Monday, 6 August 2012

ചുഴി

ചിന്തകള്‍ മനസ്സിലോരുപാട് 
വമ്പന്‍ ചുഴികള്‍ തീര്‍ക്കുമ്പോള്‍ 
പെട്ട് പോകാതിരിക്കാന്‍ 
ഹൃദയ ഭിത്തിയുടെ  
അരുകില്‍ അള്ളിപ്പിടിക്കും നാം

തള്ളിയിടാന്‍ നോക്കും 
വേദനയുടെ ഒരാന്തലിനെക്കൊണ്ട്
കരയാന്‍ പറഞ്ഞു 
കരളിലെ വേദന 
കാലുകളെ പിടിച്ചു വലിക്കും

ഇടറരുത് കൈകള്‍,
അയഞ്ഞേക്കരുത് കാല്‍കള്‍
തടുത്തേ വച്ചേക്കുക 
തുളുമ്പുന്ന കണ്ണുകള്‍

ഒടുവില്‍ കൈ തളരുമ്പോള്‍
ഹൃദയം പുകഞ്ഞെരിയുമ്പോള്‍
നനവ്‌ മൂടുന്ന കണ്ണുകളെ
നിറഞ്ഞൊഴുകാന്‍ വിട്ടേക്കുക
ഇരുട്ടിന്റെ മറവില്‍.......



Tuesday, 24 July 2012

വ്രതം


ഐക്യ ധാര്‍ട്യമാണത്
വിശന്നു പൊരിഞ്ഞ്,
രക്തം കണ്ണു നീരായൊഴുകുന്നവനോട്
ഒരു നേരം പശിയടക്കാന്‍
അന്യനു മുന്‍പില്‍ കൈ നീട്ടുന്നവനോട്

പാഠമാണത് ,
ധൂര്‍ത്തിലും
പണക്കൊഴുപ്പിലുമില്ലാത്തത്
വയറെരിയുംപോള്‍ കൈവരുമെന്നു

ചൊല്ലിക്കൊടുക്കലാണത്,
വിശപ്പിനു നന്മയാകാന്‍,
ത്യാഗത്തിനു പുണ്യമാകാന്‍ കഴിയുമെന്ന്

വിഭവങ്ങളുടെ ഗന്ധത്തില്‍,
കൊഴുപ്പുള്ള അന്നത്തില്‍,
ഉപേക്ഷിക്കാനുള്ളതല്ലാ,

സ്വരുക്കൂട്ടലാണാ പുണ്യം
നാളേക്കുള്ള വിചാരണയില്‍
മലക്കുകള്‍ക്കുള്ള രേഖയും....

Wednesday, 4 July 2012

ധര്‍മ്മം..


എണ്ണിത്തീരാത്തത്ര 
കാര്യങ്ങള്‍
എണ്ണിപ്പറയാന്‍ 
വെറുതെ ശ്രമിക്കുന്ന
വിരലുകള്‍

തന്നുള്ളത്തിലേക്ക് 
നീളാതെ
ചുറ്റിലേക്കും ചൂണ്ടുന്ന
ചൂണ്ടു വിരല്‍

ഞാനില്ലാതെ
ഇവരില്ലെന്നറിഞ്ഞു
ഊറ്റം കൊള്ളുന്ന
പെരു വിരല്‍

എന്നും
തഴയപ്പെടാനായ്‌
ഞാനെന്തിനെന്നാരാഞ്ഞു
നടുവിരല്‍

വളയമിട്ടുറപ്പിച്ച
ഉറപ്പില്ലാത്ത 
ബന്ധത്തെ നോക്കി
ഊറിച്ചിരിക്കുന്ന
മോതിര വിരല്‍

കള്ളങ്ങളായുള്ളില്‍ 
കയറി പറ്റിപ്പിടിച്ച 
മെഴുക്കിനെ
ഇളക്കിക്കളയാന്‍ 
ഒരു ചെറു വിരലും

ഒത്തൊരുമിക്കുന്നതോ
വെറും
ഇല്ലായ്മകളെ
കൈക്കുള്ളിലൊതുക്കാനും

Monday, 18 June 2012

ആകാശച്ചേര്‍ച്ചകള്‍



ആകാശത്ത്‌ എഴുതാനൊക്കുമോ?
കടുനീല വര്‍ണ്ണ പ്രതലത്തില്‍,
കണ്ണുകളാല്‍ കവിതയെഴുതാന്‍?
മനസ്സുകൊണ്ട് ചിത്രം വരക്കാന്‍? 
ചുവപ്പ് പടരുന്ന നേരത്ത്
ശോകമാര്‍ന്നൊരു രാഗം കുറിക്കാന്‍ 
ഇരുണ്ടുമൂടി തുടങ്ങുമ്പോള്‍
കറുത്തു പോകുന്ന മാനത്തു 
താരങ്ങള്‍ തുന്നിച്ചേര്‍ത്തു 
ഭാവനയിലൊരു പട്ടുറുമാല് തീര്‍ക്കാന്‍?
കണ്ണടയാന്‍ തുടങ്ങുമ്പോഴും
വിരിയുന്ന പുഞ്ചിരിയോടെ 
ആകാശങ്ങളേഴിനുമപ്പുറത്തേക്കൊരു 
സ്തുതിഗീതം കുറിച്ചു വിടാന്‍??



നഷ്ട സൌഹൃദം


അടുത്തിട്ടും 
അറിയാതെ പോയ
ഏതോ ഒന്ന്
നമുക്കിടയില്‍പ്പെട്ടു
ശ്വാസം മുട്ടിയിരുന്നു
അറിയുമ്പോളൊക്കെയും 
നാമിരുവരും
അതിനെ നോക്കി
കൊഞ്ഞനം കുത്തി
ഒടുവില്‍ പിരിയുമ്പോഴും
പാവം,
അനാഥമായ സൌഹൃദം
ഒറ്റക്കിരുന്നു
കണ്ണ്നീര്‍ പൊഴിച്ചു


Thursday, 7 June 2012

ഒന്നര ഗ്രാമിന്റെ സ്വര്‍ണ്ണത്തിനായി കൊല്ലപ്പെട്ടവള്‍...



നാല് വയസ്സുകാരി രമ്യ ശ്രീയെ മരണത്തോട് കൂട്ടുകൂടാന്‍ പറഞ്ഞയച്ചത് ലക്ഷ്മിയാണ്‌.അതും ആ കൊച്ചു കാതുകളില്‍ കിടന്ന ചെറിയ സ്വര്‍ണ്ണ മൊട്ടുകള്‍ക്ക് വേണ്ടി.ഒന്നര ഗ്രാമിന്റെ സ്വര്‍ണ്ണക്കമ്മല്‍ കുട്ടിയുടെ കാതുകളില്‍ കണ്ട ലക്ഷ്മിയെന്ന പിശാചാണ് കുട്ടിയേയും കൂട്ടി വിജനമായ ശ്മശാനത്തിലെത്തി അവളെ നിഷ്കരുണം കൊന്നു കളഞ്ഞത്.ഒരു നൈലോണ്‍ കയറുകൊണ്ട് അവള് കവര്‍ന്നെടുത്തത് ഒരു കുഞ്ഞു ജീവനാണ്.അച്ഛനമ്മമാരുടെ കണ്ണുകളില്‍ പാറി നടന്ന ചിത്ര ശലഭം.മൂന്നുമക്കളുള്ള ഒരുത്തിയാണ് ലക്ഷ്മി.എന്നിട്ടാണവള്‍ ആ കുഞ്ഞിന്റെ ജീവന്‍ കൂസലന്യേ ഇരുത്തു കളഞ്ഞത്...

Kin of the four-year-old girl wailing in city on Wednesday.

Wednesday, 6 June 2012

ലേലം വിളിച്ചു വിളിച്ചു.....




അഭിനേത്രിയും സിനിമാ നിര്‍മ്മാതാവുമായ പൂജാ ഭട്ട് അടുത്തിടെ പ്രഖ്യാപിച്ചുവത്രേ, പാവങ്ങളെ സഹായിക്കുന്നതിനായി പണമുണ്ടാക്കാന്‍ പ്രശസ്തരായ അഭിനേതാക്കളുടെ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ലേലത്തിന് വില്‍ക്കുന്നു പോലും. സണ്ണി ലിയോണ്‍, രണ്ദീപ് ഹൂട,അരുണോദയ് സിംഗ് തുടങ്ങിയ ചൂടന്‍ താരങ്ങളുടെ അടിവസ്ത്രങ്ങളായിരിക്കും പാവങ്ങള്‍ക്ക് അന്നം നേടിക്കൊടുക്കാനായി ലേലത്തിന് വെക്കപ്പെടുക.പരിപാടിയെക്കുറിച്ചു  പൂജ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഭട്ടിന്റെ പുതിയ ചിത്രമായ Jism 2  വിന്റെ ഔദ്യോഗിക നെറ്റ് വര്‍ക്കില്‍  സണ്ണി ലിയോനെയുടെ ചൂടാനൊരു പടവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇത്രയും പോരെ... തുണിയഴിക്കലിലെ നന്മയെന്നാണത്രെ അവരതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 
എന്തുകൊണ്ട് അടി വസ്ത്രങ്ങള്‍ എന്നാ ചോദ്യത്തിന് അവയെക്കാള്‍ മാര്‍ക്കറ്റ്‌ വേറൊന്നിനും കിട്ടുകയില്ലാ എന്നും ഭട്ട്മ റുപടി പറയുന്നു.ഓണ്‍ലൈന്‍ ആയിട്ടായിരിക്കും കച്ചവടം.നടീ നടന്മാരുടെ ഓട്ടോഗ്രാഫും വസ്ത്രതോടോപ്പമുണ്ടാകും.പോരെ പൂരം? എന്തായാലും കൊള്ളാം.ഈ 'ചാരിറ്റി' പരിപാടിക്ക് ധാരാളം കാശ് കിട്ടുമെന്നുള്ളത് ഉറപ്പായി.അല്ലെങ്കിലും ശരീരം വച്ചു പോലും ലേലം വിളിക്കുന്ന ഇന്നത്തെ ലോകത്ത് ഇതൊന്നും വലിയ അത്ഭുതമോന്നുമല്ല.അല്ലെ?

Pooja Bhatt

Thursday, 31 May 2012

ജീവിക്കാന്‍..



നിണ  നിറമുള്ള ലോകത്ത് 
നിറമുള്ള കൊടി വേണ്ട 
ജീവിക്കാനെനിക്ക്
ആഞ്ഞു വീശുന്ന,
വെട്ടിപ്പിളര്‍ക്കുന്ന,
ഭയമില്ലാ കൊടുവാളിനെ
ഭയക്കാതെ ജീവിക്കാനും
കനവുകളുടെ കരളില്‍
കുത്തിയിറങ്ങുന്ന കത്തിയുടെ 
അറ്റത്തൊടുങ്ങാതിരിക്കാനും
കരുതേണ്ടിയിരിക്കുന്നു
ഭ്രാന്താലയത്തില്‍
ഭ്രാന്തില്ലാതെ ജീവിക്കാനും 
 

വീട്  



ഒരുപാടൊരുപാട്
സ്വപ്നങ്ങളുടെ കൂട്ടാണ് 
ചിരിയും കരച്ചിലും
മാറി വരാറുണ്ട്
വയര്‍ നിറയാറില്ലേലും 
നിറയാറുണ്ടത്  മനസ്സാണ്
എല്ലാരുമൊന്നിക്കുമ്പോള്‍ 
വീടല്ലത് സ്വര്‍ഗ്ഗമെന്ന് 
പലരും ചൊല്ലാറുണ്ട്  



കുട

കരുതാനൊരു

കാരണമായിരുന്നു

പണ്ട് കുട

ചേര്‍ത്തു പിടിക്കുന്ന 

നല്ല സ്നേഹവും

ഇന്നത്‌ പക്ഷെ

കൈക്കുള്ളില്‍

ഒതുങ്ങാനൊരു 

ആര്ഭാടമായ് പോയി

Wednesday, 30 May 2012

അപരിചിത




ഞാന്‍ എനിക്ക് തന്നെ 
പരിചിതയല്ലാതാകുന്നത്
സ്വയം എവിടെയോ 
നഷ്ടപ്പെടുമ്പോഴാണ് 
ചിന്തിച്ചു ചിന്തിച്ചു
ചിന്തിക്കാനിനിയോരിടവും
ബാക്കിയില്ലാതെ
സ്വന്തത്തോടും ചിന്തകളോടും
യാത്ര പറഞ്ഞു 
ചിന്തയില്ലായ്മകളോടലിയുമ്പോള്‍  
എനിക്കെന്നോടു തന്നെ 
പറഞ്ഞു ചിരിക്കേണ്ടി വരുന്നു
ഞാനൊരപരിചിത


Saturday, 26 May 2012

കണ്ണ്



ഇമ വെട്ടാതെ 
നോക്കാന്‍ മാത്രമല്ല
വഴി തെറ്റാതെ 
കൂടി നോക്കണം
തുറന്നു കാണണം
അകത്തെ
അറിഞ്ഞു കാണണം
ചുഴിഞ്ഞു ചെല്ലണം
കാഴ്ച്ചയുടെ,
ഉള്ളില്‍ തറക്കണം


Thursday, 24 May 2012

'ബാല്യ സൂര്യന്‍'


മങ്ങിയിരിക്കുന്നു വാനം
രാവിലെയുദിച്ചുള്ലാര്യന്‍ 
പിണങ്ങിയതായിരിക്കും
പിന്നെയങ്ങോട്ടിരുട്ടാണിവിടം
വിളിച്ചു നോക്കി 
പലവട്ടം പ്രഭാതത്തെ
കോപമാണെന്ന് തോന്നുന്നു
പിണങ്ങിപ്പോയിരിക്കുന്നു പ്രഭാതം
ഞാനിനിയെങ്ങനെ ചിരിക്കും,
വെളിച്ചമില്ലാത്തയീ നേരത്ത്
എന്റെ ചിരിക്കിവിടെയെന്തുണ്ട് കാര്യം
വിസ്മരിക്കപ്പെടേണ്ടവള്‍ ഞാന്‍
ഇനിയെന്തിനൊരു പ്രഭാതത്തെയോര്‍ത്തു
കണ്ണുനീര്‍ വാര്‍ക്കുന്നു,
മടങ്ങി വരാത്ത പ്രകാശത്തെ 
തിരിച്ചു ചെന്ന് പെറുക്കിയെടുത്താല്‍  
ഭ്രാന്തെന്ന് കണ്ടവര്‍ ചൊല്ലും
എങ്കിലും ഉള്ളമറിയാതെ കൊതിക്കുന്നു
വീണ്ടുമാ നല്ല 'കാലത്തെ'..

Saturday, 19 May 2012

ചുവട്

പൂഴിയിലമര്‍ന്ന കാല്‍പാടുകള്‍ക്ക്
ഒരുപാട് കഥകള്‍ പറയാനുണ്ട്
ചെരുപ്പിന്റെ സംരക്ഷണമില്ലാതെ 
മണ്ണിനെ ചുംബിച്ച കഥ,
മണല്‍ത്തരികള്‍ പറഞ്ഞ 
യാത്രകളുടെ കഥ
താണ്ടിയെത്തിയ ദൂരങ്ങളുടെ കഥ
ഓടി നേടിയ  നേട്ടങ്ങളുടെ കഥ
ചവിട്ടിക്കയറിയ സ്വപ്ങ്ങളുടെ കഥ
ഇടര്‍ച്ചകളുടെ കഥ
പിന്തുടര്‍ച്ചകളുടെ കഥ
ഒടുവിലീ ഏകാന്തതയിലവസാനിക്കുന്ന
മടുപ്പുണര്‍ത്തുന്ന  
ചുവടു വെയ്പുകളുടെ കഥയും


Thursday, 17 May 2012

വെളുത്ത വരകള്‍




നരച്ച മനസിലെ 
സ്നേഹവരകള്‍ 
കറുത്ത   കണ്ണുകള്‍ 
കാണാതെ  പോയത് 
കാലം  വിരിച്ചിട്ട 
കറുത്ത മറ  കാരണമാണ് 
നരച്ച  കണ്ണിലെ 
നനവറിയാതെ പോയതും.
കറുത്ത  ശീലയൊരിക്കല്‍  
നരച്ചു പിന്നിപോകും 
കറുത്ത  ലോകമന്നാ 
നരയെ നോക്കി പല്ലിളിക്കും



Thursday, 3 May 2012

രാത്രി ശലഭങ്ങള്‍



ഒരു നുറുങ്ങു വെട്ടമാണ്  
ദൂരെ കാണുന്നതെങ്കിലും  
തേടി പറക്കുമ്പോള്‍ 
കട്ട കുത്തുന്ന ഇരുട്ടില്‍ 
നിശാ ശലഭങ്ങള്‍ക്ക് വഴി തെറ്റാറില്ല
നിറമില്ലായ്മയുടെ വേദനയില്‍
മതിലിനെ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ 
ആരെയും പഴിക്കാറുമില്ല
എന്നിട്ടും 
വിളിക്കാതെ വന്നവനെയെന്നപോലെ
വെളുപ്പിന്റെ പ്രതലത്തില്‍ 
പതുങ്ങിയിരിക്കുന്ന  ശലഭത്തെ 
വെറുപ്പോടെ നോക്കാറുണ്ട്  പലരും 
അറിയാതെ വഴി തെറ്റി 
പകലിലെങ്ങാനും പെട്ട് പോയാല്‍
സ്വയം ശപിക്കും രാത്രി ശലഭങ്ങള്‍
പകലിന്റെ ഇരുട്ടില്‍ 
കൌതുകമുള്ള കൊച്ചു വിരലുകളാല്‍ 
ജീവന റ്റു  പോകുന്ന ജന്മത്തെ ഓര്‍ത്ത്‌..

Friday, 27 April 2012

മത സ്നേഹികളേ ഇതിലേ ഇതിലേ..




ഒരുപാട് യുക്തിവാദി സുഹൃത്തുക്കള്‍ എനിക്ക് ഇന്റര്‍നെറ്റ്‌ മുഖേന ഉണ്ട്. അവര്‍ എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ ഞാന്‍ എന്റെ  ഓണ്‍ലൈന്‍ സുഹൃത്തുക്കളില്‍ കണ്ടത്തില്‍ വച്ചു  ഏറ്റവും വലിയ  ഇസ്ലാം  വിരോധിയാണ്  സാബിറ ബിന്‍ത് .പല  മുസ്ലിം  സഹോദരങ്ങളും  അവരുടെ അസഭ്യങ്ങള്‍ നിറഞ്ഞ പോസ്റ്റുകള്‍ കാരണവും മറ്റുമായി സഹികേടിലായി  ഫ്രണ്ട് ലിസ്റ്റില്‍ നിന്ന്   ഒഴിവാക്കിയതുമാണ്  അവരെ.. അവര്‍ ഇസ്ലാമിനെതിരെ (മാത്രം) വൃത്തികേടുകള്‍ പറയാനും പ്രകോപിതരാക്കാനും വേണ്ടിയാണ് മുസ്ലിമെന്നു  തോന്നുന്നവര്‍ക്കൊക്കെ റിക്വസ്റ്റ് അയക്കുന്നത്. അവരുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് അവര്‍ ഒരു പ്രത്യേക മതത്തെ മാത്രമേ കുറ്റം പറയുന്നുള്ളൂ. ആ കുറ്റം പറയലാകട്ടെ കേള്‍ക്കാനറക്കുന്നതും വളരെ അസഹനീയവുമാണ്‌. സ്വന്തം മതത്തെ ഒരല്‍പമെങ്കിലും സ്നേഹത്തോടെ കാണുന്ന ആള്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണ് അവരുടെ തെറി വിളികള്‍. അവരുടെ വാള്‍ പോസ്റ്റുകളെല്ലാം പരിശോദിച്ചപ്പോള്‍ ഒരുപാട് പേരുടെ കമന്റുകള്‍ കണ്ടു. പലതും അവരുടെ തെറ്റിദ്ധാരണകള്‍ മാറ്റിക്കൊടുക്കാന്‍ സംയമനത്തോടെ ശ്രമിക്കുന്ന മുസ്ലിം സഹോദരന്മാരുടെയും സഹോദരിമാരുടെയും കമന്റുകള്‍. എന്നാല്‍ സാബിറയാകട്ടെ ആ മറുപടികളെ വളച്ചൊടിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.ചിലരാകട്ടെ സഹിഷ്ണുത കൈവിട്ടു രോഷത്തോടെ പ്രതികരിക്കുകുന്നതായും ആ കമന്റുകള്‍ വീണ്ടും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കും വിധമായി മാറുന്നതും കണ്ടു. സത്യത്തില്‍ ഇതൊക്കെ കണ്ടപ്പോള്‍ എനിക്കും തിളച്ചു ചോര. പിന്നെ  മനസ്സിലാക്കി. ഇത് സാബിറയുടെ ഇസ്ലാമിനെപ്പറ്റിയുള്ള സംശയങ്ങളോ തെറ്റിദ്ധാരണകളോ അല്ല. മറിച്ചു ഒരു പ്രത്യേക മതത്തെ ചെളി വാരിത്തെക്കാനുള്ള നാണം കേട്ട കുതന്ത്രമാണ്. അവരുടെ കമന്റുകളില്‍ അവര്‍ ഇസ്ലാമിനെ അസഭ്യം പറയുകയും മറ്റു മതങ്ങളെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. ഇതൊരു വലിയ കളിയുടെ ഭാഗമാണ്.   ഇതിനെതിരെ എങ്ങനെ പ്രതികരിക്കും എന്നാ ആലോചനക്കൊടുവില്‍ ഞാനും അവരുടെ പോസ്റ്റുകള്‍ക്ക്‌ കമന്റ്‌ ഇടാന്‍ തുടങ്ങി.അസഭ്യമോ ചീത്ത വിളികളോ ഒന്നും ഞാന്‍ ഉപയോഗിച്ചില്ല. അവരുടെ സംശയങ്ങള്‍ തിരുത്താനോ നിന്നില്ല. ഒന്ന് രണ്ടു സ്മൈലികള്‍ ( :P , :/, :D, ),പിന്നെ അവരുടെ ശ്രമത്തെ നിഷ്കരുണം അവഗണിക്കും തരത്തിലുള്ള  ഒരു  'ഹിഹിഹി ' ഒപ്പം അവരുടെ പോസ്റ്റുകളെ ശ്രദ്ധിക്കാത്ത തരത്തില്‍ ഉള്ള കമന്റുകള്‍. അത് മാത്രം കാരണമായിക്കൊണ്ട് അത്ഭുതകരമെന്ന് പറയട്ടെ  സാബിറ ഞാന്‍ കമന്റ്‌ ഇടാന്‍ തുടങ്ങി രണ്ടാം ദിവസം എന്നെ ഒഴിവാക്കി. മുസ്ലിം സഹോദരങ്ങളെ പ്രകോപിപ്പിക്കുക, അവരെകൊണ്ട്  ദേഷ്യത്തില്‍ കമന്റ്‌ ചെയ്യിപ്പിച്ചു കൊണ്ട്   ഇസ്ലാമിനെ  വീണ്ടും  തരാം  താഴ്ത്തുക , ഇതൊകെ  ആണ്   ഇത്തരം   ആളുകള്ടെ  ലക്‌ഷ്യം. അതൊരു 'സാബിറ ബിന്‍ത്'  അല്ല.ഒരു യുക്തി വാദിയുമല്ല. തീവ്ര മത വാദം കൊണ്ട് നടക്കുന്ന ചിലരുടെ ആണും പെണ്ണും കെട്ട രൂപമാണ്. അത്കൊണ്ട്   അത്തരം പോസ്റ്കളെ  തീരെ  വില  കൊടുക്കാത്ത   രീതിയില്‍ കമന്റ്‌  ഇടുകയോ ഒഴിവകുകയോ ചെയ്തെകുക , താനേ  താഴ്ന്നു  കൊല്ലും  വിഷം  ചീറ്റുന്ന   അവരുടെ  പത്തികള്‍ ! നമ്മുടെ സഹികെട്ട കമന്റുകളാണ് അവരുടെ ആവശ്യം.അതിലാണ് അവരുടെ ലഹരിയും....!!!
ഇത് ഇതു മത വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചാലും ഒരു മോശം സ്വഭാവമാണ്. നമ്മുടെ മതത്തെ സ്നേഹിക്കുന്നത് പോലെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും വേണ്ടതല്ലേ? ആ ഒരു പാഠം പുസ്തകങ്ങളില്‍ നിന്ന് മാത്രം ലഭിക്കുന്നതല്ല. മത പാഠ ശാലകളിലും കൂടി പഠിപ്പിക്കുന്നതാണ്. ആ ഒരു അറിവിനെ ഉന്മൂലനം ചെയ്തുകൊണ്ട് ഇത്തരം ചെറ്റത്തരത്തിനു ഇറങ്ങി തിരിക്കുന്ന സഹോദരന്മാരോട് എനിക്ക് പറയാനുള്ളതും ഇത് തന്നെയാ. ഇത് എന്റെ കണ്ടെത്തലും കാഴ്ച്ചപ്പാടുമാണ്. നിങ്ങളോട പങ്കു വെക്കുന്നു എന്ന് മാത്രം.....

Thursday, 29 March 2012

സ്വപ്നക്കൂമ്പാരം

 ഒരായിരം സ്വപ്‌നങ്ങള്‍ ചാലിച്ചെഴുതിയ കണ്ണുകളും നിറമുള്ള വളകളില്‍ കിലുങ്ങുന്ന സന്തോഷവും ഉള്ളില്‍ തുടിക്കുന്ന ഹൃദയവുമായവള്‍ കാത്തിരുന്നു.കാത്തു വെച്ച കിനാവുകള്‍ക്ക് ജീവന്‍ നല്കാനെത്തുന്ന കൂട്ടുകാരനെ എല്ലാവരെക്കാളും മുന്‍പേ കാണുവാന്‍ അവളുടെ തിളക്കമുള്ള മിഴികള്‍ കിളി വാതിലിലൂടെ യാത്ര പോയി.നിറഞ്ഞ ചിരിയുമായ് അവന്‍ വന്നെത്തി.കാത്തു വച്ച പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും രൂപമായി തോന്നി അവന്റെ രൂപം. മഷിയിട്ട കണ്ണുകള്‍ ഇടം കണ്ണിട്ടവനെ നോക്കി.വളയിട്ട കൈകള്‍ അവനു നേര്‍ക്ക്‌ ചായക്കപ്പു നീട്ടി.സ്നേഹം നിറഞ്ഞ പാത്രം ചുണ്ടോടടുപ്പിക്കുമ്പോള്‍ ഒരിളം കാറ്റ് വീശി.കുളിരായെത്തിയ മാരുതന്‍ മൂക്കിലെത്തിച്ച ഗന്ധം സഹിക്ക വയ്യാതെ നെറ്റി ചുളിച്ച്  അവളുടെ അച്ഛനെ നോക്കി.സ്വപ്‌നങ്ങള്‍ പടിയിറങ്ങുമ്പോള്‍ കണ്‍കോണിലെവിടെ നിന്നോ ഇറ്റു വീണ കണ്ണ് നീര്‍ തുള്ളി ആരും കാണാതിരിക്കാനവള്‍ തകര്‍ന്ന കിനാവുകള്‍ കൊണ്ട് മൂടിക്കളഞ്ഞു.അപ്പുറത്ത് കൂമ്പാരം കൂടുന്ന മാലിന്യം എന്ത് ചെയ്യണമെന്നറിയാതെ മാനം നോക്കി കിടന്നു.....  

Friday, 23 March 2012

കരുത്ത്‌



മൂക്ക് പൊത്താന്‍ വയ്യിനിയും
കണ്ണടച്ചു പിടിക്കാനും
നാവിനെ തടവിലിടാനും വയ്യ
ഉയരുമീ കൈകളില്‍
അടങ്ങാത്ത രോഷമാണ്‌,
പതറാത്ത പ്രതിഷേധമാണ്
ഞങ്ങള്‍ക്ക് മേല്‍
ഉളുപ്പില്ലാതെ തള്ളുന്ന
മേദസ്സുകളുടെ

അമേദ്യത്തെക്കാള്‍
മലിനമായ മനസ്സുകളെ,
ചുട്ടു കരിക്കാനുള്ള പകയാണ്.
രോദനങ്ങളെ കേട്ടില്ലെന്നു നടിക്കുന്ന,
ഉയരുന്ന ശബ്ദങ്ങളെ
അമര്‍ത്തി പൊടിച്ചു കളയുന്ന,
ഞങ്ങള്‍ക്ക് കരുത്തായ്‌
കൂടെയണയുന്ന പെണ്ണുങ്ങളെയും
പ്രതീക്ഷയായ് നെഞ്ചില്‍ വളര്‍ത്തുന്ന
കുഞ്ഞുങ്ങളെയും വേദനിപ്പിക്കുന്ന ,
നാണമില്ലാത്ത ജന്മങ്ങളെ
തകര്‍ത്ത് പൊടിക്കാനുള്ള
ശക്തിയുള്ള യുദ്ധമാണ്.
സ്വസ്ഥമായ് ശ്വസിക്കാനുള്ള
കരുത്തുള്ള പോരാട്ടമാണിത്
തളരാത്ത പ്രതിഷേധം...



Sunday, 11 March 2012

തീ...


അക്ഷരങ്ങള്‍ വരി വരിയായ്
കടലാസില്‍ കൂട്ടം കൂടി
പേനയല്ലിത് വാളാണെന്നവര്‍
അന്യോന്യം സ്വകാര്യം ചൊല്ലി
വാക്കുകള്‍ ആവേശത്തോടെ
ആര്‍പ്പു വിളികളുമായ്
കത്തുന്ന ചൂടോടെ
പേനക്കുള്ളില്‍ നിന്ന് പുറത്തു ചാടി
കടലാസിനു പൊള്ളുന്നുണ്ടായിരുന്നു
ഭയന്ന് പോയത്
വാക്കുകള്‍ കനലായ് പടര്‍ന്നു
കത്തിച്ചു കളഞ്ഞെങ്കിലോ
പേന ആശ്വസിപ്പിച്ചു
'വിജയത്തിലേക്കാണ് നാം
ഈ കുഞ്ഞനക്ഷരങ്ങള്‍
പൊള്ളുന്ന വാക്കുകള്‍
ആയിരം സൂര്യന്മാരുടെ
ജ്വാലാ പ്രവാഹമാകും
വിജയം,നമ്മുടെതാണ്‌'
സഹിച്ചു കൊടുത്തു കടലാസും
എഴുതി തീരും മുന്‍പേ പക്ഷേ
ചൂട് കൂടിയതുകൊണ്ടാകാം
ഓര്‍മ്മയില്ലാരോ വെള്ളമൊഴിച്ചു
കെടുത്തിക്കളഞ്ഞു
എന്റെയുള്ളിലുറങ്ങുന്ന അക്ഷര തീ...








'