അവന് നടക്കുന്ന വഴി മുഴുവന്‍ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു.ഇരു വശത്തും നിരന്നു നില്ക്കുന്ന മരങ്ങളില്‍ നിന്നും കൊഴിഞ്ഞു വീണ ഇലകള്‍ മരച്ചില്ലകള്ക്കിടയിലൂടെ കടന്നു വരുന്ന പൊന്‍വെളിച്ചത്തില്‍ ഭംഗിയുള്ളൊരു പരവതാനി പോലെ ആ വഴിയെ അലങ്കരിക്കുന്നു.
ഇടക്കൊക്കെ മാത്രമേ ഈ ക്യാമ്പസിന്റെ മനോഹാരിത നുകരുവാന്‍ കഴിയാറുള്ളൂ, എങ്കിലും അവന്റെ മനസ്സിനെ ഒരുപാട് ആകര്ഷിച്ചിരുന്നു ഈ ദൃശ്യങ്ങളെല്ലാം.
ശരത്കാലമായത് കൊണ്ടാവണം ഇത്രയേറെ ഇലകള്‍.അവിടവിടെ ചെറിയ കാട്ടു ചെടികള്‍, അവയില്‍ ഇനിയും കൊഴിയാത്ത ചെറു പൂക്കള്‍. ഇത്രയേറെ ഭംഗിയുള്ളതു കൊണ്ടാവണം ഈ കലാലയത്തിന്റെ പ്രണയ മിഥുനങ്ങളെല്ലാം സല്ലാപത്തിനായി ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കുന്നത്.
അങ്ങനെയൊക്കെ ആലോചിച്ചു കൊണ്ട് വിനു കൂടെ നടക്കുന്ന സുഹൃത്തുക്കളെ നോക്കി. അവന്മാരെല്ലാം വലിയ വര്ത്തമാനത്തില്‍.ചെറിയൊരു പുഞ്ചിരിയോടെ അവനും അവരുടെ കൂടെ നടന്നു.നടക്കുന്നതിനിടയില്‍ തന്നെ പല പ്രണയ ജോഡികളെയും അവര്‍ കണ്ടിരുന്നു.കൂട്ടുകാര്‍ പലരും പല കമന്റുകളും പാസ്സാക്കുന്നുണ്ടായിരുന്നു. അവന് അതെല്ലാം കേട്ട് നിശബ്ദനായി നടന്നതെ ഉള്ളൂ.
നടത്തത്തിനിടയില്‍ വിനുവിന്റെ കണ്ണുകള്‍ ഒരിടത്തുടക്കി.അവന് ഒരു നിമിഷത്തേക്ക് അവിടെത്തന്നെ നിന്നു.അത് ശ്രദ്ധിച്ച അഫ്സല് അവന്റെ അടുത്തേക്ക് ചെന്നു.വിനു നോക്കി നില്ക്കുന്നിടത്തെക്ക് കണ്ണ് പായിച്ചു.
“ഓ, ഹരിത!” അഫ്സലിന്റെ ശബ്ദം കേട്ട് വിനു അവന്റെ മുഖത്തേക്ക് നോക്കി.
അഫ്സല് പറഞ്ഞു. “എടാ വിനു, എനിക്ക് മനസ്സിലായി നീ എന്താ ഇത്ര സൂക്ഷിച്ചു നോക്കുന്നതെന്ന്..”
വിനു ഒന്നും മിണ്ടിയില്ല.
“ലാസ്റ്റു നീ ഇവളെ കണ്ടപ്പോള്‍ ഇവള് തേഡ് ഇയര്‍ മാത്സിലെ ഒരു ചെക്കന്റെ കൂടെ ആയിരുന്നില്ലേ?.. ഇപ്പോള്‍ ഇതാ വേറൊരുത്തന്റെ കൂടെ എന്നല്ലേ ആലോചിക്കുന്നത്?”. അഫ്സലിന്റെ ചോദ്യം കേട്ട് സെബിന് അവരുടെ അടുത്തേക്ക് വന്നു. അവന് വിനുവിന്റെ പുറത്തു തട്ടിയിട്ടു പറഞ്ഞു “എടാ ഇതൊക്കെ അറിയണമെന്കിലെ ഇടയ്ക്കിടയ്ക്ക് നീ കോളേജില്‍ വരണം..” അത് പറഞ്ഞു അവരെല്ലാം കൂടി പൊട്ടിച്ചിരിച്ചു. വിനു നിശബ്ദനായി നിന്ന് കേട്ടതെ ഉള്ളൂ. അത് കണ്ട അഫ്സലിന് സങ്കടമായി. അവന് പറഞ്ഞു.
“എടാ, ഞങ്ങള്ക്കറിയാം.. നീ ജോലി ചെയ്തു പൈസ ഉണ്ടാക്കിയാ പഠിക്കാന്‍ വരുന്നതെന്ന്. ഞങ്ങള്‍ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ..”
വിനു അത് കേട്ട് സാരമില്ലെന്ന അര്‍ത്ഥത്തില്‍ ചെറിയൊരു ചിരിയോടെ സെബിന്റെ തോളത്തു ഒരു ചെറിയ ഇടി കൊടുത്തു. താനറിയാത്ത ഏതോ സീനിയറിന്റെ തോളത്തു ചാരി കിടക്കുന്ന ഹരിതയെ ഒന്ന് കൂടി നോക്കിയിട്ട് വിനു കൂട്ടുകാരോടൊപ്പം നടത്തം തുടര്ന്നു...
വിനുവിനു സാമ്പത്തികം വളരെ കുറവാണ്. അച്ഛന് മരിച്ചു പോയിരുന്നു നേരത്തെ തന്നെ. അവന് തന്നെ ജോലി ചെയ്തിട്ടാണ് വീട്ടു ചിലവും പഠന ചിലവും കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ മിക്കവാറും ദിവസങ്ങളില്‍ ക്ലാസില്‍ വരാന്‍ പറ്റാറില്ല. പക്ഷെ അക്കാര്യം പറഞ്ഞു അവര്‍ കളിയാക്കുമ്പോള്‍ അവനു സങ്കടമൊന്നും തോന്നിയിരുന്നില്ല. അവന്റെ സങ്കടം മറ്റൊന്നായിരുന്നു.....
കോളേജില്‍ ചേര്‍ന്ന ദിവസം തന്നെ വല്ലാത്തൊരു ആകര്ഷണം തോന്നിയിരുന്നു ഹരിതയോട്. അതൊരു പ്രേമമോന്നുമായിരുന്നില്ല. നല്ലവണ്ണം പഠിക്കുന്ന പെണ്കുട്ടി. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവള്‍. എന്തുകൊണ്ടോ വിനുവിന്റെ മനസ്സില്‍ ഇടം പിടിച്ചു അവള്. അപ്പോള്‍ തന്നെ ഒരു പ്രണയമുണ്ടായിരുന്നു അവള്ക്ക്. അവര്‍ തമ്മിലെ കഥകള്‍ അന്നെ കോളേജില്‍ പാട്ടായിരുന്നു. അതൊന്നും അവളോടുള്ള തന്റെ ഇഷ്ടത്തെ കുറച്ചില്ല എന്ന് വിനു ഓര്ത്തു. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ അറിഞ്ഞു അവള് ആ പയ്യനില്‍ നിന്ന് അകന്നെന്നും വേറൊരു പയ്യനുമായി അടുപ്പത്തിലായെന്നും. കാണാന്‍ പാടില്ലാത്ത പലയിടങ്ങളിലും ഒറ്റക്കു അവരെ കണ്ടെന്നു വിനു കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. തന്റെ ആരുമല്ലായിരുന്നു ഹരിത. എന്നിട്ടും അവന്റെ ഉള്ളു നൊന്തു. ക്ലാസിലെ പെണ്‍കുട്ടികള്‍ നടത്തിയ അന്വേഷണ പരമ്പരകളിലൂടെ വേറെയും കാമുകന്മാര് അവള്‍ക്കുള്ളതായി കോളേജിലും പാട്ടായി.
വിനുവിന് വെറുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല അവളെ. അവളെപ്പറ്റി അവന് കുറെ ആലോചിച്ചു, അന്വേഷിച്ചു. വീട്ടില്‍ അവള്ക്കു പ്രശ്നങ്ങള്‍ ഒന്നുമില്ല. സ്നേഹം കിട്ടാതിരിക്കുവാന്‍ യാതൊരു സാധ്യതയുമില്ല. എന്നിട്ടും എന്തുകൊണ്ട് അവളിങ്ങനെ എന്ന ചോദ്യം അവനെ വല്ലാതെ വീര്പ്പു മുട്ടിക്കുമായിരുന്നു...
ഇന്നിതാ വേറൊരുത്തന്റെ കൂടെ ഹരിത. വിനു അത്ഭുതപ്പെട്ടു. എന്തിനു ഞാന്‍ ഇങ്ങനെ വേവലാതിപ്പെടുന്നു? ആരുമല്ലാത്ത ഒരുവളെപ്പറ്റി.. അവനു സ്വന്തത്തോട് തന്നെ പുച്ഛം തോന്നി.
“ടാ.. ഇനിയത്തെ അവറില്‍ ക്ലാസ് ഉണ്ട്, ചുമ്മാ കേറിയെക്കാം.. പുതിയ മിസ്സ് ആണ്.. കാണാന്‍ കുഴപ്പമൊന്നുമില്ല...!!” സെബിന്റെ സംസാരം വിനുവിനെ ചിന്തയില്‍ നിന്നുണര്‍ത്തി. അവന്റെ തമാശ കേട്ട് എല്ലാവരും ചിരിച്ചു...
...............................................................................................................................
“ഈ ഡിഗ്രിയോന്നും ഉണ്ടായിട്ടു ഒരു കാര്യവുമില്ല. ജോലി ഒരു ഭാഗ്യമാ. ചിലരെ മാത്രേ അത് കടാക്ഷിക്കുള്ളൂ..” ഡ്രൈവര്‍ സലീമിക്ക പറഞ്ഞത് കേട്ട് വിനുവും തലകുലുക്കി.
“ശരിയാ.. ഞാന്‍ എത്ര അലഞ്ഞു.. പഠിച്ചാലെങ്കിലും നല്ലൊരു ജോലി കിട്ടുമെന്ന് കരുതിയാ കഷ്ടപ്പെട്ട് ഡിഗ്രിയെടുത്തത്. എന്നിട്ടിപ്പോ നാലഞ്ചു വര്ഷമായി.” അവന് പറഞ്ഞു.
“സാരമില്ലെടാ വിനുവേ. ഒക്കെ ശര്യാവും..”
സലിം അവനെ ആശ്വസിപ്പിച്ചു. സമയം രാത്രിയായിരിക്കുന്നു. അയാള്‍ ലോറി ഓടിക്കുന്നതിനിടെ ഒരു കുപ്പിയില്‍ നിന്നും കുറച്ചു വെള്ളമെടുത്ത് കുടിച്ചു.
“വിശന്നിട്ടു വയ്യ.. എവിടെയെങ്കിലും ഇറങ്ങി വല്ലതും കഴിക്കാം..”
വിനു ഒന്ന് മൂളി.
അടുത്തു തട്ടുകട കണ്ട സ്ഥലത്ത് അവര്‍ ലോറി നിര്ത്തി ഇറങ്ങി. “നിനക്കെന്താ വേണ്ടത്” അയാള്‍ ചോദിച്ചു.
വിനു പറഞ്ഞു. ”എന്തേലും മതി”
“ഉള്ളതൊക്കെ എടുത്തോ വിശന്നിട്ടു കണ്ണ് കാണുന്നില്ലടെയ്..” സലിം തട്ടുകടക്കാരനോടു വിളിച്ചു പറഞ്ഞു.
വിനു എന്തോ ആലോചിക്കുകയായിരുന്നു. അവന് വെളിച്ചം തീരുന്നിടം വരെയുള്ള അകലത്തെക്ക് നോക്കിയിരുന്നു. പെട്ടെന്ന് ഇരുട്ടില്‍ ഒരു നിഴലനക്കം. അവന് അത് ശ്രദ്ധിച്ചു. ഒരു സ്ത്രീ രൂപം.അത് ഇരുട്ടില്‍ നിന്ന് പരുങ്ങുകയാണെന്നു അവനു തോന്നി. വിനു എഴുന്നേറ്റു. ആ രൂപം കണ്ടിടത്തെക്ക് നടന്നു. അവന്റെ ഭാവം കണ്ടു കഴിക്കാന്‍ തുടങ്ങുകയായിരുന്നു ഡ്രൈവര്‍ ചേട്ടനും എഴുന്നേറ്റു. അവന്റെ പിറകെ നടന്നു. വിനു ആ സ്ത്രീ രൂപത്തിനടുത്തെത്തി. മങ്ങിയ നിലാ വെളിച്ചത്തില്‍ അവന് ആളെ കണ്ടു നടുങ്ങി...
”ഹരിത” ശബ്ദമില്ലാത്ത ഒരു അലര്ച്ചയെന്ന പോലെ അവന് പറഞ്ഞു.
അവന്റെ പിറകെ നടന്നെത്തിയ അവന്റെ സലീമിക്ക എന്താണെന്ന് മനസ്സിലാകാതെ നിന്നു. അയാള്‍ മൊബൈലിന്റെ വെളിച്ചം പെണ്കുട്ടിയുടെ മുഖത്തെക്ക് കാണിച്ചു. ആ ചെറിയ വെളിച്ചത്തില്‍ വിനു കണ്ടു, പഴയ ഹരിതയല്ല. കണ്ണുകള്‍ കുഴിഞ്ഞ, കവിള് ഒട്ടിയ, കറുത്ത് കരുവാളിച്ച മുഖവുമായി മെലിഞ്ഞുണങ്ങിയ ഒരു ഹരിത!.
അവസാനം പ്രണയത്തിലായ ആളോടൊപ്പം അവള് വീട്ടുകാര്‍ അറിയാതെ ഒളിച്ചോടിയെന്നു സുഹൃത്തുക്കള്‍ പറഞ്ഞു അവന് അറിഞ്ഞിരുന്നു. മനസ്സ് തടഞ്ഞിട്ടും ഹരിതയെക്കുരിച്ചു വിനുവിനുണ്ടായിരുന്ന വ്യാകുലത അവളെപ്പറ്റി അന്വേഷിക്കുവാന്‍ പല തവണ അവനെ പ്രേരിപ്പിച്ചിരുന്നു. അന്വേഷിക്കുന്ന വേളകളിലെല്ലാം വേദനിപ്പിക്കുന്ന വാര്ത്തകളാണ് അവന് കേട്ടത്. അവളെ കെട്ടിയവന് ഒരു ഫ്രോഡ് ആയിരുന്നു. കുറച്ചു നാള് അവനു തോന്നിയ പോലൊക്കെ ഉപയോഗിച്ചിട്ട് അവന് അവളെ ഉപേക്ഷിച്ചു. വീട്ടുകാരും അവളെ വെറുത്തിരുന്നു. പിന്നെയും സ്നേഹം തേടിയുള്ള അവളുടെ യാത്രയില്‍ ആരുടെയോ വലകളില്‍ അവള് കുടുങ്ങി... ഇന്നിതാ തന്റെ മുന്പില്‍...
ഹരിത ആളെ തിരിച്ചറിഞ്ഞു. അവള്ക്കു കരയണോ ചിരിക്കണോ എന്ന് അറിയുന്നുണ്ടായിരുന്നില്ല. ഇരുവരുടെയും ഭാവപ്പകര്‍ച്ചകള്‍ കണ്ടു അന്തം വിട്ടു നില്ക്കുകയായ്രുന്നു സലിം. അയാള്‍ വിനുവിന്റെ തോളത്തു കൈ വച്ചു. വിനു ഒന്നും മിണ്ടിയില്ല. അവന് മുന്നോട്ട് നടന്നു. നിര്വികാരയായി നില്ക്കുന്ന ഹരിതയുടെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചു കൊണ്ട് അവന് തിരിഞ്ഞു നടന്നു. അവള് പിറകേയും...
ഒരു നെടു വീര്പ്പോടെ സലീമും അവരെ അനുഗമിച്ചു. അവര്‍ തട്ടുകടയുടെ മുന്പിലെ ബെഞ്ചില്‍ ഇരുന്നു. മുന്പില്‍ കൊണ്ട് വച്ച ആഹാരം ഹരിത ആവേശത്തോടെ കഴിക്കുവാന്‍ തുടങ്ങി...
ഭക്ഷണം കഴിച്ചു കഴിഞ്ഞു വിനു അവളുടെ കയ്യില്‍ വീണ്ടും മുറുകെ പിടിച്ചു,അധികാരത്തോടെ..
ലോറിക്കു നേരെ നടക്കുന്നതിനിടയില്‍ അവന് ഉറപ്പുള്ള സ്വരത്തില്‍ സലീമിക്കയോട് പറഞ്ഞു...”നമുക്ക് മടങ്ങാം, വീട്ടിലേക്ക്...”
ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല...........
നന്നായി എഴുതി, വളരെ ലളിതമായി കഥ പറഞ്ഞു
ReplyDeleteപഴയതാണെങ്കിലും വായിക്കാനും മനസിലാക്കാനും പറ്റിയ പോസ്റ്റ്
ശബ്ന ..പലപ്പോഴായി കേട്ട ഒരു ശബ്ദം !
ReplyDeleteഎങ്കിലും നന്നായി പറഞ്ഞു ..
ആശംസകളോടെ
അസ്രുസ്
:)
ReplyDeleteഎന്‍െറ പേരുള്ളത് കൊണ്ട് കൊള്ളാം
ReplyDelete