മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്ക്കുന്നു...ഹരിത ലതാതികളാല്‍ നിറഞ്ഞു നില്ക്കുകയാണവിടം..അതി മനോഹരം. പച്ച നിറമാര്‍ന്ന ഇലകള്‍ക്കിടയില്‍ അങ്ങിങ്ങായി മുഖം പുറത്തേക്ക് നീട്ടി നില്ക്കുന്ന കുഞ്ഞിപ്പൂക്കള് .... പടര്‍ന്നു കയറിയ വള്ളിച്ചെടികളില്‍ മുട്ടിട്ടു നില്ക്കുന്ന വെളുത്ത പൂക്കളില്‍ നിന്ന് തേന്‍ നുകരുന്ന വര്‍ണ്ണ ശലഭങ്ങള്‍. മന്ദ മാരുതന്‍ ഇക്കിളിയാക്കുന്നത് കൊണ്ടാകാം പൂച്ചെടികള്‍ നാണിച്ചു തല കൂമ്പി നില്‍ക്കുന്നത്.
കുറച്ചങ്ങു നീങ്ങി നീല നിറമാര്‍ന്ന ആകാശത്തെ മുഴുവനും ആവാഹിച്ചെടുത്തു തെളിഞ്ഞോഴുകുന്ന കൊച്ചരുവി.. കോരിക്കുടിക്കാന്‍ പാകത്തില്‍ മാടി വിളിക്കുന്ന കണ്ണാടിച്ചില്ല് പോലുള്ള ജലത്തില്‍ നീന്തിത്തുടിക്കുന്ന ചെറിയ മത്സ്യങ്ങള്‍. ഇപ്പോള്‍ പെയ്ത മഴയില്‍ നനഞ്ഞത് പോലെ ലജ്ജയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് പ്രകൃതി..
ആകെയൊരു കുളിര്‍മ്മ തോന്നുന്നു മനസ്സിനുള്ളില്‍. ഞരമ്പുകളിലൂടെ തെളിനീരോഴുകുന്നത് പോലെ... ഈ കാഴ്ച കണ്ണിനു തണുപ്പ പകരുന്നു.. ഇതൊക്കെ ആസ്വദിക്കാന്‍ കഴിയുക എന്നുള്ളത് ഒരു ഭാഗ്യമാണ്.
"എടീ പെണ്ണെ , നീ എത്ര നേരമായി ഈ പടത്തിലോട്ടും നോക്കിയിരിക്കുന്നു...? സമയം കുറെ ആയി... ഇതാ ഇവളെയും കൊണ്ട് ഈ മാതിരി സ്ഥലത്തോട്ട് വന്നാലൊള്ള കൊഴപ്പം...".
അവള് തിരിഞ്ഞു നോക്കി. അക്ഷമരായി നില്ക്കുന്ന കൂട്ടുകാരികള്‍.
"മോളെ നീ പുറത്തേക്കൊന്നു നോക്കിക്കേ... പൊള്ളുന്ന വെയിലാ.. ഇനിയും നിന്നാല്‍ വെയില് കൂടും.. ആരുടേം കയ്യില്‍ കുടയില്ല കേട്ടോ...നിനക്ക് ഈ പടം അത്ര ഇഷ്ടമായെങ്കില്‍ അതങ്ങ് വാങ്ങിക്കോ......"
അത് നടക്കില്ല. വില നോക്കിയതാണ്. അത് വാങ്ങുന്നതിലും നല്ലത് സ്വയമോരെണ്ണം വരച്ചുണ്ടാക്കുന്നതാണ്.
അവള് ഒന്നും മിണ്ടാതെ അവരുടെ അടുത്തേക്ക് നീങ്ങി.
"വാ .. പോകാം.." ഒരുത്തി അവളുടെ കയ്യില്‍ പിടിച്ചു..
പോകും വഴി ഒരു കുപ്പി മിനറല്‍ വാട്ടര്‍ വാങ്ങിയേക്കാം.. ഇല്ലെങ്കില്‍ ദാഹിച്ചു മരിക്കും. നട്ടുച്ചക്കാ കറങ്ങാനിറങ്ങുന്നെ... ആരെങ്കിലും കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും.. അതും ഒരു അവിഞ്ഞ ചിത്ര പ്രദര്‍ശനം... ഇവളൊറ്റ ഒരുത്തിയാ............" മറ്റൊരുത്തിയുടെ കമന്റ്.
അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള് മൌനിയായിരുന്നു. അവളുടെ ഭാവമാറ്റം കണ്ടാവാം കൂട്ടുകാരി അവളെ നുള്ളി.. " അയ്യേ ഈ പെണ്ണിന്റെ ഒരു കാര്യം .. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..."
അവള് പുഞ്ചിരിച്ചു. കണ്ണ് നിറഞ്ഞത് കുത്തുവാക്ക് കേട്ടിട്ടല്ലായിരുന്നു...
നഷ്ടമായ നിറച്ചാര്ത്തിനെയോര്ത്തായിരുന്നു.....
പതുക്കെ പതുക്കെ അവരാ വെയിലിലേക്ക് അലിഞ്ഞു ചേര്‍ന്നു...

