രണ്ടറ്റങ്ങളിലായിരുന്നു നാം
പുണരാന്‍ കൊതിച്ചു നാളുകളേറെയായ്
ആ ചൂടിലമരാന്‍ ,പാല്‍മണം നുകരാന്‍
സ്വപ്നങ്ങളേറെ ഞാന്‍ കണ്ടിരുന്നു
രാവും പകലും കടന്നു പോയേറെയാ
കണ്ണുകള്‍ അക്കങ്ങളെണ്ണി കഴിഞ്ഞു പോല്‍
നെഞ്ചോട് ചേര്‍ത്ത് ലാളിക്കുവാനക്കൈകള്‍
ഏറെ കൊതിച്ചു നിനച്ചിരുന്നെന്നതും
രണ്ടറ്റങ്ങളിലായിരുന്നു നാം
പുണരാന്‍ കൊതിച്ചു നാളുകളേറെയായ്
വേദനകളേറെ സഹിച്ചെന്റെ-കുഞ്ഞു
മോഹങ്ങളൊക്കെയും സഫലമാക്കാന്‍
പ്രാണന്‍ പൊളിക്കുന്ന വേദനയിലുമെന്റെ
ഓമല്‍ മുഖം കണ്ട് കോരിത്തരിക്കുവാന്‍
കൊതിയോടെ നിറവോടെ കാത്തിരുന്നു
ഒടുവില്‍ തലകുത്തി ഞാനിങ്ങു വഴുതി വീണു
പൊട്ടിക്കരഞ്ഞുള്ളെന്‍ കുഞ്ഞു സ്വരം കേട്ട്
അമ്മിഞ്ഞ വേദനയേറി പുളഞ്ഞതും
തുടി കൊട്ടും ഹൃദയത്തില്‍ ചേര്‍ത്ത് കിടത്തിയെന്‍
ചെറു ചുണ്ടില്‍ മധുരം പകര്‍ന്നു നല്കിയതും
സ്നേഹമൂട്ടിത്തന്നും,സ്നേഹം പഠിപ്പിച്ചു-
മെന്നിലെ ജീവനില്‍ സ്നേഹമായ് മാറിയോള്‍
നീല വിഹായസ്സില്‍ നീ നെയ്ത സ്വപ്‌നങ്ങള്‍
നീലിമയാര്‍ന്നുള്ളെന്‍ കണ്ണുകളില്‍ കണ്ടു
ജീവ ഞരമ്പുകളിലൂറിയ രക്തത്തില്‍
ഞാനെന്ന സ്വപ്നം മാത്രമലിഞ്ഞതും
കഥകളും പാട്ടുമായെന്നുള്ളിലേക്ക് നീ
നന്മകള്‍ മാത്രം തൊടുത്തങ്ങു വിട്ടതും
ഓര്‍മ്മകളിലൊരു നൂറു സ്നേഹത്തിരികളായ്
ഊറുന്നു പാല്‍മധുരമേറും നിനവുകള്‍
ഇടറാതെ വളയാതെ കാല്‍ത്തടം നോവാതെ
വഴികാട്ടിയായവളെന്നെ നയിച്ചതും
വാരിപ്പുണര്‍ന്നെന്റെ കവിളുകളിലൊരുനൂറു
മധു മുത്തം നല്‍കി ചിരിപ്പിച്ചിരുന്നതും
മായ്ക്കാന്‍ കഴിയാത്ത വരികളായ് ഹൃദയത്തില്‍
താരാട്ട് പാട്ടേറെ കുത്തിക്കുറിച്ചതും
സ്നേഹം പഠിപ്പിച്ചും, സ്നേഹമൂട്ടിത്തന്നു-
മെന്നിലെ ജീവനില്‍ സ്നേഹമായ് ചേര്‍ന്നവള്‍
പൂവാംകുരുന്നില നുള്ളിയെടുക്കുന്നപോല്‍
നുള്ളിയെടുത്തെന്റെ ജീവിതത്തില്‍ നിന്നും
യാത്ര പറയാതെ, ഒരു മുത്തം നല്‍കാതെ
ചിരി മാത്രം നല്‍കി മാഞ്ഞു പോയെന്നമ്മ
രണ്ടറ്റങ്ങളിലാണിന്നു നാം
പുണരാന്‍ കൊതിച്ചു വെറുതെ
ഓര്‍മ്മകളെ മാത്രം പുണര്‍ന്നിരിപ്പൂ ഞാനും