Saturday, 5 April 2014

തെന്നല്‍



നിറം ചോര്‍ത്തിക്കളഞ്ഞ
ചേലയും ചുറ്റി,
കോതിയൊതുക്കാത്ത
മുടിയിഴകളെയൊന്നു
പരിഗണിക്കപോലും ചെയ്യാതെ
ഒരു വിധവയെപ്പോലെ,
അലസമായി നീയിതെങ്ങോട്ടാണ്.

നീ സഞ്ചരിക്കുന്ന വഴിയുടനീളം
അന്നൊക്കെ നീ കേട്ടിരുന്നത്
സന്തോഷത്തിന്റെ ശബ്ദങ്ങള്‍.
നിറ സൌന്ദര്യമാര്‍ന്നൊരു
കന്യകയെപ്പോലെ
കളിച്ചു, ചിരിച്ച്,നൃത്തം ചവിട്ടി ,
ചിരി മര്‍മ്മരം കേള്‍പ്പിച്ചു
എല്ലാരേമൊന്നു വട്ടം ചുറ്റി
നീ പോകുമ്പോള്‍,ഓര്‍ക്കുന്നില്ലേ,

അന്നൊക്കെയവര്‍ പുഞ്ചിരിച്ചിരുന്നു.
നിന്നെ സ്നേഹിച്ചിരുന്നു.

ഇന്നെന്തേ ഇങ്ങനെ?
ചിരിയില്ലാതെ, ചന്തമില്ലാതെ
എന്തിനാ ഇങ്ങനെ ഒഴുകുന്നത്
നിന്നെത്തന്നെ നീ എന്തെ
സ്നേഹിക്കാതെ പോകുന്നു?

ഇത്ര മാത്രം വര്‍ണ്ണമറ്റ്,
നിശബ്ദയായതുകൊണ്ടല്ലേ
ഇന്നവര്‍ നിന്നെക്കയറ്റാതെ
കിളിവാതിലുകള്‍,
സാക്ഷയിട്ടുറപ്പിക്കുന്നത്,
നിന്റെ സാമീപ്യമൊന്നു
ശ്രദ്ധിക്കപോലും ചെയ്യാത്തത്.

ആരാണ് നിന്നിലെ നിന്നെ
നിര്‍ജ്ജീവമാക്കിയത്?

മഴവില്ലിനോട്‌ പറയൂ,
നിന്റെ ഉടയാടകള്‍ക്കല്പം
നിറം പകരാന്‍,
മുല്ലവള്ളിയോട് , വിരിയാന്‍ തുടങ്ങുന്ന
മൊട്ടുകള്‍ ചോദിക്കൂ,
നിന്റെ വാര്‍മുടിയലങ്കരിക്കാന്‍.
ചുണ്ടിലൊരല്പം പുഞ്ചിരി വരുത്താന്‍
നിന്റെ പ്രിയപ്പെട്ടവനെപ്പറ്റി ഓര്‍ക്കൂ.
അവന്റെ സ്നേഹത്തെപ്പറ്റി,
അവന്റെയീ ലോകത്തെ
നന്മകളെപ്പറ്റി ചിന്തിക്കൂ.

ഇനി നീ പോകൂ,
കുളിര്‍മ്മയായി ,
മരുഭൂമികളാകുന്ന മനസ്സുകളില്‍
പരിമളം പരത്തുന്ന തെന്നലായി.....

No comments:

Post a Comment