Thursday, 10 October 2013

ബോധോദയം

പ്രകാശ ഗോപുരം 
പിറകില്‍ ഉപേക്ഷിച്ചു,
പ്രിയപ്പെട്ട പലതും
കണ്ടില്ലെന്നു നടിച്ച്,
നടന്നകലുമ്പോള്‍, 
ആരെയാണ് വഞ്ചിച്ചതെന്ന്
എത്ര ആലോചിച്ചാലും 
നമുക്ക് പിടികിട്ടില്ല.
ഒടുവില്‍, വഴിയറ്റത്തു
പാപ ബോധത്തിന്റെ
തീക്കനലുകള്‍ പേറി
പുകഞ്ഞു തുടങ്ങിയ 
കരിഹൃദയവുമായി
തളര്‍ന്നിരിക്കുമ്പോഴാണ്‌
നമ്മില്‍ ആ തിരിച്ചറിവ്
വന്നണയുക,
ഇത് വരെ നാം വഞ്ചിച്ചത് 
നമ്മെതന്നെയാണെന്ന്
മനസ്സിലാക്കുക.
ആത്മവഞ്ചനയുടെ നോവില്‍
നീറി നീറിക്കഴിയുമ്പോള്‍
തിരിച്ചു പോകാന്‍ കഴിയാത്ത വിധം
വാതില്‍ കൊട്ടിയടച്ചിട്ടുണ്ടാകും
വിധി, അല്പം പോലും 
അനുകമ്പയില്ലാതെ....

No comments:

Post a Comment