Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, 9 July 2014

ഇരുള്‍ മേഘങ്ങള്‍ക്ക് പറയാനുള്ളത്


(കഥ)

“അതാ പോകുന്നു , ഒന്നിങ്ങു പിടിച്ചോ, ഇതിന്റെ ഉത്തരം പറ”
“ക്ലൂ ഉണ്ടോ ?” അവള്‍ പരുങ്ങിക്കൊണ്ട് ചോദിച്ചു.
“ഇല്ലടി മോളെ, വേഗം പറഞ്ഞോ” അവന്‍ ഉത്തരം കൈകൊണ്ടു മറച്ചു പിടിച്ച് ചിറികോട്ടിക്കൊണ്ട് വിജയഭാവത്തില്‍ പറഞ്ഞു.

കുറച്ചു നേരം ആലോചിച്ചിട്ടു അവള്‍ പറഞ്ഞു “കിട്ടിപ്പോയി,കാറ്റ്,അല്ലെ?”
“അയ്യേ, അല്ലാടി മണ്ടി, കാറ്റിനെ നമ്മക്ക് കാണാന്‍ പറ്റോ?” അവന്‍ ചോദിച്ചു.
“ഊഹും, ഇല്ല” നിരാശയോടെ അവള്‍ മറുപടി പറഞ്ഞു.
“പുക ആണെടി ഉത്തരം”
“ആണോ, വല്യ കാര്യായിപ്പോയി” അവനെ കോക്രി കാട്ടിക്കൊണ്ട് അവള്‍ മുന്‍പിലിരുന്ന പുസ്തകത്തില്‍ പെന്സില് കൊണ്ട് വെറുതെ ഓരോന്ന് വരക്കാന്‍ തുടങ്ങി.
അവനാണെങ്കില്‍ അവളോട്‌ ചോദിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യം തിരഞ്ഞെടുക്കാനും.

“ലുഖ്മാന്‍, ഇവിടെ വാ” താഴെ നിന്നും ടീച്ചര്‍ ആണ്. ലുഖ്മാന്റെ ഉമ്മ. “ടീ, ഞാന്‍ ഇപ്പ വരാട്ടാ, നീ ഉത്തരം ഒന്നും നോക്കരുത്, കള്ളത്തരം പാടില്ല”പോകുന്നതിനു മുന്പ് ലുഖ്മാന്റെ ആജ്ഞ.
“ഞാന്‍ നോക്കൂല”
“സത്യം?”
“നോക്കൂല്ലാന്നു പറഞ്ഞില്ലേ?”
“ഇപ്പ വരാ”
അവന്‍ താഴേക്ക് കോണി ഇറങ്ങിപ്പോയി. അവള്‍ എഴുന്നേറ്റ് ജനാലക്കരികില്‍ വന്നു നിന്നു. താഴെ റോഡ്‌ കാണാം. അതിലൂടെ പോകുന്ന വാഹനങ്ങളും. പെട്ടെന്ന് ഒരു ബൈക്കില്‍ രണ്ടു പേര്‍ വന്നിറങ്ങി. ലുഖ്മാന്റെ വീട്ടിലേക്കാണ്. ‘ആരാണാവോ’ അവള്‍ മനസ്സിലോര്‍ത്തു. എന്നിട്ട് ഷെല്‍ഫില്‍ ഉണ്ടായിരുന്ന ബാലരമയില്‍ ഒരെണ്ണം എടുത്തു. ഇത് ഇന്നാളു വന്നപ്പോ വായിച്ചതാണ്. അതവള്‍ അവിടെത്തന്നെ വച്ചു.
ലുഖ്മാന്‍ കയറി വന്നു. കയ്യില്‍ ഒരു ഗ്ലാസ് ചായ. മറ്റേ കയ്യിലെ പാത്രത്തില്‍ രണ്ടു പഴം പൊരി. അവനത് മേശപ്പുറത്ത് വച്ചു. “ഞാന്‍ ചായ കുടിച്ചു. ഇത് നിനക്ക്” എന്നും പറഞ്ഞവന്‍ ഒരു പഴം പൊരി എടുത്ത് തിന്നാന്‍ തുടങ്ങി. അവന്റെ തീറ്റ കണ്ടു അവള്‍ പുച്ഛത്തോടെ പറഞ്ഞു. “തീറ്റപ്പണ്ടാരം”
“നീ പോടീ മത്തക്കണ്ണി”
ദേഷ്യം വന്നു അവനെ പിച്ചാനായി മുന്നോട്ട് ആഞ്ഞപ്പോള്‍ ഒരു ശബ്ദം. ‘ചില്‍ ചില്‍’
‘സുമി വരുന്നുണ്ട്, പാദസരത്തിന്റെ ഒച്ച’ അവള്‍ സന്തോഷത്തോടെ പറഞ്ഞു. “എടീ മണ്ടീ, അത് പാദസരത്തിന്റെ ഒച്ചയല്ല, സ്റ്റെയര്‍കേസിന്റെ വരീമ്മ പിടിക്കുമ്പോ ഉള്ള ഒച്ചയാ”
പെട്ടെന്നൊരാള്‍ മുറിയിലേക്ക് കയറി വന്നു. “ലുഖ്മാനൂ,” പുഞ്ചിരിയോടെ അയാള്‍ വിളിച്ചു.
അവള്‍ ഒതുങ്ങി ഇരുന്നു.
“എന്താ പരിപാടി, ഇതാരാ,” അവളെത്തന്നെ നോക്കിക്കൊണ്ട്‌ അയാള്‍ ലുഖ്മാനോട് ചോദിച്ചു.
“എന്റെ കൂട്ടാരി ആണ്, എന്റെ ക്ലാസിലാ, ഞങ്ങക്ക്  LLS സ്കോളര്‍ഷിപ്പ് പരീക്ഷ ഉണ്ട്. അതിനു പഠിക്കാന്‍ വന്നതാ.” അവന്‍ ഗൌരവത്തില്‍ മറുപടി പറഞ്ഞു.
“ആഹാ , മിടുക്കനും മിടുക്കിയും ആണല്ലോ”
അവള്‍ നാണിച്ചു നിന്നു. അയാള്‍ അവളെ അടുത്തേക്ക് വിളിച്ചു. മടിച്ചു മടിച്ച് അവള്‍ ചെന്നു.
“എന്താ ഈ മിടുക്കിയുടെ പേര്?” അയാളുടെ കരവലയത്തില്‍ നിന്ന് പരുങ്ങിക്കൊണ്ട് അവള്‍ പേര് പറഞ്ഞു.
“-------------------------”
“ആഹാ നല്ല സുന്ദരിപ്പേരാണല്ലോ” അവളുടെ കവിളില്‍ നുള്ളിക്കൊണ്ട് അയാള്‍ പറഞ്ഞു. “മോളൂസിനു എത്ര വയസ്സായി”
“എട്ട്” ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു
“അവള്‍ക്ക് ആരെ കണ്ടാലും നാണമാ, എപ്പഴും അതെ. എടീ ഇത് ഞങ്ങടെ ഉമ്മിച്ചീടെ വീടിന്റെ അവിടെ ഉള്ളതാ, മാമാന്റെ കൂട്ടുകാരനാ” അവന്‍ ഗൌരവ ഭാവത്തില്‍ പരിചയപ്പെടുത്തി.
“ആഹാ, ഒരു കാര്‍ന്നോര്” അയാള്‍ ലുഖ്മാന്റെ തോളില്‍ ഒരു ഇടി കൊടുത്തു. അവള്‍ക്ക് അത് കണ്ടു സന്തോഷമായി.
അയാളവളെ മടിയിലേക്ക് കയറ്റി ഇരുത്തി. എന്തോ പോലെ തോന്നി അവള്‍ക്ക്.  ഇന്നാള്‍ പുഴെടടുത്തുള്ള മാമാന്റെ വീട്ടില്‍ പോയപ്പോ മാമ മടീല്‍ ഇരുത്തി. അന്ന് തന്നെ അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അന്നേ തീരുമാനിച്ചതാണ് ഇനി ആരുടേം മടീല്‍ ഇരിക്കൂല്ല എന്ന്. എന്നാലും സാരോല്ല, നല്ല ഇക്കാക്ക.
“നിങ്ങളില്‍ ആരാ നന്നായി പഠിക്കുക?”
“ഞാന്‍” ലുഖ്മാന്‍ ചാടിക്കയറി പറഞ്ഞു.
“അല്ല, ഞാനാ. “ അവള്‍ കെറുവിച്ച് കൊണ്ട് പറഞ്ഞു.
“നീ പോടീ മത്തക്കണ്ണി”
“ഇവന് പഠിക്കാന്‍ എപ്പഴും മടിയാ. ഇവന്റെ ഉമ്മിച്ചി എപ്പഴും വഴക്കു പറയാറുണ്ട്. ഭയങ്കര കുശുമ്പനും ആണ്.  ഇന്നാള്‍ തറവാട്ടില്‍ വച്ചു ഇവന്‍ ഹാളില്‍ കുറെ തുപ്പി, വല്ലുമ്മനോട് ദേഷ്യം തീര്‍ക്കാന്‍.”അവള്‍ ആശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
“എടീ , നിന്നെ ഞാന്‍ ശര്യാക്കിത്തരാ, ഇക്കാക്കാ ഇവള് ഭയങ്കര കുശുമ്പിയാ. അതും പോരാണ്ട്, എന്തേലും പറഞ്ഞാ അപ്പൊ കരയും. ചപ്രത്തലച്ചി, മത്തക്കണ്ണി, ഉണ്ടക്കണ്ണി” അവന്‍ പക വീട്ടും പോലെ പറഞ്ഞു
അവള്‍ക്കു സങ്കടം വന്നു. കണ്ണ് നിറഞ്ഞു.
“അയ്യോ, മോള് പിണങ്ങിയോ,  ഇന്ന ഇത് തിന്നു” ഇക്കാക്ക പഴം പൊരി എടുത്ത് അവളുടെ കയ്യില്‍ കൊടുത്തു. അവള്‍ ഇടം കണ്ണിട്ടു ലുഖ്മാനെ നോക്കി അത് തിന്നാന്‍ തുടങ്ങി. കണ്ണുകളില്‍ മുഴുവന്‍ ദേഷ്യം പ്രതിഫലിച്ചു കാണാം.
“ചുണ്ടിലൊക്കെ വെളിച്ചെണ്ണ ആയല്ലോ” എന്നും പറഞ്ഞു അയാള്‍ അവളുടെ ചുണ്ട് തുടച്ചു. അവള്‍ക്കത് എന്തോ ഇഷ്ടപ്പെട്ടില്ല.
“ടാ, നീ ഈ പാത്രമൊക്കെ അടുക്കളയില്‍ കൊണ്ടോയി വെച്ചോണ്ട് വാ”ലുഖ്മാന്‍ ദേഷ്യത്തോടെ പാത്രം കയ്യിലെടുത്തു. അവന്‍ പോകാന്‍ ഒരുങ്ങുമ്പോ അവള് പറഞ്ഞു. “ഞാനും വന്നിണ്ട്”
“ഹാ, നീ എവിടെപ്പോകുന്നു, ഇവിടിരി, ചോയിക്കട്ടെ”
അനിഷ്ടത്തോടെ അവള്‍ അയാളുടെ അടുത്തിരുന്നു. ലുഖ്മാന്‍ താഴേക്കും പോയി. ‘ഇക്കാക്ക’ അവളുടെ ചുമലിലൂടെ കയ്യിട്ടു തോളില്‍ അമര്‍ത്തി പിടിച്ചു. അവള്‍ക്കു വല്ലായ്ക തോന്നി. മുന്‍പിലിരുന്ന പുസ്തകം കയ്യിലെടുത്ത് പിടിച്ചു കൊണ്ട് അയാള്‍ അവളുടെ മടിയില്‍ തുറന്നു വച്ചു. “ഒന്ന് വായിച്ചെ, ഇക്കാക്കാ കേള്‍ക്കട്ടെ” അവള്‍ എണീക്കാന്‍ നോക്കി. പറ്റുന്നില്ല. വിളറിയ മുഖത്തോടെ വായിക്കാന്‍ തുടങ്ങി.
“പരിസ്ഥിതി മലിനീകരണം ഇന്ന് നാം നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഫാക്ടറികളും വാഹനങ്ങളും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ആലോചിച്ചു നോക്കൂ.......
വായനക്കിടയില്‍ അവള്‍ അറിഞ്ഞു. അയാളുടെ കൈ തന്റെ കുഞ്ഞു അരക്കെട്ടില്‍ അരിക്കുകയാണ്. അവള്‍ അയാളുടെ കൈ തട്ടി മാറ്റി. അയാള്‍ പറഞ്ഞു. “വായിക്ക് മോളൂ” അവള്‍ പേടിച്ചു, വിറച്ചു കൊണ്ട് അവള്‍ തുടര്‍ന്ന് വായിക്കാന്‍ തുടങ്ങി. അനങ്ങാന്‍ കഴിയുന്നില്ല. വീണ്ടും അയാളുടെ കൈകള്‍ അമരുന്നു. മടിയില്‍ വെച്ച പുസ്തകത്തിനു താഴെ അയാള്‍ കൈകള്‍ മുറുക്കുകയാണ്. വയറ്റിനും അതിനു താഴെയുമായി ഇഴയുന്ന കൈകള്‍.ഭയവും അറപ്പും തോന്നി അവള്‍ക്ക്. ‘ലുഖ്മാന്‍ എന്താ വരാത്തത്’ അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ആ കൈ അടര്‍ത്തി മാറ്റാന്‍ നോക്കി. അയാളുടെ മറ്റേ കൈ അവളുടെ ചുമലില്‍ പിടുത്തം മുറുക്കി. അവള്‍ക്കു തോള് വേദനിച്ചു. അയാള്‍ വികൃതമായ മുഖഭാവത്തോടെ അവളുടെ കുഞ്ഞു മുഖത്തേക്ക് അടുത്തു.അവള്‍ക്ക് ഒച്ച വെക്കാന്‍ തോന്നി. ശബ്ദം അടയുന്ന പോലെ..
പെട്ടെന്ന് ലുഖ്മാന്‍ കയറി വന്നു. അയാള്‍ അവനെക്കണ്ട്  ഞെട്ടി. ലുഖ്മാന്‍ അല്പം പരിഭ്രമത്തോടെ അവളുടെ മുഖത്ത് നോക്കി. അവളുടെ മുഖം വല്ലാതെയിരിക്കുന്നു.അയാള്‍ എഴുന്നേറ്റു വൃത്തിയില്ലാത്ത ചിരിയോടെ അവളെ നോക്കി. “ഇക്കാക്ക പോട്ടെ, ടാ..” ലുഖ്മാന്‍ ഒന്ന് പുഞ്ചിരിച്ചു.
അവള്‍ മുഖമുയര്‍ത്തി നോക്കിയില്ല. അയാള്‍ പോയി. അവള്‍ ലുഖ്മാന്‍ കാണാതെ കണ്ണ് തുടച്ചു.
“എന്താടീ, എന്ത്യേ പാടില്ലേ?” അവളുടെ വാടിയ മുഖം കണ്ടു അവന്‍ ചോദിച്ചു.
“എനിക്ക് വീട്ടി പോണം”
“ന്നാ വാ പോകാം, ഞാന്‍ തറവാട്ടില്‍ പോകുന്നുണ്ട്”
അവള്‍ പുസ്തകങ്ങള്‍ ബാഗിലേക്ക് വച്ചു. ഭയത്തോടെ കോണി ഇറങ്ങി. ‘ഭാഗ്യം, അയാള് പോയി’ അവള്‍ ആശ്വസിച്ചു. വീട് വരെ ലുഖ്മാന്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവള്‍ ഒന്നും മിണ്ടിയില്ല. മനസ്സു നിറയെ ഭയം ഉരുണ്ടുകൂടിക്കൊണ്ടിരുന്നു. അറപ്പും.അവള്‍ വീട്ടിലേക്ക് ചെന്നു. അവന്‍ അവളുടെ വീടിനടുത്തുള്ള അവന്റെ തറവാട്ടിലേക്കും.
വീട്ടില്‍ എല്ലാവരും അണിഞ്ഞൊരുങ്ങുകയാണ്. അവളുടെ കലങ്ങിയ കണ്ണുകള്‍ ആരും കണ്ടില്ല. “വാ വേഗം ഉടുപ്പ് മാറ്റ്, കല്യാണത്തിനു പോണം” ഉമ്മിച്ചി പറഞ്ഞു.
--------------------------------------------------------------------------------------------
എല്ലാരും ബസ് സ്റ്റോപ്പിലെത്തി. ബസ് കാത്തു നില്‍ക്കുമ്പോള്‍ അവള്‍ കണ്ടു. വെളുത്ത ബനിയന്‍ ഇട്ടു മുഖത്തു ഒരു ചിരിയുമായി അയാള്‍ നടന്നു വരുന്നു. അവള്‍ പരിഭ്രമിച്ചു. കൂടെ ഉമ്മിച്ചിയും അമ്മായിമാരും ഉണ്ട്. അവള്‍ക്ക് എന്നിട്ടും പേടിയായി. അവള്‍ ഉമ്മാന്റെ പിറകില്‍ ഒതുങ്ങി നിന്നു. ‘ഭാഗ്യം അയാള്‍ എന്നെ കണ്ടില്ല’. അയാള്‍ വന്നു ആരുടെയോ ബൈക്കിന്റെ പിറകില്‍ കയറുന്നതും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പോകുന്നതും ഉമ്മയുടെ പിറകില്‍ നിന്ന് കൊണ്ട് ഭയം പൂണ്ട കണ്ണുകളോടെ നോക്കി നിന്നു.
എന്തുകൊണ്ടോ അയാള്‍ പോയപ്പോള്‍ അവളുടെ ഉള്ളില്‍ കട്ടകുത്തിക്കൊണ്ടിരുന്ന ഭയം മാത്രം കൂടെപ്പോയില്ല. പക്ഷെ പകരം എന്നെന്നേക്കുമായി കൂടെപ്പോയത് നിഷ്കളങ്കമായി നിറഞ്ഞു വിരിയാറുള്ള അവളുടെ സന്തോഷച്ചിരിയായിരുന്നു...  ഭയം അവളുടെ കുഞ്ഞു ഹൃദയത്തില്‍ മാറാല കെട്ടി തുടങ്ങിയിരുന്നു.
വീണ്ടും വീണ്ടും കാലം പലപ്പോഴും കഴുത്തു ഞെരിക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ ഏതെങ്കിലും ലുഖ്മാനെ പ്രതീക്ഷിച്ചു. രക്ഷിക്കാന്‍ പല രൂപത്തിലും ലുഖ്മാന്മാര്‍ വന്നു. എന്നിട്ടും പിന്നീടെപ്പോഴും ലുഖ്മാനെ കാണുമ്പോള്‍ അവള്‍ മുഖത്തു വരുത്തിയെടുക്കുന്ന പുഞ്ചിരിക്ക് ഇരുട്ടില്‍ നിന്നും പൊങ്ങി വന്നു കഴുത്തു ഞെരിക്കുന്ന കൈകളുടെ ഓര്‍മ്മകള്‍ നല്‍കിയതുപോലെ ഒരു മൂടലുണ്ടായിരുന്നു.. നന്ദിയുടെ ഒരിത്തിരിയില്‍ അലിയിച്ച പുഞ്ചിരി. വേദനയുടെ മഴക്കാറ് പോലെ ഒരു പുഞ്ചിരി.

  The frightened girl wallpapers

Wednesday, 16 April 2014

ഭാവം



നടപ്പാതയുടെ ഓരത്ത് ഒരു തുണ്ട് തുണി മാത്രമുടുത്ത് കിടക്കും അയാള്‍. ഞാന്‍ കാണുമ്പോഴൊക്കെ ആ കറുത്ത ശരീരം ഈ ലോകത്തില്ലാത്ത പോലെ ഉറക്കത്തിലായിരിക്കും. വ്രണങ്ങള്‍ പഴുത്ത കയ്യിലും കാലിലും ഈച്ചകള്‍ പറന്നും ഇരുന്നുമിരിക്കുന്നു. ഓരോ ദിവസവും അയാളെ കടന്നു പോകുമ്പോള്‍ വല്ലാത്ത ഒരസ്വസ്ഥതയോടും അത്ര തന്നെ സഹതാപത്തോടും കൂടെ നോക്കി കടന്നു പോകും. എല്ലാവരുടെ കണ്ണുകളിലും ഒരേ ഭാവം. വ്രണങ്ങള്‍ മൂടിയ അര്‍ദ്ധ നഗ്നമായ ആ മനുഷ്യ ശരീരത്തിന് മുന്‍പില്‍ വിരിച്ചിട്ട തുണിയില്‍ നാണയത്തുട്ടുകളും ഉണ്ടാകും. വിരലുകള്‍ പോലും ഇല്ലാത്ത അയാളെങ്ങനെ ആ തുണിയിലെ നാണയങ്ങളുംകൊണ്ട് അടുത്തിരിക്കുന്ന ചക്രമുള്ള പലകയിലിരുന്നു നിരങ്ങി പോകുമെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിരുന്നു.
ഒരിത്തിരി നേരത്തേക്കുള്ള എന്റെ ഭാവനയുടെ സഞ്ചാരം. പിന്നെ ഓഫീസ്, വീട്, എന്റെ തിരക്കുകള്‍, എന്റെ ലോകങ്ങള്‍...അതില്‍ മുഴുകി ഞാന്‍..
രണ്ടു മാസം മുന്പ് വാങ്ങിയ മണികള്‍ തൂക്കിയ, ഉള്ളിലും പുറത്തുമായി ഒരുപാട് കീശകളുള്ള എന്റെ ഹാന്‍ഡ് ബാഗില്‍ ഏറ്റവും ഉള്ളിലെ കള്ളിയിലാണ് ഞാന്‍ പൈസ കരുതാറുള്ളത്. തൊങ്ങലുകളും ഞൊറിയലുകളുമുള്ള എന്റെ മറൂണ്‍ കളറിലെ പൊങ്ങച്ച ബാഗില്‍ എച്ചില്‍ പോലെ ബാക്കി വരുന്ന ചില്ലറകള്‍ അലക്ഷ്യമായി ഇട്ടതു ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതേ കനം കൂടിയതില്‍ അത്ഭുതമൊന്നും തോന്നിയില്ല. അല്ലെങ്കിലും നമുക്കൊക്കെയെന്നും നോട്ടുകളോടാണല്ലോ പ്രിയം. കണ്ടക്ടര്‍ക്കു പോലും പുച്ഛത്തിന്റെ പേരില്‍ ചില്ലറ കൊടുക്കാത്ത സാധാരണക്കാരിയായതോണ്ടും കൂടിയാകാം. എന്നാലും കയ്യെത്തിച്ച് തുട്ടുകള്‍ പെറുക്കാന്‍ വല്ലാത്ത മടി തന്നെയുണ്ട്.വേഗത്തിലുള്ള നടത്തത്തിനിടയില്‍ ഉള്ളിലേക്ക് കയ്യിട്ടു ചില്ലറ തപ്പിയെടുത്ത് പുറത്തെടുത്തു നോക്കി അതെത്ര രൂപയാണ്, രണ്ടോ , മൂന്നോ, എന്ന് തിട്ടപ്പെടുത്തല്‍ മാത്രമല്ല ആ ഭിക്ഷക്കാരന്റെ മുന്‍പിലെ തുണിയിലേക്കിടാന്‍ ഞാന്‍ പ്രയാസമായും ഒഴികഴിവായും കണ്ടത്. ചുറ്റുമുള്ള ആളുകള്‍ ഒരു നിമിഷം നടത്തം പതുക്കെയാക്കി ചില്ലറയിടാന്‍ കൈ നീട്ടുന്ന എന്നെ ശ്രദ്ധിക്കുമല്ലോ , അവര്‍ കാണുമല്ലോ എന്നാ എന്തോ ഒരു വല്ലായ്കയും കൂടിയായിരുന്നു.

ആ വല്ലായ്ക തന്നെയാണ്, ബസ് കാത്തു നില്‍ക്കുമ്പോള്‍ ഓരോരുത്തരുടെയും മുന്‍പില്‍ വന്നു മുഖത്തേക്ക് നോക്കി കൈ നീട്ടി നില്‍ക്കുന്ന കൂനുള്ള വൃദ്ധയുടെ നേരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബസ് വരുന്നുണ്ടോ എന്ന് മാത്രം ശ്രദ്ധിച്ചു നില്‍ക്കാറുള്ളതും. ഇടം കണ്ണിട്ടു നോക്കുമ്പോഴും അവരുടെ മുഖത്തു സങ്കടമോ ദൈന്യതയോ ഒന്നും കാണാറില്ല. നിറഞ്ഞ നിര്‍വ്വികാരത മാത്രം.
അപ്പോഴാണ്‌ ഇന്ന് വരെയും ഭിക്ഷ ചോദിച്ചു വഴിയോരത്തിരിക്കുന്ന മനുഷ്യ ജീവികളുടെ കണ്ണുകളിലോ മുഖത്തോ ഒരു ഭാവവും എനിക്കിത് വരെയും വായിച്ചെടുക്കാന്‍ കഴിഞ്ഞില്ലാ എന്നാ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.
അന്ന് ഒരിത്തിരിപ്പോന്ന പെണ്‍കുട്ടിയുടെ ഒക്കത്തിരുന്ന ചെളിപിടിച്ച വസ്ത്രം ധരിച്ച കുഞ്ഞിന്റെ മുഖത്തും അവനെ എടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്തോ അടുത്തു കൈനീട്ടിയിരിക്കുന്ന മെലിഞ്ഞുണങ്ങിയ പെണ്ണിന്റെ മുഖത്തോ പേരിട്ടു വിളിക്കാവുന്ന ഒരു തരം ഭാവവും കണ്ടെത്താന്‍ കഴിയാതിരുന്ന അന്നത്തെ രാത്രിയിലാണ് ഇക്ക ഉറങ്ങുമ്പോള്‍ മുറിയിലെ ലൈറ്റ് ഇട്ടു കണ്ണാടിയില്‍ നോക്കി ഞാന്‍ നിന്നത്. അന്നാണ് എനിക്കാ സത്യം മനസ്സിലായത്. എന്റെ മുഖത്തും ഒരു ഭാവവും ഇല്ല. നിര്‍വ്വികാരത മാത്രം. നടുക്കത്തോടെ ഞാനത് തിരിച്ചറിയുമ്പോള്‍ ഓടിച്ചെന്നു ഞാന്‍ അപ്പുറത്തെ മുറിയിലെ കട്ടിലില്‍ ചെറു പുഞ്ചിരിയില്‍ ഉറങ്ങുന്ന എന്റെ പൊന്നു മക്കളെ നോക്കി.

ഭിക്ഷാടകരായ ഓരോരുത്തരുടെയും ചിരി മാഞ്ഞു പോയ കുട്ടികളുടെ മുഖങ്ങള്‍ എന്റെ ഓര്‍മ്മയിലേക്ക് വന്നു. എന്റെ പൊന്നു മക്കളുടെ മുഖത്തും നേരത്തെ കണ്ണാടിയില്‍ ഞാന്‍ കണ്ട എന്റെ നിര്‍വ്വികാരത ഇന്നുള്ള പുഞ്ചിരിയെ കീഴടക്കി അവിടെ സ്ഥാനം പിടിച്ചു പോകുന്ന ദുരന്തം.. അതിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്നേ ഉണ്ടായിരുന്നില്ല.
ആ നിമിഷം തന്നെയായിരുന്നു. അന്ന് വരെ എന്നെ പൊതിഞ്ഞു നിന്ന നിര്‍വ്വികാരത കണ്ണീരായും പ്രാര്‍ത്ഥനയായും ഒഴുകി പുറത്തു പോയതും... അന്നത്തെ രാത്രി എന്റെ ഉറക്കം പോയതുകൊണ്ടാണ് ഞാന്‍ പിന്നത്തെ പ്രഭാതം മുതല്‍ ചില്ലറകള്‍ വാരിക്കൂട്ടി കയ്യെത്തുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതും, ഇടം കണ്ണിട്ടല്ലാതെ നീളുന്ന കൈകള്‍ക്കും , ഉയരുന്ന മുഖങ്ങള്‍ക്കും നേരെ നോക്കാന്‍ തുടങ്ങിയതും. മുഖത്തു ഞാന്‍ പോലുമറിയാതെ ഏതോ പുഞ്ചിരി വിരിയുന്നതായി എനിക്ക് തോന്നാന്‍ തുടങ്ങിയതും. . . . . . .

Thursday, 26 December 2013

ചൂല്‍ ....




ഏതോ ആവശ്യത്തിനു അവളുടെ വീടിനടുത്തൂടെ പോകുമ്പോഴാണ് മാരിവില്ല് വരച്ചുള്ള അവളുടെ മുറ്റമടിയുടെ മാസ്മരികതയില്‍ അയാള്‍ ആകൃഷ്ടനായത്. സ്വന്തം വീടിന്റെ മുറ്റവും വീടകവും അവളുടെ അടിച്ചു വാരലില്‍ മിനുങ്ങുന്നത് ഭാവനയില്‍ കണ്ടു കൊണ്ടായിരുന്നു അയാള്‍ അവളെ വിവാഹം ആലോചിച്ചതും.

പെണ്ണ് കാണാന്‍ ചെന്ന ദിവസം അവള്‍ അടിച്ചു വൃത്തിയാക്കിയ മുറ്റവും സിറ്റൌട്ടും കണ്ടു അയാള്‍ ഒന്നൂടെ ഇമ്പ്രെസ്സ്ട് ആയത്രേ.

വിവാഹവും മധുവിധുവും കഴിഞ്ഞു, വൃത്തിയും വെടിപ്പുമുള്ള വീട്ടില്‍ അങ്ങനെ ജീവിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാളുടെ മനസ്സിനകത്തുള്ള മാലിന്യങ്ങളെ തൂത്തു വൃത്തിയാക്കാന്‍ അവള്‍ ശ്രമിച്ചു തുടങ്ങിയത്.

എന്തുകൊണ്ടോ അതയാള്ക്ക്പ‌ തീരെ ഇഷ്ടായില്ല. അയാള്‍ അലറി, “ചൂലേ , ഇപ്പൊ ഇറങ്ങിക്കോണം ഇവിടെ നിന്ന്... ഇനി നീ സ്വന്തം വീട്ടില്‍ നിന്ന് മുറ്റമടിച്ചാല്‍ മതി!”

അങ്ങനെ അവള്‍ അവളുടെ വീട്ടിലെ അടിച്ചു വാരലുകാരിയായി എന്നെന്നേക്കുമായി...

അയാളോ, ആരും അടിച്ചു തുടച്ചു വൃത്തിയാക്കാത്ത മനസ്സില്‍ അഴുക്കും മാലിന്യവും കുന്നുകൂട്ടി വച്ചു അങ്ങനെ അങ്ങനെ.......

Friday, 7 June 2013

ഭയമുറി

-------------------------------------------------------------------------------------------------

ഇടയ്ക്കിടെ അവളുടെ നോട്ടം കുളിമുറിയുടെ മുകളിലത്തെ വെളിച്ചം കടക്കാനുള്ള വിടവിലേക്കു വീഴും. ആരെങ്കിലും എത്തി നോക്കുന്നുണ്ടോ.
പഴയ വാതിലിന്റെ പൊളിഞ്ഞു പോയ ഭാഗത്തെ കൊച്ചു പൊത്തുകളില്‍ അവള്‍ ഒരു കണ്ണിറുക്കി വച്ചു പുറത്തേക്ക് നോക്കി. ‘ഭാഗ്യം, ആരും ഇല്ല’. മനസ്സില്ലാ മനസ്സോടെയെങ്കിലും മുഖത്തും അവള്‍ സോപ്പിട്ടു. എന്നാലും പേടി കാരണം വേഗം വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞു. എത്ര നേരമാ ഇങ്ങനെ കണ്ണടച്ചു നില്‍ക്കുക.
നിറച്ചു വച്ച ബക്കറ്റില്‍ നിന്നും ഓരോ തവണ കപ്പില്‍ വെള്ളം കോരി ദേഹത്തെക്കൊഴിക്കുമ്പോഴും അവളുടെ നോട്ടം ഓരോ പൊത്തിലെക്കും പഴുതിലേക്കും വിടവിലെക്കും പാറി വീണു.
“കുഞ്ഞോളെ, നീ അതിനകത്ത് എന്തെടുക്കുവാ? ഇന്ന് പ്രവേശനോല്സവമല്ലേ, ഒന്നാം ക്ലാസിലെ ആദ്യത്തെ ദിവസം തന്നെ വൈകില്ലെ.? വെള്ളത്തില്‍ കളിച്ചു നില്‍ക്കാതെ വേഗം ഇറങ്ങി വാ. അമ്മയ്ക്കും കുളിക്കണ്ടേ?”
‘ഈ അമ്മക്കിതെന്തറിയാം, വെള്ളത്തില്‍ കളിക്കുകയാണത്രേ! എത്ര പേടിച്ചിട്ടാ ഒന്ന് കുളിക്കുന്നത്’ ദേഷ്യത്തോടെ കുഞ്ഞോള്‍ മനസ്സില്‍ കരുതി. വേഗം തുവര്‍ത്തി ആശ്വാസത്തോടെ കുളിമുറിയുടെ പുറത്തിറങ്ങി.
അമ്മ കുഞ്ഞോളുടെ തല നല്ലവണ്ണം തുവര്‍ത്തി കൊടുത്ത് പെറ്റിക്കോട്ടിടീപ്പിച്ചു. ‘അമ്മമ്മയോടു പറ ഉടുപ്പിടീക്കുവാന്‍, അമ്മ വേഗം വരാം.’ എന്നും പറഞ്ഞു കുഞ്ഞോളുടെ അമ്മ ഒന്ന് ചുറ്റും നോക്കിയിറ്റു കുളി മുറിയിലേക്ക് കേറി. ഇനി അമ്മയുടെ ഊഴമാണ്... അവര്‍ക്കും ഭയമില്ലാതെ കുളിക്കാന്‍ പറ്റില്ല. ആ ഭയത്തോടെയുള്ള നോട്ടം എന്നും ആവര്‍ത്തിച്ചു കൊണ്ടിരിക്കും....

------------------------------------------------------------------------------------------

Tuesday, 18 December 2012

വഴി




അവന്നടക്കുന്ന വഴി മുഴുവന്സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു.ഇരു വശത്തും നിരന്നു നില്ക്കുന്ന മരങ്ങളില്നിന്നും കൊഴിഞ്ഞു വീണ ഇലകള്മരച്ചില്ലകള്ക്കിടയിലൂടെ കടന്നു വരുന്ന പൊന്വെളിച്ചത്തില്ഭംഗിയുള്ളൊരു പരവതാനി പോലെ വഴിയെ അലങ്കരിക്കുന്നു.
ഇടക്കൊക്കെ മാത്രമേ ക്യാമ്പസിന്റെ മനോഹാരിത നുകരുവാന്കഴിയാറുള്ളൂ, എങ്കിലും അവന്റെ മനസ്സിനെ ഒരുപാട് ആകര്ഷിച്ചിരുന്നു ദൃശ്യങ്ങളെല്ലാം.

ശരത്കാലമായത് കൊണ്ടാവണം ഇത്രയേറെ ഇലകള്‍.അവിടവിടെ ചെറിയ കാട്ടു ചെടികള്‍, അവയില്ഇനിയും കൊഴിയാത്ത ചെറു പൂക്കള്‍. ഇത്രയേറെ ഭംഗിയുള്ളതു കൊണ്ടാവണം കലാലയത്തിന്റെ പ്രണയ മിഥുനങ്ങളെല്ലാം സല്ലാപത്തിനായി സ്ഥലം തന്നെ തിരഞ്ഞെടുക്കുന്നത്.
അങ്ങനെയൊക്കെ ആലോചിച്ചു കൊണ്ട് വിനു കൂടെ നടക്കുന്ന സുഹൃത്തുക്കളെ നോക്കി. അവന്മാരെല്ലാം വലിയ വര്ത്തമാനത്തില്‍.ചെറിയൊരു പുഞ്ചിരിയോടെ അവനും അവരുടെ കൂടെ നടന്നു.നടക്കുന്നതിനിടയില്തന്നെ പല പ്രണയ ജോഡികളെയും അവര്കണ്ടിരുന്നു.കൂട്ടുകാര്പലരും പല കമന്റുകളും പാസ്സാക്കുന്നുണ്ടായിരുന്നു. അവന്അതെല്ലാം കേട്ട് നിശബ്ദനായി നടന്നതെ ഉള്ളൂ.

നടത്തത്തിനിടയില്വിനുവിന്റെ കണ്ണുകള്ഒരിടത്തുടക്കി.അവന്ഒരു നിമിഷത്തേക്ക് അവിടെത്തന്നെ നിന്നു.അത് ശ്രദ്ധിച്ച അഫ്സല്അവന്റെ അടുത്തേക്ക്ചെന്നു.വിനു നോക്കി നില്ക്കുന്നിടത്തെക്ക് കണ്ണ് പായിച്ചു.
, ഹരിത!” അഫ്സലിന്റെ ശബ്ദം കേട്ട് വിനു അവന്റെ മുഖത്തേക്ക് നോക്കി
അഫ്സല്പറഞ്ഞു. “എടാ വിനു, എനിക്ക് മനസ്സിലായി നീ എന്താ ഇത്ര സൂക്ഷിച്ചു നോക്കുന്നതെന്ന്..”
വിനു ഒന്നും മിണ്ടിയില്ല.
ലാസ്റ്റു നീ ഇവളെ കണ്ടപ്പോള്ഇവള് തേഡ് ഇയര്മാത്സിലെ ഒരു ചെക്കന്റെ കൂടെ ആയിരുന്നില്ലേ?.. ഇപ്പോള്ഇതാ വേറൊരുത്തന്റെ കൂടെ എന്നല്ലേ ആലോചിക്കുന്നത്?”. അഫ്സലിന്റെ ചോദ്യം കേട്ട് സെബിന്അവരുടെ അടുത്തേക്ക്വന്നു. അവന്വിനുവിന്റെ പുറത്തു തട്ടിയിട്ടു പറഞ്ഞുഎടാ ഇതൊക്കെ അറിയണമെന്കിലെ ഇടയ്ക്കിടയ്ക്ക് നീ കോളേജില്വരണം..” അത് പറഞ്ഞു അവരെല്ലാം കൂടി പൊട്ടിച്ചിരിച്ചു. വിനു നിശബ്ദനായി നിന്ന് കേട്ടതെ ഉള്ളൂ. അത് കണ്ട അഫ്സലിന് സങ്കടമായി. അവന്പറഞ്ഞു.
എടാ, ഞങ്ങള്ക്കറിയാം.. നീ ജോലി ചെയ്തു പൈസ ഉണ്ടാക്കിയാ പഠിക്കാന്വരുന്നതെന്ന്. ഞങ്ങള്ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ..”
വിനു അത് കേട്ട് സാരമില്ലെന്ന അര്ത്ഥത്തില്ചെറിയൊരു ചിരിയോടെ സെബിന്റെ തോളത്തു ഒരു ചെറിയ ഇടി കൊടുത്തു. താനറിയാത്ത ഏതോ സീനിയറിന്റെ തോളത്തു ചാരി കിടക്കുന്ന ഹരിതയെ ഒന്ന് കൂടി നോക്കിയിട്ട് വിനു കൂട്ടുകാരോടൊപ്പം നടത്തം തുടര്ന്നു...
വിനുവിനു സാമ്പത്തികം വളരെ കുറവാണ്. അച്ഛന്മരിച്ചു പോയിരുന്നു നേരത്തെ തന്നെ. അവന്തന്നെ ജോലി ചെയ്തിട്ടാണ് വീട്ടു ചിലവും പഠന ചിലവും കണ്ടെത്തുന്നത്‌. അതുകൊണ്ട് തന്നെ മിക്കവാറും ദിവസങ്ങളില്ക്ലാസില്വരാന്പറ്റാറില്ല. പക്ഷെ അക്കാര്യം പറഞ്ഞു അവര്കളിയാക്കുമ്പോള്അവനു സങ്കടമൊന്നും തോന്നിയിരുന്നില്ല. അവന്റെ സങ്കടം മറ്റൊന്നായിരുന്നു.....

കോളേജില്ചേര്ന്ന ദിവസം തന്നെ വല്ലാത്തൊരു ആകര്ഷണം തോന്നിയിരുന്നു ഹരിതയോട്. അതൊരു പ്രേമമോന്നുമായിരുന്നില്ല. നല്ലവണ്ണം പഠിക്കുന്ന പെണ്കുട്ടി. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവള്‍. എന്തുകൊണ്ടോ വിനുവിന്റെ മനസ്സില്ഇടം പിടിച്ചു അവള്‍. അപ്പോള്തന്നെ ഒരു പ്രണയമുണ്ടായിരുന്നു അവള്ക്ക്. അവര്തമ്മിലെ കഥകള്അന്നെ കോളേജില്പാട്ടായിരുന്നു. അതൊന്നും അവളോടുള്ള തന്റെ ഇഷ്ടത്തെ കുറച്ചില്ല എന്ന് വിനു ഓര്ത്തു. കുറച്ചു നാള്കഴിഞ്ഞപ്പോള്അറിഞ്ഞു അവള് പയ്യനില്നിന്ന് അകന്നെന്നും വേറൊരു പയ്യനുമായി അടുപ്പത്തിലായെന്നും. കാണാന്പാടില്ലാത്ത പലയിടങ്ങളിലും ഒറ്റക്കു അവരെ കണ്ടെന്നു വിനു കൂട്ടുകാര്പറഞ്ഞറിഞ്ഞു. തന്റെ ആരുമല്ലായിരുന്നു ഹരിത. എന്നിട്ടും അവന്റെ ഉള്ളു നൊന്തു. ക്ലാസിലെ പെണ്കുട്ടികള്നടത്തിയ അന്വേഷണ പരമ്പരകളിലൂടെ വേറെയും കാമുകന്മാര്അവള്ക്കുള്ളതായി കോളേജിലും പാട്ടായി.
വിനുവിന് വെറുക്കാന്കഴിയുന്നുണ്ടായിരുന്നില്ല അവളെ. അവളെപ്പറ്റി അവന്കുറെ ആലോചിച്ചു, അന്വേഷിച്ചു. വീട്ടില്അവള്ക്കു പ്രശ്നങ്ങള്ഒന്നുമില്ല. സ്നേഹം കിട്ടാതിരിക്കുവാന്യാതൊരു സാധ്യതയുമില്ല. എന്നിട്ടും എന്തുകൊണ്ട് അവളിങ്ങനെ എന്ന ചോദ്യം അവനെ വല്ലാതെ വീര്പ്പു മുട്ടിക്കുമായിരുന്നു...

ഇന്നിതാ വേറൊരുത്തന്റെ കൂടെ ഹരിത. വിനു അത്ഭുതപ്പെട്ടു. എന്തിനു ഞാന്ഇങ്ങനെ വേവലാതിപ്പെടുന്നു? ആരുമല്ലാത്ത ഒരുവളെപ്പറ്റി.. അവനു സ്വന്തത്തോട് തന്നെ പുച്ഛം തോന്നി.
ടാ.. ഇനിയത്തെ അവറില്ക്ലാസ് ഉണ്ട്, ചുമ്മാ കേറിയെക്കാം.. പുതിയ മിസ്സ്ആണ്.. കാണാന്കുഴപ്പമൊന്നുമില്ല...!!” സെബിന്റെ സംസാരം വിനുവിനെ ചിന്തയില്നിന്നുണര്ത്തി. അവന്റെ തമാശ കേട്ട് എല്ലാവരും ചിരിച്ചു...
...............................................................................................................................



ഡിഗ്രിയോന്നും ഉണ്ടായിട്ടു ഒരു കാര്യവുമില്ല. ജോലി ഒരു ഭാഗ്യമാ. ചിലരെ മാത്രേ അത് കടാക്ഷിക്കുള്ളൂ..” ഡ്രൈവര്സലീമിക്ക പറഞ്ഞത് കേട്ട് വിനുവും തലകുലുക്കി.
ശരിയാ.. ഞാന്എത്ര അലഞ്ഞു.. പഠിച്ചാലെങ്കിലും നല്ലൊരു ജോലി കിട്ടുമെന്ന് കരുതിയാ കഷ്ടപ്പെട്ട് ഡിഗ്രിയെടുത്തത്. എന്നിട്ടിപ്പോ നാലഞ്ചു വര്ഷമായി.” അവന്പറഞ്ഞു.

സാരമില്ലെടാ വിനുവേ. ഒക്കെ ശര്യാവും..”
സലിം അവനെ ആശ്വസിപ്പിച്ചു. സമയം രാത്രിയായിരിക്കുന്നു. അയാള്ലോറി ഓടിക്കുന്നതിനിടെ ഒരു കുപ്പിയില്നിന്നും കുറച്ചു വെള്ളമെടുത്ത് കുടിച്ചു.
വിശന്നിട്ടു വയ്യ.. എവിടെയെങ്കിലും ഇറങ്ങി വല്ലതും കഴിക്കാം..”
വിനു ഒന്ന് മൂളി.
അടുത്തു തട്ടുകട കണ്ട സ്ഥലത്ത് അവര്ലോറി നിര്ത്തി ഇറങ്ങി. “നിനക്കെന്താ വേണ്ടത്അയാള്ചോദിച്ചു.
വിനു പറഞ്ഞു.   ”എന്തേലും മതി

ഉള്ളതൊക്കെ എടുത്തോ വിശന്നിട്ടു കണ്ണ് കാണുന്നില്ലടെയ്‌..” സലിം തട്ടുകടക്കാരനോടു വിളിച്ചു പറഞ്ഞു.

വിനു എന്തോ ആലോചിക്കുകയായിരുന്നു. അവന്വെളിച്ചം തീരുന്നിടം വരെയുള്ള അകലത്തെക്ക് നോക്കിയിരുന്നു. പെട്ടെന്ന് ഇരുട്ടില്ഒരു നിഴലനക്കം. അവന്അത് ശ്രദ്ധിച്ചു. ഒരു സ്ത്രീ രൂപം.അത് ഇരുട്ടില്നിന്ന് പരുങ്ങുകയാണെന്നു അവനു തോന്നി. വിനു എഴുന്നേറ്റു. രൂപം കണ്ടിടത്തെക്ക് നടന്നു. അവന്റെ ഭാവം കണ്ടു കഴിക്കാന്തുടങ്ങുകയായിരുന്നു ഡ്രൈവര്ചേട്ടനും എഴുന്നേറ്റു. അവന്റെ പിറകെ നടന്നു. വിനു സ്ത്രീ രൂപത്തിനടുത്തെത്തി. മങ്ങിയ നിലാ വെളിച്ചത്തില്അവന്ആളെ കണ്ടു നടുങ്ങി...
ഹരിതശബ്ദമില്ലാത്ത ഒരു അലര്ച്ചയെന്ന പോലെ അവന്പറഞ്ഞു. 
അവന്റെ പിറകെ നടന്നെത്തിയ അവന്റെ സലീമിക്ക എന്താണെന്ന് മനസ്സിലാകാതെ നിന്നു. അയാള്മൊബൈലിന്റെ വെളിച്ചം പെണ്കുട്ടിയുടെ മുഖത്തെക്ക് കാണിച്ചു. ചെറിയ വെളിച്ചത്തില്വിനു കണ്ടു, പഴയ ഹരിതയല്ല. കണ്ണുകള്കുഴിഞ്ഞ, കവിള്ഒട്ടിയ, കറുത്ത് കരുവാളിച്ച മുഖവുമായി മെലിഞ്ഞുണങ്ങിയ ഒരു ഹരിത!.

അവസാനം പ്രണയത്തിലായ ആളോടൊപ്പം അവള്വീട്ടുകാര്അറിയാതെ ഒളിച്ചോടിയെന്നു സുഹൃത്തുക്കള്പറഞ്ഞു അവന്അറിഞ്ഞിരുന്നു. മനസ്സ് തടഞ്ഞിട്ടും ഹരിതയെക്കുരിച്ചു വിനുവിനുണ്ടായിരുന്ന വ്യാകുലത അവളെപ്പറ്റി അന്വേഷിക്കുവാന്പല തവണ അവനെ പ്രേരിപ്പിച്ചിരുന്നു. അന്വേഷിക്കുന്ന വേളകളിലെല്ലാം വേദനിപ്പിക്കുന്ന വാര്ത്തകളാണ് അവന്കേട്ടത്. അവളെ കെട്ടിയവന്ഒരു ഫ്രോഡ് ആയിരുന്നു. കുറച്ചു നാള്അവനു തോന്നിയ പോലൊക്കെ ഉപയോഗിച്ചിട്ട് അവന്അവളെ ഉപേക്ഷിച്ചു. വീട്ടുകാരും അവളെ വെറുത്തിരുന്നു. പിന്നെയും സ്നേഹം തേടിയുള്ള അവളുടെ യാത്രയില്ആരുടെയോ വലകളില്അവള്കുടുങ്ങി...  ഇന്നിതാ തന്റെ മുന്പില്‍...

ഹരിത ആളെ തിരിച്ചറിഞ്ഞു. അവള്ക്കു കരയണോ ചിരിക്കണോ എന്ന് അറിയുന്നുണ്ടായിരുന്നില്ല. ഇരുവരുടെയും ഭാവപ്പകര്ച്ചകള്കണ്ടു അന്തം വിട്ടു നില്ക്കുകയായ്രുന്നു സലിം. അയാള്വിനുവിന്റെ തോളത്തു കൈ വച്ചുവിനു ഒന്നും മിണ്ടിയില്ല. അവന്മുന്നോട്ട് നടന്നു. നിര്വികാരയായി നില്ക്കുന്ന ഹരിതയുടെ കൈത്തണ്ടയില്മുറുകെ പിടിച്ചു കൊണ്ട് അവന്തിരിഞ്ഞു നടന്നു. അവള്പിറകേയും... 
ഒരു നെടു വീര്പ്പോടെ സലീമും അവരെ അനുഗമിച്ചു. അവര്തട്ടുകടയുടെ മുന്പിലെ ബെഞ്ചില്ഇരുന്നു. മുന്പില്കൊണ്ട് വച്ച ആഹാരം ഹരിത ആവേശത്തോടെ കഴിക്കുവാന്തുടങ്ങി...

ഭക്ഷണം കഴിച്ചു കഴിഞ്ഞു വിനു അവളുടെ കയ്യില്വീണ്ടും മുറുകെ പിടിച്ചു,അധികാരത്തോടെ..

ലോറിക്കു നേരെ നടക്കുന്നതിനിടയില്അവന്ഉറപ്പുള്ള സ്വരത്തില്സലീമിക്കയോട് പറഞ്ഞു...”നമുക്ക് മടങ്ങാം, വീട്ടിലേക്ക്...”

ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല...........