Saturday, 7 August 2010

സ്വപ്നങ്ങള്‍ക്ക് ചിറകൊടിയുന്നത്‌.........




ആറ്റു നോറ്റു കിട്ടിയ കനിയായിരുന്നു അവന്‍. വളരെ നാളുകളുടെ പ്രാര്‍ത്ഥനാ ഫലം. അവന്റെ വരവോട്കൂടി അവരുടെ ജീവിതം മാറി മറിഞ്ഞു. എല്ലായ്പോഴും സന്തോഷം തിര തല്ലി. അവരുടെ സ്വപ്നങ്ങളുടെ സുന്ദര രൂപമായിരുന്നു അവന്‍. അതു കൊണ്ടാണ് ഏറ്റവും നല്ല വിദ്യാഭ്യാസം തന്നെ അവന് വേണ്ടി ഏര്‍പാടാക്കിയത്. ആരെയും അല്‍ഭുതപ്പെടുത്തും വിധമുള്ള ബുദ്ധികൂര്‍മ്മത ചെറുപ്പത്തിലേ തന്നെ അവനെ വലിയ അറിവുകള്‍ക്കുടമയാക്കി. ബാല്യത്തില്‍ തന്നെ അവന്‍ വേദഗ്രന്ഥവുമായി അടുപ്പത്തിലായി. ഭൌതിക വിദ്യാഭ്യാസത്തിലും അവന്‍ മുന്നില്‍ തന്നെയായിരുന്നു. ആത്മീയതയും ഭൌതികതയും അവന്റേയുള്ളില്‍ അനുപാതം പാലിച്ചു ചേക്കേറിക്കൊണ്ടിരുന്നു. എളുപ്പം വഴങ്ങുന്ന അറിവുകള്‍ പക്ഷേ അവനില്‍ അഹങ്കാരത്തിന്റെ ചെറു ലാഞ്ചന പോലും ഉണ്ടാക്കിയില്ല. ആരെയും അസൂയയിലാഴ്ത്തുന്ന വിധം ഒരു മകനെ തന്നതില്‍ അവന്റെ മാതാപിതാക്കള്‍ പ്രപഞ്ച നാഥനോട് നന്ദിയോതി.
അതിസുന്ദരമായൊരു കവിതയെന്നവണ്ണം അവന്റെ ബാല്യവും കൌമാരവും കഴിഞ്ഞുപോയി. അവന് വിവാഹപ്രായമായി. അവന് യോജിച്ച ഇണയെ അവന്‍ തന്നെ കണ്ടെത്തി. ഒരു ദരിദ്ര കുടുംബത്തിലെ അനാഥയായൊരു പെണ്‍കുട്ടി. ആര്‍ഭാടങ്ങളൊന്നുമില്ലാതെ എല്ലാവരുടെയും അനുഗ്രഹത്തോടുകൂടി അവളവന്റെ മണവാട്ടിയായി. മാതൃകാപരമായ ദാമ്പത്യമായിരുന്നു അവരുടേത്. ദൈവത്തെ സ്മരിച്ചും അവനു സ്തുതി ചൊല്ലിയും അവര്‍ ഇഹത്തിന്റെ മായാവലയതില്‍ നിന്നും രക്ഷ നേടി. സമ്പന്നതയിലും സഹജീവികളെ മറക്കാതെ അവരുടെ വലതുകൈ നീണ്ടുകൊണ്ടിരുന്നു. വൈകാതെ അവര്‍ക്ക് ഒരോമന കുഞ്ഞു പിറന്നു. സന്തോഷവും സൌഭാഗ്യവും ആ കൊച്ച് കുടുംബത്തില്‍ കളിയാടി. മൂന്നുതലമുറയും കൂടി സ്നേഹത്തിനു പുതിയമാനങ്ങള്‍ നല്‍കി.
അങ്ങനെയിരിക്കയാണ്‌ വളരെ നാളുകളായി ആ കുടുംബതതിന്റെ നന്മയില്‍ അസൂയപൂണ്ടിരുന്ന പിശാചിനു ആ സന്തോഷം തകര്‍ക്കാനോരവസരം ലഭിച്ചത്‌. ഹൃദയത്തില്‍ നന്മയുണ്ടായിരുന്നത്‌കൊണ്ടാവണം ആ യുവാവ്‌ ചെകുത്താന്റെ പ്രഥമ ശത്രുവായി മാറിയത്‌. മതത്തെ ചൊല്ലിയുള്ള വചന യുദ്ധങ്ങള്‍ പുതിയ തരംഗമായിരുന്നതിനാല്‍ തീവ്രവാദം തന്നെ പിശാചു തിരഞ്ഞെടുത്തു. കാശ്മീരു മുതല്‍ കന്യാകുമാരി വരെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുമായി അവനു ബന്ധമുണ്ടെന്നവര്‍ വാദിച്ചു. ഘട്ടം ഘട്ടമായി ചെന്നായ്കൂട്ടം അവന്റെ കുടുംബത്തെ വളഞ്ഞു. അവസാനം എല്ലാം ശിഥിലമായപ്പോള്‍ പ്രസ്താവനഇറങ്ങി. 'അന്വേഷണത്തിലെ അപാകത മൂലം സംഭവിച്ച് പോയത്‌.!!'

3 comments:

  1. super .... nice story.....
    recent issues.....!!!

    ReplyDelete
  2. നമുക്ക് ചുറ്റും നടക്കുന്നതും ഇതു തന്നെ. മുഖത്ത്‌ താടി ഉണ്ടെങ്കില്‍ അല്ലെങ്കില്‍ പേരിനോപാം ഒരു ഖാന്‍, അല്ലെങ്കില്‍ മുഹമ്മദ്‌ ഉണ്ടെങ്കില്‍ അവന്‍ തീവ്രവാധി ആയി. അല്ലെങ്കില്‍ എങ്ങനെയെങ്കിലും ആക്കും. ചെറു കധ കൊണ്ടാണെങ്കിലും ഇതിനെതിരെ നന്നായി പ്രതികരിച്ച ഷബ് നിനാക്‌ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete