Sunday, 11 March 2012

തീ...


അക്ഷരങ്ങള്‍ വരി വരിയായ്
കടലാസില്‍ കൂട്ടം കൂടി
പേനയല്ലിത് വാളാണെന്നവര്‍
അന്യോന്യം സ്വകാര്യം ചൊല്ലി
വാക്കുകള്‍ ആവേശത്തോടെ
ആര്‍പ്പു വിളികളുമായ്
കത്തുന്ന ചൂടോടെ
പേനക്കുള്ളില്‍ നിന്ന് പുറത്തു ചാടി
കടലാസിനു പൊള്ളുന്നുണ്ടായിരുന്നു
ഭയന്ന് പോയത്
വാക്കുകള്‍ കനലായ് പടര്‍ന്നു
കത്തിച്ചു കളഞ്ഞെങ്കിലോ
പേന ആശ്വസിപ്പിച്ചു
'വിജയത്തിലേക്കാണ് നാം
ഈ കുഞ്ഞനക്ഷരങ്ങള്‍
പൊള്ളുന്ന വാക്കുകള്‍
ആയിരം സൂര്യന്മാരുടെ
ജ്വാലാ പ്രവാഹമാകും
വിജയം,നമ്മുടെതാണ്‌'
സഹിച്ചു കൊടുത്തു കടലാസും
എഴുതി തീരും മുന്‍പേ പക്ഷേ
ചൂട് കൂടിയതുകൊണ്ടാകാം
ഓര്‍മ്മയില്ലാരോ വെള്ളമൊഴിച്ചു
കെടുത്തിക്കളഞ്ഞു
എന്റെയുള്ളിലുറങ്ങുന്ന അക്ഷര തീ...








'



നല്ല പാട്ട്

നല്ലൊരു പാട്ടുണ്ട്
നിറയെ സ്നേഹവും
നിനവില്‍ വസന്തവുമുള്ള
ഒരാളെഴുതിയ പാട്ട്
വരികള്‍ കോര്‍ത്തത്
നന്മയുടെ നിറമുള്ള
നൂലിലാണ്
കാതിനിമ്പമുള്ള പാട്ട്
കേട്ടാലുള്ളു നിറയുന്ന പാട്ട്
പാടാന്‍ പലരും ശ്രമിച്ചു നോക്കി
പാടാന്‍ കഴിഞ്ഞില്ല,പക്ഷെ
നോക്കിയോര്‍ക്കൊട്ടും
ഒടുവില്‍,
തോറ്റവര്‍ ചേര്‍ന്നാ നല്ല പാട്ടിനെ
ഉള്ളിലെ സ്വാര്‍ഥതയില്‍
കുഴി കുത്തി മൂടി.....

ജനാല


തുറന്നിടാത്ത ജനാലകള്‍
പരിതപിക്കാറുണ്ട്
ഓടി വന്നു തട്ടി വീഴുന്ന
പാവം കാറ്റിനെയോര്‍ത്ത്.
സങ്കടപ്പെടാറുണ്ട്,
അകത്തു വീര്‍പ്പു മുട്ടുന്ന
ആത്മാവുള്ള ഇരുട്ടിനെയോര്‍ത്തു
ഉള്ളില്‍ ,
കട്ടിപിടിച്ച ഇരുട്ടിന്റെ ഗന്ധം
ഒഴുകുന്ന കാറ്റിനെ പ്രണയിക്കുന്നുണ്ടാവാം
തടയായ്‌ നില്‍ക്കുന്ന ജനല്പാളികള്‍
സ്വയം ശപിക്കാറുണ്ട്
കൊളുത്തുകള്‍ ഉറച്ചു പോയിരിക്കുന്നു
ഇരുട്ടും തേങ്ങുന്നുണ്ട് ,
എന്നും തേടിയെത്തി തോറ്റു പോകുന്ന
കാറ്റിനെയോര്‍ത്ത്
തന്നെ തളച്ചിട്ടുകളഞ്ഞ
അനക്കമില്ലാത്ത വിധിയെയോര്‍ത്ത്...




നിഴല്‍

നിഴല്‍ ചിരിക്കാറില്ല
ഞാന്‍ തുറന്നു ചിരിച്ചിട്ടും
എന്റെ നിഴലിനു,
പുഞ്ചിരിക്കാന്‍ കൂടി അറിയില്ല
ഊണിലും ഉറക്കിലും
കൂട്ടായിരുന്നിട്ടുമെന്തേ,
എന്റെ ചിരിയില്‍ മാത്രം നീ
ഒറ്റക്കാക്കിക്കളയുന്നു?
ചോദിച്ചതാണ് പലപ്പോഴും
എന്നത്തെയും പോലെ
നിഴല്‍ , പക്ഷെ
മൌനം പാലിച്ചു കളഞ്ഞു
ചിരിയില്‍ നിഴല്‍ പോലുമറിയാതെ
പണിപ്പെട്ടു ഞാനൊളിപ്പിക്കുന്ന
എന്റെ മാത്രം വേദനകള്‍
എപ്പോഴോ കണ്ടു പിടിച്ചത് കൊണ്ടാവാം
ഞാന്‍ ചിരിക്കുമ്പോള്‍
നിഴല്‍ കൂടെ ചിരിക്കാറില്ല,
എന്റെ മനസ്സും....









Tuesday, 28 February 2012

പുല്ല്




ഉള്ളു കാളിയെങ്കിലും 
നേരെ നിന്നു പുല്ലും
പതറാതെ, ഇടറാതെ
നട്ടെല്ല് വളയാതെ.
ഉരുകുന്ന നെഞ്ചിലെ ചൂട്
കരുത്തായ് പുറത്തേക്കൊഴുകി.
അരിയാന്‍ വരുന്നവന്റെ
ഉള്ളിലുമുണ്ടു ഭയം,
'അരമുള്ള പുല്ലിന്റെ 
അരികു കൊണ്ടാലും മുറിയും'.


Saturday, 18 February 2012

കരയാതിരിക്കുക നീ...




കൊതിയായിരുന്നു പണ്ടെനിക്ക്,
മൂടിനില്‍ക്കുമാകാശത്തിന്റെ കീഴില്‍ 
നൂലുനൂലായിറങ്ങുന്ന നീര്‍ത്തുള്ളികളെക്കാത്തു 
കുളിരിന്റെ നിറമുള്ള പെയ്ത്തിനെ പുണരാന്‍ .

ഇലകളില്‍ തട്ടിച്ചിതറിത്തെറിക്കുന്ന, 
ആനന്ദ വെള്ളിപ്പൂത്തിരികളെക്കണ്ടു ,
ചാലുകള്‍ തീര്‍ത്ത്‌ തിമിര്‍ത്തൊഴുകുന്ന
പൊടിമണ്ണിലുണര്‍വ്വിന്റെ നറുമണം പകരുന്ന
ഹൃദയത്തില്‍ നിറവിന്റെ മഴവില്ല് വിരിയിക്കും-
സുഖമുള്ള മഴയിലൊന്നലിയാന്‍ ..

ഭയമാണെനിക്കിന്നു,ഇരുളുമാകാശത്തെ
കരയാന്‍ വിതുമ്പി നില്‍ക്കുന്ന വാനത്തെ
വെറുക്കുന്നയെന്റെ ഉള്ളം കണ്ടാവാം
വീണ്ടും മേഘങ്ങള്‍ സങ്കടമായുരുണ്ടുകൂടുന്നു

കരയാതിരിക്കുക പ്രിയേ,
നിന്റെയീ പെയ്ത്തില്‍,തകര്‍ന്നുള്ളോഴുക്കില്‍ 
ഇന്നെന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു പോയേക്കാം
അണ പൊട്ടാതിരിക്കുക സഖിയെ,
നിന്റെ ഹൃദയത്തില്‍ നിന്നുതിരുന്ന കണ്ണുനീര്‍,
ഒരുപക്ഷെ ഇന്നെന്റെ ജീവന്‍ തുലച്ചേക്കാം..

സ്വാര്‍ത്ഥതയല്ലിത് ഹുങ്കുമല്ല,
ഉരുകുമീ ചൂടിലും നിന്നെ 'വെറുക്കുന്നത്'
കുളിരായ് നീ വന്നാല്‍,നനവായ് പടര്‍ന്നാല്‍,
പെരുകുന്ന 'വിള്ളലിനെ' മാത്രമോര്‍ത്താണ്.

സ്വപ്‌നങ്ങള്‍ മഴവില്ലില്‍ വരച്ചു നീയന്നെങ്കിലും
ഇന്നെന്റെ പെടിസ്വപ്നമായുള്ളില്‍ നീ.
അണപൊട്ടി നില്‍ക്കുന്ന ആത്മ നൊമ്പരങ്ങളെ
പൊലിയാന്‍ ഭയക്കുന്ന,പിരിയാന്‍ ഭയക്കുന്ന,
പുലരാന്‍ മിടിക്കുന്ന സ്നേഹമനസ്സുകളെ
താഴയാതിരിക്കുക ,നീ..
ഭയമാണുള്ളത്തിലെങ്കിലും എന്റെ-
സ്വപ്നങ്ങളില്‍ നീ മാത്രം,നിന്റെ കുളിരും....

Monday, 26 December 2011

സ്നേഹത്തിരി



രണ്ടറ്റങ്ങളിലായിരുന്നു നാം 
പുണരാന്‍ കൊതിച്ചു നാളുകളേറെയായ്  
ആ ചൂടിലമരാന്‍ ,പാല്‍മണം നുകരാന്‍
സ്വപ്നങ്ങളേറെ ഞാന്‍ കണ്ടിരുന്നു
രാവും പകലും കടന്നു പോയേറെയാ 
കണ്ണുകള്‍ അക്കങ്ങളെണ്ണി കഴിഞ്ഞു പോല്‍
നെഞ്ചോട്‌ ചേര്‍ത്ത് ലാളിക്കുവാനക്കൈകള്‍
ഏറെ കൊതിച്ചു നിനച്ചിരുന്നെന്നതും 
രണ്ടറ്റങ്ങളിലായിരുന്നു നാം 
പുണരാന്‍ കൊതിച്ചു നാളുകളേറെയായ്  
വേദനകളേറെ സഹിച്ചെന്റെ-കുഞ്ഞു
മോഹങ്ങളൊക്കെയും സഫലമാക്കാന്‍
പ്രാണന്‍ പൊളിക്കുന്ന വേദനയിലുമെന്റെ 
ഓമല്‍ മുഖം കണ്ട് കോരിത്തരിക്കുവാന്‍
കൊതിയോടെ നിറവോടെ കാത്തിരുന്നു
ഒടുവില്‍ തലകുത്തി ഞാനിങ്ങു വഴുതി വീണു
പൊട്ടിക്കരഞ്ഞുള്ളെന്‍  കുഞ്ഞു സ്വരം കേട്ട്
അമ്മിഞ്ഞ വേദനയേറി പുളഞ്ഞതും
തുടി കൊട്ടും ഹൃദയത്തില്‍ ചേര്‍ത്ത് കിടത്തിയെന്‍ 
ചെറു ചുണ്ടില്‍ മധുരം പകര്‍ന്നു നല്കിയതും 
സ്നേഹമൂട്ടിത്തന്നും,സ്നേഹം പഠിപ്പിച്ചു-
മെന്നിലെ ജീവനില്‍ സ്നേഹമായ് മാറിയോള്‍
നീല വിഹായസ്സില്‍ നീ നെയ്ത സ്വപ്‌നങ്ങള്‍
നീലിമയാര്‍ന്നുള്ളെന്‍ കണ്ണുകളില്‍ കണ്ടു 
ജീവ ഞരമ്പുകളിലൂറിയ രക്തത്തില്‍
ഞാനെന്ന സ്വപ്നം മാത്രമലിഞ്ഞതും
കഥകളും പാട്ടുമായെന്നുള്ളിലേക്ക് നീ 
നന്മകള്‍ മാത്രം തൊടുത്തങ്ങു വിട്ടതും 
ഓര്‍മ്മകളിലൊരു നൂറു സ്നേഹത്തിരികളായ്
ഊറുന്നു പാല്‍മധുരമേറും നിനവുകള്‍
ഇടറാതെ വളയാതെ കാല്‍ത്തടം നോവാതെ
വഴികാട്ടിയായവളെന്നെ  നയിച്ചതും
വാരിപ്പുണര്‍ന്നെന്റെ കവിളുകളിലൊരുനൂറു
മധു മുത്തം നല്‍കി ചിരിപ്പിച്ചിരുന്നതും
മായ്ക്കാന്‍ കഴിയാത്ത വരികളായ് ഹൃദയത്തില്‍
താരാട്ട് പാട്ടേറെ കുത്തിക്കുറിച്ചതും 
സ്നേഹം പഠിപ്പിച്ചും, സ്നേഹമൂട്ടിത്തന്നു-
മെന്നിലെ ജീവനില്‍ സ്നേഹമായ് ചേര്‍ന്നവള്‍ 
പൂവാംകുരുന്നില നുള്ളിയെടുക്കുന്നപോല്‍
നുള്ളിയെടുത്തെന്റെ ജീവിതത്തില്‍ നിന്നും
യാത്ര പറയാതെ, ഒരു മുത്തം നല്‍കാതെ
ചിരി മാത്രം നല്‍കി മാഞ്ഞു പോയെന്നമ്മ
രണ്ടറ്റങ്ങളിലാണിന്നു  നാം
പുണരാന്‍ കൊതിച്ചു വെറുതെ
ഓര്‍മ്മകളെ മാത്രം പുണര്‍ന്നിരിപ്പൂ ഞാനും 


Sunday, 4 December 2011

ഏകാന്തത



നേര്‍ത്ത കാലടി ശബ്ദമായ്
ഇടനാഴിയിലൂടെ സമയം നടന്നകലുകയായ്
ചിതലരിച്ചടര്‍ന്നു തുടങ്ങിയ 
പഴകിയ മച്ചിന്റെ മുകളിലായ് 
ദ്രവിച്ചു വീഴാറായ ഓര്‍മ്മകള്‍ 
പരസ്പരം കുശലം പറഞ്ഞു ചിരിക്കുന്നു
കൊല്ലുന്ന നിശബ്ദതക്കു കൂട്ടായ
മങ്ങുന്ന കാഴ്ച്ചയുടെ ജാലകം മാത്രം

എന്നോ ചിണുങ്ങിയ. പുഞ്ചിരിപ്പൂക്കള്‍
ഇന്നിന്റെ ഓര്‍മ്മകള്‍ മാത്രമായ് മാറി
അന്ന് പൊട്ടിച്ചിതറിയ കിലുക്കം പെട്ടികള്‍
ഇന്ന് രാവേറെ ചെല്ലുമ്പോള്‍
ഹൃദയത്തില്‍ പെരുമ്പറ കൊട്ടിപ്പാടി
വരണ്ട ജീവ ഞരമ്പുകള്‍ക്കിടക്കിടെ 
തെളിനീരായ്‌ കണ്ണുനീര്‍ മാത്രമൊഴുകി
ഓര്‍മ്മകള്‍ ഉള്ളില്‍ കുളിര്‍മഞ്ഞു വീഴ്ത്തുമ്പോള്‍
ഈ മൌനക്കയത്തില്‍ വെണ്മയുടെ മുട്ടുകള്‍ വിരിയുന്നു
കൊഴിഞ്ഞുപോയ് വസന്ത രാവുകള്‍
പൊഴിഞ്ഞുപോയ് പുലര്‍കാല യാമങ്ങള്‍ 
രാത്രിയേറെ ഇരുളുമ്പോള്‍ 
കണ്ണുകളില്‍ നിദ്ര പീഡയാകുന്നു
ഒറ്റക്കല്ല കൂട്ടിന്നു ജീവന്റെ തുടിപ്പുമുണ്ടുള്ളില്‍
ഒറ്റക്കല്ല  പാടുവാന്‍ മറവിയുടെ രാഗങ്ങളുമുണ്ടേറെ

Sunday, 4 September 2011

ഓണമെന്നാലെനിക്ക്.....

ഓണത്തെക്കുറിച്ചോര്‍ക്കാന്‍ എനിക്ക്‌ ഓര്‍മകളൊന്നുമില്ല. ഓണപ്പാട്ടും പുലികളിയും മാവേലിയുമെല്ലാം എനിക്ക്‌ പുസ്തകതാളുകളിലെ വര്‍ണങ്ങളായിരുന്നു. കഥയിലെ കഥാപാത്രങ്ങള്‍ എന്നതിലുപരി വാമനനും മാവേലിയുമൊന്നും എനിക്കൊന്നുമല്ല. ഏകാന്തമായ ബാല്യത്തില്‍ പൂതേടി വീട്ടിലെത്തിയ കുട്ടികള്‍ക്കൊപ്പം ആരും കാണാതെ പൂ പറിയ്ക്കാന്‍ കൂട്ടിനിറങ്ങിയത് മറക്കാനാകാത്ത ഓണക്കാല സാഹസികത. അന്ന് ഞാന്‍ പറിച്ചു കൊടുത്ത തുമ്പപ്പൂക്കള്‍ക്ക് അന്നത്തെ എന്റെ മനസിനോളം നൈര്‍മ്മല്യമുന്ടായിരുന്നു. അന്നിന്റെ പുഞ്ചിരികള്‍ക്ക് തുമ്പപ്പൂവിനെക്കാള്‍ വെളുപ്പായിരുന്നു. ഇന്നും അതിരാവിലെ വീട്ടുമുറ്റത്തെത്തി പൂ പറിയ്ക്കാന്‍ അനുവാദം ചോദിക്കുന്ന കുട്ടികളെക്കാണുമ്പോള്‍ ഹൃദയം തുടിക്കും, അവരോടൊപ്പം പൂ പറിയ്ക്കാന്‍ കൂടാന്‍...കലപില കൂട്ടാന്‍... എങ്കിലും, എനിക്കായ് ആരോ പണിത കോട്ടക്കുള്ളില്‍ ഞാന്‍ തടവിലെന്നറിയുമ്പോള്‍ മോഹങ്ങള്‍ ഉള്ളിലേക്ക് വലിയും. കൃത്രിമമായുണ്ടാക്കിയ നിറപ്പൊലിമയോടെയെങ്കിലും, പണ്ടത്തെ ഓണത്തിന്റെ നിറവും മണവും രുചിയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ മുന്നിലെതതുമ്പോള്‍ എന്റെയുള്ളിലും പാട്ടുണരുകയാണ്‌... 'മനസ്സിനുള്ളിലൊരോണം... വിരുന്നുവരും നേരം... ഞാനുമെന്നോര്‍മ്മയും കാത്തിരിപ്പൂ മൂകം....'

Monday, 29 August 2011

ചെറിയ പെരുന്നാള്‍






വിശപ്പ്‌ സഹിച്ചും ഉറക്കമൊഴിച്ചും സംഭരിച്ച ഊര്‍ജ്ജം കൈമുതലാക്കിയവശേഷിപ്പിച്ചുകൊണ്ട് റമദാന്‍ വിട പറയുകയായി. പകലുകളില്‍ നാമനുഭവിച്ച ക്ഷീണത്തിന്നും രാവുകളില്‍ നാമൊഴുക്കിയ കണ്ണ് നീരിനും പരിസമാപ്തി. റമദാന്‍ അധ്വാനിക്കാനുള്ള പ്രചോദനമായിരുന്നു, നാളത്തെ സുഖത്തിലേക്കുള്ള പ്രലോഭാനവും. ഒരു കുഞ്ഞചാരിപ്രാവിന്റെ ചിറകടിയൊച്ച പോലെ എളുപ്പം കൊഴിഞ്ഞുപോയൊരു റമദാന്‍ നമ്മില്‍ ബാക്കി വച്ചത് വരും വര്‍ഷത്തെക്കുള്ള ഇന്ധനമാണു. കണ്ണീരോടെ വിടപറയാം നമുക്ക് റമദാനോട്...നമ്മില്‍ സ്നേഹത്തിന്റെ മുളപാകിയ പ്രിയ റമദാന്‍...
ഈദ്, ആഘോഷമെന്നര്‍ത്ഥം. ആഘോഷം ഇബാദത്താണെന്ന് പഠിപ്പിച്ച മതമാണ്‌ നമ്മുടേത്. അണിഞ്ഞൊരുങ്ങി സുഗന്ധം പൂശി ഈദ്ഗാഹിലെക്ക് പുറപ്പെടുമ്പോള്‍ ഉള്ളില്‍ മുഴങ്ങേണ്ടത് തക്ബീര്‍ധ്വനികളാണ്‌. സന്തോഷത്തിന്റെ, സ്നേഹത്തിന്റെ പെരുന്നാള്‍. ചിറകുവിടര്‍ത്തി പറന്നുയരുന്ന പറന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്ക് കാതോര്‍ക്കാം നമുക്ക്‌ . ആര്‍ഭാടമില്ലാത്ത ആഘോഷമെന്താണെന്ന് സ്വസഹോദരങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കാം. കെട്ടിപ്പിടിയ്ക്കാം.... പൊട്ടിച്ചിരിക്കാം... നാഥനെ മറക്കാതിരിക്കാം...

“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”

Monday, 15 August 2011

chora




ഷെയറിംഗ്














ഉതിര്‍ന്നു വീണ ചൂടുള്ള കണ്ണുനീര്‍
കീബോര്‍ഡില്‍ പിറന്ന സാന്ത്വനത്തിലാഴ്ന്നു
വിരിയാന്‍ മറന്ന പൂവിനെപ്പോലവള്‍
വരാതിരുന്ന വണ്ടിനെക്കുറിച്ചു പാടി

ചിറകൊന്നറ്റ കൊച്ചുപൂമ്പാറ്റയുടെ 
 ചിത്രമവളെന്റെ 'വാള്ളില്‍' പോസ്റ്റി 
ചലിക്കാത്ത ചിറകുകള്‍ കാണിച്ചു
നിലക്കാതുള്ളെന്റെ ഹുങ്കിനെ കൊന്നു 
തിളങ്ങുന്ന കണ്ണുകള്‍ ജീവിതത്തിന്റെ
പുത്തന്‍ പ്രതീക്ഷകളായ് തോന്നി
ഒന്നൊന്നായ് മൊഴിഞ്ഞ വാക്കുകള്‍ 
പിന്നെ എല്ലാത്തിനും നാഥനെ വാഴ്ത്തി..!



Thursday, 4 August 2011

കുതിപ്പ്

വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
കാത്തിരിപ്പിന്റെ വിയര്‍പ്പ്
പരിഭ്രമത്തിന്റെ, ആകാംക്ഷയുടെ,
നിരാശയുടെ വിയര്‍പ്പില്‍-എന്നും
കീശയില്‍ കൂട്ടായിരുന്ന  കൈലേസ്
അപമാനത്തിന്റെ,നഷ്ടത്തിന്റെ
സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
വിശപ്പിന്റെ,അലച്ചിലിന്റെ,
മനോ വേദനകളുടെയുരുക്കമായീ-

വിയര്‍പ്പിനെ പുണരുന്ന കൈലേസ്
ഉള്ളം നോവുമ്പോള്‍
കൈക്കുള്ളിലമരുന്ന കൈലേസ്
വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
ഇന്നിതാ ചവറ്റുകുട്ടയിലുപേക്ഷിക്കട്ടെ
ഇനി വിയര്‍പ്പുണ്ടാകില്ല,
ശീതീകരിണിയുടെ തണുപ്പില്‍ 
ഈ വിയര്‍പ്പ്,ഓര്‍മ്മകളുടെ വിയര്‍പ്പ്
മുഷിപ്പായി മാറിക്കൊള്ളും,ഉറപ്പ്..!

Sunday, 3 July 2011

സായന്തനം

ഓളങ്ങളെ അടുക്കിചെര്‍ത്തു ശാന്തമായൊഴുകുന്ന ഈ പുഴ എന്തുകൊണ്ടോ പ്രതീക്ഷയുടെ പ്രതീകമാണ്.ഈ കാറ്റും ഒപ്പം ഒഴുകിയെത്തുന്ന സുഖമുള്ള ഓര്‍മ്മകളും മാത്രമാണ് ഇവിടെത്തന്നെ താമസിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നതും.മുഖത്തേക്ക് പാറി വീണ മുടിയിഴകള്‍ മാടിയൊതുക്കി അവളാ ജനലരികില്‍ നിന്നു. പുഴയില്‍ അകലെയായി തുഴഞ്ഞു നീങ്ങുന്ന തോണി. അത് അക്കരേക്കു നീങ്ങുകയാണ്. രാത്രിയായിത്തുടങ്ങിയിരിക്കുന്നു.അതിനി മടങ്ങി വരുകയില്ലായിരിക്കാം.. അവളുടെ ഉള്ളം മന്ത്രിച്ചു. അസ്തമയസൂര്യന്റെ ചുവന്ന ശോഭയില്‍ പുഴ ചെറുതായി തിളങ്ങി. അവളുടെ മനസ്സ് ശാന്തമായിരുന്നു.
ഓര്‍മ്മകളെ താലോലിച്ചു കൊണ്ടങ്ങനെ നില്‍ക്കുമ്പോള്‍ നെഞ്ചിലേക്ക് എന്തോ ഒരു ചെറിയ വേദന അരിച്ചിറങ്ങുന്നത്  പോലെ തോന്നി അവള്‍ക്കു.വീണ്ടും വരികയാണോ.. ഹൃദയം പിളര്‍ക്കുന്ന ആ വേദന.അവള്‍ ഭയന്നു. അവള്‍ക്കു വേദന കൂടിക്കൂടി വന്നു. കയ്യും കാലുമൊക്കെ തളരുന്നത് പോലെ.  ആകെ വിയര്‍ത്തുകൊണ്ടിരിന്നു അവള്‍. വീഴുമെന്നു തോന്നിയപ്പോള്‍ ജനലഴികളില്‍ മുറുക്കെപ്പിടിച്ചു അവള്‍  ഉറക്കെ വിളിച്ചു. 
''നന്ദു മോളെ....."    
ഒരു കുഞ്ഞു ചിത്ര ശലഭം കണക്കെ നന്ദു മുറിയിലേക്ക് പാറി വന്നു. ഇച്ചേചിയുടെ മുഖഭാവം കണ്ടു നന്ദു പേടിച്ചു.  "ഇച്ചേച്ചീ..  ഇചേച്ചിക്കെന്താ  പറ്റിയെ?..."  അവള്‍ പരിഭ്രമത്തോടെ ചോദിച്ചു..  
"മോള് പോയി അമ്മിണിയമ്മയോടു ഒരു ഗ്ലാസ് വെള്ളവും കൊണ്ട് വരാന്‍ പറയ്‌... വേഗം..""
നന്ദു അത് കേട്ടതും വേഗം പുറത്തേക്കോടി.  ഉടനെത്തന്നെ അമ്മിണിയമ്മ ഗ്ലാസില്‍ വെള്ളവുമായി വന്നു. നന്ദുവിന്റെ മുഖത്തുകണ്ട അതെ പരിഭ്രമം അമ്മിണിയമ്മയുടെ മുഖത്തും വായിച്ചെടുക്കാം. അവള്‍ ഗ്ലാസ് വാങ്ങി അതിലെ വെള്ളം മുഴുവന്‍ ഒരു വലിക്കു കുടിച്ചു തീര്‍ത്തു. "എന്താ മോളെ.. എന്ത് പറ്റി? വേദനയുണ്ടോ? കിടക്കണോ?" അവര്‍ ചോദിച്ചു.. 
"വേണ്ടാ കുഴപ്പമൊന്നുമില്ല.. " അതും പറഞ്ഞു അവള്‍ കട്ടിലില്‍ പോയിരുന്നു. നന്ദു മോള്‍ പേടിച്ചു നില്‍ക്കുകയാണ്. അവളുടെ ഇച്ചേചിക്ക്‌ എന്താ പറ്റിയതെന്നു അവള്‍ക്കു ഒരെത്തും പിടിയും കിട്ടിയില്ല. ഇന്നാളൊരു ദിവസം സ്കൂളില്‍ പോകാത്ത ഒരു ദിവസമാണ് ഇച്ചേചിയെ ഇങ്ങനെ കണ്ടത്. അന്ന് ചേച്ചി തറയില്‍ വീണു പോയി.അമ്മിണിയമ്മയും സുഹറ ആന്റിയും കൂടിയാണ് അന്ന് ഇച്ചേചിയെ താങ്ങിയെടുത്ത് കട്ടിലില്‍ കിടത്തിയത്. പേടിച്ചു നിന്ന നന്ദു മോളെ അമ്മിണിയമ്മയാണ് വിളിച്ചുകൊണ്ട് പോയി അടുക്കളയിലിരുത്തിയത്. 

നന്ദു മോളങ്ങനെ ഓര്‍ത്ത്‌ നില്‍ക്കെ അമ്മിണിയമ്മ ഏതോ ഗുളികയെടുത്തു ഇച്ചേച്ചിക്ക് കൊടുത്തു. ചേച്ചി അതും കഴിച്ചു കട്ടിലില്‍ ചാരിയിരുന്നു. ശബ്ദമൊക്കെ കേട്ട് സുഹറ ആന്റിയും രശ്മി ചേച്ചിയും മുറിയിലേക്ക് കടന്നു വന്നു. അവരെ കണ്ടപ്പോള്‍ ഇച്ചേച്ചി പറഞ്ഞു. "ഒന്നുമില്ലടീ ചെറിയൊരു വേദന. അതിപ്പോള്‍ മാറിക്കോളും .. നിങ്ങള്‍ പൊയ്ക്കോ.. ഇനി ബാക്കിയുല്ലവരോടോന്നും പറഞ്ഞ കാര്യമാക്കണ്ട. ഒന്നുമില്ല. "

അമ്മിണിയമ്മ ഒന്നും മിണ്ടിയില്ല.സുഹറ ആന്റിയുടെ കണ്ണുകള്‍ ചെറുതായി നനഞ്ഞത് നന്ദു ശ്രദ്ധിച്ചു. രശ്മി നന്ദുവിന്റെ കയ്യില്‍ പിടിച്ചു. " വാ പോകാം" 

"അവളിവിടെ നിന്നോട്ടെ"  ഇച്ചേച്ചി പറഞ്ഞത് കേട്ട് നന്ദുവിന്റെ ഉള്ളം കുളിര്‍ത്തു.  അവള്‍ ഓടി ഇച്ചേചിയുടെ അടുത്തു ചെന്നിരുന്നു..  
 "നന്ദു മോള്‍ പേടിച്ചോ?" 
" ഉം.."  അവള്‍ മൂളി
"പേടിക്കണ്ടാട്ടോ.  ഇച്ചേചീടെ സുന്ദരിക്കുട്ടി അടുത്തു കിടക്ക്.."
നന്ദു ചേച്ചിയോട് പറ്റിക്കിടന്നു
അവള്‍ നന്ദുവിന്റെ നെറുകെയില്‍ ചുംബിച്ചു, അവളെ തലോടിക്കൊണ്ടിരുന്നു. നഷ്ടപ്പെട്ടു പോയതോക്കെയും താന്‍ കണ്ടെത്തിയത് ഇവളിലൂടെയായിരുന്നു. അവള്‍ ഓര്‍ത്തു. നെഞ്ചിലെ വേദനയെക്കാള്‍ സഹിക്കാനാകാത്ത വിധം വേദനിപ്പിച്ചുകൊണ്ടാണ് അന്ന് അവന്‍ തന്നെ ഇട്ടെറിഞ്ഞു പോയത്. ഒന്നും നല്‍കാന്‍ കഴിയുകയില്ലെന്ന് അറിഞ്ഞിട്ടും സ്വന്തമാക്കിയതാണവന്‍ തന്നെ. എന്നിട്ടും കാലം ചെന്നപ്പോള്‍ താനൊരു ശാപമായി മാറി അവനു, തന്റെ പ്രിയന്..  

ഗര്‍ഭം ധരിക്കാനും ഒരു കുഞ്ഞിനെ പ്രസവിക്കാനുമൊക്കെ ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നോ... 
അല്ല. വിധിയുടെ കളിത്തട്ടില്‍ എല്ലാം കണ്ടു തേങ്ങാനെ കഴിഞ്ഞിരുന്നുള്ളൂ. 
ഒരുപാട് നാളുകള്‍ക്കു ശേഷം ഈ കുരുന്നിനെ കിട്ടിയപ്പോള്‍ മനസ്സ് സന്തോഷത്താല്‍ തുടി കെട്ടുകയായിരുന്നു.

ഇന്നിപ്പോള്‍ ഇവിടെ ആരോരുമില്ലാത്ത ഇവരാണ് തന്റെ എല്ലാം.അവര്‍ക്ക് താനാണെല്ലാം .നന്ദു മോളും അമ്മിണിയമ്മയും സുഹറയും രശ്മിയും സീതയും മേരിയും എല്ലാം തന്റെ അമ്മയും അനുജത്തിയും കുട്ടികളുമൊക്കെയായി സ്നേഹ വലയം തീര്‍ക്കുന്നു.. .
വഞ്ചി അക്കരെയെത്താറായിരിക്കുന്നു. തിരിച്ചു തുഴയാന്‍ ആവില്ലെന്നരറിഞ്ഞിട്ടും അതിനു വേണ്ടി ഉള്ളം തുടിക്കുന്നത് നന്ദു മോളെക്കാണുമ്പോഴാണ്.  നന്ദുവിന്റെ മുഖത്തേക്ക് നോക്കി അവള്‍ നെടുവീര്‍പ്പിട്ടു. 
ജനാലയിലൂടെ ചെറിയ തണുപ്പുള്ള കാറ്റ് ഒഴുകി വരുന്നു. അവള്‍ കണ്ണുകളടച്ചു. ... 
നല്ല സ്വപ്‌നങ്ങള്‍ മാത്രം കാണണമേ എന്നാ പ്രാര്‍ഥനയോടെ....     

Sunday, 26 June 2011

നിറച്ചാര്‍ത്ത്

മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നു...ഹരിത ലതാതികളാല്‍ നിറഞ്ഞു നില്ക്കുകയാണവിടം..അതി മനോഹരം. പച്ച നിറമാര്‍ന്ന ഇലകള്‍ക്കിടയില്‍ അങ്ങിങ്ങായി മുഖം പുറത്തേക്ക് നീട്ടി നില്‍ക്കുന്ന കുഞ്ഞിപ്പൂക്കള്‍.... പടര്‍ന്നു കയറിയ വള്ളിച്ചെടികളില്‍ മുട്ടിട്ടു നില്‍ക്കുന്ന വെളുത്ത പൂക്കളില്‍ നിന്ന് തേന്‍ നുകരുന്ന വര്‍ണ്ണ ശലഭങ്ങള്‍. മന്ദ മാരുതന്‍ ഇക്കിളിയാക്കുന്നത് കൊണ്ടാകാം പൂച്ചെടികള്‍ നാണിച്ചു തല കൂമ്പി നില്‍ക്കുന്നത്. 
കുറച്ചങ്ങു നീങ്ങി നീല നിറമാര്‍ന്ന ആകാശത്തെ മുഴുവനും ആവാഹിച്ചെടുത്തു തെളിഞ്ഞോഴുകുന്ന കൊച്ചരുവി.. കോരിക്കുടിക്കാന്‍ പാകത്തില്‍ മാടി വിളിക്കുന്ന കണ്ണാടിച്ചില്ല് പോലുള്ള ജലത്തില്‍ നീന്തിത്തുടിക്കുന്ന ചെറിയ മത്സ്യങ്ങള്‍. ഇപ്പോള്‍ പെയ്ത മഴയില്‍ നനഞ്ഞത്‌ പോലെ ലജ്ജയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് പ്രകൃതി..  
 ആകെയൊരു കുളിര്‍മ്മ തോന്നുന്നു മനസ്സിനുള്ളില്‍. ഞരമ്പുകളിലൂടെ തെളിനീരോഴുകുന്നത് പോലെ...  ഈ കാഴ്ച കണ്ണിനു തണുപ്പ പകരുന്നു.. ഇതൊക്കെ ആസ്വദിക്കാന്‍ കഴിയുക എന്നുള്ളത് ഒരു ഭാഗ്യമാണ്.

"എടീ പെണ്ണെ , നീ എത്ര നേരമായി ഈ പടത്തിലോട്ടും നോക്കിയിരിക്കുന്നു...? സമയം കുറെ ആയി...  ഇതാ ഇവളെയും കൊണ്ട് ഈ മാതിരി സ്ഥലത്തോട്ട് വന്നാലൊള്ള കൊഴപ്പം...".   

അവള്‍ തിരിഞ്ഞു നോക്കി. അക്ഷമരായി നില്‍ക്കുന്ന കൂട്ടുകാരികള്‍. 

"മോളെ നീ പുറത്തേക്കൊന്നു നോക്കിക്കേ... പൊള്ളുന്ന വെയിലാ.. ഇനിയും നിന്നാല്‍ വെയില് കൂടും.. ആരുടേം കയ്യില്‍ കുടയില്ല കേട്ടോ...നിനക്ക് ഈ പടം അത്ര ഇഷ്ടമായെങ്കില്‍ അതങ്ങ് വാങ്ങിക്കോ......"


അത് നടക്കില്ല. വില നോക്കിയതാണ്. അത് വാങ്ങുന്നതിലും നല്ലത് സ്വയമോരെണ്ണം വരച്ചുണ്ടാക്കുന്നതാണ്. 
അവള്‍ ഒന്നും മിണ്ടാതെ അവരുടെ അടുത്തേക്ക്‌ നീങ്ങി. 

"വാ .. പോകാം.." ഒരുത്തി അവളുടെ കയ്യില്‍ പിടിച്ചു..
പോകും വഴി ഒരു കുപ്പി മിനറല്‍ വാട്ടര്‍ വാങ്ങിയേക്കാം.. ഇല്ലെങ്കില്‍ ദാഹിച്ചു മരിക്കും. നട്ടുച്ചക്കാ കറങ്ങാനിറങ്ങുന്നെ...  ആരെങ്കിലും കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും..  അതും ഒരു അവിഞ്ഞ ചിത്ര പ്രദര്‍ശനം...   ഇവളൊറ്റ ഒരുത്തിയാ............"   മറ്റൊരുത്തിയുടെ കമന്റ്‌.

 അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ മൌനിയായിരുന്നു. അവളുടെ ഭാവമാറ്റം കണ്ടാവാം കൂട്ടുകാരി അവളെ നുള്ളി..  " അയ്യേ ഈ പെണ്ണിന്റെ ഒരു കാര്യം .. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..."

അവള്‍ പുഞ്ചിരിച്ചു. കണ്ണ് നിറഞ്ഞത്‌ കുത്തുവാക്ക് കേട്ടിട്ടല്ലായിരുന്നു...
നഷ്ടമായ നിറച്ചാര്‍ത്തിനെയോര്‍ത്തായിരുന്നു.....

പതുക്കെ പതുക്കെ അവരാ വെയിലിലേക്ക്‌ അലിഞ്ഞു ചേര്‍ന്നു...
  

Thursday, 23 June 2011

സ്വപ്നക്കൂട്






പഴകിയ പ്രണയത്തിന്റെ
നിറമില്ലാത്ത നീരില്‍ മുക്കി 
നോവിന്റെ പരുത്തി നൂലില്‍
ഞാന്‍ തുന്നിയ സ്വപ്നക്കൂടിനെ
കണ്ടു കണ്ടു കൊതി തീര്‍ന്നില്ല
ഇന്നലെ ഇത് വഴി പോയ 
കറുത്ത കാറ്റിന്റെ ചിരിത്തുമ്പ്‌
കൊണ്ടതിനും മുന്‍പേ അത് 
പിന്നിപ്പോയി,എന്റെ സ്വപ്നക്കൂട് .!

Saturday, 4 June 2011

വെറുമൊരു ഫോട്ടോ !

Pulitzer Winner Kevin Carter Sudane Famine


ഈ ചിത്രം കാണാത്തവരായി അധികമാരും ഉണ്ടാവുകയില്ല. വര്‍ഷങ്ങളായി എന്റെ മനസ്സിലേക്ക് ഞാന്‍ അറിയാതെ ഓടിക്കയറി വന്നു വേദനയുള്ള ഒരു പോറല്‍ തന്നു ഇറങ്ങിപ്പോകുന്ന ചിത്രമാണിത്.. മായാതെ മങ്ങാതെ എപ്പോളും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രം. ചിത്രം മിക്കവര്‍ക്കും സുപരിചിതമായിരിക്കും. ഞാനിത് ആദ്യമായി കാണുന്നത് ഒരു ബാല പ്രസിദ്ധീകരണമായ 'മലര്‍വാടി'യില്‍ അടിക്കുറിപ്പ് മത്സരത്തിനു വന്നപ്പോഴായിരുന്നു. ഞാനിപ്പോള്‍ ഇതിവിടെ പോസ്റ്റ്‌ ചെയ്യുന്നതും അതെ ഉദ്ദേശ്യത്തോടു കൂടിയാണ് എന്ന് പറയാന്‍ വയ്യ. നിങ്ങള്ക്ക് താല്പര്യമെങ്കില്‍ അടിക്കുറിപ്പെഴുതാം.
ചിത്രം ആദ്യമായി കാണുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. ഇപ്പോഴും ഈ ചിത്രത്തിന് അടിക്കുറിപ്പെഴുതാന്‍ വാക്കുകളില്ല......

കാരണം എന്തെന്ന് എനിക്കറിയുകയുമില്ല.....

യു.എന്‍ ഫുഡ്‌ ക്യാമ്പിലേക്ക് നിരങ്ങി നീങ്ങുന്ന കര്‍ഷക ബാലന്റെ ചിത്രമാണിത്. സുഡാനിലെ ക്ഷാമ കാലത്തില്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രം. 
പുറകില്‍ കാണുന്ന ആളെ മനസ്സിലായിക്കാണുമല്ലോ??!!. കഴുകന്‍ . ജീവനറ്റാല്‍  എന്തിനെയും വലിച്ചു കീറി മാംസം രുചിക്കുന്ന ഒരു വലിയ പക്ഷി..!  അത് കാത്തു നില്‍ക്കുകയാണ്. ജീവന്‍ പോയാല്‍ ആ കുഞ്ഞിന്റെ എല്ലും തോലുമായ ശരീരത്തെ ഭക്ഷണമാക്കാന്‍ .  
ചിത്രം എടുത്തത്  kevin-carter  എന്നൊരു മഹാനാണ്. ചിത്രം എടുത്ത പാടെ ആ മഹാന്‍ അവിടെ നിന്നും സ്ഥലം വിട്ടു. കുട്ടിക്ക് എന്ത് സംഭാവിച്ച്ചുകാനുമെന്നു നമുക്ക് വെറുതെ ഊഹിക്കാം..
ചിത്രത്തിന് ബെസ്റ്റ് ഫോട്ടോഗ്രഫിക്കുള്ള 1994  ലെ pulitzer പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. എങ്കിലും പുരസ്കാരം ലഭിച്ചതിനു 3 മാസത്തിനു ശേഷം സംഭവത്ത് തുടര്‍ന്നുണ്ടായ വിഷാദ രോഗം ബാധിച്ചു അദ്ദേഹം ആത്മഹത്യ ചെയ്തു.!

ആരാണിവിടെ വില്ലന്‍ ?....  വിശന്നു നില്‍ക്കുന്ന കഴുകന്‍ ? രക്ഷിക്കാംആയിരുന്നിട്ടും അത് ചെയ്യാതെ പോയ കെല്‍വിന്‍ ? അതോ വിശപ്പിന്റെ ദാരിദ്ര്യത്തിന്റെ വിളി കേള്‍ക്കാതെ തിന്നു കൊഴുത്തു മദിച്ചു ജീവിക്കുന്ന നാമോരോരുത്തരുമോ? ചിന്തിക്കണം.. 

ഈ ഒരു ചിത്രത്തിന് ഇത്ര മാത്രം വിശദീകരണം നല്‍കേണ്ട കാര്യമില്ല. ചിന്തിക്കുന്ന മനുഷ്യത്വമുള്ള ഒരുവന് സൂചന മതി തിരിച്ചറിവുകള്‍ ഉണ്ടാവാന്‍ ....

 

Sunday, 22 May 2011

ഓര്‍മ്മപ്പുസ്തകം


നിറം മങ്ങിയ താളുകള്‍ക്കിടയിലെ 
ഉണങ്ങിപ്പൊടിഞ്ഞ ഇതളുകള്‍
നുറുങ്ങി വീണ ഓര്‍മ്മകളെ 
ചേര്‍ത്തുവച്ചു ജീവന്‍ കൊടുത്തു.
തുളുമ്പി വീണ കണ്ണുനീരിന്റെ
നനവ്‌ നുകര്‍ന്ന് പൂവ് തേങ്ങി
'പുസ്തകത്തിനിടയില്‍ വച്ചു
ഞെരുക്കി വേദനിപ്പിച്ചപ്പോഴും
തടവറയിലടച്ചു പോയപ്പോഴും
വേദന തോന്നിയിരുന്നില്ലെനിക്ക്,
പക്ഷെ നോവുനുണ്ടുള്ളമിപ്പോള്‍
ഈ കണ്ണുനീര്‍ നീറ്റലായ് വീഴുമ്പോള്‍ 
എന്തെ നിനക്കുമെന്നെപ്പോലെ 
നഷ്ടങ്ങള്‍ മാത്രമോ കണക്കുപുസ്തകത്തില്‍...?'

Thursday, 21 April 2011

പരീക്ഷണം

 നേരം ഒരുപാടായിരിക്കുന്നു.വിശപ്പിന്റെ വിളി തുടങ്ങിയിട്ടുണ്ട്.എത്ര നേരമായി ഈ ഇരുപ്പു തുടങ്ങിയിട്ട്. ഇവളെയെന്താണ് തിയേറ്ററില്‍ നിന്നിറക്കാത്തത്? റസിയ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു, അക്ഷമയായി അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി.ഇത്രയൊക്കെ ആയിട്ടും വീട്ടില്‍ നിന്നും ആരും വന്നു അന്വേഷിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അവളുടെയുള്ളില്‍ ഒരു സങ്കടക്കടല്‍ ആര്‍ത്തിരമ്പി.
 ഇതിനും മാത്രം എന്താണുണ്ടായത് ? അവളുടെയുള്ളില്‍ ആ ചോദ്യം അലയടിച്ചു കൊണ്ടിരുന്നു.പെട്ടെന്ന് മൊബൈല്‍ ബെല്ലടിച്ചു.അവള്‍ നമ്പര്‍ നോക്കി.ഇക്കയാണ്‌.പാവം!ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് വിളിക്കുന്നതെന്നവള്‍ ഓര്‍ത്ത്‌ നോക്കി.അവള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു."റസിയ, മോളെ, എന്തായി? അവള്‍ക്കെങ്ങനെയുണ്ട്? പുറത്തിറക്കിയോ?സുഖമായിരിക്കുന്നോ? കുട്ടിയെക്കണ്ടോ?" കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അവളാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക്കുകയാണ്.
 അവള്‍ പറഞ്ഞു. " ഇക്കാക്ക എന്തിനാ ടെന്‍ഷനടിക്കുന്നത്? ഞാനില്ലേ ഇവിടെ? അവളെയും കുഞ്ഞിനേയും ഇപ്പോള്‍ പുറത്തിറക്കും.ഇക്കാക ഒന്നുകൊണ്ടും പേടിക്കണ്ട. ഞാന്‍ നോക്കിക്കൊള്ളാം ഇവിടത്തെ കാര്യങ്ങളെല്ലാം. അവരെ റൂമിലേക്ക്‌ കൊണ്ട് വന്നിട്ട് ഞാന്‍ വിളിക്കാം. അപ്പോള്‍ സമാധാനമാവുമല്ലോ എന്റെ ഇക്കാക്കക്ക്?" ഒറ്റ ശ്വാസത്തില്‍ അവള്‍ ചോദിച്ചു നിര്‍ത്തി.അപ്പുറത്ത് നിന്നും ഗദ്ഗദം നിറഞ്ഞ റിയാസിന്റെ ശബ്ദം. "റസിയ, മോളെ, എന്റെ ഫാത്തിമ പാവമാണ്. അവള്‍ക്കാരുമില്ല. നീ കൂടെയുണ്ടാകണം. അവളോരുപാട് സഹിച്ചു കഴിഞ്ഞു. ഇനിയും അവള്‍ വേദനിക്കുന്നത് കാണാന്‍ എനിക്ക് കഴിയില്ല.". റസിയ ചിരിച്ചു. "ഇക്കാക്കാടെ ഒരു കാര്യം! കൊച്ചു കുട്ടികളെപ്പോലെ..! ഞാന്‍ ഫോണ്‍ വെക്കുന്നു. പിന്നെ വിളിക്കാം." അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു ഒരു നെടുവീര്‍പ്പിട്ടു. 
 ശരിയാണ് ഇക്കാക്ക പറഞ്ഞത്. ഫാത്തിമ, അവളൊരു പാവമാണ്. സ്നേഹിക്കാന്‍ മാത്രമറിയുന്നവള്‍. അവളോട്‌ ഇത്ര കഠിന മനസ്കരാവാന്‍ എങ്ങനെ തന്റെ കുടുംബക്കാര്‍ക്ക്‌ കഴിയുന്നു എന്ന് അവള്‍ ആശ്ചര്യപ്പെട്ടു. കോളേജില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവള്‍. കാണാന്‍ സുന്ദരി. അന്ന് പക്ഷെ അവളുടെ പേര് ഫാത്തിമയെന്നായിരുന്നില്ല.അവള്‍ രാശ്മിയായിരുന്നു.!. കാമ്പസിന്റെ ഹൃദയത്തില്‍ ചേക്കേറിയ രശ്മി. കോളേജിന്റെ സ്വപ്നമായിരുന്നു അവള്‍. വാക്കുകളിലും സൌന്ദര്യം നിറച്ചു വെച്ചവള്‍. അന്യജാതിയില്‍ പെട്ടൊരു പെണ്ണിനോട് കൂട്ട് കൂടുന്നുവന്നു പറഞ്ഞു വീട്ടില്‍ ഉമ്മ എപ്പോഴും വഴക്ക് പറയുമായിരുന്നു.താനതൊന്നും ചെവിക്കൊണ്ടില്ല. നിര്‍ലോഭം അവള്‍ ചൊരിഞ്ഞു തന്ന സൌഹൃദത്തിന്റെ, സ്നേഹത്തിന്റെ പൂന്തേന്‍ തിരിച്ചു കൊടുക്കാന്‍ എല്ലായ്പ്പോഴും വെമ്പി നിന്നു.
വായനയില്‍ താല്പര്യമുണ്ടായിരുന്ന രശ്മിക്ക്‌ പുസ്തകങ്ങള്‍ ദൌര്‍ബല്യമായ്രുന്നു..തനിക്കു മനസ്സിലാകാത്ത ഒരുപാടാശയങ്ങള്‍ എന്നും രശ്മിയുടെയുള്ളിലുണ്ടായിരുന്നതായ് അവള്‍ ഓര്‍ത്തു.മതങ്ങളെപ്പറ്റിയും ആദര്‍ശങ്ങളെപ്പറ്റിയും ജീവിത സംഹിതകളെപ്പറ്റിയും അവള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഹോസ്റല്‍ മുറിയുടെ ഉള്ള സൌകര്യത്തില്‍ താന്‍ മുസല്ല വിരിച്ചു നമസ്കരിക്കുമ്പോഴൊക്കെയും ആശ്ച്ചര്യത്തോടെയും ബഹുമാനത്തോടെയും കൂടി അവള്‍ നോക്കിയിരിക്കുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുമുണ്ട്.
കാന്റീനില്‍ കഷ്ടപ്പെട്ട് ഭക്ഷണം അന്ന നാളത്തിലേക്ക്  കുത്തിയിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായൊരു കാര്യം അവള്‍ പറഞ്ഞത്. 
"റസിയ, എനിക്ക് കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തരുമോ?...........നിങ്ങളുടെ മതത്തെപ്പറ്റി?". 
 ഉള്ളിലപ്പോള്‍ തോനിയത് ആശ്ച്ചര്യമായിരുന്നില്ല. ഭയമായിരുന്നു. ഒപ്പം സന്തോഷവും. ഭക്ഷണം കഴിഞ്ഞു മുറിയിലെത്തിയപ്പോഴേക്കും രശ്മി ഓടിച്ചെന്നു കട്ടിലിലിരുന്നു. എന്താണവളോട് പറയണ്ടാതെന്നു ഒരെത്തും പിടിയും കിട്ടിയില്ല. എങ്കിലും അന്ന് രാത്രി അവള്‍ തന്നെ ഉറങ്ങാന്‍ വിട്ടില്ല .ചോദ്യങ്ങളായി സംശയങ്ങളായി അവളുടെ ഉള്ളിലെ അന്വേഷണം പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു. 
തന്റെ കയ്യിലുണ്ടായിരുന്ന ചില പുസ്തകങ്ങള്‍ അവള്‍ക്കു കൊടുത്ത് വായിക്കാന്‍ പറഞ്ഞപ്പോഴൊന്നും അവളില്‍ ഒരു ഫാത്തിമയെ താന്‍ കണ്ടിരുന്നില്ല. ലൈറ്റ് ഓഫ്‌ ചെയ്യാന്‍ പറയാതെ തന്നെ താന്‍ കിടന്നുറങ്ങി,രശ്മിയെ വായിക്കാന്‍ വിട്ടുകൊണ്ട്...

അങ്ങനെ പല രാത്രികള്‍. ഒരു ദിവസം അവള്‍ പറഞ്ഞു, അവള്‍ അവളുടെ സ്വത്വത്തെ അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന്. അതിന്റെ പൊരുള്‍ പക്ഷെ പിടി കിട്ടിയത് ഇസ്ലാം സ്വീകരിക്കനമെന്നെ ആവശ്യം അവള്‍ തന്റെ മുന്‍പില്‍ ഉന്നയിച്ചപ്പോഴായിരുന്നു.ഉള്ളില്‍ ഭയത്തിന്റെ നെരിപ്പോടുമായി ഇക്കക്കായോടൊപ്പം അവള്‍ക്കു വേണ്ടി ഓടി നടക്കുമ്പോഴും ഉഗ്രപ്രതാപികലായ ഒരു ഹൈന്ദവ കുടുംബത്തിന്റെ പൊന്നോമനയായിരുന്ന രശ്മിയുടെ മുഖത്തു പ്രകടമായിരുന്നത് ആത്മവിശ്വാസമായിരുന്നു. നേട്ടത്തിന്റെ ഉണര്‍വ്വായിരുന്നു. പണ്ടേ സുന്ദരമായിരുന്ന അവളുടെ മുഖം പൂര്‍വ്വാധികം പ്രശോഭിതമായത്പോലെ തോന്നി. തോന്നലായിരുന്നില്ല. മാറ്റങ്ങളായിരുന്നു അവള്‍ക്കു.
 ഒച്ചപ്പാടും വാഗ്വാദങ്ങളും കേസ് കെട്ടുകളും നടന്നു കൊണ്ടിരുന്നു. ഇക്കാക്ക രശ്മിയെ പ്രണയിച്ചു മതം മാറ്റിയതാണെന്ന് കിംവദന്തികള്‍ പരന്നു. അവളുടെ വീട്ടുകാര്‍ തല്ലാന്‍ ആളെ വരെയിരക്കി. അവരുടെ ഉപദ്രവങ്ങലേക്കാള്‍ വലുതായിരുന്നു വീട്ടില്‍ നിന്നുള്ള പ്രതിഷേധം. രശ്മിയെ,അല്ല ഫാത്തിമയെ ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള ഇക്കാക്കയുടെ തീരുമാനം വീട്ടില്‍ ഒച്ചപ്പാടുണ്ടാക്കി. എതിര്‍പ്പുകള്‍ വക വെക്കാതെ ഫാത്തിമയെ നിക്കാഹു കഴിച്ചു വീട്ടിലേക്കു കൊണ്ട് വന്നപ്പോള്‍ ആട്ടിയിറക്കുകയായിരുന്നു ബാപ്പ. ഉമ്മയും മറുത്തൊന്നും പറഞ്ഞില്ല. ഇക്കാക്കയുടെ കയ്യും പിടിച്ചു പടിയിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കിയ ഫാത്തിമയുടെ മുഖത്തു നിറഞ്ഞു  നിന്നത് സൌമ്യതയായിരുന്നു. സമാശ്വാസമായിരുന്നു. പുഞ്ചിരിയോടെ അവരെ യാത്രയാക്കി. പരീക്ഷണങ്ങളാണെല്ലാം എന്ന് അവള്‍ മന്ത്രിക്കുന്നത് പോലെ തോന്നി..

അവര്‍ ഒരുമിച്ചൊരു ജീവിതം തുടങ്ങി. ഒളിച്ചും പാത്തും ഇക്കാക്കാക്ക് ഫോണ്‍ വിളിച്ചു വിവരങ്ങളറിഞ്ഞു കൊണ്ടിരുന്നു. ആരുമറിയാതെ കണ്ടുമിരുന്നു. ജോലി ആവശ്യാര്‍ത്ഥം ഇക്കാക്കാക്ക് ഗള്‍ഫില്‍ പോകേണ്ടി വന്നപ്പോള്‍ വാടക വീട്ടില്‍ അവളെ എങ്ങനെ ഒറ്റക്കാക്കുമെന്ന ചിന്ത തങ്ങളെ ഒരു പോലെ അലട്ടി.അവസാനം അകന്ന ബന്ധത്തിലുള്ള ഒരു വൃദ്ധയെ കിട്ടിയത്. സ്നേഹമുള്ളവരായിരുന്നു അവര്‍. മക്കള ന്നുമില്ലാത്തത് കൊണ്ട് അവര്‍ സന്തോഷപൂര്‍വ്വം അവളുടെ കൂടെ വന്നു താമസിച്ചു. ബാപ്പക്കും ഉമ്മക്കും അവരോടുള്ള വെറുപ്പ് മാറ്റിയെടുക്കാന്‍ പലപ്പോഴും ശ്രമിച്ചു. പക്ഷെ അവര്‍ക്ക് വെറുപ്പ് കൂടിയതെ ഉള്ളൂ. തനിക്കു വരുന്ന കല്യാണാലോചനകള്‍ പോലും മുടങ്ങുന്നത് ഇക്കാക്കയുടെ 'പ്രണയവും' വിവാഹവും കാരണമാണെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.
എല്ലാം പ്രപഞ്ച നാഥനു വിട്ടു കൊടുത്ത് പ്രാര്‍ഥിക്കുവാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.....
ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത് ആരോ തട്ടി വിളിച്ചപ്പോഴാണ്... "സമയമെത്രയായി മോളെ..?" ഒരു വൃദ്ധയാണ്. "5.30 " അവള്‍ പറഞ്ഞു. അവള്‍ തിയേറ്ററിന്റെ വാതില്‍ക്കലേക്ക് നോക്കി.ഇനിയും പുറത്തു കൊണ്ട് വന്നിട്ടില്ല. അവള്‍ ചായ വാങ്ങാനായി ഫ്ലാസ്കുമായി താഴെക്കിരങ്ങിപ്പോയി.തിരിച്ചു വന്നപ്പോള്‍ അമ്മയെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റിയെന്നു നഴ്സ് പറഞ്ഞു. അവള്‍ ഓടി. കുഞ്ഞിനെ കാണാനുള്ള ആര്‍ത്തിയായിരുന്നു അവളുടെ ഉള്ളു നിറയെ. അവള്‍ വാതില്‍ തള്ളിത്തുറന്നു. കട്ടിലില്‍ ചാരിയിരിക്കുകയാണ് ഫാത്തിമ. കയ്യില്‍ കുഞ്ഞുണ്ട്.റസിയയെ കണ്ടതും ഫാത്തിമ പുഞ്ചിരിച്ചു. അവള്‍ ഓടിച്ചെന്നു കൈ നീട്ടി. കുഞ്ഞിനെ കയ്യിലേക്ക് ഏറ്റു വാങ്ങുമ്പോള്‍ റസിയയുടെ കയ്യുകള്‍ ഇടറുന്നുണ്ടായിരുന്നു.             

Thursday, 7 April 2011

ത്യാഗികള്‍




സമാന്തരങ്ങള്‍,
നീണ്ടുനീണ്ടങ്ങിനെ 
പോകുന്ന രേഖകള്‍.
അന്യോന്യം പുണരാനാകാതെ
തേങ്ങുന്ന പ്രണയികള്‍,
സമാന്തരങ്ങള്‍.
പ്രണയവിരഹങ്ങളുടെ
ചിതറിത്തെറിച്ച സ്വപ്നങ്ങളെക്കണ്ടു
സ്വയം ശപിക്കുന്ന സാക്ഷികള്‍ 
സമാന്തരങ്ങള്‍.
ധൃതഗതിയില്‍ കുതിച്ചങ്ങ് പായുന്ന 
ഹുങ്കാര വണ്ടിയെ 
സ്നേഹിക്കാന്‍ കൊതിച്ചു 
പരാജയപ്പെട്ടവര്‍ 
എന്നും, വേദനകള്‍ മാത്രം തിന്നവര്‍
കൂട്ടിമുട്ടാന്‍ കൊതിച്ചരുതെന്നറിഞ്ഞ് 
സ്വയം തടുക്കുന്ന  ത്യാഗികള്‍ 
ഉരുളുന്ന ലോകത്തിനായി 
സ്വയം നിശ്ചലരായവര്‍,
സമാന്തരങ്ങള്‍..