Tuesday, 21 October 2014
താല്‍ക്കാലികം
രണ്ടു ദിശകളിലേക്കായ്
ഒഴുകാനുള്ളവരാണ് നാമെങ്കിലും
ഒരുമിച്ചുള്ള ഈ നിമിഷങ്ങള്‍ക്ക്
എന്തൊരു തെളിമയാണല്ലേ?
Monday, 20 October 2014
പക്ഷി
ദുഖങ്ങള്‍ ചുറ്റും തീര്‍ത്ത
ഇരുമ്പഴിക്കൂട്ടില്‍ നിന്നും
എവിടന്നോ നീന്ടെത്തിയ
കനിവിന്റെ കൈകള്‍
മോചിപ്പിച്ചെടുത്ത പോലെ,
രക്ഷപ്പെട്ടത് പോലെ.
ഇരുണ്ട ലോകത്ത് നിന്നും
നിറങ്ങളുടെ ആകാശത്തേക്ക്
പറന്നു പറന്നുയരാനായ്
ഉള്ളിലിരുന്നാരോ പറയുന്ന പോലെ,
അദൃശ്യമായാരോ കൂടെ
പറക്കാനൊരുങ്ങുന്ന പോലെ.
മഴക്കാറിലിരുളും,പേമാരി പെയ്യും.
വേടന് വരും, അമ്പെയ്യും.
കൂടെ കിളികളൊന്നും
കൂട്ടിയില്ലെന്നും വരും.
എങ്കിലും പറക്കണം, തളരാതെ.
സുവര്‍ണ്ണ പ്രകാശത്തിലെത്തും വരെ.
Saturday, 18 October 2014
ആശംസ.
വഴി മാറി വന്ന കാറ്റ്
മരത്തണലിലിത്തിരി നേരം,
വിശ്രമിക്കാനായ് തങ്ങി,
പിന്നെ,ചുറ്റും വലം വെച്ച്
കഥകള്‍ പറഞ്ഞു തുടങ്ങി.
വന്ന വഴികളില്‍
കാറ്റ് കണ്ട വിശേഷങ്ങള്‍
മര്‍മ്മര ഭാഷയില്‍
മരം കേട്ടിരുന്നു.
അങ്ങകലെയൊരു
സുന്ദര ബിന്ദുവിലേക്ക്
യാത്രയിലാണെന്നും
ചെറു നാണത്തില്‍
കാറ്റ് പറഞ്ഞു നിര്‍ത്തി.
മരമത് കേട്ട് ,ഇലകളനക്കി
ചെറുതായൊന്നു ചിരിച്ചു,
പോകാനൊരുങ്ങുന്ന
കാറ്റിന്റെ ചെവിയില്‍
നേര്‍ത്ത ശബ്ദത്തില്‍
ആശംസകളറിയിച്ചു.
നന്ദി പറഞ്ഞു
കാറ്റ് പാറിയകന്ന
അദൃശ്യ വഴിയിലേക്ക് നോക്കി
മരം മന്ദഹസിച്ച് നിന്നു.
താഴെ ആഴത്തില്‍ താഴ്ന്ന്
ഉറഞ്ഞു പോയ വേരുകളെ
ഓര്‍മ്മയില്‍ വന്ന നേരം
പതിയെ ഉലഞ്ഞാ മരം
കിളികളെ കാത്തു നിന്നു.
Friday, 17 October 2014
ഓര്‍മ്മ
അവളുടെ
മൌനത്തില്‍ മുങ്ങി മരിച്ച,
എത്ര സ്വപനങ്ങളുണ്ടാവാം,
സത്യ പ്രണയം സമര്‍പ്പിച്ച്
കാത്തു നിന്നവന്.
മൌനം വളര്‍ത്താന്‍
എത്ര കോട്ടകള്‍
പടുത്തുയര്ത്തിക്കാണും
അവള്‍ക്കു ചുറ്റും,
വികൃത നിയമങ്ങള്‍.
കാത്തിരിപ്പിനൊടുവില്‍
അവന് ബാക്കി വെക്കുന്ന
ശാപച്ചുവയുള്ള വാക്കുകളാവാം
നീണ്ടു നീണ്ടങ്ങിനെ
പിറകെ ചെല്ലുന്നതും,
തരം കിട്ടുമ്പോഴൊക്കെയും
വരിഞ്ഞു മുറുക്കി
കണ്ണീരണിയിക്കുന്നതും.....
Wednesday, 15 October 2014
ആവര്‍ത്തനം.
എരിഞ്ഞു ജ്വലിക്കുന്ന ഒരു നെയ്ത്തിരിയാവാം ഓരോ ദിനവും. പ്രഭ പകലിനു നല്കി നീറിക്കത്തുന്ന തിരി. എണ്ണ വറ്റി തുടങ്ങി കെട്ടടങ്ങും മുന്‍പേ മനോഹരമായ് തിരിയൊന്ന് ചിരിച്ചു നോക്കിയതാവാം സന്ധ്യയിലെ ചുവപ്പ്. വേദനയൊളിപ്പിച്ച് വിടര്‍ന്നൊരു മൂവന്തിപ്പുഞ്ചിരി. അണഞ്ഞിരുണ്ടിട്ടും ഇനിയുമെരിയാനുന്ടെന്ന ഓര്‍മ്മപ്പെടുത്തലില്‍ വീണ്ടുമത് സ്വയം ഊര്ജ്ജമണിയുന്നുണ്ടാകാം. ഓരോ തവണയും പകല്ത്തിരി തെളിയുന്നത് അതേ ഊര്‍ജ്ജവും ഉള്ളിലേന്തിയാണ്. ഒടുക്കത്തില്‍ കാത്തിരിക്കുന്ന അവസാനത്തെ ഇരുട്ടിനും മുന്‍പേ ഒരുപാട് വട്ടം തെളിഞ്ഞു കത്താന്‍.... |
കൊഴിയുന്നവ
കൊഴിഞ്ഞു വീണു തറയിലൂടൊഴുകി ഓവിലേക്ക് വഴുതുന്നതിനും മുന്‍പ്, ഒരുപാട് നീളന്‍ മുടികളില്‍ ഒരാള്‍ മാത്രം എവിടെയോ ചുറ്റിപ്പിണഞ്ഞു നിന്ന്, ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. വീണു പോകുന്ന ഞങ്ങളെയോര്‍ത്ത് നിനക്ക് ദുഖമില്ലായിരിക്കാം. ഉള്ളില്‍ വ്യര്‍ത്ഥസ്വപ്നങ്ങള്‍ മാത്രം ബാക്കിയിരിപ്പുള്ള നിന്റെ തലയോട്ടിയില്‍ നിന്നും അകാലത്തില്‍ ഒഴിയേണ്ടി വന്നതില്‍ ഞങ്ങള്‍ക്കുമില്ല ദുഃഖം. പക്ഷേ, പെണ്ണേ, ആഞ്ഞു കൂട്ടിയിട്ടും കുറച്ചിട്ടും തികയാത്ത സ്വര്ണ്ണത്തെപ്പറ്റിയും മണ്ണും കുടിലും പണയം വെച്ചിട്ടും ഒത്തു കിട്ടാത്ത പണത്തെപ്പറ്റിയും വേവലാതിപ്പെട്ടിരിക്കുന്നവരുണ്ട്. മങ്ങിത്തുടങ്ങിയ നിന്റെ മെയ്യഴകിനും മിഴിയഴകിനുമൊപ്പം ഇനിയവര്‍ എണ്ണാന്‍ പോകുന്നത്, കൊഴിഞ്ഞു തുടങ്ങിയ നിന്റെ മുടിയളവിനെപ്പറ്റിയാവും. ഉള്ളതൊക്കെ എണ്ണി വാങ്ങി ഏറ്റെടുക്കാന്‍ വരുന്നോനും കൂട്ടിനു വരുന്ന പെണ് ശിങ്കിടികള്‍ കുറിച്ചെടുക്കുന്ന ഓരോ കുറ്റവും, നിറക്കുറവും നീളക്കുറവും ഒഴിയാനുള്ള കാരണങ്ങളാവെ, പെണ്ണെ, നിനക്കെങ്ങനെയാണ് അശ്രദ്ധയാവാന് കഴിയുക? |
പ്രലോഭനം
നിന്നോടിത്ര മേല്‍ അടുക്കാന്‍
ഓരോ നിമിഷത്തിലും
ശ്രമിക്കുന്നതിനാലാണോ,
കൊതിപ്പിക്കുന്നവ പലതും
കയ്യില്‍ പിടിച്ചുകൊണ്ട്,
വെളുക്കെ ചിരിക്കുന്നാ
രൂപമില്ലാത്ത രൂപം
എനിക്ക് ചുറ്റുമിങ്ങനെ
പറന്നു നടക്കുന്നതും,
തരം കിട്ടുന്ന വേളകളിലെല്ലാം
അതി വിദഗ്ദമായെന്റെ,
ചിന്താ സിരകളിലൂടെയൂളിയിട്ട്,
അവിടങ്ങളിലെങ്ങോ
അള്ളിപ്പിടിക്കാന്‍
തുനിഞ്ഞു പരിശ്രമിക്കുന്നതും?
നിന്നോടടുക്കാന്‍ ,
അടുത്തുകൊണ്ടേയിരിക്കാന്
അറിഞ്ഞു തേടുന്നതിനാലാകാം,
ഒരു ഞെട്ടല്‍ കൊണ്ട് മാത്രം
ആ രൂപമില്ലാത്ത ചിന്തകളെ
ആട്ടിപ്പായിക്കാന്‍ കഴിയുന്നതും.
പിണക്കം.
തമ്മിലിനി കാണില്ലെന്ന്
പിണങ്ങിച്ചൊല്ലി
യാത്ര പറഞ്ഞാലും,
തിരിച്ചുവരാനല്ലാതെ
തിരമാലക്കെങ്ങോട്ടാണ്
പോകാന്‍ കഴിയുക?
പാറ
.
എത്രയെത്ര തിരമാലകളാണ്
എന്റെയടുത്തെത്തി
തല തല്ലിക്കരയുന്നതെന്നോ.
'കണ്ണീരുപ്പ് കലര്‍ന്നിട്ടും
കടല്‍ രസം മാത്രമെന്നു കരുതി
ഒന്നാശ്വസിപ്പിക്കാതെ
എഴുതിത്തള്ലുകയാണ്
ഞങ്ങളുടെ വേദനകളെ നീ'
എന്നു തിരകളുടെ വക
ആരോപണവുമുണ്ട്.
വെറും പാറക്കല്ലിനോടാണ്
സങ്കടങ്ങളൊക്കെപ്പറഞ്ഞു
നേരം കളയുന്നതെന്നും
പരസ്പരമവര്‍ പറയും.
ഒരുപാട് ഭാരങ്ങളെ
മനസ്സിലൊതുക്കി,
അവയങ്ങനെ ഉറഞ്ഞുകൂടി
കനത്തു വന്നാണ്
ഞാനൊരു പാറയായി,
പാറക്കല്ലായിപ്പോയതെന്ന്
ഉച്ചത്തില്‍ അവര്‍ കേള്‍ക്കെ
അലറിക്കരഞ്ഞ്
പറയണമെന്നുണ്ടായിരുന്നു.
പക്ഷെ, കല്ലല്ലേ
വെറും കല്ല് മാത്രമല്ലേ ഞാന്‍.
ആഞ്ഞടിച്ചു കരയുന്ന
തിരകളെ കേള്‍ക്കാന്‍ മാത്രം
വിധിക്കപ്പെട്ടൊരു കല്ല്!
എത്രയെത്ര തിരമാലകളാണ്
എന്റെയടുത്തെത്തി
തല തല്ലിക്കരയുന്നതെന്നോ.
'കണ്ണീരുപ്പ് കലര്‍ന്നിട്ടും
കടല്‍ രസം മാത്രമെന്നു കരുതി
ഒന്നാശ്വസിപ്പിക്കാതെ
എഴുതിത്തള്ലുകയാണ്
ഞങ്ങളുടെ വേദനകളെ നീ'
എന്നു തിരകളുടെ വക
ആരോപണവുമുണ്ട്.
വെറും പാറക്കല്ലിനോടാണ്
സങ്കടങ്ങളൊക്കെപ്പറഞ്ഞു
നേരം കളയുന്നതെന്നും
പരസ്പരമവര്‍ പറയും.
ഒരുപാട് ഭാരങ്ങളെ
മനസ്സിലൊതുക്കി,
അവയങ്ങനെ ഉറഞ്ഞുകൂടി
കനത്തു വന്നാണ്
ഞാനൊരു പാറയായി,
പാറക്കല്ലായിപ്പോയതെന്ന്
ഉച്ചത്തില്‍ അവര്‍ കേള്‍ക്കെ
അലറിക്കരഞ്ഞ്
പറയണമെന്നുണ്ടായിരുന്നു.
പക്ഷെ, കല്ലല്ലേ
വെറും കല്ല് മാത്രമല്ലേ ഞാന്‍.
ആഞ്ഞടിച്ചു കരയുന്ന
തിരകളെ കേള്‍ക്കാന്‍ മാത്രം
വിധിക്കപ്പെട്ടൊരു കല്ല്!
Monday, 8 September 2014
ഞാന്‍..
നോവിക്കുക, കഴിയുന്നത്ര.
വീഴ്ത്താന്‍ തന്നെയുദ്ദേശിച്ച്,
മുന്നോട്ടാഞ്ഞുകൊള്ളുക.
ഒരു പുഞ്ചിരിയണിഞ്ഞു കൊണ്ട്
മുഖമുയര്ത്തിപ്പിടിച്ചിട്ട്
ഞാനിവിടെത്തന്നെയുണ്ട്,
തളരാതെ കാലടി വെക്കാന്‍
മനസ്സിനെ പഠിപ്പിച്ചുകൊണ്ട്.
ഇടര്‍ച്ചകള്‍ ഉണ്ടാകുമെങ്കിലും
പതറി വീഴാതെ നേരിടാന്‍
ഈ പുഞ്ചിരി രഹസ്യം തന്നെ
ധാരാളമെനിക്ക്....
Wednesday, 3 September 2014
അനുഗ്രഹം
വീണപ്പോള്‍
കൈവെള്ളയില്‍ തറഞ്ഞ
കുപ്പിച്ചില്ലിന്റെ ചീളുകള്‍,
ആരും കാണരുത്.
ചോരയിറ്റി വീഴുന്നതും.
ചുരുട്ടിപ്പിടിക്കൂ.
എല്ലാരുമൊഴിഞ്ഞ്
ഒറ്റക്കാവുന്ന വേളയില്‍,
കൈ നിവര്‍ത്തി നോക്കൂ,
ആശ്വാസമായൊരു തെന്നല്‍
അതുവഴി വരും.
മുറിവുകളെ തലോടും.
നിങ്ങളറിയില്ലായിരിക്കാം,
കണ്ണുകളില്‍ നിന്നും,
ചൂടുള്ള അശ്രുകണങ്ങള്‍
ഒഴുകി വീഴും പിന്നെ,
മുറിവാഴങ്ങളിലേക്കിറങ്ങും.
വീഴ്ചയുടെ ഏറ്റുപറച്ചിലുകള്‍
തേങ്ങലായുയരുമ്പോള്
ഒഴുകി വരുന്ന നീര്‍കണങ്ങള്‍,
മരുന്നാകുന്ന തുള്ളികള്‍,
മുറിവുണക്കാന്‍ ,
ഉയരങ്ങളില്‍ നിന്നുമയക്കപ്പെട്ട
സാന്ത്വനാശ്രു.
Saturday, 30 August 2014
പോരാളി
തണുപ്പിന്റെ സുഖമുള്ള വെള്ളത്തിലിത്തിരി നേരം കാലുകളിറക്കി വക്കാന്‍, ആവോളം കയ്യില്‍ കോരി മുഖവും മേനിയും കുളിര്‍ക്കാന്‍ വേണ്ടി മാത്രം അരുവിയുടെയോരത്ത് വന്നണയുന്ന യാത്രക്കാരാ. കൈകള്‍ കൊണ്ട് നീ ലാളിച്ച്, ഇക്കിളിപ്പെടുത്തി മോഹിപ്പിച്ച്, ചിരിപ്പിച്ചിട്ടുണ്ട് അരുവിയെ. എന്നും തന്റെ ചാരത്ത്, എങ്ങും പോകാതിരിക്കുമെന്നവള് കരുതിക്കാണും,യാത്രികാ. ഒഴുകിയുണങ്ങിപ്പിടിച്ച വിയര്‍പ്പും, കാലില്‍ പറ്റിയ അഴുക്കും വെള്ളത്തില്‍ കലര്‍ത്തി, കുളിരും സുഖവുമറിഞ്ഞ് നീ അകലേക്ക് മറഞ്ഞല്ലോ. അരുവിയിപ്പോള്‍ ചിരിക്കാറില്ല. ചിലങ്കയുടെ ശബ്ദം മാഞ്ഞ്, പകരമവിടെ ചെറുതായുയരുന്ന പിറുപിറുക്കല്‍ മാത്രമേയുള്ളൂ. എന്നിട്ടുമവള്‍ നീങ്ങുന്നുണ്ട്. അങ്ങേയറ്റത്ത് കാത്തിരിക്കുന്ന ആഴങ്ങളിലുള്ള പൊട്ടിച്ചിതറലിന്റെ നിര്‍വൃതിയും തേടി ധൃതിയില്‍. ചേറൊഴുക്കിയവരുടെ സ്മരണകളില്‍ കുടുങ്ങി നിലച്ചു പോകാതെ, പൊരുതി, തോല്‍ക്കാതെ,തളരാതെ അരുവി..... |
Tuesday, 26 August 2014
മരണം
സമയമടുത്തു കഴിഞ്ഞു
വളയമിട്ടു കുനിക്കാന്‍ തലയും
വിലങ്ങുകളണിയാന് കൈകളും,
ചങ്ങലയണിയാന് കാലുകളും,
ചുവപ്പണിയാന്‍ മനസ്സും
തയ്യാറെടുത്തു തുടങ്ങണം പോലും.
നീളവും നിറവും മേനിയുടെ തൂക്കവും
അളക്കാന്‍ തുടങ്ങി ലോകം.
ഒരു മരണം അനിവാര്യമാകുകയും
പുനര്ജന്മത്തില് പഴയതൊന്നും
ഓര്‍ക്കാതിരിക്കുകയും വേണം.
ഒറ്റക്കലയുന്ന കാറ്റിനെ
പിടിച്ചു കെട്ടാന്‍ കഴിയില്ലെന്ന്
ആരോ വെറുതെ പറഞ്ഞതാണ്.
കാറ്റ് നിശ്ചലമാകും
ചുറ്റും കോട്ടകള്‍ ഉയരുമ്പോള്‍.
ഇലകളെ മറന്നു ഉയിരുപേക്ഷിച്ച്
എല്ലാര്‍ക്കുമിടയില്‍ ഒറ്റപ്പെടാന്‍
ഒരുങ്ങാന്‍ തുടങ്ങാമിനി.
Monday, 25 August 2014
ദേശീയത
രണ്ടുകാലി ജന്തുക്കള്‍ ചുരത്തിപ്പരത്തുന്ന വിഷത്തിന്റെ കൊഴുപ്പില്‍, സ്വയം മലീമസപ്പെടുമെന്ന, ഭയമങ്ങനെ കൂടിക്കൂടി വെള്ളപ്പാല് ചുരത്തുന്ന നാല്ക്കാലിയമ്മയൊരാള് തൊഴുത്തില്‍ നിന്ന് നീട്ടി നിലവിളികളുയര്‍ത്തി. ഒടുവിലാ സങ്കടക്കെട്ടുകള്‍ ആലോചിച്ചാലോചിച്ചുള്ള അയവെട്ടലില് ചെന്ന് നിന്നു. പിന്നെയൊരു പ്രതിഷേധമായ്, പച്ച ച്ചാണകമായി പുച്ഛം കണക്കെ വീണു. കുട്ടിപ്പയ്യ് തുള്ളിച്ചാടി പാല് കുടിക്കാനണഞ്ഞപ്പോള്, ചെവിയിലുരുമ്മി അമ്മപ്പശു, കാട്ടിനുള്ളിലും കൂട്ടിനുള്ളിലുമായി പ്രതാപം നശിച്ച് കാലനെക്കാത്തു കിടക്കുന്ന ബാക്കിയുള്ള കടുവകളുടെ, മന:സംഘര്ശങ്ങളെപ്പറ്റി മെല്ലെപ്പറഞ്ഞുകൊണ്ടിരുന്നു. ഇരുകാലികളുടെ ചെയ്ത്തിനെപ്പറ്റി, അമ്മയും കുട്ടിയും പരസ്പരം പറഞ്ഞു ചിരിച്ചു. |
Thursday, 21 August 2014
പുണര്‍ച്ച
അദൃശ്യമായൊരു
പുണര്ച്ചകൊണ്ട് മാത്രം,
നനുത്ത തൂവല്‍ പോലെ
നെഞ്ചില്‍ നിന്ന്
ദൂരേക്ക് പറന്നകലുന്ന,
ചുറ്റുമുള്ള ഒന്നിനോടുമാരോടും
പറഞ്ഞു തീര്‍ക്കാനാവാത്ത,
ചില രഹസ്യ ഭാരങ്ങളുണ്ട്
മനസ്സിന്റെയുള്ളില്‍.
കണ്ണീരില്‍ കുതിര്ന്നവ,
അവന് മാത്രമറിയുന്നവ.
ആശ്വാസത്തിന്റെയാ
ആശ്ലേഷ നിമിഷം
പ്രതീക്ഷിച്ചും തേടിയുമാണ്
ഓരോ തവണയും,
കണ്ണുകളുയരാറുള്ളതും
ഇറുകിയടയുമ്പോള്
തുള്ളികളടരാറുള്ളതും....

Wednesday, 20 August 2014
മരുഭൂ..
ഓര്‍ക്കുന്നുണ്ടാവില്ല നീയെന്നെ.
ഞാനും എന്നോ മുതലേ
ശ്രമിച്ചു തുടങ്ങിയതാണ്
നിന്നെ മറന്നു കളയാന്‍.
ഇടക്കിതുവഴി പോകുന്ന
കറുത്ത മേഘങ്ങളെയും
അതുകൊണ്ടാണ്
കണ്ടില്ലെന്നു നടിക്കുന്നത്.
അവയിലങ്ങനെ അറിയാതെ
കണ്ണുടക്കിപ്പോകുമ്പോഴും
ഒന്നും പ്രതീക്ഷിക്കാറില്ല കേട്ടോ.
എനിക്കറിയാം, നീയിവിടെ
പെയ്യുകയേ ഇല്ലെന്ന്.
ഒരുപാട് പെയ്തതാണല്ലോ
എന്റെ മേല്‍ നീ.
പച്ചയണിയുന്നതു വെറുതെ
സ്വപ്നം കണ്ടു ഞാന്‍
കുറെയേറെ നനഞ്ഞതുമാണ്.
നിത്യ സഞ്ചാരിയായ നിന്നെ
സ്വന്തമാക്കാമെന്നു
മോഹിച്ചതെന്റെ തെറ്റ് തന്നെ.
ആസക്തികളുടെ മാത്രം
തിമിര്‍ത്തു പെയ്യലിനിടയില്
എന്റെ മണല്മേനിക്കുള്ളില്
സ്നേഹത്താല്‍ മിടിക്കുന്ന
ഒരു ഹൃദയമുന്ടെന്ന കാര്യം
നീ മറന്നു കളഞ്ഞു.
നിനക്കീ മണല്‍ത്തരികളില്‍
ആഴ്ന്നിറങ്ങുക മാത്രമേ
ലക്ഷ്യമായുണ്ടായുള്ളൂ.
അതുകൊണ്ടാണല്ലോ
പ്രണയത്തെ നീ തിരസ്കരിച്ചതും,
ഒരിക്കലും കണ്ടു മുട്ടാത്ത വിധം
പുതിയ പെയ്ത്തിടം തേടി
നീ പോയതും,
ഞാനിവിടെ വരണ്ടുണങ്ങി
ചുടുചുഴലിക്കാറ്റുകളിലൂടെ
ഉറക്കെയലറുന്ന
കൊടും മണല്‍ക്കാടായി മാറിയതും.
Friday, 15 August 2014
സ്വാതന്ത്ര്യം
പക്ഷികള്‍
ആകാശത്തിനുള്ളതാണ്.
സ്വാതന്ത്ര്യം
അവയുടെ അവകാശവും.
കൂട്ടിലടക്കാതിരിക്കുക
ഒരിക്കലും. :(
------------------------
മനസ്സിന്റെ തടവറയില്‍
കൊട്ടിയടച്ച
നന്മയുടെ പറവകളെ,
പറത്തിവിടാം.
ആത്മ ഹര്ഷത്തിന്റെ
വിശാലാകാശത്തിലവ
നിറവോടെ ഉയരട്ടെ.
തിന്മയുടെ പക്ഷികള്‍,
ഉള്ളറകളില്‍
ചത്തൊടുങ്ങിക്കോട്ടെ,
പറക്കാനാവാതെ,
പരക്കാനാവാതെ.
:)
---------------------------
തെറ്റുകളുടെ
സ്വാതന്ത്ര്യക്കൂടുതലുകള്
മരിക്കുന്നിടത്താണ്
ശരിയായ സ്വാതന്ത്ര്യം
പിറക്കുന്നതും.
അത് നീതിയാകുന്നതും.
:)
---------------------------
സ്വാതന്ത്ര്യ ദിനാശംസകള്‍.... നല്ല സ്വാതന്ത്ര്യത്തെ മാനിക്കുന്നവര്‍ക്ക്... :)
ആകാശത്തിനുള്ളതാണ്.
സ്വാതന്ത്ര്യം
അവയുടെ അവകാശവും.
കൂട്ടിലടക്കാതിരിക്കുക
ഒരിക്കലും. :(
------------------------
മനസ്സിന്റെ തടവറയില്‍
കൊട്ടിയടച്ച
നന്മയുടെ പറവകളെ,
പറത്തിവിടാം.
ആത്മ ഹര്ഷത്തിന്റെ
വിശാലാകാശത്തിലവ
നിറവോടെ ഉയരട്ടെ.
തിന്മയുടെ പക്ഷികള്‍,
ഉള്ളറകളില്‍
ചത്തൊടുങ്ങിക്കോട്ടെ,
പറക്കാനാവാതെ,
പരക്കാനാവാതെ.
:)
---------------------------
തെറ്റുകളുടെ
സ്വാതന്ത്ര്യക്കൂടുതലുകള്
മരിക്കുന്നിടത്താണ്
ശരിയായ സ്വാതന്ത്ര്യം
പിറക്കുന്നതും.
അത് നീതിയാകുന്നതും.
:)
---------------------------
സ്വാതന്ത്ര്യ ദിനാശംസകള്‍.... നല്ല സ്വാതന്ത്ര്യത്തെ മാനിക്കുന്നവര്‍ക്ക്... :)
Tuesday, 12 August 2014
മുഖംമൂടി മനുഷ്യര്‍
കൂടെയുണ്ടെന്ന്,കൂട്ടിനുണ്ടെന്നു
ഭംഗിയായി കള്ളം ചൊല്ലും.
കളവിന്റെ മുഖം മൂടിക്കുള്ളില്‍
കാപട്യം ഒളിപ്പിച്ചു വക്കും..
ഒളിഞ്ഞിരുന്നാരുമറിയാതെ
വിഷത്തിന്റെയമ്പുകള്
തൊടുത്തു വിടും.
കവിളിലൂടെ ഒലിച്ചിറങ്ങുന്ന
കണ്ണീര് രക്തം കണ്ടു,
തുടക്കാനെന്നു പറഞ്ഞ്,
പതിയെ അടുത്തു കൂടും.
ഉള്ളില്‍ ചിരിച്ചുകൊണ്ട്
കണ്ണുനീര് വീഴ്ത്തിയവരെ
രഹസ്യമായി വാഴ്ത്തും,
കൂടുതല്‍ തകര്‍ക്കാനവര്‍ക്ക്
കരുത്തും പകരും.
നിറയുന്ന കണ്ണുകള്‍ കണ്ടു
സായൂജ്യമടയും.
ആരുമൊന്നുമറിഞ്ഞില്ലെന്ന്
കരുതി വക്കുമാ മണ്ടന്മാര്,
മുഖംമൂടി വച്ച ചതിയര്‍,
പക്ഷേ, എല്ലാമറിഞ്ഞിട്ടും
നിശബ്ദരാകുന്നവരുടെ
പ്രാര്‍ഥനയുടെ ശക്തിയെ
അറിയാതെ പോകും,
ഉള്ളാലെയുള്ള ചിരി,
നീളാത്ത ചിരി തുടരും.
Saturday, 9 August 2014
കൂട്
ഒരുപാട് പറക്കാന്‍,
പറന്നു തളരുമ്പോള്‍
ഒരു ചില്ലയിലിത്തിരി നേരം
മധുരമായി പാടിയിരിക്കാന്‍,
വീണ്ടുമുയര്‍ന്നു പറക്കാന്‍,
ഒടുവിലാ ആകാശത്തില്‍
ഒരു പൊട്ടു പോലെ
നേര്‍ത്ത് നേര്ത്തലിയാന്,
അവിടങ്ങളിലെവിടെയോ
കാത്തിരിക്കുന്ന കൂട്ടില്‍
എന്നെന്നേക്കുമായി
ചിറകു കുടഞ്ഞു ചേക്കേറാന്‍,
കൊതിക്കുന്ന പക്ഷിയുണ്ട്,
നമ്മളടച്ചു സാക്ഷയിട്ട
കരുത്തുള്ള കൂട്ടിനുള്ളില്‍.
തുറന്നു വിടാന്‍ എപ്പോഴും,
മടിക്കുന്ന പക്ഷി.
Monday, 4 August 2014
ഭാവം
എന്തെന്നറിയാത്ത
എന്തോ ഒന്നിന്റെ അഭാവം.
നിവര്‍ന്നു നിന്നിട്ടും
തളര്‍ത്താന്‍ തുടങ്ങുന്ന
വിചിത്ര ഭാവം.
നോവുകളല്ലാഞ്ഞിട്ടും
ഹൃദയത്തിനു ഭാരമാകുന്ന
പേരറിയാത്ത വികാരം.
Subscribe to:
Posts (Atom)