Saturday, 18 October 2014
ആശംസ.
വഴി മാറി വന്ന കാറ്റ്
മരത്തണലിലിത്തിരി നേരം,
വിശ്രമിക്കാനായ് തങ്ങി,
പിന്നെ,ചുറ്റും വലം വെച്ച്
കഥകള്‍ പറഞ്ഞു തുടങ്ങി.
വന്ന വഴികളില്‍
കാറ്റ് കണ്ട വിശേഷങ്ങള്‍
മര്‍മ്മര ഭാഷയില്‍
മരം കേട്ടിരുന്നു.
അങ്ങകലെയൊരു
സുന്ദര ബിന്ദുവിലേക്ക്
യാത്രയിലാണെന്നും
ചെറു നാണത്തില്‍
കാറ്റ് പറഞ്ഞു നിര്‍ത്തി.
മരമത് കേട്ട് ,ഇലകളനക്കി
ചെറുതായൊന്നു ചിരിച്ചു,
പോകാനൊരുങ്ങുന്ന
കാറ്റിന്റെ ചെവിയില്‍
നേര്‍ത്ത ശബ്ദത്തില്‍
ആശംസകളറിയിച്ചു.
നന്ദി പറഞ്ഞു
കാറ്റ് പാറിയകന്ന
അദൃശ്യ വഴിയിലേക്ക് നോക്കി
മരം മന്ദഹസിച്ച് നിന്നു.
താഴെ ആഴത്തില്‍ താഴ്ന്ന്
ഉറഞ്ഞു പോയ വേരുകളെ
ഓര്‍മ്മയില്‍ വന്ന നേരം
പതിയെ ഉലഞ്ഞാ മരം
കിളികളെ കാത്തു നിന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment