Wednesday, 9 July 2014

ഇരുള്‍ മേഘങ്ങള്‍ക്ക് പറയാനുള്ളത്


(കഥ)

“അതാ പോകുന്നു , ഒന്നിങ്ങു പിടിച്ചോ, ഇതിന്റെ ഉത്തരം പറ”
“ക്ലൂ ഉണ്ടോ ?” അവള്‍ പരുങ്ങിക്കൊണ്ട് ചോദിച്ചു.
“ഇല്ലടി മോളെ, വേഗം പറഞ്ഞോ” അവന്‍ ഉത്തരം കൈകൊണ്ടു മറച്ചു പിടിച്ച് ചിറികോട്ടിക്കൊണ്ട് വിജയഭാവത്തില്‍ പറഞ്ഞു.

കുറച്ചു നേരം ആലോചിച്ചിട്ടു അവള്‍ പറഞ്ഞു “കിട്ടിപ്പോയി,കാറ്റ്,അല്ലെ?”
“അയ്യേ, അല്ലാടി മണ്ടി, കാറ്റിനെ നമ്മക്ക് കാണാന്‍ പറ്റോ?” അവന്‍ ചോദിച്ചു.
“ഊഹും, ഇല്ല” നിരാശയോടെ അവള്‍ മറുപടി പറഞ്ഞു.
“പുക ആണെടി ഉത്തരം”
“ആണോ, വല്യ കാര്യായിപ്പോയി” അവനെ കോക്രി കാട്ടിക്കൊണ്ട് അവള്‍ മുന്‍പിലിരുന്ന പുസ്തകത്തില്‍ പെന്സില് കൊണ്ട് വെറുതെ ഓരോന്ന് വരക്കാന്‍ തുടങ്ങി.
അവനാണെങ്കില്‍ അവളോട്‌ ചോദിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യം തിരഞ്ഞെടുക്കാനും.

“ലുഖ്മാന്‍, ഇവിടെ വാ” താഴെ നിന്നും ടീച്ചര്‍ ആണ്. ലുഖ്മാന്റെ ഉമ്മ. “ടീ, ഞാന്‍ ഇപ്പ വരാട്ടാ, നീ ഉത്തരം ഒന്നും നോക്കരുത്, കള്ളത്തരം പാടില്ല”പോകുന്നതിനു മുന്പ് ലുഖ്മാന്റെ ആജ്ഞ.
“ഞാന്‍ നോക്കൂല”
“സത്യം?”
“നോക്കൂല്ലാന്നു പറഞ്ഞില്ലേ?”
“ഇപ്പ വരാ”
അവന്‍ താഴേക്ക് കോണി ഇറങ്ങിപ്പോയി. അവള്‍ എഴുന്നേറ്റ് ജനാലക്കരികില്‍ വന്നു നിന്നു. താഴെ റോഡ്‌ കാണാം. അതിലൂടെ പോകുന്ന വാഹനങ്ങളും. പെട്ടെന്ന് ഒരു ബൈക്കില്‍ രണ്ടു പേര്‍ വന്നിറങ്ങി. ലുഖ്മാന്റെ വീട്ടിലേക്കാണ്. ‘ആരാണാവോ’ അവള്‍ മനസ്സിലോര്‍ത്തു. എന്നിട്ട് ഷെല്‍ഫില്‍ ഉണ്ടായിരുന്ന ബാലരമയില്‍ ഒരെണ്ണം എടുത്തു. ഇത് ഇന്നാളു വന്നപ്പോ വായിച്ചതാണ്. അതവള്‍ അവിടെത്തന്നെ വച്ചു.
ലുഖ്മാന്‍ കയറി വന്നു. കയ്യില്‍ ഒരു ഗ്ലാസ് ചായ. മറ്റേ കയ്യിലെ പാത്രത്തില്‍ രണ്ടു പഴം പൊരി. അവനത് മേശപ്പുറത്ത് വച്ചു. “ഞാന്‍ ചായ കുടിച്ചു. ഇത് നിനക്ക്” എന്നും പറഞ്ഞവന്‍ ഒരു പഴം പൊരി എടുത്ത് തിന്നാന്‍ തുടങ്ങി. അവന്റെ തീറ്റ കണ്ടു അവള്‍ പുച്ഛത്തോടെ പറഞ്ഞു. “തീറ്റപ്പണ്ടാരം”
“നീ പോടീ മത്തക്കണ്ണി”
ദേഷ്യം വന്നു അവനെ പിച്ചാനായി മുന്നോട്ട് ആഞ്ഞപ്പോള്‍ ഒരു ശബ്ദം. ‘ചില്‍ ചില്‍’
‘സുമി വരുന്നുണ്ട്, പാദസരത്തിന്റെ ഒച്ച’ അവള്‍ സന്തോഷത്തോടെ പറഞ്ഞു. “എടീ മണ്ടീ, അത് പാദസരത്തിന്റെ ഒച്ചയല്ല, സ്റ്റെയര്‍കേസിന്റെ വരീമ്മ പിടിക്കുമ്പോ ഉള്ള ഒച്ചയാ”
പെട്ടെന്നൊരാള്‍ മുറിയിലേക്ക് കയറി വന്നു. “ലുഖ്മാനൂ,” പുഞ്ചിരിയോടെ അയാള്‍ വിളിച്ചു.
അവള്‍ ഒതുങ്ങി ഇരുന്നു.
“എന്താ പരിപാടി, ഇതാരാ,” അവളെത്തന്നെ നോക്കിക്കൊണ്ട്‌ അയാള്‍ ലുഖ്മാനോട് ചോദിച്ചു.
“എന്റെ കൂട്ടാരി ആണ്, എന്റെ ക്ലാസിലാ, ഞങ്ങക്ക്  LLS സ്കോളര്‍ഷിപ്പ് പരീക്ഷ ഉണ്ട്. അതിനു പഠിക്കാന്‍ വന്നതാ.” അവന്‍ ഗൌരവത്തില്‍ മറുപടി പറഞ്ഞു.
“ആഹാ , മിടുക്കനും മിടുക്കിയും ആണല്ലോ”
അവള്‍ നാണിച്ചു നിന്നു. അയാള്‍ അവളെ അടുത്തേക്ക് വിളിച്ചു. മടിച്ചു മടിച്ച് അവള്‍ ചെന്നു.
“എന്താ ഈ മിടുക്കിയുടെ പേര്?” അയാളുടെ കരവലയത്തില്‍ നിന്ന് പരുങ്ങിക്കൊണ്ട് അവള്‍ പേര് പറഞ്ഞു.
“-------------------------”
“ആഹാ നല്ല സുന്ദരിപ്പേരാണല്ലോ” അവളുടെ കവിളില്‍ നുള്ളിക്കൊണ്ട് അയാള്‍ പറഞ്ഞു. “മോളൂസിനു എത്ര വയസ്സായി”
“എട്ട്” ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു
“അവള്‍ക്ക് ആരെ കണ്ടാലും നാണമാ, എപ്പഴും അതെ. എടീ ഇത് ഞങ്ങടെ ഉമ്മിച്ചീടെ വീടിന്റെ അവിടെ ഉള്ളതാ, മാമാന്റെ കൂട്ടുകാരനാ” അവന്‍ ഗൌരവ ഭാവത്തില്‍ പരിചയപ്പെടുത്തി.
“ആഹാ, ഒരു കാര്‍ന്നോര്” അയാള്‍ ലുഖ്മാന്റെ തോളില്‍ ഒരു ഇടി കൊടുത്തു. അവള്‍ക്ക് അത് കണ്ടു സന്തോഷമായി.
അയാളവളെ മടിയിലേക്ക് കയറ്റി ഇരുത്തി. എന്തോ പോലെ തോന്നി അവള്‍ക്ക്.  ഇന്നാള്‍ പുഴെടടുത്തുള്ള മാമാന്റെ വീട്ടില്‍ പോയപ്പോ മാമ മടീല്‍ ഇരുത്തി. അന്ന് തന്നെ അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അന്നേ തീരുമാനിച്ചതാണ് ഇനി ആരുടേം മടീല്‍ ഇരിക്കൂല്ല എന്ന്. എന്നാലും സാരോല്ല, നല്ല ഇക്കാക്ക.
“നിങ്ങളില്‍ ആരാ നന്നായി പഠിക്കുക?”
“ഞാന്‍” ലുഖ്മാന്‍ ചാടിക്കയറി പറഞ്ഞു.
“അല്ല, ഞാനാ. “ അവള്‍ കെറുവിച്ച് കൊണ്ട് പറഞ്ഞു.
“നീ പോടീ മത്തക്കണ്ണി”
“ഇവന് പഠിക്കാന്‍ എപ്പഴും മടിയാ. ഇവന്റെ ഉമ്മിച്ചി എപ്പഴും വഴക്കു പറയാറുണ്ട്. ഭയങ്കര കുശുമ്പനും ആണ്.  ഇന്നാള്‍ തറവാട്ടില്‍ വച്ചു ഇവന്‍ ഹാളില്‍ കുറെ തുപ്പി, വല്ലുമ്മനോട് ദേഷ്യം തീര്‍ക്കാന്‍.”അവള്‍ ആശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
“എടീ , നിന്നെ ഞാന്‍ ശര്യാക്കിത്തരാ, ഇക്കാക്കാ ഇവള് ഭയങ്കര കുശുമ്പിയാ. അതും പോരാണ്ട്, എന്തേലും പറഞ്ഞാ അപ്പൊ കരയും. ചപ്രത്തലച്ചി, മത്തക്കണ്ണി, ഉണ്ടക്കണ്ണി” അവന്‍ പക വീട്ടും പോലെ പറഞ്ഞു
അവള്‍ക്കു സങ്കടം വന്നു. കണ്ണ് നിറഞ്ഞു.
“അയ്യോ, മോള് പിണങ്ങിയോ,  ഇന്ന ഇത് തിന്നു” ഇക്കാക്ക പഴം പൊരി എടുത്ത് അവളുടെ കയ്യില്‍ കൊടുത്തു. അവള്‍ ഇടം കണ്ണിട്ടു ലുഖ്മാനെ നോക്കി അത് തിന്നാന്‍ തുടങ്ങി. കണ്ണുകളില്‍ മുഴുവന്‍ ദേഷ്യം പ്രതിഫലിച്ചു കാണാം.
“ചുണ്ടിലൊക്കെ വെളിച്ചെണ്ണ ആയല്ലോ” എന്നും പറഞ്ഞു അയാള്‍ അവളുടെ ചുണ്ട് തുടച്ചു. അവള്‍ക്കത് എന്തോ ഇഷ്ടപ്പെട്ടില്ല.
“ടാ, നീ ഈ പാത്രമൊക്കെ അടുക്കളയില്‍ കൊണ്ടോയി വെച്ചോണ്ട് വാ”ലുഖ്മാന്‍ ദേഷ്യത്തോടെ പാത്രം കയ്യിലെടുത്തു. അവന്‍ പോകാന്‍ ഒരുങ്ങുമ്പോ അവള് പറഞ്ഞു. “ഞാനും വന്നിണ്ട്”
“ഹാ, നീ എവിടെപ്പോകുന്നു, ഇവിടിരി, ചോയിക്കട്ടെ”
അനിഷ്ടത്തോടെ അവള്‍ അയാളുടെ അടുത്തിരുന്നു. ലുഖ്മാന്‍ താഴേക്കും പോയി. ‘ഇക്കാക്ക’ അവളുടെ ചുമലിലൂടെ കയ്യിട്ടു തോളില്‍ അമര്‍ത്തി പിടിച്ചു. അവള്‍ക്കു വല്ലായ്ക തോന്നി. മുന്‍പിലിരുന്ന പുസ്തകം കയ്യിലെടുത്ത് പിടിച്ചു കൊണ്ട് അയാള്‍ അവളുടെ മടിയില്‍ തുറന്നു വച്ചു. “ഒന്ന് വായിച്ചെ, ഇക്കാക്കാ കേള്‍ക്കട്ടെ” അവള്‍ എണീക്കാന്‍ നോക്കി. പറ്റുന്നില്ല. വിളറിയ മുഖത്തോടെ വായിക്കാന്‍ തുടങ്ങി.
“പരിസ്ഥിതി മലിനീകരണം ഇന്ന് നാം നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഫാക്ടറികളും വാഹനങ്ങളും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ആലോചിച്ചു നോക്കൂ.......
വായനക്കിടയില്‍ അവള്‍ അറിഞ്ഞു. അയാളുടെ കൈ തന്റെ കുഞ്ഞു അരക്കെട്ടില്‍ അരിക്കുകയാണ്. അവള്‍ അയാളുടെ കൈ തട്ടി മാറ്റി. അയാള്‍ പറഞ്ഞു. “വായിക്ക് മോളൂ” അവള്‍ പേടിച്ചു, വിറച്ചു കൊണ്ട് അവള്‍ തുടര്‍ന്ന് വായിക്കാന്‍ തുടങ്ങി. അനങ്ങാന്‍ കഴിയുന്നില്ല. വീണ്ടും അയാളുടെ കൈകള്‍ അമരുന്നു. മടിയില്‍ വെച്ച പുസ്തകത്തിനു താഴെ അയാള്‍ കൈകള്‍ മുറുക്കുകയാണ്. വയറ്റിനും അതിനു താഴെയുമായി ഇഴയുന്ന കൈകള്‍.ഭയവും അറപ്പും തോന്നി അവള്‍ക്ക്. ‘ലുഖ്മാന്‍ എന്താ വരാത്തത്’ അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ആ കൈ അടര്‍ത്തി മാറ്റാന്‍ നോക്കി. അയാളുടെ മറ്റേ കൈ അവളുടെ ചുമലില്‍ പിടുത്തം മുറുക്കി. അവള്‍ക്കു തോള് വേദനിച്ചു. അയാള്‍ വികൃതമായ മുഖഭാവത്തോടെ അവളുടെ കുഞ്ഞു മുഖത്തേക്ക് അടുത്തു.അവള്‍ക്ക് ഒച്ച വെക്കാന്‍ തോന്നി. ശബ്ദം അടയുന്ന പോലെ..
പെട്ടെന്ന് ലുഖ്മാന്‍ കയറി വന്നു. അയാള്‍ അവനെക്കണ്ട്  ഞെട്ടി. ലുഖ്മാന്‍ അല്പം പരിഭ്രമത്തോടെ അവളുടെ മുഖത്ത് നോക്കി. അവളുടെ മുഖം വല്ലാതെയിരിക്കുന്നു.അയാള്‍ എഴുന്നേറ്റു വൃത്തിയില്ലാത്ത ചിരിയോടെ അവളെ നോക്കി. “ഇക്കാക്ക പോട്ടെ, ടാ..” ലുഖ്മാന്‍ ഒന്ന് പുഞ്ചിരിച്ചു.
അവള്‍ മുഖമുയര്‍ത്തി നോക്കിയില്ല. അയാള്‍ പോയി. അവള്‍ ലുഖ്മാന്‍ കാണാതെ കണ്ണ് തുടച്ചു.
“എന്താടീ, എന്ത്യേ പാടില്ലേ?” അവളുടെ വാടിയ മുഖം കണ്ടു അവന്‍ ചോദിച്ചു.
“എനിക്ക് വീട്ടി പോണം”
“ന്നാ വാ പോകാം, ഞാന്‍ തറവാട്ടില്‍ പോകുന്നുണ്ട്”
അവള്‍ പുസ്തകങ്ങള്‍ ബാഗിലേക്ക് വച്ചു. ഭയത്തോടെ കോണി ഇറങ്ങി. ‘ഭാഗ്യം, അയാള് പോയി’ അവള്‍ ആശ്വസിച്ചു. വീട് വരെ ലുഖ്മാന്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവള്‍ ഒന്നും മിണ്ടിയില്ല. മനസ്സു നിറയെ ഭയം ഉരുണ്ടുകൂടിക്കൊണ്ടിരുന്നു. അറപ്പും.അവള്‍ വീട്ടിലേക്ക് ചെന്നു. അവന്‍ അവളുടെ വീടിനടുത്തുള്ള അവന്റെ തറവാട്ടിലേക്കും.
വീട്ടില്‍ എല്ലാവരും അണിഞ്ഞൊരുങ്ങുകയാണ്. അവളുടെ കലങ്ങിയ കണ്ണുകള്‍ ആരും കണ്ടില്ല. “വാ വേഗം ഉടുപ്പ് മാറ്റ്, കല്യാണത്തിനു പോണം” ഉമ്മിച്ചി പറഞ്ഞു.
--------------------------------------------------------------------------------------------
എല്ലാരും ബസ് സ്റ്റോപ്പിലെത്തി. ബസ് കാത്തു നില്‍ക്കുമ്പോള്‍ അവള്‍ കണ്ടു. വെളുത്ത ബനിയന്‍ ഇട്ടു മുഖത്തു ഒരു ചിരിയുമായി അയാള്‍ നടന്നു വരുന്നു. അവള്‍ പരിഭ്രമിച്ചു. കൂടെ ഉമ്മിച്ചിയും അമ്മായിമാരും ഉണ്ട്. അവള്‍ക്ക് എന്നിട്ടും പേടിയായി. അവള്‍ ഉമ്മാന്റെ പിറകില്‍ ഒതുങ്ങി നിന്നു. ‘ഭാഗ്യം അയാള്‍ എന്നെ കണ്ടില്ല’. അയാള്‍ വന്നു ആരുടെയോ ബൈക്കിന്റെ പിറകില്‍ കയറുന്നതും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പോകുന്നതും ഉമ്മയുടെ പിറകില്‍ നിന്ന് കൊണ്ട് ഭയം പൂണ്ട കണ്ണുകളോടെ നോക്കി നിന്നു.
എന്തുകൊണ്ടോ അയാള്‍ പോയപ്പോള്‍ അവളുടെ ഉള്ളില്‍ കട്ടകുത്തിക്കൊണ്ടിരുന്ന ഭയം മാത്രം കൂടെപ്പോയില്ല. പക്ഷെ പകരം എന്നെന്നേക്കുമായി കൂടെപ്പോയത് നിഷ്കളങ്കമായി നിറഞ്ഞു വിരിയാറുള്ള അവളുടെ സന്തോഷച്ചിരിയായിരുന്നു...  ഭയം അവളുടെ കുഞ്ഞു ഹൃദയത്തില്‍ മാറാല കെട്ടി തുടങ്ങിയിരുന്നു.
വീണ്ടും വീണ്ടും കാലം പലപ്പോഴും കഴുത്തു ഞെരിക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ ഏതെങ്കിലും ലുഖ്മാനെ പ്രതീക്ഷിച്ചു. രക്ഷിക്കാന്‍ പല രൂപത്തിലും ലുഖ്മാന്മാര്‍ വന്നു. എന്നിട്ടും പിന്നീടെപ്പോഴും ലുഖ്മാനെ കാണുമ്പോള്‍ അവള്‍ മുഖത്തു വരുത്തിയെടുക്കുന്ന പുഞ്ചിരിക്ക് ഇരുട്ടില്‍ നിന്നും പൊങ്ങി വന്നു കഴുത്തു ഞെരിക്കുന്ന കൈകളുടെ ഓര്‍മ്മകള്‍ നല്‍കിയതുപോലെ ഒരു മൂടലുണ്ടായിരുന്നു.. നന്ദിയുടെ ഒരിത്തിരിയില്‍ അലിയിച്ച പുഞ്ചിരി. വേദനയുടെ മഴക്കാറ് പോലെ ഒരു പുഞ്ചിരി.

  The frightened girl wallpapers

15 comments:

  1. ഇഷ്ടം! ഭാവുകങ്ങൾ!

    ReplyDelete
  2. ഇഷ്ടം! ഭാവുകങ്ങൾ!

    ReplyDelete
  3. കുഞ്ഞുകഥയിലൂടെ ഒരു വലിയ കാര്യം പറഞ്ഞു. കുഞ്ഞുമനസ്സിലെ നൊമ്പരങ്ങളും വ്യഥകളും ഭയങ്ങളും ഒട്ടും കലര്‍പ്പില്ലാതെതന്നെ പ്രതിഫലിപ്പിക്കാനും കഴിഞ്ഞു.
    അസ്വസ്ഥതയുണ്ടാക്കുന്ന തീം.

    ReplyDelete
  4. എന്നെന്നേക്കുമായി കൂടെപ്പോയത് നിഷ്കളങ്കമായി നിറഞ്ഞു വിരിയാറുള്ള അവളുടെ സന്തോഷച്ചിരിയായിരുന്നു...

    തീരെ അകന്നുപോകാത്ത ഭയം കുഞ്ഞുമനസ്സുകളില്‍ കയറിക്കൂടുന്നത് പലപ്പോഴും ആരും അറിയാറില്ല. അല്ലെങ്കില്‍ തുടര്‍ന്നു പോരുന്ന ശീലങ്ങള്‍ ഭയത്തെ സ്വീകരിക്കുന്നു.
    എഴുത്ത് നന്നായി.

    ReplyDelete
    Replies
    1. ഈ ഭയം മാറേണ്ടത് തന്നെയാണ്.. ഭയപ്പെടുത്തുന്നവര്‍ ഇല്ലാതെയാകേണ്ടതുമാണ്....

      നന്ദി

      Delete
  5. ഇങ്ങനെ ഒരു പാട് കുഞ്ഞകളെ കണ്ട തീ മനസ്സില്‍ നിന്നും ഒഴിഞ്ഞിട്ടില്ല, കാലമേറെ കഴിഞ്ഞിട്ടും നല്ല കഥ, വീണ്ടും എഴുതു...

    ReplyDelete
    Replies
    1. ഇത്തരം പിശാചുക്കള്‍ നിറഞ്ഞു വാഴുന്നിടത്തോളം ഈ വിഷയം ഇങ്ങനെ മനസ്സില്‍ ആധിയായി.. എന്നാല്‍ പുറത്തു ചര്‍ച്ച ചെയ്യാന്‍ കഴിയാതെ നില്‍ക്കും...

      നന്ദി...

      Delete
  6. നല്ല കഥ . ആശംസകൾ

    ReplyDelete
  7. നോവുന്നു.. തുടരുക ഈ അക്ഷരയാനം...

    ReplyDelete
  8. നല്ല കഥ . ആശംസകൾ

    ReplyDelete
  9. എന്നന്നേയ്ക്കുമായി നഷ്ടപ്പെടുന്ന നിഷ്‌കളങ്കമായ പുഞ്ചിരികള്‍. ആശയവും അവതരണവും ഇഷ്ടപ്പെട്ടു. ആശംസകള്‍.

    ReplyDelete