Sunday, 19 January 2014

എനിക്ക് വേണ്ടി.



എന്റെ ഹൃദയത്തെ
വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന
അദൃശ്യ വള്ളിയെ
മുറിച്ചു കളഞ്ഞെനിക്ക് ശ്വസിക്കണം.
ശാന്തമായി സ്വച്ഛമായി
വേദനകളില്ലാതെ ഉറങ്ങണം
നീയെന്റെ അടുത്തു തന്നെ
ഇരിക്കണം.
കണ്ണടക്കുമ്പോള്‍
കറുത്ത സത്വമായി ഇരച്ചു വരുന്ന
ദുഷിച്ച സ്വപ്നങ്ങളെ
വെളുപ്പ്‌ കൊണ്ട് മൂടിത്തരണം
നീയെന്റെ അടുത്തുതന്നെ വേണം.
ഒറ്റപ്പെടലിന്റെ
മുനമ്പിലെത്തുമ്പോള്‍ മാത്രം
നിന്നെ സ്മരിക്കുന്ന
നന്ദിയില്ലാത്തവളാണ്
ഞാനെന്നറിയാം.
എങ്കിലും നീ,
എന്നെ കൈവിടാതിരിക്കണം
എന്റെ അടുത്തു തന്നെ
എന്നെ പൊതിഞ്ഞു തന്നെ നില്‍ക്കണം.
ഞെരുക്കി വേദനിപ്പിക്കുന്നതിനെയെല്ലാം
എടുത്തു കളയണം.
എന്റെ കൂടെത്തന്നെ വേണം.
എനിക്ക്,
വേദനകളില്ലാതെ ഉറങ്ങണം....

1 comment:

  1. ഇങ്ങനെയൊന്നും ചെയ്യുന്ന ആളല്ല
    കാഴ്ച്ചക്കാരനായി നില്‍ക്കുകയേയുള്ളു
    ഇടപെടാതെ.............!!!

    ReplyDelete