Monday, 10 December 2012

കാട്




പുലിയും നരിയും വിഹരിക്കുന്ന
ഇരുളിലും പകലിലും എവിടെ വച്ചായാലും
മരണത്തെ മാത്രം ഭയക്കേണ്ടുന്ന
കാടാണ് ഭേദം നാടിനെക്കാള്‍
അധമന്മാര്‍ വാഴുന്നോരീ നരകത്തെക്കാള്‍..

ഇറച്ചിയായ് രക്തമായ്‌ മാറിയിട്ട്
വിശപ്പിന്നിരകളായ് പോകയുള്ളൂ കാട്ടില്‍
രക്തബന്ധത്തെയും ഇരയാക്കി മാറ്റുന്ന
കാമപ്പിശാചാം മനുഷ്യരില്ല
വെറുക്കേണ്ടതൊന്നുമേ നടക്കുകില്ല

മരണത്തെ മാത്രം ഭയന്നാല്‍ മതി,കാട്ടില്‍
മാനം കെടുത്തുന്ന നികൃഷ്ടരില്ല
ചിരിയുള്ള മുഖത്തോടെ ചതിയുമായെത്തുന്ന
അധമര്‍ വസിക്കുന്നോരിടമീ നാട്
അഴുക്ക് നിറഞ്ഞൊരു ലോകമിത്‌.........

http://www.madhyamam.com/news/203969/121208
ആറുവയസുകാരിക്ക് മദ്യം നല്‍കി പിതാവും സുഹൃത്തുക്കളും പീഡിപ്പിച്ചതായി പരാതി | Madhyamam | Latest Malay

Friday, 7 December 2012

കല


അഭിനയമെന്നും 
വിദഗ്ദമായൊരു കലയാണ്.
ചിലപ്പോഴൊക്കെ 
ജീവിതവും ഒരഭിനയമാണ് 
ഉള്ളില്‍ തീ മഴ പെയ്യുമ്പോഴും 
പുറമേ കുളിരായി പെയ്യും ചിലര്‍
കാണുന്നവരുടെ കണ്ണുകള്‍ക്കൊക്കെ 
ആശ്വാസമായി മാറും
അഭിനയമാണല്ലോ ഇടക്കൊക്കെ 
ജീവിതവും 
ഇടറിയെന്ന് വരും പലപ്പോഴും. 
ജീവിത കലയെ 
മെരുക്കിയെടുക്കുന്ന
കലാകാരന്മാരായി മാറുന്നു
നാം അങ്ങനെയങ്ങനെ.....!

Friday, 30 November 2012

മറവി...

മറവി മരുന്നാണ് 
മനസ്സില്‍ ജനിക്കുന്ന 
മുറിവുകള്‍ക്ക്
വേദനകളെന്നും 
വിസ്മൃതിയിലാണ്ടിടും
നുള്ളി നോവിക്കുന്ന
സങ്കടങ്ങളെയെന്നും
മറവിയുടെ ദൂതന്‍
പറയാതെ കൊണ്ടുപോകും
മറവി പക്ഷെ
ഒരു കാര്യം വിട്ട് പോകും
മനസ്സിലവശേഷിക്കുന്ന
നല്ല ഓര്‍മ്മകളെ
കണ്ണീരായ് പരിണമിക്കുന്ന
സന്തോഷ സ്മൃതികളെ
എന്ത് ചെയ്യാം
മറവിക്കും ഒരു വേള
മറവി പിടിപെട്ടതാകാം....

Wednesday, 21 November 2012

രഹസ്യം




പാല്‍ മണമുള്ള ചുണ്ടുകളില്‍
തൂ മന്ദഹാസവും പേറി
അവര്‍ കൂട്ടമായി പറക്കും
സ്വര്‍ഗലോകത്തേക്കണയുവാനായ്‌.
അവരില്‍ ചിലരെല്ലാം
ആമോദത്തോടെ കലമ്പല് കൂട്ടുന്നുണ്ടാവാം
തേനൂറുന്ന കിളിക്കൊഞ്ചലുകള്‍.
പരസ്പരം ചിലരപ്പോള്‍ കാതില്‍ മന്ത്രിക്കും
വേദനകളൊക്കെയും തീര്‍ന്നു പോയി,
'ഇനി നാമുല്ലസിക്കും സ്വര്‍ഗത്തോപ്പില്‍
നമ്മെ വെറുത്തൊരാ പിശാച്ചുക്കളെയെല്ലാം
ചിലരെങ്കിലും ഏറെ വെറുത്തുകൊള്ളും
നമ്മള്‍ക്കായുയര്‍ത്തുവാന്‍ ശബ്ദമില്ലാത്തവര്‍
നട്ടെല്ലില്ലാത്തവരായ്‌ തന്നെ തുടര്‍ന്നിടട്ടെ 
അറിയില്ലേ അബാബീല്‍ പക്ഷികളെ,
അവ കൂട്ടമായ്‌ പറന്നിടും ,
താഴെ അവര്‍ക്ക് മേല്‍ വര്‍ഷിക്കും
നരകത്തില്‍ നിന്നും പെറുക്കിയെടുത്തുള്ള
കനല്‍ പോലെരിയുന്ന സിജ്ജീല്‍ കല്ലുകള്‍
നമ്മുടെയൊക്കെയും തല പിളര്‍ത്തുള്ളോരു
വെടിയുണ്ടയല്ലത് ,നരകക്കനലാണ്
വെടി തുപ്പും ലോഹ തോക്കുകള്‍ പോലും
ചൂണ്ടുന്നവനെപ്പോല്തന്നെ ഉരുകിവീഴും
വേദനകളില്ലിനി ജീവിതത്തില്‍
നമ്മള്‍ പാറുകയാണല്ലോ അവനിലേക്ക്'
....

  
സിജ്ജീല്‍ കല്ലുകള്‍ : നരകത്തിലെ ചുട്ടു പഴുത്ത കല്ലുകള്‍ 

അബാബീല്‍ പക്ഷികള്‍  : അബ്രാഹത്തിന്റെ സൈന്യം വിശുദ്ധ കഅബ തകര്‍ക്കുവാന്‍ വന്നപ്പോള്‍ അവര്‍ക്ക് മേല്‍ നരകത്തിലെ കല്ലുകള്‍ വര്ഷിക്കുവാന്‍ അല്ലാഹു അയച്ച പക്ഷികള്‍...

Sunday, 18 November 2012

പനിനീര്‍പൂവ്‌









മണവും നിറവും,മധുവും മനവും
നുകരുവാനായ്‌ വണ്ട്‌ പാറി വരും
മധുവെല്ലാം തീരുമ്പോള്‍,
നിറം മങ്ങി വാടുമ്പോള്‍
പൂമ്പൊടിയും പൂമണവും
തീരെയില്ലാതാവുമ്പോള്‍
മുള്ളുകള്‍ മുഴുവനും ഇതളുകളിലെറിഞ്ഞിട്ട്
മാറി നിന്നാ വണ്ട്‌ ചിരിക്കും,പിന്നെ
അപവാദത്തിനമ്പുകള്‍ തൊടുക്കും
ഒരുപാട് വണ്ടുകളെ മധുവൂട്ടിയവള്‍ നീ
വിശുദ്ധിയില്ലാത്തവള്‍,
പ്രണയമര്‍ഹിക്കാത്തവള്‍
വാടി വീണേക്കുക,വിരഹം സഹിക്കുക
ഇനി നീ എനിക്കൊരു ചീഞ്ഞ പൂവ്‌
തറയുന്ന മുള്ളുകളെ നോക്കിയാ പൂവ്‌
ദയനീയമായ്‌ ഒന്ന് തേങ്ങും,പിന്നെ
മുറിവേറ്റ ഇതളുകളിലെ രക്തം തുടച്ച്
പതിയെയവള്‍ താഴേക്കു പൊഴിയും
മങ്ങുന്ന കാഴ്ചയില്‍ അവസാനം വരേയ്ക്കും
വണ്ട്‌ മാത്രം തങ്ങി നില്‍ക്കും
പ്രണയ രാഗത്തില്‍ അത് മൂളിയ പാട്ടുകള്‍
ഓര്‍മ്മയിലെന്നും ജീവിക്കും

Monday, 6 August 2012

ചുഴി

ചിന്തകള്‍ മനസ്സിലോരുപാട് 
വമ്പന്‍ ചുഴികള്‍ തീര്‍ക്കുമ്പോള്‍ 
പെട്ട് പോകാതിരിക്കാന്‍ 
ഹൃദയ ഭിത്തിയുടെ  
അരുകില്‍ അള്ളിപ്പിടിക്കും നാം

തള്ളിയിടാന്‍ നോക്കും 
വേദനയുടെ ഒരാന്തലിനെക്കൊണ്ട്
കരയാന്‍ പറഞ്ഞു 
കരളിലെ വേദന 
കാലുകളെ പിടിച്ചു വലിക്കും

ഇടറരുത് കൈകള്‍,
അയഞ്ഞേക്കരുത് കാല്‍കള്‍
തടുത്തേ വച്ചേക്കുക 
തുളുമ്പുന്ന കണ്ണുകള്‍

ഒടുവില്‍ കൈ തളരുമ്പോള്‍
ഹൃദയം പുകഞ്ഞെരിയുമ്പോള്‍
നനവ്‌ മൂടുന്ന കണ്ണുകളെ
നിറഞ്ഞൊഴുകാന്‍ വിട്ടേക്കുക
ഇരുട്ടിന്റെ മറവില്‍.......



Tuesday, 24 July 2012

വ്രതം


ഐക്യ ധാര്‍ട്യമാണത്
വിശന്നു പൊരിഞ്ഞ്,
രക്തം കണ്ണു നീരായൊഴുകുന്നവനോട്
ഒരു നേരം പശിയടക്കാന്‍
അന്യനു മുന്‍പില്‍ കൈ നീട്ടുന്നവനോട്

പാഠമാണത് ,
ധൂര്‍ത്തിലും
പണക്കൊഴുപ്പിലുമില്ലാത്തത്
വയറെരിയുംപോള്‍ കൈവരുമെന്നു

ചൊല്ലിക്കൊടുക്കലാണത്,
വിശപ്പിനു നന്മയാകാന്‍,
ത്യാഗത്തിനു പുണ്യമാകാന്‍ കഴിയുമെന്ന്

വിഭവങ്ങളുടെ ഗന്ധത്തില്‍,
കൊഴുപ്പുള്ള അന്നത്തില്‍,
ഉപേക്ഷിക്കാനുള്ളതല്ലാ,

സ്വരുക്കൂട്ടലാണാ പുണ്യം
നാളേക്കുള്ള വിചാരണയില്‍
മലക്കുകള്‍ക്കുള്ള രേഖയും....

Wednesday, 4 July 2012

ധര്‍മ്മം..


എണ്ണിത്തീരാത്തത്ര 
കാര്യങ്ങള്‍
എണ്ണിപ്പറയാന്‍ 
വെറുതെ ശ്രമിക്കുന്ന
വിരലുകള്‍

തന്നുള്ളത്തിലേക്ക് 
നീളാതെ
ചുറ്റിലേക്കും ചൂണ്ടുന്ന
ചൂണ്ടു വിരല്‍

ഞാനില്ലാതെ
ഇവരില്ലെന്നറിഞ്ഞു
ഊറ്റം കൊള്ളുന്ന
പെരു വിരല്‍

എന്നും
തഴയപ്പെടാനായ്‌
ഞാനെന്തിനെന്നാരാഞ്ഞു
നടുവിരല്‍

വളയമിട്ടുറപ്പിച്ച
ഉറപ്പില്ലാത്ത 
ബന്ധത്തെ നോക്കി
ഊറിച്ചിരിക്കുന്ന
മോതിര വിരല്‍

കള്ളങ്ങളായുള്ളില്‍ 
കയറി പറ്റിപ്പിടിച്ച 
മെഴുക്കിനെ
ഇളക്കിക്കളയാന്‍ 
ഒരു ചെറു വിരലും

ഒത്തൊരുമിക്കുന്നതോ
വെറും
ഇല്ലായ്മകളെ
കൈക്കുള്ളിലൊതുക്കാനും

Monday, 18 June 2012

ആകാശച്ചേര്‍ച്ചകള്‍



ആകാശത്ത്‌ എഴുതാനൊക്കുമോ?
കടുനീല വര്‍ണ്ണ പ്രതലത്തില്‍,
കണ്ണുകളാല്‍ കവിതയെഴുതാന്‍?
മനസ്സുകൊണ്ട് ചിത്രം വരക്കാന്‍? 
ചുവപ്പ് പടരുന്ന നേരത്ത്
ശോകമാര്‍ന്നൊരു രാഗം കുറിക്കാന്‍ 
ഇരുണ്ടുമൂടി തുടങ്ങുമ്പോള്‍
കറുത്തു പോകുന്ന മാനത്തു 
താരങ്ങള്‍ തുന്നിച്ചേര്‍ത്തു 
ഭാവനയിലൊരു പട്ടുറുമാല് തീര്‍ക്കാന്‍?
കണ്ണടയാന്‍ തുടങ്ങുമ്പോഴും
വിരിയുന്ന പുഞ്ചിരിയോടെ 
ആകാശങ്ങളേഴിനുമപ്പുറത്തേക്കൊരു 
സ്തുതിഗീതം കുറിച്ചു വിടാന്‍??



നഷ്ട സൌഹൃദം


അടുത്തിട്ടും 
അറിയാതെ പോയ
ഏതോ ഒന്ന്
നമുക്കിടയില്‍പ്പെട്ടു
ശ്വാസം മുട്ടിയിരുന്നു
അറിയുമ്പോളൊക്കെയും 
നാമിരുവരും
അതിനെ നോക്കി
കൊഞ്ഞനം കുത്തി
ഒടുവില്‍ പിരിയുമ്പോഴും
പാവം,
അനാഥമായ സൌഹൃദം
ഒറ്റക്കിരുന്നു
കണ്ണ്നീര്‍ പൊഴിച്ചു


Thursday, 7 June 2012

ഒന്നര ഗ്രാമിന്റെ സ്വര്‍ണ്ണത്തിനായി കൊല്ലപ്പെട്ടവള്‍...



നാല് വയസ്സുകാരി രമ്യ ശ്രീയെ മരണത്തോട് കൂട്ടുകൂടാന്‍ പറഞ്ഞയച്ചത് ലക്ഷ്മിയാണ്‌.അതും ആ കൊച്ചു കാതുകളില്‍ കിടന്ന ചെറിയ സ്വര്‍ണ്ണ മൊട്ടുകള്‍ക്ക് വേണ്ടി.ഒന്നര ഗ്രാമിന്റെ സ്വര്‍ണ്ണക്കമ്മല്‍ കുട്ടിയുടെ കാതുകളില്‍ കണ്ട ലക്ഷ്മിയെന്ന പിശാചാണ് കുട്ടിയേയും കൂട്ടി വിജനമായ ശ്മശാനത്തിലെത്തി അവളെ നിഷ്കരുണം കൊന്നു കളഞ്ഞത്.ഒരു നൈലോണ്‍ കയറുകൊണ്ട് അവള് കവര്‍ന്നെടുത്തത് ഒരു കുഞ്ഞു ജീവനാണ്.അച്ഛനമ്മമാരുടെ കണ്ണുകളില്‍ പാറി നടന്ന ചിത്ര ശലഭം.മൂന്നുമക്കളുള്ള ഒരുത്തിയാണ് ലക്ഷ്മി.എന്നിട്ടാണവള്‍ ആ കുഞ്ഞിന്റെ ജീവന്‍ കൂസലന്യേ ഇരുത്തു കളഞ്ഞത്...

Kin of the four-year-old girl wailing in city on Wednesday.

Wednesday, 6 June 2012

ലേലം വിളിച്ചു വിളിച്ചു.....




അഭിനേത്രിയും സിനിമാ നിര്‍മ്മാതാവുമായ പൂജാ ഭട്ട് അടുത്തിടെ പ്രഖ്യാപിച്ചുവത്രേ, പാവങ്ങളെ സഹായിക്കുന്നതിനായി പണമുണ്ടാക്കാന്‍ പ്രശസ്തരായ അഭിനേതാക്കളുടെ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ലേലത്തിന് വില്‍ക്കുന്നു പോലും. സണ്ണി ലിയോണ്‍, രണ്ദീപ് ഹൂട,അരുണോദയ് സിംഗ് തുടങ്ങിയ ചൂടന്‍ താരങ്ങളുടെ അടിവസ്ത്രങ്ങളായിരിക്കും പാവങ്ങള്‍ക്ക് അന്നം നേടിക്കൊടുക്കാനായി ലേലത്തിന് വെക്കപ്പെടുക.പരിപാടിയെക്കുറിച്ചു  പൂജ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഭട്ടിന്റെ പുതിയ ചിത്രമായ Jism 2  വിന്റെ ഔദ്യോഗിക നെറ്റ് വര്‍ക്കില്‍  സണ്ണി ലിയോനെയുടെ ചൂടാനൊരു പടവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇത്രയും പോരെ... തുണിയഴിക്കലിലെ നന്മയെന്നാണത്രെ അവരതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 
എന്തുകൊണ്ട് അടി വസ്ത്രങ്ങള്‍ എന്നാ ചോദ്യത്തിന് അവയെക്കാള്‍ മാര്‍ക്കറ്റ്‌ വേറൊന്നിനും കിട്ടുകയില്ലാ എന്നും ഭട്ട്മ റുപടി പറയുന്നു.ഓണ്‍ലൈന്‍ ആയിട്ടായിരിക്കും കച്ചവടം.നടീ നടന്മാരുടെ ഓട്ടോഗ്രാഫും വസ്ത്രതോടോപ്പമുണ്ടാകും.പോരെ പൂരം? എന്തായാലും കൊള്ളാം.ഈ 'ചാരിറ്റി' പരിപാടിക്ക് ധാരാളം കാശ് കിട്ടുമെന്നുള്ളത് ഉറപ്പായി.അല്ലെങ്കിലും ശരീരം വച്ചു പോലും ലേലം വിളിക്കുന്ന ഇന്നത്തെ ലോകത്ത് ഇതൊന്നും വലിയ അത്ഭുതമോന്നുമല്ല.അല്ലെ?

Pooja Bhatt

Thursday, 31 May 2012

ജീവിക്കാന്‍..



നിണ  നിറമുള്ള ലോകത്ത് 
നിറമുള്ള കൊടി വേണ്ട 
ജീവിക്കാനെനിക്ക്
ആഞ്ഞു വീശുന്ന,
വെട്ടിപ്പിളര്‍ക്കുന്ന,
ഭയമില്ലാ കൊടുവാളിനെ
ഭയക്കാതെ ജീവിക്കാനും
കനവുകളുടെ കരളില്‍
കുത്തിയിറങ്ങുന്ന കത്തിയുടെ 
അറ്റത്തൊടുങ്ങാതിരിക്കാനും
കരുതേണ്ടിയിരിക്കുന്നു
ഭ്രാന്താലയത്തില്‍
ഭ്രാന്തില്ലാതെ ജീവിക്കാനും 
 

വീട്  



ഒരുപാടൊരുപാട്
സ്വപ്നങ്ങളുടെ കൂട്ടാണ് 
ചിരിയും കരച്ചിലും
മാറി വരാറുണ്ട്
വയര്‍ നിറയാറില്ലേലും 
നിറയാറുണ്ടത്  മനസ്സാണ്
എല്ലാരുമൊന്നിക്കുമ്പോള്‍ 
വീടല്ലത് സ്വര്‍ഗ്ഗമെന്ന് 
പലരും ചൊല്ലാറുണ്ട്  



കുട

കരുതാനൊരു

കാരണമായിരുന്നു

പണ്ട് കുട

ചേര്‍ത്തു പിടിക്കുന്ന 

നല്ല സ്നേഹവും

ഇന്നത്‌ പക്ഷെ

കൈക്കുള്ളില്‍

ഒതുങ്ങാനൊരു 

ആര്ഭാടമായ് പോയി

Wednesday, 30 May 2012

അപരിചിത




ഞാന്‍ എനിക്ക് തന്നെ 
പരിചിതയല്ലാതാകുന്നത്
സ്വയം എവിടെയോ 
നഷ്ടപ്പെടുമ്പോഴാണ് 
ചിന്തിച്ചു ചിന്തിച്ചു
ചിന്തിക്കാനിനിയോരിടവും
ബാക്കിയില്ലാതെ
സ്വന്തത്തോടും ചിന്തകളോടും
യാത്ര പറഞ്ഞു 
ചിന്തയില്ലായ്മകളോടലിയുമ്പോള്‍  
എനിക്കെന്നോടു തന്നെ 
പറഞ്ഞു ചിരിക്കേണ്ടി വരുന്നു
ഞാനൊരപരിചിത


Saturday, 26 May 2012

കണ്ണ്



ഇമ വെട്ടാതെ 
നോക്കാന്‍ മാത്രമല്ല
വഴി തെറ്റാതെ 
കൂടി നോക്കണം
തുറന്നു കാണണം
അകത്തെ
അറിഞ്ഞു കാണണം
ചുഴിഞ്ഞു ചെല്ലണം
കാഴ്ച്ചയുടെ,
ഉള്ളില്‍ തറക്കണം


Thursday, 24 May 2012

'ബാല്യ സൂര്യന്‍'


മങ്ങിയിരിക്കുന്നു വാനം
രാവിലെയുദിച്ചുള്ലാര്യന്‍ 
പിണങ്ങിയതായിരിക്കും
പിന്നെയങ്ങോട്ടിരുട്ടാണിവിടം
വിളിച്ചു നോക്കി 
പലവട്ടം പ്രഭാതത്തെ
കോപമാണെന്ന് തോന്നുന്നു
പിണങ്ങിപ്പോയിരിക്കുന്നു പ്രഭാതം
ഞാനിനിയെങ്ങനെ ചിരിക്കും,
വെളിച്ചമില്ലാത്തയീ നേരത്ത്
എന്റെ ചിരിക്കിവിടെയെന്തുണ്ട് കാര്യം
വിസ്മരിക്കപ്പെടേണ്ടവള്‍ ഞാന്‍
ഇനിയെന്തിനൊരു പ്രഭാതത്തെയോര്‍ത്തു
കണ്ണുനീര്‍ വാര്‍ക്കുന്നു,
മടങ്ങി വരാത്ത പ്രകാശത്തെ 
തിരിച്ചു ചെന്ന് പെറുക്കിയെടുത്താല്‍  
ഭ്രാന്തെന്ന് കണ്ടവര്‍ ചൊല്ലും
എങ്കിലും ഉള്ളമറിയാതെ കൊതിക്കുന്നു
വീണ്ടുമാ നല്ല 'കാലത്തെ'..

Saturday, 19 May 2012

ചുവട്

പൂഴിയിലമര്‍ന്ന കാല്‍പാടുകള്‍ക്ക്
ഒരുപാട് കഥകള്‍ പറയാനുണ്ട്
ചെരുപ്പിന്റെ സംരക്ഷണമില്ലാതെ 
മണ്ണിനെ ചുംബിച്ച കഥ,
മണല്‍ത്തരികള്‍ പറഞ്ഞ 
യാത്രകളുടെ കഥ
താണ്ടിയെത്തിയ ദൂരങ്ങളുടെ കഥ
ഓടി നേടിയ  നേട്ടങ്ങളുടെ കഥ
ചവിട്ടിക്കയറിയ സ്വപ്ങ്ങളുടെ കഥ
ഇടര്‍ച്ചകളുടെ കഥ
പിന്തുടര്‍ച്ചകളുടെ കഥ
ഒടുവിലീ ഏകാന്തതയിലവസാനിക്കുന്ന
മടുപ്പുണര്‍ത്തുന്ന  
ചുവടു വെയ്പുകളുടെ കഥയും