Sunday, 2 January 2011

ആട്ടം


ഇനിയൊരു തിരിച്ചു വരവില്ല തന്നെ
ആട്ടം അതിന്റെ മൂര്‍ദ്ധന്യത്തിലാണ്
തിരിച്ചു വരാനാവില്ലെനിക്കിനി
ഹൃദയത്തിന്റെ ഉള്‍കോണിലെവിടെയോ
നിന്റെ പുഞ്ചിരി നീറുന്നു
അന്ന് നാം പൊട്ടിചിരിച്ചിരുന്നു
പാടവരമ്പില്‍
നാമന്യോന്യം തെറിപ്പിച്ച ചെളിവെള്ളം പോലും
സൌഹൃദത്തിന്റെ പനിനീരായിരുന്നു
നിന്റെ ഉള്ളറകളില്‍ ഞാന്‍ തേടിയത്
സ്നേഹത്തിന്റെ കുളിരരുവിയായിരുന്നു
നിന്നില്‍ ഞാന്‍ എന്നെ കണ്ടിരുന്നു
കൈവിട്ടു പോയിരിക്കുന്നു പക്ഷെ
നിന്നെ, എന്നെത്തന്നെയും
'കേള്‍ക്കേന്ടെനിക്ക് നന്മയോതുന്നതൊന്നും
വേണ്ടായെനിക്ക്
നിന്റെ വരട്ടുതത്വ സംഹിതകളൊന്നും
ലഹരിയിലാണ് ഞാന്‍ ,
ജീവിത ലഹരിയില്‍
ഇന്ന്
ഞാനെടുത്തണിയുന്ന മുഖം മൂടി പോലും
നീ കാണാതിരിക്കുവാനല്ല
നിന്നെ കാണാതിരിക്കുവാനാണ്
കറുപ്പിനെയാണെനിക്കിഷ്ടം
രാവിനാണ് ഭംഗിയേറെ'
ചവിട്ടിയരച്ചത് നിന്റെ സ്നേഹത്തെയല്ല
എന്റെ മനസ്സിനെയാണ്‌

പാല്‍മണം ചുരത്തിയ അമ്മ മനസിനെപ്പോലും
കഴുത്തറുത്ത് കൊന്നു കളഞ്ഞു
വാത്സല്യത്തിന്റെ ശാസനകളെ
ഇരുട്ടില്‍ കുഴിച്ചു മൂടിക്കളഞ്ഞു
വെറുപ്പിന്റെ ശീലയാല്‍ പൊതിഞ്ഞു വച്ചു
വേണ്ടെനിക്ക്, പൈതൃകങ്ങളൊന്നുമേ
നന്മയോതുന്നതൊന്നും
ഏറെ നടന്നു കഴിഞ്ഞു
ഇരുണ്ട വഴിയിലൂടെ
രക്തം മണക്കുന്ന കൈവരികളിലൂടെ
ഏറെ ജീവിതങ്ങള്‍ തകര്‍ത്ത് കഴിഞ്ഞു
ലഹരികളിലേറെ മുങ്ങിക്കഴിഞ്ഞു
കറകളേറെ പുരണ്ടു കഴിഞ്ഞു
തിരിച്ചു വിളികളേറെ കേട്ടതാണ്
മടങ്ങേന്ടെനിക്ക് മടങ്ങാനൊക്കില്ല തന്നെ
ആട്ടം അതിന്റെ മൂര്‍ദ്ധന്യത്തിലാണ്
ആടാം , ഇനിയുമാടാം
തളര്‍ന്നു വീഴും വരേക്കുമാടാം




3 comments:

  1. ഇന്ന്
    ഞാനെടുത്തണിയുന്ന മുഖം മൂടി പോലും
    നീ കാണാതിരിക്കുവാനല്ല
    നിന്നെ കാണാതിരിക്കുവാനാണ്
    ഇഷ്ടമായി...

    ReplyDelete
  2. രക്തം മണക്കുന്ന കൈവരികളിലൂടെ
    ഏറെ ജീവിതങ്ങള്‍ തകര്‍ത്ത് കഴിഞ്ഞു
    ലഹരികളിലേറെ മുങ്ങിക്കഴിഞ്ഞു
    കറകളേറെ പുരണ്ടു കഴിഞ്ഞു


    കവിത നന്നായി

    ReplyDelete
  3. "നിശ്ചയമായും ലഹരി പദാര്‍ഥങ്ങള്‍ എല്ലാം നിഷിദ്ധമാണ്ദരേ
    എന്മകള്‍ ഫാത്തിമ കട്ടാലും ഞാന്‍ വെട്ടും നിര്‍ണയ മകെക്കകള്‍ ശങ്ക വേണ്ട "

    ReplyDelete