Wednesday, 20 August 2014

മരുഭൂ..



ഓര്‍ക്കുന്നുണ്ടാവില്ല നീയെന്നെ.
ഞാനും എന്നോ മുതലേ
ശ്രമിച്ചു തുടങ്ങിയതാണ്‌
നിന്നെ മറന്നു കളയാന്‍.
ഇടക്കിതുവഴി പോകുന്ന
കറുത്ത മേഘങ്ങളെയും
അതുകൊണ്ടാണ്
കണ്ടില്ലെന്നു നടിക്കുന്നത്.
അവയിലങ്ങനെ അറിയാതെ
കണ്ണുടക്കിപ്പോകുമ്പോഴും
ഒന്നും പ്രതീക്ഷിക്കാറില്ല കേട്ടോ.
എനിക്കറിയാം, നീയിവിടെ
പെയ്യുകയേ ഇല്ലെന്ന്.
ഒരുപാട് പെയ്തതാണല്ലോ
എന്റെ മേല്‍ നീ.
പച്ചയണിയുന്നതു വെറുതെ
സ്വപ്നം കണ്ടു ഞാന്‍
കുറെയേറെ നനഞ്ഞതുമാണ്.
നിത്യ സഞ്ചാരിയായ നിന്നെ
സ്വന്തമാക്കാമെന്നു
മോഹിച്ചതെന്റെ തെറ്റ് തന്നെ.
ആസക്തികളുടെ മാത്രം
തിമിര്‍ത്തു പെയ്യലിനിടയില്‍
എന്റെ മണല്‍മേനിക്കുള്ളില്‍
സ്നേഹത്താല്‍ മിടിക്കുന്ന
ഒരു ഹൃദയമുന്ടെന്ന കാര്യം
നീ മറന്നു കളഞ്ഞു.
നിനക്കീ മണല്‍ത്തരികളില്‍
ആഴ്ന്നിറങ്ങുക മാത്രമേ
ലക്ഷ്യമായുണ്ടായുള്ളൂ.
അതുകൊണ്ടാണല്ലോ
പ്രണയത്തെ നീ തിരസ്കരിച്ചതും,
ഒരിക്കലും കണ്ടു മുട്ടാത്ത വിധം
പുതിയ പെയ്ത്തിടം തേടി
നീ പോയതും,
ഞാനിവിടെ വരണ്ടുണങ്ങി
ചുടുചുഴലിക്കാറ്റുകളിലൂടെ
ഉറക്കെയലറുന്ന
കൊടും മണല്‍ക്കാടായി മാറിയതും.

1 comment:

  1. മരുഭൂമികള്‍ ഉണ്ടാവുകയാണ്

    ReplyDelete