Monday, 30 August 2010

കാലിയായത്‌....



ഇടിഞ്ഞ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് കട്ടകുത്തി നില്‍ക്കുന്ന ശവം നാറിപ്പൂക്കള്‍. പുല്‍തുമ്പുകളില്‍ മഞ്ഞുകണങ്ങള്‍ സൂര്യപ്രഭയില്‍ തിളങ്ങകുന്നു. അയാള്‍ ഒരോരം ചേര്‍ന്നു നടന്ന്‌ ആ കല്ലറക്ക്‌ മുന്നിലെത്തി. കറുത്ത മാര്‍ബിളിനു മുകളില്‍ കരിയിലകള്‍ കൂടിക്കിടക്കുന്നു. അയാളതെല്ലാം പെറുക്കിക്കളഞ്ഞു. കയ്യില്‍ കരുതിയിരുന്ന പൂക്കളുടെ ഇതളുകള്‍ അടര്‍ന്നു പോയിരിക്കുന്നു. നിസ്സഹായതയോടെ അയാള്‍ ചുറ്റും നോക്കി. മഞ്ഞപ്പൂക്കളുള്ള ഒരു കാട്ടു ചെടി അരികത്ത്‌ നില്‍ക്കുന്നു. അയാളുടെ കണ്ണുകള്‍ പതിയെ ദൂരെ ചക്രവാളത്തിലേക്ക് നീണ്ടു. ഓര്‍മ്മയിലെവിടെയോ ഒരു കിളികൊഞ്ചല്‍. "പപ്പാ..ഇന്നു വരുമ്പോ മോള്‍ക്ക്‌ ഡാന്‍സ്‌ ചെയ്യണ പാവയെക്കൂടി കൊണ്ടരണട്ടോ...മറക്കല്ലേ.." അയാള്‍ അറിയാതെ ഓര്‍മകളിലേക്ക് വഴുത്തി വീണു. അവള്‍...കുഞ്ഞുമോള്‍ , തന്റെ അരുമയായിരുന്നു. ആറ്റു നോറ്റു കിട്ടിയ പൊന്‍കനി. തന്റെ കരളിന്റെ കഷ്ണമാണവളെന്ന് എപ്പോഴും ഭാര്യയോട്‌ പറഞ്ഞിരുന്നത്‌ അയാള്‍ ഓര്‍ത്തു. അവളുടെ കൊഞ്ചലും വാശിയും തനിക്കത്രമേല്‍ ഇഷ്ടമായിരുന്നു. സ്വര്‍ഗം പോലൊരു കൊച്ച് വീട്ടില്‍ താനും ഭാര്യയും തങ്ങളുടെ സ്വന്തം മാലാഖക്കുട്ടിയും. ചെറുതെങ്കിലും മോശമല്ലാത്തൊരു ജോലി, സുഖവും സന്തോഷവും നിറഞ്ഞ ജീവിതം. കുഞ്ഞുമോളുടെ കളിയും ചിരിയും തങ്ങളുടെ മനസ്സിനു കുളിര്‍മ്മയേകി. താന്‍ പോലുമറിയാതെയാണ്‌ ആ ദുശീലം തന്നില്‍ രൂപപ്പെട്ടത്. കൂട്ടുകാരുടെ പ്രേരണയില്‍ , ഒരു തമാശയായാണ്‌ തുടങ്ങിയത്‌. ഒരു ഗ്ലാസില്‍ തുടങ്ങി താനൊരു മുഴുക്കുടിയനായി മാറി.. ആ കൊച്ച് വീടിന്റെ സമാധാനം ഒടുങ്ങി. സ്വന്തം നിയന്ത്രണം മറ്റാരോ ഏറ്റെടുത്തത്‌ പോലെ... താന്‍ ബാറുകളില്‍ കയറിയിറങ്ങി. രാത്രികളില്‍ വീട്ടിലിരുന്നും കുടിച്ചു.ഗ്ലാസുകള്‍ നിറഞ്ഞപ്പോള്‍ കാലിയായത്‌ തന്റെ കുടുംബത്തിന്റെ സന്തോഷമായിരുന്നു. ഭാര്യ വെറുത്ത്‌ തുടങ്ങിയിരുന്നു. കുഞ്ഞുമോള്‍ക്ക്‌ പപ്പയെ ഭയമായിത്തുടങ്ങി. കണ്ണു ചുവന്ന്, ആടിക്കുഴഞ്ഞ്‌ വീട്ടിലെത്തുന്ന പപ്പയെക്കാണുമ്പോള്‍ അവള്‍ പേടിച്ചു അമ്മയുടെ പിറകില്‍ ഒളിച്ചു.പതിയെപ്പതിയെ സുഹൃത്തുക്കള്‍ വീട്ടിനുള്ളിലേക്കും കയറീത്തുടങ്ങി. സുന്ദരിയായ ഭാര്യയിലായിരുന്നു അവരുടെ കണ്ണ്. ലഹരിയുടെ പടുകുഴിയില്‍ വീണ താന്‍ പലതും അറിയാതെ പോയ്.അങ്ങനെയൊരു രാത്രിയില്‍ കുറെയേറെ കുപ്പികളുമായി അവര്‍ തന്റെ വീട്ടില്‍ വന്നു കയറി. 'ഫോറിന്‍ സാധനമാടാ.. ഇന്നു നമുക്ക് അടിച്ചു പൊളിക്കണം...." അതിലൊരുത്തന്‍ പറഞ്ഞു. തനിക്കും സന്തോഷമായിരുന്നു. 'കാശ്‌ കൊടുക്കാതെ സുഭിക്ഷമായി കുടിക്കാമല്ലോ....' ഒരുപാട് കുടിച്ചു. ഭാര്യ കണ്ണുതുടച്ചു, മകളെ ചേര്‍ത്തു പിടിച്ചു. അട്ടഹാസങ്ങളും ആര്‍പ്പ്വിളികളും മുഴങ്ങിക്കേട്ടു. കുഞ്ഞുമോളേയും ചേര്‍ത്തു പിടിച്ചു കൊണ്ടവള്‍ ഇരുട്ടില്‍ പതുങ്ങി. ആരോ അവളുടെ കൈകളിലമര്‍ത്തിപ്പീടിച്ചു. ഭയന്നവള്‍ അലറി വിളിച്ചു... ആരു കേള്‍ക്കാന്‍.!. ആര്‍ത്തലച്ച്‌ വരുന്ന പ്രളയം പോലെ ചെന്നായ്ക്കള്‍ അവളെ കടിച്ചു കീറി. ലഹരിയുടെ കുത്തൊഴുക്കില്‍ തന്റെ ചെവികള്‍ അടഞ്ഞു പോയിരുന്നു. കുഞ്ഞുമോള്‍ വാവിട്ടു കരഞ്ഞു. അമ്മയുടെ ചിറകില്‍ നിന്നടര്‍ത്തീയെടുത്ത കിളിക്കുഞ്ഞിനെപ്പോലെ അവള്‍ ഭയന്ന്..."പപ്പാ .. എണീറ്റു വാ.. മമ്മിയെ ദാ ഇവരുപദ്രവിക്കണു..അവള്‍ പപ്പയുടെ കൈകളില്‍ പിടിചെഴുന്നേല്‍പിക്കാന്‍ വൃഥാ ശ്രമിച്ചു. എല്ലാം കണ്ടെങ്കിലും ഇന്ദ്രിയങ്ങളെല്ലാം തോല്പിച്ചു കളഞ്ഞു. അമ്മയെ രക്ഷിക്കാന്‍ അവള്‍ ആ ചെന്നായ്ക്കളുടെഇടയിലേക്ക് പാഞ്ഞു ചെന്നു. അതിലൊരുത്തന്റെ കാലില്‍ കടിച്ചു. അവനാ കുഞ്ഞു പൂമ്പാറ്റയെ വലിച്ചെറിഞ്ഞു മതിലില്‍ ആ കൊച്ച് തല ചോരപ്പാടുണ്ടാക്കി................................... എന്തോ ശബ്ദം കേട്ടപ്പോഴാണയാള്‍ക്ക്‌ സ്ഥലകാല ബോധം വന്നത്‌. സെമിത്തെരി സൂക്ഷിപ്പുകാരന്‍ കാടുപിടിച്ച ചെടികള്‍ വെട്ടിക്കളയുന്നു. നേരം വൈകിയിരിക്കുന്നു. തന്നെ കാണാതായാല്‍ മെന്റല്‍ ഹോസ്പിറ്റലില്‍ തന്നെയും കാത്തിരിക്കുന്ന ഭാര്യ വിഷമിക്കും. പാവക്കുട്ടിയെ കുഞ്ഞുമോളായി കരുതി കൊണ്ട്‌ നടക്കുകയാണവള്‍... പാവം. കാണാതായാല്‍ അവള്‍ പരിഭ്രമിക്കും. ....അടുത്തു നിന്ന കാട്ടുപൂക്കള്‍ പറിച്ചയാള്‍ ആ കുഞ്ഞു കല്ലറക്ക് മുകളിലിട്ടു ഒപ്പം രണ്ടു തുള്ളി കണ്ണ് നീരും വഴുതിവീണു. ഒരു പ്രായാശ്ചിത്തമെന്നപോലെ..........

Sunday, 29 August 2010

എന്റെ കയ്യബദ്ധങ്ങള്‍.....

ഈ ക്രൂരതക്ക് ആദ്യമേ ഞാന്‍ മാപ്പ് ചോദിക്കുന്നു.... 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഞാന്‍ വരച്ചതാണു ഇതൊക്കെ...... പിന്നെ ഇവിടെ കയറ്റിയത്‌.... ചുമ്മാ..... ഒരു രസം.....








Saturday, 28 August 2010

കലാപക്കാഴ്ചകള്‍


മാംസം കരിഞ്ഞ ഗന്ധം അപ്പോഴും അവിടെ തങ്ങി നില്‍പൂണ്ടായിരുന്നു. അവിടെയും ഇവിടെയുമായി ചോര തളം കെട്ടി നില്‍ക്കുന്നു. ഇടിഞ്ഞ പോസ്റ്റിനടുത്ത്‌ ഒരു സ്കൂള്‍ ബാഗ്‌ ചിതറിക്കിടക്കുന്നു. പച്ചക്കറിവണ്ടിയൊരെറെണ്ണം ഓടയിലേക്ക് തലകുത്തി വീണുകിടക്കുന്നുണ്ട്. നടപ്പാതയിലൊരു സൈകിള്‍ തകര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. റോഡില്‍ വീണുകിടക്കുന്ന കട്ടരക്തത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി നിന്നു. അയാള്‍ ഓര്‍ത്തു. ഈ തെരുവില്‍ വീണ ഓരോ തുള്ളി രക്തത്തിനുമുടമകള്‍ സാധാരണക്കാര്‍ മാത്രമാണ്. സമ്പന്നരുടെ കുടിലതകളുടെ പരീക്ഷണ വസ്തുക്കള്‍. പാവപ്പെട്ടവനെ ഒറ്റയടിക്ക്‌ കശാപ്പ്‌ ചെയ്യുന്ന വെല്‍പ്ലാന്‍ഡ് കലാപങ്ങള്‍............ ഇന്നു നഷ്ടപ്പെട്ട പ്രതീക്ഷകള്‍ക്കൊന്നും മതമുണ്ടായിരുന്നില്ല. ഇന്നിവിടെ കരിഞ്ഞ സ്വപ്നങ്ങള്‍ക്കൊന്നും കാവിയോ പച്ചയോ നിറമായിരുന്നില്ല. ഇന്നിവിടെ കളഞ്ഞു പോയത്‌ പല കുടുംബങ്ങളുടെയും അത്താണിയാണ്‌. രാവിലെ വെളുത്ത പുഞ്ചിരിയുമായി പുറപ്പെട്ടവര്‍ കറുത്ത്‌ കരിഞ്ഞ ദേഹങ്ങളായി തിരിച്ച്‌ വരുമ്പോള്‍ ഹൃദയം പൊട്ടി മരിക്കാനിരിക്കുന്നത്‌ ആരൊക്കെയാണാവോ..? അയാളുടെ ഉള്ളം വേദനിച്ചു. ഇന്നത്തെയീ പൊട്ടിത്തെറിയില്‍ പൊലിഞ്ഞത്.... പറന്നുല്ലസിച്ച് അമ്മയുടെ കണ്ണിനു കുളിര്‍മയേകിയൊരു കുഞ്ഞു ചിത്രശലഭമാകാം.. വര്‍ണക്കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും കാത്തിരിക്കുന്ന കുരുന്നുകളുടെ പ്രിയപ്പെട്ട അഛനാകാം... പരിമിതികളില്ലാതെ പണിയെടുക്കുമ്പോഴും സ്വന്തം പ്രാണനേക്കാള്‍ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും സ്നേഹിക്കുന്നൊരു ഹൃദയമാകാം.. വാര്‍ദ്ധക്യത്തിന്റെ കഷ്ടതകളില്‍ നീളുന്ന വഴിക്കകണ്ണുകളില്‍ അന്നിന്റെ ആഹാരവുമായെത്തുന്ന പുണ്യമായിരുന്നിരിക്കാം.. ....ആരൊരുമറിയാതെ പോകുന്ന ത്യാഗങ്ങളുടെ കഥകകാളാവവാം ... പക്ഷേ , പുറം ലോകം അറിയുന്നതോ...'നഗരമധ്യത്തില്‍ സ്ഫോടനം:15 മരണം മരിച്ചവരെ തിരിച്ചറിഞ്ഞില്ല' .....മരിച്ച 15 പേര്‍ക്കും 15 ജീവതങ്ങളുണ്ടായിരുന്നെന്ന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ നപുംസകങ്ങള്‍ ചിന്തിക്കില്ല .ദൈവം പാവപ്പെട്ടവന്റെത്‌ കൂടിയാണെന്ന് അവരോര്‍ക്കാറില്ല . മതം മുതലാക്കി, ഇലക്ഷനും വോട്ടും മുന്നില്‍കണ്ടു പാവപ്പെട്ടവനെ കാരുണ്യലേശമന്യെ കശാപ്പ്‌ ചെയ്യുന്ന കുടിലതകള്‍ എന്നാണ്‌ അവസാനിക്കുക... അയാളറിയാതെ തന്നെ അയാളുടെ കണ്ണുകള്‍ ഈരണണിഞ്ഞു.. ചോദ്യ രൂപേണ ഇമകളയാള്‍ ആകാശത്തെക്കുയര്‍ത്തി.. രണ്ടുതുള്ളി കണ്ണുനീര്‍ അയാളുടെ കണ്ണില്‍ നിന്നടര്‍ന്നുവീണു. പിറകില്‍ നിന്നൊരു സഹപോലീസുകാരന്‍ അയാളെ തട്ടി വിളിച്ചു. കണ്ണുകള്‍ തുടച്ചു കൊണ്ടയാള്‍ ഡ്യൂട്ടി തുടര്‍ന്നു......

Sunday, 22 August 2010

ഓണമെന്നാലെനിക്ക്......



ഓണത്തെക്കുറിച്ചോര്‍ക്കാന്‍ എനിക്ക്‌ ഓര്‍മകളൊന്നുമില്ല. ഓണപ്പാട്ടും പുലികളിയും മാവേലിയുമെല്ലാം എനിക്ക്‌ പുസ്തകതാളുകളിലെ വര്‍ണങ്ങളായിരുന്നു. കഥയിലെ കഥാപാത്രങ്ങള്‍ എന്നതിലുപരി വാമനനും മാവേലിയുമൊന്നും എനിക്കൊന്നുമല്ല. ഏകാന്തമായ ബാല്യത്തില്‍ പൂതേടി വീട്ടിലെത്തിയ കുട്ടികള്‍ക്കൊപ്പം ആരും കാണാതെ പൂ പറിയ്ക്കാന്‍ കൂട്ടിനിറങ്ങിയത് മറക്കാനാകാത്ത ഓണക്കാല സാഹസികത. അന്ന് ഞാന്‍ പറിച്ചു കൊടുത്ത തുമ്പപ്പൂക്കള്‍ക്ക് അന്നത്തെ എന്റെ മനസിനോളം നൈര്‍മ്മല്യമുന്ടായിരുന്നു. അന്നിന്റെ പുഞ്ചിരികള്‍ക്ക് തുമ്പപ്പൂവിനെക്കാള്‍ വെളുപ്പായിരുന്നു. ഇന്നും അതിരാവിലെ വീട്ടുമുറ്റത്തെത്തി പൂ പറിയ്ക്കാന്‍ അനുവാദം ചോദിക്കുന്ന കുട്ടികളെക്കാണുമ്പോള്‍ ഹൃദയം തുടിക്കും, അവരോടൊപ്പം പൂ പറിയ്ക്കാന്‍ കൂടാന്‍...കലപില കൂട്ടാന്‍... എങ്കിലും, എനിക്കായ് ആരോ പണിത കോട്ടക്കുള്ളില്‍ ഞാന്‍ തടവിലെന്നറിയുമ്പോള്‍ മോഹങ്ങള്‍ ഉള്ളിലേക്ക് വലിയും. കൃത്രിമമായുണ്ടാക്കിയ നിറപ്പൊലിമയോടെയെങ്കിലും, പണ്ടത്തെ ഓണത്തിന്റെ നിറവും മണവും രുചിയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ മുന്നിലെതതുമ്പോള്‍ എന്റെയുള്ളിലും പാട്ടുണരുകയാണ്‌... 'മനസ്സിനുള്ളിലൊരോണം... വിരുന്നുവരും നേരം... ഞാനുമെന്നോര്‍മ്മയും കാത്തിരിപ്പൂ മൂകം....'

Wednesday, 18 August 2010

മകള്‍










എന്റെ ഹൃദയത്തിലായിരുന്നു
ഞാനവളേ താരാട്ട്‌ പാടിയുറക്കിയത്
എന്റെ ഹൃദയ രക്തമായിരുന്നു
അവള്‍ക്ക്‌ ചൂടു പകര്‍ന്നത്‌
ഹൃദയ ഭിത്തികളവള്‍ക്ക്‌ പുതപ്പായി
അവള്‍ക്കതു പക്ഷേ, തടവറയായിരുന്നു
അസ്വാതന്ത്ര്യത്തിന്റെ കാരാഗൃഹം
ഒടുവിലവളത്‌ ഭേദിച്ചു നടന്നകന്നു
സ്വാതന്ത്ര്യതതിന്റെ വിശാലതതയിലേക്ക്
ഇന്നു ഞാന്‍ രക്തം ചിന്തുന്നു
ഇമകളില്‍ നിന്നൊഴുകുന്ന കണ്ണ്നീരായി

ചിന്ത











എന്റെ യാത്രകള്‍ക്ക് ലക്‌ഷ്യമുണ്ടായിരുന്നില്ല
എവിടെച്ചെന്നെത്തുമെന്നറിയാതെ
അറിയാന്‍ കൊത്തിക്കാതെ
അലഞ്ഞു ഞാന്‍ സഞ്ചരിച്ചു
അപഥസഞ്ചാരമെന്നാളുകള്‍ പറഞ്ഞു
എങ്കിലും പഥമേതെന്ന് ഞാന്‍ തിരഞ്ഞില്ല
കാലടികള്‍ക്ക്‌ വേദനയുണ്ടായിരുന്നില്ല
തലച്ചോറുമായുള്ള ബന്ധം മുറിഞ്ഞിരിക്കണം
എനിക്ക്‌ വേദനയേതുമില്ല, കാരണം
യാത്രകളനുഭൂതികളാകുന്നു

Friday, 13 August 2010

മറവി









വിദൂരതകളില്‍ ഞാനെന്നെ തേടുമ്പോള്‍
ഉള്ളത്തിലാരോ മൊഴിഞ്ഞു
മസ്തിഷ്ക ഞരമ്പുകളെ
അകാല വാര്‍ദ്ധക്യം പ്രാപിച്ചുവെന്ന്
ഓര്‍മ്മകളെ ചിതലരിച്ച്‌പോയെന്ന്
എനിക്ക്, മറവി പിടിപെട്ടുവെന്ന്

Monday, 9 August 2010

മണി മുഴങ്ങുമ്പോള്‍....


പള്ളിയില്‍ നിന്നുള്ള ഓരോ മണിമുഴക്കവും അയാളുടെ കാതുകളില്‍ അതിശക്തമായി വന്നു പതിച്ചുകൊണ്ടിരുന്നു. കേള്‍വിക്കുറവുള്ള തനിക്ക്‌ ആ മണിമുഴക്കം മാത്രം ശരിയായി കേള്‍ക്കുന്നതെങ്ങിനെയെന്ന് അയാള്‍ അല്‍ഭുതമൂറി. ഭിത്തിയിലേക്ക് നോക്കിക്കിടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു. 'എന്നാണു ആദ്യമായി മണി മുഴക്കം കേട്ടത്?' മറവിയുടെ മാറാലകള്‍ വകഞ്ഞുമാറ്റി ഓര്‍മ്മകളുടെ വരവായി. .....അതു നന്മയുടെ, അറിവിന്റെ, നിഷ്കളങ്കതയുടെ വിദ്യാലയമണിയായിരുന്നു. അന്നിന്റെ മണിശബ്ദം കുസൃതികള്‍ക്കുള്ള പച്ചക്കൊടികളായിരുന്നു. . പിന്നെയാ മണി മുഴങ്ങിയത്‌ കാല്‍പനികതയുടെ കലാലയ വളപ്പീലായിരുന്നു. ഓരോ മണിയടിക്കും വേണ്ടി ഹൃദയം തുടിച്ചിരുന്നു. അടുത്തു വരുന്ന പാദസ്വരമണികളുടെ കിലുക്കം തന്റെ ഹൃദയത്തിലായിരുന്നു മുഴങ്ങിയിരുന്നത്. പിന്നെയും മണിമുഴങ്ങിയത്‌ ജോലിയുടെ സമയമുണര്‍ത്താനായിരുന്നു. അതു പിന്നെ ജീവിതത്തിന്റെ താളമായി മാറി. ഓരോ മണിമുഴങ്ങുമ്പോളും വലിപ്പില്‍ ധനമേറി വന്നു. മേശക്കടിയിലൂടെ കൈകള്‍ നീണ്ടുകൊണ്ടേയിരുന്നു. ഓരോ ദിവസവും മണി മുഴങ്ങാന്‍ കൊതിയോടെ കാത്തിരുന്നു. പിന്നെ അത്‌ ആര്‍ത്തിയായി മാറി. കണ്ണുനീരും വിയര്‍പ്പും മണക്കുന്ന നോട്ടുകള്‍ കരുണഏതുമില്ലാതെ വലിപ്പിലിട്ട്കൊണ്ടയാള്‍ നിര്‍വൃതി കൊണ്ടു. പക്ഷേ, ഇപ്പോഴി മണി, മരണ മണി...വിളിക്കുകയാണ്‌, ശരിയായ മുഴക്കം എന്തെന്ന് അറിയിച്ചുതരാന്‍......മുഴക്കമുള്ള ലോകത്തേക്ക്‌.......

Sunday, 8 August 2010

വാര്‍ദ്ധക്യം










പൂര്‍ണ്ണചന്ദ്രനെയായിരുന്നു എനിക്ക്‌ പ്രിയം
ബാല്യത്തിലെ രാത്രികളില്‍ ,
അമ്മയുടെ കൈകളിലിരുന്നു ഞാന്‍
അമ്പിളി മാമന് വേണ്ടി ചിണുങ്ങി
കൌമാരത്തില്‍ എനിക്കത് പ്രതീകമായി
ഹൃദയത്തില്‍ ചേക്കേറിയ പ്രണയത്തിന്റെ
പിന്നീടുള്ള പ്രയാണങ്ങളിലെപ്പോഴോ
അതെന്റെ കൈപ്പിടിയിലൊതുങ്ങി
പിന്നെയെനിക്കത് മറ്റൊരു കളിക്കൊപ്പായി
എന്റെ ഹുങ്കിനെ മോടി പിടിപ്പിക്കുന്ന ഒന്ന്
ഇപ്പോള്‍ വീണ്ടും ഞാനതിനെ നോക്കുകയാണ്‌
എന്റെ 'സായാഹ്നത്തിലെ' രാത്രികളില്‍
അതിന്റെ യൌവനത്തിലസൂയപൂണ്ട്‌കൊണ്ട്.!!

Saturday, 7 August 2010

സ്വപ്നങ്ങള്‍ക്ക് ചിറകൊടിയുന്നത്‌.........




ആറ്റു നോറ്റു കിട്ടിയ കനിയായിരുന്നു അവന്‍. വളരെ നാളുകളുടെ പ്രാര്‍ത്ഥനാ ഫലം. അവന്റെ വരവോട്കൂടി അവരുടെ ജീവിതം മാറി മറിഞ്ഞു. എല്ലായ്പോഴും സന്തോഷം തിര തല്ലി. അവരുടെ സ്വപ്നങ്ങളുടെ സുന്ദര രൂപമായിരുന്നു അവന്‍. അതു കൊണ്ടാണ് ഏറ്റവും നല്ല വിദ്യാഭ്യാസം തന്നെ അവന് വേണ്ടി ഏര്‍പാടാക്കിയത്. ആരെയും അല്‍ഭുതപ്പെടുത്തും വിധമുള്ള ബുദ്ധികൂര്‍മ്മത ചെറുപ്പത്തിലേ തന്നെ അവനെ വലിയ അറിവുകള്‍ക്കുടമയാക്കി. ബാല്യത്തില്‍ തന്നെ അവന്‍ വേദഗ്രന്ഥവുമായി അടുപ്പത്തിലായി. ഭൌതിക വിദ്യാഭ്യാസത്തിലും അവന്‍ മുന്നില്‍ തന്നെയായിരുന്നു. ആത്മീയതയും ഭൌതികതയും അവന്റേയുള്ളില്‍ അനുപാതം പാലിച്ചു ചേക്കേറിക്കൊണ്ടിരുന്നു. എളുപ്പം വഴങ്ങുന്ന അറിവുകള്‍ പക്ഷേ അവനില്‍ അഹങ്കാരത്തിന്റെ ചെറു ലാഞ്ചന പോലും ഉണ്ടാക്കിയില്ല. ആരെയും അസൂയയിലാഴ്ത്തുന്ന വിധം ഒരു മകനെ തന്നതില്‍ അവന്റെ മാതാപിതാക്കള്‍ പ്രപഞ്ച നാഥനോട് നന്ദിയോതി.
അതിസുന്ദരമായൊരു കവിതയെന്നവണ്ണം അവന്റെ ബാല്യവും കൌമാരവും കഴിഞ്ഞുപോയി. അവന് വിവാഹപ്രായമായി. അവന് യോജിച്ച ഇണയെ അവന്‍ തന്നെ കണ്ടെത്തി. ഒരു ദരിദ്ര കുടുംബത്തിലെ അനാഥയായൊരു പെണ്‍കുട്ടി. ആര്‍ഭാടങ്ങളൊന്നുമില്ലാതെ എല്ലാവരുടെയും അനുഗ്രഹത്തോടുകൂടി അവളവന്റെ മണവാട്ടിയായി. മാതൃകാപരമായ ദാമ്പത്യമായിരുന്നു അവരുടേത്. ദൈവത്തെ സ്മരിച്ചും അവനു സ്തുതി ചൊല്ലിയും അവര്‍ ഇഹത്തിന്റെ മായാവലയതില്‍ നിന്നും രക്ഷ നേടി. സമ്പന്നതയിലും സഹജീവികളെ മറക്കാതെ അവരുടെ വലതുകൈ നീണ്ടുകൊണ്ടിരുന്നു. വൈകാതെ അവര്‍ക്ക് ഒരോമന കുഞ്ഞു പിറന്നു. സന്തോഷവും സൌഭാഗ്യവും ആ കൊച്ച് കുടുംബത്തില്‍ കളിയാടി. മൂന്നുതലമുറയും കൂടി സ്നേഹത്തിനു പുതിയമാനങ്ങള്‍ നല്‍കി.
അങ്ങനെയിരിക്കയാണ്‌ വളരെ നാളുകളായി ആ കുടുംബതതിന്റെ നന്മയില്‍ അസൂയപൂണ്ടിരുന്ന പിശാചിനു ആ സന്തോഷം തകര്‍ക്കാനോരവസരം ലഭിച്ചത്‌. ഹൃദയത്തില്‍ നന്മയുണ്ടായിരുന്നത്‌കൊണ്ടാവണം ആ യുവാവ്‌ ചെകുത്താന്റെ പ്രഥമ ശത്രുവായി മാറിയത്‌. മതത്തെ ചൊല്ലിയുള്ള വചന യുദ്ധങ്ങള്‍ പുതിയ തരംഗമായിരുന്നതിനാല്‍ തീവ്രവാദം തന്നെ പിശാചു തിരഞ്ഞെടുത്തു. കാശ്മീരു മുതല്‍ കന്യാകുമാരി വരെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുമായി അവനു ബന്ധമുണ്ടെന്നവര്‍ വാദിച്ചു. ഘട്ടം ഘട്ടമായി ചെന്നായ്കൂട്ടം അവന്റെ കുടുംബത്തെ വളഞ്ഞു. അവസാനം എല്ലാം ശിഥിലമായപ്പോള്‍ പ്രസ്താവനഇറങ്ങി. 'അന്വേഷണത്തിലെ അപാകത മൂലം സംഭവിച്ച് പോയത്‌.!!'

Thursday, 5 August 2010

രാജയോഗം



"ഇവള്‍ നന്നായി പാട്ട് പാടും സര്‍...മോളേ ആ പാട്ട് സാറിന് പാടിക്കേള്‍പിച്ചേ". അവള്‍ അമ്മയുടെ മുഖത്തേക്ക്‌ രൂക്ഷമായൊന്നു നോക്കി. അവര്‍ വീണ്ടും പറഞ്ഞു. "പാട്‌ മോളു, ദാ...സാറിനിഷ്ടപ്പെട്ടാല്‍ അടുത്ത സീരിയലില്‍ മോള്‍ക്ക്‌ പാടി അഭിനയിക്കാം. പാട്‌ മോളേ.." അവള്‍ മനസ്സില്ലാ മനസ്സോടെ പാടിതുടങ്ങി.."കളഭം തരാം.....ഭഗവാനെന്‍ മനസും തരാം.....".... " വൊവ്.....എക്സലന്റ്!! മാര്‍വെലസ്!! കുട്ടി നന്നായി പാടുന്നുണ്ടല്ലോ... എനിക്കെന്തായാലും ഇഷ്ടമായി.. കാണാന്‍ മാത്രമല്ല, ഡാന്‍സിലും പാട്ടിലും, എല്ലാത്തിലും കുട്ടി നമ്പര്‍ വണ്‍ തന്നെ. ഇങ്ങനെയൊരു മകളെ പ്രസവിച്ച അമ്മ ഭാഗ്യവതിയാണ്‌... നോക്കിക്കോളൂ.. മലയാളത്തിന്റെ സീരിയല്‍ ലോകത്തിന്റെ അവിഭാജ്യ ഘടകമായി നിങ്ങളുടെ മകള്‍ മാറും..." സംവിധായകന്റെ വാക്കുകള്‍ ഒരു കുളിര്‍മഴ പോലെ ആ സ്ത്രീക്ക് അനുഭവപ്പെട്ടു. സന്തോഷം തിരതല്ലുന്ന മുഖത്തോടെ അവര്‍ മകളുടെ മുഖത്തേക്ക്‌ നോക്കി.....അവിടെ നിര്‍വികാരതയായിരുന്നു.....അവളുടെ മനസില്‍ കോളേജ് മാത്രമായിരുന്നു. "ഞാന്‍ എന്തായാലും ഓകേ പറഞ്ഞു കഴിഞ്ഞു. ഇനി പ്രൊഡ്യുസര്‍ക്ക് കൂടി ഇഷ്ടപ്പെടണം. പിന്നെ കാര്യങ്ങളൊക്കെ എളുപ്പമായി. ഇന്നു രാത്രി അദ്ദേഹം വരും . പെണ്‍കുട്ടിയെ ഇന്‍റേര്‍വ്യൂ ചെയ്യും. ഇഷ്ടപ്പെട്ടാല്‍ പിന്നെ നിങ്ങളുടെ രാജയോഗമാണ്‌..." അയാള്‍ പറഞ്ഞു. .....രാത്രിയായി...ഹോട്ടല്‍ മുറിയിലെ ജനാലയിലൂടെ അവള്‍ ആകാശത്തേക്ക്‌ നോക്കി നിന്നു. ഒരൊറ്റ നക്ഷത്രത്തെ പോലും അവളവിടെ കണ്ടില്ല.... പാതിരാവോടടുത്തപ്പോള്‍ സംവിധായകനും നിര്‍മ്മാതാവും എത്തി. കളഭം മാത്രമല്ല...പലതും അവള്‍ക്ക്‌ കൈവിട്ടുകളയേണ്ടി വന്നു. മുറിക്ക് പുറത്ത് അവളുടെ അമ്മ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടിരുന്നു..............

ഒരു കൊച്ചു സംശയം.



അഫ്ഷ തിരക്കിട്ട എഴുത്തിലാണ്‌. രണ്ടു ദിവസം അവധിയായിരുന്നത്‌കൊണ്ട് നോട്ട്‌ കുറേ എഴുതാനുണ്ടായിരുന്നു. കുറേ തപ്പിയിട്ടാണ് നന്നായെഴുതിയൊരു നോട്ട്‌ കിട്ടിയത്‌. ക്ലാസിലെല്ലാവരും ചിരിയും ബഹളവും. "എന്താണു അഫ്ഷ നീ എഴുതുന്നത്‌?" ജോയ്‌ ചോദിച്ചു. "നോട്ട്‌ കംപ്ലീറ്റ് ചെയ്യുകയാ.." അവള്‍ മറുപടി പറഞ്ഞു. ജോയ്‌ പതുക്കെ അവള്‍ക്‌കഭിമുഖമായി ഇരുന്നു. അഫ്ഷ അവന്റെ മുഖത്തേക്ക്‌ നോക്കി. അവന്റെ ചുണ്ടില്‍ ചോദ്യം പോലെ എന്തോ ഒന്നു പുറത്ത് ചാടാന്‍ വെമ്പുന്നത്‌ അവള്‍ കണ്ടു. അവള്‍ ചോദിച്ചു :"എന്താ ജോയ്‌? എന്തോ ചോദിക്കാനുള്ളത് പോലെ?" "ചോദിച്ചാല്‍ നിനക്കു ദേഷ്യം വരൊ?" അവന്‍ മറുപടിയായി തന്നതും ഒരു ചോദ്യമാണ്. അവളൊന്നമ്പരന്നു. ഇവനെന്തു പറ്റി? 'എന്താനിവാണെന്നോട്‌ ചോദിക്കാന്‍ പോകുന്നത്‌?, ഇത്ര രഹസ്യമായി?'. പിന്നെ പുഞ്ചിരിയുതിര്‍ത്ത്‌ കൊണ്ട് പറഞ്ഞു : "നി ചോദിച്ചോ.. എനിക്കെന്തിനാ ദേഷ്യം വരാ???!!!". അവനൊന്ന് ചുറ്റും നോക്കി , ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി. "അതെന്താന്ന് വച്ചാല്‍....നീയെന്തിനാ ഈ തട്ടം തലയിലിടുന്നത്‌? ". അഫ്ഷക്കുള്ളില്‍ ചിരി പൊട്ടി. എങ്കിലും അവളടക്കി നിര്‍ത്തി. അവന്റെ ചോദ്യം നിസാരമാണ്ന് ഉത്തരമെന്ത് കൊടുക്കുമെന്നവള്‍ക്ക്‌. പിടികിട്ടിയില്ല. ഒന്നും മിണ്ടാതെ ക്ലാസിന്റെ ഒരു മൂലക്കീരിക്കുന്ന തന്നോട് ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചതല്ല. "ഞാന്‍ ചോദിച്ചത്‌ തെറ്റായിപ്പോയോ? ഞാന്‍ ചോദിച്ചതെന്താന്ന് വച്ചാല്‍ ഈ ക്ലാസിലെ വേറെ പിള്ളേരൊന്നും ഈ സാധനം ഇട്ട്‌ മൂടുന്നില്ല,നിങ്ങള്‍ തമ്മില്‍ എന്തേലും വ്യത്യാസമുണ്ടോ? നിങ്ങള്‍ക്കിടയിലും ജാതിയുന്ടോ? ഇതിടാതെ വന്നാലെന്ത് കുഴപ്പമാണുള്ളത്? ഈ സാധനം ശരിക്കും വര്‍ഗീയതയുണ്ടാക്കില്ലേ? എന്റെ സംശയമാണ്‌. ഒന്നും തോന്നരുത്‌." അവന്‍ പറഞ്ഞു നിര്‍ത്തി. ഒരു ചോദ്യത്തെ പിന്തുടര്‍ന്ന് ഇത്രയധികം ചോദ്യങ്ങള്‍ വരിവരിയായി വരുമെന്ന് അഫ്ഷ പ്രതീക്ഷിച്ചതല്ല. അവള്‍ക്കുത്തരം മുട്ടി. തനിക്ക്‌ പ്രസംഗിക്കാണൊന്നും അറിഞ്ഞുകൂടാ.. മതത്തെപ്പറ്റിയാകുമ്പോള്‍ തീരെയില്ല. ഇത്തരം ചോദ്യങ്ങള്‍ ഇതുവരെ തനിക്ക്‌ നേരിടേണ്ടി വന്നിട്ടില്ല. തെറ്റിധാരണകളേറെ പേറിക്കൊണ്ട് സ്വന്തം സുഹൃത്ത്‌ ഇങ്ങനെയൊക്കെ സംശയങ്ങലുന്നയിക്കുമ്പോള്‍ എന്തു മറുപടി താന്‍ കൊടുക്കും? അവള്‍ ആലോചിച്ചു. പിന്നെയൊരാവേശത്തില്‍ ഒരു ചോദ്യം തിരിച്ചു ചോദിച്ചു.;"നീയെന്തിനാ ഞായറാഴ്ച പള്ളിയില്‍ പോകുന്നത്‌? ചിലര്‍ പോകാതിരിക്കുന്നതെന്തു കൊണ്ടാ?" അവന്‍ ആലോചിച്ചു. അവന് അതിന്റെ ഉത്തരം കണ്ടുപിടിക്കാനാകുമെന്ന് അവള്‍ക്കറിയാമായിരുന്നു. അവന്‍ പറഞ്ഞു :"ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകണമെന്നു ദൈവം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്‌. ദൈവതൃപ്തിക്ക്‌ വേണ്ടിയാണ് ഞങ്ങള്‍ പള്ളിയില്‍ പോകുന്നത്‌. പിന്നെ ചിലര്‍ വരാതിരിക്കുന്നത്‌ അവര്‍ക്ക് ദൈവത്തോടുള്ള അടുപ്പക്കുറവ് കൊണ്ടാണ്‌. സാത്താന്റെ പ്രലോഭനങ്ങളുണ്ടാകും. ദൈവത്തെ സ്നേഹിക്കുന്നവര്‍ പള്ളിയില്‍ പോകും" അത്രയും പറഞ്ഞു കൊണ്ടവന്‍ അഫ്ഷയുടെ മുഖത്തേക്ക്‌ നോക്കി. അവളുടെ മുഖത്ത്‌ നിറയെ പുഞ്ചിരിയായിരുന്നു. അവള്‍ വിളിച്ചു: "ജോയ്‌". അവനിലും ഒരു മന്ദഹാസം വിരിഞ്ഞു. അവന്റെ ചോദ്യത്തിനുള്ള ഉത്തരം അവന്‍ തന്നെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. നജ്ല പറഞ്ഞു:"അല്ലെങ്കില്‍ത്തന്നെ ആര്‍ക്കാണ് ദൈവത്തെ സ്നേഹിക്കാതിരിക്കാനാവുക?!!!" ജോയുടെ കണ്ണുകളില്‍ ഒരു തിളക്കം. "താങ്ക്സ്" അവന്‍ പറഞ്ഞു.അഫ്ഷ എഴുത്ത് തുടര്‍ന്നു. കുറച്ചു നേരം അവനവളേ നോക്കിയിരുന്നു. പിന്നെ എഴുന്നേറ്റ്‌ പോയി.

Tuesday, 3 August 2010

വ്രതം

വ്രതം

ദാഹം തളര്‍ച്ചയാകുമ്പോള്‍
വിശപ്പ്‌ ഞെരുക്കമാകുമ്പോള്‍
ക്ഷീണം പീഡയാകുമ്പോള്‍
പിശാച് പ്രലോഭനമാകുമ്പോള്‍
ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു
കൌസറിന്റെ ശീതളിമയെ,
താഴ്വാരങ്ങളുടെ ഹരിതഭംഗിയേ,
മന്നയുടെ, സല്‍വയുടെ സ്വാദിന്റെ
സുഖമുള്ള സ്വപ്നങ്ങള്‍!!!
ആര്‍ത്തലച്ച്‌വരുന്ന സുകൃതങ്ങളുടെ
പെരുമഴക്കാലമല്ലോ റമദാന്‍!.

ഭ്രൂണം









രണ്ടു ജന്മങ്ങളുടെ പരിണയത്തിലായിരുന്നു
അവന്റെ ജീവന്റെ തുടക്കം
സുഖമുള്ള ചൂടില്‍ നിറമുള്ള നൂലുകളാല്‍
സ്വപ്നങ്ങള്‍ നെയ്തവന്‍ വളര്‍ന്നു
കണ്ണും കയ്യും പുറത്തെ തണുപ്പിനെ
കൊതിയോടെ സ്വപ്നം കണ്ടു
നിനച്ചിരിക്കാതെയാ സ്വപ്നം
ഇടക്ക്വച്ചു മുറിഞ്ഞുപോയ്
ആശുപത്രിയില്‍ കൈകാലുകളറ്റു കിടക്കുമ്പോള്‍
കണ്ണീര്‍ വാര്‍ത്തു കൊണ്ടവന്‍ കേണു
"പൊറൂത്ത്കൊടുക്കെണമേ"!!!

കവിത










മഷിയൊരുപാട് വേണ്ടിവന്നു
നിന്നെ വാക്കുകളില്‍ കോറിയിടാന്‍
താളുകളില്‍ നീ പ്രണയമായൊഴുകി
ഒടുവിലെഴുതാന്‍ മഷിയില്ലാതായി
പിന്നെ ഞാനെന്റെ രക്തമൊഴുക്കി
തൂലിക ചലിപ്പിച്ചു

പ്രണയം











പ്രണയത്തെക്കുറിച്ച് ഞാനെന്തെഴുതാന്‍
പാടിപ്പതിഞ്ഞ പാട്ടുകളേറെയുണ്ടതിന്‌
കേട്ട്‌ പഴകിയ കവിതകളേറെ
കണ്ടറിഞ്ഞ കഥകളേറെ
നിലയില്ലാ കയത്തിലേക്ക്
അറിയാതെ വഴുതുന്നസ്വപ്നാടനം പ്രണയം

Monday, 2 August 2010

സ്വാന്തനം



"എന്താ മോനൂ കരയുന്നത്? അമ്മയില്ലേ കുട്ടാ? കരയാതെ വാവേ.... അമ്മിഞ്ഞ തരാല്ലോ ന്റെ മോന്‌.....കരയാതെട്ടോ....."
***************************
"എന്താ മോനേ വല്ലാന്‌ടിരീക്കണേ? പടിക്കാനൊരുപാടുന്ടോ കുട്ടാ? എഴുതിതീര്‍ന്നില്ലേ ഇതു വരെ? സാരല്ല, കുറച്ചു അമ്മ എഴുതിതരാട്ടോ....." ***************************

"എന്താ മോനേ നീ വിഷമിച്ചിരിക്കണേ? ജോലിയൊന്നും ശര്യാവാഞ്ഞിട്ടാണോ? നീ വിഷമിക്കാതെ.... എല്ലാം വേഗം ശരിയാവും . അമ്മ എപ്പോഴും പ്രാര്‍ത്ഥീക്കാണുണ്ട്ട്ടോ..എളുപ്പം ശരിയാവും!!.."
****************************
"എന്തുപറ്റി മോനേ? ആകെ ക്ഷീണിച്ചല്ലോ?... ഒരുപാട് ജോലിത്തിരക്കുണ്ടോ കുട്ട്യേ? പോട്ടെ...വെറുതെ ഇരുന്നു ബേജാറാവാതിരിക്ക് നീ....അമ്മേടെ മോന്‌ വേണ്ടി അമ്മ എപ്പഴും പ്രാര്‍ഥിക്കനുണുണ്ട്...."
****************************
"എന്താ കുട്ട്യേ ആകെ വിഷമിച്ചിരിക്കനെ? അവള്‍ പിണങ്ങിപ്പോയിട്ടാണോ?..വിഷമിക്കല്ലേ മോനേ... അമ്മയെ വല്ലടത്തും കൊണ്ടാക്ക്യാലെ അവള്‍ തിരിച്ചു വരൂങ്കില്‍ നി അങ്ങിനെ തന്നെ ചെയ്തോ മോനേ... അമ്മക്കൊരു വിഷമോല്ല... അമ്മ മരണം വരേം എന്റെ മോനു വേണ്ടി പ്രാര്‍ഥിക്കും... വിഷമിക്കാതെട്ടോ..."

****************************

കാത്തിരിപ്പ്




ചക്രവാളത്തിന്റെ ചുവപ്പിനെ
കറുപ്പു വിഴുങ്ങിത്തുടങി.
കിളികള്‍ കൂടണഞ്ഞുതുടങ്ങി.
രാവു നിദ്രയെ പരിണയിക്കാന്‍
ചമഞ്ഞ്തുടങ്ങി.
ഓരോ നിഴലും അവള്‍ക്ക്‌
മിഥ്യാ പ്രതീക്ഷകളായിരുന്നു.
അന്തിമയങ്ങുന്നത്‌ ആദ്യമായിട്ടല്ല.
എങ്കിലും ഭയമാണവള്‍ക്ക്‌.
ഉള്ളില്‍ ,
വെറുപ്പിന്റെ വിത്തുകള്‍ പാകിയിട്ടാണ്
അവനിന്ന് പടിയിറങ്ങിയത്‌.
ചൂടും ചൂരും മറന്നു,
നരയെക്കണ്ട്‌ മുഖം തിരിച്ചവന്‍,
പഴയതെന്തും വലിച്ചെറിയാന്‍ വെമ്പുന്നവന്‍.
 പുതമ തേടിപ്പോയിരിക്കുമോ?
ജാലകപ്പടികള്‍ക്ക്‌
അറിയാതെ കണ്ണുനിറഞ്ഞു.