Thursday, 22 May 2014

കിലുക്കം




നിറയെ മണികളുള്ള
കിലുങ്ങുന്ന പാദസ്വരം,
അതിനേക്കാള്‍ കിലുക്കമുള്ള
പൊട്ടിച്ചിരിയും കുറുമ്പും.
ആരും കാണാതെ
അയല്‍പക്കങ്ങളില്‍ കൊഴുക്കുന്ന
കണ്ണാരം പൊത്തിക്കളിയുടെ
ആരവത്തിലലിയാന്‍
പമ്മിപ്പമ്മിപ്പോകും വഴിയില്‍
ച്ചിലും ശബ്ദം കേട്ട്
വഴി മുടക്കാനെത്തുന്ന
ഉരുട്ടിയ കണ്ണുകളും
വെട്ടിയ പേര വടിയും.
പിന്നെ കരച്ചിലും
കണ്മഷി കലങ്ങലും
പിണക്കം കാണിച്ചൊരു
മൂലയിലിരിപ്പും.

ഓട്ടവും വീഴ്ചയും
മുട്ടുകാലില്‍ ചോരയൊലിപ്പിച്ച്
പേടിച്ചരണ്ടു കരച്ചിലും,
അത് വേണം ഇത് വേണമെന്ന്
അവസരം നോക്കാതെ വാശിയും,
തിരക്കിന്റെയിടയിലും
സ്നേഹം പൊതിഞ്ഞു ഉരുളയുരുട്ടി
വായില്‍ വയ്ക്കുന്ന ചോറില്‍,
നാവുകൊണ്ട്
മീന്‍ വറുത്ത കഷ്ണം തിരഞ്ഞു
കിട്ടാതെ വരുമ്പോള്‍ രോഷവും,

ഒറ്റക്കാണെന്നും
കളിക്കാന്‍ കൂട്ടില്ലെന്നും
തന്നോട് തന്നെ
എണ്ണിപ്പെറുക്കുന്ന നാളുകളില്‍
കൂട്ടിനൊരു ഇളയത്
വരുന്നതിന്റെ സന്തോഷം,
അത്ര നാളും എന്തിലും ഏതിലും
പ്രഥമ സ്ഥാനം
എന്ന് കരുതിയോടത്ത്,
പുതുതായോരാള്‍ വന്നിട്ട്
പുന്നാരമൊക്കെ സ്വന്തമാക്കിയത്തില്‍
കെറുവും കുശുമ്പും.

ചിരിയും കുറുമ്പും കുശുമ്പും
കള്ളക്കരച്ചിലും നോവിന്റെ കണ്ണീരും
ഇടക്കൊക്കെ ഇരുട്ടില്‍ വരുന്ന
ഭയപ്പെടുത്തുന്ന പലതും
സ്വപ്നത്തിലണയുന്ന പൂക്കളും
വര്‍ണ്ണങ്ങളും
പ്രേത കഥകളുടെ ബാക്കികളും
കൂട്ടുകാരോടോത്തുള്ള
വീമ്പു പറച്ചിലുകളും,
പിന്നെ,
ഇനിയും ഓര്‍ത്തിട്ടു കിട്ടാത്ത
പറഞ്ഞാല്‍ തീരാത്ത പലതുമാണ്
ബാല്യം,
ഇനിയൊരിക്കലും തിരികെ വരാത്ത
നിറം വാര്‍ന്നുപോയ
ഓര്‍മ്മകള്‍....

1 comment:

  1. ഇനിയും ഓര്‍ത്തിട്ടു കിട്ടാത്ത
    പറഞ്ഞാല്‍ തീരാത്ത പലതുമാണ്
    ബാല്യം...
    ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete