Friday, 22 November 2013
സന്ദേശം
നിന്‍റെ ഓര്‍മ്മകളാല്‍
ചുട്ടു പഴുത്ത മരുമണല്‍പരപ്പില്‍
ഏകയായ്,മുഖം ചേര്‍ത്തു കിടന്ന്‍,
ഉരുകിയുരുകിയെന്‍റെ
കണ്ണുനീര്‍ പോലും
വറ്റിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ഒരു ചെറു മഴയായല്ലെങ്കിലും
നറു കുളിര്‍ക്കാറ്റായെങ്കിലും
പ്രിയമുള്ളവനേ, നീ
എന്നിലേക്കണയുമെന്ന്
ഞാനീ ഉരുകുന്ന ചൂടില്‍
കൊതിച്ചു പോകുന്നുണ്ട്.
ഇപ്പോളെനിക്ക് കേള്‍ക്കാവുന്നത്,
ഇരമ്പി വരുന്ന ചുടുമണല്‍ കാറ്റിന്റെ
ഭയപ്പെടുത്തുന്ന ഇരമ്പല്‍ മാത്രം.
പേടിച്ചോടാന്‍ പോലും വയ്യാതെ
തളര്‍ന്നു കഴിഞ്ഞിരിക്കുന്നു ഞാന്‍.
എന്‍റെ ഉള്‍തടത്തില്‍ നിന്നും
പറന്നു പൊങ്ങിയ
നോവിന്റെ പക്ഷികള്‍,
ഇനിയും ജീവന്‍ പൊലിയാത്ത
കാത്തിരിപ്പിന്റെ നൊമ്പരവാര്‍ത്തയുമായി
അവിടം വരെയെത്തുമോയെന്നു
എനിക്കിപ്പോഴും ഉറപ്പില്ല.
എങ്കിലും മുഴുവനായും
അടഞ്ഞു കഴിയാത്ത കണ്ണുകളില്‍
നിന്‍റെ വരവിനേയും കാത്ത്
എന്റെ പ്രതീക്ഷ
തിളങ്ങിത്തന്നെ നില്‍പ്പുണ്ട്.
ഒരു ചെറു മഴയായല്ലെങ്കിലും
നറു കുളിര്‍ക്കാറ്റായെങ്കിലും
പ്രിയമുള്ളവനേ........
Sunday, 17 November 2013
നിസ്സഹായത.
നനയാന്‍, നിന്നെയറിയാന്‍
ഞാനിറങ്ങി വരില്ലെന്നറിഞ്ഞിട്ടും
എന്തിനാണ് മഴയിങ്ങനെ
പെയ്തു കൊണ്ടേയിരിക്കുന്നത്?
എന്തിനാണിങ്ങനെ
എന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നത്?
ഞാനിറങ്ങി വരില്ലെന്നറിഞ്ഞിട്ടും
എന്തിനാണ് മഴയിങ്ങനെ
പെയ്തു കൊണ്ടേയിരിക്കുന്നത്?
എന്തിനാണിങ്ങനെ
എന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നത്?
ജീവിതം
ജീവിതത്തെ
അടങ്ങാത്ത ആവേശത്തോടെ,
മതിമറന്നു സ്നേഹിക്കുന്ന,
നമ്മളെന്ന വിഡ്ഢികളെപ്പോലെയാണ്
ഈയലുകള്‍.
ജീവിതം കുടിച്ചു തീര്‍ക്കാനുള്ള
ആര്‍ത്തിയുമായ് മനുഷ്യന്‍
വ്യഗ്രത കാണിക്കുന്നത് പോലെ,
വെളിച്ചത്തിനു ചുറ്റുമവ
വേഗത്തില്‍ ചുറുചുറുക്കോടെ
പാറുകയാണ്,
ഈയലുകള്‍.
ഒടുവിലെന്തിന്,
ഒന്നും നേടാതെ
ഒരിത്തിരി ആയുസ്സിന്റെ
ചിറകുകളുപേക്ഷിച്ച്
വീണു പിടഞ്ഞു ജീവന്‍
പൊലിയുവാന്‍....
ഒരു പ്രണയ കഥ
ചുവന്ന പൂക്കളാല്‍
നിറഞ്ഞു പൂത്ത വാകമരച്ചുവട്ടില്‍
ഒരുപാട് നേരത്തെ
മൌന സംഭാഷണങ്ങള്‍ക്കൊടുവിലാണ്
പ്രണയത്താല്‍ ചുവന്ന ഹൃദയങ്ങളവര്‍
പരസ്പരം കൈമാറിയത്.
ആ നേരം അത് വഴിയെത്തിയ
പ്രണയത്തിന്റെ ഇളം തെന്നല്‍
പൂത്തു നിന്ന വാക മരത്തിന്റെ
കാതിലേതോ കിന്നാരമോതി.
നാണത്താല്‍ മരമറിയാതെ
ഇതളുകള്‍ കൊഴിച്ചു വീഴ്ത്തി.
മരച്ചുവട്ടില്‍ ഹൃദയം പങ്കു വെച്ചവര്‍
പിരിയാന്‍ മടിച്ചാണെങ്കിലും
തിരിഞ്ഞു നടക്കുമ്പോള്‍
കണ്ടു നിന്ന വാകയുടെ നെഞ്ചിലൊരു
പേരില്ലാത്ത നീറ്റല്‍.
വീണ്ടും വീണ്ടും മരച്ചുവട്ടില്‍
പ്രണയങ്ങള്‍ നാമ്പിട്ടു,
പൂത്തു-തളിര്‍ത്തു, കൊഴിഞ്ഞു.
വാകമരം ചുവന്ന ഇതളുകള്‍
പൊഴിച്ചു കൊണ്ടേയിരുന്നു.
പ്രണയ സാക്ഷ്യങ്ങളുടെ ഇതളുകള്‍
പ്രണയികളുടെ കാലുകള്‍ക്കടിയില്‍
ചതഞ്ഞരഞ്ഞു പോയി.
പ്രണയത്തിന്റെ നറു തെന്നല്‍
എന്നോ സഞ്ചാരം നിര്‍ത്തിയിരിക്കുന്നു.
പകരം വരുന്നത്
ചതി നിറമുള്ള വിഷക്കാറ്റ് മാത്രം
എന്നിട്ടും വാകയിതളുകള്‍
അടര്‍ന്നു വീണു കൊണ്ടിരുന്നു.
സുഖമുള്ള ഓര്‍മ്മകളുടെ നിറവില്‍
ഇനിയും പ്രണയിച്ചു തീരാത്ത
ആത്മാക്കള്‍ക്ക് വേണ്ടി.
ഹൃദയം കറുത്തു പോയവരുടെ
കാലിനടിയില്‍ ചതഞ്ഞരയാന്‍
മാത്രമായി....
ഒറ്റക്ക്.....
ഒരു രക്ഷപ്പെടല്‍
ആഗ്രഹിക്കുന്നുണ്ടോ?
ചിലപ്പോഴെങ്കിലും ചിലതില്‍ നിന്നും.
ഞാന്‍ കൊതിച്ചു പോകാറുണ്ട്.
എവിടേക്ക് പോകാന്‍,എല്ലായിടത്തും
ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍ .
വിഭ്രാന്തിയുടെ ഇടവഴിയിലൂടെ
ഒറ്റയായ് നടക്കുകയാണ് ഞാന്‍.
ഒപ്പമെത്താന്‍ നോക്കരുത്
പിറകില്‍ നിന്ന് വിളിക്കരുത്.
തനിയെ ചിരിച്ചും തനിയെ നോവിച്ചും
സ്വയം വെറുത്തും,
വിഭ്രാന്തിയുടെ ഇരുള്‍വഴിയിലൂടെ.
പിറകില്‍ നിന്ന് വിളിക്കരുത്.
വെളിച്ചത്തിലേക്ക്
വലിച്ചെറിയുകയുമരുത്.
അങ്ങിനെയങ്ങിനെ
ചിരിക്കാന്‍ മറന്നു തുടങ്ങും പതിയെ.
അവസാന തുള്ളി വെളിച്ചവും
ഹൃദയത്തില്‍ നിന്ന് ചോര്‍ന്നു കഴിയുമ്പോള്‍
അവസാന ആശ്രയത്തിന്റെ ചുവട്ടില്‍
മുഖം ചേര്‍ക്കും ഞാന്‍.
പരാതികളും പരിവേദനങ്ങളും
അവിടെ ഇറക്കി വച്ചു
കണ്ണീരൊഴുക്കിക്കിടക്കും.
ഒടുവില്‍ തളര്‍ന്നു വീഴും വരെ
നടന്നു കൊണ്ടേയിരിക്കട്ടെ.
ഇടനാഴിയിലൂടെ,വരണ്ടിടുങ്ങിയ
ഇരുളിലൂടെ ഒറ്റക്ക്, തീര്‍ത്തും ഒറ്റക്ക്....
അഭ്യര്‍ഥന
ജീവിത കടലോരത്തെ
കോടാനുകോടി മണല്‍ത്തരികളില്‍
ഒന്ന് മാത്രമാണ് ഞാന്‍,
ഉദയ കിരണവും കൊടും വെയിലും
ഇരുളിന്‍റെ തണുപ്പും
ഒരുപോലെയേറ്റ്
ഞാനിവിടെ കിടന്നുകൊള്ളാം.
കറുത്ത ഹൃദയവും ചുഴിഞ്ഞു നോക്കുന്ന
കണ്ണുകളും കൊണ്ട്
എന്നെ തിരഞ്ഞു പിടിച്ച്,
എന്നിലെ കളങ്കത്തിന്റെ അംശം
കണ്ടെത്തുവാനായി
ഇതുവഴി വരാതിരിക്കുക
കോടാനുകോടി മണല്‍ത്തരികളില്‍
ഒന്ന് മാത്രം ഞാന്‍,
ഒന്നുമല്ലാത്തവള്‍ ഞാന്‍....
കഴുതകള്‍
പുറത്തു ചാടാന്‍ വെമ്പുന്ന
ഞരമ്പ് രോഗിയെ ,
ഉള്ളില്‍ അടക്കി നിര്‍ത്തിക്കൊണ്ടാണ്
പലരുമിവിടെ ജീവിക്കുന്നത്.
നിവൃത്തികേടു കൊണ്ട് മാത്രം,
അവരാ രോഗിയെ പിടിച്ചു കെട്ടും.
ഒരു നിവൃത്തിയുമില്ലാതെ വരുമ്പോള്‍
വാക്കുകള്‍ കൊണ്ടെങ്കിലും
അവരത് പറഞ്ഞു തീര്‍ക്കും,
ആശ്വാസം കണ്ടെത്തും.
കഴുത കരഞ്ഞു തീര്‍ക്കുന്നത് പോലെ...
പിന്‍കുറിപ്പ്: രോഗം എന്ന് പ്രതീകാത്മകമായി ഉപയോഗിച്ചതാണ്. മുക്കാലിയില്‍ കെട്ടി അടിക്കേണ്ട വൃത്തികെട്ട സ്വഭാവമാണ് ലത്...
Subscribe to:
Posts (Atom)