Sunday, 17 November 2013
ഒരു പ്രണയ കഥ
ചുവന്ന പൂക്കളാല്‍
നിറഞ്ഞു പൂത്ത വാകമരച്ചുവട്ടില്‍
ഒരുപാട് നേരത്തെ
മൌന സംഭാഷണങ്ങള്‍ക്കൊടുവിലാണ്
പ്രണയത്താല്‍ ചുവന്ന ഹൃദയങ്ങളവര്‍
പരസ്പരം കൈമാറിയത്.
ആ നേരം അത് വഴിയെത്തിയ
പ്രണയത്തിന്റെ ഇളം തെന്നല്‍
പൂത്തു നിന്ന വാക മരത്തിന്റെ
കാതിലേതോ കിന്നാരമോതി.
നാണത്താല്‍ മരമറിയാതെ
ഇതളുകള്‍ കൊഴിച്ചു വീഴ്ത്തി.
മരച്ചുവട്ടില്‍ ഹൃദയം പങ്കു വെച്ചവര്‍
പിരിയാന്‍ മടിച്ചാണെങ്കിലും
തിരിഞ്ഞു നടക്കുമ്പോള്‍
കണ്ടു നിന്ന വാകയുടെ നെഞ്ചിലൊരു
പേരില്ലാത്ത നീറ്റല്‍.
വീണ്ടും വീണ്ടും മരച്ചുവട്ടില്‍
പ്രണയങ്ങള്‍ നാമ്പിട്ടു,
പൂത്തു-തളിര്‍ത്തു, കൊഴിഞ്ഞു.
വാകമരം ചുവന്ന ഇതളുകള്‍
പൊഴിച്ചു കൊണ്ടേയിരുന്നു.
പ്രണയ സാക്ഷ്യങ്ങളുടെ ഇതളുകള്‍
പ്രണയികളുടെ കാലുകള്‍ക്കടിയില്‍
ചതഞ്ഞരഞ്ഞു പോയി.
പ്രണയത്തിന്റെ നറു തെന്നല്‍
എന്നോ സഞ്ചാരം നിര്‍ത്തിയിരിക്കുന്നു.
പകരം വരുന്നത്
ചതി നിറമുള്ള വിഷക്കാറ്റ് മാത്രം
എന്നിട്ടും വാകയിതളുകള്‍
അടര്‍ന്നു വീണു കൊണ്ടിരുന്നു.
സുഖമുള്ള ഓര്‍മ്മകളുടെ നിറവില്‍
ഇനിയും പ്രണയിച്ചു തീരാത്ത
ആത്മാക്കള്‍ക്ക് വേണ്ടി.
ഹൃദയം കറുത്തു പോയവരുടെ
കാലിനടിയില്‍ ചതഞ്ഞരയാന്‍
മാത്രമായി....
Subscribe to:
Post Comments (Atom)
വാകമരം സാക്ഷി!
ReplyDelete