Monday, 27 December 2010

അര്‍ത്ഥാന്തരങ്ങള്‍

                    നാടിന്റെ മണം.അയാളത് മണം കുളിര്‍ക്കെ ആസ്വദിച്ചു.തിരിച്ചു വരണമെന്ന് കരുതിയതല്ല.എന്നിട്ടും.... ജന്മ നാടിന്റെ വിളി.പൈതൃകങ്ങളുടെ വിളി.അത് കേള്‍ക്കാതിരിക്കാനായില്ല. ബസ്സിറങ്ങി അയാള്‍ ചുറ്റും നോക്കി.നേരം നട്ടുച്ച.തീ പോലെയുള്ള വെയില്‍.
'ഒരു ഓട്ടോ കിട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ?' അയാള്‍ കണ്ണുകള്‍ കൊണ്ട് പരതി. 'ഇല്ല',നിരത്തുകളെല്ലാം വിജനമാണ്.ഒരു നെടുവീര്‍പ്പോടെ അയാള്‍ നടന്നു തുടങ്ങി.എല്ലാം പഴയ പോലെത്തന്നെ.കടകളെല്ലാം അടഞ്ഞു കിടക്കുന്നു.ഒന്നുരണ്ടു പുത്തന്‍ കടകള്‍ കൂടി വന്നു ചേര്‍ന്നിട്ടുണ്ട്.ലൈബ്രറിയോട് ചേര്‍ന്ന് ഒരു പുതിയ കെട്ടിടം.കംപ്യുട്ടര്‍ സെന്‍ററാണ്.ഇവയോക്കെയോഴിച്ച്ചാല്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല.
അല്പം മാറി ഒരു ചെറിയ പെട്ടിക്കട തുറന്നു കിടക്കുന്നു.അയാള്‍ അങ്ങോട്ട്‌ നടന്നു.ഉള്ളിളിരിക്കുന്നയാള്‍ വൃദ്ധനാണ്.ആള്‍ പാതി മയക്കത്തിലാണെന്ന് കണ്ടാലറിയാം.
അയാള്‍ വിളിച്ചു.''ഹലോ, ചേട്ടാ..''
അയാള്‍ ഞെട്ടിയേണീറ്റു ,പരിഭ്രമത്തോടെ മുന്നില്‍ നില്‍ക്കുന്ന അപരിചിതനെ നോക്കി. .
''എന്താ വേണ്ടത്?.''
അയാള്‍ ചോദിച്ചു..
"ഒരു ഗ്ലാസ് വെള്ളം കിട്ടുമോ?"
"ഓ.തരാം.."
അയാള്‍ താഴെയിരുന്ന ബക്കറ്റില്‍ നിന്നും വൃത്തിയില്ലാത്ത ഒരു കുപ്പിഗ്ലാസ്സില്‍ വെള്ളം മുക്കിയെടുത്തു.മുന്നിലിരുന്ന നാരങ്ങകളില്‍ നിന്നും ഒരെണ്ണമെടുത്ത് മുറിച്ചു. അതുപിഴിഞ്ഞു ഗ്ലാസിലെക്കൊഴിച്ചു. വശത്തെ ഒരു തട്ടിലിരുന്ന ഭരണിയില്‍ പഞ്ചസാരയെടുത്തു വെള്ളത്തില്‍ ചേര്‍ത്തിളക്കി. ഗ്ലാസ്സില്‍ കറുത്ത നിറത്തില്‍ എന്തൊക്കെയോ കിടക്കുന്നത് അയാള്‍ കണ്ടു.
'വേണ്ടെന്നു പറഞ്ഞാലോ?'
പെട്ടെന്ന് ഉള്ളിലിരുന്നാരോ പരിഹസിക്കും പോലെ..
'എവിടന്നാണ് ഹേ ഈ ശുചിത്വ ബോധമൊക്കെയുണ്ടായത്?'.
ഉണ്ണാതെ കുളിക്കാതെ മുഷിഞ്ഞു കീറിയ വസ്ത്രങ്ങളിട്ടു കടത്തിണ്ണയിലുറങ്ങിയ ഒരു പതിനാറു വയസുകാരന്റെ ചിത്രം അയാളുടെ മനസ്സിലേക്കോടിയെത്തി.
''ഇതാ വെള്ളം''
കടക്കാരന്‍ അയാളുടെ നേരെ ഗ്ലാസ്‌ നീട്ടി. ദാഹം വല്ലാതെ തളര്‍ത്തിയിരുന്നു. അയാള്‍ ഗ്ലാസ് വാങ്ങി ഒറ്റയടിക്ക് അത് കാലിയാക്കി. വൃദ്ധന്‍ അപരിചിതനെ സസൂക്ഷ്മം നിരീക്ഷിച്ചു.
"ആരാ ? ഇവിടെ നേരത്തെ കണ്ടിട്ടില്ലല്ലോ?''.
"ഹാ ഒരാളെ കാണാന്‍ വന്നതാ.."
അയാള്‍ മറുപടി പറഞ്ഞു. പൈസ കൊടുത്തയാള്‍ തിരിഞ്ഞു നടന്നു. വഴികളൊന്നും ഓര്‍മയില്ല. എങ്കിലും നടന്നു.. കടകള്‍ പിന്നിട്ടു അയാളൊരു ചെമ്മണ്‍ പാതയിലേക്ക് കടന്നു. അതേ വഴി..ഓര്‍മ്മകള്‍ക്കിപ്പോള്‍ പൊടിമണ്ണിന്റെ ഗന്ധം. കൂട്ടുകാരോടൊന്നിച്ചു ഈ പൊടി മണ്ണ് പറപ്പിച്ചു കൊണ്ട് താന്‍ ഒരുപാട് ഓടിയിട്ടുണ്ട്.
ഈ വഴിയിലെവിടെയോ ആണ് വേലായുധന്‍ സാറിനെ കുഴി കുഴിച്ചു വീഴ്ത്തിയത്. അന്ന് അദ്ദേഹം വീണപ്പോള്‍ കയ്യില്‍ വേദനയായി വീണ പാടുകള്‍ക്ക് മേല്‍ കുളിര്‍ മഴ പെയ്യുകയായിരുന്നു.
അന്ന് അതോര്‍ത്തു കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ഒരുപാട് ചിരിച്ചു. ഇന്നാ ചിരി ഉള്ളിലെവിടെയോ ഒരു വേദന പടര്‍ത്തുന്നു. നടന്നു നടന്നയാള്‍ വേലായുധന്‍ മാഷിന്റെ വീടിനു മുന്നിലെത്തി. കുട്ടികള്‍ മുന്‍വശത്തിരുന്ന് കളിക്കുന്നു. ഒരു നിമിഷം അയാള്‍ ചിന്തിച്ചു. അകത്തേക്ക് കയറിയാലോ? വേണ്ട. ശേഷിപ്പുകളൊന്നും ഒരു പക്ഷെ ബാക്കിയുണ്ടാവുകയില്ല. വീടിനു മുന്‍പില്‍ നിന്നിരുന്ന തേന്മാവു കാണുന്നില്ല.
അയാള്‍ വീണ്ടും നടപ്പ് തുടര്‍ന്നു. നടത്തത്തിനിടയില്‍ വീടുകളില്‍ പലതും അയാളോട് പരിചയം പുതുക്കിക്കൊണ്ടിരുന്നു.ഇടക്കിടക്ക് വലിയ മാളികകളും അയാള്‍ കണ്ടു.
20 വര്‍ഷങ്ങള്‍.... 20 വര്‍ഷങ്ങള്‍ തന്റെ നാടിനു അധികം മാറ്റങ്ങളൊന്നും കൊണ്ട് വന്നില്ലെന്നതോര്‍ത്തു അയാള്‍ അത്ഭുതം കൂറി.പച്ച വിരിച്ച പാടങ്ങള്‍ പലതും കപ്പയും മരച്ചീനിയും കൊണ്ട് നിറഞ്ഞിരുന്നു. ഒന്നില്‍ ക്രിക്കറ്റ്‌ ഗ്രൌണ്ട് രൂപപ്പെട്ടിട്ടുണ്ട്. എങ്കിലും ആ കാറ്റിനിപ്പോളും പഴയ മണം.
നടന്നു നടന്നയാള്‍ ഇടുങ്ങിയ ഒരു വഴിയിലേക്ക് കടന്നു. ഇത് തന്റെ വീട്ടിലേക്കുള്ള വഴിയാണ്. താന്‍ ഓടിക്കളിച്ച വഴി. ഗോട്ടി കളിച്ചും ആര്‍പ്പു വിളിച്ചും മാവിന് കല്ലെറിഞ്ഞും ആസ്വദിച്ച കുട്ടിക്കാലം. ആസ്വദിച്ചിരുന്നോ? അറിയില്ല.
വികൃതിയിലൂടെ പലതിനോടും പകരം വീട്ടുകയായിരുന്നു.
അച്ഛന്‍ ... ക്രൂരതയുടെ പര്യായമായിരുന്നു. ദേഹത്തിപ്പോളും അച്ഛന്റെ ശിക്ഷകളുടെ പാടുകളുണ്ട്.. വെറുപ്പോടെ താന്‍ ദിവസവും നോക്കിക്കാണുന്ന പൊള്ളലുകള്‍.
ഏക മകന്‍ . എന്നിട്ടും അച്ഛന്റെ കണ്ണിലെ കരടായിരുന്നു താന്‍ . പുസ്തകതാളുകള്‍ക്കിടയില്‍ കുറിച്ചിട്ട കവിതകള്‍ കണ്ടു പലപ്പോഴും അച്ഛന്‍ ചൂരല്‍ വീശിയിരുന്നു. വരച്ച ചിത്രങ്ങളും എഴുതിയ കവിതകളും വലിച്ചു കീറുന്നതായിരുന്നു കയ്യിലും ദേഹത്തുമായി കിട്ടിയിരുന്ന ചൂരല്ക്കശായങ്ങളെക്കാള്‍ വേദനിപ്പിചിരുന്നത്..
അമ്മയായിരുന്നു ആശ്വാസം. മരുഭൂവിലെ തണുത്ത മഴ. അമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങുമ്പോള്‍ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ മഞ്ഞുകണങ്ങളായി മാറിയിരുന്നു. ആ മടിയിലെ ചൂടും വാത്സല്യവും ഉള്ളില്‍ തികട്ടി വരുന്ന വേദനയായി എന്നും കൂടെയുണ്ടായിരുന്നു. രണ്ടു ദശാബ്ദങ്ങളായി മനസ്സിനെ അലട്ടിയിരുന്ന ഒരേയൊരു വിഷമം.അമ്മയായിരുന്നു.
പണ്ടേ പഠിക്കാന്‍ മടിയനായിരുന്നു. എങ്കിലും ക്ലാസിലെ ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു താന്‍ . അത് പോരായിരുന്നു അച്ഛന്റെ പട്ടാളചിട്ടക്ക്. പഠനത്തില്‍ കവിഞ്ഞതൊന്നും അച്ഛനു ഇഷ്ടവുമായിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സര്‍ഗ വാസനകളെ കണ്ടുകൂടായിരുന്നു. സ്കൂളിലൊരിക്കല്‍ നടന്ന ചിത്ര രചനയില്‍ ഒന്നാം സ്ഥാനം കിട്ടിയപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് വീടിലെത്തിയത്. സമ്മാനമായി കിട്ടിയത് ഒരു കളര്‍ ബോക്സായിരുന്നു. കണ്ടമാത്രയില്‍ വലിച്ചെറിഞ്ഞു കളഞ്ഞു അച്ഛന്‍ . ഒപ്പമോരാജ്ഞയും
'തൊട്ടു പോകരുത്'.
വെറുത്തു പോയി.ലോകത്തില്‍ വച്ച് കണ്ടത്തില്‍ വച്ചേറ്റവും ഭീകരനാണ് അച്ഛനെന്നു തോന്നിപ്പോയി. ഇടക്കെപ്പോഴോ അച്ഛനു ഹിറ്റ്‌ലറുടെ മുഖച്ഛായ വന്നു പെട്ടത് യാദൃശ്ചികമായിരുന്നില്ല.
വീടിനോടടുക്കുന്തോറും അയാളുടെ നെഞ്ചിടിപ്പ് കൂടി വന്നു. അയാളൊരു നിമിഷം വരിക്കപ്ലാവിന്റെ ചുവട്ടില്‍ നിന്നു. ഇവിടെ വച്ചാണ് അവസാനമായി അച്ഛന്‍ തള്ളിയത്. തലങ്ങും വിലങ്ങും .. ചോരയോഴുകും വരെ.
അന്ന്..... ഒരു പരീക്ഷ തലേന്നായിരുന്നു. സാമൂഹ്യ പാഠം വായിച്ചു കൊണ്ടിരുന്നപ്പോഴാണ്‌. ഹിരോഷിമയിലെ കനത്ത പുകയിലൂടെ വെന്തുരുകിയ ശവങ്ങള്‍ക്കിടയിലൂടെ വേദനയോടെ നടന്നപ്പോഴാണ് ഒരു കവിതയെഴുതനമെന്നു തോന്നിയത്. ഹൃദയം വിങ്ങിപ്പൊട്ടുകയായിരുന്നു. മനസില്‍ തോന്നിയതെല്ലാം എഴുതി. വടിവൊത്ത അക്ഷരങ്ങളായി ഉള്ളു പുറത്തു വന്നു. കണ്ണ് നീരിനു വാക്കുകളുടെ രൂപമുണ്ടായി.
പിറകില്‍ ആള്‍പെരുമാറ്റം കണ്ടു തിരിഞ്ഞു നോക്കിയപ്പോഴേക്കും അച്ഛന്‍ കവിതയെഴുതിയ കടലാസ് കയ്യിലെടുത്തിരുന്നു. ആ മുഖം ചുവന്നു പുകയുന്നത് ഭയത്തോടെയാണ് കണ്ടത്. പൊട്ടിത്തെറിക്കാന്‍ പോകുന്ന അഗ്നി പര്‍വ്വതം കണക്കെ നില്‍ക്കുകയായിരുന്നു അച്ഛന്‍ .
ഇറങ്ങിയോടി. പിറകെ അച്ഛനും.

ഓട്ടത്തിനിടക്ക് വീണുപോയി. ഇവിടെ.. ഈ വരിക്കപ്ലാവിന്റെ ചുവട്ടില്‍. കയ്യിലിരുന്ന ചൂരല്‍ കൊണ്ട് തലങ്ങും വിലങ്ങും പൊതിരെ തല്ലി. വേദന കൊണ്ട് നീറി. പിറകെ ഓടി വന്ന അമ്മ തടഞ്ഞു നോക്കി. ആ ദേഹത്തിലും കൊണ്ടു ഒരുപാട്. സ്വബോധം നഷ്ടപ്പെട്ടിരുന്നു. അച്ഛന്റെ അലര്‍ച്ച അപ്പോഴും കാതില്‍ മുഴങ്ങി. വിയര്‍തോഴുകിയ ശരീരത്തില്‍ മണ്ണ് പുരണ്ടു. എവിടെ നിന്നോ ഒരൂര്‍ജ്ജം ലഭിക്കുകയായിരുന്നു. അടിച്ചടിച്ച് തളര്‍ന്നിരിക്കുന്ന അച്ഛനെയും അരികത്തു വീണു കരയുന്ന അമ്മയെയും ഒന്ന് കൂടി നോക്കി ...
പിന്നെയോരോട്ടമായിരുന്നു. തിരിഞ്ഞു നോക്കാതെ ഓടി. തളര്‍ന്നു വീഴുമെന്നു തോന്നിയിട്ടും ഓടി.....
ഒരുപാട് കറങ്ങിത്തിരിഞ്ഞു. പലയിടത്തും ജോലി ചെയ്തു. കേരളത്തിലും പുറത്തും. ഭാഷകളോട് എന്നും പ്രണയമായിരുന്നു. ഒരുപാട് ഭാഷകള്‍ കൈമുതലായി കിട്ടി. വഴി വക്കുകളിലിരുന്നു വരക്കാന്‍ തുടങ്ങി. പലര്‍ക്കും വരച്ചു കൊടുത്തു. ആ വരകള്‍ കണ്ടു കൊണ്ടാണ് പത്രങ്ങളിലെക്ക് ക്ഷണം ലഭിച്ചത്. അങ്ങനെ കാര്‍ട്ടൂണിസ്റ്റായി . അതും ഉത്തരേന്ത്യയിലെ പല പ്രമുഖ പത്രങ്ങളിലും. ഒപ്പം എഴുതുവാനും തുടങ്ങി. ഹിന്ദിയില്‍, ഇംഗ്ലീഷില്‍, അറിയപ്പെടാന്‍ തുടങ്ങിയിരുന്നു. പലരും വേരുകള്‍ അന്ന്വേഷിച്ചിരുന്നു. എല്ലാവരും നിരാശരായാണ് മടങ്ങിയത്. താന്‍ പോലും ഓര്‍ക്കാന്‍ മടിക്കുന്ന വേരുകള്‍.
എങ്കിലും ഉള്ളിലിരുന്നാരോ മന്ത്രിച്ചു.'മടങ്ങിപ്പോകണം'. നാടൊന്നു കണ്ടു അതിനോട് പരിചയം പുതുക്കാന്‍ .അമ്മയെ ഒന്ന് കാണാന്‍ . അച്ഛനെ കാണാതിരിക്കണം. ആ വെറുക്കപ്പെട്ട രൂപമൊന്നുകൊണ്ട് മാത്രമാണ് മടക്കം താമസിക്കുന്നത്. എങ്കിലും പോകണം.
ഓര്‍മ്മകള്‍ അയാളെ ഒരുപാട് ക്ഷീണിപ്പിച്ചു. ഉള്ളില്‍ പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി അയാള്‍ നടന്നു. അകലെ നിന്ന് കൊണ്ട് തന്നെ അയാള്‍ കണ്ടു. പഴകി നിറം മങ്ങി നില്‍ക്കുന്ന വീട്. ചുറ്റും സാമാന്യം കാട് പിടിച്ചിട്ടുണ്ട്. അധികം മാറ്റങ്ങളൊന്നും പ്രത്യക്ഷത്തിലില്ലെങ്കിലും പഴയ പ്രതാപമെല്ലാം തകര്‍ന്നു വീണത്‌ പോലെ അയാള്‍ക്ക് തോന്നി. ഉള്ളില്‍ ചെറുതായുയര്‍ന്ന അഹങ്കാരം. താന്‍ എല്ലാം നേടിയിരിക്കുന്നു.
അയാള്‍ ഉമ്മറത്തേക്ക് ചെന്ന്. ആളനക്കമില്ല.
"ഇവിടെ ആരുമില്ലേ?"
അയാള്‍ ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ല. അയാള്‍ കാല്ലിംഗ് ബെല്ലിലമര്‍ത്തി. ശബ്ദമൊന്നും കേട്ടില്ല. ഒരു പക്ഷേ കറന്റ്‌ ഉണ്ടാവുകയില്ല. അയാള്‍ ചിന്തിച്ചു.
വീണ്ടും അയാള്‍ ഉച്ചത്തില്‍ വിളിച്ചു.
"അമ്മേ"!!
ഒരല്പ സമയത്തിന് ശേഷം മുന്‍വശത്തെ വാതിലൊന്നനങ്ങി . അത് തുറക്കപ്പെട്ടു. അമ്മ! അയാള്‍ക്ക്‌ വിശ്വസിക്കാനായില്ല. താന്‍ ഉപേക്ഷിച്ചു പോയ അമ്മ ഐശ്വര്യത്തിന്റെ നിറകുടമായിരുന്നു. ഇത് തന്റെ അമ്മ തന്നെയോ.?
അയാള്‍ നിറകണ്ണുകളോടെ നോക്കി. ക്ഷീണിച്ചു എല്ലും തോലുമായിരിക്കുന്നു അമ്മ... മുഷിഞ്ഞു നിറം മങ്ങിയൊരു സാരിയാനുടുത്തിരിക്കുന്നത്. അവര്‍ ചോദിച്ചു.
"ആരാ?"
അതും ചോദിച്ചു കൊണ്ടവര്‍ അയാളുടെ അടുത്തേക്ക് വന്നു. ഒരു നിമിഷം അവര്‍ ആ മുഖത്തേക്ക് നോക്കി നിന്നു. കണ്ണുകള്‍ അറിയാതെ നനയുന്നു. അയാളത് കണ്ടു. അവര്‍ വിളിച്ചു.
"എന്റെ മോനെ"
അവരയാളെ ആശ്ലേഷിച്ചു. പഴയ കാച്ച്യെണ്ണയുടെ മണമിപ്പോളില്ല . എങ്കിലും വാത്സല്യത്തിന്റെ പാല്‍മണം അയാള്‍ അനുഭവിച്ചറിഞ്ഞു. അവര്‍ പിടി വിട്ടു. മകനെ മതി വരുവോളം നോക്കിക്കണ്ടു.
"എവിടെയായിരുന്നു നീ?"
അവര്‍ ചോദിച്ചു.
അയാള്‍ തലതാഴ്ത്തിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അയാള്‍ അകത്തെ ഇരുട്ടിലേക്ക് നോക്കി. എന്നിട്ട് സംശയ രൂപേണ അമ്മയുടെ മുഖത്തേക്ക് നോക്കി.
അവര്‍ പൊട്ടിക്കരഞ്ഞു.
"പോയി മോനെ, അദ്ദേഹം.... നീ പോയതിനു ശേഷം ആകെ തളര്‍ന്നു പോയി അച്ഛന്‍ . ഒരുപാടന്ന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. പിന്നെ വല്ലാത്തൊരു മിണ്ടാട്ടമായിരുന്നു. ആരോടും മിണ്ടാതെ കൊച്ചു കുട്ട്യോളെപ്പോലെ ഇടക്കിരുന്നു കരയുമായിരുന്നു. നീ പോയി ഒരു മാസം തികയുന്നതിനു മുന്‍പേ....."
അയാള്‍ പകച്ചു പോയി. 20 വര്ഷം..... തന്റെ അമ്മ വിധവയായിക്കഴിയുന്നു....... വെറുപ്പിന്റെ ആള്‍രൂപമായി മാറിയ അച്ഛന്‍ .... തന്റെ വിരഹം താങ്ങാന്‍ വയ്യാതെ..... ഈശ്വരാ...
ആരാണുത്തരവാദി? അയാള്‍ സ്വന്തം ഉള്ളില്‍ തന്നെ ചികഞ്ഞു നോക്കി.... ആരാണ് അച്ഛനെ കൊന്നത്? ആരാണ് അമ്മയെ വിധവയാക്കിയത്? ഉത്തരം താനാവരുതെ എന്ന പ്രാര്‍ഥനയോടെ മുഖം പൊത്തിക്കൊണ്ടയാള്‍ അമ്മയുടെ കാല്‍ച്ചുവട്ടില്‍ വീണു........

Sunday, 26 December 2010

യാത്രാമൊഴി









ഇടനാഴിയിലെ നിശബ്ദതക്കിപ്പോഴും
നിന്റെ പ്രണയത്തിന്റെ ഗന്ധമുണ്ട്
തിളയ്ക്കുന്ന വെയിലില്‍,
ഉണ്ണാതെയിരിക്കുന്ന ഉച്ചകളില്‍,
നീ തുറന്നു തന്ന ചോറ്റു പാത്രത്തില്‍
ഞാന്‍ അറിഞ്ഞത് സ്നേഹത്തിന്റെ
സൌഹൃദത്തിന്റെ രുചിയായിരുന്നു.
അന്തരംഗങ്ങളില്‍ തെളിഞ്ഞു നിന്ന
പ്രത്യാശയുടെ ദീപം
ആദ്യമായി തെളിച്ചു തന്നതും 
നീയായിരുന്നു, നിന്റെ തണലായിരുന്നു
മടുപ്പുണര്‍ത്തുന്ന ജല്പനങ്ങള്‍ക്കിടയിലും,
ഉറക്കച്ചടവിന്റെ ആലസ്യത്തിലും
ക്ലാസ്സ്‌ ചുവരുകളില്‍ ഞാന്‍ കോറിയിട്ടതും
നിന്നെക്കുറിച്ചായിരുന്നു
നിന്റെ പടവുകള്‍ കയറുമ്പോള്‍
ഞാന്‍ തേടിയത്,
സൌഹൃദത്തിന്റെ പുഞ്ചിരിപ്പൂക്കളായിരുന്നു
പൂക്കള്‍ വിടര്‍ത്തി എന്നെ ഉല്ലസിപ്പിച്ചപ്പോഴും
എന്റെ സ്വപ്നങ്ങളില്‍ നീ മാത്രമായിരുന്നു
എന്റെ ആത്മാവിലെ കവിതക്ക്
നിന്റെ ചുവയുണ്ടായിരുന്നു
ഞാന്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ക്ക്
നീ തന്ന ചോരത്തിളപ്പുണ്ടായിരുന്നു
ഇനിയൊരു വിടവാങ്ങല്‍ അനിവാര്യമാകവേ,
പടവുകളിറങ്ങട്ടെ ഞാന്‍ ,
ജീവിത പടവുകളെ താണ്ടിയുയരാന്‍ ..

Saturday, 11 December 2010

കഥ (പൈങ്കിളി അല്ല!)

"അമ്മേ, എനിക്കൊരു കഥ പറഞ്ഞു താ...".
കിങ്ങിണി ചിണുങ്ങുകയാണ് ..
"മോളെ.. കിടന്നുറങ്ങാന്‍ നോക്ക്... അമ്മക്ക് കഥയൊന്നും അറീല്ല്യ ".
സന്ധ്യ പറഞ്ഞു..
" ഈ അമ്മ കുശുമ്പിയാ അമ്മ കഥ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഉറങ്ങൂല്ല..".
പെണ്ണ് വാശിയിലാണ്.എന്തെങ്കിലും വേണമെന്ന് വിചാരിച്ചാല്‍ പിന്നെ അത് നേടിയേ അടങ്ങൂ.അവള്‍ക്ക് ദേഷ്യം വന്നു.
"കിങ്ങിണി,അമ്മക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ...".
അത് കേട്ടതും അവളുടെ ചിണുങ്ങല്‍ ഒന്നൂടെ കൂടി.
"ഹും..ഇനി കിടന്നു കരയണ്ട.ഞാന്‍ ആലോചിക്കട്ടെ കഥ".
സന്ധ്യ ആലോചിച്ചു.എന്ത് കഥയാണിപ്പോള്‍ ഇവളോട് പറയുക? അടുത്ത് കിടന്നുറങ്ങുന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവള്‍ക്ക് ദേഷ്യം വന്നു.അവളയാളുടെ പുറത്തൊരു നുള്ള് വച്ച് കൊടുത്തു.കിങ്ങിണി മുഖത്തേക്ക് നോക്കിക്കിടക്കുകയാണ്.സന്ധ്യ പറഞ്ഞു തുടങ്ങി.
"ഒരിടത്തൊരിടത്ത് ഒരു കഥമതിയും ഒരു കുഥമതിയും ഉണ്ടായിരുന്നു.അവര്‍ രണ്ടുപേരും കൂട്ടുകാരായിരുന്നു...".
"അമ്മേ!!"
കിങ്ങിണി ദേഷ്യത്തോടെ വിളിച്ചു ..
"ഉം? എന്താടി?"
"ഇത് അമ്മ എപ്പോളും എന്നെ പറഞ്ഞു പറ്റിക്കുന്ന കഥയാ..ഇന്ന് എനിക്ക് പുതിയ കഥ കേള്‍ക്കണം.എന്നെ പറ്റിക്കാമെന്നു കരുതണ്ട".
"ഹ ഹ ഹ !"
ഭര്‍ത്താവാണ്.അവള്‍ക്കു ദേഷ്യം ഇരച്ചു കയറി.അപ്പോള്‍ ഉറങ്ങുകയായിരുന്നില്ലല്ലേ.ദുഷ്ടന്‍ ! അവള്‍ക്കു കലികയറി.
അയാള്‍ അവളെത്തന്നെ നോക്കിക്കിടക്കുകയാണ്. അപ്പോളും മുഖത്തു ചിരി തന്നെ.സന്ധ്യക്ക് അറിയാതെ കണ്ണുകള്‍ നിറഞ്ഞു.രാവിലെ മുതല്‍ കിടന്നു കഷ്ടപ്പെടുന്നതാണ്.നടുവൊന്നു നിവര്‍ത്താന്‍ പറ്റിയിട്ടില്ല.അവസാനം ഒന്ന് തലചായ്ക്കാമെന്നു കരുതിയപ്പോള്‍ മകളുടെ കിന്നാരം.ഒപ്പം ഭര്‍ത്താവിന്റെ വക കളിയാക്കലും.അവള്‍ക്ക് വല്ലാതെ സങ്കടം വന്നു.അയാള്‍ക്കത് മനസ്സിലായി.
മകളെയയാള്‍ എടുത്തു നെഞ്ചത്ത് കിടത്തി.കിങ്ങിണി ദേഷ്യത്തോടെ അമ്മയുടെ മുഖത്ത് നോക്കി.അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.അവള്‍ക്കും വിഷമമായി.
"അമ്മയെന്തിനാ അച്ഛാ കരയുന്നത്?"
..അയാള്‍ അവളെ നോക്കി.അപ്പോളും അവളുടെ കണ്ണുകളില്‍ നിന്നൊഴുകുകയാണ്.വേണ്ട.ഒന്നും പറയണ്ട.പറഞ്ഞാല്‍ സങ്കടം കൂടുകയേ ഉള്ളൂ.
അയാള്‍ മകളുടെ മുഖത്ത് നോക്കി.ആ കൊച്ചു മുഖം പരിഭ്രമത്തിലാണ്ടിരിക്കുകയാണ്.
"കിങ്ങിണിക്കുട്ടന്‍ അമ്മയെ എന്തിനാ കഥ പറയണമെന്ന് പറഞ്ഞു ശല്യം ചെയ്തത്? അതുകൊണ്ടല്ലേ അമ്മക്ക് സങ്കടം വന്നത്?"
"ആണോ അമ്മേ?"
അവള്‍ വിഷമത്തോടെ ചോദിച്ചു.. സന്ധ്യ ഒന്നും പറഞ്ഞില്ല.
"മോള്‍ക്ക് അച്ഛന്‍ കഥ പറഞ്ഞു തരട്ടെ?".
"ആ.."
കഥയെന്നു കേട്ടതും കിങ്ങിണി ഉത്സാഹത്തോടെ തല കുലുക്കി.
"അച്ഛനൊരു രാജകുമാരിയുടെ കഥ പറഞ്ഞു തരാം.. പണ്ട് പണ്ട്.....എന്റെ കിങ്ങിണി മോള്‍ ജനിക്കുന്നതിനും മുന്‍പാണ് കേട്ടോ.... ഒരു രാജകുമാരി ഉണ്ടായിരുന്നു.. കൈ നിറയെ വളയും കഴുത്തില്‍ മാലയും ഉടുക്കാന്‍ ഒരുപാട് വസ്ത്രങ്ങളുമൊക്കെ ഉള്ള സുന്ദരിയായ രാജകുമാരി..അച്ഛന്റെയും അമ്മയുടെയും പുന്നാര രാജകുമാരി..എന്റെ കിങ്ങിണിക്കുട്ടിയെ പോലെ.. ".
കിങ്ങിണി സന്തോഷത്തോടെ ചിരിച്ചു...
"എന്നിട്ടോ?"
"എന്നിട്ട്... ഒരു ദിവസം രാജകുമാരി കോളേജില്‍ പഠിക്കാന്‍ ചേര്‍ന്നു...."
"പണ്ട് കോളേജ് ഒക്കെയുണ്ടായിരുന്നോ അച്ഛാ?"
"ഹഹഹ!"
ഇപ്പോള്‍ ചിരിച്ചത് സന്ധ്യയാണ്.. അയാള്‍ക്ക് സമാധാനമായി.
"പിന്നേ.. ഇല്ലാതെയാണോ? ആ കോളേജില്‍ വച്ചല്ലേ രാജകുമാരിക്ക് ഒരു പാവപ്പെട്ട ചെറുക്കന്‍ ലവ് ലെറ്റര്‍ കൊടുത്തത്.." "എന്നിട്ടോ?"
"എന്നിട്ടെന്തു....ഒരു പാവം കൃഷിക്കാരന്റെ മകന്‍ രാജകുമാരിയെ സ്നേഹിച്ചു.. പിറകെ നടന്നു... ആദ്യമൊന്നും രാജകുമാരി അയാളെ മൈന്‍ഡ് ചെയ്തില്ല... അവസാനം രാജകുമാരിക്കും അയാളെ ഇഷ്ടമായി.. പക്ഷെ.. എന്ത് ചെയ്യും... ഇതൊക്കെയറിഞ്ഞ ഒരു ഭയങ്കരന്‍ ഭൂതം.... അല്ല രാജകുമാരിയുടെ അച്ഛന്‍ രാജകുമാരിയെ മുറിയിലിട്ട് പൂട്ടി..".
"ഹും.."
സന്ധ്യയൊന്നു മൂളി. "അയ്യോ എന്നിട്ടെന്ത് പറ്റി?" കിങ്ങിണി ജിജ്ഞാസയോടെ ചോദിച്ചു..
"അച്ഛന്റെ മോള് തന്നെ.. എന്തൊരു ഉത്സാഹമാ ഇതൊക്കെ കേള്‍ക്കാന്‍ ..".
സന്ധ്യ പതുക്കെപ്പറഞ്ഞു. അയാളത് കേട്ട് പുഞ്ചിരിച്ചു.
" ഹും..എന്നിട്ട് ആ പാവം പയ്യനും കൂട്ടുകാരും കൂടി ചെന്ന് രാജകുമാരിയെ പൊക്കിക്കൊണ്ട്... അല്ല രക്ഷിച്ചോണ്ട് പോന്നു..."
"ഹോ ഭാഗ്യം."
കിങ്ങിണി ആശ്വസിച്ചു....
"അങ്ങനെ ആ പാവം ചെറുക്കന് ഒരു നിധി കിട്ടി".
"നിധിയോ?"
അവള്‍ ചോദിച്ചു..
"ഹാ..നിധി തന്നെ... എനിക്ക് കിട്ടിയ നിധി... സോറി.. ആ ചെറുക്കന് കിട്ടിയ നിധി..".
അയാള്‍ പറഞ്ഞു നിര്‍ത്തി..
"നിധി കിട്ടിയത് ആ ചെറുക്കനല്ല... എനിക്കാണ്..".
സന്ധ്യ പറഞ്ഞു. അതും പറഞ്ഞവള്‍ അവരുടെ നേരെ തിരിഞ്ഞു കിടന്നു. അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളവളുടെ നെറ്റിയില്‍ തലോടി.. കിങ്ങിണിക്ക് പക്ഷെ ഒന്നും മനസ്സിലായില്ല...

Wednesday, 8 December 2010

വിശപ്പ്

 


മഷിയൊഴിച്ചു ഞാനെന്റെ
പേനയുടെ വിശപ്പകറ്റി
വ്യഥയാല്‍ ഞാന്‍ കടലാസിനെ നോക്കി
തുറിച്ചു നോക്കിക്കൊണ്ടത് ചൊല്ലി, 
വിശക്കുന്നുവല്ലോ നിന്റെ അക്ഷരങ്ങള്‍ക്കായ്
ഇപ്പോള്‍ മനസ്സ് വിലപിക്കയായി
കാലിയല്ലോ ഇവിടം
എന്ത് ചെയ്തു ഞാനാ വിശപ്പകറ്റും?
ഇനി എങ്ങിനെ ഞാനാ പരാതി തീര്‍ക്കും?

Saturday, 4 December 2010

പറയാതെ പോയ പ്രണയം





എന്റെ പ്രണയം,
പറയാതെ പോയ എന്റെ ഹൃദയ മിടിപ്പ്
അറിഞ്ഞിട്ടും നീ അറിയാതെ നടിച്ചത്
പറഞ്ഞിട്ടും നീ കേള്‍ക്കാതെ പോയത്
നിന്റെ ചിരിയില്‍ ഞാനെന്റെ
ഹൃദയത്തെ കുളിര്‍പ്പിച്ചു
നമ്മുടെ കണ്ണുകളുടക്കുമ്പോള്‍
അറിയാതെയെന്റെ ഹൃദയം തുടിച്ചു
നാമൊരുമിച്ചു പാടുവാന്‍
ഞാന്‍ ഗാനങ്ങള്‍ പടച്ചു വച്ചു
നിന്റെ പേര് ചേര്‍ത്തെന്നെ
കൂട്ടുകാര്‍ കളിയാക്കുമ്പോള്‍
ദേഷ്യം മറയായ്‌ പിടിച്ചു ഞാന്‍ ,
ഉള്ളിലഹങ്കരിച്ചു
നിന്റെ കണ്‍കോണിലെവിടെയോ
എന്റെ രൂപമുണ്ടെന്ന് ഞാന്‍ ധരിച്ചു
നിന്റെ ഹൃടയമിടിപ്പോരിക്കല്‍
എന്റെ പേര് ചൊല്ലുമെന്ന്
ഞാന്‍ വൃഥാ കൊതിച്ചു
എന്നോടൊത്തുള്ള നിമിഷങ്ങളില്‍
ഞാന്‍ ചുറ്റുമുള്ള ലോകത്തെ മറന്നു
നിന്റെ വിരലുകളൊരിക്കല്‍
എന്റെ കയ്യിലോതുങ്ങുമെന്നും
ഞാന്‍ വെറുതെ നിനച്ചു
നീ പുഞ്ചിരിക്കുന്നതെനിക്ക് വേണ്ടിയെന്ന്‍
ഞാന്‍ മനസ്സാലെ അഭിമാനിച്ചു
നിന്നെ പഠിക്കുവാന്‍ ഞാനെന്റെ
സമയമേറെയും മാറ്റി വച്ചു
ഒടുവില്‍,
എന്റെ പ്രണയത്തെ
ഖബറടക്കെണ്ടിവരുമെന്ന് ഞാനറിഞ്ഞത്,
നിന്റെ വിവാഹക്ഷണക്കത്തെന്റെ
കയ്യില്‍ തന്നു നീകണ്ണുകള്‍ കൊണ്ട്
യാത്ര മൊഴിഞ്ഞപ്പോളാണ്
രാവേറെയായിരിക്കുന്നു
പിരിയാം നമുക്കിനി
ഒരു കണ്ണുനീര്‍ പുഷ്പം
ഒരുക്കിവച്ച് കൊള്‍ക നീ,
എന്റെ പ്രണയകുടീരത്തിലര്‍പ്പിക്കുവാന്‍ ..

Thursday, 2 December 2010

രോഗം





"എന്തായിരുന്നു ഇത്ര പെട്ടെന്നിങ്ങനെ വരാന്‍ ?"
അവിടെ കൂടിയിരുന്നവര്‍ പരസ്പരം ചോദിച്ചു.
"അസുഖമൊന്നുമുണ്ടായിരുന്നതായി അറിവില്ല.എന്നിട്ടും.."
സുഹൃതുക്കളിലോരാള്‍ നെടുവീര്‍പ്പിട്ടു.
"ഈയിടെയായി വല്ലാത്ത ടെന്‍ഷന്‍ ആയിരുന്നു ആള്‍ക്ക്".
ആരോ പറഞ്ഞു.
"ഏയ്..എനിക്കങ്ങിനെ തോന്നിയില്ല..".
മറ്റൊരാള്‍.
"ആത്മഹത്യയോ മറ്റോ ആണോ?".
വേറൊരാളുടെ സംശയം.ആ സംശയം മറ്റുള്ളവരിലേക്കും പടര്‍ന്നു.
"ഞാനും കണ്ടതാ..കഴുത്തില്‍ കയറിന്റെ പാടുണ്ട്".
സംശയം രൂക്ഷമായി.ആത്മാര്‍ത്ഥ സുഹൃത്തിന്റെ മുഖത്തെക്കായി എല്ലാവരുടെയും ശ്രദ്ധ.അയാളും കൈമലര്‍ത്തി.
"ഒരു പക്ഷെ നമ്മളറിയാതെ എന്തെങ്കിലുമുണ്ടായിരുന്നിരിക്കണം...".
അയാള്‍ കൂട്ടിച്ചേര്‍ത്തു.അടുത്തു തന്നെ ജ്യേഷ്ടന്‍ ഇരിപ്പുണ്ട്.അയാള്‍ തലയുയര്‍ത്തി നോക്കി.എന്നിട്ട് പറഞ്ഞു.
"എനിക്ക് അറിയില്ല.ഒരു പക്ഷെ അനിയനറിവുണ്ടായിരിക്കണം".
അതും പറഞ്ഞയാള്‍ അനിയനെ വിളിച്ചു.അയാളും ഒന്നും അറിയില്ലെന്ന മട്ടില്‍ തല കുലുക്കി.
"ഞങ്ങള്‍ വിവരമറിഞ്ഞ് ഇപ്പോള്‍ വന്നതേ ഉള്ളൂ".
അയാള്‍ പറഞ്ഞു."അമ്മക്കറിയാമായിരിക്കും..".
അമ്മ പൊട്ടിക്കരഞ്ഞു...
"എനിക്കറിയാന്മേലാ...എന്ത് പറ്റിപ്പോയോ ആവോ...എങ്ങനെ കഴിഞ്ഞതാ...".
അവസാനം താഴെ മൂലയില്‍ തല താഴ്ത്തിയിരിക്കുന്ന ഭാര്യയുടെ മേല്‍ എല്ലാവരുടെയും കണ്ണ് പതിഞ്ഞു.വന്നവരും കൂടിയവരും സംശയത്തോടെ അവളെ നോക്കി.വിറയ്ക്കുന്ന ശബ്ദത്തോടെ അവള്‍ പറയാന്‍ തുടങ്ങി.

"കല്യാണം കഴിഞ്ഞ നാളു മുതല്‍ തുടങ്ങിയതാ....ആദ്യമൊക്കെ ചെറുതായെ ഉണ്ടായിരുന്നുള്ളൂ....... കാരണമൊന്നുമുണ്ടായിരുന്നില്ല...പതിയെപ്പതിയെ മാറിക്കോളും എന്ന് കരുതി.. പക്ഷെ.... ഇന്നലെ..ഇന്നലെയാണ്... വല്ലാതെ കൂടിയത്....പിന്നെ...ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അലമാരിയില്‍ നിന്ന് എന്റെ സാരിയെടുത്ത്................".

അത്രയുമായപ്പോളേക്കും അവര്‍ അണപൊട്ടിക്കരയാന്‍ തുടങ്ങി.ആരോ ഒരാള്‍ ചോദിച്ചു.
"എന്തായിരുന്നു രോഗം?".
കരച്ചിലിനിടെ എങ്ങലടക്കിക്കൊണ്ട് അവര്‍ പറഞ്ഞു.
"സംശയം....സംശയ രോഗമായിരുന്നു..കാരണമില്ലാതെ സംശയം.....ഒടുവില്‍.......".
അപ്പോള്‍ എല്ലാവരും കണ്ടു...
പരേതന്റെ പുരികക്കൊടികള്‍ അപ്പോഴും ചുളിഞ്ഞിരിക്കുന്നു.......

നഷ്ടം



നെറ്റിത്തടത്തില്‍ നിന്നുതിര്‍ന്ന വിയര്‍പ്പു തുള്ളികള്‍ പതിയെ താഴോട്ടൊഴുകാന്‍ തുടങ്ങി. 'വല്ലാത്ത അസ്വസ്ഥത' തുടച്ചു കളയണമെന്ന് അവള്‍ക്ക് തോന്നി. എന്ത് ചെയ്യാന്‍ ..!! കൈകള്‍ ആകെ തളരുന്നതുപോലെ.ഈ ചൂട് സഹിക്ക വയ്യ .. ജനാല തുറന്നിട്ടാല്‍ കാറ്റ് കയറിയേനെ മുറിയില്‍. ഇനി ഇപ്പോള്‍ പറഞ്ഞിട്ടെന്താ..
നേരത്തെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ പുരണ്ട പൊടി മണ്ണ് ഇപ്പോളും കാലിലുന്ടെന്ന ബോധം അവളില്‍ അസ്വസ്ഥത പടര്‍ത്തി. ആകെ മുഷിഞ്ഞിരിക്കുന്നു ശരീരം. ഇനിയിപ്പോ എന്ത് ചെയ്യാനൊക്കും?
കഴിഞ്ഞ ആഴ്ച അച്ഛന്‍ വാങ്ങിത്തന്ന പുതിയ ചുരിദാറിട്ടിട്ടുണ്ട്. തേച്ചു മടക്കി വച്ചിരുന്നതിനാല്‍ അതെങ്കിലും മുഷിഞ്ഞിട്ടില്ല. കണ്മഷി വല്ലാതെ പടര്‍ന്നിട്ടുണ്ടെന്നവള്‍
ഊഹിച്ചു. 'ഓ.. ഇനിയെന്ത് ചെയ്യാന്‍ കഴിയും..?' ഓര്‍ക്കുന്തോറും അവളുടെയുള്ളില്‍ സങ്കടം ഏറി വന്നു.
ചുവരില്‍ ഘടികാരം ടിക്ക്...ടിക്ക്..ശബ്ദം മുഴക്കുന്നു..നേരം ഒരുപാടായിക്കാണണം താനീയോരവസ്ഥയില്‍.. അവള്‍ ചിന്തിച്ചു. രാവിലെ പോയതാണല്ലോ എല്ലാവരും.എന്താണാവോ ഇത് വരെ വരാത്തത്. കാത്തിരുന്നു അവള്‍ക്ക് മുഷിഞ്ഞു തുടങ്ങിയിരുന്നു. എത്ര നേരമാണ് ഈയൊരവസ്ഥയില്‍.!!
കുറച്ച നേരം കഴിഞ്ഞു ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം അവള്‍ കേട്ടു. അച്ഛനുമമ്മയുമാണ്. അനിയന്‍ കുട്ടന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. അവന്റെ കലപിലയുള്ള സംസാരം കേട്ടാലറിയാം.. ആള് ഭയങ്കര സന്തോഷത്തിലാണ്. ഇടക്ക് ചേച്ചി..ചേച്ചി..എന്നവന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.എന്തൊക്കെയാണവര്‍ വാങ്ങിയിട്ടുണ്ടാവുക എന്നറിയാന്‍ അവള്‍ക്ക് ഏറെ ആകാംക്ഷ തോന്നി. അങ്ങോട്ടൊന്നു ചെന്ന് നോക്കാന്‍ അവളുടെ ഉള്ളു വെമ്പി. പക്ഷെ....
''ഇവളിതവിടെ എന്തെടുക്കുകയാ..." അമ്മയുടെ ശബ്ദം. അല്ലെങ്കില്‍ പുറത്തു പോകാന്‍ ഏറ്റവും വാശി പിടിക്കുന്നയാളാണ് താന്‍ ... ഇന്ന് പക്ഷെ. അവളുടെ ഹൃദയം വിങ്ങിപ്പൊട്ടി.
"മോളൂ....നീ ഇതെവിടെ...ഇവിടെ വാ..നിനക്കിതെന്തോക്കെയാ വാങ്ങിയിരിക്കുന്നത്...മോളൂ.." അച്ഛനാണ്.. ആ വിളി അവളുരെ കരളു പിളര്‍ക്കും പോലെയാണവള്‍ക്ക് തോന്നിയത്. പോട്ടിക്കരയനമെന്നവള്‍ക്ക് തോന്നി....വയ്യ....കരയാനും വയ്യല്ലോ..
"മോനുട്ടാ ഇത് കൊണ്ട് പോയി ചേച്ചിക്ക് കൊടുക്ക്‌... അവളോട് എണീറ്റ്‌ വരാന്‍ പറയു എന്നിട്ട്."
"എനിക്ക് വയ്യ...അമ്മ തന്നെ കൊണ്ടോയിക്കൊടുക്ക്"
"അല്ലെങ്കിലും നിനക്ക് അനുസരണയില്ലല്ലോ.."
ഇപ്പോള്‍ താനവിടെ ഉണ്ടായിരുന്നുവെങ്കില്‍ അവനെ കൊഞ്ഞനം കുത്തിക്കാണിച്ചേനെ...അവനെ...അങ്ങനെ വഴക്കിട്ട്...അവനെന്നെ മറിച്ചിട്ട് ഇടിച്ചെനെ.....പിന്നെ അമ്മയുടെ കയ്യില്‍ നിന്ന് അടി കൊണ്ട് കരയുന്ന അവനെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചേനെ...ഈശ്വരാ...ഒന്നിനും സാധിക്കുന്നില്ലല്ലോ...
കഴുത്തിലെ ഈ കുരുക്ക് ഇത്ര മുറുകിയില്ലായിരുന്നുവെങ്കില്‍ ..... കാലെത്തിച്ചു ചവിട്ടാന്‍ ഒരു പടി കിട്ടിയിരുന്നുവെങ്കില്‍..... അവള്‍ വല്ലാതെ കൊതിച്ചു... ഇല്ല..... വൈകിപ്പോയിരിക്കുന്നു.....അനങ്ങാന്‍ പോലുമാവാത്ത വിധം താന്‍ മരവിച്ചു പോയിരിക്കുന്നു...ഇനി ഒന്നും സാധ്യമല്ല...എല്ലാം നഷടങ്ങളായി അവശേഷിക്കുന്നു..... കൈവിട്ടു പോയ..... പോകരുതായിരുന്നതെല്ലാം...



Wednesday, 1 December 2010

ഉറുമ്പുകള്‍

ബസ്സിറങ്ങി അയാള്‍ റോഡിന്റെ ഓരം ചേര്‍ന്ന് നടന്നു.എരിയുന്ന വെയില്‍.കയ്യിലെ സഞ്ചി അയാള്‍ ഒന്ന് കൂടി മുറുക്കെ പിടിച്ചു.ദാഹവും വിശപ്പും അയാളെ വല്ലാതെ വലയ്ക്കുന്നുണ്ടായിരുന്നു.പണ്ടെങ്ങോ വെളുത്തിരുന്ന മുണ്ടും ഷര്‍ട്ടും മുഷിഞ്ഞു നിറം മങ്ങിയിരിക്കുന്നു.
നടക്കുന്നതിനിടയിലും ഇടക്കിടക്ക് അയാള്‍ തന്റെ സഞ്ചിയെ നോക്കി. അയാളതിനിടയിലൂടെ അകത്തേക്ക് നോക്കി തൃപ്തിയടഞ്ഞു.
ഏറെ ക്ഷീണം തോന്നിയപ്പോള്‍ അയാള്‍ വഴിവക്കില്‍ കണ്ട വാകമരത്തിന്റെ ചുവട്ടിലിരുന്നു.സഞ്ചി തുറന്നു.
'ഉണ്ട്..അതിലുണ്ട്....'
അയാളുടെ മുഖത്തു സംതൃപ്തി കളിയാടി.തോളത്തു കിടന്ന തോര്‍ത്തെടുത്ത് വീശി ഉഷ്ണമകറ്റി കൊണ്ടിരിന്നു അയാള്‍.അകത്തിരുന്നു വിശപ്പയാളെ വിളിച്ചു.ഉത്തരം കിട്ടാത്ത വിളി.ക്ഷീണം വല്ലാതെ തളര്‍ത്തിയപ്പോള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന വാകമരത്തില്‍ ചാരിയിരുന്നയാള്‍ ഉറങ്ങിപ്പോയി........
ഉറക്കത്തിലയാള്‍ സ്വപ്നം കണ്ടു...പടവുകള്‍ കയറുകയാണ് താന്‍ ....കയറിയിട്ടും തീരാത്ത പടവുകള്‍....ക്ഷീണമേറിയിട്ടും അയാള്‍ കയറ്റം നിര്‍ത്തിയില്ല.....കയറിക്കൊണ്ടേയിരുന്നു... കുറെ ചെന്നപ്പോള്‍ പടവുകളില്ല,ഇനി കയറാന്‍ ......
മുറിഞ്ഞ സ്വപ്നവുമായയാള്‍ ഉറക്കില്‍ നിന്ന് തപ്പിപ്പിടഞ്ഞെഴുന്നേറ്റു.
അകലെ ചക്രവാളത്തില്‍ ചുവപ്പ് പടര്‍ന്നു തുടങ്ങിയിരിക്കുന്നു.പക്ഷികള്‍ ചിലച്ചു കൊണ്ട് കൂടണയാന്‍ വേഗത്തില്‍ പറക്കുന്നു.പെട്ടെന്നയാള്‍ തന്റെ സഞ്ചിയെക്കുറിച്ചോര്‍ത്തു....
അടുത്തുതന്നെ സഞ്ചി കിടപ്പുണ്ട്...ഒരു നടുക്കത്തോടെ അയാള്‍ കണ്ടു...സഞ്ചിയിലേക്ക് വരി വരിയായി കയറുന്ന ഉറുമ്പുകള്‍....

Saturday, 27 November 2010

കനല്‍


പാത്രങ്ങള്‍ കഴുകുന്തോറും കൂടി വരുന്നത് പോലെ തോന്നി അവര്‍ക്ക്. രാത്രി ഏറെയായിരിക്കുന്നു. വല്ലാത്ത ക്ഷീണം.വീട്ടുകാരെല്ലാം ഉറക്കം പിടിച്ചു കഴിഞ്ഞു.മുന്‍പില്‍ ഇനിയും പാത്രങ്ങള്‍ കുന്നുകൂടി കിടക്കുന്നു.ഇനി ഇതൊക്കെ എപ്പോള്‍ കഴിയാനാണ്?.അവര്‍ക്ക് തല പെരുക്കുന്നത് പോലെ തോന്നി.വെളുപ്പിനെ 3 മണിക്ക് തുടങ്ങിയതാണ്‌.നടുവിനാകെ വല്ലാത്ത വേദന.ശരീരത്തിന്റെ വേദന സഹിക്കാം.പക്ഷെ മനസ്സിന്റെ ഉരുക്കം എങ്ങനെയാണൊഴിയുക?ആരോടാണൊന്നു പറയുക?അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.എവിടെയാണ് താളം തെറ്റിയതെന്നവര്‍ ആലോചിച്ചു?
ജനിച്ചത്‌ അത്യാവശ്യം സാമ്പത്തികമുള്ള പേര് കേട്ട തറവാട്ടിലായിരുന്നു.നല്ല രീതിയില്‍ വിവാഹം.സ്നേഹമുള്ള ഭര്‍ത്താവ്.ചെറുതാണെങ്കിലും നല്ലരീതിയില്‍ പോകുന്ന കച്ചവടം.ജീവിതം സ്വര്‍ഗ്ഗമായിരുന്നു.കുട്ടികളുണ്ടായതോടെ ആ സന്തോഷം ഇരട്ടിച്ചു. മൂത്തത് ആണ്‍കുട്ടിയായിരുന്നു.പിന്നെ ഉണ്ടായ മൂന്നും പെണ്‍കുട്ടികള്‍.
ആകെയുള്ള ആണ്‍തരിയോട്‌ അവന്റെ ബാപ്പക്ക് പ്രത്യേക വാത്സല്യമായിരുന്നുവെന്നവരോര്‍ത്തു.അതുകൊണ്ട് തന്നെയാണ് പെണ്‍കുട്ടികളുടെ പഠിത്തം വേണ്ടെന്നു തോന്നിയതും മകനെ സ്കൂളിലയച്ചു പഠിപ്പിച്ചതും.എന്തും സധൈര്യം നേരിടുന്ന പ്രകൃതക്കാരനായിരുന്നു മക്കളുടെ ബാപ്പ.നെഞ്ചില്‍ ആയിടെയായി തുടങ്ങിയ വേദന കാര്യമാക്കാതിരുന്നതും അത് കൊണ്ട് തന്നെയായിരുന്നു.വേദന ശക്തിയായിതുടങ്ങിയപ്പോഴാണ് നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം ഡോക്ടറെ കാണാന്‍ സമ്മതിച്ചത്.പക്ഷെ അപ്പോളേക്കും വൈകിയിരുന്നു.ഹൃദയത്തിനെന്തോ അസുഖമാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്.പിന്നെ അധികം ജീവിച്ചില്ല.മരിക്കുന്നതിനു മുന്പ് അദ്ദേഹം ആവശ്യപ്പെട്ടത് കേട്ട് ഹൃദയം വിങ്ങിക്കരഞ്ഞു.
"നമ്മുടെ എല്ലാം വിറ്റിട്ടായാലും നമ്മുടെ മോനെ പഠിപ്പിക്കണം,അവനെ വല്യ ആളാക്കണം".
ജീവന് തുല്യം സ്നേഹിച്ച ആ മനുഷ്യന്റെ അവസാന ആഗ്രഹം,അദ്ധേഹത്തിന്റെ ജീവിതാഭിലാഷം തന്നെ അതായിരുന്നു....
അന്നേ മനസ്സിലുറപ്പിച്ചതാണ്.എന്ത് സഹിച്ചും മകനെ പഠിപ്പിക്കണം.ബാപ്പ മരിക്കുമ്പോള്‍ പത്തിലായിരുന്നു അവന്‍.പഠിക്കാനും മിടുക്കന്‍.പത്താം തരം നല്ല മാര്‍ക്കോടെ ജയിച്ചു. നല്ലൊരു കോളേജില്‍ തന്നെ ചേര്‍ത്തു.ആകെയുണ്ടായിരുന്ന പറമ്പും പിന്നെ കുറെ ആഭരണങ്ങളും വിറ്റാണ്‌ അവന്റെ പഠനത്തിനുള്ള വക കണ്ടെത്തിയത്.വേറെ വരുമാനമൊന്നുമുണ്ടായിരുന്നില്ല.പെണ്മക്കള്‍ തൈച്ചു കിട്ടുന്ന കാശ് കൊണ്ട് അന്നന്നത്തെ അരിക്കുള്ള വകയോപ്പിച്ചു.എന്തെങ്കിലുമൊക്കെ മിച്ചം പിടിക്കുന്നത് അവന്റെ വഴിച്ചിലവിനും മറ്റും കൊടുത്തു.പഠിത്തം കഴിഞ്ഞപ്പോളെക്കും കുടുംബം വെളുത്തു.എന്നിട്ടും അവനു ജോലിയോന്നുമാകാതിരുന്നപ്പോഴാണ് ഏറെ ബുദ്ധിമുട്ടിയത്.അവസാനം ആരോ ഒരാളൊരു വിസയുടെ കാര്യം അവനോട പറഞ്ഞു.ചിലവാകുന്ന പൈസയുടെ കാര്യം കേട്ടപ്പോള്‍ അന്ധാളിച്ചു പോയി.എന്നിട്ടും ബാക്കിയായിരുന്ന വീട് തുച്ഛമായ വിലക്ക് വിട്ടു പണമുണ്ടാക്കി.പ്രായമായ പെണ്മക്കളെയും കൊണ്ട് വാടക വീട്ടിലേക്ക് മാറി.അപ്പോഴെല്ലാം ആശ്വസിച്ചു,മകന്‍ പച്ച പിടിക്കും..ഒരിക്കല്‍ എല്ലാം നേരെയാകും എന്ന്...
അവന്‍ പച്ച പിടിച്ചു.ആദ്യത്തെ രണ്ടു മൂന്നു മാസം പണം അയച്ചു കിട്ടി.പിന്നെപ്പിന്നെ അത് കുറയാന്‍ തുടങ്ങി.ഒപ്പം ഉമ്മക്കെഴുതിക്കൊണ്ടിരുന്ന കത്തുകളും.പിന്നെ അതും നിലച്ചു.പണം കിട്ടാതിരുന്നതിനേക്കാള്‍ പൊന്നു മോന് എന്ത് പറ്റി എന്നാലോചിച്ചായിരുന്നു ആ ഉമ്മയുടെ നെഞ്ചു നീറിയത്.ലീവിന് വരുന്നവരോടെല്ലാം മകനെപ്പറ്റി അന്വേഷിച്ചു കൊണ്ടിരുന്നു അവര്‍.ഒരു വിവരവും ലഭിച്ചില്ല.മനസ്സാകെ തളര്‍ന്നു.എങ്കിലും നാല് വയറുകളുടെ എരിച്ചില്‍ മാറ്റാന്‍ മാര്‍ഗ്ഗം തേടേണ്ടത് അത്യാവശ്യമായിതീര്‍ന്നു.നാട് നീളെ പുത്തന്‍ ഫാഷനുകളില്‍ തൈച്ചു കൊടുക്കുന്ന കടകള്‍ തുടങ്ങിയതോടെ ഉണ്ടായിരുന്ന വരുമാനവും നിലച്ചു.
നല്ലൊരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ട് വീട്ടു ജോലിയെടുക്കാന്‍ നാണക്കേട് തോന്നി.ആ ഒറ്റ കാര്യം കൊണ്ടാണ് ജനിച്ച നാടും വീടുമെല്ലാം ഉപേക്ഷിച്ച് ഇവിടെ വന്നു കൂടിയത്.ആരും ജോലി തരാന്‍ തയ്യാറായില്ല.കാലു പിടിച്ചപേക്ഷിച്ചപ്പോള്‍ ഇപ്പോള്‍ നില്‍ക്കുന്ന വീട്ടില്‍ നില്കാനനുവാദം ലഭിച്ചു.ഇവിടെ വന്നു ചേരുമ്പോള്‍ പ്രായമായോരുമ്മയുണ്ടായിരുന്നു.അവരുടെ കാരുണ്യം കൊണ്ട് മൂത്തവളുടെ കല്യാണം എങ്ങിനെയൊക്കെയോ കഴിഞ്ഞു കിട്ടി.സന്തോഷത്തോടെയല്ലെങ്കിലും അവളെ ആരെയെങ്കിലും എല്പിച്ചല്ലോ എന്നോര്ത്തവര്‍ സമാധാനിച്ചു.ഉമ്മയുടെ കയ്യയച്ചുള്ള സഹായങ്ങള്‍ അവിടത്തെ മക്കള്‍ക്കിഷ്ടമായിരുന്നില്ല.പലതരം കുത്തുവാക്കുകളിലൂടെ അവര്‍ അത് പ്രകടിപ്പിച്ചുംകൊണ്ടിരുന്നു.അവരുടെ മരണത്തോടുകൂടി കിട്ടിയിരുന്ന കൂലി കുത്തനെ താഴ്ത്തുകയും ചെയ്തു.ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.നിസ്സഹായയായിരുന്നു അവര്‍.ബാക്കിയുള്ള മക്കളുടെ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ ഈ കേള്‍ക്കുന്ന ആട്ടും തുപ്പും ഒന്നുമല്ല എന്ന് തോന്നി.പിടിച്ചു നിന്നു.അതിനിടക്കെപ്പോഴോ കേട്ടു.മകന്‍ അവിടെ വച്ചു പരിചയപ്പെട്ട ഏതോ ഒരു പണച്ചാക്കിന്റെ മകളുമായി ഇഷ്ടത്തിലായെന്നും വിവാഹം കഴിച്ചെന്നും കുട്ടികളായെന്നുമൊക്കെ.ഉള്ളില്‍ ഭര്‍ത്താവിനോട് ദേഷ്യം തോന്നി.അദ്ധേഹത്തിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കേട്ടു.
'എല്ലാം വിറ്റിട്ടായാലും നമ്മുടെ മോനെ പഠിപ്പിക്കണം'.എല്ലാം പോയി.ഒപ്പം മകനും.
ആലോചിച്ചിരുന്നു അവര്‍ അറിയാതെ ഉറങ്ങിപ്പോയി....
രാവിലെ ചെവി പിളര്‍ക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്.വെട്ടാന്‍ വരുന്ന കാട്ടു പോത്തിനെ പോലെ നില്‍ക്കുകയാണ് ഗൃഹ നാഥ.അവര്‍ ഒച്ച വെക്കുന്നു.പറയുന്നതൊന്നും അവര്‍ക്ക് തിരിഞ്ഞില്ല.എങ്കിലും മുന്നില്‍ കൂടിക്കിടക്കുന്ന എച്ചില്‍ പാത്രങ്ങളിലേക്ക് ആ സ്ത്രീയുടെ വിരലു ചൂണ്ടിയപ്പോള്‍ അവര്‍ കാര്യം ഗ്രഹിച്ചെടുത്തു.ഇന്നലെ രാത്രി അറിയാതെ ഉറങ്ങിപ്പോയിരിക്കുന്നു.ഒരുള്‍ക്കിടിലത്തോടെ ഒരേയൊരു വാചകം സ്ത്രീയുടെ വായില്‍ നിന്നവര്‍ കേട്ടു.
"തള്ള നാളെ മുതല്‍ ഇങ്ങോട്ടെഴുന്നള്ളണ്ട.കണ്ട അലവലാതികളെയൊന്നും തീറ്റിപ്പോറ്റാന്‍ ഇവിടാര്‍ക്കും മനസ്സില്ല".
നാവു വരണ്ടു.എന്തെങ്കിലും പറയണമെന്ന് തോന്നി.പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല.ഇറങ്ങി നടന്നു. വീട്ടിലെതിയതോന്നും അറിഞ്ഞില്ല.മക്കളുടെ ചോദ്യങ്ങളും കേട്ടില്ല.തറയില്‍ നിവര്‍ന്നു കിടന്നു......
വീട്ടില്‍ മുഴുപ്പട്ടിണിയായിരിക്കുന്നു.മക്കളെക്കാണുമ്പോള്‍ അവരുടെ ഉള്ളു നീറി.മുന്നോട്ടുള്ള ജീവിതം അവരുടെ മുന്നില്‍ ചോദ്യ ചിഹ്നമായി മാറി.ഇടക്കെപ്പോഴോ പരിചയക്കാരിലൊരു സ്ത്രീ വീട്ടില്‍ വന്നു.അവരും അടുക്കളപ്പണി ചെയ്തു ജീവിക്കുന്നു.അവരുടെ മുഖത്തും നിസ്സഹായാവസ്ഥയും അനുകമ്പയും പ്രകടമായിരുന്നു.അവര്‍ ഏറെ ആശ്വസിപ്പിച്ചു.കണ്ണീര്‍ ഇരട്ടിച്ചതെയുള്ളൂ...
വീണ്ടും അവര്‍ വന്നത് കാതു കുളിര്‍പ്പിക്കുന്നൊരു വാര്‍ത്തയുമായായിരുന്നു.
"അടുത്തൊരിടത്ത് പുതിയ താമസക്കാര്‍ വന്നിട്ടുണ്ട്.നല്ല കാശുകാരാണ്.അവര്‍ക്ക് വീട്ടു പണിക്കു ഒരു സ്ത്രീയെ വേണം.നീയൊന്നു പോയി നോക്ക്".
അവര്‍ക്ക് ഉള്ളില്‍ പ്രതീക്ഷയുടെ പുതു നാമ്പ് പൊട്ടി.
സ്ത്രീ പറഞ്ഞ വീട്ടിലേക്ക് ചെന്ന്.കൂറ്റന്‍ ബംഗ്ലാവ് .ഭയത്തോടെ അവര്‍ ഗേറ്റ് തുറന്നു അകത്തു കയറി.കോളിംഗ് ബെല്‍ അമര്‍ത്തി.കുറച്ചു നേരത്തിനു ശേഷം വാതില്‍ തുറന്നു ഒരു യുവതി പുറത്തു വന്നു.അവള്‍ മുറ്റത്ത്‌ നില്‍ക്കുന്ന സ്ത്രീയെ നോക്കി.മുഷിഞ്ഞ വേഷം.ഒറ്റ നോട്ടത്തില്‍ നിന്ന് തന്നെ വേലക്ക് വന്നതാണെന്ന് അവള്‍ക്ക് മനസ്സിലായി.അവള്‍ ചോദിച്ചു.
"ജോലിക്ക് നില്‍ക്കാന്‍ വന്നതാണോ?".
അവര്‍ 'അതെ'എന്ന് തലയാട്ടി.
"കൂലിയൊക്കെ കുറവായിരിക്കും.പിന്നെ എല്ലാ ജോലിയും ചെയ്യണം.എന്താ,സമ്മതമാണോ?".
അവര്‍ സ്വര്‍ഗ്ഗം കിട്ടിയത് പോലെ സന്തോഷിച്ചു.എന്നിട്ട് പറഞ്ഞു.
"എങ്ങിനെയായാലും കുഴപ്പമില്ല".
"ഹും..ഞാന്‍ ഇക്കനോട് കൂടിയൊന്നു ചോദിക്കട്ടെ".
അതും പറഞ്ഞവള്‍ അകത്തേക്ക് പോയി.അവരാ മുറ്റത്ത്‌ നിന്ന് നിമിഷങ്ങളെണ്ണി....
അല്‍പ സമയം കഴിഞ്ഞു അവള്‍ പുറത്തേക്ക്‌ വന്നു.പിറകെ വരുന്ന മനുഷ്യനെക്കണ്ട് അവരുടെ ഉള്ളൊന്നു കിടുങ്ങി.അടി വയറ്റിലെവിടെയോ ഒരു കാളല്‍.മാറിലൊരു പെരുപെരുപ്പ്‌.തല കറങ്ങുന്നത് പോലെ. പെട്ടെന്നവര്‍ സ്ഥലകാല ബോധം വീണ്ടെടുത്തു. മുഖത്തിപ്പോള്‍ ക്രൌര്യം.ഉള്ളില്‍ പുകയുന്ന ക്രോധവുമായി ഒന്നും മിണ്ടാതെ അവര്‍ തിരിച്ചു നടന്നു.
പിറകില്‍ നിന്ന് വീട്ടുകാരി വിളിക്കുന്നുണ്ടായിരുന്നു.അവര്‍ തിരിഞ്ഞു നോക്കാതെ നടന്നു കളഞ്ഞു.അവള്‍ ഒന്നും മനസ്സിലാവാതെ ഭര്‍ത്താവിന്റെ മുഖത്തേക്ക് നോക്കി.
"ഉമ്മക്ക് വല്ലാത്ത മാറ്റം".
കണ്ണുകള്‍ നിറച്ചു കൊണ്ടയാള്‍ പറഞ്ഞു.....

Monday, 22 November 2010

ഇബ്‌ലീസ്



പാരിജാതം കണ്ടു കറിക്കരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കത്തി കൊണ്ടവളുടെ കൈ മുറിഞ്ഞത്. ചോരയോഴുകുന്നത് കണ്ടയാള്‍ ഓടിച്ചെന്നു കൈ പിടിച്ചു നോക്കി.
"വേഗം ചെന്ന് തുണിയെടുത്ത് കെട്ടിവെക്ക്".
അയാള്‍ പറഞ്ഞു. സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ അവള്‍ മറുപടി പറഞ്ഞു.
"ബ്രേക്ക് ആവട്ടെ"
പിന്നെ അയാളൊന്നും പറയാന്‍ നിന്നില്ല. തിരിച്ചു കസേരയില്‍ ചെന്നിരുന്നപ്പോഴും ചോരയൊലിക്കുന്ന അവളുടെ കയ്യിലായിരുന്നു ശ്രദ്ധ. കുറച്ചു കഴിഞ്ഞു പരസ്യം തുടങ്ങി. അയാള്‍ക്കാശ്വാസമായി. അപ്പോഴാണവള്‍ കയ്യുടെ വേദനയറിഞ്ഞത്. വേഗം പോയി തുണിയെടുത്ത് മുറിവ് കെട്ടി.
ടെലിവിഷനില്‍ പരസ്യം. ആഡ് തീരും മുന്‍പേ പാത്രം കഴുകിത്തീരുമോ എന്നറിയാനുള്ള പരീക്ഷണം സ്ക്രീനില്‍!.ഏതായാലും സീരിയല്‍ തുടങ്ങും മുന്‍പേ അവള്‍ തിരിച്ചെത്തി സോഫയില്‍ സ്ഥാനം പിടിച്ചു. അപ്പുറത്തിരിക്കുന്ന ഉമ്മയാവട്ടെ ഒന്നുമറിഞ്ഞിട്ടില്ല. പരസ്യം നീണ്ടു പോകുന്നതിലുള്ള അരിശം മുഖത്ത് പ്രകടമായിരുന്നു. ഇടക്കൊരു മുറുമുറുപ്പും.
"ഒടുക്കത്തെ പരസ്യം. സമാധാനമായിട്ടൊന്നു സീരിയല്‍ കാണാന്‍ സമ്മതിക്കില്ല"!.
ഏതായാലും അവര്‍ക്ക് സഹികെടും മുന്‍പ് സീരിയല്‍ തുടങ്ങി. അപ്പുറത്തെ മുറിയില്‍ നിന്ന് മകന്‍ ബുക്കുമായി ഓടിവന്നു.
" ഉമ്മാ, ഈ കണക്കൊന്നു പറഞ്ഞുതാ"
"പിന്നെപ്പറഞ്ഞു തരാം".
അവള്‍ പറഞ്ഞു.
"എനിക്കിപ്പോ പറഞ്ഞു തരണം".
കുഞ്ഞുമകന്‍ വാശിപിടിച്ചു.അവള്‍ കേട്ട ഭാവം വച്ചില്ല. അടുത്തിരുന്ന അവന്റെ വല്ലുമ്മയും അവനോട്‌ ഒച്ചയിട്ടു.കരഞ്ഞുകൊണ്ടവനവളെ ശല്യം ചെയ്തു.
ഒറ്റയടി!.

"നിന്നോടല്ലേടാ ഇബ്ലീസെ മുന്പീന്നു മാറാന്‍ പറഞ്ഞത്?"!.

അയാളൊന്നു ഞെട്ടി. ഭാര്യയുടെയും ഉമ്മയുടെയും മുന്പിലിരുന്നു ചിരിക്കുന്ന 'ഇബ്ലീസി'നെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ടയാള്‍ കരയുന്ന 'ഇബ്ലീസി'നെയുമെടുത്ത് മുറിയിലേക്ക് നടന്നു....