Saturday, 11 December 2010

കഥ (പൈങ്കിളി അല്ല!)

"അമ്മേ, എനിക്കൊരു കഥ പറഞ്ഞു താ...".
കിങ്ങിണി ചിണുങ്ങുകയാണ് ..
"മോളെ.. കിടന്നുറങ്ങാന്‍ നോക്ക്... അമ്മക്ക് കഥയൊന്നും അറീല്ല്യ ".
സന്ധ്യ പറഞ്ഞു..
" ഈ അമ്മ കുശുമ്പിയാ അമ്മ കഥ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഉറങ്ങൂല്ല..".
പെണ്ണ് വാശിയിലാണ്.എന്തെങ്കിലും വേണമെന്ന് വിചാരിച്ചാല്‍ പിന്നെ അത് നേടിയേ അടങ്ങൂ.അവള്‍ക്ക് ദേഷ്യം വന്നു.
"കിങ്ങിണി,അമ്മക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ...".
അത് കേട്ടതും അവളുടെ ചിണുങ്ങല്‍ ഒന്നൂടെ കൂടി.
"ഹും..ഇനി കിടന്നു കരയണ്ട.ഞാന്‍ ആലോചിക്കട്ടെ കഥ".
സന്ധ്യ ആലോചിച്ചു.എന്ത് കഥയാണിപ്പോള്‍ ഇവളോട് പറയുക? അടുത്ത് കിടന്നുറങ്ങുന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവള്‍ക്ക് ദേഷ്യം വന്നു.അവളയാളുടെ പുറത്തൊരു നുള്ള് വച്ച് കൊടുത്തു.കിങ്ങിണി മുഖത്തേക്ക് നോക്കിക്കിടക്കുകയാണ്.സന്ധ്യ പറഞ്ഞു തുടങ്ങി.
"ഒരിടത്തൊരിടത്ത് ഒരു കഥമതിയും ഒരു കുഥമതിയും ഉണ്ടായിരുന്നു.അവര്‍ രണ്ടുപേരും കൂട്ടുകാരായിരുന്നു...".
"അമ്മേ!!"
കിങ്ങിണി ദേഷ്യത്തോടെ വിളിച്ചു ..
"ഉം? എന്താടി?"
"ഇത് അമ്മ എപ്പോളും എന്നെ പറഞ്ഞു പറ്റിക്കുന്ന കഥയാ..ഇന്ന് എനിക്ക് പുതിയ കഥ കേള്‍ക്കണം.എന്നെ പറ്റിക്കാമെന്നു കരുതണ്ട".
"ഹ ഹ ഹ !"
ഭര്‍ത്താവാണ്.അവള്‍ക്കു ദേഷ്യം ഇരച്ചു കയറി.അപ്പോള്‍ ഉറങ്ങുകയായിരുന്നില്ലല്ലേ.ദുഷ്ടന്‍ ! അവള്‍ക്കു കലികയറി.
അയാള്‍ അവളെത്തന്നെ നോക്കിക്കിടക്കുകയാണ്. അപ്പോളും മുഖത്തു ചിരി തന്നെ.സന്ധ്യക്ക് അറിയാതെ കണ്ണുകള്‍ നിറഞ്ഞു.രാവിലെ മുതല്‍ കിടന്നു കഷ്ടപ്പെടുന്നതാണ്.നടുവൊന്നു നിവര്‍ത്താന്‍ പറ്റിയിട്ടില്ല.അവസാനം ഒന്ന് തലചായ്ക്കാമെന്നു കരുതിയപ്പോള്‍ മകളുടെ കിന്നാരം.ഒപ്പം ഭര്‍ത്താവിന്റെ വക കളിയാക്കലും.അവള്‍ക്ക് വല്ലാതെ സങ്കടം വന്നു.അയാള്‍ക്കത് മനസ്സിലായി.
മകളെയയാള്‍ എടുത്തു നെഞ്ചത്ത് കിടത്തി.കിങ്ങിണി ദേഷ്യത്തോടെ അമ്മയുടെ മുഖത്ത് നോക്കി.അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.അവള്‍ക്കും വിഷമമായി.
"അമ്മയെന്തിനാ അച്ഛാ കരയുന്നത്?"
..അയാള്‍ അവളെ നോക്കി.അപ്പോളും അവളുടെ കണ്ണുകളില്‍ നിന്നൊഴുകുകയാണ്.വേണ്ട.ഒന്നും പറയണ്ട.പറഞ്ഞാല്‍ സങ്കടം കൂടുകയേ ഉള്ളൂ.
അയാള്‍ മകളുടെ മുഖത്ത് നോക്കി.ആ കൊച്ചു മുഖം പരിഭ്രമത്തിലാണ്ടിരിക്കുകയാണ്.
"കിങ്ങിണിക്കുട്ടന്‍ അമ്മയെ എന്തിനാ കഥ പറയണമെന്ന് പറഞ്ഞു ശല്യം ചെയ്തത്? അതുകൊണ്ടല്ലേ അമ്മക്ക് സങ്കടം വന്നത്?"
"ആണോ അമ്മേ?"
അവള്‍ വിഷമത്തോടെ ചോദിച്ചു.. സന്ധ്യ ഒന്നും പറഞ്ഞില്ല.
"മോള്‍ക്ക് അച്ഛന്‍ കഥ പറഞ്ഞു തരട്ടെ?".
"ആ.."
കഥയെന്നു കേട്ടതും കിങ്ങിണി ഉത്സാഹത്തോടെ തല കുലുക്കി.
"അച്ഛനൊരു രാജകുമാരിയുടെ കഥ പറഞ്ഞു തരാം.. പണ്ട് പണ്ട്.....എന്റെ കിങ്ങിണി മോള്‍ ജനിക്കുന്നതിനും മുന്‍പാണ് കേട്ടോ.... ഒരു രാജകുമാരി ഉണ്ടായിരുന്നു.. കൈ നിറയെ വളയും കഴുത്തില്‍ മാലയും ഉടുക്കാന്‍ ഒരുപാട് വസ്ത്രങ്ങളുമൊക്കെ ഉള്ള സുന്ദരിയായ രാജകുമാരി..അച്ഛന്റെയും അമ്മയുടെയും പുന്നാര രാജകുമാരി..എന്റെ കിങ്ങിണിക്കുട്ടിയെ പോലെ.. ".
കിങ്ങിണി സന്തോഷത്തോടെ ചിരിച്ചു...
"എന്നിട്ടോ?"
"എന്നിട്ട്... ഒരു ദിവസം രാജകുമാരി കോളേജില്‍ പഠിക്കാന്‍ ചേര്‍ന്നു...."
"പണ്ട് കോളേജ് ഒക്കെയുണ്ടായിരുന്നോ അച്ഛാ?"
"ഹഹഹ!"
ഇപ്പോള്‍ ചിരിച്ചത് സന്ധ്യയാണ്.. അയാള്‍ക്ക് സമാധാനമായി.
"പിന്നേ.. ഇല്ലാതെയാണോ? ആ കോളേജില്‍ വച്ചല്ലേ രാജകുമാരിക്ക് ഒരു പാവപ്പെട്ട ചെറുക്കന്‍ ലവ് ലെറ്റര്‍ കൊടുത്തത്.." "എന്നിട്ടോ?"
"എന്നിട്ടെന്തു....ഒരു പാവം കൃഷിക്കാരന്റെ മകന്‍ രാജകുമാരിയെ സ്നേഹിച്ചു.. പിറകെ നടന്നു... ആദ്യമൊന്നും രാജകുമാരി അയാളെ മൈന്‍ഡ് ചെയ്തില്ല... അവസാനം രാജകുമാരിക്കും അയാളെ ഇഷ്ടമായി.. പക്ഷെ.. എന്ത് ചെയ്യും... ഇതൊക്കെയറിഞ്ഞ ഒരു ഭയങ്കരന്‍ ഭൂതം.... അല്ല രാജകുമാരിയുടെ അച്ഛന്‍ രാജകുമാരിയെ മുറിയിലിട്ട് പൂട്ടി..".
"ഹും.."
സന്ധ്യയൊന്നു മൂളി. "അയ്യോ എന്നിട്ടെന്ത് പറ്റി?" കിങ്ങിണി ജിജ്ഞാസയോടെ ചോദിച്ചു..
"അച്ഛന്റെ മോള് തന്നെ.. എന്തൊരു ഉത്സാഹമാ ഇതൊക്കെ കേള്‍ക്കാന്‍ ..".
സന്ധ്യ പതുക്കെപ്പറഞ്ഞു. അയാളത് കേട്ട് പുഞ്ചിരിച്ചു.
" ഹും..എന്നിട്ട് ആ പാവം പയ്യനും കൂട്ടുകാരും കൂടി ചെന്ന് രാജകുമാരിയെ പൊക്കിക്കൊണ്ട്... അല്ല രക്ഷിച്ചോണ്ട് പോന്നു..."
"ഹോ ഭാഗ്യം."
കിങ്ങിണി ആശ്വസിച്ചു....
"അങ്ങനെ ആ പാവം ചെറുക്കന് ഒരു നിധി കിട്ടി".
"നിധിയോ?"
അവള്‍ ചോദിച്ചു..
"ഹാ..നിധി തന്നെ... എനിക്ക് കിട്ടിയ നിധി... സോറി.. ആ ചെറുക്കന് കിട്ടിയ നിധി..".
അയാള്‍ പറഞ്ഞു നിര്‍ത്തി..
"നിധി കിട്ടിയത് ആ ചെറുക്കനല്ല... എനിക്കാണ്..".
സന്ധ്യ പറഞ്ഞു. അതും പറഞ്ഞവള്‍ അവരുടെ നേരെ തിരിഞ്ഞു കിടന്നു. അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളവളുടെ നെറ്റിയില്‍ തലോടി.. കിങ്ങിണിക്ക് പക്ഷെ ഒന്നും മനസ്സിലായില്ല...

Wednesday, 8 December 2010

വിശപ്പ്

 


മഷിയൊഴിച്ചു ഞാനെന്റെ
പേനയുടെ വിശപ്പകറ്റി
വ്യഥയാല്‍ ഞാന്‍ കടലാസിനെ നോക്കി
തുറിച്ചു നോക്കിക്കൊണ്ടത് ചൊല്ലി, 
വിശക്കുന്നുവല്ലോ നിന്റെ അക്ഷരങ്ങള്‍ക്കായ്
ഇപ്പോള്‍ മനസ്സ് വിലപിക്കയായി
കാലിയല്ലോ ഇവിടം
എന്ത് ചെയ്തു ഞാനാ വിശപ്പകറ്റും?
ഇനി എങ്ങിനെ ഞാനാ പരാതി തീര്‍ക്കും?

Saturday, 4 December 2010

പറയാതെ പോയ പ്രണയം





എന്റെ പ്രണയം,
പറയാതെ പോയ എന്റെ ഹൃദയ മിടിപ്പ്
അറിഞ്ഞിട്ടും നീ അറിയാതെ നടിച്ചത്
പറഞ്ഞിട്ടും നീ കേള്‍ക്കാതെ പോയത്
നിന്റെ ചിരിയില്‍ ഞാനെന്റെ
ഹൃദയത്തെ കുളിര്‍പ്പിച്ചു
നമ്മുടെ കണ്ണുകളുടക്കുമ്പോള്‍
അറിയാതെയെന്റെ ഹൃദയം തുടിച്ചു
നാമൊരുമിച്ചു പാടുവാന്‍
ഞാന്‍ ഗാനങ്ങള്‍ പടച്ചു വച്ചു
നിന്റെ പേര് ചേര്‍ത്തെന്നെ
കൂട്ടുകാര്‍ കളിയാക്കുമ്പോള്‍
ദേഷ്യം മറയായ്‌ പിടിച്ചു ഞാന്‍ ,
ഉള്ളിലഹങ്കരിച്ചു
നിന്റെ കണ്‍കോണിലെവിടെയോ
എന്റെ രൂപമുണ്ടെന്ന് ഞാന്‍ ധരിച്ചു
നിന്റെ ഹൃടയമിടിപ്പോരിക്കല്‍
എന്റെ പേര് ചൊല്ലുമെന്ന്
ഞാന്‍ വൃഥാ കൊതിച്ചു
എന്നോടൊത്തുള്ള നിമിഷങ്ങളില്‍
ഞാന്‍ ചുറ്റുമുള്ള ലോകത്തെ മറന്നു
നിന്റെ വിരലുകളൊരിക്കല്‍
എന്റെ കയ്യിലോതുങ്ങുമെന്നും
ഞാന്‍ വെറുതെ നിനച്ചു
നീ പുഞ്ചിരിക്കുന്നതെനിക്ക് വേണ്ടിയെന്ന്‍
ഞാന്‍ മനസ്സാലെ അഭിമാനിച്ചു
നിന്നെ പഠിക്കുവാന്‍ ഞാനെന്റെ
സമയമേറെയും മാറ്റി വച്ചു
ഒടുവില്‍,
എന്റെ പ്രണയത്തെ
ഖബറടക്കെണ്ടിവരുമെന്ന് ഞാനറിഞ്ഞത്,
നിന്റെ വിവാഹക്ഷണക്കത്തെന്റെ
കയ്യില്‍ തന്നു നീകണ്ണുകള്‍ കൊണ്ട്
യാത്ര മൊഴിഞ്ഞപ്പോളാണ്
രാവേറെയായിരിക്കുന്നു
പിരിയാം നമുക്കിനി
ഒരു കണ്ണുനീര്‍ പുഷ്പം
ഒരുക്കിവച്ച് കൊള്‍ക നീ,
എന്റെ പ്രണയകുടീരത്തിലര്‍പ്പിക്കുവാന്‍ ..

Thursday, 2 December 2010

രോഗം





"എന്തായിരുന്നു ഇത്ര പെട്ടെന്നിങ്ങനെ വരാന്‍ ?"
അവിടെ കൂടിയിരുന്നവര്‍ പരസ്പരം ചോദിച്ചു.
"അസുഖമൊന്നുമുണ്ടായിരുന്നതായി അറിവില്ല.എന്നിട്ടും.."
സുഹൃതുക്കളിലോരാള്‍ നെടുവീര്‍പ്പിട്ടു.
"ഈയിടെയായി വല്ലാത്ത ടെന്‍ഷന്‍ ആയിരുന്നു ആള്‍ക്ക്".
ആരോ പറഞ്ഞു.
"ഏയ്..എനിക്കങ്ങിനെ തോന്നിയില്ല..".
മറ്റൊരാള്‍.
"ആത്മഹത്യയോ മറ്റോ ആണോ?".
വേറൊരാളുടെ സംശയം.ആ സംശയം മറ്റുള്ളവരിലേക്കും പടര്‍ന്നു.
"ഞാനും കണ്ടതാ..കഴുത്തില്‍ കയറിന്റെ പാടുണ്ട്".
സംശയം രൂക്ഷമായി.ആത്മാര്‍ത്ഥ സുഹൃത്തിന്റെ മുഖത്തെക്കായി എല്ലാവരുടെയും ശ്രദ്ധ.അയാളും കൈമലര്‍ത്തി.
"ഒരു പക്ഷെ നമ്മളറിയാതെ എന്തെങ്കിലുമുണ്ടായിരുന്നിരിക്കണം...".
അയാള്‍ കൂട്ടിച്ചേര്‍ത്തു.അടുത്തു തന്നെ ജ്യേഷ്ടന്‍ ഇരിപ്പുണ്ട്.അയാള്‍ തലയുയര്‍ത്തി നോക്കി.എന്നിട്ട് പറഞ്ഞു.
"എനിക്ക് അറിയില്ല.ഒരു പക്ഷെ അനിയനറിവുണ്ടായിരിക്കണം".
അതും പറഞ്ഞയാള്‍ അനിയനെ വിളിച്ചു.അയാളും ഒന്നും അറിയില്ലെന്ന മട്ടില്‍ തല കുലുക്കി.
"ഞങ്ങള്‍ വിവരമറിഞ്ഞ് ഇപ്പോള്‍ വന്നതേ ഉള്ളൂ".
അയാള്‍ പറഞ്ഞു."അമ്മക്കറിയാമായിരിക്കും..".
അമ്മ പൊട്ടിക്കരഞ്ഞു...
"എനിക്കറിയാന്മേലാ...എന്ത് പറ്റിപ്പോയോ ആവോ...എങ്ങനെ കഴിഞ്ഞതാ...".
അവസാനം താഴെ മൂലയില്‍ തല താഴ്ത്തിയിരിക്കുന്ന ഭാര്യയുടെ മേല്‍ എല്ലാവരുടെയും കണ്ണ് പതിഞ്ഞു.വന്നവരും കൂടിയവരും സംശയത്തോടെ അവളെ നോക്കി.വിറയ്ക്കുന്ന ശബ്ദത്തോടെ അവള്‍ പറയാന്‍ തുടങ്ങി.

"കല്യാണം കഴിഞ്ഞ നാളു മുതല്‍ തുടങ്ങിയതാ....ആദ്യമൊക്കെ ചെറുതായെ ഉണ്ടായിരുന്നുള്ളൂ....... കാരണമൊന്നുമുണ്ടായിരുന്നില്ല...പതിയെപ്പതിയെ മാറിക്കോളും എന്ന് കരുതി.. പക്ഷെ.... ഇന്നലെ..ഇന്നലെയാണ്... വല്ലാതെ കൂടിയത്....പിന്നെ...ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അലമാരിയില്‍ നിന്ന് എന്റെ സാരിയെടുത്ത്................".

അത്രയുമായപ്പോളേക്കും അവര്‍ അണപൊട്ടിക്കരയാന്‍ തുടങ്ങി.ആരോ ഒരാള്‍ ചോദിച്ചു.
"എന്തായിരുന്നു രോഗം?".
കരച്ചിലിനിടെ എങ്ങലടക്കിക്കൊണ്ട് അവര്‍ പറഞ്ഞു.
"സംശയം....സംശയ രോഗമായിരുന്നു..കാരണമില്ലാതെ സംശയം.....ഒടുവില്‍.......".
അപ്പോള്‍ എല്ലാവരും കണ്ടു...
പരേതന്റെ പുരികക്കൊടികള്‍ അപ്പോഴും ചുളിഞ്ഞിരിക്കുന്നു.......

നഷ്ടം



നെറ്റിത്തടത്തില്‍ നിന്നുതിര്‍ന്ന വിയര്‍പ്പു തുള്ളികള്‍ പതിയെ താഴോട്ടൊഴുകാന്‍ തുടങ്ങി. 'വല്ലാത്ത അസ്വസ്ഥത' തുടച്ചു കളയണമെന്ന് അവള്‍ക്ക് തോന്നി. എന്ത് ചെയ്യാന്‍ ..!! കൈകള്‍ ആകെ തളരുന്നതുപോലെ.ഈ ചൂട് സഹിക്ക വയ്യ .. ജനാല തുറന്നിട്ടാല്‍ കാറ്റ് കയറിയേനെ മുറിയില്‍. ഇനി ഇപ്പോള്‍ പറഞ്ഞിട്ടെന്താ..
നേരത്തെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ പുരണ്ട പൊടി മണ്ണ് ഇപ്പോളും കാലിലുന്ടെന്ന ബോധം അവളില്‍ അസ്വസ്ഥത പടര്‍ത്തി. ആകെ മുഷിഞ്ഞിരിക്കുന്നു ശരീരം. ഇനിയിപ്പോ എന്ത് ചെയ്യാനൊക്കും?
കഴിഞ്ഞ ആഴ്ച അച്ഛന്‍ വാങ്ങിത്തന്ന പുതിയ ചുരിദാറിട്ടിട്ടുണ്ട്. തേച്ചു മടക്കി വച്ചിരുന്നതിനാല്‍ അതെങ്കിലും മുഷിഞ്ഞിട്ടില്ല. കണ്മഷി വല്ലാതെ പടര്‍ന്നിട്ടുണ്ടെന്നവള്‍
ഊഹിച്ചു. 'ഓ.. ഇനിയെന്ത് ചെയ്യാന്‍ കഴിയും..?' ഓര്‍ക്കുന്തോറും അവളുടെയുള്ളില്‍ സങ്കടം ഏറി വന്നു.
ചുവരില്‍ ഘടികാരം ടിക്ക്...ടിക്ക്..ശബ്ദം മുഴക്കുന്നു..നേരം ഒരുപാടായിക്കാണണം താനീയോരവസ്ഥയില്‍.. അവള്‍ ചിന്തിച്ചു. രാവിലെ പോയതാണല്ലോ എല്ലാവരും.എന്താണാവോ ഇത് വരെ വരാത്തത്. കാത്തിരുന്നു അവള്‍ക്ക് മുഷിഞ്ഞു തുടങ്ങിയിരുന്നു. എത്ര നേരമാണ് ഈയൊരവസ്ഥയില്‍.!!
കുറച്ച നേരം കഴിഞ്ഞു ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം അവള്‍ കേട്ടു. അച്ഛനുമമ്മയുമാണ്. അനിയന്‍ കുട്ടന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. അവന്റെ കലപിലയുള്ള സംസാരം കേട്ടാലറിയാം.. ആള് ഭയങ്കര സന്തോഷത്തിലാണ്. ഇടക്ക് ചേച്ചി..ചേച്ചി..എന്നവന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.എന്തൊക്കെയാണവര്‍ വാങ്ങിയിട്ടുണ്ടാവുക എന്നറിയാന്‍ അവള്‍ക്ക് ഏറെ ആകാംക്ഷ തോന്നി. അങ്ങോട്ടൊന്നു ചെന്ന് നോക്കാന്‍ അവളുടെ ഉള്ളു വെമ്പി. പക്ഷെ....
''ഇവളിതവിടെ എന്തെടുക്കുകയാ..." അമ്മയുടെ ശബ്ദം. അല്ലെങ്കില്‍ പുറത്തു പോകാന്‍ ഏറ്റവും വാശി പിടിക്കുന്നയാളാണ് താന്‍ ... ഇന്ന് പക്ഷെ. അവളുടെ ഹൃദയം വിങ്ങിപ്പൊട്ടി.
"മോളൂ....നീ ഇതെവിടെ...ഇവിടെ വാ..നിനക്കിതെന്തോക്കെയാ വാങ്ങിയിരിക്കുന്നത്...മോളൂ.." അച്ഛനാണ്.. ആ വിളി അവളുരെ കരളു പിളര്‍ക്കും പോലെയാണവള്‍ക്ക് തോന്നിയത്. പോട്ടിക്കരയനമെന്നവള്‍ക്ക് തോന്നി....വയ്യ....കരയാനും വയ്യല്ലോ..
"മോനുട്ടാ ഇത് കൊണ്ട് പോയി ചേച്ചിക്ക് കൊടുക്ക്‌... അവളോട് എണീറ്റ്‌ വരാന്‍ പറയു എന്നിട്ട്."
"എനിക്ക് വയ്യ...അമ്മ തന്നെ കൊണ്ടോയിക്കൊടുക്ക്"
"അല്ലെങ്കിലും നിനക്ക് അനുസരണയില്ലല്ലോ.."
ഇപ്പോള്‍ താനവിടെ ഉണ്ടായിരുന്നുവെങ്കില്‍ അവനെ കൊഞ്ഞനം കുത്തിക്കാണിച്ചേനെ...അവനെ...അങ്ങനെ വഴക്കിട്ട്...അവനെന്നെ മറിച്ചിട്ട് ഇടിച്ചെനെ.....പിന്നെ അമ്മയുടെ കയ്യില്‍ നിന്ന് അടി കൊണ്ട് കരയുന്ന അവനെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചേനെ...ഈശ്വരാ...ഒന്നിനും സാധിക്കുന്നില്ലല്ലോ...
കഴുത്തിലെ ഈ കുരുക്ക് ഇത്ര മുറുകിയില്ലായിരുന്നുവെങ്കില്‍ ..... കാലെത്തിച്ചു ചവിട്ടാന്‍ ഒരു പടി കിട്ടിയിരുന്നുവെങ്കില്‍..... അവള്‍ വല്ലാതെ കൊതിച്ചു... ഇല്ല..... വൈകിപ്പോയിരിക്കുന്നു.....അനങ്ങാന്‍ പോലുമാവാത്ത വിധം താന്‍ മരവിച്ചു പോയിരിക്കുന്നു...ഇനി ഒന്നും സാധ്യമല്ല...എല്ലാം നഷടങ്ങളായി അവശേഷിക്കുന്നു..... കൈവിട്ടു പോയ..... പോകരുതായിരുന്നതെല്ലാം...



Wednesday, 1 December 2010

ഉറുമ്പുകള്‍

ബസ്സിറങ്ങി അയാള്‍ റോഡിന്റെ ഓരം ചേര്‍ന്ന് നടന്നു.എരിയുന്ന വെയില്‍.കയ്യിലെ സഞ്ചി അയാള്‍ ഒന്ന് കൂടി മുറുക്കെ പിടിച്ചു.ദാഹവും വിശപ്പും അയാളെ വല്ലാതെ വലയ്ക്കുന്നുണ്ടായിരുന്നു.പണ്ടെങ്ങോ വെളുത്തിരുന്ന മുണ്ടും ഷര്‍ട്ടും മുഷിഞ്ഞു നിറം മങ്ങിയിരിക്കുന്നു.
നടക്കുന്നതിനിടയിലും ഇടക്കിടക്ക് അയാള്‍ തന്റെ സഞ്ചിയെ നോക്കി. അയാളതിനിടയിലൂടെ അകത്തേക്ക് നോക്കി തൃപ്തിയടഞ്ഞു.
ഏറെ ക്ഷീണം തോന്നിയപ്പോള്‍ അയാള്‍ വഴിവക്കില്‍ കണ്ട വാകമരത്തിന്റെ ചുവട്ടിലിരുന്നു.സഞ്ചി തുറന്നു.
'ഉണ്ട്..അതിലുണ്ട്....'
അയാളുടെ മുഖത്തു സംതൃപ്തി കളിയാടി.തോളത്തു കിടന്ന തോര്‍ത്തെടുത്ത് വീശി ഉഷ്ണമകറ്റി കൊണ്ടിരിന്നു അയാള്‍.അകത്തിരുന്നു വിശപ്പയാളെ വിളിച്ചു.ഉത്തരം കിട്ടാത്ത വിളി.ക്ഷീണം വല്ലാതെ തളര്‍ത്തിയപ്പോള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന വാകമരത്തില്‍ ചാരിയിരുന്നയാള്‍ ഉറങ്ങിപ്പോയി........
ഉറക്കത്തിലയാള്‍ സ്വപ്നം കണ്ടു...പടവുകള്‍ കയറുകയാണ് താന്‍ ....കയറിയിട്ടും തീരാത്ത പടവുകള്‍....ക്ഷീണമേറിയിട്ടും അയാള്‍ കയറ്റം നിര്‍ത്തിയില്ല.....കയറിക്കൊണ്ടേയിരുന്നു... കുറെ ചെന്നപ്പോള്‍ പടവുകളില്ല,ഇനി കയറാന്‍ ......
മുറിഞ്ഞ സ്വപ്നവുമായയാള്‍ ഉറക്കില്‍ നിന്ന് തപ്പിപ്പിടഞ്ഞെഴുന്നേറ്റു.
അകലെ ചക്രവാളത്തില്‍ ചുവപ്പ് പടര്‍ന്നു തുടങ്ങിയിരിക്കുന്നു.പക്ഷികള്‍ ചിലച്ചു കൊണ്ട് കൂടണയാന്‍ വേഗത്തില്‍ പറക്കുന്നു.പെട്ടെന്നയാള്‍ തന്റെ സഞ്ചിയെക്കുറിച്ചോര്‍ത്തു....
അടുത്തുതന്നെ സഞ്ചി കിടപ്പുണ്ട്...ഒരു നടുക്കത്തോടെ അയാള്‍ കണ്ടു...സഞ്ചിയിലേക്ക് വരി വരിയായി കയറുന്ന ഉറുമ്പുകള്‍....

Saturday, 27 November 2010

കനല്‍


പാത്രങ്ങള്‍ കഴുകുന്തോറും കൂടി വരുന്നത് പോലെ തോന്നി അവര്‍ക്ക്. രാത്രി ഏറെയായിരിക്കുന്നു. വല്ലാത്ത ക്ഷീണം.വീട്ടുകാരെല്ലാം ഉറക്കം പിടിച്ചു കഴിഞ്ഞു.മുന്‍പില്‍ ഇനിയും പാത്രങ്ങള്‍ കുന്നുകൂടി കിടക്കുന്നു.ഇനി ഇതൊക്കെ എപ്പോള്‍ കഴിയാനാണ്?.അവര്‍ക്ക് തല പെരുക്കുന്നത് പോലെ തോന്നി.വെളുപ്പിനെ 3 മണിക്ക് തുടങ്ങിയതാണ്‌.നടുവിനാകെ വല്ലാത്ത വേദന.ശരീരത്തിന്റെ വേദന സഹിക്കാം.പക്ഷെ മനസ്സിന്റെ ഉരുക്കം എങ്ങനെയാണൊഴിയുക?ആരോടാണൊന്നു പറയുക?അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.എവിടെയാണ് താളം തെറ്റിയതെന്നവര്‍ ആലോചിച്ചു?
ജനിച്ചത്‌ അത്യാവശ്യം സാമ്പത്തികമുള്ള പേര് കേട്ട തറവാട്ടിലായിരുന്നു.നല്ല രീതിയില്‍ വിവാഹം.സ്നേഹമുള്ള ഭര്‍ത്താവ്.ചെറുതാണെങ്കിലും നല്ലരീതിയില്‍ പോകുന്ന കച്ചവടം.ജീവിതം സ്വര്‍ഗ്ഗമായിരുന്നു.കുട്ടികളുണ്ടായതോടെ ആ സന്തോഷം ഇരട്ടിച്ചു. മൂത്തത് ആണ്‍കുട്ടിയായിരുന്നു.പിന്നെ ഉണ്ടായ മൂന്നും പെണ്‍കുട്ടികള്‍.
ആകെയുള്ള ആണ്‍തരിയോട്‌ അവന്റെ ബാപ്പക്ക് പ്രത്യേക വാത്സല്യമായിരുന്നുവെന്നവരോര്‍ത്തു.അതുകൊണ്ട് തന്നെയാണ് പെണ്‍കുട്ടികളുടെ പഠിത്തം വേണ്ടെന്നു തോന്നിയതും മകനെ സ്കൂളിലയച്ചു പഠിപ്പിച്ചതും.എന്തും സധൈര്യം നേരിടുന്ന പ്രകൃതക്കാരനായിരുന്നു മക്കളുടെ ബാപ്പ.നെഞ്ചില്‍ ആയിടെയായി തുടങ്ങിയ വേദന കാര്യമാക്കാതിരുന്നതും അത് കൊണ്ട് തന്നെയായിരുന്നു.വേദന ശക്തിയായിതുടങ്ങിയപ്പോഴാണ് നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം ഡോക്ടറെ കാണാന്‍ സമ്മതിച്ചത്.പക്ഷെ അപ്പോളേക്കും വൈകിയിരുന്നു.ഹൃദയത്തിനെന്തോ അസുഖമാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്.പിന്നെ അധികം ജീവിച്ചില്ല.മരിക്കുന്നതിനു മുന്പ് അദ്ദേഹം ആവശ്യപ്പെട്ടത് കേട്ട് ഹൃദയം വിങ്ങിക്കരഞ്ഞു.
"നമ്മുടെ എല്ലാം വിറ്റിട്ടായാലും നമ്മുടെ മോനെ പഠിപ്പിക്കണം,അവനെ വല്യ ആളാക്കണം".
ജീവന് തുല്യം സ്നേഹിച്ച ആ മനുഷ്യന്റെ അവസാന ആഗ്രഹം,അദ്ധേഹത്തിന്റെ ജീവിതാഭിലാഷം തന്നെ അതായിരുന്നു....
അന്നേ മനസ്സിലുറപ്പിച്ചതാണ്.എന്ത് സഹിച്ചും മകനെ പഠിപ്പിക്കണം.ബാപ്പ മരിക്കുമ്പോള്‍ പത്തിലായിരുന്നു അവന്‍.പഠിക്കാനും മിടുക്കന്‍.പത്താം തരം നല്ല മാര്‍ക്കോടെ ജയിച്ചു. നല്ലൊരു കോളേജില്‍ തന്നെ ചേര്‍ത്തു.ആകെയുണ്ടായിരുന്ന പറമ്പും പിന്നെ കുറെ ആഭരണങ്ങളും വിറ്റാണ്‌ അവന്റെ പഠനത്തിനുള്ള വക കണ്ടെത്തിയത്.വേറെ വരുമാനമൊന്നുമുണ്ടായിരുന്നില്ല.പെണ്മക്കള്‍ തൈച്ചു കിട്ടുന്ന കാശ് കൊണ്ട് അന്നന്നത്തെ അരിക്കുള്ള വകയോപ്പിച്ചു.എന്തെങ്കിലുമൊക്കെ മിച്ചം പിടിക്കുന്നത് അവന്റെ വഴിച്ചിലവിനും മറ്റും കൊടുത്തു.പഠിത്തം കഴിഞ്ഞപ്പോളെക്കും കുടുംബം വെളുത്തു.എന്നിട്ടും അവനു ജോലിയോന്നുമാകാതിരുന്നപ്പോഴാണ് ഏറെ ബുദ്ധിമുട്ടിയത്.അവസാനം ആരോ ഒരാളൊരു വിസയുടെ കാര്യം അവനോട പറഞ്ഞു.ചിലവാകുന്ന പൈസയുടെ കാര്യം കേട്ടപ്പോള്‍ അന്ധാളിച്ചു പോയി.എന്നിട്ടും ബാക്കിയായിരുന്ന വീട് തുച്ഛമായ വിലക്ക് വിട്ടു പണമുണ്ടാക്കി.പ്രായമായ പെണ്മക്കളെയും കൊണ്ട് വാടക വീട്ടിലേക്ക് മാറി.അപ്പോഴെല്ലാം ആശ്വസിച്ചു,മകന്‍ പച്ച പിടിക്കും..ഒരിക്കല്‍ എല്ലാം നേരെയാകും എന്ന്...
അവന്‍ പച്ച പിടിച്ചു.ആദ്യത്തെ രണ്ടു മൂന്നു മാസം പണം അയച്ചു കിട്ടി.പിന്നെപ്പിന്നെ അത് കുറയാന്‍ തുടങ്ങി.ഒപ്പം ഉമ്മക്കെഴുതിക്കൊണ്ടിരുന്ന കത്തുകളും.പിന്നെ അതും നിലച്ചു.പണം കിട്ടാതിരുന്നതിനേക്കാള്‍ പൊന്നു മോന് എന്ത് പറ്റി എന്നാലോചിച്ചായിരുന്നു ആ ഉമ്മയുടെ നെഞ്ചു നീറിയത്.ലീവിന് വരുന്നവരോടെല്ലാം മകനെപ്പറ്റി അന്വേഷിച്ചു കൊണ്ടിരുന്നു അവര്‍.ഒരു വിവരവും ലഭിച്ചില്ല.മനസ്സാകെ തളര്‍ന്നു.എങ്കിലും നാല് വയറുകളുടെ എരിച്ചില്‍ മാറ്റാന്‍ മാര്‍ഗ്ഗം തേടേണ്ടത് അത്യാവശ്യമായിതീര്‍ന്നു.നാട് നീളെ പുത്തന്‍ ഫാഷനുകളില്‍ തൈച്ചു കൊടുക്കുന്ന കടകള്‍ തുടങ്ങിയതോടെ ഉണ്ടായിരുന്ന വരുമാനവും നിലച്ചു.
നല്ലൊരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ട് വീട്ടു ജോലിയെടുക്കാന്‍ നാണക്കേട് തോന്നി.ആ ഒറ്റ കാര്യം കൊണ്ടാണ് ജനിച്ച നാടും വീടുമെല്ലാം ഉപേക്ഷിച്ച് ഇവിടെ വന്നു കൂടിയത്.ആരും ജോലി തരാന്‍ തയ്യാറായില്ല.കാലു പിടിച്ചപേക്ഷിച്ചപ്പോള്‍ ഇപ്പോള്‍ നില്‍ക്കുന്ന വീട്ടില്‍ നില്കാനനുവാദം ലഭിച്ചു.ഇവിടെ വന്നു ചേരുമ്പോള്‍ പ്രായമായോരുമ്മയുണ്ടായിരുന്നു.അവരുടെ കാരുണ്യം കൊണ്ട് മൂത്തവളുടെ കല്യാണം എങ്ങിനെയൊക്കെയോ കഴിഞ്ഞു കിട്ടി.സന്തോഷത്തോടെയല്ലെങ്കിലും അവളെ ആരെയെങ്കിലും എല്പിച്ചല്ലോ എന്നോര്ത്തവര്‍ സമാധാനിച്ചു.ഉമ്മയുടെ കയ്യയച്ചുള്ള സഹായങ്ങള്‍ അവിടത്തെ മക്കള്‍ക്കിഷ്ടമായിരുന്നില്ല.പലതരം കുത്തുവാക്കുകളിലൂടെ അവര്‍ അത് പ്രകടിപ്പിച്ചുംകൊണ്ടിരുന്നു.അവരുടെ മരണത്തോടുകൂടി കിട്ടിയിരുന്ന കൂലി കുത്തനെ താഴ്ത്തുകയും ചെയ്തു.ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.നിസ്സഹായയായിരുന്നു അവര്‍.ബാക്കിയുള്ള മക്കളുടെ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ ഈ കേള്‍ക്കുന്ന ആട്ടും തുപ്പും ഒന്നുമല്ല എന്ന് തോന്നി.പിടിച്ചു നിന്നു.അതിനിടക്കെപ്പോഴോ കേട്ടു.മകന്‍ അവിടെ വച്ചു പരിചയപ്പെട്ട ഏതോ ഒരു പണച്ചാക്കിന്റെ മകളുമായി ഇഷ്ടത്തിലായെന്നും വിവാഹം കഴിച്ചെന്നും കുട്ടികളായെന്നുമൊക്കെ.ഉള്ളില്‍ ഭര്‍ത്താവിനോട് ദേഷ്യം തോന്നി.അദ്ധേഹത്തിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കേട്ടു.
'എല്ലാം വിറ്റിട്ടായാലും നമ്മുടെ മോനെ പഠിപ്പിക്കണം'.എല്ലാം പോയി.ഒപ്പം മകനും.
ആലോചിച്ചിരുന്നു അവര്‍ അറിയാതെ ഉറങ്ങിപ്പോയി....
രാവിലെ ചെവി പിളര്‍ക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്.വെട്ടാന്‍ വരുന്ന കാട്ടു പോത്തിനെ പോലെ നില്‍ക്കുകയാണ് ഗൃഹ നാഥ.അവര്‍ ഒച്ച വെക്കുന്നു.പറയുന്നതൊന്നും അവര്‍ക്ക് തിരിഞ്ഞില്ല.എങ്കിലും മുന്നില്‍ കൂടിക്കിടക്കുന്ന എച്ചില്‍ പാത്രങ്ങളിലേക്ക് ആ സ്ത്രീയുടെ വിരലു ചൂണ്ടിയപ്പോള്‍ അവര്‍ കാര്യം ഗ്രഹിച്ചെടുത്തു.ഇന്നലെ രാത്രി അറിയാതെ ഉറങ്ങിപ്പോയിരിക്കുന്നു.ഒരുള്‍ക്കിടിലത്തോടെ ഒരേയൊരു വാചകം സ്ത്രീയുടെ വായില്‍ നിന്നവര്‍ കേട്ടു.
"തള്ള നാളെ മുതല്‍ ഇങ്ങോട്ടെഴുന്നള്ളണ്ട.കണ്ട അലവലാതികളെയൊന്നും തീറ്റിപ്പോറ്റാന്‍ ഇവിടാര്‍ക്കും മനസ്സില്ല".
നാവു വരണ്ടു.എന്തെങ്കിലും പറയണമെന്ന് തോന്നി.പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല.ഇറങ്ങി നടന്നു. വീട്ടിലെതിയതോന്നും അറിഞ്ഞില്ല.മക്കളുടെ ചോദ്യങ്ങളും കേട്ടില്ല.തറയില്‍ നിവര്‍ന്നു കിടന്നു......
വീട്ടില്‍ മുഴുപ്പട്ടിണിയായിരിക്കുന്നു.മക്കളെക്കാണുമ്പോള്‍ അവരുടെ ഉള്ളു നീറി.മുന്നോട്ടുള്ള ജീവിതം അവരുടെ മുന്നില്‍ ചോദ്യ ചിഹ്നമായി മാറി.ഇടക്കെപ്പോഴോ പരിചയക്കാരിലൊരു സ്ത്രീ വീട്ടില്‍ വന്നു.അവരും അടുക്കളപ്പണി ചെയ്തു ജീവിക്കുന്നു.അവരുടെ മുഖത്തും നിസ്സഹായാവസ്ഥയും അനുകമ്പയും പ്രകടമായിരുന്നു.അവര്‍ ഏറെ ആശ്വസിപ്പിച്ചു.കണ്ണീര്‍ ഇരട്ടിച്ചതെയുള്ളൂ...
വീണ്ടും അവര്‍ വന്നത് കാതു കുളിര്‍പ്പിക്കുന്നൊരു വാര്‍ത്തയുമായായിരുന്നു.
"അടുത്തൊരിടത്ത് പുതിയ താമസക്കാര്‍ വന്നിട്ടുണ്ട്.നല്ല കാശുകാരാണ്.അവര്‍ക്ക് വീട്ടു പണിക്കു ഒരു സ്ത്രീയെ വേണം.നീയൊന്നു പോയി നോക്ക്".
അവര്‍ക്ക് ഉള്ളില്‍ പ്രതീക്ഷയുടെ പുതു നാമ്പ് പൊട്ടി.
സ്ത്രീ പറഞ്ഞ വീട്ടിലേക്ക് ചെന്ന്.കൂറ്റന്‍ ബംഗ്ലാവ് .ഭയത്തോടെ അവര്‍ ഗേറ്റ് തുറന്നു അകത്തു കയറി.കോളിംഗ് ബെല്‍ അമര്‍ത്തി.കുറച്ചു നേരത്തിനു ശേഷം വാതില്‍ തുറന്നു ഒരു യുവതി പുറത്തു വന്നു.അവള്‍ മുറ്റത്ത്‌ നില്‍ക്കുന്ന സ്ത്രീയെ നോക്കി.മുഷിഞ്ഞ വേഷം.ഒറ്റ നോട്ടത്തില്‍ നിന്ന് തന്നെ വേലക്ക് വന്നതാണെന്ന് അവള്‍ക്ക് മനസ്സിലായി.അവള്‍ ചോദിച്ചു.
"ജോലിക്ക് നില്‍ക്കാന്‍ വന്നതാണോ?".
അവര്‍ 'അതെ'എന്ന് തലയാട്ടി.
"കൂലിയൊക്കെ കുറവായിരിക്കും.പിന്നെ എല്ലാ ജോലിയും ചെയ്യണം.എന്താ,സമ്മതമാണോ?".
അവര്‍ സ്വര്‍ഗ്ഗം കിട്ടിയത് പോലെ സന്തോഷിച്ചു.എന്നിട്ട് പറഞ്ഞു.
"എങ്ങിനെയായാലും കുഴപ്പമില്ല".
"ഹും..ഞാന്‍ ഇക്കനോട് കൂടിയൊന്നു ചോദിക്കട്ടെ".
അതും പറഞ്ഞവള്‍ അകത്തേക്ക് പോയി.അവരാ മുറ്റത്ത്‌ നിന്ന് നിമിഷങ്ങളെണ്ണി....
അല്‍പ സമയം കഴിഞ്ഞു അവള്‍ പുറത്തേക്ക്‌ വന്നു.പിറകെ വരുന്ന മനുഷ്യനെക്കണ്ട് അവരുടെ ഉള്ളൊന്നു കിടുങ്ങി.അടി വയറ്റിലെവിടെയോ ഒരു കാളല്‍.മാറിലൊരു പെരുപെരുപ്പ്‌.തല കറങ്ങുന്നത് പോലെ. പെട്ടെന്നവര്‍ സ്ഥലകാല ബോധം വീണ്ടെടുത്തു. മുഖത്തിപ്പോള്‍ ക്രൌര്യം.ഉള്ളില്‍ പുകയുന്ന ക്രോധവുമായി ഒന്നും മിണ്ടാതെ അവര്‍ തിരിച്ചു നടന്നു.
പിറകില്‍ നിന്ന് വീട്ടുകാരി വിളിക്കുന്നുണ്ടായിരുന്നു.അവര്‍ തിരിഞ്ഞു നോക്കാതെ നടന്നു കളഞ്ഞു.അവള്‍ ഒന്നും മനസ്സിലാവാതെ ഭര്‍ത്താവിന്റെ മുഖത്തേക്ക് നോക്കി.
"ഉമ്മക്ക് വല്ലാത്ത മാറ്റം".
കണ്ണുകള്‍ നിറച്ചു കൊണ്ടയാള്‍ പറഞ്ഞു.....

Monday, 22 November 2010

ഇബ്‌ലീസ്



പാരിജാതം കണ്ടു കറിക്കരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കത്തി കൊണ്ടവളുടെ കൈ മുറിഞ്ഞത്. ചോരയോഴുകുന്നത് കണ്ടയാള്‍ ഓടിച്ചെന്നു കൈ പിടിച്ചു നോക്കി.
"വേഗം ചെന്ന് തുണിയെടുത്ത് കെട്ടിവെക്ക്".
അയാള്‍ പറഞ്ഞു. സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ അവള്‍ മറുപടി പറഞ്ഞു.
"ബ്രേക്ക് ആവട്ടെ"
പിന്നെ അയാളൊന്നും പറയാന്‍ നിന്നില്ല. തിരിച്ചു കസേരയില്‍ ചെന്നിരുന്നപ്പോഴും ചോരയൊലിക്കുന്ന അവളുടെ കയ്യിലായിരുന്നു ശ്രദ്ധ. കുറച്ചു കഴിഞ്ഞു പരസ്യം തുടങ്ങി. അയാള്‍ക്കാശ്വാസമായി. അപ്പോഴാണവള്‍ കയ്യുടെ വേദനയറിഞ്ഞത്. വേഗം പോയി തുണിയെടുത്ത് മുറിവ് കെട്ടി.
ടെലിവിഷനില്‍ പരസ്യം. ആഡ് തീരും മുന്‍പേ പാത്രം കഴുകിത്തീരുമോ എന്നറിയാനുള്ള പരീക്ഷണം സ്ക്രീനില്‍!.ഏതായാലും സീരിയല്‍ തുടങ്ങും മുന്‍പേ അവള്‍ തിരിച്ചെത്തി സോഫയില്‍ സ്ഥാനം പിടിച്ചു. അപ്പുറത്തിരിക്കുന്ന ഉമ്മയാവട്ടെ ഒന്നുമറിഞ്ഞിട്ടില്ല. പരസ്യം നീണ്ടു പോകുന്നതിലുള്ള അരിശം മുഖത്ത് പ്രകടമായിരുന്നു. ഇടക്കൊരു മുറുമുറുപ്പും.
"ഒടുക്കത്തെ പരസ്യം. സമാധാനമായിട്ടൊന്നു സീരിയല്‍ കാണാന്‍ സമ്മതിക്കില്ല"!.
ഏതായാലും അവര്‍ക്ക് സഹികെടും മുന്‍പ് സീരിയല്‍ തുടങ്ങി. അപ്പുറത്തെ മുറിയില്‍ നിന്ന് മകന്‍ ബുക്കുമായി ഓടിവന്നു.
" ഉമ്മാ, ഈ കണക്കൊന്നു പറഞ്ഞുതാ"
"പിന്നെപ്പറഞ്ഞു തരാം".
അവള്‍ പറഞ്ഞു.
"എനിക്കിപ്പോ പറഞ്ഞു തരണം".
കുഞ്ഞുമകന്‍ വാശിപിടിച്ചു.അവള്‍ കേട്ട ഭാവം വച്ചില്ല. അടുത്തിരുന്ന അവന്റെ വല്ലുമ്മയും അവനോട്‌ ഒച്ചയിട്ടു.കരഞ്ഞുകൊണ്ടവനവളെ ശല്യം ചെയ്തു.
ഒറ്റയടി!.

"നിന്നോടല്ലേടാ ഇബ്ലീസെ മുന്പീന്നു മാറാന്‍ പറഞ്ഞത്?"!.

അയാളൊന്നു ഞെട്ടി. ഭാര്യയുടെയും ഉമ്മയുടെയും മുന്പിലിരുന്നു ചിരിക്കുന്ന 'ഇബ്ലീസി'നെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ടയാള്‍ കരയുന്ന 'ഇബ്ലീസി'നെയുമെടുത്ത് മുറിയിലേക്ക് നടന്നു....

മിഥ്യ

കാഴ്ച്ചയുടെ കൈവരികളില്‍ നിന്ന്
യവനികക്കിടയിലൂട
ഞാനീ ലോകത്തെ നോക്കിക്കണ്ടു
പുഞ്ചിരിക്കോപ്പകള്‍ക്കുള്ളില്‍
വഞ്ചനയുടെ വിഷനീരായിരുന്നു
ചിരിയുടെ മാലപ്പടക്കം കൊടും-
ചതിയുടെ സ്ഫോടനങ്ങള്‍ക്ക് മറയായി
നിശയുടെ സൌന്ദര്യം
ഇരുളിന്റെ കുടിലതകള്‍ക്ക് തിരശീലയായി
നിഷ്കളങ്കപ്രണയമെന്ന നാട്യം
ആഭാസങ്ങള്‍ക്ക് കുട പിടിച്ചു
കൈവരികളില്‍ മുറുക്കെപ്പിടിച്ചു ഞാന്‍
ആ മിഥ്യയില്‍ കാല്‍വഴുതി വീഴാതിരിക്കാന്‍

ഇത്തിരി വെട്ടം







വിട പറഞ്ഞകലാന്‍ നില്‍ക്കുന്ന
പകലിന്റെ വെളിച്ചമേ,
നിന്റെ വിടവാങ്ങലിലതു
താല്‍ക്കാലികമെങ്കിലും
എന്റെ ഹൃദയം തേങ്ങുന്നു
രാവടുക്കേണ്ട, ഭയമാണെനിക്ക്
രാത്രിയുടെ രാക്ഷസരൂപത്തെ
ഇരുളിന്നു കറുത്ത കൈകളുണ്ടാകും
ഭയത്തിന്റെ ചേലയെന്നെ പുതപ്പിക്കും
കടുംനിറമണിയിക്കാന്‍ വെമ്പിനില്‍ക്കും
വിതുമ്പുന്ന ഹൃദയത്തെ പിച്ചിചീന്തും
ഏകയായ് ഞാനിവിടെ നില്‍ക്കവേ,
എന്നെപ്പിരിയുന്ന പകലിന്റെ വെളിച്ചമേ
തുണയായ് നീയെനിക്കൊരു ചന്ദ്രനെ നല്‍കുമോ?
ആ ഇത്തിരിവെട്ടത്തില്‍ 
ഞാനെന്റെ മനസ്സ് കുളിര്‍പ്പിക്കട്ടെ...

Thursday, 18 November 2010

സ്വാര്‍ത്ഥം


കൂരമ്പായി തറക്കുന്ന വാര്‍ത്തകള്‍ കേട്ടാണ്
കാതില്‍ ചെറുതായി വേദന തുടങ്ങിയത്
'ചോരച്ച , നീലച്ച, ഭീകര' വാര്‍ത്തകള്‍
ശമിക്കുമെന്നാശിക്കിലും,
വാര്‍ത്തകളേറി വന്നു, വേദനയും
ഒടുവില്‍ ഞാന്‍ ചെവികള്‍ കൊട്ടിയടച്ചു
പിന്നെയത് കണ്ണുകളിലേക്ക് പടര്‍ന്നു
കണ്ണുകള്‍ മൂടിക്കെട്ടി,
ഞാനത് സ്വയം പരിഹരിച്ചു
വലിച്ചു കീറപ്പെട്ട ആത്മാക്കള്‍
ചുറ്റും നിലവിളിച്ചലഞ്ഞു
ഒന്നും അറിയാതിരിക്കാന്‍ ഞാന്‍
സ്വയം മുറിയിലടച്ചു
അവസാനം ,
ആ വേദന ഹൃദയത്തെയും ബാധിച്ചത്,
'വേരറ്റു' പോയെന്നു തിരിച്ചറിഞപ്പോഴാണ്

യന്ത്രം

എന്നെ നോക്കിയൊന്നു പുഞ്ചിരിക്കുമോ?
എന്റെ പുഞ്ചിരിക്ക് മറുപടിയോതുമോ?
വ്യഗ്രമായി മിടിക്കുന്ന ഹൃദയവുമേന്തി
ധൃതി പിടിച്ചോരോട്ടത്തിനിടയില്‍
തല ചരിക്കാന്‍ മടിക്കുന്ന പ്രിയ സുഹൃത്തെ
എന്നെ നോക്കിയൊന്നു പുഞ്ചിരിക്കുമോ?
അന്ന്
നമുക്ക് പുഞ്ചിരിക്കാനറിഞ്ഞിരുന്നു
സ്നേഹ മന്ത്രങ്ങള്‍ ഹൃദിസ്ഥമായിരുന്നു
സൌഹൃദത്തിന്റെ താളം
നാം ഹൃദയത്താല്‍ തൊട്ടറിഞ്ഞു
നിന്റെ കണ്ണുകളിലൂടെ ഞാന്‍ എന്നെ കണ്ടു
ഇന്ന്
ആ കണ്ണുകള്‍ക്ക്‌ കറുത്ത കണ്ണട വച്ച്ചതെന്തിന്?
ചുറ്റും മതില്‍ക്കെട്ട് തീര്‍ത്തതെന്തിന്?
എന്നെ കണ്ടില്ലെന്നു നടിക്കുന്നതെന്തിന്?

യന്ത്രമായ് മാറുമെന്നു ഭയന്നാണ് ഞാന്‍
എന്റെ കറുത്ത കണ്ണട വലിച്ചെറിഞ്ഞത്
ചുറ്റുമതില്‍ തകര്‍ത്ത് കളഞ്ഞത്
വലിച്ചു കീറുമോ നീയും പ്രിയനേ,
നിന്നെ പൊതിയുന്ന കറുത്ത തിരശീലയെ?
തലതിരിച്ചൊന്നു നോക്കുമോ നീ,
എന്നെ നോക്കിയൊന്നു പുഞ്ചിരിക്കുമോ?

Saturday, 6 November 2010

മോചനം

"ഞാനിന്നു പോകുന്നില്ല. വല്ലാത്ത തല വേദന".
അതും പറഞ്ഞവള്‍ തിരിഞ്ഞു കിടന്നു. അയാളൊന്നും പറഞ്ഞില്ല. സമയം 8 മണി. അയാള്‍ വേഗം കുളിക്കാന്‍ കയറി. കുളി കഴിഞ്ഞിറങ്ങിയപ്പോലും അവള്‍ കിടക്കുകയാണ്. അയാളവളുടെ അടുത്ത് ചെന്നിരുന്നു. മൂര്‍ധാവില്‍ തലോടി.
"ഡോക്ടറെ കാണണോ?".
അയാള്‍ ചോദിച്ചു.
"വേണ്ട".
അവള്‍ പറഞ്ഞു.
അയാള്‍ വേഗം ഡ്രസ്സ്‌ ചെയ്തു ഓഫീസിലേക്ക് പുറപ്പെട്ടു. വഴി നീളെ അവളായിരുന്നു മനസ്സില്‍.
രണ്ടു വര്‍ഷമാകുന്നു വിവാഹം കഴിഞ്ഞിട്ട്. അമ്മയായിരുന്നു അവളെ അയാള്‍ക്ക് വേണ്ടി കണ്ടെത്തിയത്.വരുന്ന ജോലികളൊന്നും ഇഷ്ടപ്പെടാതെ ഇഷ്ടമുള്ള ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന സമയം. ഒറ്റ മകന്‍, ധാരാളം സമ്പത്ത്. അതുകൊണ്ട് തന്നെ ജോലിയില്ലാതത് ആര്‍ക്കും ഒരു പ്രശ്നമായി തോന്നിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഈ ആലോചന. "അച്ഛന്‍ മരിച്ചു പോയി, അമ്മാവനാണ് നോക്കി വളര്‍ത്തുന്നത്. നല്ല കുട്ടിയാണ്. നീയൊന്നു പോയി കണ്ടു നോക്ക്".
അമ്മ പറഞ്ഞു. തീരെ താല്‍പര്യമുണ്ടായിരുന്നില്ല. ജോലിയും ചുറുചുറുക്കുമുള്ള അടിപൊളി പെണ്‍കുട്ടിയായിരുന്നു മനസ്സില്‍. എങ്കിലും അമ്മ പറഞ്ഞത് കൊണ്ട് പോയി.കാണാന്‍ സുന്ദരിയായിരുന്നു. എങ്കിലും നാണക്കാരി. നിറഞ്ഞു നിന്ന നാണത്തെക്കാളും പരിഭ്രമതെക്കാളും താന്‍ ശ്രദ്ധിച്ചത് ആ മുഖത്തെ ദൈന്യതയായിരുന്നു. അത് കണ്ടിട്ട് തന്നെയാണ് സമ്മതം മൂളിയത്.
വളരെ ആര്‍ഭാടമായിതന്നെ കല്യാണം നടന്നു. ആകെയൊരു നാണക്കാരി. വീട്ടില്‍ വരുന്ന സുഹൃത്തുക്കള്‍ മുന്‍പില്‍ വരാന്‍ പോലും നാണം. എങ്കിലും പാവം. എല്ലാം മാറ്റിഎടുക്കണമെന്ന് അപ്പോഴേ മനസ്സില്‍ കുറിച്ചു.
സ്വപ്നം കണ്ടത് പോലൊരു ജോലി, അതും ഈ മേട്രോപൊളിട്ടന്‍ നഗരത്തില്‍ കിട്ടിയപ്പോള്‍ എല്ലാം മറന്നു.അമ്മയുടെ എതിര്‍പൊന്നും വക വെച്ചില്ല. അവളെയും കൊണ്ട് പറന്നു. ഇവിടെ സെറ്റില്‍ഡായി. അവള്‍ക്കും അത്ര ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും തന്റെ ഇഷ്ടം നോക്കി.
ഇവിടെയെത്തി പതുക്കെ എല്ലാം മാറ്റിത്തുടങ്ങി. അവളുടെ വേഷവും രൂപവുമെല്ലാം . സാരി മാത്രമുടുത്തിരുന്ന അവളെക്കൊണ്ട് സല്‍വാറും ജീന്‍സും കുര്‍ത്തയുമെല്ലാം ധരിപ്പിച്ചു. ബ്യൂട്ടിപാര്‍ലറുകളില്‍ കൊണ്ടുപോയി മോഡെണാക്കി. ഡിസ്കോകള്‍ക്ക് കൊണ്ടുപോയി. എല്ലാം മാറ്റിയപ്പോളും അവളുടെ മനസ്സ് മാത്രം മാറിയിരുന്നില്ല. അത് താനറിഞ്ഞിരുന്നു.
സുഹൃത്തുക്കള്‍ക്കും സഹപ്രവൃത്തകര്‍ക്കുമിടയില്‍ ഒരു താരമായി കൊണ്ട് നടക്കാന്‍ തനിക്കുല്സാഹമാണ്. ഇന്നലെ സുഹൃത്തിന്റെ വിവാഹ വാര്‍ഷികമായിരുന്നു. അതിന്റെ വക തകര്‍പ്പന്‍ പാര്‍ട്ടിയും. ഇരുണ്ട വെളിച്ചത്തില്‍ ഒഴുകി വരുന്ന പാശ്ചാത്യ സംഗീതത്തിനൊപ്പം അവളുടെ കൈകള്‍ പിടിച്ചു ഡാന്‍സ് ചെയ്തു. അവളുടെ മുഖം അപ്പോളും തെളിഞ്ഞിരുന്നില്ല.
ഇടക്കെപ്പോഴോ സുഹൃതുക്കളിലോരാള്‍ അടുത്ത് വന്നു. അവന്‍ അവളുടെ നേര്‍ക്ക് കൈ നീട്ടി. അവള്‍ സംശയത്തോടെ നോക്കി. ആ മുഖത്തെ പരിഭ്രമം കണ്ടിട്ടും താന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. അവന്‍ അവളോടൊപ്പം ആടാന്‍ തുടങ്ങി. അപ്പോളും കണ്ണുകള്‍ തന്റെ മുഖത്തായിരുന്നു. ഇടക്ക് അവന്റെ കൈകള്‍ അവളുടെ ശരീരത്തിലൂടെ ഇഴയുന്നത് താന്‍ കണ്ടതാണ്. ഒന്നും കണ്ടില്ലെന്നു നടിച്ചു. അവള്‍ നോക്കുമ്പോഴോക്കെ കണ്ണുകള്‍ വേറെ എങ്ങോട്ടെങ്കിലും തിരിച്ചു........
പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോഴും രണ്ടു പേരും ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തിയപ്പോഴേ ഡ്രസ്സ് പോലും മാറാതെ അവള്‍ കിടന്നുറങ്ങി. വിളിക്കാന്‍ പോയില്ല. അങ്ങനെ കിടന്നുറങ്ങി.
"സര്‍ , ഓഫിസെത്തി".
ചിന്തയില്‍ നിന്നുണര്‍ന്നയാള്‍ കാറില്‍ നിന്നിറങ്ങി. ഓഫീസിലിരിക്കുമ്പോഴും മനസ്സ് ഭാരപ്പെട്ടിരുന്നു.
വൈകുന്നേരം നേരത്തെ വീട്ടിലെത്തി. അവള്‍ സോഫയിലിരിപ്പുണ്ട്. ടി വി യില്‍ നോക്കിയിരിക്കുകയാണ്. ചാനലുകള്‍ മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു. മനസ്സിവിടെയൊങ്ങുമല്ല എന്ന് കണ്ടാലറിയാം.പകല്‍ അങ്ങിനെ കഴിഞ്ഞു പോയി. രാത്രി വേലക്കാരിയെടുത്തു വച്ച ഭക്ഷണം കഴിച്ചു അയാള്‍ മുറിയിലേക്ക് ചെന്നു. അവള്‍ കിടക്കുകയാണ്. ഉറങ്ങുകയല്ലാ എന്നയാള്‍ക്ക് മനസ്സിലായി. അയാളും കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.......
ഉറക്കത്തില്‍ അയാള്‍ സ്വപ്നം കണ്ടു.
'തന്നോട്‌ ചേര്‍ന്നിരിക്കുകയാണ് അവള്‍. നിലാവില്‍ നോക്കി, അവളുടെ മുടിയിഴകളില്‍ തലോടി അവനവളെ ചേര്‍ത്ത് പിടിച്ചു. പതിയെ അവന്‍ എഴുന്നേറ്റ് അവളുടെ കൈകള്‍ പിടിച്ചു. എന്നിട്ട് അവളെയും കൊണ്ട് നടന്നു. നടന്നു നടന്നവര്‍ വെളിച്ചം മാത്രമുള്ള ഒരിടത്തെത്തി. കണ്ണ് മഞ്ഞളിപ്പിക്കുന്ന വെളിച്ചമായിരുന്നു അവിടെ. അവള്‍ വേദന കൊണ്ട് കണ്ണുകള്‍ പൊത്തി. എന്നിട്ടും അയാളവളെ വലിച്ചു കൊണ്ട് ആ വെളിച്ചത്തിലൂടെ നടന്നു. പെട്ടെന്ന്, ഭീകരമായൊരു ചീറല്‍. വലിയൊരു തീനാളം പാഞ്ഞു വന്നു. അയാള്‍ ഭയന്ന് പിറകോട്ടു നീങ്ങി. ഞൊടിയിടയിലതു ഒരു വലയമായി മാറി, അവളെ പുണര്‍ന്നു. അവള്‍ അലറിക്കരഞ്ഞു. ഒന്നും ചെയ്യാനാകാതെ തരിച്ചു നില്‍ക്കുമ്പോഴേക്കും ജ്വാലകള്‍ അവളെ പൊതിഞ്ഞു...............'
അയാള്‍ അലറി വിളിച്ചു.
കണ്ണ് തുറന്നു നോക്കുമ്പോള്‍ അവള്‍ മുന്നില്‍.
"എന്ത് പറ്റി?".
അവള്‍ ചോദിച്ചു. അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. പകരം അവളെ വാരിപ്പുണര്‍ന്നു.
"എന്റെ മോളെ.." .
അവള്‍ക്കൊന്നും മനസ്സിലായില്ല. അവളെ അങ്ങനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അയാള്‍ കുറെ നേരമിരുന്നു. പിന്നെ മോബൈലെടുത്തു. ഡയല്‍ ചെയ്തു.
"ഹലോ. അമ്മെ, ഞാനാണ്..... നാളെ ഞങ്ങള്‍ അങ്ങോട്ട്‌ വരികയാണ്. ഇനി അവിടെ താമസിക്കാന്‍ പോകുന്നു. മതിയായി ഇവിടെ..."
" നേരാണോ മോനെ? അമ്മക്ക് സന്തോഷായി".
അമ്മയുടെ വാക്കുകളില്‍ ഒരായിരം പൂത്തിരി ഒരുമിച്ചു കത്തിയത് പോലെ സന്തോഷം. ഫോണ്‍ വച്ച് അയാള്‍ ഒന്ന് നെടു വീര്‍പ്പിട്ടു. അയാളെത്തന്നെ നോക്കിയിരിക്കുകയാണവള്‍...
"അതുമതി. അല്ലെ?".
അയാള്‍ ചോദിച്ചു. അവള്‍ പുഞ്ചിരിച്ചുകൊണ്ട് അയാളുടെ മാറിലേക്ക് ചാഞ്ഞു.....