Saturday, 11 December 2010

കഥ (പൈങ്കിളി അല്ല!)

"അമ്മേ, എനിക്കൊരു കഥ പറഞ്ഞു താ...".
കിങ്ങിണി ചിണുങ്ങുകയാണ് ..
"മോളെ.. കിടന്നുറങ്ങാന്‍ നോക്ക്... അമ്മക്ക് കഥയൊന്നും അറീല്ല്യ ".
സന്ധ്യ പറഞ്ഞു..
" ഈ അമ്മ കുശുമ്പിയാ അമ്മ കഥ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഉറങ്ങൂല്ല..".
പെണ്ണ് വാശിയിലാണ്.എന്തെങ്കിലും വേണമെന്ന് വിചാരിച്ചാല്‍ പിന്നെ അത് നേടിയേ അടങ്ങൂ.അവള്‍ക്ക് ദേഷ്യം വന്നു.
"കിങ്ങിണി,അമ്മക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ...".
അത് കേട്ടതും അവളുടെ ചിണുങ്ങല്‍ ഒന്നൂടെ കൂടി.
"ഹും..ഇനി കിടന്നു കരയണ്ട.ഞാന്‍ ആലോചിക്കട്ടെ കഥ".
സന്ധ്യ ആലോചിച്ചു.എന്ത് കഥയാണിപ്പോള്‍ ഇവളോട് പറയുക? അടുത്ത് കിടന്നുറങ്ങുന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവള്‍ക്ക് ദേഷ്യം വന്നു.അവളയാളുടെ പുറത്തൊരു നുള്ള് വച്ച് കൊടുത്തു.കിങ്ങിണി മുഖത്തേക്ക് നോക്കിക്കിടക്കുകയാണ്.സന്ധ്യ പറഞ്ഞു തുടങ്ങി.
"ഒരിടത്തൊരിടത്ത് ഒരു കഥമതിയും ഒരു കുഥമതിയും ഉണ്ടായിരുന്നു.അവര്‍ രണ്ടുപേരും കൂട്ടുകാരായിരുന്നു...".
"അമ്മേ!!"
കിങ്ങിണി ദേഷ്യത്തോടെ വിളിച്ചു ..
"ഉം? എന്താടി?"
"ഇത് അമ്മ എപ്പോളും എന്നെ പറഞ്ഞു പറ്റിക്കുന്ന കഥയാ..ഇന്ന് എനിക്ക് പുതിയ കഥ കേള്‍ക്കണം.എന്നെ പറ്റിക്കാമെന്നു കരുതണ്ട".
"ഹ ഹ ഹ !"
ഭര്‍ത്താവാണ്.അവള്‍ക്കു ദേഷ്യം ഇരച്ചു കയറി.അപ്പോള്‍ ഉറങ്ങുകയായിരുന്നില്ലല്ലേ.ദുഷ്ടന്‍ ! അവള്‍ക്കു കലികയറി.
അയാള്‍ അവളെത്തന്നെ നോക്കിക്കിടക്കുകയാണ്. അപ്പോളും മുഖത്തു ചിരി തന്നെ.സന്ധ്യക്ക് അറിയാതെ കണ്ണുകള്‍ നിറഞ്ഞു.രാവിലെ മുതല്‍ കിടന്നു കഷ്ടപ്പെടുന്നതാണ്.നടുവൊന്നു നിവര്‍ത്താന്‍ പറ്റിയിട്ടില്ല.അവസാനം ഒന്ന് തലചായ്ക്കാമെന്നു കരുതിയപ്പോള്‍ മകളുടെ കിന്നാരം.ഒപ്പം ഭര്‍ത്താവിന്റെ വക കളിയാക്കലും.അവള്‍ക്ക് വല്ലാതെ സങ്കടം വന്നു.അയാള്‍ക്കത് മനസ്സിലായി.
മകളെയയാള്‍ എടുത്തു നെഞ്ചത്ത് കിടത്തി.കിങ്ങിണി ദേഷ്യത്തോടെ അമ്മയുടെ മുഖത്ത് നോക്കി.അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.അവള്‍ക്കും വിഷമമായി.
"അമ്മയെന്തിനാ അച്ഛാ കരയുന്നത്?"
..അയാള്‍ അവളെ നോക്കി.അപ്പോളും അവളുടെ കണ്ണുകളില്‍ നിന്നൊഴുകുകയാണ്.വേണ്ട.ഒന്നും പറയണ്ട.പറഞ്ഞാല്‍ സങ്കടം കൂടുകയേ ഉള്ളൂ.
അയാള്‍ മകളുടെ മുഖത്ത് നോക്കി.ആ കൊച്ചു മുഖം പരിഭ്രമത്തിലാണ്ടിരിക്കുകയാണ്.
"കിങ്ങിണിക്കുട്ടന്‍ അമ്മയെ എന്തിനാ കഥ പറയണമെന്ന് പറഞ്ഞു ശല്യം ചെയ്തത്? അതുകൊണ്ടല്ലേ അമ്മക്ക് സങ്കടം വന്നത്?"
"ആണോ അമ്മേ?"
അവള്‍ വിഷമത്തോടെ ചോദിച്ചു.. സന്ധ്യ ഒന്നും പറഞ്ഞില്ല.
"മോള്‍ക്ക് അച്ഛന്‍ കഥ പറഞ്ഞു തരട്ടെ?".
"ആ.."
കഥയെന്നു കേട്ടതും കിങ്ങിണി ഉത്സാഹത്തോടെ തല കുലുക്കി.
"അച്ഛനൊരു രാജകുമാരിയുടെ കഥ പറഞ്ഞു തരാം.. പണ്ട് പണ്ട്.....എന്റെ കിങ്ങിണി മോള്‍ ജനിക്കുന്നതിനും മുന്‍പാണ് കേട്ടോ.... ഒരു രാജകുമാരി ഉണ്ടായിരുന്നു.. കൈ നിറയെ വളയും കഴുത്തില്‍ മാലയും ഉടുക്കാന്‍ ഒരുപാട് വസ്ത്രങ്ങളുമൊക്കെ ഉള്ള സുന്ദരിയായ രാജകുമാരി..അച്ഛന്റെയും അമ്മയുടെയും പുന്നാര രാജകുമാരി..എന്റെ കിങ്ങിണിക്കുട്ടിയെ പോലെ.. ".
കിങ്ങിണി സന്തോഷത്തോടെ ചിരിച്ചു...
"എന്നിട്ടോ?"
"എന്നിട്ട്... ഒരു ദിവസം രാജകുമാരി കോളേജില്‍ പഠിക്കാന്‍ ചേര്‍ന്നു...."
"പണ്ട് കോളേജ് ഒക്കെയുണ്ടായിരുന്നോ അച്ഛാ?"
"ഹഹഹ!"
ഇപ്പോള്‍ ചിരിച്ചത് സന്ധ്യയാണ്.. അയാള്‍ക്ക് സമാധാനമായി.
"പിന്നേ.. ഇല്ലാതെയാണോ? ആ കോളേജില്‍ വച്ചല്ലേ രാജകുമാരിക്ക് ഒരു പാവപ്പെട്ട ചെറുക്കന്‍ ലവ് ലെറ്റര്‍ കൊടുത്തത്.." "എന്നിട്ടോ?"
"എന്നിട്ടെന്തു....ഒരു പാവം കൃഷിക്കാരന്റെ മകന്‍ രാജകുമാരിയെ സ്നേഹിച്ചു.. പിറകെ നടന്നു... ആദ്യമൊന്നും രാജകുമാരി അയാളെ മൈന്‍ഡ് ചെയ്തില്ല... അവസാനം രാജകുമാരിക്കും അയാളെ ഇഷ്ടമായി.. പക്ഷെ.. എന്ത് ചെയ്യും... ഇതൊക്കെയറിഞ്ഞ ഒരു ഭയങ്കരന്‍ ഭൂതം.... അല്ല രാജകുമാരിയുടെ അച്ഛന്‍ രാജകുമാരിയെ മുറിയിലിട്ട് പൂട്ടി..".
"ഹും.."
സന്ധ്യയൊന്നു മൂളി. "അയ്യോ എന്നിട്ടെന്ത് പറ്റി?" കിങ്ങിണി ജിജ്ഞാസയോടെ ചോദിച്ചു..
"അച്ഛന്റെ മോള് തന്നെ.. എന്തൊരു ഉത്സാഹമാ ഇതൊക്കെ കേള്‍ക്കാന്‍ ..".
സന്ധ്യ പതുക്കെപ്പറഞ്ഞു. അയാളത് കേട്ട് പുഞ്ചിരിച്ചു.
" ഹും..എന്നിട്ട് ആ പാവം പയ്യനും കൂട്ടുകാരും കൂടി ചെന്ന് രാജകുമാരിയെ പൊക്കിക്കൊണ്ട്... അല്ല രക്ഷിച്ചോണ്ട് പോന്നു..."
"ഹോ ഭാഗ്യം."
കിങ്ങിണി ആശ്വസിച്ചു....
"അങ്ങനെ ആ പാവം ചെറുക്കന് ഒരു നിധി കിട്ടി".
"നിധിയോ?"
അവള്‍ ചോദിച്ചു..
"ഹാ..നിധി തന്നെ... എനിക്ക് കിട്ടിയ നിധി... സോറി.. ആ ചെറുക്കന് കിട്ടിയ നിധി..".
അയാള്‍ പറഞ്ഞു നിര്‍ത്തി..
"നിധി കിട്ടിയത് ആ ചെറുക്കനല്ല... എനിക്കാണ്..".
സന്ധ്യ പറഞ്ഞു. അതും പറഞ്ഞവള്‍ അവരുടെ നേരെ തിരിഞ്ഞു കിടന്നു. അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളവളുടെ നെറ്റിയില്‍ തലോടി.. കിങ്ങിണിക്ക് പക്ഷെ ഒന്നും മനസ്സിലായില്ല...

22 comments:

  1. ആ ഹാ,,,, നല്ല കഥ...! കൊച്ചുകഥ ...!
    ഇത് എന്‍റെയും കൂടി അനുഭവകഥ തന്നെ.... ( എന്‍റെ എന്നല്ല... ഓരോ കുടുംബത്തിലും ഉള്ള കഥ )

    ReplyDelete
  2. കൊള്ളാം.... നന്നായിട്ടുണ്ട്....

    ReplyDelete
  3. മനോഹരമായ കഥ.അഭിനന്ദനനങ്ങള്‍

    എഴുതുമ്പോള്‍ പാരഗ്രാഫ് തിരിച്ചെഴുതിക്കൂടേ. വായനയുടെ സര്‍വ്വരസവും തകര്‍ക്കുന്ന രീതിയിലാണിപ്പോളുള്ളത്.

    ReplyDelete
  4. ...enichu iniyum kadha kelkkanam..hmm..hmmm,.
    nice one

    ReplyDelete
  5. shabnaaa..., nalla katha appooppanthaadiyil koodi post cheyyane nee ivide postunna kathakal...

    enikkishttaayi...ammuu....

    ReplyDelete
  6. നിങ്ങൾ കണ്ണിൽ കണ്ണിൽ നോക്കിയത് കട്ടിക്ക് മനസ്സിലായില്ല.
    അതാണു കുട്ടിക്കാലം. കുറച്ച് വലുതായികഴിഞ്ഞ് മനസ്സിലാകുമായിരിക്കും.
    നല്ല കഥ .

    ReplyDelete
  7. ഇഷ്ട്ടപെട്ടു... നല്ല കഥ... ഓരോ കുടുംബത്തിലും നടക്കുന്നവ.. തുടര്‍ന്നും എഴുതുക, ഇനിയും വരാട്ടോ...

    ആശംസകള്‍.

    ReplyDelete
  8. പൈങ്കിളി അല്ല എന്ന് പറഞ്ഞു പറ്റിച്ചു അല്ലെ ....? കൂടൂല്ല ..:)

    ReplyDelete
  9. പാവം കിങ്ങിണി ക്കുട്ടി ....ഒന്നും അറിയുന്നില്ല


    നല്ല കഥ .....

    ReplyDelete
  10. എന്തിനാ വലിയ വലിയ കഥകള്‍ വായിക്കുന്നേ? ഈ ചെറിയ കഥയില്‍ ഒരു വലിയ കഥയുണ്ട്. എന്‍റെ കഥ. മനോഹരം. അഭിനന്ദനങ്ങള്‍.

    ReplyDelete
  11. shabana...kollam.....nalathyitund..eniyum kathkal ezhuthanam

    ReplyDelete
  12. Wow what cute story! Really it's what we enjoy at home always..Shabu how u know these things..your observation power and presentation are beyond words.

    ReplyDelete