Wednesday, 16 April 2014
ഭാവം
നടപ്പാതയുടെ ഓരത്ത് ഒരു തുണ്ട് തുണി മാത്രമുടുത്ത് കിടക്കും അയാള്‍. ഞാന്‍ കാണുമ്പോഴൊക്കെ ആ കറുത്ത ശരീരം ഈ ലോകത്തില്ലാത്ത പോലെ ഉറക്കത്തിലായിരിക്കും. വ്രണങ്ങള്‍ പഴുത്ത കയ്യിലും കാലിലും ഈച്ചകള്‍ പറന്നും ഇരുന്നുമിരിക്കുന്നു. ഓരോ ദിവസവും അയാളെ കടന്നു പോകുമ്പോള്‍ വല്ലാത്ത ഒരസ്വസ്ഥതയോടും അത്ര തന്നെ സഹതാപത്തോടും കൂടെ നോക്കി കടന്നു പോകും. എല്ലാവരുടെ കണ്ണുകളിലും ഒരേ ഭാവം. വ്രണങ്ങള്‍ മൂടിയ അര്‍ദ്ധ നഗ്നമായ ആ മനുഷ്യ ശരീരത്തിന് മുന്‍പില്‍ വിരിച്ചിട്ട തുണിയില്‍ നാണയത്തുട്ടുകളും ഉണ്ടാകും. വിരലുകള്‍ പോലും ഇല്ലാത്ത അയാളെങ്ങനെ ആ തുണിയിലെ നാണയങ്ങളുംകൊണ്ട് അടുത്തിരിക്കുന്ന ചക്രമുള്ള പലകയിലിരുന്നു നിരങ്ങി പോകുമെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിരുന്നു.
ഒരിത്തിരി നേരത്തേക്കുള്ള എന്റെ ഭാവനയുടെ സഞ്ചാരം. പിന്നെ ഓഫീസ്, വീട്, എന്റെ തിരക്കുകള്‍, എന്റെ ലോകങ്ങള്‍...അതില്‍ മുഴുകി ഞാന്‍..
രണ്ടു മാസം മുന്പ് വാങ്ങിയ മണികള്‍ തൂക്കിയ, ഉള്ളിലും പുറത്തുമായി ഒരുപാട് കീശകളുള്ള എന്റെ ഹാന്‍ഡ് ബാഗില്‍ ഏറ്റവും ഉള്ളിലെ കള്ളിയിലാണ് ഞാന്‍ പൈസ കരുതാറുള്ളത്. തൊങ്ങലുകളും ഞൊറിയലുകളുമുള്ള എന്റെ മറൂണ്‍ കളറിലെ പൊങ്ങച്ച ബാഗില്‍ എച്ചില്‍ പോലെ ബാക്കി വരുന്ന ചില്ലറകള്‍ അലക്ഷ്യമായി ഇട്ടതു ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതേ കനം കൂടിയതില്‍ അത്ഭുതമൊന്നും തോന്നിയില്ല. അല്ലെങ്കിലും നമുക്കൊക്കെയെന്നും നോട്ടുകളോടാണല്ലോ പ്രിയം. കണ്ടക്ടര്‍ക്കു പോലും പുച്ഛത്തിന്റെ പേരില്‍ ചില്ലറ കൊടുക്കാത്ത സാധാരണക്കാരിയായതോണ്ടും കൂടിയാകാം. എന്നാലും കയ്യെത്തിച്ച് തുട്ടുകള്‍ പെറുക്കാന്‍ വല്ലാത്ത മടി തന്നെയുണ്ട്.വേഗത്തിലുള്ള നടത്തത്തിനിടയില്‍ ഉള്ളിലേക്ക് കയ്യിട്ടു ചില്ലറ തപ്പിയെടുത്ത് പുറത്തെടുത്തു നോക്കി അതെത്ര രൂപയാണ്, രണ്ടോ , മൂന്നോ, എന്ന് തിട്ടപ്പെടുത്തല്‍ മാത്രമല്ല ആ ഭിക്ഷക്കാരന്റെ മുന്‍പിലെ തുണിയിലേക്കിടാന്‍ ഞാന്‍ പ്രയാസമായും ഒഴികഴിവായും കണ്ടത്. ചുറ്റുമുള്ള ആളുകള്‍ ഒരു നിമിഷം നടത്തം പതുക്കെയാക്കി ചില്ലറയിടാന്‍ കൈ നീട്ടുന്ന എന്നെ ശ്രദ്ധിക്കുമല്ലോ , അവര്‍ കാണുമല്ലോ എന്നാ എന്തോ ഒരു വല്ലായ്കയും കൂടിയായിരുന്നു.
ആ വല്ലായ്ക തന്നെയാണ്, ബസ് കാത്തു നില്‍ക്കുമ്പോള്‍ ഓരോരുത്തരുടെയും മുന്‍പില്‍ വന്നു മുഖത്തേക്ക് നോക്കി കൈ നീട്ടി നില്‍ക്കുന്ന കൂനുള്ള വൃദ്ധയുടെ നേരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബസ് വരുന്നുണ്ടോ എന്ന് മാത്രം ശ്രദ്ധിച്ചു നില്‍ക്കാറുള്ളതും. ഇടം കണ്ണിട്ടു നോക്കുമ്പോഴും അവരുടെ മുഖത്തു സങ്കടമോ ദൈന്യതയോ ഒന്നും കാണാറില്ല. നിറഞ്ഞ നിര്‍വ്വികാരത മാത്രം.
അപ്പോഴാണ് ഇന്ന് വരെയും ഭിക്ഷ ചോദിച്ചു വഴിയോരത്തിരിക്കുന്ന മനുഷ്യ ജീവികളുടെ കണ്ണുകളിലോ മുഖത്തോ ഒരു ഭാവവും എനിക്കിത് വരെയും വായിച്ചെടുക്കാന്‍ കഴിഞ്ഞില്ലാ എന്നാ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.
അന്ന് ഒരിത്തിരിപ്പോന്ന പെണ്‍കുട്ടിയുടെ ഒക്കത്തിരുന്ന ചെളിപിടിച്ച വസ്ത്രം ധരിച്ച കുഞ്ഞിന്റെ മുഖത്തും അവനെ എടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്തോ അടുത്തു കൈനീട്ടിയിരിക്കുന്ന മെലിഞ്ഞുണങ്ങിയ പെണ്ണിന്റെ മുഖത്തോ പേരിട്ടു വിളിക്കാവുന്ന ഒരു തരം ഭാവവും കണ്ടെത്താന്‍ കഴിയാതിരുന്ന അന്നത്തെ രാത്രിയിലാണ് ഇക്ക ഉറങ്ങുമ്പോള്‍ മുറിയിലെ ലൈറ്റ് ഇട്ടു കണ്ണാടിയില്‍ നോക്കി ഞാന്‍ നിന്നത്. അന്നാണ് എനിക്കാ സത്യം മനസ്സിലായത്. എന്റെ മുഖത്തും ഒരു ഭാവവും ഇല്ല. നിര്‍വ്വികാരത മാത്രം. നടുക്കത്തോടെ ഞാനത് തിരിച്ചറിയുമ്പോള്‍ ഓടിച്ചെന്നു ഞാന്‍ അപ്പുറത്തെ മുറിയിലെ കട്ടിലില്‍ ചെറു പുഞ്ചിരിയില്‍ ഉറങ്ങുന്ന എന്റെ പൊന്നു മക്കളെ നോക്കി.
ഭിക്ഷാടകരായ ഓരോരുത്തരുടെയും ചിരി മാഞ്ഞു പോയ കുട്ടികളുടെ മുഖങ്ങള്‍ എന്റെ ഓര്‍മ്മയിലേക്ക് വന്നു. എന്റെ പൊന്നു മക്കളുടെ മുഖത്തും നേരത്തെ കണ്ണാടിയില്‍ ഞാന്‍ കണ്ട എന്റെ നിര്‍വ്വികാരത ഇന്നുള്ള പുഞ്ചിരിയെ കീഴടക്കി അവിടെ സ്ഥാനം പിടിച്ചു പോകുന്ന ദുരന്തം.. അതിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്നേ ഉണ്ടായിരുന്നില്ല.
ആ നിമിഷം തന്നെയായിരുന്നു. അന്ന് വരെ എന്നെ പൊതിഞ്ഞു നിന്ന നിര്‍വ്വികാരത കണ്ണീരായും പ്രാര്‍ത്ഥനയായും ഒഴുകി പുറത്തു പോയതും... അന്നത്തെ രാത്രി എന്റെ ഉറക്കം പോയതുകൊണ്ടാണ് ഞാന്‍ പിന്നത്തെ പ്രഭാതം മുതല്‍ ചില്ലറകള്‍ വാരിക്കൂട്ടി കയ്യെത്തുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതും, ഇടം കണ്ണിട്ടല്ലാതെ നീളുന്ന കൈകള്‍ക്കും , ഉയരുന്ന മുഖങ്ങള്‍ക്കും നേരെ നോക്കാന്‍ തുടങ്ങിയതും. മുഖത്തു ഞാന്‍ പോലുമറിയാതെ ഏതോ പുഞ്ചിരി വിരിയുന്നതായി എനിക്ക് തോന്നാന്‍ തുടങ്ങിയതും. . . . . . .
Subscribe to:
Post Comments (Atom)
നന്ന്, പക്ഷെ വിവേചനം വേണം...(കഥയിലെ നായികയ്ക്ക്!!!)
ReplyDelete:)
Delete#ശബ്ന ബുദധീ ഹിമാലയതേകാള്‍ വെലുതാകുകയും ഹ്രദയം അണുവേകാള്‍ ചെറു താകുകയും ചെയ്ത ഒരു കാലതാണ് നാം ജീവികുനനത്. ഹ്രദയങള്‍ മലബാര്‍ സിമെെന്‍റ പോലെ ഉറചിടങളില്‍ നിര്‍വീഗാരതയാണ് ഉല്‍പതീകെപെടുനനത് .ശബ്നാ....നിനനില്‍ ആര്‍ദ്രദയുളള ഹ്രദയതെ കാണുനനു ...... കുറിപ് ഗംബീരം
ReplyDeleteനന്ദി :)
Delete:)
ReplyDeleteഇന്നത്തെ കമ്പോള സംസ്കാരത്തില്‍ ഈ നിര്‍വികാരത തന്നെയാണ് എല്ലാവരുടെ മുഖത്തും വായിചെടുക്കാനാവുക . എന്നാല്‍ ,
ReplyDeleteചുറ്റുപാടുകളോട് നാം പുലര്‍ത്തുന്ന നിര്‍വികാരത പക്ഷെ നമ്മുടെ ഇല്ലായിമക്ക് മുന്നില്‍ ഉണ്ടാവുന്നില്ല. ഒരു മിനിറ്റ് നെറ്റ് കട്ട് ആയാല്‍ അറിയാം നമ്മുടെ അസ്വസ്ഥത !
സോദ്ദേശ രചനക്ക് ആശംസകള്‍