് നീറിത്തുടങ്ങി.
ചോര പൊടിഞ്ഞു തുടങ്ങി.
ഹൃദയ വാതില്‍ ഞാനിതാ
കൊട്ടിയടക്കുന്നു.
ഇനി നീ ഒന്നും കേള്‍ക്കില്ല,
എന്റെ നോവിന്റെ വരികള്‍
തേടി വരികയുമില്ല.
നീ ചുരുട്ടിക്കൂട്ടിയ
കടലാസ് നിവര്‍ത്തി,
അതില്‍ തന്നെ എഴുതാം.
എഴുതിക്കൊണ്ടേ ഇരിക്കാം.
മടങ്ങി നീയെത്തും വരെ.
അല്ലെങ്കില്‍,
മറവിയില്‍ നീ എന്നെ
തളക്കും വരെ.

Sunday, 16 November 2014

കൊളുത്ത്



അകന്നു പോകണമെന്നു നീ പറയുമ്പോഴും
അകറ്റി നിര്‍ത്താന്‍ ഞാനെത്ര ശ്രമിച്ചിട്ടും
ഏതു കൊളുത്തു കൊണ്ടാണ് നീ
എന്റെ ഹൃദയത്തെ പിടിച്ചു നിര്‍ത്തുന്നത്,
ഏതു നേട്ടം തേടിയാണ് ഞാന്‍
നിന്നിലേക്ക്‌ തന്നെയണയുന്നത്?

Saturday, 15 November 2014

വിളക്ക്



കെടാവിളക്കായ് നിന്നെ
നാട്ടിയതായിരുന്നു മനസ്സില്‍.
എണ്ണ വറ്റി, തിരിയൊന്ന് താഴ്ന്ന്
ശ്രദ്ധയൊന്നു മാറിയപ്പോഴേക്കും
ഇരുട്ടിത്തിരി പരന്നു പോയി.

പകുതിയടഞ്ഞ കണ്ണുകള്‍
മുഴുവനായ് തുറക്കാന്‍ ശ്രമിച്ചിട്ടും,
ഇരുണ്ട കാഴ്ച മാത്രം കണ്ണില്‍.
കണ്ണീര്‍ കനത്തു വരുന്നതും
കാഴ്ച മങ്ങുന്നതും ഞാനറിയുന്നു.

കരി പറ്റിയത് വിളക്കിനല്ല,
കണ്ണിനു തന്നെയായിരുന്നു.
ഈ ചുടുതുള്ളികള്‍ക്കൊപ്പം
ഒഴുകിപ്പോട്ടെ കരിയും.

കാഴ്ച തെളിയുമ്പോള്‍
തേടിപ്പിടിക്കും വിളക്കെ ഞാന്‍.
ഹൃദയത്തില്‍ ആട്ടിയെടുത്ത
നല്ല എണ്ണ തന്നെയൊഴിക്കും ,
തിരി ഉയര്‍ന്നു കത്തും.
ഇനിയൊരിക്കലും കെടാതെ നോക്കും.

ഒരിക്കല്‍ കൂടെ
ഈ അന്ധകാരത്തെ
പൊറുത്തു തരിക,വിളക്കെ..!

സ്നേഹം




ആരോരുമറിയാതെ ഉച്ച സൂര്യന്‍
മണല്‍ത്തരികളിലൊന്നിനെ
ഗാഡമായ്ത്തന്നെ സ്നേഹിച്ചു.
ദൂരമിത്ര ഏറെയെങ്കിലും
മണല്‍ത്തരി, ആ സ്നേഹച്ചൂടില്‍
ചുട്ടു പഴുത്ത കനല്‍ത്തരിയായി മാറി.
ചുവന്ന സുഖ സന്ധ്യയില്‍
പുറപ്പെടാനൊരുങ്ങിയ സൂര്യന്‍,
യാത്ര ചൊല്ലീ മണല്‍ത്തരിയോട്.
സൂര്യന്‍റെ ചൂടൊക്കെ ആറിയിട്ടും
മണല്‍ത്തരി മാത്രം തണുത്തില്ല തീരെ.
വിടയോതി താഴ്ന്ന് തുടങ്ങിയ,
സ്നേഹസൂര്യന്റെ ഓര്‍മ്മകളെ
മനസ്സിനുള്ളില്‍ പൊതിഞ്ഞു വച്ച്
പൊള്ളി കിടന്നു മണല്‍ത്തരി!

Thursday, 13 November 2014

പ്രണയ കവിത



കവിത പോലെ
മനോഹരമായിരുന്നു
ഈ ലോകമെങ്കില്‍,
ചാര നിറമാര്‍ന്ന കണ്ണുകള്‍
എനിക്ക് പിന്നില്‍
സഞ്ചരിക്കുന്നില്ലായിരുന്നെങ്കില്‍,
കണ്ണുകളടച്ച്, മനസ്സ് തുറന്നു
എന്നേ വിളിച്ചു പറഞ്ഞേനെ
ഈ ലോകം മുഴുവന്‍ കേള്‍ക്കെ
നിന്നോടുള്ള സ്നേഹം.

Tuesday, 11 November 2014

ചുവപ്പ്




വിട പറഞ്ഞു പോകാം നിനക്ക്,
നിന്റെ ഉള്ളിലെ ഹൃദയത്തില്‍
ഒരു ഇരുള്‍ മൂലയില്‍ പോലും ,
എനിക്കായുള്ളതു പരതിയെടുക്കാന്‍
നിനക്ക് കഴിയുന്നേ ഇല്ലെങ്കില്‍.
എന്റെ മാനസ മരുഭൂവില്‍
നീ നട്ടു നനച്ചു വളര്‍ത്തിയ
ചുവന്ന പുഷ്പവും വേണമെങ്കില്‍
ഇറുത്തെടുത്ത് കൊണ്ട് പോകാം.
കാഴ്ചയില്‍ നിന്ന് മറഞ്ഞുകഴിഞ്ഞാല്‍
ഞാന്‍ കാണാത്തിടത്തു വച്ചു
നിനക്കതിനെ ചവിട്ടി ഞെരിക്കാം.
ഇറുന്നു പോയിടത്ത് നിന്നും
ചോരയിറ്റിച്ചു കൊണ്ട്
നീ പോയ വഴിയെ നോക്കി,
പുഞ്ചിരിച്ചു ഞാനും നില്‍ക്കാം.

Tuesday, 4 November 2014

ഭാഗ്യ പരീക്ഷണം



നേര്‍ത്ത പാലത്തിലൂടെ
മറുപുറം എത്താമെന്ന്
നാം വ്യാമോഹിക്കുന്നു.
പ്രണയത്തിന്റെ കരുത്ത്
നാമിരുവരുടെയുള്ളിലും
നിറഞ്ഞ് നില്‍ക്കുന്നെന്ന്
ധരിച്ചു വച്ചിരിക്കുന്നു.
അതല്ലാ സത്യം.
തളര്‍ന്നു തുടങ്ങിയവരാണ്,
തോല്‍വികളാല്‍ നാം
സ്വയമറിഞ്ഞു കഴിഞ്ഞതുമാണ്.
എന്നിട്ടുമിതാ നമ്മള്‍
വീണ്ടും നടന്നു തുടങ്ങുന്നു.
ഒരുമിച്ച്,
ഒന്നുമറിയാത്തവരെപ്പോലെ!

Monday, 3 November 2014

രാത്രി

രാത്രിയാകാശത്തിനു
നിറമെത്ര ഇരുണ്ടിട്ടാണെങ്കിലും
വെളുത്തു പ്രകാശിക്കുന്ന
അമ്പിളിക്കും താരകള്‍ക്കും
എന്തൊരിഷടമാണല്ലേ,
അതുകൊണ്ടല്ലേ ,തുന്നി വച്ച പോലെ
ആകാശക്കറുപ്പിനോട്
അവയൊക്കെ ചേര്‍ന്ന് നില്‍ക്കുന്നതും
സന്തോഷത്താല്‍ തിളങ്ങുന്നതും??

Sunday, 2 November 2014

കൂടെയോടുന്ന ഓര്‍മ്മകളെ വെട്ടിച്ചു
വേഗത്തില്‍ ഓടാന്‍ ശ്രമിക്കരുത് .
തട്ടി വീണേക്കാം, തളര്‍ന്നു പോയേക്കാം.
എതിരെ വരുന്ന കൊടുങ്കാറ്റിനെയും
വകവെക്കാതെ നടക്കണം.
കൂടെക്കൂടിയ നോവോര്‍മ്മകളും
പിടിച്ചു നില്‍ക്കാനാകാതെ
കൊടുങ്കാറ്റിനൊപ്പം പോകും,
നാം അതിജീവിക്കും.........
സ്വയം നോവിക്കാതെ നടക്കും.......

അനിയത്തി.




തണുത്തിട്ട് വയ്യെന്ന് പറഞ്ഞു
ചുരുണ്ടുകൂടുന്ന നേരത്ത്,
കട്ടി കുറഞ്ഞ
എന്റെ പുതപ്പിന് മുകളില്‍
സ്വന്തം പുതപ്പും കൂടെ
ചേര്‍ത്തെന്നെ പുതപ്പിക്കുന്നത്,
തണുപ്പിനോടുള്ള
നിന്റെയിഷ്ടക്കൂടുതല്‍ മാത്രമല്ലെന്ന്
നന്നായറിയാം എനിക്ക്.
അതുകൊണ്ട് തന്നെയാണ്,
നിന്റെയാ സ്നേഹച്ചൂടില്‍
സുഖമായി ഞാനുറങ്ങുന്നതും.

Wednesday, 29 October 2014

മാറ്റം



മറ്റേതോ മുറ്റത്തേക്ക്
പറിച്ചു നടപ്പെടാനുള്ള
തൈച്ചെടിക്ക്
ഇപ്പോളുള്ള മണ്ണിനോട്
പ്രണയം തോന്നിയിട്ട്
എന്ത് കാര്യം, അല്ലെ?

Monday, 27 October 2014

കര,കുളം....

കര,കുളം,കര കുളം,
ചാടിക്കളിച്ച നമ്മുടെ കുട്ടിക്കാലം,
ഓര്‍മ്മയില്ലേ നിനക്കത്?

കരയിലും കുളത്തിലും തന്നെ,
ഇന്നും നമ്മള്‍ ,അല്ലെ?

നീ കരയില്‍ , നനയാന്‍ വയ്യാതെ,,
ഞാനീ വെള്ളത്തില്‍
ഒന്നനങ്ങാനാവാതെ....
--------------------------------------------
നിനക്കും വെള്ളം അലര്‍ജീം എനിക്ക് വെള്ളത്തീന്നു കേറാന്‍ മടീം.. ;) :p

രാക്കിനാവ്



ഉള്ളില്‍ ഊറിക്കിടന്ന
പ്രണയത്തിന്റെ നനവില്‍
നിന്നെയലിയിക്കാന്‍
അറിയാതെ കൊതിച്ചു പോയ്‌.
കിനാവുകള്‍ താരകളായ് തുന്നിയ
പ്രണയത്തിന്റെ ആകാശം
നിനക്കായ് ഞാന്‍ വരച്ചു തുടങ്ങി.
നിന്നെയോര്‍ത്ത് മാത്രം
തിളങ്ങുന്ന താരകള്‍,
നിനക്കായ് ഒരുക്കപ്പെട്ട
സ്വര്‍ണ്ണ കിനാക്കള്‍.
നിന്നെ പുതപ്പിക്കാനായുള്ള
സ്നേഹവിഹായസ്സ്.
ഒരുപാട് കാത്തിരുന്നു നോക്കി,
പ്രഭാതമാണ്‌ വന്നത്, നീയല്ല.
നക്ഷത്രക്കിനാക്കളെ
വെയില്‍ കൊണ്ട് മൂടിക്കളഞ്ഞ
യാഥാർത്ഥ്യങ്ങളുടെ പകല്‍!

Tuesday, 21 October 2014

താല്‍ക്കാലികം



രണ്ടു ദിശകളിലേക്കായ്
ഒഴുകാനുള്ളവരാണ് നാമെങ്കിലും
ഒരുമിച്ചുള്ള ഈ നിമിഷങ്ങള്‍ക്ക്
എന്തൊരു തെളിമയാണല്ലേ?

Monday, 20 October 2014

പക്ഷി




ദുഖങ്ങള്‍ ചുറ്റും തീര്‍ത്ത
ഇരുമ്പഴിക്കൂട്ടില്‍ നിന്നും
എവിടന്നോ നീന്ടെത്തിയ
കനിവിന്റെ കൈകള്‍
മോചിപ്പിച്ചെടുത്ത പോലെ,
രക്ഷപ്പെട്ടത് പോലെ.

ഇരുണ്ട ലോകത്ത് നിന്നും
നിറങ്ങളുടെ ആകാശത്തേക്ക്
പറന്നു പറന്നുയരാനായ്
ഉള്ളിലിരുന്നാരോ പറയുന്ന പോലെ,
അദൃശ്യമായാരോ കൂടെ
പറക്കാനൊരുങ്ങുന്ന പോലെ.

മഴക്കാറിലിരുളും,പേമാരി പെയ്യും.
വേടന്‍ വരും, അമ്പെയ്യും.
കൂടെ കിളികളൊന്നും
കൂട്ടിയില്ലെന്നും വരും.
എങ്കിലും പറക്കണം, തളരാതെ.
സുവര്‍ണ്ണ പ്രകാശത്തിലെത്തും വരെ.

Saturday, 18 October 2014

ആശംസ.




വഴി മാറി വന്ന കാറ്റ്
മരത്തണലിലിത്തിരി നേരം,
വിശ്രമിക്കാനായ് തങ്ങി,
പിന്നെ,ചുറ്റും വലം വെച്ച്
കഥകള്‍ പറഞ്ഞു തുടങ്ങി.

വന്ന വഴികളില്‍
കാറ്റ് കണ്ട വിശേഷങ്ങള്‍
മര്‍മ്മര ഭാഷയില്‍
മരം കേട്ടിരുന്നു.

അങ്ങകലെയൊരു
സുന്ദര ബിന്ദുവിലേക്ക്
യാത്രയിലാണെന്നും
ചെറു നാണത്തില്‍
കാറ്റ് പറഞ്ഞു നിര്‍ത്തി.

മരമത് കേട്ട് ,ഇലകളനക്കി
ചെറുതായൊന്നു ചിരിച്ചു,
പോകാനൊരുങ്ങുന്ന
കാറ്റിന്റെ ചെവിയില്‍
നേര്‍ത്ത ശബ്ദത്തില്‍
ആശംസകളറിയിച്ചു.

നന്ദി പറഞ്ഞു
കാറ്റ് പാറിയകന്ന
അദൃശ്യ വഴിയിലേക്ക് നോക്കി
മരം മന്ദഹസിച്ച് നിന്നു.

താഴെ ആഴത്തില്‍ താഴ്ന്ന്
ഉറഞ്ഞു പോയ വേരുകളെ
ഓര്‍മ്മയില്‍ വന്ന നേരം
പതിയെ ഉലഞ്ഞാ മരം
കിളികളെ കാത്തു നിന്നു.

Friday, 17 October 2014

ഓര്‍മ്മ



അവളുടെ
മൌനത്തില്‍ മുങ്ങി മരിച്ച,
എത്ര സ്വപനങ്ങളുണ്ടാവാം,
സത്യ പ്രണയം സമര്‍പ്പിച്ച്
കാത്തു നിന്നവന്.
മൌനം വളര്‍ത്താന്‍
എത്ര കോട്ടകള്‍
പടുത്തുയര്‍ത്തിക്കാണും
അവള്‍ക്കു ചുറ്റും,
വികൃത നിയമങ്ങള്‍.
കാത്തിരിപ്പിനൊടുവില്‍
അവന്‍ ബാക്കി വെക്കുന്ന
ശാപച്ചുവയുള്ള വാക്കുകളാവാം
നീണ്ടു നീണ്ടങ്ങിനെ
പിറകെ ചെല്ലുന്നതും,
തരം കിട്ടുമ്പോഴൊക്കെയും
വരിഞ്ഞു മുറുക്കി
കണ്ണീരണിയിക്കുന്നതും.....

Wednesday, 15 October 2014

ആവര്‍ത്തനം.


എരിഞ്ഞു ജ്വലിക്കുന്ന
ഒരു നെയ്ത്തിരിയാവാം
ഓരോ ദിനവും.
പ്രഭ പകലിനു നല്‍കി
നീറിക്കത്തുന്ന തിരി.

എണ്ണ വറ്റി തുടങ്ങി
കെട്ടടങ്ങും മുന്‍പേ
മനോഹരമായ് തിരിയൊന്ന്
ചിരിച്ചു നോക്കിയതാവാം
സന്ധ്യയിലെ ചുവപ്പ്.

വേദനയൊളിപ്പിച്ച്
വിടര്‍ന്നൊരു
മൂവന്തിപ്പുഞ്ചിരി.

അണഞ്ഞിരുണ്ടിട്ടും
ഇനിയുമെരിയാനുന്ടെന്ന
ഓര്‍മ്മപ്പെടുത്തലില്‍
വീണ്ടുമത് സ്വയം
ഊര്‍ജ്ജമണിയുന്നുണ്ടാകാം.

ഓരോ തവണയും
പകല്‍ത്തിരി തെളിയുന്നത്
അതേ ഊര്‍ജ്ജവും
ഉള്ളിലേന്തിയാണ്.

ഒടുക്കത്തില്‍ കാത്തിരിക്കുന്ന
അവസാനത്തെ
ഇരുട്ടിനും മുന്‍പേ
ഒരുപാട് വട്ടം
തെളിഞ്ഞു കത്താന്‍....

കൊഴിയുന്നവ



കൊഴിഞ്ഞു വീണു തറയിലൂടൊഴുകി
ഓവിലേക്ക് വഴുതുന്നതിനും മുന്പ്,
ഒരുപാട് നീളന്‍ മുടികളില്‍
ഒരാള്‍ മാത്രം എവിടെയോ
ചുറ്റിപ്പിണഞ്ഞു നിന്ന്‍,
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

വീണു പോകുന്ന ഞങ്ങളെയോര്‍ത്ത്
നിനക്ക് ദുഖമില്ലായിരിക്കാം.
ഉള്ളില്‍ വ്യര്‍ത്ഥസ്വപ്‌നങ്ങള്‍
മാത്രം ബാക്കിയിരിപ്പുള്ള
നിന്റെ തലയോട്ടിയില്‍ നിന്നും
അകാലത്തില്‍ ഒഴിയേണ്ടി വന്നതില്‍
ഞങ്ങള്‍ക്കുമില്ല ദുഃഖം.

പക്ഷേ, പെണ്ണേ,
ആഞ്ഞു കൂട്ടിയിട്ടും കുറച്ചിട്ടും
തികയാത്ത സ്വര്‍ണ്ണത്തെപ്പറ്റിയും
മണ്ണും കുടിലും പണയം വെച്ചിട്ടും
ഒത്തു കിട്ടാത്ത പണത്തെപ്പറ്റിയും
വേവലാതിപ്പെട്ടിരിക്കുന്നവരുണ്ട്.

മങ്ങിത്തുടങ്ങിയ നിന്റെ
മെയ്യഴകിനും മിഴിയഴകിനുമൊപ്പം
ഇനിയവര്‍ എണ്ണാന്‍ പോകുന്നത്,
കൊഴിഞ്ഞു തുടങ്ങിയ
നിന്റെ മുടിയളവിനെപ്പറ്റിയാവും.

ഉള്ളതൊക്കെ എണ്ണി വാങ്ങി
ഏറ്റെടുക്കാന്‍ വരുന്നോനും
കൂട്ടിനു വരുന്ന പെണ്‍ ശിങ്കിടികള്‍
കുറിച്ചെടുക്കുന്ന ഓരോ കുറ്റവും,
നിറക്കുറവും നീളക്കുറവും
ഒഴിയാനുള്ള കാരണങ്ങളാവെ,
പെണ്ണെ, നിനക്കെങ്ങനെയാണ്
അശ്രദ്ധയാവാന്‍ കഴിയുക?

പ്രലോഭനം




നിന്നോടിത്ര മേല്‍ അടുക്കാന്‍
ഓരോ നിമിഷത്തിലും
ശ്രമിക്കുന്നതിനാലാണോ,
കൊതിപ്പിക്കുന്നവ പലതും
കയ്യില്‍ പിടിച്ചുകൊണ്ട്,
വെളുക്കെ ചിരിക്കുന്നാ
രൂപമില്ലാത്ത രൂപം
എനിക്ക് ചുറ്റുമിങ്ങനെ
പറന്നു നടക്കുന്നതും,
തരം കിട്ടുന്ന വേളകളിലെല്ലാം
അതി വിദഗ്ദമായെന്റെ,
ചിന്താ സിരകളിലൂടെയൂളിയിട്ട്,
അവിടങ്ങളിലെങ്ങോ
അള്ളിപ്പിടിക്കാന്‍
തുനിഞ്ഞു പരിശ്രമിക്കുന്നതും?
നിന്നോടടുക്കാന്‍ ,
അടുത്തുകൊണ്ടേയിരിക്കാന്‍
അറിഞ്ഞു തേടുന്നതിനാലാകാം,
ഒരു ഞെട്ടല്‍ കൊണ്ട് മാത്രം
ആ രൂപമില്ലാത്ത ചിന്തകളെ
ആട്ടിപ്പായിക്കാന്‍ കഴിയുന്നതും.

പിണക്കം.



തമ്മിലിനി കാണില്ലെന്ന്
പിണങ്ങിച്ചൊല്ലി
യാത്ര പറഞ്ഞാലും,
തിരിച്ചുവരാനല്ലാതെ
തിരമാലക്കെങ്ങോട്ടാണ്
പോകാന്‍ കഴിയുക?

പാറ

.

എത്രയെത്ര തിരമാലകളാണ്
എന്റെയടുത്തെത്തി
തല തല്ലിക്കരയുന്നതെന്നോ.

'കണ്ണീരുപ്പ് കലര്‍ന്നിട്ടും
കടല്‍ രസം മാത്രമെന്നു കരുതി
ഒന്നാശ്വസിപ്പിക്കാതെ
എഴുതിത്തള്ലുകയാണ്
ഞങ്ങളുടെ വേദനകളെ നീ'
എന്നു തിരകളുടെ വക
ആരോപണവുമുണ്ട്.

വെറും പാറക്കല്ലിനോടാണ്
സങ്കടങ്ങളൊക്കെപ്പറഞ്ഞു
നേരം കളയുന്നതെന്നും
പരസ്പരമവര്‍ പറയും.

ഒരുപാട് ഭാരങ്ങളെ
മനസ്സിലൊതുക്കി,
അവയങ്ങനെ ഉറഞ്ഞുകൂടി
കനത്തു വന്നാണ്
ഞാനൊരു പാറയായി,
പാറക്കല്ലായിപ്പോയതെന്ന്‍
ഉച്ചത്തില്‍ അവര്‍ കേള്‍ക്കെ
അലറിക്കരഞ്ഞ്
പറയണമെന്നുണ്ടായിരുന്നു.

പക്ഷെ, കല്ലല്ലേ
വെറും കല്ല്‌ മാത്രമല്ലേ ഞാന്‍.
ആഞ്ഞടിച്ചു കരയുന്ന
തിരകളെ കേള്‍ക്കാന്‍ മാത്രം
വിധിക്കപ്പെട്ടൊരു കല്ല്‌!

Monday, 8 September 2014

ഞാന്‍..



നോവിക്കുക, കഴിയുന്നത്ര.
വീഴ്ത്താന്‍ തന്നെയുദ്ദേശിച്ച്,
മുന്നോട്ടാഞ്ഞുകൊള്ളുക.
ഒരു പുഞ്ചിരിയണിഞ്ഞു കൊണ്ട്
മുഖമുയര്‍ത്തിപ്പിടിച്ചിട്ട്
ഞാനിവിടെത്തന്നെയുണ്ട്,
തളരാതെ കാലടി വെക്കാന്‍
മനസ്സിനെ പഠിപ്പിച്ചുകൊണ്ട്.
ഇടര്‍ച്ചകള്‍ ഉണ്ടാകുമെങ്കിലും
പതറി വീഴാതെ നേരിടാന്‍
ഈ പുഞ്ചിരി രഹസ്യം തന്നെ
ധാരാളമെനിക്ക്....

Wednesday, 3 September 2014

അനുഗ്രഹം



വീണപ്പോള്‍
കൈവെള്ളയില്‍ തറഞ്ഞ
കുപ്പിച്ചില്ലിന്റെ ചീളുകള്‍,
ആരും കാണരുത്.
ചോരയിറ്റി വീഴുന്നതും.
ചുരുട്ടിപ്പിടിക്കൂ.
എല്ലാരുമൊഴിഞ്ഞ്
ഒറ്റക്കാവുന്ന വേളയില്‍,
കൈ നിവര്‍ത്തി നോക്കൂ,
ആശ്വാസമായൊരു തെന്നല്‍
അതുവഴി വരും.
മുറിവുകളെ തലോടും.
നിങ്ങളറിയില്ലായിരിക്കാം,
കണ്ണുകളില്‍ നിന്നും,
ചൂടുള്ള അശ്രുകണങ്ങള്‍
ഒഴുകി വീഴും പിന്നെ,
മുറിവാഴങ്ങളിലേക്കിറങ്ങും.
വീഴ്ചയുടെ ഏറ്റുപറച്ചിലുകള്‍
തേങ്ങലായുയരുമ്പോള്‍
ഒഴുകി വരുന്ന നീര്‍കണങ്ങള്‍,
മരുന്നാകുന്ന തുള്ളികള്‍,
മുറിവുണക്കാന്‍ ,
ഉയരങ്ങളില്‍ നിന്നുമയക്കപ്പെട്ട
സാന്ത്വനാശ്രു.

Saturday, 30 August 2014

പോരാളി



തണുപ്പിന്റെ സുഖമുള്ള
വെള്ളത്തിലിത്തിരി നേരം
കാലുകളിറക്കി വക്കാന്‍,
ആവോളം കയ്യില്‍ കോരി
മുഖവും മേനിയും
കുളിര്‍ക്കാന്‍ വേണ്ടി മാത്രം
അരുവിയുടെയോരത്ത്
വന്നണയുന്ന യാത്രക്കാരാ.
കൈകള്‍ കൊണ്ട് നീ ലാളിച്ച്,
ഇക്കിളിപ്പെടുത്തി മോഹിപ്പിച്ച്,
ചിരിപ്പിച്ചിട്ടുണ്ട് അരുവിയെ.
എന്നും തന്റെ ചാരത്ത്,
എങ്ങും പോകാതിരിക്കുമെന്നവള്‍
കരുതിക്കാണും,യാത്രികാ.
ഒഴുകിയുണങ്ങിപ്പിടിച്ച വിയര്‍പ്പും,
കാലില്‍ പറ്റിയ അഴുക്കും
വെള്ളത്തില്‍ കലര്‍ത്തി,
കുളിരും സുഖവുമറിഞ്ഞ്
നീ അകലേക്ക് മറഞ്ഞല്ലോ.
അരുവിയിപ്പോള്‍ ചിരിക്കാറില്ല.
ചിലങ്കയുടെ ശബ്ദം മാഞ്ഞ്,
പകരമവിടെ ചെറുതായുയരുന്ന
പിറുപിറുക്കല്‍ മാത്രമേയുള്ളൂ.
എന്നിട്ടുമവള്‍ നീങ്ങുന്നുണ്ട്.
അങ്ങേയറ്റത്ത് കാത്തിരിക്കുന്ന
ആഴങ്ങളിലുള്ള പൊട്ടിച്ചിതറലിന്റെ
നിര്‍വൃതിയും തേടി ധൃതിയില്‍.
ചേറൊഴുക്കിയവരുടെ
സ്മരണകളില്‍ കുടുങ്ങി
നിലച്ചു പോകാതെ, പൊരുതി,
തോല്‍ക്കാതെ,തളരാതെ അരുവി.....

Tuesday, 26 August 2014

മരണം



സമയമടുത്തു കഴിഞ്ഞു
വളയമിട്ടു കുനിക്കാന്‍ തലയും
വിലങ്ങുകളണിയാന്‍ കൈകളും,
ചങ്ങലയണിയാന്‍ കാലുകളും,
ചുവപ്പണിയാന്‍ മനസ്സും
തയ്യാറെടുത്തു തുടങ്ങണം പോലും.
നീളവും നിറവും മേനിയുടെ തൂക്കവും
അളക്കാന്‍ തുടങ്ങി ലോകം.
ഒരു മരണം അനിവാര്യമാകുകയും
പുനര്‍ജന്മത്തില്‍ പഴയതൊന്നും
ഓര്‍ക്കാതിരിക്കുകയും വേണം.
ഒറ്റക്കലയുന്ന കാറ്റിനെ
പിടിച്ചു കെട്ടാന്‍ കഴിയില്ലെന്ന്
ആരോ വെറുതെ പറഞ്ഞതാണ്.
കാറ്റ് നിശ്ചലമാകും
ചുറ്റും കോട്ടകള്‍ ഉയരുമ്പോള്‍.
ഇലകളെ മറന്നു ഉയിരുപേക്ഷിച്ച്
എല്ലാര്‍ക്കുമിടയില്‍ ഒറ്റപ്പെടാന്‍
ഒരുങ്ങാന്‍ തുടങ്ങാമിനി.

Monday, 25 August 2014

ദേശീയത



രണ്ടുകാലി ജന്തുക്കള്‍
ചുരത്തിപ്പരത്തുന്ന
വിഷത്തിന്റെ കൊഴുപ്പില്‍,
സ്വയം മലീമസപ്പെടുമെന്ന,
ഭയമങ്ങനെ കൂടിക്കൂടി
വെള്ളപ്പാല്‍ ചുരത്തുന്ന
നാല്‍ക്കാലിയമ്മയൊരാള്‍
തൊഴുത്തില്‍ നിന്ന്
നീട്ടി നിലവിളികളുയര്‍ത്തി.
ഒടുവിലാ സങ്കടക്കെട്ടുകള്‍
ആലോചിച്ചാലോചിച്ചുള്ള
അയവെട്ടലില്‍ ചെന്ന് നിന്നു.
പിന്നെയൊരു പ്രതിഷേധമായ്,
പച്ച ച്ചാണകമായി
പുച്ഛം കണക്കെ വീണു.
കുട്ടിപ്പയ്യ് തുള്ളിച്ചാടി
പാല് കുടിക്കാനണഞ്ഞപ്പോള്‍,
ചെവിയിലുരുമ്മി അമ്മപ്പശു,
കാട്ടിനുള്ളിലും കൂട്ടിനുള്ളിലുമായി
പ്രതാപം നശിച്ച്
കാലനെക്കാത്തു കിടക്കുന്ന
ബാക്കിയുള്ള കടുവകളുടെ,
മന:സംഘര്‍ശങ്ങളെപ്പറ്റി
മെല്ലെപ്പറഞ്ഞുകൊണ്ടിരുന്നു.
ഇരുകാലികളുടെ ചെയ്ത്തിനെപ്പറ്റി,
അമ്മയും കുട്ടിയും
പരസ്പരം പറഞ്ഞു ചിരിച്ചു.

Thursday, 21 August 2014

പുണര്‍ച്ച


അദൃശ്യമായൊരു
പുണര്‍ച്ചകൊണ്ട് മാത്രം,
നനുത്ത തൂവല്‍ പോലെ
നെഞ്ചില്‍ നിന്ന്‍
ദൂരേക്ക് പറന്നകലുന്ന,
ചുറ്റുമുള്ള ഒന്നിനോടുമാരോടും
പറഞ്ഞു തീര്‍ക്കാനാവാത്ത,
ചില രഹസ്യ ഭാരങ്ങളുണ്ട്
മനസ്സിന്റെയുള്ളില്‍.
കണ്ണീരില്‍ കുതിര്‍ന്നവ,
അവന്‍ മാത്രമറിയുന്നവ.
ആശ്വാസത്തിന്റെയാ
ആശ്ലേഷ നിമിഷം
പ്രതീക്ഷിച്ചും തേടിയുമാണ്
ഓരോ തവണയും,
കണ്ണുകളുയരാറുള്ളതും
ഇറുകിയടയുമ്പോള്‍
തുള്ളികളടരാറുള്ളതും....

Wednesday, 20 August 2014

മരുഭൂ..



ഓര്‍ക്കുന്നുണ്ടാവില്ല നീയെന്നെ.
ഞാനും എന്നോ മുതലേ
ശ്രമിച്ചു തുടങ്ങിയതാണ്‌
നിന്നെ മറന്നു കളയാന്‍.
ഇടക്കിതുവഴി പോകുന്ന
കറുത്ത മേഘങ്ങളെയും
അതുകൊണ്ടാണ്
കണ്ടില്ലെന്നു നടിക്കുന്നത്.
അവയിലങ്ങനെ അറിയാതെ
കണ്ണുടക്കിപ്പോകുമ്പോഴും
ഒന്നും പ്രതീക്ഷിക്കാറില്ല കേട്ടോ.
എനിക്കറിയാം, നീയിവിടെ
പെയ്യുകയേ ഇല്ലെന്ന്.
ഒരുപാട് പെയ്തതാണല്ലോ
എന്റെ മേല്‍ നീ.
പച്ചയണിയുന്നതു വെറുതെ
സ്വപ്നം കണ്ടു ഞാന്‍
കുറെയേറെ നനഞ്ഞതുമാണ്.
നിത്യ സഞ്ചാരിയായ നിന്നെ
സ്വന്തമാക്കാമെന്നു
മോഹിച്ചതെന്റെ തെറ്റ് തന്നെ.
ആസക്തികളുടെ മാത്രം
തിമിര്‍ത്തു പെയ്യലിനിടയില്‍
എന്റെ മണല്‍മേനിക്കുള്ളില്‍
സ്നേഹത്താല്‍ മിടിക്കുന്ന
ഒരു ഹൃദയമുന്ടെന്ന കാര്യം
നീ മറന്നു കളഞ്ഞു.
നിനക്കീ മണല്‍ത്തരികളില്‍
ആഴ്ന്നിറങ്ങുക മാത്രമേ
ലക്ഷ്യമായുണ്ടായുള്ളൂ.
അതുകൊണ്ടാണല്ലോ
പ്രണയത്തെ നീ തിരസ്കരിച്ചതും,
ഒരിക്കലും കണ്ടു മുട്ടാത്ത വിധം
പുതിയ പെയ്ത്തിടം തേടി
നീ പോയതും,
ഞാനിവിടെ വരണ്ടുണങ്ങി
ചുടുചുഴലിക്കാറ്റുകളിലൂടെ
ഉറക്കെയലറുന്ന
കൊടും മണല്‍ക്കാടായി മാറിയതും.

Friday, 15 August 2014

സ്വാതന്ത്ര്യം

പക്ഷികള്‍
ആകാശത്തിനുള്ളതാണ്.
സ്വാതന്ത്ര്യം
അവയുടെ അവകാശവും.
കൂട്ടിലടക്കാതിരിക്കുക
ഒരിക്കലും. :(

------------------------

മനസ്സിന്റെ തടവറയില്‍
കൊട്ടിയടച്ച
നന്മയുടെ പറവകളെ,
പറത്തിവിടാം.
ആത്മ ഹര്‍ഷത്തിന്റെ
വിശാലാകാശത്തിലവ
നിറവോടെ ഉയരട്ടെ.
തിന്മയുടെ പക്ഷികള്‍,
ഉള്ളറകളില്‍
ചത്തൊടുങ്ങിക്കോട്ടെ,
പറക്കാനാവാതെ,
പരക്കാനാവാതെ.
:)

---------------------------

തെറ്റുകളുടെ
സ്വാതന്ത്ര്യക്കൂടുതലുകള്‍
മരിക്കുന്നിടത്താണ്
ശരിയായ സ്വാതന്ത്ര്യം
പിറക്കുന്നതും.
അത് നീതിയാകുന്നതും.
:)

---------------------------
സ്വാതന്ത്ര്യ ദിനാശംസകള്‍.... നല്ല സ്വാതന്ത്ര്യത്തെ മാനിക്കുന്നവര്‍ക്ക്... :)

Tuesday, 12 August 2014

മുഖംമൂടി മനുഷ്യര്‍


കൂടെയുണ്ടെന്ന്,കൂട്ടിനുണ്ടെന്നു
ഭംഗിയായി കള്ളം ചൊല്ലും.
കളവിന്റെ മുഖം മൂടിക്കുള്ളില്‍
കാപട്യം ഒളിപ്പിച്ചു വക്കും..
ഒളിഞ്ഞിരുന്നാരുമറിയാതെ
വിഷത്തിന്റെയമ്പുകള്‍
തൊടുത്തു വിടും.
കവിളിലൂടെ ഒലിച്ചിറങ്ങുന്ന
കണ്ണീര്‍ രക്തം കണ്ടു,
തുടക്കാനെന്നു പറഞ്ഞ്,
പതിയെ അടുത്തു കൂടും.
ഉള്ളില്‍ ചിരിച്ചുകൊണ്ട്
കണ്ണുനീര്‍ വീഴ്ത്തിയവരെ
രഹസ്യമായി വാഴ്ത്തും,
കൂടുതല്‍ തകര്‍ക്കാനവര്‍ക്ക്
കരുത്തും പകരും.
നിറയുന്ന കണ്ണുകള്‍ കണ്ടു
സായൂജ്യമടയും.
ആരുമൊന്നുമറിഞ്ഞില്ലെന്ന്‍
കരുതി വക്കുമാ മണ്ടന്മാര്‍,
മുഖംമൂടി വച്ച ചതിയര്‍,
പക്ഷേ, എല്ലാമറിഞ്ഞിട്ടും
നിശബ്ദരാകുന്നവരുടെ
പ്രാര്‍ഥനയുടെ ശക്തിയെ
അറിയാതെ പോകും,
ഉള്ളാലെയുള്ള ചിരി,
നീളാത്ത ചിരി തുടരും.

Saturday, 9 August 2014

കൂട്


ഒരുപാട് പറക്കാന്‍,
പറന്നു തളരുമ്പോള്‍
ഒരു ചില്ലയിലിത്തിരി നേരം
മധുരമായി പാടിയിരിക്കാന്‍,
വീണ്ടുമുയര്‍ന്നു പറക്കാന്‍,
ഒടുവിലാ ആകാശത്തില്‍
ഒരു പൊട്ടു പോലെ
നേര്‍ത്ത് നേര്‍ത്തലിയാന്‍,
അവിടങ്ങളിലെവിടെയോ
കാത്തിരിക്കുന്ന കൂട്ടില്‍
എന്നെന്നേക്കുമായി
ചിറകു കുടഞ്ഞു ചേക്കേറാന്‍,
കൊതിക്കുന്ന പക്ഷിയുണ്ട്,
നമ്മളടച്ചു സാക്ഷയിട്ട
കരുത്തുള്ള കൂട്ടിനുള്ളില്‍.
തുറന്നു വിടാന്‍ എപ്പോഴും,
മടിക്കുന്ന പക്ഷി.

Monday, 4 August 2014

ഭാവം



എന്തെന്നറിയാത്ത
എന്തോ ഒന്നിന്റെ അഭാവം.
നിവര്‍ന്നു നിന്നിട്ടും
തളര്‍ത്താന്‍ തുടങ്ങുന്ന
വിചിത്ര ഭാവം.
നോവുകളല്ലാഞ്ഞിട്ടും
ഹൃദയത്തിനു ഭാരമാകുന്ന
പേരറിയാത്ത വികാരം.

Saturday, 26 July 2014

പ്രവാഹം...


തളിര്‍ത്തപ്പോഴേക്കും
വിധി ഞെട്ടറ്റു വീഴ്ത്തിയ ഇല,
ചെന്ന് പതിച്ചതോ
ഒഴുകുന്ന പുഴയില്‍.
നദിപ്പരപ്പില്‍ കിടന്നത്
ഓളങ്ങള്‍ക്കൊപ്പം
നിസ്സഹായയായ് ഗമിച്ചു.
വെള്ളത്തിലിടക്കിടെ
ചുഴികള്‍ ഇലയെ
വലിച്ചെടുക്കാന്‍ നോക്കി,
ആഴങ്ങളില്‍ മുക്കിക്കൊല്ലാന്‍
കൊതിച്ചവയതിനെ
വിളിച്ചു നോക്കി.
അരികില്‍ വരെയെത്തി
ഇല പക്ഷേ രക്ഷപ്പെട്ട്
വീണ്ടുമൊഴുകി.
നദിയുടെ പന്ഥാവില്‍
അറ്റമെവിടെയെന്നറിയാതെ,
വന്‍ ചുഴികളുടെ
ഗര്‍ത്തം ഭയന്നും
ചെറിയവയിലറിയാതെ
മുങ്ങിയും പൊങ്ങിയും
തളിരില വീണ്ടും,മൌനിയായ്
നദീപ്രവാഹത്തിന്റെ
ഭാഗമായ്....

ഹൃദയ ശാഖി



ഒരുപാട് മുറിവേറ്റ്
ചോര പൊടിഞ്ഞു മടുത്ത
ഹൃദയമൊടുവില്‍ പറഞ്ഞു.
'ഞാനിനിയൊരു മരമായി
മാറി നോക്കാം,
ചില്ലകളൊരുപാടുള്ള മരം.
തേടി വരുന്ന ആത്മാക്കളെ
സ്നേഹക്കൂട്ടിലടക്കാതിരിക്കാം
കെട്ടിയിടാതിരിക്കാന്‍
കഴിയുന്നതും ശ്രമിക്കാം,
മുറുകെയൊന്നു പിടിച്ചു
കൂടെ നിര്‍ത്താതെയും നോക്കാം
ചില്ലകള്‍ ഒരുപാടുള്ള
മരമായി നില്‍ക്കാം
അതില്‍ ഇരിക്കാന്‍ അല്പമിടം
കൊടുക്കാം.
ഒരുപാട് നേരമിരുന്നോട്ടെ,
എത്ര നേരം വേണമെങ്കിലും
മനസ്സ് നിറയെ പാടട്ടെയവര്‍,
വിശ്രമിച്ചോട്ടെ,
അവസാനം
യാത്രാമൊഴിയോതാതെ
ചിറകു കുടഞ്ഞവര്‍
ദൂരേക്ക് പറന്നകന്നോട്ടെ,
പക്ഷികളെപ്പോലെ.
ആകാശം തേടി,
വര്‍ണ്ണങ്ങള്‍ തേടി.
അല്ലെങ്കിലും അറിയാമെനിക്ക്
പക്ഷികള്‍ എന്നും
ആകാശത്തിനുള്ളതു തന്നെ.
ഞാന്‍ നിനക്കുള്ളതും.
നിന്നില്‍ വേരുകളാഴ്ത്തി
ഒരു മരമായി നിന്നോളാം!'

വേനല്‍



മൈലാഞ്ചി പൂത്തിട്ടുണ്ട്.
മുല്ലവള്ളി പടര്‍ന്നു
കയറുന്നുമുണ്ട്.
ചിന്തകളിലല്ലാ,മുറ്റത്ത്!
മഴയില്‍ നനഞ്ഞു
തിളങ്ങുന്നുണ്ട്.
മനസ്സില്‍ മാത്രമില്ല,
വസന്തവും മഴക്കാലവും.
അവയെ വിളിച്ചിരുത്താന്‍
തീരെയൊരുങ്ങാത്ത,
വിട്ടുപോകാന്‍ മടിക്കുന്ന
വേനല്‍ മാത്രം.
മനസ്സില്‍,
അള്ളിപ്പിടിച്ചിരിക്കുന്ന
നീണ്ട വേനല്‍.

ആ ദിനം



ഉച്ചത്തിലലറാന്‍ പോലും
സമയം കൊടുക്കാതെ
ചിതറിച്ചു കളഞ്ഞില്ലേ,
ചിരിക്കുന്ന കുഞ്ഞുങ്ങളെയും
സ്നേഹം ചുരത്തും മാതാക്കളെയും.
ഓരോ മരണവും
ആഘോഷങ്ങളാക്കിയില്ലേ,
ആഹ്ലാദ ശബ്ദമുണ്ടാക്കിയതുമല്ലേ?
തകര്‍ന്ന ശരീരങ്ങള്‍ കണ്ട്
ഉറ്റവരുടെ ഹൃദയത്തില്‍ നിന്നും
ഉറക്കെ ഉയരാറുണ്ട് ശബ്ദം.
വേദനയാലുള്ള ആര്‍ത്തനാദം.
അതിനൊപ്പം സ്വരമുയര്‍ത്താറുണ്ട്
രക്തസാക്ഷികളുടെ ആത്മാക്കളും,
ഉച്ചത്തില്‍ ഊര്‍ജ്ജത്തില്‍ അവര്‍
പ്രഖ്യാപിക്കുന്നുമുണ്ട്.
'വരുന്നുണ്ടാ ദിവസം,
നിങ്ങളുടെ പരാജയത്തിനെ
ലോകം സാക്ഷ്യം വഹിക്കുന്ന ദിനം.
ഈ ശാപങ്ങളൊക്കെയും
സത്യമാകുന്ന ദിനം,
ഇന്ന്‍ ചോര കുടിക്കാനണയുന്ന
ചെന്നായ്ക്കള്‍ പോലും
കൂട്ടിനുണ്ടാകില്ലാത്ത തോല്‍വിദിനം.
ഞങ്ങളുടെ വിജയത്തിന്റെ
സുന്ദരമായ സുദിനം!

Sunday, 20 July 2014

വിസ്മയ ശലഭങ്ങള്‍....



ചിറകുകള്‍ വിടര്‍ത്തിയ
വര്‍ണ്ണശലഭങ്ങളെപ്പോലെയാണവര്‍,
ഒരേ ഒരു കാഴ്ചയില്‍ തന്നെ
മനസ്സ് കുളിര്‍പ്പിക്കും.
ഒരൊറ്റ വരവോടെ മാത്രം
ഹൃദയം കീഴടക്കും.
മങ്ങാതെ നിറഞ്ഞു നില്‍ക്കും.....

കിരാതന്‍.




എത്ര നാള്‍ നീളുമായുസ്സ്?
നിന്റെ കപടമുഖത്തിന്റെ.
നീ പടുത്തുയര്‍ത്തിയ
അകത്ത് ഇരുട്ട് പേറുന്ന
വെണ്മ പൂശിയ കോട്ടയുടെ.
എത്ര നാള്‍ കൂടെ നീളും,
നീ മുറിവേല്‍പ്പിച്ചവരുടെ
ആത്മാവില്‍ നിന്നുള്ള
കണ്ണീരിന്റെ ഒഴുക്ക്.
എന്ന് വരെ പോകും
നിന്റെ ഉള്ലാലെയുള്ള ചിരി?
എല്ലാം നേടിയെന്നുള്ള
തീരാത്ത ധാര്‍ഷ്ട്യം?
സുഖങ്ങളുടെ കൊടുമുടിയില്‍
നിഷ്കളങ്ക ഭാവത്തോടെ
എത്ര നാള്‍ കൂടെ നീ രമിക്കും?
അന്ന് വരെ,
എല്ലാം തകര്‍ന്നടിയുന്നതു വരെ,
തേടി അലയുന്നവരുടെ മുന്‍പില്‍
നീതി പ്രത്യക്ഷമാകും വരെ.
കണ്ണുനീര്‍ നനവില്‍ കുതിര്‍ന്നു
ഇരകളെഴുതിയിട്ട കത്തുകള്‍
ഓരോന്നായെടുത്തവന്‍
കണക്കുകകള്‍ തീര്‍ക്കും വരെ.
അന്ന് വരെ മാത്രം.
അത് വരെ നീ ചിരിക്കുക,
ഇഷ്ടം പോലെ....

ഇവള്‍


പിന്തിരിഞ്ഞോടില്ല,
നേരിടാതിരിക്കുകയുമില്ല,
എന്നൊക്കെയാണെങ്കിലും
ഒളിച്ചിരിക്കാന്‍ എവിടെയും
സ്വസ്ഥതയുടെ
കോണു തേടിയലയുന്ന,
അമ്പുകളെ ഭയക്കുന്ന,
ഭീരു തന്നെയാണ് ഞാന്‍.
ആരുമതറിയാതിരിക്കാന്‍
ആള് കൂടുമ്പോള്‍ വാരിപ്പൂശുന്ന
ധാര്‍ഷ്ട്യത്തിനു പിന്നില്‍,
ഒളിപ്പിച്ചു വക്കുന്നതും
എന്റെ ഭയത്തെത്തന്നെ.
അതെ,ഭീരു തന്നെ ഞാന്‍.
ഒരുപാട് തവണ മരിച്ചവള്‍,
വീണ്ടുമുയര്‍ന്നെണീറ്റ്,ഭയത്തില്‍,
മനസ്സില്ലാ മനസ്സോടെ
മുള്ളുകള്‍ ചവിട്ടുന്നവള്‍.

വേദനിപ്പിക്കപ്പെട്ടവരോട്



മറക്കാന്‍ സാധ്യമല്ലെന്നറിയാം
വെറുക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യണം.
ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞെന്നു വരില്ലാ,
ഓര്‍മ്മകളെ ചെറുക്കാനെങ്കിലും പഠിക്കണം.
പൊറുക്കാന്‍ വയ്യെന്നാവുകില്‍
ഹൃദയം അറിയുന്ന ശക്തിയോട് പറയണം....

----------------------------------------------------------
♥ കണ്ണീര്‍ തുടക്കുന്നവന്‍,ആരും കൂട്ടിനില്ലെങ്കിലും ഒപ്പം നില്‍ക്കുന്നവന്‍, നീണ്ടുപോയാലും നീതി തരുന്നവന്‍.. ♥

കാത്തിരിപ്പിനൊടുവില്‍


ആകുലതകളും ആശങ്കകളും
എരിക്കുന്ന ഓര്‍മ്മകളും
ഒറ്റപ്പെട്ടു പോകുന്നോ,
എന്ന സ്വയം ചോദ്യങ്ങളും
ചിരിച്ചു ചിതറിക്കൊണ്ട്
തടഞ്ഞു നിര്‍ത്തുന്ന നോവുകളും
നീതിയില്ലാതെ തഴയപ്പെട്ടത്തിന്റെ
അപമാനഭാരങ്ങളും
അലിഞ്ഞില്ലാതാകുന്നൊരു
നല്ല നിമിഷത്തെയാണ്,
ഈ കാത്തിരിപ്പിനൊടുവില്‍
ഞാന്‍ പ്രതീക്ഷിക്കുന്നത്.
അതുകൊണ്ടാണ്
ചില ചിറകടിയൊച്ചകള്‍
ചെവിയില്‍ പതിക്കുമ്പോള്‍,
എന്നെ മാത്രം തേടി വരുന്ന
വര്‍ണ്ണപ്പക്ഷിയെന്നു കരുതി
കണ്ണുകളുയര്‍ത്തി നോക്കുന്നത്.
അല്ലാ,അത് കഴുകച്ചിറക്കളുടെ
അട്ടഹാസമെന്നു തിരിച്ചറിയുന്ന
നിമിഷങ്ങളിലാണ്
ഭയന്ന് മാറി ഒളിച്ചിരിക്കുന്നത്.
അങ്ങുയരങ്ങളില്‍ നിന്നും
മെല്ലെ പറന്നു വരുന്ന
ആ കറുത്ത പക്ഷിയാവുമല്ലേ
ഒരുപക്ഷെ നിന്നിലേക്കെന്നെ,
ചിറകുകളില്‍ ഏറ്റി സഞ്ചരിക്കുക?
അവസാനത്തെ പക്ഷി,
അവസാന യാത്രയും?

വിഷ മരങ്ങള്‍


തണല്‍ തരുമെങ്കിലും
വിഷം മാത്രം നിശ്വസിക്കുന്ന
മരങ്ങളുണ്ട് ചുറ്റും.
വലം ചുറ്റിപ്പോകുന്ന
കാറ്റിനെപ്പോലുമവ
ഗരമയമാക്കി മാറ്റും.
ആശ്വാസമെന്നു കരുതി
നമ്മളാ വിഷ നിഴലില്‍
ഏറെ നേരമിരുന്നേക്കും
ഒടുവില്‍ ചോര തുപ്പി
മരിച്ചു വീഴും.
കരുതിയിരിക്കണം
ചില 'തണല്‍' മരങ്ങളെ!

Wednesday, 9 July 2014

ഇരുള്‍ മേഘങ്ങള്‍ക്ക് പറയാനുള്ളത്


(കഥ)

“അതാ പോകുന്നു , ഒന്നിങ്ങു പിടിച്ചോ, ഇതിന്റെ ഉത്തരം പറ”
“ക്ലൂ ഉണ്ടോ ?” അവള്‍ പരുങ്ങിക്കൊണ്ട് ചോദിച്ചു.
“ഇല്ലടി മോളെ, വേഗം പറഞ്ഞോ” അവന്‍ ഉത്തരം കൈകൊണ്ടു മറച്ചു പിടിച്ച് ചിറികോട്ടിക്കൊണ്ട് വിജയഭാവത്തില്‍ പറഞ്ഞു.

കുറച്ചു നേരം ആലോചിച്ചിട്ടു അവള്‍ പറഞ്ഞു “കിട്ടിപ്പോയി,കാറ്റ്,അല്ലെ?”
“അയ്യേ, അല്ലാടി മണ്ടി, കാറ്റിനെ നമ്മക്ക് കാണാന്‍ പറ്റോ?” അവന്‍ ചോദിച്ചു.
“ഊഹും, ഇല്ല” നിരാശയോടെ അവള്‍ മറുപടി പറഞ്ഞു.
“പുക ആണെടി ഉത്തരം”
“ആണോ, വല്യ കാര്യായിപ്പോയി” അവനെ കോക്രി കാട്ടിക്കൊണ്ട് അവള്‍ മുന്‍പിലിരുന്ന പുസ്തകത്തില്‍ പെന്സില് കൊണ്ട് വെറുതെ ഓരോന്ന് വരക്കാന്‍ തുടങ്ങി.
അവനാണെങ്കില്‍ അവളോട്‌ ചോദിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യം തിരഞ്ഞെടുക്കാനും.

“ലുഖ്മാന്‍, ഇവിടെ വാ” താഴെ നിന്നും ടീച്ചര്‍ ആണ്. ലുഖ്മാന്റെ ഉമ്മ. “ടീ, ഞാന്‍ ഇപ്പ വരാട്ടാ, നീ ഉത്തരം ഒന്നും നോക്കരുത്, കള്ളത്തരം പാടില്ല”പോകുന്നതിനു മുന്പ് ലുഖ്മാന്റെ ആജ്ഞ.
“ഞാന്‍ നോക്കൂല”
“സത്യം?”
“നോക്കൂല്ലാന്നു പറഞ്ഞില്ലേ?”
“ഇപ്പ വരാ”
അവന്‍ താഴേക്ക് കോണി ഇറങ്ങിപ്പോയി. അവള്‍ എഴുന്നേറ്റ് ജനാലക്കരികില്‍ വന്നു നിന്നു. താഴെ റോഡ്‌ കാണാം. അതിലൂടെ പോകുന്ന വാഹനങ്ങളും. പെട്ടെന്ന് ഒരു ബൈക്കില്‍ രണ്ടു പേര്‍ വന്നിറങ്ങി. ലുഖ്മാന്റെ വീട്ടിലേക്കാണ്. ‘ആരാണാവോ’ അവള്‍ മനസ്സിലോര്‍ത്തു. എന്നിട്ട് ഷെല്‍ഫില്‍ ഉണ്ടായിരുന്ന ബാലരമയില്‍ ഒരെണ്ണം എടുത്തു. ഇത് ഇന്നാളു വന്നപ്പോ വായിച്ചതാണ്. അതവള്‍ അവിടെത്തന്നെ വച്ചു.
ലുഖ്മാന്‍ കയറി വന്നു. കയ്യില്‍ ഒരു ഗ്ലാസ് ചായ. മറ്റേ കയ്യിലെ പാത്രത്തില്‍ രണ്ടു പഴം പൊരി. അവനത് മേശപ്പുറത്ത് വച്ചു. “ഞാന്‍ ചായ കുടിച്ചു. ഇത് നിനക്ക്” എന്നും പറഞ്ഞവന്‍ ഒരു പഴം പൊരി എടുത്ത് തിന്നാന്‍ തുടങ്ങി. അവന്റെ തീറ്റ കണ്ടു അവള്‍ പുച്ഛത്തോടെ പറഞ്ഞു. “തീറ്റപ്പണ്ടാരം”
“നീ പോടീ മത്തക്കണ്ണി”
ദേഷ്യം വന്നു അവനെ പിച്ചാനായി മുന്നോട്ട് ആഞ്ഞപ്പോള്‍ ഒരു ശബ്ദം. ‘ചില്‍ ചില്‍’
‘സുമി വരുന്നുണ്ട്, പാദസരത്തിന്റെ ഒച്ച’ അവള്‍ സന്തോഷത്തോടെ പറഞ്ഞു. “എടീ മണ്ടീ, അത് പാദസരത്തിന്റെ ഒച്ചയല്ല, സ്റ്റെയര്‍കേസിന്റെ വരീമ്മ പിടിക്കുമ്പോ ഉള്ള ഒച്ചയാ”
പെട്ടെന്നൊരാള്‍ മുറിയിലേക്ക് കയറി വന്നു. “ലുഖ്മാനൂ,” പുഞ്ചിരിയോടെ അയാള്‍ വിളിച്ചു.
അവള്‍ ഒതുങ്ങി ഇരുന്നു.
“എന്താ പരിപാടി, ഇതാരാ,” അവളെത്തന്നെ നോക്കിക്കൊണ്ട്‌ അയാള്‍ ലുഖ്മാനോട് ചോദിച്ചു.
“എന്റെ കൂട്ടാരി ആണ്, എന്റെ ക്ലാസിലാ, ഞങ്ങക്ക്  LLS സ്കോളര്‍ഷിപ്പ് പരീക്ഷ ഉണ്ട്. അതിനു പഠിക്കാന്‍ വന്നതാ.” അവന്‍ ഗൌരവത്തില്‍ മറുപടി പറഞ്ഞു.
“ആഹാ , മിടുക്കനും മിടുക്കിയും ആണല്ലോ”
അവള്‍ നാണിച്ചു നിന്നു. അയാള്‍ അവളെ അടുത്തേക്ക് വിളിച്ചു. മടിച്ചു മടിച്ച് അവള്‍ ചെന്നു.
“എന്താ ഈ മിടുക്കിയുടെ പേര്?” അയാളുടെ കരവലയത്തില്‍ നിന്ന് പരുങ്ങിക്കൊണ്ട് അവള്‍ പേര് പറഞ്ഞു.
“-------------------------”
“ആഹാ നല്ല സുന്ദരിപ്പേരാണല്ലോ” അവളുടെ കവിളില്‍ നുള്ളിക്കൊണ്ട് അയാള്‍ പറഞ്ഞു. “മോളൂസിനു എത്ര വയസ്സായി”
“എട്ട്” ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു
“അവള്‍ക്ക് ആരെ കണ്ടാലും നാണമാ, എപ്പഴും അതെ. എടീ ഇത് ഞങ്ങടെ ഉമ്മിച്ചീടെ വീടിന്റെ അവിടെ ഉള്ളതാ, മാമാന്റെ കൂട്ടുകാരനാ” അവന്‍ ഗൌരവ ഭാവത്തില്‍ പരിചയപ്പെടുത്തി.
“ആഹാ, ഒരു കാര്‍ന്നോര്” അയാള്‍ ലുഖ്മാന്റെ തോളില്‍ ഒരു ഇടി കൊടുത്തു. അവള്‍ക്ക് അത് കണ്ടു സന്തോഷമായി.
അയാളവളെ മടിയിലേക്ക് കയറ്റി ഇരുത്തി. എന്തോ പോലെ തോന്നി അവള്‍ക്ക്.  ഇന്നാള്‍ പുഴെടടുത്തുള്ള മാമാന്റെ വീട്ടില്‍ പോയപ്പോ മാമ മടീല്‍ ഇരുത്തി. അന്ന് തന്നെ അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അന്നേ തീരുമാനിച്ചതാണ് ഇനി ആരുടേം മടീല്‍ ഇരിക്കൂല്ല എന്ന്. എന്നാലും സാരോല്ല, നല്ല ഇക്കാക്ക.
“നിങ്ങളില്‍ ആരാ നന്നായി പഠിക്കുക?”
“ഞാന്‍” ലുഖ്മാന്‍ ചാടിക്കയറി പറഞ്ഞു.
“അല്ല, ഞാനാ. “ അവള്‍ കെറുവിച്ച് കൊണ്ട് പറഞ്ഞു.
“നീ പോടീ മത്തക്കണ്ണി”
“ഇവന് പഠിക്കാന്‍ എപ്പഴും മടിയാ. ഇവന്റെ ഉമ്മിച്ചി എപ്പഴും വഴക്കു പറയാറുണ്ട്. ഭയങ്കര കുശുമ്പനും ആണ്.  ഇന്നാള്‍ തറവാട്ടില്‍ വച്ചു ഇവന്‍ ഹാളില്‍ കുറെ തുപ്പി, വല്ലുമ്മനോട് ദേഷ്യം തീര്‍ക്കാന്‍.”അവള്‍ ആശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
“എടീ , നിന്നെ ഞാന്‍ ശര്യാക്കിത്തരാ, ഇക്കാക്കാ ഇവള് ഭയങ്കര കുശുമ്പിയാ. അതും പോരാണ്ട്, എന്തേലും പറഞ്ഞാ അപ്പൊ കരയും. ചപ്രത്തലച്ചി, മത്തക്കണ്ണി, ഉണ്ടക്കണ്ണി” അവന്‍ പക വീട്ടും പോലെ പറഞ്ഞു
അവള്‍ക്കു സങ്കടം വന്നു. കണ്ണ് നിറഞ്ഞു.
“അയ്യോ, മോള് പിണങ്ങിയോ,  ഇന്ന ഇത് തിന്നു” ഇക്കാക്ക പഴം പൊരി എടുത്ത് അവളുടെ കയ്യില്‍ കൊടുത്തു. അവള്‍ ഇടം കണ്ണിട്ടു ലുഖ്മാനെ നോക്കി അത് തിന്നാന്‍ തുടങ്ങി. കണ്ണുകളില്‍ മുഴുവന്‍ ദേഷ്യം പ്രതിഫലിച്ചു കാണാം.
“ചുണ്ടിലൊക്കെ വെളിച്ചെണ്ണ ആയല്ലോ” എന്നും പറഞ്ഞു അയാള്‍ അവളുടെ ചുണ്ട് തുടച്ചു. അവള്‍ക്കത് എന്തോ ഇഷ്ടപ്പെട്ടില്ല.
“ടാ, നീ ഈ പാത്രമൊക്കെ അടുക്കളയില്‍ കൊണ്ടോയി വെച്ചോണ്ട് വാ”ലുഖ്മാന്‍ ദേഷ്യത്തോടെ പാത്രം കയ്യിലെടുത്തു. അവന്‍ പോകാന്‍ ഒരുങ്ങുമ്പോ അവള് പറഞ്ഞു. “ഞാനും വന്നിണ്ട്”
“ഹാ, നീ എവിടെപ്പോകുന്നു, ഇവിടിരി, ചോയിക്കട്ടെ”
അനിഷ്ടത്തോടെ അവള്‍ അയാളുടെ അടുത്തിരുന്നു. ലുഖ്മാന്‍ താഴേക്കും പോയി. ‘ഇക്കാക്ക’ അവളുടെ ചുമലിലൂടെ കയ്യിട്ടു തോളില്‍ അമര്‍ത്തി പിടിച്ചു. അവള്‍ക്കു വല്ലായ്ക തോന്നി. മുന്‍പിലിരുന്ന പുസ്തകം കയ്യിലെടുത്ത് പിടിച്ചു കൊണ്ട് അയാള്‍ അവളുടെ മടിയില്‍ തുറന്നു വച്ചു. “ഒന്ന് വായിച്ചെ, ഇക്കാക്കാ കേള്‍ക്കട്ടെ” അവള്‍ എണീക്കാന്‍ നോക്കി. പറ്റുന്നില്ല. വിളറിയ മുഖത്തോടെ വായിക്കാന്‍ തുടങ്ങി.
“പരിസ്ഥിതി മലിനീകരണം ഇന്ന് നാം നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഫാക്ടറികളും വാഹനങ്ങളും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ആലോചിച്ചു നോക്കൂ.......
വായനക്കിടയില്‍ അവള്‍ അറിഞ്ഞു. അയാളുടെ കൈ തന്റെ കുഞ്ഞു അരക്കെട്ടില്‍ അരിക്കുകയാണ്. അവള്‍ അയാളുടെ കൈ തട്ടി മാറ്റി. അയാള്‍ പറഞ്ഞു. “വായിക്ക് മോളൂ” അവള്‍ പേടിച്ചു, വിറച്ചു കൊണ്ട് അവള്‍ തുടര്‍ന്ന് വായിക്കാന്‍ തുടങ്ങി. അനങ്ങാന്‍ കഴിയുന്നില്ല. വീണ്ടും അയാളുടെ കൈകള്‍ അമരുന്നു. മടിയില്‍ വെച്ച പുസ്തകത്തിനു താഴെ അയാള്‍ കൈകള്‍ മുറുക്കുകയാണ്. വയറ്റിനും അതിനു താഴെയുമായി ഇഴയുന്ന കൈകള്‍.ഭയവും അറപ്പും തോന്നി അവള്‍ക്ക്. ‘ലുഖ്മാന്‍ എന്താ വരാത്തത്’ അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ആ കൈ അടര്‍ത്തി മാറ്റാന്‍ നോക്കി. അയാളുടെ മറ്റേ കൈ അവളുടെ ചുമലില്‍ പിടുത്തം മുറുക്കി. അവള്‍ക്കു തോള് വേദനിച്ചു. അയാള്‍ വികൃതമായ മുഖഭാവത്തോടെ അവളുടെ കുഞ്ഞു മുഖത്തേക്ക് അടുത്തു.അവള്‍ക്ക് ഒച്ച വെക്കാന്‍ തോന്നി. ശബ്ദം അടയുന്ന പോലെ..
പെട്ടെന്ന് ലുഖ്മാന്‍ കയറി വന്നു. അയാള്‍ അവനെക്കണ്ട്  ഞെട്ടി. ലുഖ്മാന്‍ അല്പം പരിഭ്രമത്തോടെ അവളുടെ മുഖത്ത് നോക്കി. അവളുടെ മുഖം വല്ലാതെയിരിക്കുന്നു.അയാള്‍ എഴുന്നേറ്റു വൃത്തിയില്ലാത്ത ചിരിയോടെ അവളെ നോക്കി. “ഇക്കാക്ക പോട്ടെ, ടാ..” ലുഖ്മാന്‍ ഒന്ന് പുഞ്ചിരിച്ചു.
അവള്‍ മുഖമുയര്‍ത്തി നോക്കിയില്ല. അയാള്‍ പോയി. അവള്‍ ലുഖ്മാന്‍ കാണാതെ കണ്ണ് തുടച്ചു.
“എന്താടീ, എന്ത്യേ പാടില്ലേ?” അവളുടെ വാടിയ മുഖം കണ്ടു അവന്‍ ചോദിച്ചു.
“എനിക്ക് വീട്ടി പോണം”
“ന്നാ വാ പോകാം, ഞാന്‍ തറവാട്ടില്‍ പോകുന്നുണ്ട്”
അവള്‍ പുസ്തകങ്ങള്‍ ബാഗിലേക്ക് വച്ചു. ഭയത്തോടെ കോണി ഇറങ്ങി. ‘ഭാഗ്യം, അയാള് പോയി’ അവള്‍ ആശ്വസിച്ചു. വീട് വരെ ലുഖ്മാന്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവള്‍ ഒന്നും മിണ്ടിയില്ല. മനസ്സു നിറയെ ഭയം ഉരുണ്ടുകൂടിക്കൊണ്ടിരുന്നു. അറപ്പും.അവള്‍ വീട്ടിലേക്ക് ചെന്നു. അവന്‍ അവളുടെ വീടിനടുത്തുള്ള അവന്റെ തറവാട്ടിലേക്കും.
വീട്ടില്‍ എല്ലാവരും അണിഞ്ഞൊരുങ്ങുകയാണ്. അവളുടെ കലങ്ങിയ കണ്ണുകള്‍ ആരും കണ്ടില്ല. “വാ വേഗം ഉടുപ്പ് മാറ്റ്, കല്യാണത്തിനു പോണം” ഉമ്മിച്ചി പറഞ്ഞു.
--------------------------------------------------------------------------------------------
എല്ലാരും ബസ് സ്റ്റോപ്പിലെത്തി. ബസ് കാത്തു നില്‍ക്കുമ്പോള്‍ അവള്‍ കണ്ടു. വെളുത്ത ബനിയന്‍ ഇട്ടു മുഖത്തു ഒരു ചിരിയുമായി അയാള്‍ നടന്നു വരുന്നു. അവള്‍ പരിഭ്രമിച്ചു. കൂടെ ഉമ്മിച്ചിയും അമ്മായിമാരും ഉണ്ട്. അവള്‍ക്ക് എന്നിട്ടും പേടിയായി. അവള്‍ ഉമ്മാന്റെ പിറകില്‍ ഒതുങ്ങി നിന്നു. ‘ഭാഗ്യം അയാള്‍ എന്നെ കണ്ടില്ല’. അയാള്‍ വന്നു ആരുടെയോ ബൈക്കിന്റെ പിറകില്‍ കയറുന്നതും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പോകുന്നതും ഉമ്മയുടെ പിറകില്‍ നിന്ന് കൊണ്ട് ഭയം പൂണ്ട കണ്ണുകളോടെ നോക്കി നിന്നു.
എന്തുകൊണ്ടോ അയാള്‍ പോയപ്പോള്‍ അവളുടെ ഉള്ളില്‍ കട്ടകുത്തിക്കൊണ്ടിരുന്ന ഭയം മാത്രം കൂടെപ്പോയില്ല. പക്ഷെ പകരം എന്നെന്നേക്കുമായി കൂടെപ്പോയത് നിഷ്കളങ്കമായി നിറഞ്ഞു വിരിയാറുള്ള അവളുടെ സന്തോഷച്ചിരിയായിരുന്നു...  ഭയം അവളുടെ കുഞ്ഞു ഹൃദയത്തില്‍ മാറാല കെട്ടി തുടങ്ങിയിരുന്നു.
വീണ്ടും വീണ്ടും കാലം പലപ്പോഴും കഴുത്തു ഞെരിക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ ഏതെങ്കിലും ലുഖ്മാനെ പ്രതീക്ഷിച്ചു. രക്ഷിക്കാന്‍ പല രൂപത്തിലും ലുഖ്മാന്മാര്‍ വന്നു. എന്നിട്ടും പിന്നീടെപ്പോഴും ലുഖ്മാനെ കാണുമ്പോള്‍ അവള്‍ മുഖത്തു വരുത്തിയെടുക്കുന്ന പുഞ്ചിരിക്ക് ഇരുട്ടില്‍ നിന്നും പൊങ്ങി വന്നു കഴുത്തു ഞെരിക്കുന്ന കൈകളുടെ ഓര്‍മ്മകള്‍ നല്‍കിയതുപോലെ ഒരു മൂടലുണ്ടായിരുന്നു.. നന്ദിയുടെ ഒരിത്തിരിയില്‍ അലിയിച്ച പുഞ്ചിരി. വേദനയുടെ മഴക്കാറ് പോലെ ഒരു പുഞ്ചിരി.

  The frightened girl wallpapers

Sunday, 29 June 2014

അപ്രതീക്ഷിതം



സ്വപ്നങ്ങളായി
മനസ്സില്‍ പടരുന്ന പൂവള്ളികള്‍
എത്ര പെട്ടെന്നാണ്
വരിഞ്ഞു മുറുക്കുന്ന
കിനാവള്ളിപ്പിടുത്തമായി മാറുന്നത്...

ദുസ്വപ്നം


ഇത് വഴി വരാതിരിക്കുക സ്വപ്നങ്ങളേ,
ഇത്രമേല്‍ പരിഭ്രാന്തിയിലെക്കെന്നെ
വിളിച്ചുണര്‍ത്താനാണെങ്കില്‍...

Saturday, 21 June 2014

എന്റെ ആത്മ മിത്രം



ഇലകളും ശിഖരങ്ങളും ഒരു മരത്തിനു ഒരുപാടുണ്ടാകും.. പക്ഷെ വേരുകള്‍ വളരെ കുറച്ചു മാത്രം…. പക്ഷെ കരുത്തരായവര്‍….

പരിചയപ്പെട്ടിട്ട് കുറെ ആയെങ്കിലും ഒരു വര്‍ഷം മാത്രമാകുന്നെ ഉള്ളൂ ഈ സൌഹൃദ വേരെന്റെ മനസ്സിലേക്ക് ആഴ്ന്നു തുടങ്ങിയിട്ട്...

ഒരു കൂട്ടുകാരനെപ്പോലെ കളിയാക്കിയും കൂട്ടുകൂടിയും...
ഒരു സഹോദരനെപ്പോലെ സ്നേഹത്തിന്റെ ഭാഷയില്‍ ശാസിച്ചും സ്നേഹിച്ചും
കുറുമ്പ് കാട്ടിയും ചീത്ത വിളിച്ചും നന്മ ചൊല്ലിയും ഹൃദയത്തില്‍ കയറിക്കൂടിയ അലവലാതി റഈസ്...

ഒരു പെണ്‍കുട്ടി ഒരു ആണ്‍ കുട്ടിയോടുള്ള സൌഹൃദം ഉറക്കെ വിളിച്ചു പറയുന്നത് പലര്‍ക്കും അത്ഭുതമായി തോന്നും.. ചിറി കോട്ടും... പക്ഷെ ഞാന്‍ പറയും.. എനിക്ക് കിട്ടിയ അനുഗ്രഹമാണ് Raees Hidaya എന്ന സുഹൃത്ത്.. എന്റെ അഭിമാനവുമാണ്...
പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ പുതിയൊരു ഘട്ടമായിരിക്കും ഒരുണര്‍വായിരിക്കും റഈസിന്റെ  ചിരി സമ്മാനിക്കുക...

ചിരിച്ചു കൊണ്ടേ ഇരിക്കുക റഈസ്...

Tuesday, 17 June 2014

റിക്ഷകളുടെ നിശ്ശബ്ദത



റിക്ഷകള്‍ പണ്ടേ
അത്ഭുതപ്പെടുത്തുന്ന എന്തോ ആണ്.
റിക്ഷാവാലകള്‍;
ചുറ്റും അലറിവിളിച്ചും മുരണ്ടും
പാഞ്ഞുനീങ്ങുന്ന ലോകത്തില്‍
അവയൊന്നും അറിയാതെ
മെലിഞ്ഞ ചിന്തയില്‍ മുഴുകി
പിറകില്‍ ഞെളിഞ്ഞിരിക്കുന്ന
ഭാരങ്ങളെ മുഴുവന്‍
വലിച്ചുകൊണ്ട് സഞ്ചരിക്കും.
ദേഹമൊട്ടാകെ അരിച്ചുകേറുന്ന
കഴുത്തെല്ലില്‍ തുടങ്ങിയ
പഴയ വേദനയാവില്ല,
നിര്‍ത്താതെ പരിശ്രമിക്കുന്ന
ശോഷിച്ച കാലുകള്‍
കഴച്ചു തുടങ്ങിയതിന്റെ
പ്രയാസവുമാവില്ല,
ജീവിതമിങ്ങനെയീ റിക്ഷയില്‍
ചവിട്ടിത്തീര്‍ക്കുന്ന
ഓരോ നിമിഷത്തിലും
എത്ര ആഞ്ഞു ചവിട്ടിയിട്ടും
എവിടെയുമെത്താത്തതിനെപ്പറ്റി
ഓര്‍ത്തോര്‍ത്ത് മാത്രമാവാം
റിക്ഷാവാലയുടെ വിയര്‍പ്പ്
തുള്ളികളായി വീഴുന്നത്.
കണ്ണുകളില്‍ നിന്നല്ലല്ലോ
നനവിറ്റുന്നത്,
അതുകൊണ്ടാ റിക്ഷാക്കാരന്‍
കരയുകയാവില്ലാ,
അല്ലെങ്കിലും
കരയുന്നവര്‍ക്കെങ്ങിനെയാണ്
മൂകരാവാന്‍ കഴിയുക.

ഇരകള്‍












പരിശുദ്ധതയുടെ പാരമ്യമാണ്
ശുഭ്രതയെന്നാരൊക്കെയോ
പറഞ്ഞു വച്ചു പണ്ടേ.
പ്രണയ വിശുദ്ധിയുടെ
അപാരതക്കും ,നിറം
വെളുപ്പ്‌ തന്നെ ആയിരിക്കുമോ എന്തോ!
അതുകൊണ്ടല്ലേ ,
'അനശ്വര പ്രണയത്തിന്റെ
അപൂര്‍വ്വ മാതൃക'യായി
താജ്മഹലന്നു വെണ്ണക്കല്ലില്‍
ഉയര്‍ന്നു പൊങ്ങിയത്.

ഇന്നിപ്പോഴാ 'പ്രണയ കുടീരം'
മങ്ങിത്തുടങ്ങിയതിന്റെ കാരണം
പ്രണയത്തിന്‍റെ പേരില്‍,
എങ്ങു നിന്നും വമിക്കുന്ന
ചതിയുടെ കറുത്ത
പുക കൊണ്ടാകുമല്ലേ,
അല്ലെങ്കിലും,
ഈ പ്രകൃതിയെപ്പോലും
കപട സ്നേഹം കാണിച്ച്
വഞ്ചിച്ചു വലിച്ചെറിഞ്ഞവരാണ്
ഇന്നിപ്പോ മങ്ങുന്ന വെണ്മയെപ്പറ്റി
വല്ലാതെ സങ്കടം പറയുന്നത്.

എല്ലാം ഊറ്റിയെടുത്തിട്ടു
അഴുക്കു മൊത്തം ഒഴുക്കാനായി
മാറ്റി നിര്‍ത്തിയതല്ലയോ യമുനയെ?
തെളിനീര്‍ ഒഴുകിയിടത്ത്
എന്തേ ഇന്നിത്ര നിറം മാറ്റം?

അവള്‍ അതുവഴി ഒഴുകുമ്പോഴൊക്കെ,
പുറമേ വെളുക്കെ ചിരിക്കുന്ന
കൊട്ടാരക്കെട്ടിനുള്ളില്‍,
ഉള്ളിന്റെയുള്ളില്‍
കൊട്ടിയടക്കപ്പെട്ട ആത്മാവിനോട്
നിശബ്ദമായി സങ്കടം പറയുന്നുണ്ടാകും,
മനുഷ്യത്വമില്ലാത്തവരുടെ
ചെയ്തികളെപ്പറ്റി.
കറുത്ത് തുടങ്ങിയ കാറ്റും
അത് കേട്ട് കണ്ണീര്‍ വാര്‍ക്കും.

ഊര്‍ജ്ജമൊക്കെ ഊറ്റിയെടുക്കപ്പെട്ട്
ഒരു സാമ്രാജ്യം കണക്കെ
ഭരിക്കപ്പെട്ട്,
പതിനാലു തവണകള്‍
മറുത്തൊന്നും പറയാതെ
ഗര്‍ഭപാത്രം നിറക്കാന്‍ നിന്ന് കൊടുത്ത്,
അവസാനം ഉണങ്ങി വീണവള്‍,
തന്റെ മേല്‍ പൊങ്ങിയ
കപട പ്രണയത്തിന്റെ
പൊങ്ങച്ചക്കോട്ടയെ നോക്കി
വേദന നിറഞ്ഞ പുഞ്ചിരിയോടെ
ഒഴുകുന്ന പുഴയുടെ
സങ്കടങ്ങള്‍ കേട്ട് കിടക്കും
ആ കല്ലറക്കുള്ളില്‍.

ചരിത്രം
വീണ്ടും വീണ്ടും പ്രണയക്കഥകളെ
പാടിപ്പാടി പുകഴ്ത്തും.
പുകഴ്ത്തുന്നവര്‍ തന്നെ തളര്‍ത്തും.
ഇരകളെന്നും ആരുമറിയാതെ ,
ഇരകളായ് തന്നെ തുടരും.

കരുത്ത്

തറച്ചു കയറ്റി നോവിക്കാന്‍
ഒരുപാട് സൂചി മുനകളും
കയ്യില്‍ കരുതിയാണ്
ചിലര്‍ നടക്കുക.
തരം കിട്ടുമ്പോള്‍
കുത്തിയിറക്കും
ഹൃദയത്തിലേക്ക് തന്നെ.
ചോര മുഴുവന്‍
എന്നേ വറ്റിയവര്‍,
വേദന ഞരമ്പുകള്‍
നിര്‍ജ്ജീവമായവര്‍,
ചിരിച്ചു കൊണ്ട് മുനയൊടിക്കും,
കൂര്‍ത്ത സൂചികളുടെ! :)

ആവശ്യം

വേനല്‍ ചൂടില്‍ ഉരുകുമ്പോള്‍
അവഗണനയുടെ ശബ്ദം
പുറപ്പെടുവിച്ചുകൊണ്ട്
വലിച്ചെറിഞ്ഞിട്ടുണ്ട് പല തവണ.
തിരിഞ്ഞു നോക്കാതെയിരുന്നിട്ടുണ്ട്.
ഇന്നിപ്പോള്‍ മഴയുടെ തണുപ്പ്
കാല്‍വെള്ളയിലൂടെ അരിച്ചു കയറി
ദേഹമാകെ വേദനിപ്പിക്കുമ്പോള്‍
നിന്റെ വില മനസ്സിലാകുന്നു,
പ്രിയപ്പെട്ട പുതപ്പേ,

പറിച്ചു മാറ്റുമ്പോള്‍...


Heart aches, like an ember blazes Inside,
When you try hard to ignore,
What you really want to absorb,
Into your soul, in which desires hide.
==================================
ഉള്ളിലൊരു
കനല്‍ചിന്തെരിയുന്ന പോലെ
ഹൃദയം നൊന്തുകൊണ്ടേ ഇരിക്കും.
മോഹങ്ങള്‍ ഒളിപാര്‍ക്കുന്ന
ആത്മാവിലേക്ക് തന്നെ,
വലിച്ചെടുക്കാന്‍
ഏറെ കൊതിക്കുന്നതിനെ
കഷ്ടപ്പെട്ടകറ്റി മാറ്റുമ്പോള്‍...!

മുറിവേറ്റ് മടങ്ങിയവര്‍

അവര്‍ണ്ണതയല്ല,
പിച്ചിച്ചീന്തപ്പെട്ടതും
തൂക്കിലേറ്റപ്പെട്ടതും.
സ്ത്രീത്വമാണ്,
പുരുഷത്വവുമാണ്.
എല്ലാ ഇന്ത്യക്കാരും
സഹോദരീ-സഹോദരന്മാര്‍
എന്നുറക്കെപ്പറഞ്ഞു വളര്‍ന്ന,
നമ്മില്‍,ഉറഞ്ഞു കൂടിയ
ഇന്ത്യക്കാരെന്ന
അഭിമാനമാണ്.

കാലം തെറ്റുമ്പോള്‍..

'മഴ ഒന്നിങ്ങെത്തിയിട്ട് വേണം
വൈകിയതിന്റെ പരിഭവങ്ങള്‍
പറഞ്ഞു തീര്‍ക്കാന്‍'
ഉണങ്ങിയ മരമൊരെണ്ണം
വാടിത്തുടങ്ങിയ ചെടിയുടെ കാതില്‍
വിതുമ്പിക്കൊണ്ട് മൊഴിഞ്ഞു..

തീച്ചൂളകള്‍

സ്വന്തം സ്വപ്നങ്ങളെയെല്ലാം
അടുക്കി വച്ചു ചുട്ടെടുത്ത്
ആരുടെയൊക്കെയോ
സ്വപ്നങ്ങള്‍ക്ക്
കട്ടകള്‍ ഒരുക്കുന്ന തീച്ചൂളകള്‍
ഉള്ളിലുണ്ട്, ചിലരുടെ!

പ്രണയി

ഹൃദയത്തിന്റെ
ഉള്ളിലിരുന്നെരിയുന്ന
വേദനകള്‍ ,
ചുണ്ടുകളില്‍
പ്രാര്‍ത്ഥനയായി
എത്തും മുന്‍പേ ,
ചേര്‍ന്ന് നിന്ന്
കേള്‍ക്കുമവന്‍,
ഉത്തരമൊരിക്കല്‍
തരികയും ചെയ്യും.

ക്ഷമിക്കുക

ഒന്നും ചെയ്യാന്‍ കഴിയില്ല.
ഇവിടെയിരുന്നിങ്ങനെ
വെറുതെ കരയുകയല്ലാതെ.
നന്ദി തോന്നുന്നുണ്ട് നിന്നോട്,
ഇതുവരെയും ഇങ്ങനെയെങ്കിലും
ജീവിക്കാന്‍ കഴിഞ്ഞതിന്.
ഒരു പ്രൊഫൈല്‍ ഫോട്ടോ,
പിന്നൊരു കവര്‍ ഫോട്ടോ,
അതിനൊപ്പമൊരു
കണ്ണീര്‍ പോസ്റ്റും.
അതിലപ്പുറം ,ഒന്നും ചെയ്യാന്‍
കഴിയാതെയാകുന്നെന്ന
വേദന മാത്രം.
ആരും ചെയ്യാനില്ലല്ലോ എന്ന
ദുഃഖം മാത്രം.
നഖം കൊണ്ടൊന്നു
പോറിയാല്‍ പോലും,
വേദനിക്കുന്ന പെണ്ണിന്
ദ്രംഷടകള്‍ ആഴ്ന്നിറങ്ങി
മരിച്ചു പോയവരുടെ വേദന
എങ്ങനെ അറിയാന്‍...

തോല്‍വി

ജീവിതത്തെ
മരണത്തിനൊറ്റിക്കൊടുക്കാന്‍
മനസ്സു ശ്രമിക്കുന്നിടത്താണ്
മനുഷ്യന്റെ പരാജയം.

ഇത്തിരി നേരം

ഒരിത്തിരി തണല്‍,
കുളിര്‍ തെന്നല്‍,
അതുമാത്രമേ വേണ്ടൂ
എല്ലോര്‍ക്കും.
പിന്നെയെല്ലാരും പോകും.
നീയും പോകും.
ഞാനും...

സ്വത്വം

എത്ര തിരഞ്ഞിട്ടും
സ്വയം കണ്ടെത്താന്‍
കഴിയാത്തതു കൊണ്ടാവണം
നമ്മള്‍ പലരും
ഒറ്റക്കായവരെന്നു
നമ്മോടു തന്നെ
പരിതപിക്കുന്നത്,
ജീവിതം
വിരസമെന്ന്
ധരിച്ചു വക്കുന്നതും....

മരം



പൂക്കുവാനും കായ്ക്കുവാനും കഴിഞ്ഞില്ലെങ്കിലും
തണല്‍ വിരിച്ചു നിന്ന് കൊള്ളാം.
എന്നാലും വെട്ടി മുറിച്ചു ,ചീകി മിനുക്കി ,
തിളക്കം വരുത്തി
അലങ്കാരമാക്കി മാറ്റേണ്ട ദയവു ചെയ്ത്.

രാവ്

ഉറക്കം തന്നെന്നെ
മയക്കിക്കിടത്താന്‍
ശ്രമിച്ചുകൊണ്ടേയിരിക്കുന്ന
രാത്രിക്കെന്നോട്
പ്രണയമോ ,അതോ
അനുകമ്പയോ?

കുപ്പി



ജീവിതമെന്ന ലഹരി,
ആവോളമാവേശത്തോടെ
അരുതായ്മകളുടെ
പാനപാത്രത്തില്‍ പകര്‍ന്ന്‍
ഇടതടവില്ലാതെ നുകരും.
കാലിക്കുപ്പിയുടെ ഉള്ളിലെ
അടിത്തട്ടിലെവിടെയോ
ഒടുവിലെ തുള്ളിയെങ്കിലും
നാവു നീട്ടി നക്കുന്ന
അവസാന നിമിഷങ്ങളുടെ
വിഭ്രാന്തിയില്‍
വരണ്ട തൊണ്ടയിലൂടെ
ശബ്ദമില്ലാതെ,
എന്നാലുച്ചത്തില്‍
ഒരവസരം കൂടെ
ഒരിത്തിരി സമയം കൂടെയെന്ന്
വിധിയോടു അലറിച്ചോദിക്കും
നാം മനുഷ്യര്‍.

അതിര്


പറത്തി വിടാം ചിന്തകളെ
ഇഷ്ടം പോലെ പാറട്ടെ
അറ്റത്തൊരു നൂല് കെട്ടി,
ഇങ്ങേയറ്റം പിടിച്ചു വക്കണം,
ഇല്ലെങ്കില്‍
വലിച്ചടുപ്പിക്കാന്‍ നോക്കുമ്പോള്‍
കിട്ടാതെ വന്നാലോ?!

Thursday, 22 May 2014

കിലുക്കം




നിറയെ മണികളുള്ള
കിലുങ്ങുന്ന പാദസ്വരം,
അതിനേക്കാള്‍ കിലുക്കമുള്ള
പൊട്ടിച്ചിരിയും കുറുമ്പും.
ആരും കാണാതെ
അയല്‍പക്കങ്ങളില്‍ കൊഴുക്കുന്ന
കണ്ണാരം പൊത്തിക്കളിയുടെ
ആരവത്തിലലിയാന്‍
പമ്മിപ്പമ്മിപ്പോകും വഴിയില്‍
ച്ചിലും ശബ്ദം കേട്ട്
വഴി മുടക്കാനെത്തുന്ന
ഉരുട്ടിയ കണ്ണുകളും
വെട്ടിയ പേര വടിയും.
പിന്നെ കരച്ചിലും
കണ്മഷി കലങ്ങലും
പിണക്കം കാണിച്ചൊരു
മൂലയിലിരിപ്പും.

ഓട്ടവും വീഴ്ചയും
മുട്ടുകാലില്‍ ചോരയൊലിപ്പിച്ച്
പേടിച്ചരണ്ടു കരച്ചിലും,
അത് വേണം ഇത് വേണമെന്ന്
അവസരം നോക്കാതെ വാശിയും,
തിരക്കിന്റെയിടയിലും
സ്നേഹം പൊതിഞ്ഞു ഉരുളയുരുട്ടി
വായില്‍ വയ്ക്കുന്ന ചോറില്‍,
നാവുകൊണ്ട്
മീന്‍ വറുത്ത കഷ്ണം തിരഞ്ഞു
കിട്ടാതെ വരുമ്പോള്‍ രോഷവും,

ഒറ്റക്കാണെന്നും
കളിക്കാന്‍ കൂട്ടില്ലെന്നും
തന്നോട് തന്നെ
എണ്ണിപ്പെറുക്കുന്ന നാളുകളില്‍
കൂട്ടിനൊരു ഇളയത്
വരുന്നതിന്റെ സന്തോഷം,
അത്ര നാളും എന്തിലും ഏതിലും
പ്രഥമ സ്ഥാനം
എന്ന് കരുതിയോടത്ത്,
പുതുതായോരാള്‍ വന്നിട്ട്
പുന്നാരമൊക്കെ സ്വന്തമാക്കിയത്തില്‍
കെറുവും കുശുമ്പും.

ചിരിയും കുറുമ്പും കുശുമ്പും
കള്ളക്കരച്ചിലും നോവിന്റെ കണ്ണീരും
ഇടക്കൊക്കെ ഇരുട്ടില്‍ വരുന്ന
ഭയപ്പെടുത്തുന്ന പലതും
സ്വപ്നത്തിലണയുന്ന പൂക്കളും
വര്‍ണ്ണങ്ങളും
പ്രേത കഥകളുടെ ബാക്കികളും
കൂട്ടുകാരോടോത്തുള്ള
വീമ്പു പറച്ചിലുകളും,
പിന്നെ,
ഇനിയും ഓര്‍ത്തിട്ടു കിട്ടാത്ത
പറഞ്ഞാല്‍ തീരാത്ത പലതുമാണ്
ബാല്യം,
ഇനിയൊരിക്കലും തിരികെ വരാത്ത
നിറം വാര്‍ന്നുപോയ
ഓര്‍മ്മകള്‍....

Monday, 19 May 2014

യാത്ര



രാത്രിയാത്രയാണ് ജീവിതം
ഓരോ ചുവടു വയ്പിലും
ഒരു വഴി വിളക്കിനെ തേടുന്ന
ഭയ-പരിഭ്രമങ്ങളുടെ
തുടികൊട്ടല്‍ കൂട്ടായ യാത്ര.
അണഞ്ഞു പോകുന്നവയെ
ഭയത്തോടും നിരാശയോടും
നോക്കി തളരുമ്പോള്‍,
ഓര്‍ക്കണം,
എല്ലാ വിളക്കും കെട്ടൊടുങ്ങിയാലും
ഹൃദയത്തിനകത്തൊരു
കെടാ വിളക്കുണ്ട്.
ആകാശ ഭൂമികളുടെയെല്ലാം
വെളിച്ചമായവന്‍
ഉള്ളിന്റെയുള്ളില്‍ നാട്ടിത്തന്ന
വെള്ളി വെളിച്ചം.
നമ്മള്‍ പോലുമറിയാതെ
നാം മൂടി വെച്ച പ്രകാശം.
പൊതിഞ്ഞു വച്ച കറുപ്പിനെ
വലിച്ചെറിഞ്ഞു കളഞ്ഞേക്ക,
പ്രകാശിക്കട്ടെ,
പ്രഭ പരന്നൊഴുകട്ടെ,
ആ വെളിച്ചത്തില്‍
നമ്മളും മുന്നോട്ടു ചലിക്കട്ടെ.
==========================

"അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍ പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്." (വി. ഖുര്‍ആന്‍ 24:35)

വിളക്കുമാടം




കൊടുങ്കാറ്റില്‍ ആടിയുലയുമ്പോഴും
രാക്ഷസ തിരമാലകള്‍
അമ്മാനമാടി പേടിക്കുമ്പോഴും
തകര്‍ന്ന്‍, ആഴങ്ങളിലേക്ക്
താഴ്ന്നു പോകുമോയെന്ന്
ഭയപ്പെടുമ്പോഴുമെല്ലാം
അങ്ങകലെയിരുട്ടില്‍
ഒരു വിളക്കു മാടമുണ്ടെന്ന്
പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു,
എങ്ങനെയെങ്കിലും തീരമണയുമെന്ന്
മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
ഇപ്പോഴിതാ എത്ര അലഞ്ഞിട്ടും
കണ്ടെത്താനാവാത്തത്ര ദൂരത്തേക്ക്
കൂറ്റന്‍ തിരമാലകളെന്നെ
വലിച്ചെറിഞ്ഞു കൊണ്ടേ ഇരിക്കുന്നു.
അകലമിങ്ങനെ നമുക്കിടയില്‍
വളര്‍ന്നുകൊണ്ടേ ഇരിക്കുന്നു.
ഇനിയെന്ത് , ഇനിയെന്ത് എന്ന്
അടര്‍ന്നു തുടങ്ങിയ ഭാഗങ്ങളെന്നോട്
ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍,
എനിക്കുത്തരം ഒന്നേയുള്ളൂ.
രാത്രിയെ തോല്‍പ്പിച്ച്,
തെളി വെളിച്ചവുമായി,
സൂര്യനുദിക്കാന്‍ കാക്കാം.
മുഴുവനും ചിതറി
അഗാധങ്ങളിലേക്ക് പതിക്കും മുന്നേ...

ചിറക്



ഉയര്‍ന്നു പറന്നിട്ടൊരു
രക്ഷ നേടലില്ല
താഴ്ന്നു പാറിയാലും
വിജയമില്ല.
ഇകാറസിന്റെ ചിറകുകളെ
ഓര്‍മ്മയില്ലേ?
ഉരുക്കി കളയാന്‍
ഉയരങ്ങളില്‍ സൂര്യനും
ഈര്‍പ്പത്താല്‍ നനച്ച്
വിഴുങ്ങിയെടുക്കാന്‍
സമുദ്രത്തിന്റെ
അഗാധ ഗര്‍ത്തങ്ങളുമുണ്ട്.
സ്വപ്നങ്ങളും കണ്ണീരും
കൂട്ടിത്തുന്നിയ ചിറകുകള്‍
അമിതാവേശത്തിനെ
പുണരാനുള്ളതല്ല.
അപകര്‍ഷതയാല്‍
താഴാനുമല്ല.
മിതമായി പറക്കാമല്ലോ.
മതിയാവോളം
നന്മ നേടാമല്ലോ.

സത്യം

എവിടെയോ മറഞ്ഞിരിക്കുന്ന
ആ രൌദ്ര സത്യത്തെക്കാള്‍
എത്രയോ ഭയാനകമാണ്
നിന്നില്‍ നിന്നും എന്നെ
പറിച്ചു മാറ്റുമോ എന്ന
അലട്ടിക്കൊണ്ടേ ഇരിക്കുന്ന ചോദ്യം

മറുവശം



"കീബോര്‍ഡിലെ
തെളിഞ്ഞു കാണുന്ന
വിരുന്നു വന്ന അക്ഷരങ്ങളില്‍
വേഗത്തില്‍ അമരുന്ന
വിരലുകള്‍,
യൂണിക്കോഡ് ഫോണ്ടുകളില്‍
ഒളിഞ്ഞിരുന്നും മറഞ്ഞിരുന്നും
ബഹളം കൂട്ടിയും
വിസ്മയം തീര്‍ത്തും
വിപ്ലവമെഴുതിയും
വിടുവായത്തങ്ങള്‍ എഴുതിക്കൂട്ടിയും
ഒരുപാട് ചിന്തകളെ
ഒഴുക്കി വിട്ടും
മത്സരിച്ചും പാരവെച്ചും
പുകഴ്ത്തിയും തളര്‍ത്തിയും
വീണും വീഴ്ത്തിയും
മുന്നേറുമ്പോള്‍
അതേ വിരലുകള്‍
മനസ്സിനോട് പറയുന്നു,
പേന പിടിച്ച്
എഴുതിയ കാലം മറന്നിരിക്കുന്നു.
മനസ്സു വിരലുകളോട്
രഹസ്യമായി പറയുന്നു,
സ്വന്തം കയ്യക്ഷരം
മറന്നു തുടങ്ങിയിരിക്കുന്നു.
പണ്ടെന്നോ എഴുതിപ്പഠിച്ച
വടിവൊത്ത അക്ഷരങ്ങള്‍
കയ്യിലോതുങ്ങാതെ
തെന്നി മാറുന്നു"
കണ്ണുകള്‍ കൊണ്ട്
ഒപ്പിയെടുക്കുന്ന വായനയെ
വിരലുകളും കീബോര്‍ഡും
പങ്കുവെച്ചെടുത്തപ്പോള്‍
ഉള്‍ക്കോണില്‍ ഇരുന്നാരോ
പതുക്കെ പറഞ്ഞത്.

കടലാസ്.



ഇടക്ക് മാത്രം വന്നു
ഒന്നോ രണ്ടോ വരകള്‍
എന്റെ ഹൃദയത്തില്‍ തന്നെ
അമര്‍ത്തി വരച്ച്, നോവിച്ച്,
എന്തിനാണിങ്ങനെ?
മുഴുവനുമങ്ങ്
വരച്ചു തീര്‍ക്കാതെ
എന്തേ ഇടയ്ക്കു മാത്രം?
എഴുതി തീര്‍ക്കാന്‍
കഴിയില്ലെന്നറിഞ്ഞതിനെ
എന്തിനാണെന്റെ മേല്‍
ഒരു മുറിവായ്‌
ഉണങ്ങാത്ത നോവായ്‌
തുടങ്ങി വക്കുന്നത്?
തുടര്‍ച്ചയില്ലാത്ത സ്വപ്നങ്ങളെ
ഇടയ്ക്കു മാത്രം വന്ന്
ചൊരിഞ്ഞു പോകുന്നത്?
നീ തന്നിട്ട് പോയ
കറുത്ത വരകളും
മുഷിഞ്ഞ ഈ നിറവും മാത്രം
ബാക്കിയായി കിട്ടുന്ന
ഒന്നുമില്ലാത്ത ഒടുക്കം
ഞാനിന്നു ഭയക്കുന്നുണ്ട്
വല്ലാതെ.

കീറി കഷ്ണങ്ങളാക്കി
വലിച്ചെറിഞ്ഞു കളഞ്ഞൂടായിരുന്നോ?
മുഴുമിക്കാനൊക്കാത്തതിനെ
തുടങ്ങി വക്കും മുന്‍പേ?

അനിവാര്യം

അടുത്തുണ്ടെന്നു
ആണയിട്ടു പറഞ്ഞാലും
തുണയാകുമെന്നു
പറയാതെ മൊഴിഞ്ഞാലും
ചില അകല്‍ച്ചകള്‍
ജീവിതത്തിന്റെ
അനിവാര്യതയാണ്
എത്ര വേണ്ടെന്നു വച്ചാലും
വിട്ടു നില്‍ക്കാതെ
നിവൃത്തിയില്ലാതാകും.
ഒഴിഞ്ഞു മാറി
അകന്നു പോകേണ്ടി വരും.
ചാര്‍ത്തിക്കൊടുക്കാന്‍
പേരുകള്‍ വേറൊന്നും
കിട്ടാതെ വന്നതോണ്ടാകും
സൌഹൃദമെന്നു നാം
പേരിട്ടു വിളിച്ചതിനു
നടുവിലായ്,
നമുക്കിടയിലായ്,
അദൃശ്യമായൊരു മതില്‍
തനിയെ ഉയര്‍ന്നു വരും.
അനിവാര്യത മാത്രം.
ചിലപ്പോള്‍
നിസ്സഹായതയും.

അവസാന വാക്ക്




പറഞ്ഞു പിരിയാമായിരുന്നിട്ടും
നല്ലതിന്റെ കുരുക്കുകള്‍
അഴിച്ചു കളഞ്ഞിട്ടെങ്കിലും
സുഖത്തിന്റെ കറുപ്പില്‍
നിനക്കഴിഞ്ഞാടാമായിരുന്നിട്ടും
എന്തിനാണിവിടെ
രക്തമൊഴുക്കിയത്?
എന്തിനാണീ മാതൃത്വത്തെ
ഇങ്ങനെ അപമാനിച്ചത്?
ഒരു കുഞ്ഞു തുമ്പിയെപ്പോലെ
നിനക്ക് ചുറ്റും പാറി നടന്ന
നൈര്‍മ്മല്യത്തിന്റെ
ചിറകു മുറിച്ചല്ലോ നീ.
ചേതനയെടുത്ത് കളഞ്ഞല്ലോ.
ചോര ചീറ്റി പിടഞ്ഞു തീരുന്ന
അവസാന നിമിഷത്തിലും
വിളിച്ചു പോയ നാമം
നിന്റേതു തന്നെ ആയിരുന്നിരിക്കണം.
'അമ്മേ' എന്ന്,
ആദ്യത്തെ വാക്ക്,അവസാനത്തേതും.

Wednesday, 16 April 2014

ഭാവം



നടപ്പാതയുടെ ഓരത്ത് ഒരു തുണ്ട് തുണി മാത്രമുടുത്ത് കിടക്കും അയാള്‍. ഞാന്‍ കാണുമ്പോഴൊക്കെ ആ കറുത്ത ശരീരം ഈ ലോകത്തില്ലാത്ത പോലെ ഉറക്കത്തിലായിരിക്കും. വ്രണങ്ങള്‍ പഴുത്ത കയ്യിലും കാലിലും ഈച്ചകള്‍ പറന്നും ഇരുന്നുമിരിക്കുന്നു. ഓരോ ദിവസവും അയാളെ കടന്നു പോകുമ്പോള്‍ വല്ലാത്ത ഒരസ്വസ്ഥതയോടും അത്ര തന്നെ സഹതാപത്തോടും കൂടെ നോക്കി കടന്നു പോകും. എല്ലാവരുടെ കണ്ണുകളിലും ഒരേ ഭാവം. വ്രണങ്ങള്‍ മൂടിയ അര്‍ദ്ധ നഗ്നമായ ആ മനുഷ്യ ശരീരത്തിന് മുന്‍പില്‍ വിരിച്ചിട്ട തുണിയില്‍ നാണയത്തുട്ടുകളും ഉണ്ടാകും. വിരലുകള്‍ പോലും ഇല്ലാത്ത അയാളെങ്ങനെ ആ തുണിയിലെ നാണയങ്ങളുംകൊണ്ട് അടുത്തിരിക്കുന്ന ചക്രമുള്ള പലകയിലിരുന്നു നിരങ്ങി പോകുമെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിരുന്നു.
ഒരിത്തിരി നേരത്തേക്കുള്ള എന്റെ ഭാവനയുടെ സഞ്ചാരം. പിന്നെ ഓഫീസ്, വീട്, എന്റെ തിരക്കുകള്‍, എന്റെ ലോകങ്ങള്‍...അതില്‍ മുഴുകി ഞാന്‍..
രണ്ടു മാസം മുന്പ് വാങ്ങിയ മണികള്‍ തൂക്കിയ, ഉള്ളിലും പുറത്തുമായി ഒരുപാട് കീശകളുള്ള എന്റെ ഹാന്‍ഡ് ബാഗില്‍ ഏറ്റവും ഉള്ളിലെ കള്ളിയിലാണ് ഞാന്‍ പൈസ കരുതാറുള്ളത്. തൊങ്ങലുകളും ഞൊറിയലുകളുമുള്ള എന്റെ മറൂണ്‍ കളറിലെ പൊങ്ങച്ച ബാഗില്‍ എച്ചില്‍ പോലെ ബാക്കി വരുന്ന ചില്ലറകള്‍ അലക്ഷ്യമായി ഇട്ടതു ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതേ കനം കൂടിയതില്‍ അത്ഭുതമൊന്നും തോന്നിയില്ല. അല്ലെങ്കിലും നമുക്കൊക്കെയെന്നും നോട്ടുകളോടാണല്ലോ പ്രിയം. കണ്ടക്ടര്‍ക്കു പോലും പുച്ഛത്തിന്റെ പേരില്‍ ചില്ലറ കൊടുക്കാത്ത സാധാരണക്കാരിയായതോണ്ടും കൂടിയാകാം. എന്നാലും കയ്യെത്തിച്ച് തുട്ടുകള്‍ പെറുക്കാന്‍ വല്ലാത്ത മടി തന്നെയുണ്ട്.വേഗത്തിലുള്ള നടത്തത്തിനിടയില്‍ ഉള്ളിലേക്ക് കയ്യിട്ടു ചില്ലറ തപ്പിയെടുത്ത് പുറത്തെടുത്തു നോക്കി അതെത്ര രൂപയാണ്, രണ്ടോ , മൂന്നോ, എന്ന് തിട്ടപ്പെടുത്തല്‍ മാത്രമല്ല ആ ഭിക്ഷക്കാരന്റെ മുന്‍പിലെ തുണിയിലേക്കിടാന്‍ ഞാന്‍ പ്രയാസമായും ഒഴികഴിവായും കണ്ടത്. ചുറ്റുമുള്ള ആളുകള്‍ ഒരു നിമിഷം നടത്തം പതുക്കെയാക്കി ചില്ലറയിടാന്‍ കൈ നീട്ടുന്ന എന്നെ ശ്രദ്ധിക്കുമല്ലോ , അവര്‍ കാണുമല്ലോ എന്നാ എന്തോ ഒരു വല്ലായ്കയും കൂടിയായിരുന്നു.

ആ വല്ലായ്ക തന്നെയാണ്, ബസ് കാത്തു നില്‍ക്കുമ്പോള്‍ ഓരോരുത്തരുടെയും മുന്‍പില്‍ വന്നു മുഖത്തേക്ക് നോക്കി കൈ നീട്ടി നില്‍ക്കുന്ന കൂനുള്ള വൃദ്ധയുടെ നേരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബസ് വരുന്നുണ്ടോ എന്ന് മാത്രം ശ്രദ്ധിച്ചു നില്‍ക്കാറുള്ളതും. ഇടം കണ്ണിട്ടു നോക്കുമ്പോഴും അവരുടെ മുഖത്തു സങ്കടമോ ദൈന്യതയോ ഒന്നും കാണാറില്ല. നിറഞ്ഞ നിര്‍വ്വികാരത മാത്രം.
അപ്പോഴാണ്‌ ഇന്ന് വരെയും ഭിക്ഷ ചോദിച്ചു വഴിയോരത്തിരിക്കുന്ന മനുഷ്യ ജീവികളുടെ കണ്ണുകളിലോ മുഖത്തോ ഒരു ഭാവവും എനിക്കിത് വരെയും വായിച്ചെടുക്കാന്‍ കഴിഞ്ഞില്ലാ എന്നാ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.
അന്ന് ഒരിത്തിരിപ്പോന്ന പെണ്‍കുട്ടിയുടെ ഒക്കത്തിരുന്ന ചെളിപിടിച്ച വസ്ത്രം ധരിച്ച കുഞ്ഞിന്റെ മുഖത്തും അവനെ എടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്തോ അടുത്തു കൈനീട്ടിയിരിക്കുന്ന മെലിഞ്ഞുണങ്ങിയ പെണ്ണിന്റെ മുഖത്തോ പേരിട്ടു വിളിക്കാവുന്ന ഒരു തരം ഭാവവും കണ്ടെത്താന്‍ കഴിയാതിരുന്ന അന്നത്തെ രാത്രിയിലാണ് ഇക്ക ഉറങ്ങുമ്പോള്‍ മുറിയിലെ ലൈറ്റ് ഇട്ടു കണ്ണാടിയില്‍ നോക്കി ഞാന്‍ നിന്നത്. അന്നാണ് എനിക്കാ സത്യം മനസ്സിലായത്. എന്റെ മുഖത്തും ഒരു ഭാവവും ഇല്ല. നിര്‍വ്വികാരത മാത്രം. നടുക്കത്തോടെ ഞാനത് തിരിച്ചറിയുമ്പോള്‍ ഓടിച്ചെന്നു ഞാന്‍ അപ്പുറത്തെ മുറിയിലെ കട്ടിലില്‍ ചെറു പുഞ്ചിരിയില്‍ ഉറങ്ങുന്ന എന്റെ പൊന്നു മക്കളെ നോക്കി.

ഭിക്ഷാടകരായ ഓരോരുത്തരുടെയും ചിരി മാഞ്ഞു പോയ കുട്ടികളുടെ മുഖങ്ങള്‍ എന്റെ ഓര്‍മ്മയിലേക്ക് വന്നു. എന്റെ പൊന്നു മക്കളുടെ മുഖത്തും നേരത്തെ കണ്ണാടിയില്‍ ഞാന്‍ കണ്ട എന്റെ നിര്‍വ്വികാരത ഇന്നുള്ള പുഞ്ചിരിയെ കീഴടക്കി അവിടെ സ്ഥാനം പിടിച്ചു പോകുന്ന ദുരന്തം.. അതിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്നേ ഉണ്ടായിരുന്നില്ല.
ആ നിമിഷം തന്നെയായിരുന്നു. അന്ന് വരെ എന്നെ പൊതിഞ്ഞു നിന്ന നിര്‍വ്വികാരത കണ്ണീരായും പ്രാര്‍ത്ഥനയായും ഒഴുകി പുറത്തു പോയതും... അന്നത്തെ രാത്രി എന്റെ ഉറക്കം പോയതുകൊണ്ടാണ് ഞാന്‍ പിന്നത്തെ പ്രഭാതം മുതല്‍ ചില്ലറകള്‍ വാരിക്കൂട്ടി കയ്യെത്തുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതും, ഇടം കണ്ണിട്ടല്ലാതെ നീളുന്ന കൈകള്‍ക്കും , ഉയരുന്ന മുഖങ്ങള്‍ക്കും നേരെ നോക്കാന്‍ തുടങ്ങിയതും. മുഖത്തു ഞാന്‍ പോലുമറിയാതെ ഏതോ പുഞ്ചിരി വിരിയുന്നതായി എനിക്ക് തോന്നാന്‍ തുടങ്ങിയതും. . . . . . .

തളരാതെ...

വേദന ഏറെ തന്നുള്ള 
അമ്പുകളും മുറിവുകളും
തകര്‍ച്ചകളും ഇടര്‍ച്ചകളും 
നന്മയൊളിപ്പിച്ച് വച്ച
പരീക്ഷണങ്ങളാവെ
തോറ്റോടുവതെങ്ങനെ,
തടുക്കുന്നതെങ്ങനെ?
വേച്ചു വേച്ചാണെങ്കിലും 
നടക്കുക തന്നെ..

Saturday, 5 April 2014

നിശബ്ദ



ആദിത്യനെന്നും
ആഴിയില്‍
മുങ്ങിയസ്തമിക്കുന്നെന്നതു
കെട്ടുകഥ മാത്രമായത്
എത്രയോ നന്നായി.
അല്ലെങ്കില്‍,
ചക്രവാളത്തിനപ്പുറം
ഇരുണ്ടു,കരുവാളിച്ച്
ഒരിത്തിരി ഭാഗമുണ്ടാകും .
എന്നും
ചൂടന്‍ സൂര്യന്‍
വന്നു മുങ്ങുന്നിടം,
മയങ്ങിക്കിടക്കുന്നിടം.
ചൂടും ചൂരുമൊക്കെ
ഏറ്റു വാങ്ങി
കറുത്ത് പോയൊരു
കടല്‍ ഭാഗം.
ചക്രവാളത്തിനുമപ്പുറം,
ആരുമറിയാതെ കിടന്നേനെ.

തെന്നല്‍



നിറം ചോര്‍ത്തിക്കളഞ്ഞ
ചേലയും ചുറ്റി,
കോതിയൊതുക്കാത്ത
മുടിയിഴകളെയൊന്നു
പരിഗണിക്കപോലും ചെയ്യാതെ
ഒരു വിധവയെപ്പോലെ,
അലസമായി നീയിതെങ്ങോട്ടാണ്.

നീ സഞ്ചരിക്കുന്ന വഴിയുടനീളം
അന്നൊക്കെ നീ കേട്ടിരുന്നത്
സന്തോഷത്തിന്റെ ശബ്ദങ്ങള്‍.
നിറ സൌന്ദര്യമാര്‍ന്നൊരു
കന്യകയെപ്പോലെ
കളിച്ചു, ചിരിച്ച്,നൃത്തം ചവിട്ടി ,
ചിരി മര്‍മ്മരം കേള്‍പ്പിച്ചു
എല്ലാരേമൊന്നു വട്ടം ചുറ്റി
നീ പോകുമ്പോള്‍,ഓര്‍ക്കുന്നില്ലേ,

അന്നൊക്കെയവര്‍ പുഞ്ചിരിച്ചിരുന്നു.
നിന്നെ സ്നേഹിച്ചിരുന്നു.

ഇന്നെന്തേ ഇങ്ങനെ?
ചിരിയില്ലാതെ, ചന്തമില്ലാതെ
എന്തിനാ ഇങ്ങനെ ഒഴുകുന്നത്
നിന്നെത്തന്നെ നീ എന്തെ
സ്നേഹിക്കാതെ പോകുന്നു?

ഇത്ര മാത്രം വര്‍ണ്ണമറ്റ്,
നിശബ്ദയായതുകൊണ്ടല്ലേ
ഇന്നവര്‍ നിന്നെക്കയറ്റാതെ
കിളിവാതിലുകള്‍,
സാക്ഷയിട്ടുറപ്പിക്കുന്നത്,
നിന്റെ സാമീപ്യമൊന്നു
ശ്രദ്ധിക്കപോലും ചെയ്യാത്തത്.

ആരാണ് നിന്നിലെ നിന്നെ
നിര്‍ജ്ജീവമാക്കിയത്?

മഴവില്ലിനോട്‌ പറയൂ,
നിന്റെ ഉടയാടകള്‍ക്കല്പം
നിറം പകരാന്‍,
മുല്ലവള്ളിയോട് , വിരിയാന്‍ തുടങ്ങുന്ന
മൊട്ടുകള്‍ ചോദിക്കൂ,
നിന്റെ വാര്‍മുടിയലങ്കരിക്കാന്‍.
ചുണ്ടിലൊരല്പം പുഞ്ചിരി വരുത്താന്‍
നിന്റെ പ്രിയപ്പെട്ടവനെപ്പറ്റി ഓര്‍ക്കൂ.
അവന്റെ സ്നേഹത്തെപ്പറ്റി,
അവന്റെയീ ലോകത്തെ
നന്മകളെപ്പറ്റി ചിന്തിക്കൂ.

ഇനി നീ പോകൂ,
കുളിര്‍മ്മയായി ,
മരുഭൂമികളാകുന്ന മനസ്സുകളില്‍
പരിമളം പരത്തുന്ന തെന്നലായി.....

ഡെസ്ക്



കൂര്‍ത്ത മുനയുള്ള
കോമ്പസ്സ് കൊണ്ട്
കുത്തി വരഞ്ഞ്,
അതിനും മേലെ
മഷി കൊണ്ട് കടുപ്പിച്ചു
പ്രണയത്തിന്‍റെ
പേരെഴുതി വക്കുമ്പോള്‍
ഡെസ്കിനു വേദനിച്ചു കാണണം.
മരം കൊണ്ടുള്ള
ആ മേനിയില്‍
നോവ്‌ പടര്‍ന്നപ്പോള്‍
ഹൃദയം കൊണ്ട്
ശപിച്ചു കാണണം.
അതുകൊണ്ടാവാം
ഇവിടെയീ
ഇടതുവശത്ത്
തീരാത്ത നീറ്റല്‍.

പിശാചിന്റെ കൂട്ടുകാരനോട്..



ചില നേരങ്ങളില്‍
ചില നിലവിളികള്‍
കൂടെ വന്നു
ചെവിയില്‍ അലയടിച്ചു
സ്വസ്ഥത കളയാറില്ലേ,
തളം കെട്ടിയ കണ്ണീരില്‍
കാല്‍ തെന്നി
വീണു പോകാറില്ലേ?
രക്ഷപ്പെടാനായി
പിടഞ്ഞെണീറ്റോടുമ്പോള്‍
ഇതൊക്കെയൊന്നു
നിലച്ചു കിട്ടണേയെന്ന
ഇന്നത്തെ പ്രാര്‍ത്ഥനകളൊന്നും
അന്ന് കൂടെ നിന്ന
പിശാചു പക്ഷെ
കേള്‍ക്കുന്നേ ഇല്ല അല്ലെ?
അല്ലെങ്കിലും
അതങ്ങിനെത്തന്നെയാണ്.
ഏത് വഴിയെ പോയാലും
എത്ര ചിരിക്കോട്ട കെട്ടി
അതിനുള്ളിലിരുന്നു സുഖിച്ചാലും
ചില ശാപങ്ങള്‍,കുറെ നോവുകള്‍,
ചില വിതുമ്പലുകള്‍ ,
ഒരുമിച്ചു
ഇഴഞ്ഞിഴഞ്ഞു വന്നു
കാലില്‍ ചുറ്റി വലിച്ചിടും.
കാരണം,
അവയെ വഹിക്കുന്നത്
നിന്റെ കൂട്ടുകാരന്റെ
കറുത്ത കൈകളല്ല എന്നത് തന്നെ

വിഡ്ഢി

ആരുമല്ല...
ഒന്നുമല്ല...
എന്നിട്ടുമെന്തിനാണീ 
ഹൃദയം 
വിങ്ങുന്നത്?
വിഡ്ഢിയായത്കൊണ്ടോ?

ഒരേ ചിന്തകള്‍




കൂട്ടമായ് കൊത്തിപ്പെറുക്കുന്ന
കറുമ്പന്‍ കാക്കകളെ
വെറുതെ നോക്കിയിരിക്കുമ്പോഴാണ്,
അതില്‍ നിന്നും മാറി ,
പഴയ കെട്ടിടത്തിന്റെ
ചൂട് കൊണ്ട് പഴുത്ത,
മേല്‍ക്കൂരയുടെ അരുകില്‍
വെയില്‍ തിന്നു അനങ്ങാതെ
മൌനിയായിരിക്കുന്ന കാക്ക.
എന്നോ വഴി തെറ്റിയെന്നെപ്പോലെ
വന്നുപെട്ടതാകാമിവിടെ ,
വരുത്തന്‍ കാക്ക.
പണ്ടേ ഉപേക്ഷിച്ച നാടിന്റെ
പച്ച നിറമുള്ള ഓര്‍മ്മകളെ
ധ്യാനിക്കുകയാവും അത്.
അന്ന് മുറിച്ചു കളഞ്ഞ
ചില ചരടുകളുടെ ചിന്തകള്‍
കഴുത്തു മുറുക്കി വല്ലാതെ
ശ്വാസം മുട്ടിക്കുന്നുണ്ടാകും.
ഈ വരണ്ടുണങ്ങിയ
അപരിചിതത്വത്തിന്റെ ലോകത്ത്,
അവജ്ഞ സഹിച്ച്,
ഓര്‍മ്മകളില്‍ ഉരുകി,
ഒരു പരദേശി കാക്ക.

Monday, 10 March 2014

സ്ത്രൈണം

ഗതി

ഈ ഒഴുക്ക്,
ഇതെങ്ങോട്ടാണ് എന്നെയിങ്ങനെ
വലിച്ചുകൊണ്ട് പോകുന്നത്
പിടിച്ചു നില്‍ക്കാന്‍
ഞാന്‍ എത്തിപ്പിടിക്കുന്ന
വള്ളികളില്‍ നിന്നും
എന്നെ അടര്‍ത്തിയെടുക്കുന്ന
ശക്തിയേതാണ്
എവിടേക്കാണീ ഒഴുക്ക്
ചിതറിച്ചു കളയാനുള്ലൊരു
അഗാതതയിലേക്കോ,
നീന്തിത്തുടിക്കാനൊരു
തെളിഞ്ഞ ശാന്തതയിലേക്കോ?
എവിടെക്കാണീ
നിലയില്ലാത്ത ഒഴുക്ക്?!

ഒരുമിച്ച്..

ഓരോ അണുവിലും
നിറയുന്ന വേദന
ദേഹത്തെ തളർത്തുന്നത്
കണ്ടു സഹിക്കാഞ്ഞാവും
രോമങ്ങളോരോന്നും
എഴുന്നേറ്റു നിന്നു
നമുക്കായ് പ്രാർത്ഥിക്കുന്നത്.....

രഹസ്യം

ആര്‍ക്കും കയ്യെത്തിപ്പിടിക്കാന്‍
പറ്റാത്തത്ര ഉയരത്തില്‍
എടുത്തു വച്ചിരിക്കുന്നു
ഞാനാ രഹസ്യത്തെ.
ഇവിടെ നിന്നും എന്റെ ആത്മാവ്
പറന്നുയരുമ്പോള്‍
ആ സത്യത്തെയും
കയ്യിലെടുത്തുകൊണ്ടാകും
ഞാന്‍ പോവുക.
നിന്നിലെക്കുയരുമ്പോള്‍
നിനക്ക് മാത്രം അറിയ്യുന്ന
ആ രഹസ്യം കൊണ്ട്
നീ എന്നെ പുതപ്പിക്കണം.
ഒരു നനുത്ത തെന്നല്‍ കൊണ്ടെന്റെ
നെറുകയില്‍ ചുംബിക്കണം
എന്റെ സത്യത്തെ
നീ മാത്രം അറിയണം.

Sunday, 9 March 2014

തുടക്കം


പൊക്കം കൂടിയ മതിലിനും
കനത്തു നില്‍ക്കുന്ന
മേല്ക്കൂരക്കും അപ്പുറം
വിശാലമായി ആകാശമുണ്ട്.
തുരന്നു തുരന്നു പുറത്തു കടക്കണം.
ഒടുക്കമല്ലാ അത്, തുടക്കമാണ്
തെളിഞ്ഞ വിഹായസ്സിലേക്കുള്ള
യാത്രയുടെ ആരംഭം.

Tuesday, 25 February 2014

നല്ല 'പാതി'


ഈ ഹൃദയത്തില്‍ 
നിന്നെ ഞാന്‍ ഖബറടക്കുകയാണ്.
മുഴുവനായല്ല കേട്ടോ
നിറഞ്ഞ സ്നേഹം 
എനിക്കായ് പകുത്തു തന്ന,
ആ നല്ല ഭാഗമുണ്ടല്ലോ,
നിന്റെയാ ചുവന്ന
ഹൃദയത്തിന്റെ നന്മ ഭാഗം.
എന്നില്‍ മോഹമായി നിറഞ്ഞ
എന്റെ മാത്രമായി ഒട്ടി നിന്ന
സ്നേഹപ്പകുതി.
ആഗ്രഹമുണ്ടായിട്ടല്ല,
പക്ഷെ നീ മരിച്ചു കഴിഞ്ഞിരിക്കുന്നു.
ആ ഖബറിന്റെ ചാരെ 
എന്റെ കണ്ണീര്‍ വീണു 
നനഞ്ഞ മീസാന്‍ കല്ല് നാട്ടും.
തലക്കല്‍ ഞാന്‍ നടുന്ന 
ചെടിയില്‍ നിന്നും 
നമ്മുടെ പ്രണയത്തിന്റെ 
പൂക്കള്‍ വിരിയും.
നോവേറെയുണ്ട്, 
എന്നാലും നീയെന്നും 
എന്റെ ഹൃദയത്തില്‍ തന്നെ 
അന്തിയുറങ്ങുമല്ലോ...
മറ്റേ പകുതിയുണ്ടല്ലോ 
നല്ലപാതിയാക്കാമെന്നു
വെറും വാക്ക് തന്നിട്ട്
എന്റെ പ്രണയ രക്തമിങ്ങനെ 
ഊറ്റിയൂറ്റി കുടിച്ചു തീര്ത്ത് ,
തീരാ വ്യഥയിലേക്കെന്നെ
വലിച്ചെറിഞ്ഞു പോയ
ആ ക്രൂര ഭാഗം,
വെറുത്തു കൊണ്ടേയിരിക്കും.
ഞാനറിയാതെയാണെങ്കിലും.
ഒടുക്കം വരെ ,
ആ ചതിയുടെ നടുക്കത്തില്‍ ....

ചോദ്യങ്ങള്‍


തന്‍കുഞ്ഞ്



ആറ്റുനോറ്റ് കാത്തിരുന്ന
കുഞ്ഞുങ്ങളെ
മുട്ടക്കുള്ളില്‍ വച്ചു തന്നെ
എറിഞ്ഞുകൊന്നവനെ
കൊത്താതെ വിടില്ലൊരു
ഹൃദയമുള്ള കാക്കയും.
പണ്ടെന്നോ,
രണ്ടു വറ്റ് എറിഞ്ഞു തന്ന
നന്ദിയുടെ പേരിലായാലും
കൊത്താതെ വിടില്ല
കൂടെയുള്ള കാക്കകളും.
ആഞ്ഞാഞ്ഞു കൊത്തും.
കവണയില്‍ നിന്നാഞ്ഞു വരുന്ന
കല്ലേറു കൊണ്ട്
ചത്തു വീഴും വരെ.
എറിഞ്ഞു കിട്ടിയ രണ്ടു വറ്റ്,
കാത്തു വച്ച പൊന്‍കുഞ്ഞ്.
ചിന്തിച്ചാലറിയാം,
ഏതാണ് വലുതെന്ന്‍....

രാത്രി



കാഴ്ച കാണാന്‍
ട്രെയിനിന്റെ
വിന്‍ഡോ സീറ്റ് കൊതിച്ച്
കാത്തിരുന്നു കുറെ നേരം.
ഒടുവിലത് കിട്ടിയപ്പോള്‍
ജനാലക്കപ്പുറത്തു
മൂടി നില്‍ക്കുന്ന
ഇരുട്ട് മാത്രം.

മുത്ത്.

ഓര്‍മ്മയായ് പോലും
വരാതിരിക്കുക,
കണ്ണീര്‍ മുത്തുകളോരോന്നും
വീണു ചിതറി
ഒരായിരം ശാപങ്ങളായി
മാറാതിരിക്കാന്‍ .............

ചിരി

ഇക്കിളി കൂട്ടിയും,
തമാശകള്‍ പറഞ്ഞു
ചുറ്റുമുള്ള പലതും
നമ്മെ ചിരിപ്പിക്കാന്‍ നോക്കും,
തോറ്റു കൊടുത്തേക്കണം,
നിറഞ്ഞു ചിരിച്ചേക്കണം.
ഇടനെഞ്ചിലെ നോവ്‌
അങ്ങനെയെങ്കിലും
കവിഞ്ഞൊഴുകട്ടെ....

വിലാപം


ഇനിയും കുഴിച്ചു മൂടാന്‍ ഞാന്‍
വിസമ്മതിക്കുന്നതിനാലാകാം,
കിനാവുകള്‍ ഓരോന്നായി
എന്റെ ഹൃദയത്തിന്റെ
അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്നത്.
മനുഷ്യനെ മുഴുവനായി മൂടുമ്പോള്‍
മണ്ണിനു നോവാറുന്ടാകുമോ,
പിന്നെന്തിനാണെന്റെ
ഹൃദയമിങ്ങനെ വേദനിക്കുന്നത്.

മൌനം

കൂര്‍ത്ത മുനയുള്ള
ആയുധമാണ് മൌനം,
ചിലപ്പോളാവട്ടെ,
നിറഞ്ഞു കവിയുന്ന
നല്ല സ്നേഹവും..

Sunday, 19 January 2014

കടല്‍



കാലൊന്നിടറി വീണുപോയാല്‍
വിഴുങ്ങാന്‍ കാത്തു നില്‍ക്കയാണ്‌
കറുത്ത കടല്‍ ,
ഇരമ്പിയാര്‍ക്കുന്ന കടലിനറിയില്ല
ഇത് വരെ കൂട്ടിവച്ച,
ഒരിക്കലും നടക്കാത്ത
മോഹങ്ങളെയും സ്വപ്നങ്ങളെയും
മുക്കിക്കൊല്ലാനാണ്
ഇത്ര നേരമായും ഞാനിവിടെ
ഈ മുനമ്പില്‍ വന്നു നില്‍ക്കുന്നതെന്ന്...

എനിക്ക് വേണ്ടി.



എന്റെ ഹൃദയത്തെ
വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന
അദൃശ്യ വള്ളിയെ
മുറിച്ചു കളഞ്ഞെനിക്ക് ശ്വസിക്കണം.
ശാന്തമായി സ്വച്ഛമായി
വേദനകളില്ലാതെ ഉറങ്ങണം
നീയെന്റെ അടുത്തു തന്നെ
ഇരിക്കണം.
കണ്ണടക്കുമ്പോള്‍
കറുത്ത സത്വമായി ഇരച്ചു വരുന്ന
ദുഷിച്ച സ്വപ്നങ്ങളെ
വെളുപ്പ്‌ കൊണ്ട് മൂടിത്തരണം
നീയെന്റെ അടുത്തുതന്നെ വേണം.
ഒറ്റപ്പെടലിന്റെ
മുനമ്പിലെത്തുമ്പോള്‍ മാത്രം
നിന്നെ സ്മരിക്കുന്ന
നന്ദിയില്ലാത്തവളാണ്
ഞാനെന്നറിയാം.
എങ്കിലും നീ,
എന്നെ കൈവിടാതിരിക്കണം
എന്റെ അടുത്തു തന്നെ
എന്നെ പൊതിഞ്ഞു തന്നെ നില്‍ക്കണം.
ഞെരുക്കി വേദനിപ്പിക്കുന്നതിനെയെല്ലാം
എടുത്തു കളയണം.
എന്റെ കൂടെത്തന്നെ വേണം.
എനിക്ക്,
വേദനകളില്ലാതെ ഉറങ്ങണം....

ദ്രോഹം.


കത്തിയെരിഞ്ഞ്‌
വെണ്ണീറാവാന്‍ അനുവദിക്കാതെ
വെള്ളം കോരിയൊഴിച്ച
നീയാണ് ദ്രോഹി.
പാതി വെന്തിങ്ങനെ
നോവും നീറ്റലും,
തീരാത്ത ദുരിതവും പേറി
അനങ്ങാന്‍ വയ്യാതെ ഞാന്‍ .
കത്തിയെരിഞ്ഞ്‌
ചാരമായി പോയേനെ.
പാതി വഴിയില്‍
വെള്ളം കോരിയൊഴിച്ച
നീ തന്നെയാണ് ദ്രോഹി.

ആധുനികം


തെല്ലും ദയയില്ലാതെ
എല്ലായിടത്തുമിങ്ങനെ
ബ്ലോക്ക് ചെയ്യപ്പെടാൻ മാത്രം
എന്തപരാധമാണ് ഞാൻ ചെയ്തത്?
നീ വാരി വിതറിയ ഏതു പോസ്റ്റാണ്
ഞാൻ ലൈക്ക് ചെയ്യാൻ മറന്നത്?
ഏതു ആക്ടിവിറ്റിക്കാണ്
കമന്റിട്ട് പുകഴ്ത്താതിരുന്നത്?
നമ്മുടെ പ്രണയത്തിന്റെ 'ആപ്പിൽ'
തകരാര്‍ വന്നതെപ്പോഴായിരുന്നു?
നമുക്കിടയിലെ 'കണക്ഷൻ'
സ്ലോ ആയിത്തുടങ്ങിയതെങ്ങനെയായിരുന്നു?
ഒരെത്തും പിടിയും കിട്ടാതെ
എന്ത് ചെയ്യണമെന്നറിയാതെ
നിന്റെ മുഖമുള്ള സ്ക്രീനില്‍
വിരലോടിച്ചിങ്ങനെയിരിപ്പാണ് ഞാന്‍
എന്നെങ്കിലും നിന്റെ ഹൃദയം
എനിക്കായ് അണ്‍ബ്ലോക്ക് ആകുന്ന
ആ ദിനവും പ്രതീക്ഷിച്ച്....