Wednesday, 9 August 2017

ഒരു പൂവ്

അസ്തിത്വത്തെപ്പറ്റി ആശങ്കയിലാണ്ടുപോയിരുന്നു മുല്ലമൊട്ടൊരെണ്ണം. ധൃതിയിലിങ്ങനെ കാറ്റിനെ പിളർത്തി നഗരവിളക്കുകളെ അവഗണിച്ചുകൊണ്ട് മാർക്കറ്റ് റോഡിന്റെ ഓരം പറ്റി നടന്നു നീങ്ങുന്ന ശരീരം ഒരല്പമെങ്കിലും വിയർക്കുന്നുണ്ടോ എന്നറിയാൻ മുല്ലമൊട്ട് ആഞ്ഞു ശ്വസിച്ചു നോക്കി. വണ്ടികളുടെ ഇരമ്പി പാച്ചിലുകൾ, ഇത്ര വൈകിയിട്ടും ചർച്ചകളവസാനിപ്പിക്കാത്ത മനുഷ്യരുടെ കൂട്ടങ്ങൾ, അറപ്പോടെ മുഖം തിരിച്ചു നടന്നു പോകുന്ന വേഗയാത്രക്കാർ, ചുറ്റിപ്പറ്റിത്തന്നെ കുറെ നേരമായുള്ള വിയർപ്പു മണങ്ങൾ, അടുത്തെത്തുമ്പോൾ മന്ദഗതിയിലാവുന്ന ഇരുചക്രങ്ങളുടെ മുരൾച്ചകൾ, വിരിഞ്ഞു തുടങ്ങിയ മൊട്ടതൊക്കെ അന്ധാളിപ്പോടെ നോക്കുമ്പോൾ എത്ര ഭയവുമറപ്പും അന്ധാളിപ്പുമുണ്ടായിട്ടും ചുവന്ന ചിരി തേച്ചുവെച്ച മുഖമില്ലായ്മകൾ ലക്ഷ്യമില്ലാതെ നടക്കുകയായിരുന്നു. ഉള്ളിലും പുറത്തുമുള്ള വിങ്ങലുകൾക്കും അസ്തിത്വമില്ലെന്ന കാര്യം ഇടക്കെപ്പോഴോ ചാടിപ്പോയ മുല്ലപ്പൂവറിഞ്ഞു കാണുകയുമില്ല.. ആ രാത്രിക്കും പുലർച്ചയുണ്ടായില്ല. പൂവിനു മരണവും....

No comments:

Post a Comment