Saturday, 26 July 2014
പ്രവാഹം...
തളിര്ത്തപ്പോഴേക്കും
വിധി ഞെട്ടറ്റു വീഴ്ത്തിയ ഇല,
ചെന്ന് പതിച്ചതോ
ഒഴുകുന്ന പുഴയില്‍.
നദിപ്പരപ്പില്‍ കിടന്നത്
ഓളങ്ങള്‍ക്കൊപ്പം
നിസ്സഹായയായ് ഗമിച്ചു.
വെള്ളത്തിലിടക്കിടെ
ചുഴികള്‍ ഇലയെ
വലിച്ചെടുക്കാന്‍ നോക്കി,
ആഴങ്ങളില്‍ മുക്കിക്കൊല്ലാന്‍
കൊതിച്ചവയതിനെ
വിളിച്ചു നോക്കി.
അരികില്‍ വരെയെത്തി
ഇല പക്ഷേ രക്ഷപ്പെട്ട്
വീണ്ടുമൊഴുകി.
നദിയുടെ പന്ഥാവില്‍
അറ്റമെവിടെയെന്നറിയാതെ,
വന്‍ ചുഴികളുടെ
ഗര്‍ത്തം ഭയന്നും
ചെറിയവയിലറിയാതെ
മുങ്ങിയും പൊങ്ങിയും
തളിരില വീണ്ടും,മൌനിയായ്
നദീപ്രവാഹത്തിന്റെ
ഭാഗമായ്....
ഹൃദയ ശാഖി
ഒരുപാട് മുറിവേറ്റ്
ചോര പൊടിഞ്ഞു മടുത്ത
ഹൃദയമൊടുവില് പറഞ്ഞു.
'ഞാനിനിയൊരു മരമായി
മാറി നോക്കാം,
ചില്ലകളൊരുപാടുള്ള മരം.
തേടി വരുന്ന ആത്മാക്കളെ
സ്നേഹക്കൂട്ടിലടക്കാതിരിക്കാം
കെട്ടിയിടാതിരിക്കാന്
കഴിയുന്നതും ശ്രമിക്കാം,
മുറുകെയൊന്നു പിടിച്ചു
കൂടെ നിര്‍ത്താതെയും നോക്കാം
ചില്ലകള്‍ ഒരുപാടുള്ള
മരമായി നില്ക്കാം
അതില്‍ ഇരിക്കാന്‍ അല്പമിടം
കൊടുക്കാം.
ഒരുപാട് നേരമിരുന്നോട്ടെ,
എത്ര നേരം വേണമെങ്കിലും
മനസ്സ് നിറയെ പാടട്ടെയവര്,
വിശ്രമിച്ചോട്ടെ,
അവസാനം
യാത്രാമൊഴിയോതാതെ
ചിറകു കുടഞ്ഞവര്‍
ദൂരേക്ക് പറന്നകന്നോട്ടെ,
പക്ഷികളെപ്പോലെ.
ആകാശം തേടി,
വര്‍ണ്ണങ്ങള്‍ തേടി.
അല്ലെങ്കിലും അറിയാമെനിക്ക്
പക്ഷികള്‍ എന്നും
ആകാശത്തിനുള്ളതു തന്നെ.
ഞാന്‍ നിനക്കുള്ളതും.
നിന്നില്‍ വേരുകളാഴ്ത്തി
ഒരു മരമായി നിന്നോളാം!'
വേനല്‍
മൈലാഞ്ചി പൂത്തിട്ടുണ്ട്.
മുല്ലവള്ളി പടര്‍ന്നു
കയറുന്നുമുണ്ട്.
ചിന്തകളിലല്ലാ,മുറ്റത്ത്!
മഴയില്‍ നനഞ്ഞു
തിളങ്ങുന്നുണ്ട്.
മനസ്സില്‍ മാത്രമില്ല,
വസന്തവും മഴക്കാലവും.
അവയെ വിളിച്ചിരുത്താന്‍
തീരെയൊരുങ്ങാത്ത,
വിട്ടുപോകാന്‍ മടിക്കുന്ന
വേനല്‍ മാത്രം.
മനസ്സില്‍,
അള്ളിപ്പിടിച്ചിരിക്കുന്ന
നീണ്ട വേനല്‍.
ആ ദിനം
ഉച്ചത്തിലലറാന് പോലും
സമയം കൊടുക്കാതെ
ചിതറിച്ചു കളഞ്ഞില്ലേ,
ചിരിക്കുന്ന കുഞ്ഞുങ്ങളെയും
സ്നേഹം ചുരത്തും മാതാക്കളെയും.
ഓരോ മരണവും
ആഘോഷങ്ങളാക്കിയില്ലേ,
ആഹ്ലാദ ശബ്ദമുണ്ടാക്കിയതുമല്ലേ?
തകര്‍ന്ന ശരീരങ്ങള്‍ കണ്ട്
ഉറ്റവരുടെ ഹൃദയത്തില്‍ നിന്നും
ഉറക്കെ ഉയരാറുണ്ട് ശബ്ദം.
വേദനയാലുള്ള ആര്‍ത്തനാദം.
അതിനൊപ്പം സ്വരമുയര്ത്താറുണ്ട്
രക്തസാക്ഷികളുടെ ആത്മാക്കളും,
ഉച്ചത്തില്‍ ഊര്‍ജ്ജത്തില്‍ അവര്‍
പ്രഖ്യാപിക്കുന്നുമുണ്ട്.
'വരുന്നുണ്ടാ ദിവസം,
നിങ്ങളുടെ പരാജയത്തിനെ
ലോകം സാക്ഷ്യം വഹിക്കുന്ന ദിനം.
ഈ ശാപങ്ങളൊക്കെയും
സത്യമാകുന്ന ദിനം,
ഇന്ന് ചോര കുടിക്കാനണയുന്ന
ചെന്നായ്ക്കള്‍ പോലും
കൂട്ടിനുണ്ടാകില്ലാത്ത തോല്‍വിദിനം.
ഞങ്ങളുടെ വിജയത്തിന്റെ
സുന്ദരമായ സുദിനം!
Sunday, 20 July 2014
വിസ്മയ ശലഭങ്ങള്‍....
ചിറകുകള് വിടര്‍ത്തിയ
വര്ണ്ണശലഭങ്ങളെപ്പോലെയാണവര്,
ഒരേ ഒരു കാഴ്ചയില്‍ തന്നെ
മനസ്സ് കുളിര്‍പ്പിക്കും.
ഒരൊറ്റ വരവോടെ മാത്രം
ഹൃദയം കീഴടക്കും.
മങ്ങാതെ നിറഞ്ഞു നില്ക്കും.....
കിരാതന്.
എത്ര നാള് നീളുമായുസ്സ്?
നിന്റെ കപടമുഖത്തിന്റെ.
നീ പടുത്തുയര്‍ത്തിയ
അകത്ത് ഇരുട്ട് പേറുന്ന
വെണ്മ പൂശിയ കോട്ടയുടെ.
എത്ര നാള് കൂടെ നീളും,
നീ മുറിവേല്‍പ്പിച്ചവരുടെ
ആത്മാവില്‍ നിന്നുള്ള
കണ്ണീരിന്റെ ഒഴുക്ക്.
എന്ന് വരെ പോകും
നിന്റെ ഉള്ലാലെയുള്ള ചിരി?
എല്ലാം നേടിയെന്നുള്ള
തീരാത്ത ധാര്‍ഷ്ട്യം?
സുഖങ്ങളുടെ കൊടുമുടിയില്‍
നിഷ്കളങ്ക ഭാവത്തോടെ
എത്ര നാള് കൂടെ നീ രമിക്കും?
അന്ന് വരെ,
എല്ലാം തകര്‍ന്നടിയുന്നതു വരെ,
തേടി അലയുന്നവരുടെ മുന്പില്
നീതി പ്രത്യക്ഷമാകും വരെ.
കണ്ണുനീര് നനവില്‍ കുതിര്‍ന്നു
ഇരകളെഴുതിയിട്ട കത്തുകള്‍
ഓരോന്നായെടുത്തവന്
കണക്കുകകള്‍ തീര്‍ക്കും വരെ.
അന്ന് വരെ മാത്രം.
അത് വരെ നീ ചിരിക്കുക,
ഇഷ്ടം പോലെ....
ഇവള്
പിന്തിരിഞ്ഞോടില്ല,
നേരിടാതിരിക്കുകയുമില്ല,
എന്നൊക്കെയാണെങ്കിലും
ഒളിച്ചിരിക്കാന്‍ എവിടെയും
സ്വസ്ഥതയുടെ
കോണു തേടിയലയുന്ന,
അമ്പുകളെ ഭയക്കുന്ന,
ഭീരു തന്നെയാണ് ഞാന്‍.
ആരുമതറിയാതിരിക്കാന്
ആള് കൂടുമ്പോള്‍ വാരിപ്പൂശുന്ന
ധാര്‍ഷ്ട്യത്തിനു പിന്നില്‍,
ഒളിപ്പിച്ചു വക്കുന്നതും
എന്റെ ഭയത്തെത്തന്നെ.
അതെ,ഭീരു തന്നെ ഞാന്‍.
ഒരുപാട് തവണ മരിച്ചവള്‍,
വീണ്ടുമുയര്ന്നെണീറ്റ്,ഭയത്തില്‍,
മനസ്സില്ലാ മനസ്സോടെ
മുള്ളുകള്‍ ചവിട്ടുന്നവള്‍.
വേദനിപ്പിക്കപ്പെട്ടവരോട്
മറക്കാന്‍ സാധ്യമല്ലെന്നറിയാം
വെറുക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യണം.
ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞെന്നു വരില്ലാ,
ഓര്‍മ്മകളെ ചെറുക്കാനെങ്കിലും പഠിക്കണം.
പൊറുക്കാന്‍ വയ്യെന്നാവുകില്
ഹൃദയം അറിയുന്ന ശക്തിയോട് പറയണം....
----------------------------------------------------------
♥ കണ്ണീര് തുടക്കുന്നവന്‍,ആരും കൂട്ടിനില്ലെങ്കിലും ഒപ്പം നില്ക്കുന്നവന്, നീണ്ടുപോയാലും നീതി തരുന്നവന്.. ♥
കാത്തിരിപ്പിനൊടുവില്‍
ആകുലതകളും ആശങ്കകളും
എരിക്കുന്ന ഓര്‍മ്മകളും
ഒറ്റപ്പെട്ടു പോകുന്നോ,
എന്ന സ്വയം ചോദ്യങ്ങളും
ചിരിച്ചു ചിതറിക്കൊണ്ട്
തടഞ്ഞു നിര്‍ത്തുന്ന നോവുകളും
നീതിയില്ലാതെ തഴയപ്പെട്ടത്തിന്റെ
അപമാനഭാരങ്ങളും
അലിഞ്ഞില്ലാതാകുന്നൊരു
നല്ല നിമിഷത്തെയാണ്,
ഈ കാത്തിരിപ്പിനൊടുവില്‍
ഞാന്‍ പ്രതീക്ഷിക്കുന്നത്.
അതുകൊണ്ടാണ്
ചില ചിറകടിയൊച്ചകള്‍
ചെവിയില്‍ പതിക്കുമ്പോള്‍,
എന്നെ മാത്രം തേടി വരുന്ന
വര്ണ്ണപ്പക്ഷിയെന്നു കരുതി
കണ്ണുകളുയര്‍ത്തി നോക്കുന്നത്.
അല്ലാ,അത് കഴുകച്ചിറക്കളുടെ
അട്ടഹാസമെന്നു തിരിച്ചറിയുന്ന
നിമിഷങ്ങളിലാണ്
ഭയന്ന് മാറി ഒളിച്ചിരിക്കുന്നത്.
അങ്ങുയരങ്ങളില് നിന്നും
മെല്ലെ പറന്നു വരുന്ന
ആ കറുത്ത പക്ഷിയാവുമല്ലേ
ഒരുപക്ഷെ നിന്നിലേക്കെന്നെ,
ചിറകുകളില്‍ ഏറ്റി സഞ്ചരിക്കുക?
അവസാനത്തെ പക്ഷി,
അവസാന യാത്രയും?
വിഷ മരങ്ങള്‍
തണല്‍ തരുമെങ്കിലും
വിഷം മാത്രം നിശ്വസിക്കുന്ന
മരങ്ങളുണ്ട് ചുറ്റും.
വലം ചുറ്റിപ്പോകുന്ന
കാറ്റിനെപ്പോലുമവ
ഗരമയമാക്കി മാറ്റും.
ആശ്വാസമെന്നു കരുതി
നമ്മളാ വിഷ നിഴലില്‍
ഏറെ നേരമിരുന്നേക്കും
ഒടുവില്‍ ചോര തുപ്പി
മരിച്ചു വീഴും.
കരുതിയിരിക്കണം
ചില 'തണല്‍' മരങ്ങളെ!
Wednesday, 9 July 2014
ഇരുള് മേഘങ്ങള്‍ക്ക് പറയാനുള്ളത്
(കഥ)
“അതാ പോകുന്നു , ഒന്നിങ്ങു പിടിച്ചോ, ഇതിന്റെ ഉത്തരം പറ”
“ക്ലൂ ഉണ്ടോ ?” അവള് പരുങ്ങിക്കൊണ്ട് ചോദിച്ചു.
“ഇല്ലടി മോളെ, വേഗം പറഞ്ഞോ” അവന് ഉത്തരം കൈകൊണ്ടു മറച്ചു പിടിച്ച് ചിറികോട്ടിക്കൊണ്ട് വിജയഭാവത്തില്‍ പറഞ്ഞു.
കുറച്ചു നേരം ആലോചിച്ചിട്ടു അവള് പറഞ്ഞു “കിട്ടിപ്പോയി,കാറ്റ്,അല്ലെ?”
“അയ്യേ, അല്ലാടി മണ്ടി, കാറ്റിനെ നമ്മക്ക് കാണാന്‍ പറ്റോ?” അവന് ചോദിച്ചു.
“ഊഹും, ഇല്ല” നിരാശയോടെ അവള് മറുപടി പറഞ്ഞു.
“പുക ആണെടി ഉത്തരം”
“ആണോ, വല്യ കാര്യായിപ്പോയി” അവനെ കോക്രി കാട്ടിക്കൊണ്ട് അവള് മുന്പിലിരുന്ന പുസ്തകത്തില്‍ പെന്‍സില്‍ കൊണ്ട് വെറുതെ ഓരോന്ന് വരക്കാന്‍ തുടങ്ങി.
അവനാണെങ്കില്‍ അവളോട് ചോദിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യം തിരഞ്ഞെടുക്കാനും.
“ലുഖ്മാന്, ഇവിടെ വാ” താഴെ നിന്നും ടീച്ചര്‍ ആണ്. ലുഖ്മാന്റെ ഉമ്മ. “ടീ, ഞാന്‍ ഇപ്പ വരാട്ടാ, നീ ഉത്തരം ഒന്നും നോക്കരുത്, കള്ളത്തരം പാടില്ല”പോകുന്നതിനു മുന്‍പ് ലുഖ്മാന്റെ ആജ്ഞ.
“ഞാന്‍ നോക്കൂല”
“സത്യം?”
“നോക്കൂല്ലാന്നു പറഞ്ഞില്ലേ?”
“ഇപ്പ വരാ”
അവന് താഴേക്ക് കോണി ഇറങ്ങിപ്പോയി. അവള് എഴുന്നേറ്റ് ജനാലക്കരികില്‍ വന്നു നിന്നു. താഴെ റോഡ് കാണാം. അതിലൂടെ പോകുന്ന വാഹനങ്ങളും. പെട്ടെന്ന് ഒരു ബൈക്കില്‍ രണ്ടു പേര് വന്നിറങ്ങി. ലുഖ്മാന്റെ വീട്ടിലേക്കാണ്. ‘ആരാണാവോ’ അവള് മനസ്സിലോര്‍ത്തു. എന്നിട്ട് ഷെല്‍ഫില്‍ ഉണ്ടായിരുന്ന ബാലരമയില്‍ ഒരെണ്ണം എടുത്തു. ഇത് ഇന്നാളു വന്നപ്പോ വായിച്ചതാണ്. അതവള് അവിടെത്തന്നെ വച്ചു.
ലുഖ്മാന് കയറി വന്നു. കയ്യില്‍ ഒരു ഗ്ലാസ് ചായ. മറ്റേ കയ്യിലെ പാത്രത്തില്‍ രണ്ടു പഴം പൊരി. അവനത് മേശപ്പുറത്ത് വച്ചു. “ഞാന്‍ ചായ കുടിച്ചു. ഇത് നിനക്ക്” എന്നും പറഞ്ഞവന് ഒരു പഴം പൊരി എടുത്ത് തിന്നാന്‍ തുടങ്ങി. അവന്റെ തീറ്റ കണ്ടു അവള് പുച്ഛത്തോടെ പറഞ്ഞു. “തീറ്റപ്പണ്ടാരം”
“നീ പോടീ മത്തക്കണ്ണി”
ദേഷ്യം വന്നു അവനെ പിച്ചാനായി മുന്നോട്ട് ആഞ്ഞപ്പോള്‍ ഒരു ശബ്ദം. ‘ചില് ചില്’
‘സുമി വരുന്നുണ്ട്, പാദസരത്തിന്റെ ഒച്ച’ അവള് സന്തോഷത്തോടെ പറഞ്ഞു. “എടീ മണ്ടീ, അത് പാദസരത്തിന്റെ ഒച്ചയല്ല, സ്റ്റെയര്‍കേസിന്റെ വരീമ്മ പിടിക്കുമ്പോ ഉള്ള ഒച്ചയാ”
പെട്ടെന്നൊരാള്‍ മുറിയിലേക്ക് കയറി വന്നു. “ലുഖ്മാനൂ,” പുഞ്ചിരിയോടെ അയാള്‍ വിളിച്ചു.
അവള് ഒതുങ്ങി ഇരുന്നു.
“എന്താ പരിപാടി, ഇതാരാ,” അവളെത്തന്നെ നോക്കിക്കൊണ്ട് അയാള്‍ ലുഖ്മാനോട് ചോദിച്ചു.
“എന്റെ കൂട്ടാരി ആണ്, എന്റെ ക്ലാസിലാ, ഞങ്ങക്ക് LLS സ്കോളര്‍ഷിപ്പ് പരീക്ഷ ഉണ്ട്. അതിനു പഠിക്കാന്‍ വന്നതാ.” അവന് ഗൌരവത്തില്‍ മറുപടി പറഞ്ഞു.
“ആഹാ , മിടുക്കനും മിടുക്കിയും ആണല്ലോ”
അവള് നാണിച്ചു നിന്നു. അയാള്‍ അവളെ അടുത്തേക്ക് വിളിച്ചു. മടിച്ചു മടിച്ച് അവള് ചെന്നു.
“എന്താ ഈ മിടുക്കിയുടെ പേര്?” അയാളുടെ കരവലയത്തില്‍ നിന്ന് പരുങ്ങിക്കൊണ്ട് അവള് പേര് പറഞ്ഞു.
“-------------------------”
“ആഹാ നല്ല സുന്ദരിപ്പേരാണല്ലോ” അവളുടെ കവിളില്‍ നുള്ളിക്കൊണ്ട് അയാള്‍ പറഞ്ഞു. “മോളൂസിനു എത്ര വയസ്സായി”
“എട്ട്” ശബ്ദം താഴ്ത്തി അവള് പറഞ്ഞു
“അവള്‍ക്ക് ആരെ കണ്ടാലും നാണമാ, എപ്പഴും അതെ. എടീ ഇത് ഞങ്ങടെ ഉമ്മിച്ചീടെ വീടിന്റെ അവിടെ ഉള്ളതാ, മാമാന്റെ കൂട്ടുകാരനാ” അവന് ഗൌരവ ഭാവത്തില്‍ പരിചയപ്പെടുത്തി.
“ആഹാ, ഒരു കാര്ന്നോര്” അയാള്‍ ലുഖ്മാന്റെ തോളില്‍ ഒരു ഇടി കൊടുത്തു. അവള്‍ക്ക് അത് കണ്ടു സന്തോഷമായി.
അയാളവളെ മടിയിലേക്ക് കയറ്റി ഇരുത്തി. എന്തോ പോലെ തോന്നി അവള്‍ക്ക്. ഇന്നാള് പുഴെടടുത്തുള്ള മാമാന്റെ വീട്ടില്‍ പോയപ്പോ മാമ മടീല് ഇരുത്തി. അന്ന് തന്നെ അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അന്നേ തീരുമാനിച്ചതാണ് ഇനി ആരുടേം മടീല് ഇരിക്കൂല്ല എന്ന്. എന്നാലും സാരോല്ല, നല്ല ഇക്കാക്ക.
“നിങ്ങളില്‍ ആരാ നന്നായി പഠിക്കുക?”
“ഞാന്‍” ലുഖ്മാന് ചാടിക്കയറി പറഞ്ഞു.
“അല്ല, ഞാനാ. “ അവള് കെറുവിച്ച് കൊണ്ട് പറഞ്ഞു.
“നീ പോടീ മത്തക്കണ്ണി”
“ഇവന് പഠിക്കാന്‍ എപ്പഴും മടിയാ. ഇവന്റെ ഉമ്മിച്ചി എപ്പഴും വഴക്കു പറയാറുണ്ട്. ഭയങ്കര കുശുമ്പനും ആണ്. ഇന്നാള് തറവാട്ടില്‍ വച്ചു ഇവന് ഹാളില്‍ കുറെ തുപ്പി, വല്ലുമ്മനോട് ദേഷ്യം തീര്‍ക്കാന്‍.”അവള് ആശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
“എടീ , നിന്നെ ഞാന്‍ ശര്യാക്കിത്തരാ, ഇക്കാക്കാ ഇവള് ഭയങ്കര കുശുമ്പിയാ. അതും പോരാണ്ട്, എന്തേലും പറഞ്ഞാ അപ്പൊ കരയും. ചപ്രത്തലച്ചി, മത്തക്കണ്ണി, ഉണ്ടക്കണ്ണി” അവന് പക വീട്ടും പോലെ പറഞ്ഞു
അവള്‍ക്കു സങ്കടം വന്നു. കണ്ണ് നിറഞ്ഞു.
“അയ്യോ, മോള് പിണങ്ങിയോ, ഇന്ന ഇത് തിന്നു” ഇക്കാക്ക പഴം പൊരി എടുത്ത് അവളുടെ കയ്യില്‍ കൊടുത്തു. അവള് ഇടം കണ്ണിട്ടു ലുഖ്മാനെ നോക്കി അത് തിന്നാന്‍ തുടങ്ങി. കണ്ണുകളില്‍ മുഴുവന്‍ ദേഷ്യം പ്രതിഫലിച്ചു കാണാം.
“ചുണ്ടിലൊക്കെ വെളിച്ചെണ്ണ ആയല്ലോ” എന്നും പറഞ്ഞു അയാള്‍ അവളുടെ ചുണ്ട് തുടച്ചു. അവള്‍ക്കത് എന്തോ ഇഷ്ടപ്പെട്ടില്ല.
“ടാ, നീ ഈ പാത്രമൊക്കെ അടുക്കളയില്‍ കൊണ്ടോയി വെച്ചോണ്ട് വാ”ലുഖ്മാന് ദേഷ്യത്തോടെ പാത്രം കയ്യിലെടുത്തു. അവന് പോകാന്‍ ഒരുങ്ങുമ്പോ അവള് പറഞ്ഞു. “ഞാനും വന്നിണ്ട്”
“ഹാ, നീ എവിടെപ്പോകുന്നു, ഇവിടിരി, ചോയിക്കട്ടെ”
അനിഷ്ടത്തോടെ അവള് അയാളുടെ അടുത്തിരുന്നു. ലുഖ്മാന് താഴേക്കും പോയി. ‘ഇക്കാക്ക’ അവളുടെ ചുമലിലൂടെ കയ്യിട്ടു തോളില്‍ അമര്‍ത്തി പിടിച്ചു. അവള്‍ക്കു വല്ലായ്ക തോന്നി. മുന്പിലിരുന്ന പുസ്തകം കയ്യിലെടുത്ത് പിടിച്ചു കൊണ്ട് അയാള്‍ അവളുടെ മടിയില്‍ തുറന്നു വച്ചു. “ഒന്ന് വായിച്ചെ, ഇക്കാക്കാ കേള്‍ക്കട്ടെ” അവള് എണീക്കാന്‍ നോക്കി. പറ്റുന്നില്ല. വിളറിയ മുഖത്തോടെ വായിക്കാന്‍ തുടങ്ങി.
“പരിസ്ഥിതി മലിനീകരണം ഇന്ന് നാം നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഫാക്ടറികളും വാഹനങ്ങളും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ആലോചിച്ചു നോക്കൂ.......
വായനക്കിടയില്‍ അവള് അറിഞ്ഞു. അയാളുടെ കൈ തന്റെ കുഞ്ഞു അരക്കെട്ടില്‍ അരിക്കുകയാണ്. അവള് അയാളുടെ കൈ തട്ടി മാറ്റി. അയാള്‍ പറഞ്ഞു. “വായിക്ക് മോളൂ” അവള് പേടിച്ചു, വിറച്ചു കൊണ്ട് അവള് തുടര്‍ന്ന് വായിക്കാന്‍ തുടങ്ങി. അനങ്ങാന്‍ കഴിയുന്നില്ല. വീണ്ടും അയാളുടെ കൈകള്‍ അമരുന്നു. മടിയില്‍ വെച്ച പുസ്തകത്തിനു താഴെ അയാള്‍ കൈകള്‍ മുറുക്കുകയാണ്. വയറ്റിനും അതിനു താഴെയുമായി ഇഴയുന്ന കൈകള്‍.ഭയവും അറപ്പും തോന്നി അവള്‍ക്ക്. ‘ലുഖ്മാന് എന്താ വരാത്തത്’ അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള് ആ കൈ അടര്‍ത്തി മാറ്റാന്‍ നോക്കി. അയാളുടെ മറ്റേ കൈ അവളുടെ ചുമലില്‍ പിടുത്തം മുറുക്കി. അവള്‍ക്കു തോള് വേദനിച്ചു. അയാള്‍ വികൃതമായ മുഖഭാവത്തോടെ അവളുടെ കുഞ്ഞു മുഖത്തേക്ക് അടുത്തു.അവള്‍ക്ക് ഒച്ച വെക്കാന്‍ തോന്നി. ശബ്ദം അടയുന്ന പോലെ..
പെട്ടെന്ന് ലുഖ്മാന് കയറി വന്നു. അയാള്‍ അവനെക്കണ്ട് ഞെട്ടി. ലുഖ്മാന് അല്പം പരിഭ്രമത്തോടെ അവളുടെ മുഖത്ത് നോക്കി. അവളുടെ മുഖം വല്ലാതെയിരിക്കുന്നു.അയാള്‍ എഴുന്നേറ്റു വൃത്തിയില്ലാത്ത ചിരിയോടെ അവളെ നോക്കി. “ഇക്കാക്ക പോട്ടെ, ടാ..” ലുഖ്മാന് ഒന്ന് പുഞ്ചിരിച്ചു.
അവള് മുഖമുയര്‍ത്തി നോക്കിയില്ല. അയാള്‍ പോയി. അവള് ലുഖ്മാന് കാണാതെ കണ്ണ് തുടച്ചു.
“എന്താടീ, എന്ത്യേ പാടില്ലേ?” അവളുടെ വാടിയ മുഖം കണ്ടു അവന് ചോദിച്ചു.
“എനിക്ക് വീട്ടി പോണം”
“ന്നാ വാ പോകാം, ഞാന്‍ തറവാട്ടില്‍ പോകുന്നുണ്ട്”
അവള് പുസ്തകങ്ങള്‍ ബാഗിലേക്ക് വച്ചു. ഭയത്തോടെ കോണി ഇറങ്ങി. ‘ഭാഗ്യം, അയാള്‍ പോയി’ അവള് ആശ്വസിച്ചു. വീട് വരെ ലുഖ്മാന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവള് ഒന്നും മിണ്ടിയില്ല. മനസ്സു നിറയെ ഭയം ഉരുണ്ടുകൂടിക്കൊണ്ടിരുന്നു. അറപ്പും.അവള് വീട്ടിലേക്ക് ചെന്നു. അവന് അവളുടെ വീടിനടുത്തുള്ള അവന്റെ തറവാട്ടിലേക്കും.
വീട്ടില്‍ എല്ലാവരും അണിഞ്ഞൊരുങ്ങുകയാണ്. അവളുടെ കലങ്ങിയ കണ്ണുകള്‍ ആരും കണ്ടില്ല. “വാ വേഗം ഉടുപ്പ് മാറ്റ്, കല്യാണത്തിനു പോണം” ഉമ്മിച്ചി പറഞ്ഞു.
--------------------------------------------------------------------------------------------
എല്ലാരും ബസ് സ്റ്റോപ്പിലെത്തി. ബസ് കാത്തു നില്ക്കുമ്പോള് അവള് കണ്ടു. വെളുത്ത ബനിയന് ഇട്ടു മുഖത്തു ഒരു ചിരിയുമായി അയാള്‍ നടന്നു വരുന്നു. അവള് പരിഭ്രമിച്ചു. കൂടെ ഉമ്മിച്ചിയും അമ്മായിമാരും ഉണ്ട്. അവള്‍ക്ക് എന്നിട്ടും പേടിയായി. അവള് ഉമ്മാന്റെ പിറകില്‍ ഒതുങ്ങി നിന്നു. ‘ഭാഗ്യം അയാള്‍ എന്നെ കണ്ടില്ല’. അയാള്‍ വന്നു ആരുടെയോ ബൈക്കിന്റെ പിറകില്‍ കയറുന്നതും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പോകുന്നതും ഉമ്മയുടെ പിറകില്‍ നിന്ന് കൊണ്ട് ഭയം പൂണ്ട കണ്ണുകളോടെ നോക്കി നിന്നു.
എന്തുകൊണ്ടോ അയാള്‍ പോയപ്പോള്‍ അവളുടെ ഉള്ളില്‍ കട്ടകുത്തിക്കൊണ്ടിരുന്ന ഭയം മാത്രം കൂടെപ്പോയില്ല. പക്ഷെ പകരം എന്നെന്നേക്കുമായി കൂടെപ്പോയത് നിഷ്കളങ്കമായി നിറഞ്ഞു വിരിയാറുള്ള അവളുടെ സന്തോഷച്ചിരിയായിരുന്നു... ഭയം അവളുടെ കുഞ്ഞു ഹൃദയത്തില്‍ മാറാല കെട്ടി തുടങ്ങിയിരുന്നു.
വീണ്ടും വീണ്ടും കാലം പലപ്പോഴും കഴുത്തു ഞെരിക്കാന്‍ ശ്രമിക്കുമ്പോഴും അവള് ഏതെങ്കിലും ലുഖ്മാനെ പ്രതീക്ഷിച്ചു. രക്ഷിക്കാന്‍ പല രൂപത്തിലും ലുഖ്മാന്മാര് വന്നു. എന്നിട്ടും പിന്നീടെപ്പോഴും ലുഖ്മാനെ കാണുമ്പോള്‍ അവള് മുഖത്തു വരുത്തിയെടുക്കുന്ന പുഞ്ചിരിക്ക് ഇരുട്ടില്‍ നിന്നും പൊങ്ങി വന്നു കഴുത്തു ഞെരിക്കുന്ന കൈകളുടെ ഓര്‍മ്മകള്‍ നല്കിയതുപോലെ ഒരു മൂടലുണ്ടായിരുന്നു.. നന്ദിയുടെ ഒരിത്തിരിയില് അലിയിച്ച പുഞ്ചിരി. വേദനയുടെ മഴക്കാറ് പോലെ ഒരു പുഞ്ചിരി.

Tuesday, 8 July 2014
Subscribe to:
Posts (Atom)