Monday, 19 May 2014

മറുവശം



"കീബോര്‍ഡിലെ
തെളിഞ്ഞു കാണുന്ന
വിരുന്നു വന്ന അക്ഷരങ്ങളില്‍
വേഗത്തില്‍ അമരുന്ന
വിരലുകള്‍,
യൂണിക്കോഡ് ഫോണ്ടുകളില്‍
ഒളിഞ്ഞിരുന്നും മറഞ്ഞിരുന്നും
ബഹളം കൂട്ടിയും
വിസ്മയം തീര്‍ത്തും
വിപ്ലവമെഴുതിയും
വിടുവായത്തങ്ങള്‍ എഴുതിക്കൂട്ടിയും
ഒരുപാട് ചിന്തകളെ
ഒഴുക്കി വിട്ടും
മത്സരിച്ചും പാരവെച്ചും
പുകഴ്ത്തിയും തളര്‍ത്തിയും
വീണും വീഴ്ത്തിയും
മുന്നേറുമ്പോള്‍
അതേ വിരലുകള്‍
മനസ്സിനോട് പറയുന്നു,
പേന പിടിച്ച്
എഴുതിയ കാലം മറന്നിരിക്കുന്നു.
മനസ്സു വിരലുകളോട്
രഹസ്യമായി പറയുന്നു,
സ്വന്തം കയ്യക്ഷരം
മറന്നു തുടങ്ങിയിരിക്കുന്നു.
പണ്ടെന്നോ എഴുതിപ്പഠിച്ച
വടിവൊത്ത അക്ഷരങ്ങള്‍
കയ്യിലോതുങ്ങാതെ
തെന്നി മാറുന്നു"
കണ്ണുകള്‍ കൊണ്ട്
ഒപ്പിയെടുക്കുന്ന വായനയെ
വിരലുകളും കീബോര്‍ഡും
പങ്കുവെച്ചെടുത്തപ്പോള്‍
ഉള്‍ക്കോണില്‍ ഇരുന്നാരോ
പതുക്കെ പറഞ്ഞത്.

1 comment:

  1. സത്യം!
    പേന പിടിച്ച് എഴുതുമ്പോള്‍ വിരലുകള്‍ക്ക് വേദന തോന്നുന്നുമുണ്ട്

    ReplyDelete