അവന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു
എനിക്ക് നിന്റെ മനസ്സുകാണണം
പുഞ്ചിരിച്ചു ഞാന്‍,
അവന്റെ ശിരസ്സില്‍ വിരലോടിച്ചു
വീണ്ടും പലപ്പോളായവന്‍ മൊഴിഞ്ഞു
കൊതിയേറെയുണ്ടെനീക്ക്,
നിന്റെ മനസ്സ് കാണാന്‍,അറിയാന്‍
മൌനം പൂണ്ടു ഞാനവന്റെ
കൈകളില്‍ മുഖം ചേര്‍ത്തു
വീണ്ടുമൊരിക്കലുമവനാ ചോദ്യമുയര്‍ത്തി
എവിടെ നിന്റെ മനസ്സ്,
തുറന്നിടൂ എനിക്കായ്
അവനോട് ചേര്‍ന്നിരുന്നു ഞാന്‍,
കടലിലേക്ക് വിരല്‍ ചൂണ്ടി
അതാണെന്റെ മനസ്സ് അറിഞ്ഞുകൊള്‍ക,
ആഴമേറെയുണ്ട് സൂക്ഷിക്കണം
എങ്കിലും ഭയക്കേണ്ട,
അറിയുവാനേറെയുണ്ടതില്‍, നേടുവാനും
ഇരമ്പുന്നത് കടലല്ല, എന്റെ മനസ്സാണു
പിന്നീടൊരിക്കലും ആ ചോദ്യമുയര്‍ന്നില്ല
No comments:
Post a Comment