Sunday, 3 July 2011

സായന്തനം

ഓളങ്ങളെ അടുക്കിചെര്‍ത്തു ശാന്തമായൊഴുകുന്ന ഈ പുഴ എന്തുകൊണ്ടോ പ്രതീക്ഷയുടെ പ്രതീകമാണ്.ഈ കാറ്റും ഒപ്പം ഒഴുകിയെത്തുന്ന സുഖമുള്ള ഓര്‍മ്മകളും മാത്രമാണ് ഇവിടെത്തന്നെ താമസിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നതും.മുഖത്തേക്ക് പാറി വീണ മുടിയിഴകള്‍ മാടിയൊതുക്കി അവളാ ജനലരികില്‍ നിന്നു. പുഴയില്‍ അകലെയായി തുഴഞ്ഞു നീങ്ങുന്ന തോണി. അത് അക്കരേക്കു നീങ്ങുകയാണ്. രാത്രിയായിത്തുടങ്ങിയിരിക്കുന്നു.അതിനി മടങ്ങി വരുകയില്ലായിരിക്കാം.. അവളുടെ ഉള്ളം മന്ത്രിച്ചു. അസ്തമയസൂര്യന്റെ ചുവന്ന ശോഭയില്‍ പുഴ ചെറുതായി തിളങ്ങി. അവളുടെ മനസ്സ് ശാന്തമായിരുന്നു.
ഓര്‍മ്മകളെ താലോലിച്ചു കൊണ്ടങ്ങനെ നില്‍ക്കുമ്പോള്‍ നെഞ്ചിലേക്ക് എന്തോ ഒരു ചെറിയ വേദന അരിച്ചിറങ്ങുന്നത്  പോലെ തോന്നി അവള്‍ക്കു.വീണ്ടും വരികയാണോ.. ഹൃദയം പിളര്‍ക്കുന്ന ആ വേദന.അവള്‍ ഭയന്നു. അവള്‍ക്കു വേദന കൂടിക്കൂടി വന്നു. കയ്യും കാലുമൊക്കെ തളരുന്നത് പോലെ.  ആകെ വിയര്‍ത്തുകൊണ്ടിരിന്നു അവള്‍. വീഴുമെന്നു തോന്നിയപ്പോള്‍ ജനലഴികളില്‍ മുറുക്കെപ്പിടിച്ചു അവള്‍  ഉറക്കെ വിളിച്ചു. 
''നന്ദു മോളെ....."    
ഒരു കുഞ്ഞു ചിത്ര ശലഭം കണക്കെ നന്ദു മുറിയിലേക്ക് പാറി വന്നു. ഇച്ചേചിയുടെ മുഖഭാവം കണ്ടു നന്ദു പേടിച്ചു.  "ഇച്ചേച്ചീ..  ഇചേച്ചിക്കെന്താ  പറ്റിയെ?..."  അവള്‍ പരിഭ്രമത്തോടെ ചോദിച്ചു..  
"മോള് പോയി അമ്മിണിയമ്മയോടു ഒരു ഗ്ലാസ് വെള്ളവും കൊണ്ട് വരാന്‍ പറയ്‌... വേഗം..""
നന്ദു അത് കേട്ടതും വേഗം പുറത്തേക്കോടി.  ഉടനെത്തന്നെ അമ്മിണിയമ്മ ഗ്ലാസില്‍ വെള്ളവുമായി വന്നു. നന്ദുവിന്റെ മുഖത്തുകണ്ട അതെ പരിഭ്രമം അമ്മിണിയമ്മയുടെ മുഖത്തും വായിച്ചെടുക്കാം. അവള്‍ ഗ്ലാസ് വാങ്ങി അതിലെ വെള്ളം മുഴുവന്‍ ഒരു വലിക്കു കുടിച്ചു തീര്‍ത്തു. "എന്താ മോളെ.. എന്ത് പറ്റി? വേദനയുണ്ടോ? കിടക്കണോ?" അവര്‍ ചോദിച്ചു.. 
"വേണ്ടാ കുഴപ്പമൊന്നുമില്ല.. " അതും പറഞ്ഞു അവള്‍ കട്ടിലില്‍ പോയിരുന്നു. നന്ദു മോള്‍ പേടിച്ചു നില്‍ക്കുകയാണ്. അവളുടെ ഇച്ചേചിക്ക്‌ എന്താ പറ്റിയതെന്നു അവള്‍ക്കു ഒരെത്തും പിടിയും കിട്ടിയില്ല. ഇന്നാളൊരു ദിവസം സ്കൂളില്‍ പോകാത്ത ഒരു ദിവസമാണ് ഇച്ചേചിയെ ഇങ്ങനെ കണ്ടത്. അന്ന് ചേച്ചി തറയില്‍ വീണു പോയി.അമ്മിണിയമ്മയും സുഹറ ആന്റിയും കൂടിയാണ് അന്ന് ഇച്ചേചിയെ താങ്ങിയെടുത്ത് കട്ടിലില്‍ കിടത്തിയത്. പേടിച്ചു നിന്ന നന്ദു മോളെ അമ്മിണിയമ്മയാണ് വിളിച്ചുകൊണ്ട് പോയി അടുക്കളയിലിരുത്തിയത്. 

നന്ദു മോളങ്ങനെ ഓര്‍ത്ത്‌ നില്‍ക്കെ അമ്മിണിയമ്മ ഏതോ ഗുളികയെടുത്തു ഇച്ചേച്ചിക്ക് കൊടുത്തു. ചേച്ചി അതും കഴിച്ചു കട്ടിലില്‍ ചാരിയിരുന്നു. ശബ്ദമൊക്കെ കേട്ട് സുഹറ ആന്റിയും രശ്മി ചേച്ചിയും മുറിയിലേക്ക് കടന്നു വന്നു. അവരെ കണ്ടപ്പോള്‍ ഇച്ചേച്ചി പറഞ്ഞു. "ഒന്നുമില്ലടീ ചെറിയൊരു വേദന. അതിപ്പോള്‍ മാറിക്കോളും .. നിങ്ങള്‍ പൊയ്ക്കോ.. ഇനി ബാക്കിയുല്ലവരോടോന്നും പറഞ്ഞ കാര്യമാക്കണ്ട. ഒന്നുമില്ല. "

അമ്മിണിയമ്മ ഒന്നും മിണ്ടിയില്ല.സുഹറ ആന്റിയുടെ കണ്ണുകള്‍ ചെറുതായി നനഞ്ഞത് നന്ദു ശ്രദ്ധിച്ചു. രശ്മി നന്ദുവിന്റെ കയ്യില്‍ പിടിച്ചു. " വാ പോകാം" 

"അവളിവിടെ നിന്നോട്ടെ"  ഇച്ചേച്ചി പറഞ്ഞത് കേട്ട് നന്ദുവിന്റെ ഉള്ളം കുളിര്‍ത്തു.  അവള്‍ ഓടി ഇച്ചേചിയുടെ അടുത്തു ചെന്നിരുന്നു..  
 "നന്ദു മോള്‍ പേടിച്ചോ?" 
" ഉം.."  അവള്‍ മൂളി
"പേടിക്കണ്ടാട്ടോ.  ഇച്ചേചീടെ സുന്ദരിക്കുട്ടി അടുത്തു കിടക്ക്.."
നന്ദു ചേച്ചിയോട് പറ്റിക്കിടന്നു
അവള്‍ നന്ദുവിന്റെ നെറുകെയില്‍ ചുംബിച്ചു, അവളെ തലോടിക്കൊണ്ടിരുന്നു. നഷ്ടപ്പെട്ടു പോയതോക്കെയും താന്‍ കണ്ടെത്തിയത് ഇവളിലൂടെയായിരുന്നു. അവള്‍ ഓര്‍ത്തു. നെഞ്ചിലെ വേദനയെക്കാള്‍ സഹിക്കാനാകാത്ത വിധം വേദനിപ്പിച്ചുകൊണ്ടാണ് അന്ന് അവന്‍ തന്നെ ഇട്ടെറിഞ്ഞു പോയത്. ഒന്നും നല്‍കാന്‍ കഴിയുകയില്ലെന്ന് അറിഞ്ഞിട്ടും സ്വന്തമാക്കിയതാണവന്‍ തന്നെ. എന്നിട്ടും കാലം ചെന്നപ്പോള്‍ താനൊരു ശാപമായി മാറി അവനു, തന്റെ പ്രിയന്..  

ഗര്‍ഭം ധരിക്കാനും ഒരു കുഞ്ഞിനെ പ്രസവിക്കാനുമൊക്കെ ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നോ... 
അല്ല. വിധിയുടെ കളിത്തട്ടില്‍ എല്ലാം കണ്ടു തേങ്ങാനെ കഴിഞ്ഞിരുന്നുള്ളൂ. 
ഒരുപാട് നാളുകള്‍ക്കു ശേഷം ഈ കുരുന്നിനെ കിട്ടിയപ്പോള്‍ മനസ്സ് സന്തോഷത്താല്‍ തുടി കെട്ടുകയായിരുന്നു.

ഇന്നിപ്പോള്‍ ഇവിടെ ആരോരുമില്ലാത്ത ഇവരാണ് തന്റെ എല്ലാം.അവര്‍ക്ക് താനാണെല്ലാം .നന്ദു മോളും അമ്മിണിയമ്മയും സുഹറയും രശ്മിയും സീതയും മേരിയും എല്ലാം തന്റെ അമ്മയും അനുജത്തിയും കുട്ടികളുമൊക്കെയായി സ്നേഹ വലയം തീര്‍ക്കുന്നു.. .
വഞ്ചി അക്കരെയെത്താറായിരിക്കുന്നു. തിരിച്ചു തുഴയാന്‍ ആവില്ലെന്നരറിഞ്ഞിട്ടും അതിനു വേണ്ടി ഉള്ളം തുടിക്കുന്നത് നന്ദു മോളെക്കാണുമ്പോഴാണ്.  നന്ദുവിന്റെ മുഖത്തേക്ക് നോക്കി അവള്‍ നെടുവീര്‍പ്പിട്ടു. 
ജനാലയിലൂടെ ചെറിയ തണുപ്പുള്ള കാറ്റ് ഒഴുകി വരുന്നു. അവള്‍ കണ്ണുകളടച്ചു. ... 
നല്ല സ്വപ്‌നങ്ങള്‍ മാത്രം കാണണമേ എന്നാ പ്രാര്‍ഥനയോടെ....     

11 comments:

  1. nannaayittund shabnam,,nalla sparshiyaya kadha,,congrats

    Mansoor Alvi

    ReplyDelete
  2. ഒരു അപൂര്‍ണത പോലെ തോന്നുന്നു ഒരു പക്ഷെ ഒരു വായനക്കാരന്‍ എന്ന നിലക്ക് എന്റെ പരാജയമാവാം

    ReplyDelete
  3. തുടക്കവും ഒടുക്കവും നന്നായിട്ടുണ്ട് കഥ എഴുത്തിന്റെ ഒരു ശൈലി തന്നെയാണിത് ,

    ReplyDelete
  4. ''നന്ദു മോളെ....."

    ഒരു കുഞ്ഞു ചിത്ര ശലഭം കണക്കെ നന്ദു മുറിയിലേക്ക് പാറി വന്നു.

    ...മുറിയിലേക്ക് പാറി വന്നു.

    ............പാറി വന്നു

    hmmm, a treasure ! not more about story.

    naj

    ReplyDelete
  5. കഥ പറഞ്ഞ ശൈലി കൊള്ളാം..എങ്കിലും...
    ഹ്മ്മ്...എഴുതു..എഴുതി തെളിയട്ടെ..ആശംസകള്‍...

    ReplyDelete
  6. ഒരുപാട് ഉപയോഗിച്ച പദങ്ങളും, പ്രയോഗങ്ങളും ഒരുപാട് മാറ്റങ്ങള്‍ ആവശ്യമാണ്‌.................

    ReplyDelete
  7. ശബ്ന കഥകള്‍ക് കുറേകൂടി വ്യത്യസ്തതകള്‍ പ്രതീക്ഷിക്കുന്നു.........,പിന്നെ കേട്ട് മടുത്ത പദപ്രയോഗങ്ങള്‍ ഒഴിവാകുവാന്‍ ശ്രമിക്കുക........,
    നല്ല പോലെ എഴുതുവാനുള്ള എല്ലാ കഴിവുകളും കാണുന്നുണ്ട്
    ഒരു കഥയുടെ പൂര്‍ണത മനസിലാക്കി എഴുതുവാന്‍ കഴിയുന്നത് വലിയ കാര്യം തന്നെയാണ്.........
    കീപ്‌ ഇറ്റ്‌ അപ്പ്‌.....................,
    പിന്നെ നിറച്ചാര്‍ത്ത് എന്‍റെ ബ്ലോഗിന്‍റെ പേര് ആണ്..................

    ReplyDelete
  8. വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് അധികമൊന്നും ലഭിച്ചില്ല ശബ്ന. പക്ഷെ നല്ല ഭാഷയുണ്ട്. എഴുതി തെളീയട്ടെ.

    ReplyDelete
  9. പ്രിയപ്പെട്ട ശബ്ന,
    വേദനകളും വിങ്ങലുകളും മാറി, പുതിയ പ്രകാശം വരികളില്‍ നിറയട്ടെ.
    ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  10. eshttayii.. enthe ethra sankadam???

    ReplyDelete