Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, 4 April 2015

അമ്പ്


നീ എയ്തു വിട്ട അമ്പിന് പോലും
നിന്റെ സ്പര്‍ശത്തിന്റെ ഗന്ധമുണ്ട്.
കൂര്‍ത്ത മുനയില്‍ നീ
വെറുപ്പിന്റെ വിഷം പുരട്ടിയെങ്കിലും
ഹൃദയത്തിലേക്കിനിയുമത്
പടര്‍ന്നു കയറിയിട്ടില്ല.
ഈ മുറിവിന്റെ വേദന പോലും
അന്ന് നീ പകര്‍ന്നു തന്ന
പ്രണയ നീരിനാല്‍ സുഖപ്പെടുമ്പോള്‍
എങ്ങനെയാണ് പിരിയുക?
ഞാനെങ്ങിനെയാണ് അകലുക?

Friday, 3 April 2015

വഴികാട്ടി

നിനവിന്റെ പൂക്കള്‍,വിരിയുന്നുണ്ടുള്ളില്‍,
വരണ്ടുണങ്ങിത്തുടങ്ങിയ നെഞ്ചില്‍.
ശലഭമായ് നീയിതുവരെ വന്നില്ലെങ്കിലും
ഇതളുകളില്‍ മാറി മാറി ഇരുന്നില്ലായെങ്കിലും
വാടാന്‍ തീരെയൊരുക്കമല്ല പൂക്കള്‍.
ഒരു കോടി രേണുക്കള്‍
പറന്നുയരുന്നുണ്ട് നിന്നെത്തേടി തിരിക്കാന്‍.
ഏതിരുട്ടില്‍പ്പെട്ടു നീയെന്നറിയില്ല.
എരിവേനലില്‍ ചിറകു തളര്‍ന്നോയെന്നും.
ഞാനയക്കുന്ന ഓര്‍മ്മകള്‍
നിന്നെ തേടി കണ്ടെത്തുമെന്നും
എന്നിലേക്കുള്ള വഴിയാകുമെന്നും
ഇടയ്ക്കിടെ ഞാന്‍ എന്നോട് തന്നെ
പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്.
നീ വരുന്നതും കാത്തു വാടാതെ
പൂക്കളിപ്പോഴും വിടര്‍ന്നു തന്നെ നില്‍പ്പുണ്ട്.

Journey

--------------------

We paddle towards that light,
Which has the ultimate glow,
To light up the souls in us.
You and I, have the same dream,
Same destination to reach,
Though we travel in two canoes.
We met, as a flower bloom,
In a scorching day of summer.
We fell in love, even though,
We were so scared of it,
As a lost ship finds a lighthouse
In between the journey to the destiny.
We paddle, in two different canoes,
With one beautiful dream.
How long! We both don’t know.
Tie our kayaks together,
Just to travel with pleasure.

(ഇംഗ്ലീഷ് :'( അറിഞ്ഞൂടെങ്കിലും എന്റെ ശ്രമങ്ങള്‍....)

Thursday, 2 April 2015

മിടിപ്പ്

എത്ര ഉറക്കെയാണ് എന്റെ ഹൃദയമിടിപ്പ്‌
നിന്റെ പേര് വിളിക്കുന്നത്.
എന്നിട്ടും, കേള്‍ക്കുന്നില്ലെന്നോ,
അതോ കേള്‍ക്കില്ലൊരിക്കലുമെന്നോ!

Sunday, 29 March 2015

ഒറ്റക്ക്

നനഞ്ഞു മടുത്തപ്പോള്‍ നീ
മുടിത്തുമ്പില്‍ നിന്നും കുടഞ്ഞു കളഞ്ഞ
മഴത്തുള്ളികളിലുണ്ടായിരുന്നു ഞാന്‍.
നിന്റെ ചിരിച്ചന്തം കാണാന്‍
കാണാമറയത്തിരുന്നു ഞാന്‍
നനുത്ത തൂവലുകളെ അയച്ചിരുന്നു.
സ്വന്തം ചിറകുകള്‍ പോലും
അറുത്തെറിഞ്ഞ് നീയിതെങ്ങോട്ടാണ്,
ഒറ്റക്ക് പൊയ്ക്കളഞ്ഞത്?
ഏതൊറ്റത്തുരുത്തിലേക്കാണ്
പ്രണയം വെടിഞ്ഞു തുഴഞ്ഞത്?.
പറയാതെ പോയതാണല്ലോ നീ.
എന്തിനിനിയും നോവിന്റെ വരികള്‍
എനിക്കെഴുതി അയച്ചു കൊണ്ടേ ഇരിക്കുന്നു?
മുറിഞ്ഞു പോയൊരാത്മാവിന്റെ
ഇരു പകുതികള്‍ പോലെ നാമെന്തിന്
കൂടിച്ചെരാനായ് മാത്രം വെമ്പുന്നു?

Saturday, 28 March 2015

ഓരോ വേനലിലും നമുക്ക് തോന്നും,
ഇത്ര തീവ്രമൊരു വേനല്‍
ഇതുവരെയുമെന്റെ ജീവിതത്തില്‍
ഉണ്ടായിട്ടില്ലല്ലോ എന്ന്.
ഉരുകിത്തീരുമോ എന്നോര്‍ത്ത്
അറിയാതെ വ്യസനിക്കും.
എത്രയെത്ര വേനലുകള്‍ കഴിഞ്ഞിരിക്കുന്നു.
എത്രയേറെ തീച്ചൂടിനെ നാം
അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു.
ഒരു മഴക്കാലമുടനെ ഇറങ്ങാനുണ്ടെന്ന
പ്രതീക്ഷയുടെ കുളിര്‍മ്മയാല്‍ മാത്രം.

പ്രണയത്തിനും മീതെ പറക്കുന്ന പരുന്തുകള്‍

വിണ്ണും മണ്ണും തമ്മില്‍
അതി ഗാഡമൊരു ബന്ധമുണ്ടായിരുന്നു.
പരസ്പരമെല്ലാം പറഞ്ഞിരുന്നു..
ചിക്കി ചികഞ്ഞു ഞാനിവിടെ നിന്നും
പ്രണയാകാശം പൊഴിക്കുന്ന
ഇത്തിരി മുത്തുകള്‍ തേടിയെടുത്തു.
സ്വപ്നങ്ങളെ ചിറകുകള്‍ക്കുള്ളില്‍
കരുതലോടെ അടക്കിപ്പിടിച്ചൂട്ടി.
എന്നിട്ടും ആ പരുന്തുകള്‍
എങ്ങിനെയാണെന്റെ സ്വപ്നങ്ങളെ
റാഞ്ചിയെടുത്തതെന്നറിയില്ല.
പ്രണയത്തിനു മീതെ പറന്നിട്ടും
എന്തുകൊണ്ടാകാശമാ പരുന്തിനെ
കണ്ടില്ലെന്നു നടിച്ചെന്നും,
തടയാന്‍ ശ്രമിക്കാതിരുന്നെന്നും,
ഒരു മര്‍മ്മരം കൊണ്ട് പോലുമെന്തേ
മണ്ണിനു സൂചന കൊടുക്കാതിരുന്നെന്നും!
ഇത്രമേല്‍ നിശബ്ദമായ്
വിങ്ങി നില്‍ക്കാനായിരുന്നെങ്കില്‍
എന്തിനു പൊഴിച്ചിട്ടാകാശമേ ഇത്രയേറെ
പ്രണയമുറ്റുന്ന നിറ മുത്തുകള്‍?
എന്തിനെന്റെ സ്വപ്നക്കിടാങ്ങള്‍ക്കത്
വയറു നിറയെ തിന്നാന്‍ കൊടുത്തു?
എന്തിനു കള്ളം പറഞ്ഞു മണ്ണിനോട്
നീയെന്നെ അത്രമേല്‍ സ്നേഹിക്കുന്നെന്ന്‍.
എന്തേ കണ്ണടക്കുന്നു , ഞാന്‍
തലയുയര്‍ത്തി ഒന്ന് നോക്കുമ്പോഴേക്കും?

Tuesday, 24 March 2015

അപേക്ഷ


ചിറകുകള്‍ കൂട്ടിക്കെട്ടരുത്,
ചിറകു വീശി പറക്കുമ്പോള്‍
അമ്പെയ്ത് വീഴ്ത്തുകയുമരുത്.
കാലുകളില്‍ പിടിച്ചു വലിക്കരുത്.
കൊല്ലുന്ന വെയിലിനാലെന്നെ
കരിച്ചു വീഴ്ത്തത്തിക്കളയുകയുമരുത്
പറക്കുന്നതെങ്ങിയെനെന്നു
തീരെയുമറിയില്ലാ എങ്കിലും,
പാറി തുടങ്ങാനെങ്കിലും
അനുവദിക്കണേ പ്രിയപ്പെട്ട ഭൂമി,
എനിക്കറിയാത്ത ആകാശമേ.

ശരിതെറ്റുകള്‍

തെറ്റ്.
-------------------------------
നിന്റെ ചെരിപ്പിന്‍ കീഴിലാണ്
എന്റെ സ്വപ്നലോകമെന്ന്‍,
കരുതി ജീവിച്ചു പോയെന്നത് തെറ്റ്.
നിനക്ക് വേണ്ടി ചിരിച്ചും ചിണുങ്ങിയും
ചെറുതായിക്കൊണ്ടിരുന്നതും തെറ്റ്.
ഒടുവില്‍ നീ ചവിട്ടിയരച്ചു പോയപ്പോള്‍
നിവര്‍ന്നു നില്‍ക്കാന്‍ പോലുമാവാതെ
ഇല്ലാതായിപ്പോയതും തെറ്റ്.
സമയത്തോട്‌ നില്‍ക്കാന്‍ കെഞ്ചി
നീ വരുന്നതും കാത്ത് കിടന്നതും
തെറ്റ് , എന്റെ മാത്രം തെറ്റ്.
ഞാന്‍ മാത്രം തിരുത്തേണ്ട തെറ്റ്.
*****************************************

ശരി
------------------------------------
തിരുത്തുകളാല്‍ ഇനി
ഞാനെന്റെ ലോകം പടുക്കുമ്പോള്‍
നിന്റെ ചെരിപ്പിനടിയില്‍
ഉണ്ടാവാനിടയില്ല ഒരു തരി മണ്ണ് പോലും.
വീഴാന്‍ ഒരുങ്ങുക, സ്വയം ലജ്ജയാല്‍
ഇല്ലാതായിത്തീരുവാന്‍ തുടങ്ങുക.
ശരിയെ കണ്ടു ഭയന്നോടാന്‍
തയ്യാറായിക്കൊള്ളുക..

Tuesday, 17 March 2015

വിഭ്രാന്തി


എന്റെ പ്രണയ ഭാഷണങ്ങളുടെ
അങ്ങേ തലക്കല്‍ കേട്ടിരിക്കാന്‍
നിന്റെ ഹൃദയമില്ലാ എങ്കിലും
ഞാനിതു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നത്
വിഭ്രാന്തിയുടെ മൂര്‍ത്തതയെന്നു
തിരിച്ചറിയുന്നു ഞാനിടക്കിടെ.

പൂക്കൾ

തിടുക്കത്തിൽ പൂവിട്ട്
എളുപ്പത്തിൽ വാടിയ പൂക്കളെ,
ഉണങ്ങിയിട്ടും എടുത്തു കളയാതെ
സ്വപ്നത്താളുകൾക്കിടയിൽ
ഒളിച്ചു വയ്ക്കുന്ന വിഡ്ഢി,
ദിനവും ഞാനൊഴുക്കുന്ന
കണ്ണീരിനാലൊരു നാൾ
ഉയിർത്തെണീക്കുമാ പൂക്കളെന്നു
കരുതിയിരിക്കുന്ന ഞാൻ.

Saturday, 14 March 2015

കവിത


നൊമ്പരങ്ങളുടെ മഷിയില്‍
ഉയിര് കലര്‍ത്തി
അതില്‍ മുക്കിയാണ്
ഈ കവിതകളോരോന്നും
ഞാന്‍ എഴുതി വക്കുന്നത്.
പിന്നെയെങ്ങിനെയാണ്
വായിക്കുന്ന നിന്റെ കണ്ണുകള്‍
നിറഞ്ഞൊഴുകാതിരിക്കുക?

തേട്ടം

ഇനിയെന്ത് , ഇനിയേതെന്ന
മനസ്സ് തൊടുത്തു വിടുന്ന
ചോദ്യങ്ങളേറ്റു മുറിയുന്നു ഹൃദയം.
ശരി വഴികളെന്നു കരുതിയവയെല്ലാം
വരള്‍ച്ചയില്‍ കൊണ്ടെത്തിച്ച്,
വെയില്‍പ്പൊള്ളലേല്‍പിക്കുന്നു.
തൊണ്ട വരളുന്ന നിമിഷങ്ങളില്‍
കണ്ണീരില്‍ പൊതിഞ്ഞു
വെറുപ്പിന്റെ വാക്കുകളുയരുന്നു.
നെടുകെ ചേദിക്കപ്പെട്ടതുപോലെ
അകന്നു പോയ പകുതിയെ
തേടിത്തേടി അലയുന്നു.
അജ്ഞാതമേതോ വേദനയുള്ളില്‍
അളവില്ലാതെ പടരുന്നു.

Friday, 13 March 2015

മരം

കരിഞ്ഞുണങ്ങി ഇലകള്‍
ഓരോന്നായി വീണു തീരുമ്പോഴും
തളിരിലകള്‍ ഇനിയും
കിളിര്‍ത്തുയരുമെന്നു കരുതി
കാത്തിരിക്കുന്നു ചെറുമരം.
ഇടക്കൊന്നു ചാറി,
പിന്നെയകന്നു പോയ മഴയായി,
ഇനിയുമിത് വഴി നീ വരുമെന്ന്
കരുതിയിരിക്കുന്ന ഉണക്ക മരം.
കൊതിച്ചിരുന്ന വസന്തമേ,
നീ വന്നണയുന്നതും,വര്‍ണ്ണങ്ങളാല്‍
ചില്ലകളെയൊരുക്കുന്നതും
കിനാവ്‌ കാണുന്നു പൂമരം.
ചുടുകൊടുങ്കാറ്റാഞ്ഞു വീശിയിട്ടും
പ്രണയക്കരുത്താല്‍ മാത്രം
വീഴാതെ നില്‍ക്കുന്ന ഈ മരം.
ഋതുഭേദങ്ങള്‍ വന്നു പോയിട്ടും
മാറ്റങ്ങളേതുമില്ലാതെ
നിന്നെ മാത്രം കാത്തിരിക്കുന്ന
സ്നേഹമരം, ചിലപ്പോള്‍ വിഡ്ഢിമരം!

Thursday, 12 March 2015

ഭീരു


ഇഷ്ടം പറയാന്‍ മടിക്കുന്നൊരു
ഭീരുവെ പ്രണയിച്ചാല്‍ മതി,
ഇഞ്ചിഞ്ചായി മരിക്കാന്‍.
പ്രണയത്തെ മുഴുവനായ്
വെറുക്കാന്‍ കഴിഞ്ഞെങ്കിലെന്ന,
മോഹം മനസ്സില്‍ മുളക്കാന്‍.

Wednesday, 11 March 2015

കളളം

നീ വലിയൊരു കള്ളമെന്ന സത്യം
തുറന്നു തുടങ്ങിയ കിളിവാതിലിലൂടെ
അരിച്ചിറങ്ങുന്നുണ്ടൽപാൽപമായി..

Sunday, 8 March 2015

ഉറവ്

നോവിന്റെ വരള്‍ച്ച മാറ്റാന്‍
സാന്ത്വനത്തിന്റെ അരുവി
ഇഷ്ടദിക്കില്‍ നിന്നും
ഉത്ഭവിക്കുന്നതും പ്രതീക്ഷിച്ച്
നാളുകള്‍ തള്ളുന്നു നാം,
സ്വന്തം ഹൃദയത്തില്‍ തന്നെ
തെള്നീര്‍ ഉറവ
മറഞ്ഞു കിടന്നിട്ടും അറിയാതെ.

Friday, 6 March 2015

പൊരുതല്‍

വേറിട്ട്‌ ചിന്തിച്ചതിനാല്‍ മാത്രം
വെറുക്കപ്പെട്ടു പോയവരുണ്ട്.
ചിരി ലഭിക്കാതായവരുണ്ട്,
ചെളിയേറിനിരയായവരുണ്ട്‌.
വേദനയിലവസാനിച്ചവരുണ്ട്,
ശപിച്ചു മരിച്ചോരുമുണ്ട്.
തകര്‍ച്ചയെ തൂത്തെറിഞ്ഞവരുണ്ട്‌
തിരിച്ചു പോയവരുമുണ്ട്‌.
പിന്തിരിഞ്ഞു നോക്കാതെ,
കണ്ണീരില്‍ നനഞ്ഞു കിടക്കാതെ
നടക്കാന്‍ പഠിച്ചാല്‍ പിന്നെ,
നേടാനുള്ളത് നഷ്ടപ്പെടുകയില്ല,
വീണു പോയാലും പിന്നെ
അതൊരു വീഴ്ചയാവുകയുമില്ല!

Thursday, 5 March 2015

തുള്ളി

ആഴം കണ്ടു പേടിച്ചാവും നീ
തീരത്ത്‌ നിന്ന് കളഞ്ഞത്.
തീരവും കടന്നു വന്നു
നിന്നെ വിഴുങ്ങിക്കളയുമോ
എന്ന് ഭയന്നാവാം ഓടിയകന്നതും.
എങ്കിലുമാ-
പ്രണയ മഹാസമുദ്രത്തെ മുഴുവനും
ഒരു മധുരത്തുള്ളിയിലൊതുക്കി
ചിപ്പിയിലടച്ച് ഒളിപ്പിച്ചു വച്ചിട്ടുണ്ട്,
ഹൃദയ കോണുകളിലൊന്നില്‍.
ഭയം വിട്ടകന്ന മനസ്സുമായി
എന്നെ തേടി നീ വരുമ്പോള്‍
നിനക്കായ് മാത്രമര്‍പ്പിക്കുവാന്‍

Wednesday, 4 March 2015

പ്രണയമല്ല ,ക്ലേശത്തില്‍
നീ ചുമക്കുന്ന ആ ഭാരം.
നീ കൊന്നു കളഞ്ഞ
പ്രണയ സ്വപ്നങ്ങളുടെ
ശവശരീരമാണ്,
ജീര്‍ണ്ണിക്കാതെ
നിന്റെ നെഞ്ചില്‍
കനം കൂടിയതാണ്.