മണവും നിറവും,മധുവും മനവും
നുകരുവാനായ് വണ്ട് പാറി വരും
മധുവെല്ലാം തീരുമ്പോള്‍,
നിറം മങ്ങി വാടുമ്പോള്‍
പൂമ്പൊടിയും പൂമണവും
തീരെയില്ലാതാവുമ്പോള്‍
മുള്ളുകള്‍ മുഴുവനും ഇതളുകളിലെറിഞ്ഞിട്ട്
മാറി നിന്നാ വണ്ട് ചിരിക്കും,പിന്നെ
അപവാദത്തിനമ്പുകള്‍ തൊടുക്കും
ഒരുപാട് വണ്ടുകളെ മധുവൂട്ടിയവള്‍ നീ
വിശുദ്ധിയില്ലാത്തവള്‍,
പ്രണയമര്‍ഹിക്കാത്തവള്‍
വാടി വീണേക്കുക,വിരഹം സഹിക്കുക
ഇനി നീ എനിക്കൊരു ചീഞ്ഞ പൂവ്
തറയുന്ന മുള്ളുകളെ നോക്കിയാ പൂവ്
ദയനീയമായ് ഒന്ന് തേങ്ങും,പിന്നെ
മുറിവേറ്റ ഇതളുകളിലെ രക്തം തുടച്ച്
പതിയെയവള്‍ താഴേക്കു പൊഴിയും
മങ്ങുന്ന കാഴ്ചയില്‍ അവസാനം വരേയ്ക്കും
വണ്ട് മാത്രം തങ്ങി നില്‍ക്കും
പ്രണയ രാഗത്തില്‍ അത് മൂളിയ പാട്ടുകള്‍
ഓര്‍മ്മയിലെന്നും ജീവിക്കും

