Wednesday, 9 February 2011

സന്ദേഹം

ഭാവി.
നമുക്കജ്ഞാതമായത്,
എന്നാല്‍ ഏറെ
അറിയാനാശിക്കുന്നത്,
നമുക്ക് ഭാവിയുണ്ടോ?
ഭാവിയില്‍ ഞാനെന്താ-
യിരിക്കുമെന്നിന്നെനിക്ക്
പറയാനൊക്കുമോ?
വസിക്കുന്ന ഭൂമിയെ
ഒരൊറ്റ തവണയായ്
വിഴുങ്ങുവാന്‍ രാക്ഷസന്മാരേ-
റെയുണ്ട് നാം സൃഷ്ടിച്ചവ തന്നെ
ഉണ്ടാകുമ്പോള്‍ തന്നെ
പറിച്ചെറിയപ്പെടുന്ന
കുഞ്ഞുങ്ങളുമുണ്ടേറെ
നില്‍ക്കുന്ന ഭൂമിയെത്തന്നെ
ചവിട്ടി മെതിച്ചു പടുത്തുയര്‍ത്തിയ
സൌധങ്ങളുമേറെയുണ്ട്
ശ്വസിക്കുന്ന വായുവിനെപ്പോലും
മലിനമാക്കും വിഷ-
ഫാക്റ്ററികളുമുണ്ടേറെ
അമ്മിഞ്ഞപ്പാല് പോലും
കാളകൂട വിഷമാക്കുന്ന
പല സ്വാദുകളുമേറെയുണ്ട്
നമുക്ക് ഭാവിയുണ്ടോ?
സ്വപ്നം കാണുവാന്‍
നല്ലൊരു നാളെയുണ്ടോ?
ഇനിയൊരു പകല്‍ നാം
കാണുമോയെന്നെനിക്ക്
ഉള്ളില്‍ സന്ദേഹമാണ്,
അപ്പോളും വികസനം
ഭാവിയെപ്പറ്റി പ്രസംഗിക്കുന്നു!!

Saturday, 5 February 2011

മാപ്പ്


നിനക്ക് നോവുന്നുണ്ടോ?
നിന്റെ വിരലുകളിടക്കിടെ
അറിയാതെ വിറക്കുന്നത്
തലച്ചോറില്‍ കുത്തിയിറങ്ങുന്ന
വേദന കൊണ്ടാണോ?
നിന്റെ
കീറിയ വസ്ത്രങ്ങളും
നീ കിടന്ന റയില്‍ പാളവും
നീ യാത്ര ചെയ്ത കമ്പാര്‍ട്ട്മെന്റും
നിന്നെ കെടുത്തിയവന്റെ ഒറ്റക്കയ്യും
അവന്‍ ചെയ്ത പാപങ്ങളും
നിനക്കായ് നിന്റെ ജന്മ-
ദാതാക്കളൊഴുക്കിയ
ഹൃദയരക്തവും ചുടു കണ്ണുനീരും
ചാനലുകളില്‍,
പെരുമഴയായി പെയ്യുകയാണ്
എന്താണ് നിന്റെയുള്ളില്‍,
കരയരുതേയെന്നു കേഴുകയാണോ
കണ്കുളിര്‍ക്കെ കാണാന്‍ 

നാളുകളായ് കൊതിച്ച,
നിന്റെ വരവിനെ കാത്തിരുന്ന

നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ച
സ്നേഹത്തിന്റെ,സുരക്ഷയുടെ,
വാത്സല്യത്തിന്റെ കവചം തീര്‍ത്ത
പ്രിയരാം മാതാപിതാക്കളോട്,
നിനക്കായി പ്രാര്‍ഥനയുടെ
ഏറിയ ഭാഗവും'കാത്തുവക്കുന്ന
നിന്നെ സ്നേഹിക്കുന്ന നാട്ടുകാരോട്.
പ്രാര്‍ഥിക്കയാണോ നീ,
ക്രൂരതയുടെ ശ്വാസം നിലക്കാന്‍ ,
രാക്ഷസനെ ഇഞ്ചിഞ്ചായി
വേദനിപ്പിച്ചു നശിപ്പിക്കുവാന്‍ .
മനമുരുകുകയാണോ നീ,
പൈശാചികതയുടെ,
തിന്മയുടെ ലോകത്തേക്ക്
ഇനിയും തിരികെ വരാതിരിക്കാന്‍ ,
ജീവശ്വാസം ഇനിയും
വലിച്ചു നീട്ടാതിരിക്കുവാന്‍ ,
വേദനയില്ലാതെ പോകുവാന്‍ ,
പരീക്ഷണങ്ങളുടെ തീചൂളകളിലേക്ക്
ഇനിയും വലിച്ചിഴക്കാതിരിക്കുവാന്‍  ?
വെറുക്കുകയാണോ നീ?
ഞങ്ങളെ,ഈ ലോകത്തെത്തന്നെയും?
മാപ്പ് പറയട്ടെയീ ലോകത്തിനു വേണ്ടി  ,
ഒരിറ്റു കണ്ണ് നീര് മാത്രം 
നിനക്കായോഴുക്കുവാന്‍ ...




                                 സൗമ്യയുടെ മരണത്തിനു തൊട്ടു മുന്പെഴുതിയത്...


Tuesday, 1 February 2011

ഒരു തുള്ളി മാത്രം




പൊള്ളുന്ന വെയിലിന്റെ പീഡയേറ്റ്
പൊരിയുന്ന പകലിന്റെ കോപമേറ്റ് 
ഉരുകുന്നെന്‍ മേനിയില്‍ ,ധമനിയില്‍,
ചിന്തയില്‍ കുളിരായി വന്നു നീ,സ്വാന്തനമായി 
കാഴ്ച്ചകളിലോക്കെയും നീയായിരുന്നു
പുഴയായി കുളമായി കടലായി കിണറായി 
ഹൃദയത്തെ നീ കുളിര്‍പ്പിച്ചിരുന്നു
നിന്നെക്കുറിച്ചേറെ പാട്ടുകള്‍,കവിതകള്‍
തൂലികകളേറെ പടച്ചു വച്ചു

പൂജ്യയാം നിന്നെ. നിന്‍ വാത്സല്യ-
രൂപത്തെ നീലയില്‍ ഏറെ വരച്ചു വച്ചു
നീയാണുലകത്തിന്‍ സ്പന്ദനം,
നിന്റെ കുളിരാണ് ഭൂമിയുടെയോജസ്സും 

എല്ലാം നല്‍കിയുള്ളോരമൃതേത്തില്‍ തന്നെ
കുടിലര്‍ വിഷമേറെയൊഴുക്കി വിട്ടു
മലിനമായോഴുകുന്ന നിന്നെ നോക്കി-നിന്റെ 
പ്രിയരാമെഴുത്തുകാര്‍ മൂക്ക് പൊത്തി
വിങ്ങുന്ന നിന്റെ ഹൃദയത്തെക്കാണുവാന്‍ 
പാപിയാം മനുജന്നു കഴിയാതെ പോയ്‌
ഗര്‍ഭപാത്രം പോലും കുഴി കുത്തി നിന്റെ
ഓജസ്സ് മുഴുവനും ചോര്‍ത്തിക്കളഞ്ഞു
കുന്നുകള്‍, മലകളും പര്‍വതം പോലുമേ 
മണ്ണാക്കി മാറ്റി നിന്നെയതിലിട്ടു മൂടി
ഞങ്ങള്‍ക്കായോഴുകിയ അശ്രു പോലും
നിന്റെ രക്തമായിരുന്നെന്നറിയാതെ പോയ്‌

ഇന്നിതാ തൂലിക ചലിക്കുന്നില്ല-നിന്റെ 
വിരഹം താങ്ങാന്‍ കഴിയുന്നുമില്ല
വേദനയാല്‍ നീറുന്നു,ഹൃത്തടം നോവുന്നു
ദാഹത്താല്‍ തൊണ്ടയാകെ വരളുന്നു 
ശേഷിപ്പുകള്‍ തേടിയലഞ്ഞേറെ   
നിരാശമാത്രം നല്‍കി നിന്റെ ശ്മശാനങ്ങള്‍
മനുഷ്യകുലത്തിന്നടിവേരുകളില്ലതു  
നനക്കാനിനിയൊന്നും ബാക്കിയില്ല 
കുപ്പിയില്‍ ബാക്കിയിനിയൊരു തുള്ളി മാത്രം 
ഒരു തുള്ളി മാത്രമിനി ബാക്കി നില്‍ക്കുന്നു
മരണത്തിലേക്കുള ദൂരം, ഒരു തുള്ളി വെള്ളം!!!